Followers

നഗ്മചരിതം

Sunday, May 20, 2007

ഉദയാ സ്റ്റുഡിയോവില്‍ ഷൂട്ടിങ്ങ് നടക്കുന്നു. നഗ്മയാണ് താരം.

അപ്പോള്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവുമോ അപ്പുക്കുട്ടന്.കേട്ടപാതി കേള്‍ക്കാത്ത പാതി ഒരു പാച്ചിലങ്ങോട്ട് പാഞ്ഞു അപ്പുക്കുട്ടന്‍.

ഒരേ ഒരു ലക്ഷ്യം ഉദയാ സ്റ്റുഡിയോ. ഒരേ ഒരു നാമം നാവില്‍... നഗ്മ.

വഴിയരുകില്‍ തന്റെ പതിവ് സ്റ്റുഡിയോക്കഥകളുമായി നിന്നിരുന്ന കേശുവമ്മാവനെ ഇടിച്ച് തെറിപ്പിച്ചാണ് അപ്പുക്കുട്ടനോടിയത്.

ചട്ടുകാലന്‍ കേശുവമ്മാവന് എത്രയധികം കഥകളാണ് ഉദയാ സ്റ്റുഡിയോയെക്കുറിച്ച് പറയാനുള്ളത്!

കേശുവമ്മാവനില്ലാതെ ഷൂട്ടിങ്ങ് നടക്കാത്ത ഒരുകാലമുണ്ടായിരുന്നത്രേ!

ഒന്നാം കിട താരങ്ങള്‍ക്ക് എന്ത് സഹായത്തിനും സന്നദ്ധനായി അമ്മാവന്‍ സ്റ്റുഡിയോവില്‍ തന്നെ ഉണ്ടാകുമായിരുന്നു.

രണ്ടാനിര താരങ്ങള്‍ അമ്മാവനോട് സംസാരിക്കാന്‍ പോലും പേടിച്ചിരുന്നുവത്രേ!

ഷീലയും,നസീറും,ശാരദയുമൊക്കെ കേശുവമ്മാവനില്ലാത്ത ദിവസങ്ങളില്‍ അഭിനയിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നത്രേ!.

ഒരിക്കല്‍ ഷീലയ്ക്ക് ഷൂട്ടിങ്ങിനിടെ ഐസ്ക്രീം തിന്നാനൊരു കൊതി.

കൊതി തീര്‍ത്തതാരാ?

കേശുവമ്മാവന്‍!

ആലപ്പുഴ വരെ പൊരിവെയിലത്ത് ചട്ടുകാലും വെച്ച് സൈക്കിളും ചവിട്ടി ഐസ്ക്രീം വാങ്ങി പ്രിയ താരത്തിന് വെച്ചു നീട്ടിയപ്പോള്‍ അവരെന്താണ് കേശുവമ്മാവനോട് പറഞ്ഞതെന്നറിയാമോ?

“കേശു, യു ആര്‍ ഗ്രേറ്റ് ” എന്ന്.

അമ്മാവന്റെ സ്റ്റുഡിയോകഥകള്‍ കേള്‍ക്കാതെ വളര്‍ന്നവര്‍ വളരെ ചുരുക്കം നാട്ടില്‍.

ആലപ്പുഴേന്ന് ഇവിടെ വരെ വന്നിട്ട് ഐസ്ക്രീം ഉരുകി വെള്ളമായില്ലേന്ന് ഒരിക്കല്‍ അപ്പുക്കുട്ടന്‍ കേശുവമ്മാവനോട് ചോദിച്ചതാണ്

അതിന് കേശുവമ്മാവന്‍ കൊടുത്ത മറുപടി ഇപ്രകാരമാണ്.

“ഞാന്‍ ഷീലയ്ക്ക് വാങ്ങിക്കൊടുത്തതേ നല്ല ഒര്‍ജിനല്‍ ഐസ്ക്രീമാരുന്നു. ഒരു ദെവസം വെച്ചാലും അത് അലുക്കത്തില്ല. കഴിക്കാനോ അത്രേം നല്ല ഐസ്ക്രീം ഇന്ന് ഈ നാട്ടീ കിട്ടത്തില്ല.”

അമ്മാവന്‍ എയര്‍ ഇന്ത്യയുടെ മഹാരാജന്റെ പോലത്തെ മീശയും പിരിച്ച് ഞെളിഞ്ഞൊരു നിപ്പങ്ങട്ട് നിന്നു.

അപ്പുക്കുട്ടന്‍ അന്നത്തോടെ കഥയിലെ ചോദ്യവുമവസാനിപ്പിച്ചു.


കേശുവമ്മാവന്‍ തന്റെ മൂക്കിന്മേല്‍ നിന്നും തെറിച്ചുപോയ കണ്ണട പരതിയെടുക്കുന്നതിനിടെ തന്നെ ഇടിച്ചിട്ടിട്ട് പോയവനെ നിര്‍ത്താതെ ശകാരിച്ചുകൊണ്ടിരുന്നു.

“എരണം കെട്ടവന്‍. റോക്കറ്റ് പോലല്ലേ പായുന്നത്. വഴീലാള്‍ക്കാരൊണ്ടന്ന വല്ല വിചാരാമൊണ്ടാ ഇവനൊക്കെ.”

“അമ്മാവാ, സ്റ്റുഡിയോവില്‍ നഗ്മ വന്നിരിക്കുകയല്ലേ. അപ്പോള്‍ പിള്ളേര് ഓടാതിരിക്കുമോ? ഞാനും അങ്ങോട്ടേയ്ക്കാ. അമ്മാവന്‍ വരുന്നോ?” കേശുവമ്മാവന്റെ കണ്ണട പരതലും ശകാരവുമൊക്കെ കേട്ടുകൊണ്ടുവന്ന നാണു അമ്മാവനെ ഷൂട്ടിങ്ങ് കാണാനായി വിളിച്ചു.

“ഫ...വൃത്തികെട്ടവനെ ഈ വയസ്സനെത്തന്നെ ഇതിനൊക്കെ വിളിക്കണോടാ.കാലം പോയ പോക്കേ...ഇപ്പോ സിനിമയെന്ന് പറേണത് നഗ്നത കാണിക്കലാണോ എന്റെ ദൈവമേ...എത്ര നല്ല നല്ല സിനിമാകള് പിടിച്ച സ്റ്റുഡിയോവാരുന്നു. ഇപ്പോ ദേ...”

നാണുവിന് ചിരിക്കാതിരിക്കാനായില്ല. അവന്‍ പറഞ്ഞു.

“അമ്മാവാ, ഇത് അമ്മാവന്‍ വിചാരിക്കണപോലൊന്നുമല്ല. സിനിമാ നടി നഗ്മ വന്നിരിക്കുന്നെന്നാ പറഞ്ഞത്.അമ്മാവന്‍ വരുന്നില്ലേ വേണ്ടാ. ഞാന്‍ ദേ പോകുവാ.” നാണു വലിഞ്ഞ് നടന്നു.

കേശുവമ്മാവന്‍ വായും പൊളിച്ച് നിന്നു. ഓരോരോ പേരുകളേ... മനുഷേനേ കൊഴപ്പിക്കാനായിട്ട്.

“അതു നീ നേരത്തേ പറയേണ്ടായിരുന്നേടാ നാണു. നിക്കടാ അവിടെ. ഞാനും വരുന്നു നഗ്മേ കാണാന്‍.” കേശുവമ്മാവനും നാണുവിന്റെ പുറകേ തന്റെ ചട്ടുകാലും വലിച്ച് വെച്ച് സ്റ്റുഡിയൊ ലക്ഷ്യമാക്കി നടന്നു.അപ്പുക്കുട്ടന്‍ ഇതിനോടകം ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു.
നഗ്മയല്ലേ എത്തിയിരിക്കുന്നത്. മുല്ലയ്കല്‍ ചെറപ്പിനുള്ള ആളുണ്ട് സ്റ്റുഡിയൊയ്ക്ക് മുന്നില്‍.
ഉണ്ടക്കണ്ണന്‍ ഗൂര്‍ഖ കപ്പടാ മീശയും ചുരുട്ടിവെച്ച് നീളന്‍ വടിയുമായി ഗേറ്റിങ്കല്‍ തന്നെയുണ്ട്.

ഇന്നിനി നേരായ വഴിയിലൂടെ കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

അല്ലെങ്കിലും നേരായ വഴിയിലൂടെയെ നഗ്മയെ കാണാന്‍ പറ്റുകയുള്ളു എന്ന് എങ്ങും എഴുതിവെച്ചിട്ടൊന്നുമില്ലല്ലോ.

നീണ്ട് നിവര്‍ന്ന് കിടക്കുകയല്ലേ പുത്തന്‍ തോട് സ്റ്റുഡിയോയ്ക്ക് പുറകില്‍!

അല്‍പം കഷ്ടപ്പെടണം!

കഷ്ടപ്പാട് അപ്പുക്കുട്ടന് പുത്തരിയല്ല.

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല.

തോട്ടിലെ ചീഞ്ഞ വെള്ളത്തില്‍ നീന്തിക്കുളിച്ച് നഗ്മയുടെ മുന്നിലെത്തുന്ന തന്റെ രൂപത്തെ ക്കുറിച്ച് അപ്പുക്കുട്ടന്‍ ഒരു നിമിഷമാലോചിച്ചു.

ഛേ.. ലജ്ജാവഹം. നഗ്മ എന്തു വിചാരിക്കും തന്നെക്കുറിച്ച്!


സമയം കളയാനില്ല. അപ്പുക്കുട്ടന്റെ ബുദ്ധി പതിന്മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിച്ചു.
വന്നതിനേക്കാള്‍ വേഗതയില്‍ അവന്‍ തിരിച്ച് വീട്ടിലേയ്ക്കോടി. വഴിയില്‍ കേശുവമ്മാവനെ കാണാഞ്ഞത് ഭാഗ്യം.

അലക്കിതേച്ച് ബ്ലേഡ് പരുവത്തില്‍ വടിവുണ്ടാക്കി വെച്ചിരുന്ന ഒരു ഷര്‍ട്ടും കൂറയാണങ്കിലും വെളുപ്പ് നിറം മാറാത്തതുമായൊരു മുണ്ടുംകടലാസില്‍ പൊതിഞ്ഞെടുത്തു.

പെട്ടെന്നാണ് മിന്നായം പോലൊരു ഐഡിയ അപ്പുക്കട്ടന്റെ തലച്ചോറിന്റെ ഉള്ളറകളിലൂടെ പാഞ്ഞത്.

ഇത്രേം കഷ്ടപ്പെട്ട് നഗ്മയെ കണ്ടിട്ട് വന്നു എന്ന് പറഞ്ഞാല്‍ നാളെ ആരെങ്കിലും വിശ്വസിക്കുമോ?

അതിന് തെളിവ് വേണ്ടേ.

തെളിവില്ലങ്കില്‍ തന്നേയും ആളുകള്‍ കേശുവമ്മാവന്റെ ലിസ്റ്റില്‍ പെടുത്തും. ഏതും പോരാത്ത അഞ്ചുകണ്ണനും കൂട്ടരുമല്ലേ തന്റെ കൂട്ടുകാര്‍. ആടിനെ പുലിയാക്കുന്നവനാണ് അഞ്ചുകണ്ണന്‍.


അഞ്ചുകണ്ണന്റെ പേര് നാവിന്‍ തുമ്പിലെത്തിച്ചതിന് അപ്പുക്കുട്ടന്‍ ദൈവത്തിനെ സ്തുതിച്ചു. അല്ലെങ്കിലും കൈതത്തില്‍ ഭഗവാന്‍ തന്റെ കൂടെയാണ്. സഹായം ആവശ്യമുള്ളപ്പോള്‍ ഓടിയെത്തും. താന്‍ പോലുമറിയാതെ. പലരൂപത്തില്‍...പല ഭാവത്തില്‍...പലപല വിചാരങ്ങളായി...

കഴിഞ്ഞയാഴ്ചയാണ് അഞ്ചുകണ്ണന്റെ പേര്‍ഷ്യക്കാരന്‍ ചിറ്റപ്പന്‍ ലീവില്‍ നാട്ടിലെത്തിയത്. എന്തോന്നാ പത്രാസ്! മൈക്കാട് പണിയും കക്കൂസിന്റെ റിങ്ങ് വാര്‍ക്കലുമായി നടന്നയാളാണ്. ഇപ്പോ നോക്കിയേ!

കൈയില്‍ സ്വര്‍ണ്ണത്തിന്റെ ചെയിന്‍, കറുത്ത കൂളിങ്ങ് ഗ്ലാസ്,പളപളാ മിന്നണ ഷര്‍ട്ട്,എന്തോന്നാ ഒരു ചേല്! പച്ച പരിഷ്കാരിയായിട്ടല്ലേ വന്നിരിക്കണേ! കണ്ടിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ല ദുഷ്ടന്‍.

ഇപ്പോ എന്തിനാ ഇതൊക്കെ വിചാരിച്ച് സമയം കളയണത്.
പേര്‍ഷ്യന്‍ ചിറ്റപ്പന്‍ വന്നപ്പോള്‍ അഞ്ചുകണ്ണന് സമ്മാനമായി കൊടുത്തത് ഒരു കാമറായാ.
അന്ന് തുടങ്ങിയതാണവന്റെ തേരോട്ടം.
കണ്ട കാക്കേം പൂച്ചേം,കായും, പൂവുമെല്ലാം കാമറേലാക്കി വലിയ ഫോട്ടോഗ്രഫറാണണന്ന ഗമയിലാ അന്നുമുതല്‍ അവന്റെ നടപ്പ്.
പിന്നേ ഈ കാമറാ എന്നൊക്കെ പറയണത് മനുഷ്യേര് കാണാത്ത സാധനമാണോ.

അവന് ഗമയാണേ അപ്പുക്കുട്ടന് രണ്ടൊലക്കയാ.

ഇതൊക്കെ കുറച്ച് മുന്‍പ് വരെ ആലോചിച്ചിരുന്നത്. ഇനിയും അങ്ങനെയൊക്കെ ചിന്തിക്കുന്നത് ഉചിതമല്ല.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കേണ്ടേ!

സമയം കളയാനില്ല.

അപ്പുക്കുട്ടന്‍ അഞ്ചുക്കണ്ണന്റെ വീട്ടിലെത്തി.

“ഷിബുവേ...എടാ ഷിബുവേ...” അപ്പുക്കുട്ടന്‍ വിളിച്ചു. ഈ സമയത്തെങ്ങാനും അഞ്ചുകണ്ണാ എന്ന് വിളിച്ചാല്‍ കാമറായുടെ കാര്യം കട്ടപ്പൊകയാ.

അഞ്ചുകണ്ണന്റെ അമ്മയാണിറങ്ങി വന്നത്. “അവനിവിടെയില്ലല്ലോ അപ്പുക്കുട്ടാ. എന്തെങ്കിലും ആവശ്യമുണ്ടോ?”

ആവശ്യമല്ലേ ഉള്ളു. അപ്പുക്കുട്ടന്‍ വിചാരിച്ചു. ഒരുകണക്കിന് ഇതുതന്നെ നല്ല അവസരം.അവനുണ്ടങ്കില്‍ ഒരുപക്ഷേ കിട്ടിയില്ലായെന്നും വരാം.

“അമ്മേ, ഷിബുവിന്റെ കാമറാ ഇവിടെയിരുപ്പുണ്ടോ? എനിക്കൊരു ഫോട്ടോ എടുക്കണമായിരുന്നു. ഇപ്പോ തന്നെ തിരിച്ച് കൊണ്ട് തരാം.”

“ഷിബു അറിഞ്ഞാല്‍ വഴക്കുണ്ടാക്കും. നീ വേഗം തന്നെ തിരിച്ച് കൊണ്ട് തന്നേക്കണേ...” അമ്മ കാമറ അപ്പുക്കുട്ടനെ ഏല്‍പ്പിച്ച് കൊണ്ട് പറഞ്ഞു.

“അത് ഞാനേറ്റമ്മേ...”

അപ്പുക്കുട്ടന്‍ കാമറായും തുണിക്കെട്ടുമായി പുത്തന്‍ തോട് ലക്ഷ്യമാക്കി പായുകയായിരുന്നു.

നസീറും ഷീലയുമൊക്കെ അനേകം സിനിമകള്‍ക്കായി വള്ളം തുഴഞ്ഞ് രസിച്ചഭിനയിച്ച തോട്!

അത് അന്തക്കാലം!

ഇന്ന് വെറും നാറ്റ വെള്ളം മാത്രം.

കാമറായും തുണിക്കെട്ടും വെള്ളം നനയ്ക്കാതെ അപ്പുക്കുട്ടന്‍ തോട് നീന്തി അക്കര എത്തി. കമ്മ്യൂണിസ്റ്റ് പച്ചക്കാടുകളുടെ മറവില്‍ നിന്ന് നനഞ്ഞ തുണിയൊക്കെ മാറി മിടുക്കനായി.

ഇനി ഒരെ ഒരു കടമ്പ കൂടി കടന്നാല്‍ നഗ്മയെ നേരില്‍കാണാം. ആ ചിന്ത തന്നെ അപ്പുക്കുട്ടന് ഉന്മേഷം നല്‍കി.
സ്റ്റുഡിയോയുടെ പുറകിലെ വേലി പൊളിക്കുക.

വേലിപൊളിക്കുകയെന്നത് അപ്പുക്കുട്ടന്‍ നിസ്സാരകാര്യം!
എങ്കിലും വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നില്ല. ആരെങ്കിലും കണ്ടാല്‍ പദ്ധതിയെല്ലാം പൊളിയും.
എതിര്‍ സേനയുടെ ക്യാമ്പില്‍ നുഴഞ്ഞു കയറുന്ന ഭടന്റെ മെയ്വഴക്കത്തോടെ അപ്പുക്കുട്ടന്‍ കാമറായുമായി നഗ്മയെത്തേടി നടന്നു.

അപ്പുക്കുട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതാ കുറച്ചകലെ നഗ്മ ഒറ്റയ്ക്കിരിക്കുന്നു.
സിനിമായില്‍ കാണുന്നതിനേക്കാള്‍ ഭംഗിയുണ്ടോന്ന് ഒരു സംശയം.
പക്ഷേ സംശയിച്ച് നില്‍ക്കാന്‍ സമയമില്ല.
സമയം വിലപ്പെട്ടതാണ്.
ഇപ്പോള്‍ തന്നെ ഒരു പടമെടുത്തേക്കാം.ആദ്യമായാണ് കാമറ കൈകാര്യം ചെയ്യുന്നത്. ശരീരമാകമാനം ഒരു വിറവല്‍!

കാമറയിലൂടെ നഗ്മയെ നോക്കി. ഒന്നും അത്ര വ്യക്തമല്ല.
ഇത്രയും ദൂരെ നിന്ന് ഫോട്ടോയെടുത്താല്‍ ശരിയാകുമോന്നൊരു സംശയം.
കുറച്ച് കൂടി അടുത്തേയ്ക്ക് പോയാലോ...

മരങ്ങളുടെ മറവ് പറ്റി അപ്പുക്കുട്ടന്‍ മുന്നോട്ട് നടന്നു.
ഇതാ താന്‍ നഗ്മയുടെ തൊട്ടടുത്തെത്തിയിരിക്കുന്നു.
ആരുടേയും കണ്ണില്‍ പെടാതെ ഇവിടം വരെ വരാനെത്തിയതു തന്നെ ഭാഗ്യം.
അപ്പുക്കുട്ടന്‍ വീണ്ടും കാമറായിലൂടെ നോക്കി.
കുറച്ച് കൂടെ ഇടത് വശത്തെയ്ക്ക് മാറിയാല്‍ നഗ്മയുടെ മുഖം വ്യക്തമാകും.
കാമറായില്‍ നിന്നും കണ്ണെടുക്കാതെ അപ്പുക്കുട്ടന്‍ ഇടത്തോട്ട് മാറി.

ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം നശിപ്പിച്ചു.

മരത്തിന്റെ വേരില്‍ തട്ടി അപ്പുക്കുട്ടന്‍ വീണു.
ഒച്ച കേട്ട് നഗ്മ താന്‍ വായിച്ച് കൊണ്ടിരുന്ന ബുക്ക് അടച്ച് വെച്ച് ചാടിയെണീറ്റു.

ആരൊക്കെയോ ഓടിയെത്തി.

“വാട്ട് ഹാപ്പന്റ് മാഡം?”

നഗ്മ അപ്പുക്കുട്ടനെ ചൂണ്ടിക്കാണിച്ചു.

പിടിക്കപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഓടണോ അതോ നഗ്മേടെ കാലില്‍ വീഴണോ?
രണ്ടാമത്തതാണ് കുറച്ച് കൂടി നല്ലതെന്ന് അപ്പുക്കുട്ടന് തോന്നി. തടിയെങ്കിലും രക്ഷിക്കാമല്ലോ.

അപ്പുക്കുട്ടന്‍ കാമറയും കാണിച്ച് കൊണ്ട് വിക്കി വിക്കി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. ഇംഗ്ലീഷിലെന്തെങ്കിലും പറയണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണന്ന് അന്ന് ആദ്യമായി അപ്പുക്കുട്ടന് മനസ്സിലായി.

അവസാനം ഇത്രയും മാത്രം പുറത്തുവന്നു.

“മാഡം, ഫാനാ.”

നഗ്മ ചിരിച്ചു.“യു വാന്‍ഡ് മൈ ഫോട്ടോ. ഓകെ ഓകെ നോ പ്രോബ്ലം.”

ഹാവൂ ആശ്വാസമായി.

എന്തു നല്ല സ്ത്രീയാ നഗ്മ! .നിങ്ങക്കിനിയും ഒരായിരം പടങ്ങളുണ്ടാവട്ടെ. അപ്പുക്കുട്ടന്‍ മനസ്സാ നഗ്മയെ ആശീര്‍വദിച്ചു.
അപ്പുക്കുട്ടന്‍ ഫോട്ടോയെടുക്കാന്‍ തയ്യാറായപ്പോഴേക്കും നഗ്മ അപ്പുക്കുട്ടനെ വിളിച്ചു.
കാമറ കൈയില്‍ നിന്നും വാങ്ങി അടുത്തുണ്ടായിരുന്ന ഒരാളുടെ കൈയില്‍ കൊടുത്തു.

ഇവരിതെന്തിനുള്ള പുറപ്പാടാണാവോ! അപ്പുക്കുട്ടന് ഒന്നും പിടികിട്ടിയില്ല.
പെട്ടെന്ന് നഗ്മ അപ്പുക്കുട്ടനെ അരികിലോട്ട് ചേര്‍ത്ത് നിര്‍ത്തി തോളില്‍ കൈയിട്ടു.


ദൈവമേ...നഗ്മ തന്റെ തോളില്‍ കൈയിട്ട് നിന്നുകൊണ്ട് ഫോട്ടോയെടുക്കുന്നു.
നാളെ മുതല്‍ താനാരാ...
ആര്യാട് പഞ്ചായത്ത് മുതല്‍ ആലപ്പുഴപട്ടണം വരെ ഈ പടം വലിയ പോസ്റ്ററാക്കി ഞാനൊട്ടിച്ചു വെയ്ക്കും.അലവലാതിയെന്ന് വിളിച്ചിട്ടുള്ളവന്മാര്‍ക്കെല്ലാം ഒരു പാഠമാകും ഈ പടം.നാളെ മുതല്‍ അപ്പുക്കുട്ടനാരാ മോന്‍!
ഒരു നൂറ് സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് കണ്ടതുപോലെയായി അപ്പുക്കുട്ടന്.
നഗ്മയ്ക്ക് നന്ദി പറഞ്ഞ് സ്റ്റുഡിയോയുടെ മുന്‍വാതിലിലൂടെ തന്നെ പുറത്ത് കടക്കുമ്പോള്‍ അസൂയയും സംശയവും നിറഞ്ഞ പല കണ്ണുകളും അപ്പുക്കുട്ടനെ പിന്തുടരുന്നുണ്ടായിരുന്നു.

ഇനി ഈ പടമൊക്കെ ഒന്ന് കഴുകി പ്രിന്റെടുക്കുന്നത് വരെ അപ്പുക്കുട്ടന് ഉറക്കം വരില്ല.

അതിന് മുന്‍പ് അഞ്ചുകണ്ണനെ ഒന്നു കാണണം.അവന്റെ പൂവിന്റെ കായിന്റേം അലവലാതി പടങ്ങളുടെ കൂടെ നഗ്മ തന്നെ കെട്ടിപ്പിടിക്കുന്ന പടം കൂടി ഉണ്ടന്ന് പറയണം.
അസൂയാ നിറഞ്ഞ അവന്റെ മുഖം കണ്ടാഹ്ലാദിക്കണം.
ഇന്നത്തെ ദിവസം തന്റേതാണ്. ഇനി വരാനുള്ള ദിവസങ്ങളും തന്റേതാണ്!


പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ആര്‍ത്തട്ടഹസിക്കുന്ന ദുശ്ശാസനനെപ്പോലെ അപ്പുക്കുട്ടന്‍ അലറി ചിരിച്ചു.
“എടാ അഞ്ചുകണ്ണാ, പൊട്ടന്‍പുലി... നോക്കട നീ...ഈ അപ്പുക്കുട്ടനാരാന്നാ നിന്റെ വിചാരം? ഈ ഫിലിം കൊണ്ടൊന്ന് കഴുകിച്ച് നോക്കടാ. അപ്പോ അറിയാം അപ്പുക്കുട്ടന്റെ വെല.നഗ്മയല്ലേ സാക്ഷാല്‍ നഗ്മയല്ലേ എന്റെ തോളില്‍ കൈയിട്ട് നിക്കണത്.”

ഒച്ച കേട്ട് അഞ്ചുകണ്ണന്റെ അമ്മ പുറത്തേയ്ക്ക് വന്നു.
“ആഹാ, അപ്പുക്കുട്ടന്‍ വലിയ സന്തോഷത്തിലാണല്ലോ. നീ ഫോട്ടൊയെടുത്തോടാ മോനേ? ദേ ഷിബു എടുത്ത ഫോട്ടൊയൊക്കെ നീയൊന്ന് നോക്കിയേ. ഇപ്പോ കൊണ്ട് വന്നതേയുള്ളു അവന്‍.” അമ്മ ഫോട്ടോകള്‍ നിറഞ്ഞ കവര്‍ അപ്പുക്കുട്ടന്റെ നേര്‍ക്ക് നീട്ടി.


“അപ്പോ ഇതില് ഫിലിമില്ലാരുന്നോടാ?” അപ്പുക്കുട്ടന്‍ ദയനീയമായി അഞ്ചുകണ്ണനെ നോക്കി.


“അപ്പോ ഫിലിമില്ലാത്ത കാമറായും കൊണ്ടു പോയി പടമെടുത്തിട്ടാണോ ഈ പരാക്രമമൊക്കെ കാട്ടണത്?”
“ബു ഹ ഹ ഹ...” അഞ്ചുകണ്ണന്‍ നാട് കിടുങ്ങുമാറുച്ചത്തില്‍ ഗര്‍ജ്ജിച്ചു കൊണ്ട് വായനശാലയിലേക്കോടി.

ചൂടാറും മുന്‍പ് വാര്‍ത്ത ജനങ്ങളിലേയ്ക്കെത്തിച്ചില്ലെങ്കില്‍ പിന്നെ അഞ്ചുകണ്ണനെന്താ ഒരു വില![ഇന്ന് ഉദയാ സ്റ്റുഡിയോ ഇല്ല.വാതുക്കലെ ഭൂഗോളവും അതിന്മേല്‍ നിന്ന് കൂവുന്ന കോഴിയുമില്ല.പകരം പഴയകാല സിനിമയുടെ നല്ലചില മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രസകരമായ ഓര്‍മ്മകളും പേറി ജീവിക്കുന്ന കുറച്ച് പരിസരവാസികള്‍ മാത്രം.]

33 comments:

സതീശ് മാക്കോത്ത് | sathees makkoth said...

ഇന്ന് ഉദയാ സ്റ്റുഡിയോ ഇല്ല.വാതുക്കലെ ഭൂഗോളവും അതിന്മേല്‍ നിന്ന് കൂവുന്ന കോഴിയുമില്ല.പകരം പഴയകാല സിനിമയുടെ നല്ലചില മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രസകരമായ ഓര്‍മ്മകളും പേറി ജീവിക്കുന്ന കുറച്ച് പരിസരവാസികള്‍ മാത്രം.

നഗ്മചരിതം
പുതിയ പോസ്റ്റ്

Manu said...

കിടക്കട്ടെ ഒരു തേങ്ങ ഇവിടെ.. ഠേ !!!

ഇവിടെ എന്റെ ഒരു കൂട്ടുകാരി ആളിന്റെ ആങ്ങളയുടെ കുഞ്ഞിന്റെ മാമോദീസാ മുഴുവന്‍ ഫോട്ടോയെടുത്തു.. ഫിലിമില്ലാതെ...

ഗുണമുണ്ടായി കേട്ടോ.. ആങ്ങളയുടെ വക പുതിയൊരു ഡിജിറ്റല്‍ കാമറ സമ്മാനം കിട്ടി...

പാവം അപ്പുക്കുട്ടന്‍സ്....

വക്കാരിമഷ്‌ടാ said...

വെള്ളത്തില്‍ വീഴാതെ അങ്ങ് ചെന്നപ്പോഴേ ഞാനോര്‍ത്തതാ... :)

ഒറ്റയിരുപ്പിന് വായിച്ചു. പഴയ ഓര്‍മ്മകള്‍ പുതിയ പേരിലാണെങ്കിലും വായിക്കാന്‍ നല്ല രസം :)

കരീം മാഷ്‌ said...

കാലം മാറിയതും സ്റ്റുഡിയോ മാറിയതും നടിമാര്‍ മാറിയതും എല്ലാം വിശദമായി പറഞ്ഞു അവസാനം സസ്പെന്‍സു സാധനം മാത്രം പഴതാക്കിയതു തീരെ പ്രതീക്ഷിച്ചില്ല.
അതാ‍ണല്ലോ ഈ കഥയുടെ കാതലും.
നന്നായിട്ടുണ്ട്.

പൊന്നപ്പന്‍ - the Alien said...

രസ്സായിട്ടുണ്ട് മാഷേ..

SAJAN | സാജന്‍ said...

സതീശേ.. മനോഹരമായിരിക്കുന്നു ..
ഈ അപ്പുക്കുട്ടന്റെ ഒരു കാര്യമേ..
ഈ ചെറുക്കന്‍ ചെന്നു ചാടുന്നത് എപ്പൊഴും മണ്ടത്തരങ്ങളില്‍ ആണല്ലൊ.. ഇത് വായിച്ചപ്പൊള്‍ ശ്രീക്രിഷ്ണപുരത്തെ നക്ഷത്ര ത്തിളക്കത്തില്‍ ബിന്ദു നഗ്മയോട് പറയുന്ന ഒരു ഡയലോഗ് ഓര്‍മ വരുന്നു ഇതെന്റെ 4 ഓര്‍ഫന്‍ അതൊക്കെ ചേച്ചീടെ ഓര്‍ഫന്‍സ്..:)

ആഷ | Asha said...
This comment has been removed by the author.
സതീശ് മാക്കോത്ത് | sathees makkoth said...

മനൂ, ആ വിദ്യ കൊള്ളാല്ലോ. പക്ഷേ മേടിച്ചു തരാന്‍ അങ്ങനെ ആരെങ്കിലുമില്ലെങ്കില്‍ രക്ഷയില്ല.

വക്കരിക്കും പറ്റിയോ ഇത്?

കരീം‌മാഷേ,പുതിയ സസ്പെന്‍സ് പ്രതീക്ഷിച്ചിരുന്നപ്പോ പഴയതു കൊണ്ടു വന്നതു പുതുമയായില്ലേ ;)

പൊന്നപ്പാ, നന്റി

സാജാ, ഇതു ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിന്റെ ഷൂട്ടിംഗിനായി വന്നപ്പോഴുള്ള കാര്യങ്ങളാ

നന്ദീസ് ആന്റ് നമസ്കാരം എല്ലാവര്‍ക്കും

സു | Su said...

ആഷ നന്ദി പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു, സതീശ് ലീവില്‍ പോയെന്ന്. :)

വല്യമ്മായി said...

കൊള്ളാം.പക്ഷെ വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍ പോലുള്ള കഥകള്‍ക്കാണു ഒരു സതീശച്ചുള്ളത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ബാക്കി ചരിതങ്ങള്‍ പോരട്ടെ...പിന്നാലെ വലിയ വായില്‍ കൂവിക്കാറി ഒരാളും കൂടെ വീട്ടിക്കിടക്കുന്ന ചൂലും ചെരവേം പാത്രങ്ങളും വരുന്നതും ചാത്തനു മനസ്സില്‍ക്കാണാം..

ഇപ്പോ ആരെം കെട്ടിപ്പിടിച്ച് ഫോട്ടോ പിടിക്കാറില്ലേ?

കൊച്ചന്‍ said...

ഞാന്‍ വിശ്വസിക്കൂല. പിന്നേ... നഗ്മ,അതും തോളത്തു കയ്യിട്ട് ഫോട്ടോ. ഫോട്ടൊ കാണിച്ചാലും വിശ്വസിക്കൂല.

സതീശ് മാക്കോത്ത് | sathees makkoth said...

ഈ സു വിന്റെ ഒരു കാര്യം! ഒരു അബദ്ധം പറ്റാന്‍ കൂടി സമ്മതിക്കില്ല.
വല്യമ്മായിയുടെ വാക്കുകള്‍ തന്നെ അതിനുത്തരം-എപ്പോഴും ഒരാള്‍ക്ക് ഒരേ നിലവാരത്തില്‍ എഴുതുകയെന്നത് അല്പം ബുദ്ധിമുട്ടാണ്.
കുട്ടിച്ചാത്താ...കുടുമ്മ കലഹമുണ്ടാക്കല്ലേ...
കൊച്ചന്‍, വിശ്വസിച്ചാലും ഇല്ലേലും ഇത് സത്യം.
സിനിമ ദേ സാജന്റെ കമന്റില്‍.

നന്ദിയുണ്ട് എല്ലാവര്‍ക്കും.

വിചാരം said...

നഗ്മേയുടെ അടുത്തുനിന്ന് പോട്ടം പിടിച്ച് നെഞ്ചുവിരിച്ച് ആ അഹങ്കാരത്തോടെയുള്ള വരവ് കണ്ടപ്പോഴേ തോന്നി അതിനകത്ത് ഫിലിം കാണില്ലാന്ന്

നന്നായി സതീശ്
നല്ല അനുഭവം

Dinkan-ഡിങ്കന്‍ said...

“ശ്രീകൃഷ്ണപ്പുരത്ത് നക്ഷത്രത്തിളക്കം” ഒന്നൂടി കണ്ട സുഖം.

GANDHARVAN said...

Sorry wrongly commented in nair post....
intended here
ഡിങ്കാാ
ഞാനീ കമെന്റിടാന്‍ സിനിമാപ്പേരറിയാതെ വിഷമിച്ചിരിക്കയായിരുന്നു.
ഡിങ്കന്‍ പറഞ്ഞ നിലക്ക്‌ ഇനി ഞാന്‍ പോണു. ഉണ്ണിക്കുട്ടനും ഡിങ്കനുമായി കാര്യങ്ങളൊക്കെ നന്നായി നോക്കി നടത്തു.
സൂര്യാസ്തമയ കഥ പിള്ളാരെക്കോണ്ട്‌ വായിപ്പിക്കല്ലെ.

തമനു said...

ഹഹഹ . അപ്പുക്കുട്ടാ പോട്ടെന്നേ ...

അടുത്ത ലീവിന് വരുമ്പോ അപ്പുക്കുട്ടന് തമനുവിന്റെ കൂടെ നിന്ന്‌ ഫോട്ടോ എടുക്കാന്‍ ഒരവസരം തരാം.

സത്യത്തില്‍ കേശുവമ്മാവനെപ്പോലെ ഞാനും “നഗ്നചരിതം“ എന്നാ വായിച്ചേ..!! കണ്ണൊന്ന്‌ ചെക്ക്‌ ചെയ്യിക്കണം.. (ഹേ അല്ലാതെ മറ്റൊന്നും കൊണ്ടല്ല...)

പടിപ്പുര said...

എന്റെ അപ്പുക്കുട്ടാ, ചീറ്റിപ്പോയല്ലോടാ :)

neYYan said...

ഇതാരെടാ തമാശക്കഥയാണെന്നു പറഞ്ഞത്??
തനി ട്രാജഡി...
പാവം അപ്പുക്കുട്ടന്‍.. കരച്ചില്‍ വരുന്നു!!

ഏറനാടന്‍ said...

ആഹാ അപ്പോ താങ്കളും എന്നെപോലെ സിനിമാ ചിത്രീകരണയിടങ്ങളില്‍ ചുറ്റിപറ്റിനടന്നിരുന്നുവല്ലേ? അപ്പുകുട്ടന്‍ കൊള്ളാം. ഇങ്ങനെ മൂപ്പരെ അഞ്ചുകണ്ണന്‍ പറ്റിക്കേണ്ടായിരുന്നു. അഞ്ചുകള്ളനായി..

തരികിട said...

ഹൊ അന്നൊരു ഡിജിറ്റല്‍ ക്യാമറയുണ്ടായിരുന്നെങ്കില്‍ എന്നു വിചാരിക്കുന്നൊണ്ടൊ ഇപ്പോള്‍...

ഇനിയും നഗ്മയുടെ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ അവസരം കിട്ടുമെന്നെ, വിഷമിക്കാതെ..

വേണു venu said...

ഇങ്ങനെ ഒക്കെ മണ്ടത്തരത്തിനു്, അപ്പുക്കുട്ടനെന്തു പറ്റി.?:)

Haree | ഹരീ said...

മൊത്തം ഒരു ആലപ്പുഴ ടച്ച്... ഉദയ സ്റ്റുഡിയോ, മുല്ലയ്ക്കല്‍ ചിറപ്പ്, പുത്തന്‍ തോട്... :)
നന്നായിരിക്കുന്നു...
--

അപ്പു said...

സതീശാ..പോസ്റ്റ് വായിച്ചു. പതിവുപോലെ നല്ലത്.
പിന്നെ ബ്ലോഗിന്റെ പുതിയ ഡിസൈനും അടിപൊളി.ഇതാരുചെയ്തതാ?

“കണ്ട കാക്കേം പൂച്ചേം,കായും, പൂവുമെല്ലാം കാമറേലാക്കി വലിയ ഫോട്ടോഗ്രഫറാണണന്ന ഗമയിലാ അന്നുമുതല്‍ അവന്റെ നടപ്പ്.പിന്നേ ഈ കാമറാ എന്നൊക്കെ പറയണത് മനുഷ്യേര് കാണാത്ത സാധനമാണോ.....” ഉള്ളിലിരുപ്പു മനസ്സിലായിമോനേ സതീശാ....!! ഭാര്യയോട് ഇത്രയും അസൂയയോ?

സതീശ് മാക്കോത്ത് | sathees makkoth said...

വിചാരം അപ്പുക്കുട്ടന്‍ അഹങ്കാരിയല്ല.
ഗന്ധര്‍വ്വോ ഒന്നും അങ്ങട് പിടികിട്ടണില്ലല്ലോ!
തമനു,ഞാന്‍ അങ്ങോട്ട് പറയാനിരുന്നത് തന്നെ എഴുതിയല്ലോ
നെയ്യന്‍ ശരിയാണ്. ട്രാജടി ആയ കോമടി.
തരികിട അന്ന് ദിജിറ്റല്‍ കാമറാ ഉണ്ടായിട്ടും കാര്യമില്ല. വാങ്ങിത്തരുവാനാരുമില്ലായിരുന്നു.
ഹരീ, ആലപ്പുഴേലെ സം‌ഭങ്ങളല്ലേ!
വേണുച്ചേട്ടാ അപ്പുക്കുട്ടനതേ പറ്റത്തുള്ളു.
ഏറനാടാ അങ്ങനെയും വേണേല്‍ പറയാം.
അപ്പു, ശ്ശേ... ഇതൊക്കെ ഇങ്ങനെ തുറന്ന് പറയാമോ. സീക്രട്ട്....സീക്രട്ട്.
പറഞ്ഞ ഡിസനറിവിടെ തന്നെയുണ്ട്. എന്നോട് ചോദിച്ചിട്ട് വല്ല്യ ഗോണമൊള്ളതായി തോന്നണില്ല. റെക്കമെന്റ് ചെയ്തിട്ടുണ്ട്.

തറവാടി,സിജു, പടിപ്പുര,കൈതമുള്ള്,ഡിങ്കന്‍,

എല്ലാവര്‍ക്കും നന്ദി.

ദിവ (diva) said...

ശകലം നീളക്കൂടുതലുണ്ടായിരുന്നിട്ടും നിര്‍ത്താതെ രസിച്ചു വായിച്ചവസാനിപ്പിച്ച ഒരു പോസ്റ്റ്.

സൂര്യോദയം said...

പോസ്റ്റ്‌ കൊള്ളാം... പക്ഷെ, സസ്പെന്‍സ്‌ അവസാനമായപ്പൊഴെയ്ക്കും പിടികിട്ടി... :-)

അഭിലാഷ് (ഷാര്‍ജ) said...

താങ്കളുടെ ബ്ലോഗില്‍‌ ഞാന്‍‌ വായിക്കുന്ന ആദ്യ പോസ്റ്റാ ‘നഗ്മചരിതം’...
പാവം അപ്പുക്കുട്ടന്‍‌... സംഭവം ഫലിതമാണെങ്കിലും, അവസാനം സത്യത്തില്‍‌ എനിക്ക് സങ്കടമായി...
നല്ല ഒഴുക്കുണ്ട് എഴുത്തില്‍‌... ഒരു സംഭവത്തിന്റെ ‘റണ്ണിങ്ങ് കമിന്‍‌റ്റ്റി’ നര്‍മ്മത്തില്‍‌ കലര്‍ത്തി വിവരിച്ചതുപോലുണ്ട്..
ബ്ലൊഗ് മൊത്തത്തില്‍‌ കെട്ടിലും മട്ടിലും നല്ല ലാളിത്യം ഉണ്ട്. ഒരു ശാലീനസുന്ദരിയായ ബ്ലൊഗ്... ട്ടാ..
നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍‌...!

സതീശ് മാക്കോത്ത് | sathees makkoth said...

അഭിലാഷ്, താങ്കളുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP