Followers

നരകത്തിലേയ്ക്കുള്ള വഴി

Saturday, August 30, 2014


അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പതിവ്പോലെ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി വരുന്ന നേരം.ന്യൂസ്‌ വർക്കി ടൗണിൽ നിന്നും പത്രമൊക്കെ എടുത്ത്‌ ഇന്നെന്താണ്‌ സൗജന്യമായ്‌ നൽകേണ്ട വാർത്ത എന്നൊക്കെ ആലോചിച്ച്‌ എസ്റ്റേറ്റിന്റെ വടക്ക്‌ കിഴക്കേമൂലയിലൂടെ തെക്കേക്കരയിലോട്ട്‌ ഹെർക്കൂലീസിന്റെ പുറത്തേറി പ്രവേശിക്കുന്ന പുണ്യ നിമിഷം...
വടക്ക്‌ കിഴക്ക്‌ മൂലയ്ക്ക്‌ നില്ക്കുന്ന ആഞ്ഞിലിമരത്തെ കടന്നുവേണം ജനവാസമുള്ള സ്ഥലത്തെത്താൻ...ആകാശത്തോളം വളർന്ന ആഞ്ഞിലിമരത്തിന്‌ രണ്ടാൾപിടിച്ചാൽ എത്താത്ത വണ്ണമാണുള്ളത്‌! അതിന്റെ താഴത്തെ കൊമ്പിൽ കെട്ടിയിട്ടുള്ള വടം മരത്തെ രണ്ട്‌ ചുറ്റുചുറ്റി താഴേയ്ക്ക്‌ നീണ്ടു നീണ്ട്‌ നിലത്ത്‌ നിന്ന്‌ പൊങ്ങി നില്ക്കുന്ന വലിയ വേരിലാണ്‌ എത്തിച്ചേരുന്നത്‌.ആഞ്ഞിലിയേൽ കയറാനായുള്ള ഒരു സ്ഥിരം സംവിധാനമാണിത്‌!സംവിധായകൻ അഞ്ചുകണ്ണൻ!
വടത്തേൽ തൂങ്ങി അഞ്ചുകണ്ണന്‌ ആഞ്ഞിലിയിൽ നിഷ്‌പ്രയാസം കയറാൻ പറ്റും.കൊമ്പുകളിൽ നിന്നും കൊമ്പുകളിലേയ്ക്ക്‌ അഞ്ചുകണ്ണൻ കുരങ്ങനെപ്പോലെ പിടിച്ചുകയറുന്നത്‌ അപ്പുക്കുട്ടൻ പലവട്ടം കണ്ടിട്ടുണ്ട്‌.അഞ്ചുകണ്ണനെപ്പോലെ ഒരു തവണയെങ്കിലും കുരങ്ങനാകണമെന്നും ആഗ്രഹിച്ചിട്ടുണ്ട്‌. പക്ഷേ നടന്നിട്ടില്ല. ധൈര്യം അത്രയ്ക്കങ്ങ്‌ പോരാ...
ന്യൂസ്‌ വർക്കി ആഞ്ഞിലിയുടെ ചുവട്ടിലെത്തിയപ്പോൾ ഒരു നിമിഷം അറിയാതെ മുകളിലോട്ട്‌ നോക്കിപ്പോയി!
പിന്നെക്കേട്ടത്‌ തെക്കേക്കരയെ നടുക്കുന്ന  ഉച്ചത്തിലുള്ള കരച്ചിൽ...
ഉടമ കൈയ്യൊഴിഞ്ഞ ഹെർക്കുലീസ്‌ വടക്കേത്തോട്ടിലേക്കും, പത്രക്കെട്ട്‌ തെക്കേ കൈതക്കാട്ടിലേയ്ക്കും പോയി! അടുത്ത രണ്ടുദിവസം പത്രമില്ലാതെ, പത്രവാർത്തയില്ലാതെ തെക്കേക്കരക്കാർ വലഞ്ഞു .
ബോധം തെളിഞ്ഞപ്പോൾ ന്യൂസ്‌ വർക്കിചോദിച്ചു, “ആരായിരുന്നൂ ആഞ്ഞിലിയേൽ?”
ലോനപ്പനാണ്‌ അതിന്‌ മറുപടി നല്കിയത്‌ അതിപ്രകാരമായിരുന്നു.“തെണ്ടികൾ...വല്ല വരത്തനും, ടൗണീകെടക്കണവനും വരെ വന്ന്‌ ചാകണ്‌...ബാക്കിയൊള്ളവനെ മാത്രം ഒന്ന്‌ സ്വസ്ഥമായിട്ട്‌ ചാകാൻ സമ്മതിക്കത്തില്ല ദ്രോഹികൾ...ഇത്രേം വല്യ മരത്തേകേറാനറിയാരുന്നേ ഞാനും കാണിച്ചുതരാരുന്നു.”
ആഞ്ഞിലിയേൽ തൂങ്ങി നിന്നവനെ കൊതിയോടെയും ലേശം അസൂയയോടെയും നോക്കി നിന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ തെക്കേക്കരയിൽ അന്ന്‌...
ശ്രീമാൻ ശ്രീമാൻ ലോനപ്പൻ!

ലോനപ്പൻ
വയസ്‌- 40- 45
ചുഴലിദീനക്കാരൻ.
ജോലി- ലോട്ടറിക്കച്ചവടം
ഹോബി- ആത്മഹത്യ!

അഞ്ചടി ഉയരം...വട്ടമുഖം...തുറന്ന മൂക്ക്‌...മുറം പോലത്തെ ചെവികൾ...അനുസരണയില്ലാതെ ആകാശത്തേയ്ക്ക്‌ ഉയർന്ന്‌ നില്ക്കുന്ന തലമുടി...എല്ലുന്തിയ നെഞ്ചിൻ കൂട്‌...നടക്കുമ്പോൾ  കൂട്ടിയിടിക്കുന്ന മുട്ടുകൾ...വീതികുറഞ്ഞ നെറ്റിയെ മൊത്തത്തിൽ മറച്ചുകൊണ്ടുള്ള ഒരിക്കലും മാഞ്ഞുപോകാത്ത ചന്ദനക്കുറി...
ജനിച്ച അന്ന്‌ തുറന്ന വായാണ്‌...പിന്നെ ഇന്നേവരെ അടച്ചിട്ടില്ല...
തുറന്ന മൂക്കിന്‌ തൊണ്ണൂറ്‌ ഡിഗ്രിയായ്‌ നില്ക്കുന്ന മുൻവശത്തെ രണ്ട്‌ പെടപ്പൻ പല്ലുകൾ സൂക്ഷിച്ചില്ലേൽ മുന്നിൽ വന്നുപെടുന്നോന്റെ അന്തകനാകാം!
ചുഴലി ദീനത്താൽ വലഞ്ഞ ലോനപ്പൻ ഞാൻ ചാകും...ഞാൻ ചാകും എന്നും പറഞ്ഞ്‌ നടക്കാൻ തുടങ്ങിയിട്ട്‌ കാലം കുറേ ആയിരുന്നു.പറച്ചിലല്ലാതെ പ്രവൃത്തിയൊന്നും കാണാതിരുന്നതിൽ വിഷണ്ണരായ നാട്ടുകാർ ലോനപ്പനെ ‘പുലിവരുന്നേ...പുലിവരുന്നേ...കഥയിലെ പയ്യൻസിനോടൊക്കെ ഉപമിച്ചു തുടങ്ങിയ ഒരു മഞ്ഞുകാലത്താണ്‌ ആനവണ്ടി കഥയിൽ വന്നുചേരുന്നത്‌!
അന്തക്കാലത്ത്‌ ആലപ്പുഴ ടൗണിൽ നിന്നും തെക്കേപുരം മാർക്കറ്റിലേയ്ക്ക്‌ ഒരു ആനവണ്ടിയുണ്ടായിരുന്നു.രാത്രി വരുന്ന അവസാനവണ്ടി അവിടെ കിടക്കും.പിറ്റേന്ന്‌ അതിരാവിലെ തിരികേ ടൗണിലേയ്ക്ക്‌...
ആനവണ്ടിയുടെ രാത്രികിടപ്പ്‌ നിർത്തലാക്കിയതും, ലോനപ്പൻ ഹോബി ആരംഭിച്ചതും ഒരേദിവസം ഒരേസമയത്തായിരുന്നു എന്നുള്ളത്‌ വിധിയുടെ വിളയാട്ടമായിരിക്കാം.

വെളുപ്പാൻ കാലത്ത്‌ വണ്ടി സ്റ്റാർട്ടാക്കുന്നതിന്‌ മുന്നായി, പതിവ്‌ ചെക്ക്‌ അപ്പിന്റെ കൂടെ പുറക്‌ വീലിന്‌ അടവെച്ചിരുന്ന കല്ലെടുത്ത്‌ മാറ്റാൻ ചെന്ന ഡ്രൈവർ സാർ ഒന്നു ഞെട്ടി...
കല്ലിനോട്‌ ചേർന്ന്‌ ഒരു അത്ഭുത ജീവി...വെറും നിലത്ത്‌ വട്ടം കിടക്കുന്നു! അബദ്ധത്തിലെങ്ങാനും വണ്ടി സ്റ്റാർട്ടായാൽ കേറിയിറങ്ങിയതുതന്നെ...
കലിപൂണ്ട ഡ്രൈവർ സാർ ജീവിയെ കാലേപിടിച്ച്‌ തലയ്ക്ക്മുകളിൽ രണ്ട്‌ വട്ടം ചുറ്റിയപ്പോഴത്തേയ്ക്കും, കുറുപ്പിന്റെ കടയിൽ അതിരാവിലെതന്നെ നാട്ടുവിശേഷം കുടിക്കാനെത്തിയവരെല്ലാം ഓടിക്കൂടി.

ലോനപ്പൻ!

“ചാകാനാണേ വല്ല പ്രൈവറ്റ്‌ വണ്ടിക്കും അടവെയ്ക്കടാ കഴുതേ, മറ്റുള്ളവന്റെ കഞ്ഞീ പാറ്റയിടാതെ...”
ആനവണ്ടി മുക്രയിട്ട്‌ മുന്നോട്ട്‌ നീങ്ങി.
അന്തരീക്ഷത്തിൽ പറന്ന്‌ തറയിൽ വിശ്രമമെടുത്തിരുന്ന  ലോനപ്പന്റെ വായിൽ നിന്നും നുരയും പതയുമൊഴുകി. കൈയും കാലും കോച്ചി വലിഞ്ഞു.കണ്ണുകൾ മിഴിഞ്ഞു പുറത്തേയ്ക്ക്‌ തള്ളി.പല്ലുകൾ കൂട്ടിക്കടിച്ചു.മലർന്ന്‌ കിടന്ന്‌ വട്ടത്തിൽ കറങ്ങുന്ന ലോനപ്പന്റെ ചുരുണ്ടുകൂടിയ കൈവിരലുകൾക്കുള്ളിൽ ആരൊക്കെയൊ താക്കോല്കൂട്ടം പിടിപ്പിച്ചു.
തെക്കേപുരത്തേയ്ക്കുള്ള രാത്രി ബസ്‌ ഏതായാലും അന്നത്തോടെ നിന്നു.
കന്നിസംരംഭം പൊളിഞ്ഞതിന്റെ നിരാശയിൽ ലോനപ്പൻ പറഞ്ഞു.“ഇനി ജീവൻ പോയാലും ആനവണ്ടിക്ക്‌ അടവെയ്ക്കേല...പിക്കപ്പില്ലാത്ത  പണ്ടാരത്തിന്‌ ആരാ അട വെയ്ക്കുന്നേ...ചുമ്മാ പേര്‌ നാറ്റിച്ചു.”
മരണം ലോട്ടറി ടിക്കറ്റുപോലാണന്ന്‌ ലോനപ്പൻ പ്രഖ്യാപിച്ചു. ലോട്ടറി എടുത്തുകൊണ്ടേയിരിക്കുക. നരകത്തിലേയ്ക്കുള്ള വഴി ഏത്‌ നിമിഷവും തുറക്കപ്പെടാം. ലോനപ്പന്‌ നരകമാണിഷ്ടം!അലസന്മാർക്കുള്ളതാണ്‌ സ്വർഗ്ഗം!

മടയാംതോട്‌ പാലത്തിന്റെ കൈവരീന്ന്‌ ഒരർദ്ധരാത്രി ലോനപ്പൻ ചാടിയത്‌ പേര്‌ ചുമ്മാ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ .
ഭാഗ്യമോ അതോ ദൗർഭാഗ്യമോ!
കായലിലെ കാറ്റും കോളും കാരണം ഗോപീടെ ഭാര്യേടെ പുല്ലും വള്ളം പതിവിൽ നിന്നും വിരുദ്ധമായി വളരെയേറേ താമസിച്ചാണ്‌ അന്നെത്തിയത്‌.വള്ളം പാലത്തിന്നടിയിൽ എത്തിയ സമയം ആകാശത്തുനിന്നും ഉരുണ്ടുരുണ്ട്‌ വരുന്ന അപൂർവ്വ ജീവിയെക്കണ്ട്‌ ഏതോ ഏലിയനാണന്ന്‌ തെറ്റിദ്ധരിച്ച്‌ ഗോപീടെ ഭാര്യ തുഴയ്ക്ക്‌ ഒരു കുത്തും കാലിന്‌ രണ്ട്‌ ചവിട്ടും കൊടുത്തു ലോനപ്പനെ വള്ളത്തേലെ പുല്ലിന്മേൽ കെടത്തി സല്ക്കരിച്ചു.
കായലിലെ കാറ്റും മുടിഞ്ഞ മഴയും കാരണം വള്ളം താമസിച്ചത്‌ ദൈവനിശ്ചയമാണന്നും, അതുകൊണ്ട്‌ ലോനപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും ഗോപീടെ ഭാര്യ പിറ്റേന്ന്‌ വള്ളക്കടവിൽ പൊതുജനസമക്ഷം പ്രഖ്യാപിച്ചു.വളരെ സാഹസിയകമായ്‌ ലോനപ്പന്റെ ജീവൻ രക്ഷിച്ചതിനാൽ പഞ്ചായത്തിൽ നിന്നും ധീരതയ്ക്കുള്ള അവാർഡിനുള്ള അപേക്ഷയും നല്കി.
കൈയൊരെണ്ണം ഒടിഞ്ഞെങ്കിലും ലോനപ്പൻ പറഞ്ഞു; “ഇനി ജീവൻ പോയാലും ഞാൻ പാലത്തേന്ന്‌ ചാടത്തില്ല...ഈ വള്ളക്കാരും പുല്ലുകാരുമില്ലാത്ത ഒരു സമയോമില്ല. ചുമ്മാ പേര്‌ നാറും.“
ചുമ്മാ പേര്‌ നാറ്റിക്കരുതെന്ന്‌ കരുതിത്തന്നെയാണ്‌ ലോനപ്പൻ എസ്റ്റേറ്റിലെ ഒരേയൊരു പരുത്തിമരത്തിന്റെ ചാഞ്ഞകൊമ്പിന്റെ ബലം പരീക്ഷിച്ചതും!
കൊമ്പിന്‌ ആവശ്യത്തിലധികം ബലമുണ്ടായിരുന്നു! പക്ഷേ എന്തു ചെയ്യാം.? മുട്ടുകാലുവന്ന്‌ നിലത്തിടിച്ചപ്പോഴും ലോനപ്പനറിഞ്ഞില്ല കറിന്‌ നീളം കൂടിപ്പോയെന്ന്‌!
”നരകത്തിലൊക്കെ മുഴുവൻ കള്ളിമുള്ളാണോ?“ എന്നായിരുന്നു ഇടയ്കെപ്പോഴോ ഒരു മിന്നായം പോലെ ബോധം വന്നപ്പോൾ ലോനപ്പൻ ചോദിച്ചത്‌.
പുഴുപ്പൻ മുള്ളിന്റെ ആഘാതം തരണം ചെയ്യാൻ കാലം കുറേ എടുത്തെങ്കിലും ലോനപ്പൻ ഒന്നുറപ്പിച്ചിരുന്നു.”ഇനി ജീവൻ പോയാലും പൊക്കം കുറഞ്ഞ മരത്തേന്ന്‌ ചാടില്ല. ചുമ്മാ പേര്‌ നാറും.“

”ഇനിമുതൽ അലവലാതി പരിപാടിക്കൊന്നുമില്ല.ലോട്ടറിക്കച്ചവടമൊന്ന്‌ കൊഴുക്കട്ടെ.. നല്ലൊന്നാന്തരം പാഷാണം വാങ്ങിക്കാണിച്ചുതരാം..“കുറുപ്പിന്റെ ചായക്കടയിൽ വെച്ചാണ്‌ ലോനപ്പൻ ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്‌!
അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പലതവണ വേമ്പനാട്ട്‌ കായലിൽ കുളിയും കഴിഞ്ഞ്‌ പൊങ്ങി.
തെക്കേക്കരയിലെ പ്രഭാതങ്ങൾ ന്യൂസ്‌ വർക്കി എന്നും വാർത്താ സമ്പുഷ്ടമാക്കി.

ലോനപ്പനെ കാണാനില്ല...ലോനപ്പനെ കാണാനില്ല...
പത്രവാർത്തയുടെ തലക്കെട്ടുകൾ വിളിച്ചുപറയുന്നതിനോടൊപ്പം ന്യൂസ് വർക്കി പറയുന്നു...
ലോനപ്പനെ കാണാനില്ല!!!ലോനപ്പനെ കാണാനില്ല!!!
അന്നത്തെ സൂര്യൻ വേമ്പനാട്ട് കായലിൽ നിന്നും പൊങ്ങി വന്നപ്പോൾ തെക്കേക്കരക്കാർ അറിഞ്ഞു...ലോനപ്പന്റെ തിരോധാനം!
ന്യൂസ്‌ വർക്കി വീട്‌ വീടാന്തരം കയറിയിറങ്ങി വിവരം അറിയാത്തവരായി ആരുമില്ലായെന്ന് ഉറപ്പുവരുത്തി.
വാർത്ത കേട്ടവർ കേട്ടവർ റോഡിലേയ്ക്കിറങ്ങി.ചിലർ കലുങ്കിന്മേലിരുന്ന്‌ ലോനപ്പന്റെ തിരോധാനത്തിന്‌ നിദാനമാകാവുന്നതും അല്ലാത്തതുമായ കാരണങ്ങളെ വിശകലനം ചെയ്തു.മാഞ്ചുവട്ടിലും ചർച്ച നടന്നു.
“പാവം ചുഴലി ദീനം കൊണ്ട്‌ കൊറേ കഷ്ടപ്പെട്ടു...എന്തു പറ്റിയോ ആവോ...ചാകാനായ്‌ നടക്കുന്നോനാ...” മീനാക്ഷി അമ്മായി താടിക്ക്‌ കൈ കൊടുത്തു.
ലോനപ്പൻ എവിടെ? എപ്പോൾ? എങ്ങനെ?
നാടുവിട്ടോ?
ചോദ്യങ്ങൾ പലതായിരുന്നു. പക്ഷേ ഉത്തരം മാത്രം കിട്ടിയില്ല.
മൂന്നിന്റന്ന്‌ കാലത്ത്‌ ഞെട്ടിക്കുന്ന വാർത്തയുമായിട്ട്‌ ന്യൂസ്‌ വർക്കി വീണ്ടും പ്രത്യക്ഷപ്പെട്ടു!
എസ്റ്റേറ്റിന്റെ നടുവിലെ കുളത്തിന്റെ മാടിക്കുള്ള കൈതകൾക്കിടയിൽ ലോട്ടറിടിക്കറ്റുകൾ...
“വെള്ളത്തീ മുങ്ങിയാ മൂന്നിന്റന്ന്‌ പൊങ്ങുമെന്നാ...” വിലാസിനി ചിറ്റ മാഞ്ചുവട്‌ കമ്മറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തി.അപ്പോൾ മീനാക്ഷി അമ്മായി ഇടയ്ക്ക്‌ കയറി പറഞ്ഞു.
“ഒന്നു പോടീ പെണ്ണേ, ലോനപ്പനല്ലേ ആള്‌...അവൻ മൂന്നിന്റന്ന്‌ പൊങ്ങിവന്നിട്ട്‌ പറയും...ഇനി ജീവൻ പോയാലും  ഞാനാ  കുളത്തീ ചാടുകേലാ...ചുമ്മാ പേര്‌ നാറും.”
                                                            -----------------

Read more...

സ്വപ്നഭൂമി

Thursday, August 21, 2014


എന്റെ പേര്‌ ഭരതൻ എന്നാണ്‌.നാട്ടുകാർ എന്നെ ‘ഭരതൻ മാഷ്‌’ എന്നും വിളിക്കും. പണ്ട്‌, എന്ന്‌ പറഞ്ഞാൽ പത്ത്‌ മുപ്പത്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌; ഗൾഫിലൊക്കെ ജോലിക്ക്‌ പോകുന്നതിന്‌ മുൻപ്‌ ഞാനൊരു പാരലൽ കോളേജ്‌ അദ്ധ്യാപകനായിരുന്നു. അന്ന്‌ മുതൽ ഞാൻ ഭരതൻ മാഷായി.
എന്റെ ഭാര്യ സുധ. സുധ ടീച്ചർ എന്ന്‌ നാട്ടുകാർ വിളിക്കും. അവളും എന്റെ കൂടെ പാരലൽ കോളേജിൽ പഠിപ്പിക്കാനുണ്ടായിരുന്നു. ഞങ്ങളു തമ്മിൽ ചെറിയ സ്നേഹമൊക്കെ തുടങ്ങി, അവസാനം അവരെന്റെ കൂടെയങ്ങ്‌ കൂടി.
പാവം...നല്ലൊരു കുടുംബത്തിലെ പെണ്ണായിരുന്നു...എന്റെ കൂടെ വന്ന്‌ ഇനി സഹിക്കാനൊന്നുമില്ല.
എനിക്കാണെങ്കിൽ വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലായിരുന്നു. പാരലൽ കോളേജീന്ന്‌ കിട്ടുന്നതുകൊണ്ട്‌ എങ്ങനെ കഴിയാനാണ്‌? സുധ ടീച്ചറിന്റെ(പണ്ടുമുതലുള്ള വിളിയാണേ...ഞാനിപ്പോഴും അങ്ങനെ തന്നെയാ അവരെ വിളിക്കുന്നേ. ടീച്ചറെന്നെ ‘മാഷേ’ന്നും.)വീട്ടുകാർക്കൊക്കെ ഭയങ്കര എതിർപ്പായിരുന്നു. എനിക്കാണെങ്കിൽ ചോദിക്കാനും പറയാനും ആരുമില്ലതാനും!
എന്റെ ആകെയുള്ള കൈമൊതൽ ഒരു പോസ്റ്റ്ഗ്രാജുവേഷൻ...
അങ്ങനെയിരിക്കയാണ്‌ എനിക്ക്‌ ഗൾഫിൽ ഒരു അവസരം കിട്ടിയത്‌. ടീച്ചറെ തനിച്ച്‌ ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടിലാക്കിയിട്ട്‌ ഞാൻ പോയി. ഈ വേർപാടിന്റെ ദു:ഖമെന്നൊക്കെ പറയണതേ...ഇത്തിരി ബുദ്ധിമുട്ടാണേ...ഞങ്ങളത്‌ വേണ്ടുവോളം അനുഭവിച്ചു.
കൊറച്ചൊന്നുമല്ല...മുപ്പത്‌ വർഷം...ജീവിതത്തിന്റെ നല്ല പ്രായം...ഞങ്ങൾ വേറിട്ടുനിന്നു.
വർഷാവർഷം ഒരുമാസം...എന്റെ അവധി...അതു ഞങ്ങള്‌ ശരിക്കും ആസ്വദിച്ചിട്ടുണ്ട്‌ കേട്ടോ....
വേറിട്ട്‌ നിന്നിട്ടുള്ള ആ ഒത്തുചേരലൊണ്ടല്ലോ...അതിന്റെ സുഖം ഒന്നുവേറേ തന്നെയാണേ...
പക്ഷേ തിരിച്ചു പോകാനായി വിമാനത്തിൽ കേറിയൊള്ള ആ ഇരിപ്പ്‌...ഹൊ...മുപ്പതുവർഷവും ഞാനതനുഭവിച്ചു...ടീച്ചറും തീർശ്ചയായിട്ടും അതനുഭവിച്ചിട്ടുണ്ടാവും. പക്ഷേ പാവം...ഒരിക്കൽ പോലും എന്നോടതൊന്നും പറഞ്ഞിട്ടില്ല കേട്ടോ.

ഞങ്ങടെ കുട്ടികളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. മൂന്നു മക്കൾ. മൂത്തവൻ ഒരു ഡോക്ടറാണ്‌...അവനും ഞങ്ങള്‌ ചെയ്തപോലെ തന്നെ ചെയ്തു.MBBS കഴിഞ്ഞപ്പോ കൂടെ പഠിച്ച ഒരുത്തിയേം കൊണ്ടുപോന്നു. ഞങ്ങളെതിർത്തൊന്നുമില്ല. എങ്കിലും ഇത്തിരി ബുദ്ധിമുട്ടാണേ...വളർത്തി വലുതാക്കി കഴിയുമ്പോ അവർക്ക്‌ തോന്നണതുപോലെയൊക്കെ ചെയ്കയെന്നുവെച്ചാൽ...പക്ഷേ ഞങ്ങളൊന്നും പറഞ്ഞില്ല. ഒരിക്കൽ ടീച്ചറിന്റെ അച്ഛനും അമ്മയും ഇതേ ബുദ്ധിമുട്ട്‌ അനുഭവിച്ചിട്ടുള്ളവരല്ലേ.ഞങ്ങള്‌ കാരണം!

‘താൻ താൻ ചെയ്യുന്ന കർമ്മത്തിൻ ഫലം താൻ താൻ അനുഭവിച്ചീടുക തന്നെവേണം...’

രണ്ടാമത്തത്‌ പെണ്ണാണ്‌...അവള്‌ B Com കഴിഞ്ഞ്‌ ഇനി പഠിക്കണില്ലന്ന്‌ പറഞ്ഞപ്പോ, ഒരുത്തന്റെ കൂടെ കെട്ടിച്ചുവിട്ടു.ദോഷം പറയരുതല്ലോ...അവൻ നല്ലൊരുത്തനാ...സർക്കാരുദ്യോഗസ്ഥൻ...
മൂന്നാവത്തവൻ എഞ്ചിനീയറാ...ബാംഗ്ലൂരിൽ...നല്ല നിലയിലാണ്‌.
മൂന്നുപേരും അവരവരുടെ ജോലിയും നോക്കി അവരുടെ പാട്ടിന്‌...
ചുരുക്കത്തിൽ മുപ്പത്‌ വർഷത്തെ ഗൾഫ്‌ ജീവിതവും മതിയാക്കി കഴിഞ്ഞ്, ഇപ്പോഴാണ്‌ ഞങ്ങളുടെ ഹണിമൂൺ!

ഇതിനിടെ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്‌...ഞങ്ങളുടെ വീടിനെക്കുറിച്ച്...
മുപ്പത്‌ വർഷം ഗൾഫിലായിരുന്നു...കാര്യമൊക്കെ ശരിയാ...പക്ഷേ ഇപ്പോഴും ഞങ്ങള്‌ കഴിയണത്‌ വാടകവീട്ടിലാണ്‌!
പണമില്ലാഞ്ഞിട്ടാണോ എന്ന്‌ ചോദിച്ചാൽ മുഴുവനും ശരിയല്ല. കുട്ടികളെയൊക്കെ പഠിപ്പിച്ച്‌...മോളൊരുത്തിയെ കെട്ടിച്ച്‌ വിട്ടപ്പോ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക്‌ തീർന്നു എന്നുള്ളത്‌ ശരിയാണ്‌.
കുറച്ച്‌ സ്ഥലം വാങ്ങി വീടൊരണ്ണം വെയ്ക്കാൻ പറ്റുമായിരുന്നു. പക്ഷേ ചെയ്തില്ല.
അതെന്തുകൊണ്ടാണന്നോ?
പറയാം. എനിക്കും ടീച്ചറിനും ഒരു സ്വപ്നമുണ്ടായിരുന്നു.ഇപ്പോഴും ആ സ്വപ്നമുണ്ട്‌...പക്ഷേ നടക്കുമോയെന്നറിയില്ല.
വീടിനെക്കുറിച്ച്‌ ഞങ്ങൾക്കുള്ള സ്വപ്നത്തിൽ അത്ര പുതുമയൊന്നുമില്ല.സാധാരണപ്പെട്ട എല്ലാവർക്കുമുണ്ടാകാവുന്ന ഒരു സാധാരണ സ്വപ്നം!
കുറേയധികം സ്ഥലം...നല്ല പച്ചപ്പുള്ള സ്ഥലം...നിറയെ മരങ്ങളും, കിളികളുമൊക്കെയായി... വലിയൊരു കുളമുണ്ടാകണം...ആ കുളത്തിൽ മുങ്ങാംകുഴിയിട്ട്‌ കുളിക്കണം...നല്ല രസമായിരിക്കുമല്ലേ...മുൻ വശത്തെ ഗേറ്റിൽ നിന്നും വളഞ്ഞ്‌ തിരിഞ്ഞ്‌ പോകുന്ന ഒരു ചെമ്മൺ പാതയുണ്ടാകണം...
അത്‌ ചെന്ന്‌ നില്ക്കുന്നത്‌ വിശാലമായ മുറികളുള്ള ഒരു വീട്ടിലായിരിക്കണം. വീട്‌ വലുതാകണമെന്നൊന്നുമില്ല. പക്ഷേ ശരിക്കും കാറ്റും വെളിച്ചവുമൊക്കെ കേറുന്നതായിരിക്കണം...
ശുദ്ധ വായു ശ്വസിച്ച്‌, വാഹനങ്ങളുടേയും ഫാക്ടറികളുടെയും മലിനീകരണത്തിൽ നിന്നും വിട്ടുമാറി സ്വസ്ഥവും ശാന്തവുമായ ഒരു സ്ഥലത്ത്‌ കഴിഞ്ഞുകൂടണം. ഇത്രേയുള്ളു ഞങ്ങളുടെ സ്വപ്നം.
എന്താ പറയ്ക!
സ്ഥലമൊക്കുമ്പോ കാശൊക്കില്ല.കാശൊക്കുമ്പോ സ്ഥലമൊക്കില്ല. ഇതു രണ്ടുമൊക്കുമ്പോ സമയമൊക്കില്ല.
മുപ്പത്‌ വർഷം ഞാനും ടീച്ചറും സ്വപ്നം കണ്ട്‌ ജീവിച്ചതു തന്നെ മിച്ചം.

അവസാനം നടക്കാതാവുന്ന സ്വപ്നങ്ങളെ ബാക്കിയുള്ള കാലം നെഞ്ചിലേറ്റി താലോലിക്കാം എന്നൊക്കെ ഞാനും ടീച്ചറുമങ്ങ്‌ തീരുമാനിച്ചു. ഇനി മക്കളായിട്ട്‌ വല്ല സ്വപ്ന സാക്ഷാത്ക്കാരം നടത്തിത്തന്നാൽ അത്‌ മുജ്ജന്മസുകൃതം എന്ന്‌ വേണേൽ കരുതാം.ഗൾഫ്‌ കാശിന്റെ ബാക്കി ഫിക്സഡിലിട്ട്‌ അതിന്റെ കാശുകൊണ്ട്‌ ശിഷ്ടകാലം ജീവിക്കാം എന്നൊക്കെ വിചാരിച്ചു ഞങ്ങള്‌ രണ്ടാളും! ഇന്നത്തെക്കാലത്ത്‌ പിള്ളാര്‌ തന്നിട്ട്‌ കഴിയാമെന്നൊന്നും വിചാരിക്കാൻ പറ്റില്ലല്ലോ...

സംഭവങ്ങളൊക്കെ ഈ വിധമാകുമ്പോഴാണ്‌ ഞാൻ നമ്മടെ ഒരു പഴയെ സുഹൃത്തിനെ കണ്ടുമുട്ടുന്നത്‌. പാക്കൻ...കുറ്റം പറയരുതല്ലോ...ആള്‌ ഭയങ്കര സത്യസന്ധനാണ്‌! പണ്ട്‌ ‘തെങ്ങേൽ ക്ലബ്ബ്‌’ നടത്തിയിരുന്ന കാലത്ത്‌ നാടകക്കാർക്ക്‌ കാശുകൊടുത്തിട്ടേ ഉറങ്ങാൻ പോവൂ എന്നും പറഞ്ഞ്‌ ഒറ്റയ്ക്ക്‌ മഞ്ഞത്ത്‌ കുത്തിയിരുന്ന കക്ഷിയാണ്‌!
ആളിപ്പോൾ കയർഫാക്ടറിയൊക്കെ പൊളിച്ച്‌ വിറ്റ്‌ ബ്രോക്കർ പണിയാണ്‌!
കയറും,കയർ ഫാക്ടറിയുമൊക്കെ നശിച്ച്‌ നാറാണക്കല്ലടിഞ്ഞെന്നാണ്‌ പാക്കൻ പറയണത്‌...
ഇപ്പോ കൊയ്ത്ത്‌ ബ്രോക്കറുമാർക്കാണത്രേ...
വർഷം മൂന്നോ നാലോ കൊയ്ത്ത്‌ കിട്ടിയാൽ മതി...പക്ഷേ ഒടുക്കത്തെ കോമ്പറ്റീഷനാ...അതാണ്‌ പ്രശ്നം!
സത്യസന്ധനും നല്ലവനുമായ നമ്മുടെ പഴയകാല സുഹൃത്തിന്‌ നല്ലതു വരട്ടെ...അവൻ പണം കൊയ്യട്ടെ...

സ്ഥലത്തിനൊക്കെ പൊന്നിന്റെ വിലയാണന്ന്‌ പറഞ്ഞാൽ പോരെന്നാണ്‌ പാക്കൻ പറയുന്നത്.
തൊട്ടാൽ പൊള്ളുന്ന വെലയാ മണ്ണിന്‌ ഇക്കാലത്ത്!
കള്ളപ്പണം ഒഴുകകല്ലേ...കായലെറമ്പത്തോട്ട്‌ അടുക്കാൻ പറ്റില്ല. മൊത്തം റിസോർട്ടുകാര്‌ കൈക്കലാക്കിയിരിക്കയാ...
പുല്ലുപോലും പിടിക്കാതെ കിടന്നിരുന്ന ഒണക്ക സ്ഥലം പോലും ആളുകള്‌ മൊത്തിക്കൊണ്ട്‌ പോകയാണ്‌...
പാക്കന്റെ സ്ഥലപുരാണം കേട്ടുകഴിഞ്ഞപ്പോൾ മനസ്സിന്റെ അറിയാതെ കിടന്ന കോണുകളിലെവിടെയെങ്കിലും ആ പഴയ സ്വപ്നമുണ്ടായിരുന്നെങ്കിൽ അതുകൂടി പോയിക്കിട്ടി എന്ന്‌ ഞാൻ സമാധാനിച്ചു.

ഇത്രയൊക്കെ മേമ്പൊടിക്ക്‌ പറഞ്ഞുകഴിഞ്ഞ്‌ പാക്കൻ ആ തനി  ‘ബ്രോക്കറ്‌ ട്രിക്ക്‌’ എറക്കി.
കാര്യങ്ങളുടെ കിടപ്പും ഇരിപ്പും ഓട്ടവുമൊക്കെ ഇങ്ങനെയാണെങ്കിലും പഴയകാല സുഹൃത്തായ എനിക്ക്‌ വേണ്ടി അവൻ അരയും തലയും വാലുമൊക്കെ പിരിച്ച്‌ ഗോദായിലോട്ട്‌ ഇറങ്ങും. ഇത്‌ സത്യം...സത്യം...പിന്നേം സത്യം...
ഞാൻ ആ സത്യത്തിൽ വീണു.എനിക്കാണേ വേറേ മാർഗോമില്ല.

പാക്കന്റെ ബൈക്കിന്റെ പുറകിൽ എന്നെ പിടിച്ചുകെട്ടിയിരുത്തി. ഉലകം മുഴുവൻ ചുറ്റി.
എവിടെ? എന്റെ സ്വപ്ന ഭൂമി...
“ഓളേ മുക്കാൽ കാശുമായിട്ടെറങ്ങിയാൽ കോപ്പുകിട്ടും മാഷിന്‌...”പണ്ടത്തെ പാരലൽ കോളേജ്‌ മാഷായിരുന്നതിന്റെ ബഹുമാനമായിരിക്കും പാക്കൻ കൂടുതലൊന്നും പറഞ്ഞില്ല.
ബൈക്ക്‌ പറന്നുകൊണ്ടിരുന്നു.
ഷേർലിയെകാണുന്നതുവരെ...
പട്ടണത്തിലെ ഏതൊക്കെയോ  ട്ട..ണ്ട..വഴികളിലൂടെയാണ്‌ ഞങ്ങൾ ഷേർലീടെ വീട്ടിലെത്തിയത്. ഒരു ബൈക്ക്‌ കഷ്ടിച്ച്‌ പോകുന്ന വഴിയേ ഉള്ളൂ അവരുടെ വീട്ടിലേയ്ക്ക്.
“ദേ, ഇതു കണ്ടാ...പട്ടണത്തിലാ ഇവര്‌ കഴിയണത്‌...ഒരു ഓട്ടോ പോലും കേറാൻ വഴിയില്ല.അതുകൊണ്ടാ ഇതുങ്ങളിതുകൊടുത്തിട്ട്‌ മാറാൻ പോണത്‌...” ഷേർലി സ്ഥലം കൊടുക്കുന്നതിനെക്കുറിച്ച്‌ പാക്കന്റെ വിശദീകരണം കേട്ട്‌ ഞാൻ കണ്ണും മിഴിച്ചു നിന്നു.
എന്റെ സ്വപ്നഭൂമി...
എന്റെ വൈക്ളബ്യം മനസ്സിലാക്കിയിട്ടെന്നോണം പാക്കൻ പറഞ്ഞു.“മാഷിന്‌ തരാൻ പോണത്‌ ഇതല്ല...അവരുടെ ഓഹരി സ്ഥലമുണ്ട്‌ പഞ്ചായത്തതിരിൽ....അരയേക്കറോളമുണ്ട്‌...പുതിയ വീട്‌ വെയ്ക്കാൻ കാശു അത്യാവശ്യമായതോണ്ട്‌ ഷേർലിയത്‌ വിക്കുന്നത്‌...”

സ്ഥലമൊക്കെ കണ്ടു...
കുളവും,മരവും,കിളികളൊന്നുമില്ലേലും കുറച്ച്‌ ഒണക്ക മണലുണ്ട്‌...(പറമ്പിന്റെ മൂലയ്ക്ക്‌ ഒരു പ്ളാവുള്ള കാര്യം ഞാൻ പറയാൻ വിട്ടുപോയി.അതിൽ കുറച്ച്‌ ചക്കയും പിടിച്ചിട്ടുണ്ട്‌.)
എന്റെ സ്വപ്നഭൂമി...
“ഇക്കാലത്ത്‌ ആരാ മരോം കൊളോക്കെ നോക്കണത്‌...കൊളമൊള്ളവര്‌ അത്‌ മൂടാൻ പാടുപെടുകയാ...പക്ഷേ മണലേ... കിട്ടാക്കനിയാ...”
പാക്കൻ കൈക്കുമ്പിളിൽ വെള്ളമണൽ വാരിയെടുത്ത്‌ മുത്തം വെച്ചു.
“ദാ, ഇതു കണ്ടാ...പൊന്നാ...പൊന്ന്‌...മണ്ണു വാരുന്നോൻ അഴിയെണ്ണുന്ന കാലമാ...സമയം കളയാതെ ഒള്ള കാശിന്‌ വാങ്ങിക്കോ...അല്പ സ്വൽപം കടമൊക്കെ ഷേർലിയെക്കൊണ്ട്‌ ഞാൻ സമ്മതിപ്പിക്കാമെന്നേ...”
ഞാനും ടീച്ചറും ആലോചിച്ചു. ശരിയാണ്‌ പാക്കൻ പറഞ്ഞ കാര്യങ്ങൾ...
മരം വേണേൽ നമ്മുക്ക്‌ വെച്ച്‌ പിടിപ്പിക്കാം.  കൊളം വേണേൽ നമ്മുക്ക്‌ കുഴിക്കാം. മണലു വേണേലോ?
അങ്ങനെ ടീച്ചറ്‌ പണ്ട്‌ എന്റെ കൂടെ ഇറങ്ങിവന്നപ്പോൾ കൂടെ കൊണ്ടുവന്ന പണ്ടങ്ങൾ ഞാൻ ആദ്യമായി പണയം വെച്ചു.ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ പിൻവലിച്ചു. അരേയേക്കർ എന്റേം ടീച്ചറിന്റേം പേരിൽ വാങ്ങി.

രണ്ട് മൂന്ന് കിലോമീറ്റർ ദൂരമുണ്ട് പുതിയ സ്ഥലത്തേയ്ക്ക്...
ഞങ്ങൾക്ക്‌ രണ്ടുപേർക്കും പ്രത്യേകിച്ച്‌ പണിയൊന്നുമില്ലല്ലോ...
ദെവസോം ഞാനും ടീച്ചറും നേരം വൈകുവോളം  പറമ്പിൽ തന്നെയായി...
കുറച്ച്‌ പുല്ലും, വാഴേം,കപ്പയുമൊക്കെ വെച്ചു.
പറമ്പൊരുവിധം പച്ചപിടിച്ചു വരുകയായിരുന്നു. അവിടുണ്ടായിരുന്ന്‌ ബോർ വെൽ അഴിച്ചു കളഞ്ഞ്‌ പകരം കുളം കുഴിപ്പിക്കുന്നതിനെ കുറിച്ച്‌ ഞങ്ങളാലോചിച്ചു.
മൂലയ്ക്ക്‌ നിന്ന പ്ലാവിലെ ചക്കകൾ പഴുത്തു. നല്ല മണവും ഉണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ചക്ക വെട്ടിയിടണമെന്ന്‌ തീരുമാനിച്ചു ഒരു ദിവസം വൈകിട്ട് തിരികെ ഞങ്ങൾ വാടക വീട്ടിലെത്തി.

അധിക നേരമായിക്കാണില്ല.ടീച്ചറിന്റെ ഫോൺ റിങ്ങുചെയ്തു.
ഞാനത്‌ ശ്രദ്ധിക്കാതെ ഏതോബുക്ക്‌ വായിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞ്‌ ടീച്ചറിന്റെ കൈവിരലുകൾ എന്റെ മുടിയെ തലോടുന്നു.
“മഞ്ജുവാ ഫോൺ ചെയ്തത്‌...”
മഞ്ജു, ഞങ്ങൾ വാങ്ങിയ സ്ഥലത്തിന്റെ അടുത്ത്‌ താമസിക്കുന്ന പെൺകുട്ടി.അവളാണ്‌ ആ സ്ഥലത്തിലെ വിവരങ്ങൾ ഞങ്ങൾക്കപ്പപ്പോൾ നല്കുന്നത്‌. ആരെങ്കിലും പറമ്പിൽ കയറിയാലോ, എന്തേലും എടുത്താലോ ഒക്കെ മഞ്ജുവിന്റെ ഫോൺ വരും. അതിന്‌ പ്രതിഫലമായി ഇടയ്ക്കിടയ്ക്ക്‌ ഞങ്ങളെന്തെങ്കിലുമൊക്കെ അവൾക്ക്‌ കൊടുക്കുകയും ചെയ്യാറുണ്ട്‌.
ഞാൻ ടീച്ചറെ നോക്കി.
“ഷേർലി വന്ന്‌ ചക്കെയെല്ലാം ഇട്ടോണ്ട്‌ പോയെന്ന്‌...”
“മഞ്ജു അതാണോ പറഞ്ഞത്‌?”
“അതേ, അവള്‌ ചോദിക്കാൻ ചെന്നപ്പോ ഷേർലി പറയുകയാണേ...”
എന്റെ കൺപോളകൾ ചോദ്യാർത്ഥത്തിൽ മുകളിലോട്ടുയർന്നു.
“ഷേർലിക്ക് പ്ലാവിലെ ചക്ക തിന്നാഞ്ഞിട്ട്‌ എന്തോ ഒരു ഇത്‌ പോലെയെന്ന്‌....സ്ഥലം കൊടുത്തു...കാശ്‌ വാങ്ങി എന്നൊക്കെ ഒള്ളത്‌ തന്നെ. പക്ഷേ അതുകൊണ്ടൊന്നും അവൾക്ക് ആ പറമ്പും പ്ളാവുമൊക്കെയായുള്ള ആത്മബന്ധം മാറിയിട്ടില്ലന്ന്...
കലികാലം...ഒന്ന് ചോദിക്കാനുള്ള മര്യാദപോലുമില്ലാണ്ടായല്ലോ ആൾക്കാർക്ക്!”
ഞാൻ കുടിച്ചിട്ട് വെച്ചിരുന്ന  ചായക്കപ്പ് ടീച്ചറുടെ കൈത്തലത്തിലിരുന്ന് ഞെരിയുന്നു.

ഞാൻ ചിരിച്ചു. ചാരുകസേരയിൽ കിടന്ന്‌ ആർത്താർത്ത്‌ ചിരിച്ചു.

Read more...

മഴയുടെ പാട്ട്

Saturday, August 16, 2014


പടിഞ്ഞാറ്‌ മാനം കറുത്ത്‌  ഇരുണ്ട്‌ തുടങ്ങി.കാറ്റ്‌ ആഞ്ഞ്‌ ആഞ്ഞ്‌ വീശി.
കണ്ണുമിന്നിക്കുന്ന മാതിരി ഒരു മിന്നലും തൊട്ടുപുറകേ ഇടിയും! കാറ്റിന്റെ രസവും നുകർന്ന്‌ പറക്കുന്ന കരിയിലകളുടെ പുറകെ ഓടിയിരുന്ന അപ്പുക്കുട്ടൻ കരഞ്ഞുകൊണ്ട്‌ വീടിന്നുള്ളിലേയ്ക്ക്‌ ഓടിക്കയറി.തൊട്ടുപുറകേ ആർത്തിരമ്പിവരുന്ന മഴയുടെ ശബ്ദവും...
ആദ്യം ഒടിഞ്ഞ്‌ വീണത്‌ പടിഞ്ഞാറേ വേലിയെറമ്പിൽ നിന്ന കുലച്ച വാഴയാണ്‌!
വാഴ ഒടിഞ്ഞത്‌ അമ്മയ്ക്ക്‌ സങ്കടമായി...“ഒരാൾ പൊക്കമൊള്ള കൊലയല്ലയോ! സങ്കടം വരാണ്ടിരിക്കുമോ!” മൂക്ക്‌ പിഴിഞ്ഞ്‌ കൈ മുണ്ടിൽ തുടച്ചുകൊണ്ട്‌ അമ്മ പറയുമ്പോൾ
ശബ്ദത്തിനൊരിടർച്ച...
ഒരാൾ പൊക്കമെന്നുള്ളതുകൊണ്ട്‌ അമ്മ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ അപ്പുക്കുട്ടന്‌ ചോദിക്കണമെന്നുണ്ടായിരുന്നു....പക്ഷേ ചോദിച്ചില്ല...
ഗൗരവമായിട്ട്‌ നൊണപറയുമ്പോ ചോദിച്ചാൽ കിഴുക്ക്‌ ഉറപ്പാണ്‌....
കുലയ്ക്ക്‌ സേതുവിന്റെ കൈയുടെ നീളമെങ്കിലും കാണും...അതിന്‌ സംശയമില്ല.

വടക്കേമൂലയ്ക്ക്‌ നിക്കുന്ന പ്ളാവ്‌ ഒടിഞ്ഞുവീഴാത്തതിലായിരുന്നു അച്ഛന്‌ അതിശയം!
പുഴുവെടുത്ത്‌ ഇപ്പോ വീഴും ഇപ്പോ വീഴുമെന്ന രീതിയിൽ നിക്കണ പ്ളാവാണ്‌! വെട്ടുകാരന്‌ കൊടുക്കേണ്ട കാശ്‌ ലാഭം കിട്ടും!
“പ്ളാവ്‌ വീണാൽ നമ്മളതറുപ്പിച്ച്‌ കട്ടിലു പണിയും...”
സേതു അതുകേട്ട്‌ തുള്ളിച്ചാടി.
“ഞാനാ അതീ ആദ്യം കെടക്കണത്‌...“പേൻ തലയിൽ രണ്ട്‌ കൈയും കൊണ്ട്‌ ചൊറിഞ്ഞുകൊണ്ട്‌ അവൾ അപ്പുക്കുട്ടനെ നോക്കി.
”പിന്നേ... ഇത്തിരി പുളിക്കും.“ അപ്പുക്കുട്ടൻ ചിറി കോട്ടി.
നന്ദിനിപ്പശു പതിവില്ലാത്ത വിധം കാറുന്നുണ്ടായിരുന്നു തൊഴുത്തിൽ....
”മൃഗങ്ങളാണേലും അതുങ്ങൾക്കും പേടികാണും!ചില്ലറ മഴയാണോ!“ നന്ദിനിയുടെ കരച്ചിൽ കേട്ട്‌ അമ്മ പറഞ്ഞു.

മഴ കടുത്തു.മേല്ക്കൂരയിലെ ഓലപ്പുറത്ത്‌ മഴവെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ നല്ല രസം. തെങ്ങിന്റെ തടമെല്ലാം നിറഞ്ഞ്‌ വെള്ളം പുറത്തേയ്ക്ക്‌ ഒഴുകി. ചാണകം മെഴുകിയ
തിണ്ണയെ തൊട്ടു തൊട്ടില്ലായെന്ന രീതിയിൽ മുറ്റത്തേ വെള്ളം വടക്കേ തോട്ടിലേയ്ക്ക്‌ ഒഴുകുന്നു.അപ്പുക്കുട്ടൻ കട്ടിളപടിയേൽ കയറി മുട്ടുകാലേൽ കൈയൂന്നി നിന്നു.
 മഴയുടെ ഭംഗി!മഴയുടെ താളം!മഴയുടെ ശക്തി!അപ്പുക്കുട്ടനെല്ലാം അത്ഭുദമായിരുന്നു.കുറച്ചു മുൻപുവരെ തലയെടുപ്പോടെ നിന്ന ആറുമാസച്ചെടി പൂക്കുല നിലത്ത്‌ മുട്ടിച്ച്‌ പ്രകൃതിയോട്‌ അടിയറവ്‌ പറയുന്നു. ആര്യവേപ്പേൽ പടർന്ന്‌ കയറിയിരുന്ന കോളാമ്പി വള്ളികൾ പൂക്കളെ മഴവെള്ളത്തിൽ ഒഴുക്കിക്കളഞ്ഞു.
മുറ്റം നിറയെ മഴവെള്ളത്തിൽ ഒഴുകി നടക്കുന്ന മഞ്ഞകോളാമ്പിപ്പൂക്കൾ!

അച്ഛനപ്പോൾ ചോരുന്ന ഓലകൾക്കിടയിൽ എക്സ്‌റേ ഷീറ്റും പ്ളാസ്റ്റിക്കുമൊക്കെ ചേടാനുള്ള തിരക്കിലായിരുന്നു.സേതു തണുപ്പ്‌ പിടിച്ച്‌ അടുപ്പിന്റെ മൂട്ടിൽ...
“അവിടെ മഴയും നോക്കി ഇരിക്കാതെ ആ ചരുവോം പാത്രോം വല്ലതും എടുത്ത്‌ വെള്ളം വീഴണടത്ത്‌ വെയ്ക്കാൻ നോക്കടാ ചെറുക്കാ...തിണ്ണ ചീത്തയാകാണ്ടിരിക്കും.” അമ്മയുടെ
വഴക്കും കേട്ട്‌, അടുക്കളയിലോട്ട്‌ പാത്രത്തിനായ്‌ ഓടുമ്പോഴാണ്‌ അപ്പുക്കുട്ടനത്‌ ശ്രദ്ധിച്ചത്‌...
മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികൾ! ഓല മെടലയിലൂടെ അത്‌ താഴോട്ടിറങ്ങുന്നു.
ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രത്തിലൂടെ...
രാജേശ്വരി വാങ്ങിക്കൊടുത്ത ചായപ്പെൻസിൽ കൊണ്ട്‌ വരച്ചതാണ്‌.
മെടലയിൽ നല്ല ഭംഗിയായ്‌ ചേടി വെച്ചിരുന്നതാണ്‌...
പുഴയ്ക്കപ്പുറത്ത്‌...മലനിരകൾ...മലയുടെ താഴ്വാരത്തിൽ മേയുന്ന ആട്ടിൻകുട്ടികൾ... മലകൾക്കിടയിലൂടെ ഉദിച്ചുപൊങ്ങുന്ന സൂര്യൻ...
എല്ലാം നശിച്ചു...
അപ്പുക്കുട്ടന്റെ കണ്ണീരിനെ മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ്‌ വീഴുന്ന മഴത്തുള്ളികൾ ഒഴുക്കിക്കൊണ്ടുപോയി...
മഴവെള്ളത്തിലൊഴുകുന്ന കോളാമ്പിപ്പൂക്കൾ...
അപ്പുക്കുട്ടൻ വീടിന്റെ കോണിലെ പഴയ തഴപ്പായയിൽ ചുരുണ്ടുകൂടി.
രാത്രിയുടെ ഏതോയാമത്തിൽ അച്ഛന്റെ കൈവിരലുകൾ അവന്റെ തലമുടിയിലൂടെ ഓടുന്നത്‌ അവനറിഞ്ഞു. മഴയപ്പോഴും അതിന്റെ പാട്ട്‌ തുടർന്നുകൊണ്ടിരുന്നു.അവന്റെ മുഖം അച്ഛന്റെ മാറിലെ രോമക്കാടുകളിൽ അമർന്നു.
അപ്പുക്കുട്ടനുണർന്നപ്പോൾ മഴ ശമിച്ചിരുന്നു.സൂര്യപ്രകാശം കണ്ണിലടിക്കുന്നോണ്ടോയെന്ന്‌ സംശയം...അവൻ പായയിൽ നിന്നും എണീക്കാതെ തന്നെ കിടന്നു.
എന്തൊക്കെയോ ശബ്ദം...മരം മുറിക്കുന്നത്‌ പോലെ...
ആരുടെയൊക്കെയോ സംസാരം...

സേതു അവന്റെ മുകളിലോട്ട്‌ ചാടി വീണു.കുരുത്തം കെട്ട പെണ്ണ്‌! അവനവളെ തള്ളി മാറ്റി.
“ഇന്നലെ രാത്രീല്‌ നമ്മടെ പ്ളാവ്‌ വീണേ...അച്ഛനിനി കട്ടില്‌ പണിയും...ഞാനതേ കെടക്കുമല്ലോ...”സേതു കുണുങ്ങികുണുങ്ങി പറഞ്ഞു. അത്‌ പറയുമ്പോൾ അവളുടെ തല
രണ്ടുവശത്തേയ്ക്കും ആടിക്കൊണ്ടിരുന്നു.
അപ്പുക്കുട്ടൻ സന്തോഷത്താൽ ചാടി പുറത്തിറങ്ങി...
വടക്കേപുറം നിറയെ ആളുകൾ...
അമ്മയിരുന്ന്‌ കരയുന്നു!
പുഴുവെടുത്ത പ്ളാവ് വീടിന്നുമുകളിൽ...
രണ്ട്‌ മുറിയും അടുക്കളയുമായുള്ള കൊട്ടാരത്തിന്റെ അവശേഷിക്കുന്നത്  അപ്പുക്കുട്ടൻ കിടന്ന മുറി മാത്രം...അമ്മ കരയാതെന്തുചെയ്യും?
‘നമ്മളിനി ഓടിട്ട വീട്‌ വെയ്ക്കുമെന്നാ അച്ഛൻ പറഞ്ഞേ...“
സേതു വന്ന്‌ അപ്പുക്കുട്ടന്റെ കൈയിൽ പിടിച്ചു.
”ആ പശൂനെ കൊടുത്തിട്ട്‌ കൊറച്ച്‌ നാള്‌ നിങ്ങള്‌ അങ്ങോട്ട്‌ മാറി താമസിക്ക്‌...“പ്ളാവ്‌ വെട്ടുന്ന കൂട്ടത്തിലാരോ പറയുന്നത്‌ അപ്പുക്കുട്ടൻ കേട്ടു.
തെങ്ങിൻതടത്തിൽ കെട്ടി നിന്ന വെള്ളത്തിൽ കോളാമ്പിപ്പൂക്കളോടൊപ്പം ചായം പടർന്ന ഒരു സൂര്യനുമുണ്ടായിരുന്നു...

Read more...

എഴുത്തുകാരൻ

Saturday, August 9, 2014

5...0...2..1. “ഇതു തന്നെയല്ലേ അവർ പറഞ്ഞ പാസ്സ്‌ വേഡ്‌?”
അയാൾ കൂട്ടുകാരോട്‌ ചോദിച്ച്‌ തനിക്ക്‌ തെറ്റിയില്ലായെന്ന്‌ ഉറപ്പുവരുത്തി.പിന്നെ കൂറ്റൻ ഗേറ്റിന്റെ മുന്നിലെ കീപാഡിൽ ബട്ടണുകൾ ഒന്നൊന്നായ്‌ ഞെക്കി .5..0..2..1..
കൂറ്റൻ ഗേറ്റ്‌ ഒരുവശത്തേക്ക്‌ നീങ്ങിപ്പോയി!
അകത്തേയ്ക്ക്‌ പ്രവേശിച്ച അയാളെ ഒരു കൂറ്റൻ നായ തടഞ്ഞു.അത്‌ അയാൾക്ക്‌ ചുറ്റും വലം വെച്ച്‌ മണത്ത്‌ നോക്കിയിട്ട്‌ അയാളുടെ സുഹൃത്തുക്കളെ പരിശോധിക്കുവാൻ തുടങ്ങി.
നേരിയ വെളിച്ചത്തിൽ ഒരു വലിയ കൗണ്ടർ!മാന്യമായ വേഷം ധരിച്ച കുറച്ചുപേർ കൗണ്ടറിനുള്ളിൽ.
കൗണ്ടറിനുപിന്നിലെ ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്ന ചെറിയ ബാസ്കറ്റുകളിൽ നിറയെ വിവിധ തരത്തിലുള്ള ഫലങ്ങൾ!
അയാൾ സ്ഥലം മാറിപ്പോയോ എന്ന സംശയത്താൽ കൂട്ടുകാരെ നോക്കി.
സാമുവൽ അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു.“പ്രൊസീഡ്‌ മാൻ...”
“കാർഡ്‌ ഓർ കാഷ്‌?”  കൗണ്ടറിലെ തടിച്ച സ്ത്രീ കണ്ണടയുടെ ഇടയിലൂടെ നോക്കി ചോദിച്ചു.അയാൾക്കാ നോട്ടം ഇഷ്ടമാണ്‌.നേരേ നോക്കാതെ കണ്ണുതാഴോട്ടാക്കി ആയാസപ്പെട്ടുള്ള നോട്ടം!ഒരു നിമിഷം അയാളാനോട്ടത്തിൽ ലയിച്ച്‌ നിന്നു.
‘ജെന്റിൽമെൻ കാർഡ്‌ ഓർ കാഷ്‌?“സ്ത്രീ ചോദ്യം ആവർത്തിച്ചു.
”ഈ വായീനോക്കിയെക്കൊണ്ട്‌ തോറ്റു.“ സാമുവൽ അയാളെ പുറകിലോട്ട്‌ വലിച്ചുകൊണ്ട്‌ കാർഡ്കൊടുത്തു.
സ്ത്രീ പകരം നാല്‌ ലീഫ്‌ ലെറ്റുകൾ കൊടുത്തു ...ഡൂസ്‌ ആന്റ്‌ ഡോണ്ട്സ്‌!
മഞ്ഞ ഉടുപ്പുള്ള നാലുകവറുകളും അവരവർക്ക്‌ നല്കി.
അകത്തോട്ട്‌ കയറിയ അവരെ ടൈ കെട്ടി തൊപ്പി വെച്ച ഒരാൾ തടഞ്ഞു.
“ദാ, അതാണ്‌ ചേഞ്ച്‌ റൂം...ലോക്കറുമുണ്ട്‌...”
അയാൾ ഡ്രെസ്സ്‌ മാറാൻ കൂട്ടാക്കിയില്ല.
“എന്താടാ ഇത്‌?” സാമുവലിന്റെ ചോദ്യം അയാൾ കേട്ടില്ലായെന്ന്‌ നടിച്ചു.
“ഡ്രെസ്സ്‌ മാറാതെ അകത്തേക്ക്‌ അവർ സമ്മതിക്കില്ല.”
“സാരമില്ല.” അയാൾ മൂവരുടെ പുറകിൽ നടന്നു.
നേരിയ ചുവന്ന വെളിച്ചം വിശാലമായ ഒരു ഹാളിലേയ്ക്ക്‌ അവരെ നയിച്ചു. വിലകൂടിയ പെർഫ്യൂമുകളുടെ മനംമയക്കുന്ന മണം!കാതടപ്പിക്കുന്ന സംഗീതം.
നഗ്നമായ മേനികാണിച്ചുകൊണ്ട്‌ കുറേ സുന്ദരികൾ...പല ഭാഗത്തായി ഇരുപ്പുറച്ചിരിക്കുന്നു.നീല സ്പോട്ട്ലൈറ്റ്‌ ചുവപ്പ്‌ വെളിച്ചത്തിൽ അവരുടെ മേനിയഴക്‌ വ്യക്തമാക്കുന്നു.
ചിലർ സിഗററ്റ്‌ വലിക്കുന്നു. ചിലരുടെ കൈയിൽ മദ്യ ഗ്ലാസ്‌....
“യൂ ഡോണ്ട്‌ വാണ്ട്‌ എനിബഡി?” ചോദ്യം കേട്ട്‌ അയാൾ നോക്കി.കൂട്ടുകാരൊക്കെ പോയിരിക്കുന്നു. തടിച്ച സ്ത്രീ...വീണ്ടും കണ്ണടയുടെ ഇടയിലൂടെ നോക്കുന്നു.
അയാളുടെ കണ്ണുകളിൽ ഒരു നിസ്സംഗതയായിരുന്നു.
“വൈ? യൂ ഡോണ്ട്‌ ലൈക്ക്‌ ഇറ്റ്‌?” സ്ത്രീയുടെ ചോദ്യം അയാളെ വല്ലാതാക്കി.ശീതീകരിച്ച  മുറിയുടെ തണുപ്പിലും അയാളുടെ നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ പൊടിഞ്ഞു.
“യൂ കാണ്ട്‌ സ്റ്റാന്റ്‌ ഹിയർ മാൻ...ഇഫ്‌ യൂ ഡോണ്ട്‌ വാണ്ട്‌ ഗോ ആന്റ്‌ സിറ്റ്‌ ഇൻ വിസിറ്റേഴ്സ്‌ റും.“ സ്ത്രീ ആജ്ഞാപിക്കുന്നതുപോലെ തോന്നി അയാൾക്ക്‌.
വിസിറ്റിങ്ങ്‌ റൂമിലെ ഇരുപ്പ്‌ മനം മടുപ്പിക്കുന്നതായിരുന്നു അയാൾക്ക്‌....ഭിത്തിയിൽ വെച്ചിരുന്ന വലിയ സ്ക്രീനിലെ രംഗങ്ങൾ അയാൾക്ക്‌ താല്പര്യം നൽകുന്നവയായിരുന്നില്ല.
എപ്പോഴോ ഒന്നുമയങ്ങിയെന്ന്‌ തോന്നുന്നു. ഒരു നനുത്ത തണുപ്പ്‌ ചുമലിൽ...
”വൈ ആർ യൂ സിറ്റിങ്ങ്‌ ഐഡിൽ...കം വിത്ത്‌ മീ മാൻ...“ മെലിഞ്ഞ്‌ പൊക്കമുള്ള ഒരു സ്ത്രീ! അവരുടെ ശ്വാസത്തിന്‌ സിഗററ്റിന്റേയും, മദ്യത്തിന്റേയും ഗന്ധം. സ്ത്രീ  അവരുടെ ഉടുപ്പുകൾ ഊരി സോഫായിലിട്ട്‌  അയാളുടെ കൈയിൽ പിടിച്ചു വലിച്ചു.
അയാളവരുടെ കൈകളിൽ നിന്നും കുതറി മാറി.അയാളുടെ ശ്വാസത്തിന്‌ സാധാരണയിൽ കവിഞ്ഞ വേഗതയുണ്ടായിരുന്നു.
”ദെൻ വൈ ഡു യു കം ഹിയർ? വൈ ഡു യു വേസ്റ്റ്‌ യുർ മണി?“ സ്ത്രീ അവരുടെ ഉടുപ്പെടുത്ത്‌ ചുമലിലിട്ടു.
അയാൾക്ക്‌ തല ഉയർത്താനായില്ല. മുഖം കൈകളിലൂന്നി അയാളിരുന്നു.
മനസ്സിന്റെ അകത്തളത്തിലിരുന്ന്‌ ആരോ പറയുന്നത്‌ പോലെ അയാൾക്ക്‌ തോന്നി.”എനിക്ക്‌ കഥ വേണം...ഐ വാണ്ട്‌ സ്റ്റോറീസ്‌...അതിന്‌ ഞാനെവിടേയും പോകും...“
“സ്റ്റുപ്പിഡ്!” സ്ത്രീയുടെ സിഗററ്റിന്റെ പുക അയാളുടെ മുഖത്തടിച്ചു.

Read more...

പരിണാമം

Friday, August 8, 2014


അപ്പുക്കുട്ടൻ ഉറക്കമെണീറ്റ്‌ വരുന്നതേ ഉണ്ടായിരുന്നുള്ളു.അപ്പോഴത്തേക്കും മാഞ്ചുവട്‌ കമ്മറ്റി തുടങ്ങിയിരുന്നു.പതിവ്‌ അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്‌. അമ്മ, വിലാസിനിചിറ്റ,മീനാക്ഷി അമ്മായി തുടങ്ങി കുറച്ചധികം പേരുണ്ട്‌.
ഇന്നത്തെ ചർച്ച എന്താണാവോ? അപ്പുക്കുട്ടൻ ശ്രദ്ധിച്ചു.
“ഇനി എന്തൊക്കെയാകുമോ പുകില്‌! നെഴലു കണ്ട്‌ പേടിക്കണവനാ...കെട്ടുകൂടി കഴിഞ്ഞാൽ രസായിരിക്കും...” മീനാക്ഷി അമ്മായി ആണ്‌ ചർച്ച നയിക്കുന്നത്‌.
കഴിഞ്ഞാഴ്ചത്ത സംഭവമറിഞ്ഞാരുന്നോ? അമ്മ കമ്മറ്റിക്കാരെ നോക്കി ചോദിക്കുന്നു. ഇതെന്തോ പുതിയ വിഷയം തന്നെ. എല്ലാരും പണിയൊക്കെ നിർത്തി അമ്മയുടെ അടുത്തേയ്ക്ക്‌ കൂടി.
“എന്താടീ?...”മീനാക്ഷി അമ്മായി തുണിയേൽ പിടിച്ചിരിക്കുന്ന ചകിരിച്ചോറെല്ലാം കൈകൊണ്ട്‌ തട്ടി മാറ്റി എഴുന്നേറ്റു.
അമ്മയ്ക്ക്‌ ഉൽസാഹമായി.
“കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏകദേശം എട്ടുമണിയായ്ക്കാണും. തെക്കേലെ കുട്ടന്റെ കറുത്ത അംബാസഡറിന്റെ ഒച്ച റോഡില്‌... കാറ്‌ വന്നതും... ദേ വരുന്നു...”
“എന്തോന്ന്‌?” മീനാക്ഷി അമ്മായിയ്ക്ക്‌ വാർത്ത കേൾക്കാനായ്‌ എന്തോന്നില്ലാത്ത താല്പര്യം.
“എന്റെ അമ്മായി, ഞാനതാ പറഞ്ഞു വരുന്നേ.”
“നീയീ സിനിമാക്കഥ പറയണപോലെ പറയാതെ...മനുഷേനിവിടെ മുള്ളിന്മേലാ നിക്കണത്‌.”
അപ്പുക്കുട്ടന്‌ ചിരി വന്നു. അവൻ കൈകൊണ്ട്‌ വാ പൊത്തി.
അമ്മ തുടർന്നു.“നമ്മടെ മധൂനേം പൊക്കിക്കൊണ്ട്‌ വരണു വീട്ടുകാർ! രണ്ട്പേര്‌ കാലേല്‌. രണ്ട്‌ പേര്‌ കൈയേല്‌...എന്നെക്കണ്ടതും അവർക്കൊക്കെ ഒരു ഇത്‌...”
“ഏത്‌?” മീനാക്ഷി അമ്മായി പിന്നേയും ഇടേക്കേറി.
“അതു തന്നെയാണ്‌ ഞാൻ പറയണതെന്റമ്മായീ...” 'അമ്മായീ' എന്ന വിളിക്ക്‌ വല്ലാത്ത ഒരു കനം!
എല്ലാം നശിപ്പിക്കും. അപ്പുക്കുട്ടൻ വിചാരിച്ചു. അമ്മയ്ക്ക്‌ ദേഷ്യം വന്നാൽ പിന്നെ കഥയുടെ ബാക്കി ഇന്നുകേൾക്കാൻ പറ്റില്ല.
“ഓ...ഞാനറിയാതെ ചോദിച്ചുപോയതാണേ...നീ ബാക്കി പറ.”മീനാക്ഷി അമ്മായി ചകിരി എല്ലാം പെറുക്കി ചാക്കിലാക്കുന്നു. ഇന്നത്തെ പണി നിർത്താനുള്ള പോക്കാണന്ന്‌ തോന്നുന്നു.
അമ്മ തുടർന്നു.“മധൂന്‌ വീണ്ടും ബോധക്കേട്‌...മൂത്രമൊഴിക്കാൻ പൊറത്തെറങ്ങിയതാ..എലിയോ പാറ്റയോ ഓലേടെടേക്കൂടി ഓടി...പോരേ...ആള്‌ ദേ കെടക്കണ്‌ വെട്ടിയിട്ട വാഴപോലെ... ആശൂത്രീപ്പോയി സൂസിനേഴ്സിന്റെ കുത്ത്‌ കിട്ടിയപ്പോ ബോധം വന്നു.”
“എന്റെ ബലമായ സംശയം ഇത്‌ സൂസിനേഴ്സിന്റടുത്ത്‌ പോകാനുള്ള വേലയാണോന്നാ...” വിലാസിനി ചിറ്റ വെറും സംശയം പ്രകടിപ്പിച്ചു.
“ആ ആർക്കറിയാം.എന്തായാലും സംഗതി പരമരഹസ്യാ...ഞാൻ മാത്രേ കണ്ടുള്ളു...ആരോടും പറഞ്ഞേക്കല്ലേ...അടുത്താഴ്ച പെണ്ണു വന്നുകേറേണ്ട വീടാ...നമ്മളായിട്ട്‌ ഒരു കൊഴപ്പോം വരുത്തരുത്‌.” അമ്മയുടെ അഭ്യർത്ഥന കമ്മറ്റി അംഗങ്ങൾ തലകുലുക്കി സമ്മതിച്ചു! പെണ്ണുങ്ങൾ അവരുടെ വഴിക്ക്‌ പിരിഞ്ഞു.

അപ്പുക്കുട്ടൻ എണീറ്റ്‌ കുളിക്കടവിലേയ്ക്ക്‌ നടന്നു.ഇനീം കെടന്നുറങ്ങിയാൽ അമ്മയുടെ കസർത്ത്‌ അപ്പുക്കുട്ടന്റെ മേത്താവും!
നാട്ടിൽ പശുമോഷണം കൂടിയിരിക്കുന്നു. അതാണ്‌ കുളിക്കടവിലെ ചർച്ച. ഇന്നലെ കണാരൻ മൂപ്പന്റെ ജേഴ്സി പശു കള്ളന്റെ കൂടെ പോയി.
“ഇക്കാലത്തെ പശുക്കള്‌ പോലും ചെല പെമ്പിള്ളാരെപ്പോലെയാ...വിളിക്കണവന്റെ കൂടെപോകും.”ന്യൂസ്‌ വർക്കി പറഞ്ഞത്‌ വേലാണ്ടിക്ക്‌ ഇഷ്ടപ്പെട്ടില്ല!
‘അത്‌ താനാർക്കിട്ടോ താങ്ങിയതല്ലേ?“ കഴിഞ്ഞാഴ്ച കുറുപ്പിന്റെ മോളൊരുത്തന്റെ കൂടെ എറങ്ങിപ്പോയതിനെയാണ്‌ ന്യൂസ്‌ വർക്കി സൂചിപ്പിച്ചത്‌.
”പെണ്ണൊരുത്തി ഇഷ്ടപ്പെട്ടോന്റെ കൂടെപ്പോക്കുന്നതിനെന്താ തെറ്റ്‌?“അച്ഛന്റെ ചോദ്യം അപ്പുക്കുട്ടനിഷ്ടപ്പെട്ടു.
രാജേശ്വരീടെ കഴുത്തേക്കെടക്കണ പുത്തൻ പളുങ്ക്‌ മാലയും ചുരുണ്ട മുടി ഒതുക്കി വെച്ചിരിക്കുന്ന കറുത്ത സ്ളൈഡും അവന്റെ ഓർമ്മയിൽ വന്നു.സ്ളിഡിനിടയിൽ ചൂടി വെച്ചിരിക്കുന്ന വാടാമലർ പൂവിന്‌  അവളുടത്രയും മണമില്ല!
”ഈ പുരോഗമനവാദമൊക്കെ ഇപ്പോക്കാണും. തന്റെ പിള്ളേരെല്ലാം ഊപ്പകളല്ലേ ഇപ്പോ. കല്യാണപ്രായാവട്ടെ അപ്പോക്കാണാം.“
 ന്യൂസ്‌ വർക്കി അപ്പുക്കുട്ടനെം സേതൂനേം ’ഊപ്പ‘ എന്ന്‌ വിളിച്ചിരിക്കുന്നു! അവനതിഷ്ടപ്പെട്ടില്ല.പരസ്യമായ ആക്ഷേപം! അഞ്ചുകണ്ണനോട്‌ പറഞ്ഞ്‌ അയാളുടെ സൈക്കിളിന്റെ കാറ്റ്‌ ഊരിവിടണം. കട്ടായം!

“ഈ പശുക്കൾക്കൊക്കെ ഒന്ന്‌ കാറിയാലെന്താ? ആരെങ്കിലുമൊക്കെ എണീറ്റാൽ കള്ളനെ പിടിക്കാൻ പറ്റുമല്ലോ.” ഏതിനും കുറ്റം കണ്ടുപിടിക്കുന്ന പണിക്കര്‌ പശുവിനേയും വെറുതേ വിടുന്നില്ല..
“അതിന്‌ പശൂന്‌ ബോധോണ്ടായിട്ട്‌ വേണ്ടേ! പുല്ലിൽ മയക്ക്‌ മരുന്ന്‌ പെരട്ടിക്കൊടുത്താ എങ്ങനെ കാറാനാ അവറ്റകള്‌...” വേലാണ്ടി വിശദീകരിച്ചു.
“നമ്മടെ മധൂനും പശുവൊള്ളതാ...അവനാണേ, ഇരുട്ടിയാ പൊറത്തെറങ്ങില്ല. അതിനെയെങ്ങാനും കള്ളൻ കൊണ്ടുപോയാൽ പിള്ളാരുടേ പാലുകുടി മുട്ടും.” അച്ഛൻ ആ പറഞ്ഞത്‌ ശരിയാണന്ന്‌ അപ്പുക്കുട്ടനും തോന്നി.കണാരൻ മൂപ്പൻ പാലിൽ വെള്ളം ചേർക്കും. മധൂന്റെ വീട്ടിലെ പാലിൽ വെള്ളം കൊറവാണ്‌.മാഞ്ചുവട്‌ കമ്മറ്റിയും അതംഗീകരിച്ചിട്ടുള്ളതാണ്‌!
------  -------
വെളുത്ത്‌ തടിച്ച്‌ പൊക്കം കുറവാണെങ്കിലും കാണാൻ ചേലുള്ള പെങ്കൊച്ച്‌...ലക്ഷ്മി തന്നാ അവള്‌! മീനാക്ഷി അമ്മായി അങ്ങനാണ്‌ കല്യാണപെണ്ണിനെ കുറിച്ച്‌ പറഞ്ഞത്‌.
മധൂന്റെ പേടിക്കൊരു കൊറവുമില്ല!മാഞ്ചുവട്ടിൽ ചർച്ചകൾ നടന്നുകൊണ്ടേയിരുന്നു.
ആ പെണ്ണിന്റെ ഒരു ഗതികേട്‌! രാത്രീല്‌ വെളക്ക്‌ കെടുത്താൻ പോലും അവൻ സമ്മതിക്കണില്ലാന്നാ കേട്ടേ...മീനാക്ഷി അമ്മായി അത്‌ പറഞ്ഞപ്പോൾ മാഞ്ചുവട്ടിൽ ഭയങ്കര ചിരി. അപ്പുക്കുട്ടനതെന്തിനാന്ന്‌ മനസ്സിലായില്ല.

----
കള്ളൻ ‘കൈമൾ’ ചാണകക്കുഴിയിൽ!!!
അതിരാവിലെ തന്നെ വാർത്തയെത്തിച്ചത്‌ ന്യൂസ്‌ വർക്കി.ന്യൂസ്‌ വർക്കീടെ കൈയിൽ നിന്നും പത്രം വാങ്ങിയാൽ അങ്ങനേം ഗുണമുണ്ട്‌. പത്രത്തിന്റെ കൂടെ കാശുമുടക്കില്ലാതെ നാട്ടുവർത്തമാനം ചൂടാറാതെ കിട്ടും!
“പശൂനെ കക്കാൻ വന്നതാണന്നാ പറച്ചിൽ...മധൂന്റെ തൊഴുത്തിന്‌ പൊറകിലെ ചാണകക്കുഴിയിലാ കൈമള്‌...ഒരാള്‌ താഴ്ചയൊള്ള കുഴിയാണേ...തലേം കൈയും പൊറത്ത്‌ കാണാം.നല്ല രസമൊണ്ട്‌...ചെല സിനിമേലൊക്കെ കാണണപോലെ...”
അപൂർവ്വങ്ങളിലപൂർവ്വമായ കാഴ്ച! കളയാൻ പറ്റുമോ? അപ്പുക്കുട്ടൻ ഓടി.

മധൂന്റെ തൊഴുത്തിൽ കിടന്ന പശുവിനെ കെട്ടുന്ന കയർ ആരോ ചാണകക്കുഴീടെ കുറുകേ വീശി.കൈമളതെത്തിപ്പിടിച്ചു.ചാണകത്തിൽ മുങ്ങി വരുന്ന കൈമളെക്കണ്ട്‌ അപ്പുക്കുട്ടൻ മൂക്കുപൊത്തി.മീനാക്ഷി അമ്മായി മൂക്കത്ത്‌ വിരൽ വെച്ചു!
ഭദ്രൻ ചേട്ടന്റെ ചുരുട്ടിയ കൈ കൈമളിന്റെ അടിവയറ്റിലേയ്ക്ക്‌ താണു.“എത്ര പശൂനെ കട്ടടാ ഇതുവരെ?”
കൈമൾ കരഞ്ഞില്ല!മുട്ടുകുത്തി നിലത്തേക്കിരുന്നു.കൈ രണ്ടും തലയ്ക്ക്‌ മുകളിൽ വെച്ചു.
“ഇടിക്കണേ ഇടിക്ക്‌...കൊല്ലണേ കൊല്ല്‌...കൈമള്‌ക്കത്‌ ദേ...ദിതാണ്‌!”വലത്തേ ചെറുവിരലിന്റെ നഖത്തിൽ നിന്നും ചാണകം തട്ടിത്തെറിപ്പിച്ചിട്ട്‌  കൈമള്‌ തുടർന്നു...“ദ്രോഹികളേ...അല്പം വെള്ളമൊഴിച്ച്‌ ഇതൊക്കെ ഒന്നു കഴുകി കളഞ്ഞിട്ട്‌ ഇടിച്ചൂടെ നെനക്കൊക്കെ...വെറുതേ കൈ നാറ്റിക്കാനായ്‌ എറങ്ങിക്കോളും ഓരോ നാറികള്‌...എന്തായാലും പെണ്ണുകേസിനേലും ഭേദമാ പശുക്കേസ്‌...”
ഭദ്രൻ ചേട്ടൻ ആൾക്കൂട്ടത്തിൽ നിന്നും പുറകോട്ട്‌ മാറി.

മീനാക്ഷി അമ്മായിയ്ക്ക്‌ അപ്പോളൊരു സംശയം! ഇത്രേം ആള്‌ കൂടി...ഇത്രേം ബഹളമൊണ്ടായി...എന്നിട്ടും...
എന്നിട്ടും ഈ മധൂം ഭാര്യേം എവിടെ?
ശരിയാണ്‌.എല്ലാർക്കും അതേ സംശയം തന്നെ.
ചോദ്യം കൈമളിനോടായി...
”പറയടാ, നീയവരെ എന്തു ചെയ്തു?“ കോങ്കണ്ണൻ സൈനുവിന്‌ കൈമളെ കഴുത്തിന്‌ പിടിച്ച്‌ പൊക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചെയ്തില്ല. നറയെ ചാണകത്തിൽ പെരണ്ട്‌ നില്ക്കയല്ലേ എരണം കെട്ട കള്ളൻ!
ചോദ്യം കേട്ട്‌ കൈമള്‌ പൊട്ടിപ്പൊട്ടി ചിരിച്ചു.
ജനം കൈമളിന്റെ വായിൽ നോക്കി നിന്നു.
”ചിരിക്കാതെ കാര്യം പറയടാ...“കോങ്കണ്ണൻ സൈനു ഒരു കവിളൻ മടലെടുത്ത്‌ കൈമളെ കുത്തി.
കൈമളുടെ കണ്ഠത്തിൽ നിന്നും ഒരു പ്രത്യേക ശബ്ദം വന്നു!
“പശൂന്‌ കൊടുക്കണേന്‌ മുന്നേ പുല്ലേ മരുന്നടിക്കാന്ന്‌ കരുതി ചെന്നപ്പോ ദേ കെടക്കണ്‌ പുല്ലുമ്മേലൊരുത്തൻ!!!  എന്നെക്കോണ്ടുപോകല്ലേന്ന്‌ പറഞ്ഞ്‌ ഒറ്റക്കാറ്‌!!!പിന്നെ പൊറകോട്ട്‌ മറിച്ചിലും. എന്റെ ഭാഗ്യക്കേട്‌...അല്ലാണ്ടെന്തുപറയാനാ...ആളുകൂടണതിന്‌ മുന്നേ സ്ഥലം കാലിയാക്കാന്ന്‌ കരുതി ഓടിയതാ...എന്തോ ചെയ്യാൻ...ചാണകക്കുഴീല്‌ വീണുപോയി....”
”എന്നിട്ട്‌?“ മീനാക്ഷി അമ്മായി ഇടയ്ക്കോട്ട്‌ ചാടി വീണു.
“എന്നിട്ടൊലക്ക...ചാണകക്കുഴീന്ന്‌ എങ്ങനെ പൊറത്ത്‌ വരുമെന്ന്‌ ആലോചിച്ച്‌ തലപൊകയ്ക്കുമ്പോഴാ....”കൈമൾക്ക്‌ ദേഷ്യവും സങ്കടവും ഒരുമിച്ച്‌ വന്നു. പിന്നെ സേതു കരയണതുപോലെ ഒരു കരച്ചിൽ തൊടങ്ങി...ഏങ്ങലടിച്ച്‌...അമ്മയ്ക്കത്‌ കണ്ട്‌ സങ്കടം വന്നു.
കൈമളെ പോലീസിലേല്പ്പിക്കണോ അതോ വെള്ളയ്ക്കാമാലയിട്ട്‌ ചെണ്ടകൊട്ടി നാടുചുറ്റിക്കണോ എന്ന ആലോചന തുടങ്ങിയത്‌ ഭദ്രൻ ചേട്ടൻ തന്നെ.
‘എന്നെവേണേ രണ്ടിടിച്ചോ...പക്ഷേ പോലീസീകൊടുക്കേണ്ട. അവന്മാർക്ക്‌ കൊടുക്കണ പൈസ മൊതലാക്കണേ ഞാനിനീം കക്കേണ്ടി വരും...“ കൈമളെ വീണ്ടും കള്ളനാക്കുന്നതിൽ ഭദ്രൻ ചേട്ടൻ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.നാട്ടുകാർക്കും അതു ശരിയായ്‌ തോന്നി.

വെള്ളയ്ക്കാമാലയിട്ട്‌,ചെണ്ടകൊട്ടി കൈമളെ നാടു ചുറ്റിക്കുമ്പോൾ തത്തമ്പള്ളി ആശുപത്രിയിൽ വേറൊരു സംഭവം നടക്കുകയായിരുന്നു!
സൂസിനേഴ്സിന്റെ കുത്ത്‌ കിട്ടി പൂർവ്വാധികം ഭംഗിയായ്‌ ബോധം തെളിഞ്ഞ മധൂനെക്കണ്ട്‌ ലക്ഷ്മി മന്ദസ്മിതം തൂകി.അവളുടെ കൺകോണുകളിലൂടെ കുടുകുടെ വെള്ളച്ചാട്ടമുണ്ടായി. കണ്ണലിഞ്ഞ മധു ലക്ഷ്മിയുടെ കൈത്തലം തലോടി.
സാരിത്തുമ്പുകൊണ്ട്‌ കണ്ണുതുടച്ചുകൊണ്ട്‌ മധുരസ്വരത്തിൽ ലക്ഷ്മി ചോദിച്ചു. ”എല്ലാം... ഞാൻ കാരാണാല്ലേ...ഒരു രാത്രിയെങ്കിലും ഒറ്റയ്ക്ക്‌ പൊറത്ത്‌ കെടന്നാ പേടി പോകുമെന്ന്‌ കരുതിയാ ഞാൻ ചേട്ടനെ പൊറത്തിട്ട്‌ കതകടച്ചത്‌...“
സങ്കടം സഹിക്കാതെ രണ്ടാംവട്ട കരച്ചിലിന്‌ തയ്യാറായ ലക്ഷ്മിയെ മധു ചേർത്തുപിടിച്ചു.
”എന്റെ പൊന്നേ, എന്റെ പേടിയെല്ലാം ഇന്നലത്തെ രാത്രികൊണ്ട്‌ തീർന്നു.“ അവിശ്വസനീയമായ കണ്ണുകളോടെ ലക്ഷ്മി തന്റെ പ്രീയപ്പെട്ടവനെ നോക്കി.
”നിനക്കറിയ്വോ ഇന്നലെ രാത്രി എന്താ ഉണ്ടായതെന്ന്‌?“ ഇല്ല എന്നർത്ഥത്തിൽ ലക്ഷ്മി തലകുലുക്കി.
”എന്നാക്കേട്ടോ... ഇന്നലെ രാത്രി ഞാൻ കാലനെ കണ്ടു!!!"
”കാലനോ?“
”അതേന്നേ...ഞാനങ്ങ് പേടിച്ച് പോയി.... കറുത്തതുണികൊണ്ട്‌ മറച്ചതുപോലത്തെ  മുഖം. തെളങ്ങണ കണ്ണുകൾ...ഏതാണ്ട് കള്ളൻ കൈമളിന്റെ പൊക്കവും വണ്ണവുമൊണ്ടാവും...കൈയിൽ വലിയ  കയറും!!! പക്ഷേ അങ്ങേരെന്തോ എന്നെ വേണ്ടാന്നു വെച്ചു. ഭാഗ്യം!
കാലന്‌ വേണ്ടാത്ത ഞാനിനി ആരെ പേടിക്കാനാ എന്റെ മോളേ...“ അവനവളെ കെട്ടിപ്പിടിച്ചു.
“അപ്പോ ഇനി രാത്രി വെളക്ക് കെടുത്താല്ലോ അല്ലേ...” ലക്ഷ്മിയുടെ ചോദ്യം കേട്ട്‌ മധു ചിരിച്ചു.

പെട്ടെന്നൊരു ശബ്ദം! കാലേൽ സൂചികേറിയ മാതിരി സൂസിനേഴ്സ് വാതുക്കൽ!
”ആശൂത്രിയാണന്ന്‌ മറക്കേണ്ട കേട്ടോ...“  നാണത്തിൽമുങ്ങിയ ചിരിയുമായി സൂസിനേഴ്സ് പോയി.

മാഞ്ചുവട്ടിൽ പലപല പുതിയ കഥകളും സംഭവങ്ങളും വന്നുകൊണ്ടേയിരുന്നു. ലക്ഷ്മിയെ മീനാക്ഷി അമ്മായിക്ക്‌ വലിയ കാര്യമായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ കമ്മറ്റിയിൽ അമ്മായി പറയുമായിരുന്നു.“അവള്‌ വന്നേപ്പിന്നാ അവന്റ പേടി മാറിയത്‌!!!”
അമ്മയും മറ്റുപെണ്ണുങ്ങളും അത്‌ ശരിവെച്ചു.നല്ല ചൊണയൊള്ള പെണ്ണ്‌!
അപ്പോൾ വിലാസിനി ചിറ്റ പറയുകയാണ്‌!“കാര്യോക്കെ ശരിയാ, പക്ഷേ ഇപ്പോ മധൂന്‌ പേടി പ്രേതോം പിശാചുമൊന്നുമല്ല.... അവളൊന്ന് ഒറക്കെ ‘ക്ഷ’ന്ന് പറഞ്ഞാ അവൻ മൂത്രമൊഴിക്കും!” പെണ്ണുങ്ങളതുകേട്ട് ചിരിച്ചു.

കള്ളൻ കൈമൾ ‘കാലൻ കൈമൾ’ ആയ കഥ ഇടക്കിടയ്ക്ക്‌ കുളിക്കടവിലും ഉണ്ടാവാറുണ്ടായിരുന്നു.
                                                    ------------

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP