Followers

ചീട്ടുകളി വരുത്തിയ വിന

Sunday, January 14, 2007

വിനോദങ്ങള്‍ പലര്‍ക്കും പലവിധമാണ്.
ചിലരുടെ വിനോദം ഉറക്കമാണ്.ചിലര്‍ക്ക് വായനയാണ്. ചിലര്‍ക്ക് രചനയാണ്. ചില സ്ത്രീകള്‍ക്കും (പുരുഷന്മാര്‍ക്കും) വിനോദം പാചകമാണ്. കഴിക്കാന്‍ കൊള്ളാവുന്നതും,കൊള്ളരുതാത്തതുമായ എന്തുമുണ്ടാക്കി മറ്റുള്ളവരെ നിര്‍ബന്ധിച്ചും അല്ലാതെയും കഴിപ്പിക്കും. അങ്ങനെ വിനോദങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവ !
ആളും തരവും അനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നു മാത്രം.

സദാപ്പന്‍ ചിറ്റനും,രവിച്ചേട്ടനും,അന്തപ്പനും,ലാസറളിയനുമെല്ലാം വിനോദമെന്നത് ചീട്ടുകളിയാണ്. പൈസ വച്ചും അല്ലാതെയും അവര്‍ ചീട്ടു കളിക്കും.
കീശ കാലിയാവുന്നത് വരെ കാശിന് കളിക്കും. അതുകഴിഞ്ഞാല്‍ കുണുക്കനിട്ട് കളിക്കും. വെള്ളക്കായില്‍ ഈര്‍ക്കില്‍ വളച്ച് കുത്തിയാണ് കാതിലിടാനുള്ള കുണുക്കനുണ്ടാക്കുന്നത്. തോല്‍ക്കുന്നയാള്‍ കുണുക്കനിട്ടിരിക്കണം. ചിലപ്പോഴൊക്കെ പ്ലാവില കൊണ്ട് തൊപ്പിയുമുണ്ടാക്കും. കുണുക്കനുമിട്ട് പ്ലാവില തൊപ്പിയും വെച്ചിരിക്കുന്ന സദാപ്പന്‍ ചിറ്റനെ കാണാന്‍ നല്ല രസമാണ്.
അതുകൊണ്ട് തന്നെ കുണുക്കനിട്ടുള്ള കളിയാണ് അപ്പുക്കുട്ടനും കൂട്ടര്‍ക്കും ഇഷ്ടം. പലപ്പോഴും കുണുക്കും കിരീടവും ഉണ്ടാക്കാനുള്ള കരാറും അപ്പുക്കുട്ടനായിരിക്കും ഏറ്റെടുക്കുന്നത്. വെറുതെയല്ല. കളികഴിഞ്ഞാലുടനെ കമ്മത്തിന്റെ കടയില്‍ നിന്നും പാലുമിഠായി കിട്ടുമെന്നുള്ളതുകൊണ്ടു മാത്രമാണത് ചെയ്തിരുന്നത്.

വായനശാലയുടെ പുറകിലുള്ള കൊടമ്പുളി മരത്തിന്റെ ചുവട്ടിലാണ് ചീട്ടുകളി നടന്നുവന്നിരുന്നത്.
ചൂടുകാലത്ത് കൊടമ്പുളി മരത്തിന്റെ ചുവട്ടിലിരിക്കുന്നത് നല്ല സുഖമുള്ള കാര്യമാണ്.
എന്തൊരു തണുപ്പാണ് മരത്തിന്റെ കീഴില്‍ !
കൊടമ്പുളി മരത്തിന്റെ കീഴിലിരിക്കുന്നത് കണ്ടാല്‍ അമ്മ വഴക്കു പറയും. നീരെളക്കമുണ്ടാവുമെന്നാ അമ്മ പറയുന്നത്.
കീഴിലിരുന്നാലല്ലേ പ്രശ്നമുള്ളൂ.
അതുകൊണ്ട് അപ്പുക്കുട്ടന്‍ മരത്തിന്റെ മുകളില്‍ കയറിയിരിക്കും. കളിയും കാണാം. കുണുക്കും കിരീടവും വിതരണവും നടത്താം. അമ്മ അറിയുകയുമില്ല.

അങ്ങനെ ഒരു ദിവസം ചീട്ടുകളിക്കാര്‍ക്ക് സകല സഹകരണവും വാഗ്ദാനം ചെയ്ത് പുളിമരത്തിന്റെ മുകളില്‍ പ്രകൃതി ഭംഗിയുമാസ്വദിച്ച് അപ്പുക്കുട്ടനിരിക്കുകയായിരുന്നു.
താഴെ കളിയില്‍ ലയിച്ച് സദാപ്പന്‍ ചിറ്റനും സംഘവും.
ആകാശമിടിഞ്ഞു വീണാല്‍ പോലും അവര്‍ക്കൊരു പ്രശ്നമാകില്ല. അത്രയ്ക്ക് ലയിച്ചിരിക്കുകയാണ് കളിക്കാര്‍.

പെട്ടെന്നൊരു ജീപ്പു വന്നു നിന്നത് അപ്പുക്കുട്ടന്‍ കണ്ടു.
മരത്തിന്റെ മുകളിലിരുന്നത് കൊണ്ട് വായനശാലയുടെ മറുവശത്ത് റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പുക്കുട്ടന് നല്ല വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നു.
'' ദൈവമേ, പോലീസ്. ''
അപ്പുക്കുട്ടന്‍ താഴെ വീഴാതിരിക്കാന്‍ മരത്തിന്റെ കൊമ്പില്‍ കുറച്ച് കൂടെ ഉറപ്പിച്ചു പിടിച്ചു.
ചിറ്റനേയും സംഘത്തേയും രക്ഷിക്കുകയെന്നത് അപ്പുക്കുട്ടന്റെ കടമയാണ്. അവന്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
'' ചിറ്റാ, ദേ... പോലീസ്...''
പറഞ്ഞു തീര്‍ന്നു കഴിഞ്ഞതും അപ്പുക്കുട്ടന്‍ താഴേയ്ക്ക് നോക്കി.
വിശ്വസിക്കാനാവുന്നില്ല. കണ്ണു തിരുമ്മി വീണ്ടും നോക്കി.
ഇല്ല. ആരുമില്ല താഴെ.
പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

അപ്പുക്കുട്ടന്‍ മരത്തില്‍ തന്നെയിരുന്നു. ഇപ്പോള്‍ താഴെയിറങ്ങിയാല്‍ കടുവാ ദാമുവിന്റെ പിടുത്തം തന്റെ കഴുത്തിലായിരിക്കുമെന്ന് അപ്പുക്കുട്ടനറിയാം. എന്തെന്നാല്‍ താനാണല്ലോ ഒറ്റുകാരന്‍.

ഹെഡ്കോണ്‍സ്റ്റബിള്‍ ദാമോദരനെ കടുവാ ദാമുവെന്നാണ് നാട്ടിലറിയപ്പെടുന്നത്.
വെട്ടൊന്ന് കണ്ടം രണ്ട് എന്ന പക്ഷക്കാരനാണ് കടുവാ ദാമു.
ചീട്ടു കളിക്കാരെ കടുവാ ദാമു വെച്ച് പൊറുപ്പിക്കില്ല.
കടുവാ ദാമുവിന്റെ ഉദ്ദേശ്യം വേറെയാണന്നാണ് സദാപ്പന്‍ ചിറ്റന്‍ പറയുന്നത്.
'' ചീട്ടുകളിക്കാരുടെ പൈസാ ലക്ഷ്യമാക്കിയാ കടുവാ വരണത്. നാട്ടില്‍ വേറെയെന്തെല്ലാം പ്രശ്നങ്ങളു നടക്കണു. ഒരു കള്ളനെയെങ്കിലും ഈ കടുവ ഇതുവരെ പിടിച്ചിട്ടുണ്ടോ ?''
ചിറ്റന്‍ തന്നെ മറുപടി പറയും.
'' ഇല്ല. കാരണമെന്തോന്നാ ? അതേ തടികേടാവുന്ന വകുപ്പാ. കള്ളന്മാരേ പിച്ചാത്തി കേറ്റും. പതിര നോക്കി പിച്ചാത്തി കേറ്റും. നമ്മളു പാവം ചീട്ടുകളിക്കാരാവുമ്പൊ ആ പ്രശ്നമൊന്നുമില്ലല്ലോ കടുവായ്ക്ക്. ''

അപ്പുക്കുട്ടനും തോന്നിയിട്ടുണ്ട് സദാപ്പന്‍ ചിറ്റന്‍ പറയുന്നത് ശരിയാണന്ന്.
എന്തുമാത്രം കള്ളന്മാരാ നാട്ടിലുള്ളത്.അവരെ പിടിക്കാന്‍ ഒരു പോലീസുമില്ല. പട്ടാളവുമില്ല. കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ വാതുക്കല്‍ വെച്ചിരുന്ന കിണ്ടിയുമടിച്ചോണ്ട് കള്ളന്മാരു പോയത്. എത്ര ദിവസം കയറു പിരിച്ചാലാണ് അമ്മയ്ക്കതുപോലൊരെണ്ണം ഇനി വാങ്ങാന്‍ പറ്റുക !

സദാപ്പന്‍ ചിറ്റന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണന്ന് അപ്പുക്കുട്ടന് ബോധ്യമാവുകയായിരുന്നു.

മരത്തിന്റെ താഴെ അതാ കടുവാ ദാമുവും രണ്ടു മൂന്ന് നിക്കറു പോലീസും നില്‍ക്കുന്നു.
കടുവ ദേഷ്യത്താല്‍ ചീട്ട് നിരത്തിയിരുന്ന കടലാസുകളെല്ലാം തട്ടിയെറിഞ്ഞു.

'' പന്ന റാസ്കലുകള്‍. ഒറ്റ പൈസ ഇട്ടിട്ടില്ല. ഒരുത്തനേയും വെറുതേ വിടരുത്. കമ്മോണ്‍.'' കടുവ മറ്റ് പോലീസുകാരെ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പുക്കുട്ടന്‍ വാപൊത്തി ചിരിച്ചു.

പിടിയരി അമ്മാവന്റെ റേഷന്‍ കടയുടെ അടുത്തുകൂടെയാണ് ചിറ്റനും രവിച്ചേട്ടനും ഓടിയത്.കടുവ അവരെ കണ്ടിരുന്നു എന്ന് അപ്പുക്കുട്ടന് തോന്നി. കാരണം കടുവ ഓടിയതും റേഷന്‍ കടയെ ലക്ഷ്യമാക്കിയായിരുന്നു.

പിടിയരി അമ്മാവന്‍ അപ്പുക്കുട്ടന്റെ അച്ഛന്റെ വകയിലെ ഒരമ്മാവനാണ്.കച്ചവടത്തിന്റെ സകലമാന അടവുകളും പഠിച്ചിരുന്ന അമ്മാവന് നാട്ടുകാര്‍ നല്‍കിയിരുന്ന പേരാണ് പിടിയരിയെന്നത്.
വെറുതെ നല്‍കിയ പേരല്ല. അമ്മാവന്റെ സല്‍പ്രവര്‍ത്തിയാല്‍ വലഞ്ഞ നാട്ടുകാര്‍ അങ്ങനെയൊരു പേരു നല്‍കാന്‍ നിര്‍ബന്ധിതരായി എന്നുള്ളതാണ് സത്യം.
റേഷന്‍ കടയില്‍ വരുന്ന ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ തന്നെ ആരോടും അമ്മാവന്‍ സാധനം തൂക്കുന്നതിനിടെ കുശലം ചോദിക്കും. അതിനിപ്പോള്‍ പ്രത്യേക വിഷയം വേണമെന്നൊന്നുമില്ല. അകാശത്തിനു കീഴിലുള്ള എന്തുമാവാം. ആദ്യകാലങ്ങളിലൊക്കെ ആളുകള്‍ വിചാരിച്ചിരുന്നത് കടയിലേയ്ക്ക് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമാണതെന്നാണ്.
പിന്നിടല്ലേ കള്ളി വെളിച്ചത്തായത്.
തൂക്കം ശരിയാവുമ്പോള്‍ അമ്മാവന്‍ പറയും.
'' ദേ നൊക്കിക്കേ. സൂചിനോക്കിക്കേ. കണ്ടോ ഞാന്‍ തൂക്കിയാല്‍ അരി കൂടുതലേ കാണൂ. അല്‍പം അരി പോയാലും കുഴപ്പമില്ല. ഇവിടെ വരുന്നവരുടെ സന്തോഷമാണ് എനിക്ക് പ്രധാനം.''
സന്തോഷധിരേകത്താല്‍ പാവം കസ്റ്റമേഴ്സ് സൂചീലോട്ട് നോക്കുമ്പോഴേയ്ക്കും അമ്മാവന്‍ ഒരു പിടി അരി തൂക്കുപാട്ടയില്‍ നിന്ന് തിരിച്ചെടുത്ത് തന്റെ ചാക്കിലാക്കിയിരിക്കും.
പലനാള്‍ കള്ളം ഒരു നാള്‍ പിടിക്കപ്പെടുമെല്ലോ ?
അമ്മാവനും പിടിക്കപ്പെട്ടു.
തന്നേയും തന്റെ കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ചില കുബുദ്ധികള്‍ നടത്തുന്ന കുല്‍സിത ശ്രമമാണതെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അമ്മാവന്‍ അവഗണിക്കുകയും തന്റെ സല്‍പ്രവര്‍ത്തി സധൈര്യം തുടര്‍ന്നുപോരുകയും ചെയ്തു.

മാളുവേടത്തിയ്ക്ക് അരി തൂക്കി തന്റെ വിഹിതമായ ഒരുപിടിയ്ക്കായി അമ്മാവന്‍ അരിപ്പാത്രത്തില്‍ കൈയിട്ട് കൊണ്ടിരുന്ന ശുഭമുഹൂര്‍ത്തത്തിലാണ് കടുവായുടെ നടുക്കുന്ന ചോദ്യം അമ്മാവന്റെ നേരെ ഉയര്‍ന്നത്.
'' ടാ സത്യം പറഞ്ഞോളണം. അല്ലെങ്കില്‍ നിന്റെ കൂമ്പിടിച്ച് ഞാന്‍ വാട്ടും. ആരാടാ ഇതു വഴി ഓടിയത്. അവന്റെ യൊക്കെ പേരും നാളുമെല്ലാം വേഗം പറയടാ.''
തന്റെ വെട്ടിപ്പ് പിടിക്കാന്‍ വന്നതല്ല കടുവ എന്ന് മനസ്സിലായപ്പോഴെയ്ക്കും അമ്മാവന് പകുതി ജീവന്‍ തിരിച്ച് കിട്ടി.
അല്ലെങ്കിലും രവിയാണ് തനിക്കെതിരെ ഈ അപഖ്യാതികളുണ്ടാക്കിയവരില്‍ പ്രധാനി. കിട്ടിയ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ തന്നെ അമ്മാവന്‍ തീരുമാനിച്ചു.
ഏമാനേ, എന്നെയൊന്നും ചെയ്യരുതേ... ഓടിയ ഒരാളെ ഞാന്‍ കണ്ടതാ. അപ്പുറത്തെ രവിയാണത്.''
പിടിയരി അമ്മാവന്‍ ഉള്ളുകൊണ്ട് ഊറിച്ചിരിച്ച് കൊണ്ട് രവിച്ചേട്ടന്റെ വീടുകാണിച്ചു കൊടുത്തു.
കടുവാ ദാമു രവിച്ചേട്ടന്റെ വീട്ടിലേക്കോടി.
വീട്ട് മുറ്റത്തെത്തി കടുവ ഗര്‍ജ്ജിച്ചു.
'' ആരുമില്ലേടാ ഇവിടെ ? ഇങ്ങോട്ടിറങ്ങിവാടാ. ''
ങ്ങ്. ഹേ. ഒരനക്കവുമില്ല.
കടുവ ഓടി അടുക്കളമുറ്റത്തെത്തി.

കടുവയെക്കണ്ട് പേടിച്ചോടി വീട്ടിലെത്തിയ രവിച്ചേട്ടന്‍ കണ്ടത് കറിയ്ക്കരച്ച് കൊണ്ട് നില്‍ക്കുന്ന സുമതിച്ചേച്ചിയെയാണ്.
കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല രവിച്ചേട്ടന്.
ഭാര്യാസ്നേഹം തുളുമ്പി ഒഴുകി.
പാലും തേനും ഒലിപ്പിച്ച് രവിച്ചേട്ടന്‍ ശ്രീമതി സുമതിയോട് തന്റെ സഹായമനസ്കത ഉണര്‍ത്തിച്ചു.
'' ന്റെ സുമതീ, നീയിങ്ങനെ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്താല്‍ ശരിയാവൂല്ല. ഇങ്ങോട്ട് താ ഞാനരയ്ക്കാം. അപ്പോഴത്തേയ്ക്ക് നീ മീനൊക്കെ അങ്ങട്ട് വെട്ടി ശരിയാക്ക്.''
പതിവില്ലാത്ത സംസാരം കേട്ട് കണ്ണും തള്ളി നിന്ന സുമതിച്ചേച്ചിയെ തള്ളിമാറ്റിയിട്ട് രവിച്ചേട്ടന്‍ കറിയ്ക്കരയ്ക്കാന്‍ തുടങ്ങി.
കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സുമതിച്ചേച്ചി ഉള്ളുകൊണ്ടാഹ്ളാദിച്ചു. ഇരുപത് വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ആദ്യമായിട്ടാണ് തന്റെ കണവന്‍ അടുക്കള പണിയില്‍ തന്നെ സഹായിക്കുന്നത്.
സുമതിച്ചേച്ചി മീനുമെടുത്ത് വാഴച്ചോട്ടിലോട്ട് മാറിയിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് സാക്ഷാല്‍ കടുവ പ്രത്യക്ഷപ്പെടുന്നത്.
തനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നഭാവത്തില്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്ന രവിച്ചേട്ടനെ കണ്ട് ചെറിയൊരാശങ്ക ഉണ്ടായിട്ടുകൂടി കടുവ അലറി.
'' കള്ള റാസ്കല്‍,അവന്റെ ഒടുക്കത്തെ ഒരുചീട്ടുകളി. നീ ഇവിടെ വന്ന് വേഷം കെട്ടിയാല്‍ ഞാന്‍ പിടിക്കുകേലാന്ന് കരുതിയോ നീ. നടക്കടാ ജീപ്പിലോട്ട്. ''
കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമതിച്ചേച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്ന പിച്ചാത്തിയുമായി ചാടിയെണീറ്റു.
'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങക്കിങ്ങേരെ കൊണ്ടുപോണേ കൊണ്ടുപൊയ്ക്കോ പക്ഷേ കറിയ്ക്കുള്ളത് അരച്ചു തീര്‍ത്തിട്ടുമതി. ഇരുപത് വര്‍ഷത്തിനിടേലാദ്യായിട്ടാ ഇങ്ങേരെനിക്കൊരു കൈസഹായം ചെയ്യണത്. അറിയുമോ നിങ്ങക്ക്. ''
ഓര്‍ക്കാപ്പുറത്തുള്ള ഡയലോഗ് കേട്ട് കടുവ ദാമു രവിച്ചേട്ടന്റെ കൈയിലെ പിടുത്തം വിട്ടു.
പിന്നെ ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു.
കണ്ടു നിന്ന ജനം അന്ധാളിച്ചു.
സുമതിച്ചേച്ചിയ്ക്ക് രവിച്ചേട്ടന്റെ സഹായം ആദ്യമായിട്ട് കിട്ടുന്നത് പോലെതന്നെയായിരുന്നു ജനത്തിനും.
അവരും ആദ്യമായിട്ട് കാണുകയായിരുന്നു കടുവ ദാമു ചിരിക്കുന്നത് !

25 comments:

സതീശ് മാക്കോത്ത് | sathees makkoth said...

കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമതിച്ചേച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്ന പിച്ചാത്തിയുമായി ചാടിയെണീറ്റു.
ഒരു ചീട്ടു കളിയുണ്ടാക്കിയ പൊല്ലാപ്പ്.

സുല്‍ | Sul said...

സതീശെ ഇതു കിടിലന്‍.

എന്നാലും ഈ സദാപ്പന്‍ ചിറ്റ ആണൊ പെണ്ണോ. ചിറ്റയെന്നാല്‍ പെണ്ണാണെന്നാ എന്റെ ഊഹം.

ഏതായാലും അരക്കുവല്ലെ. ഈ തേങ്ങ കൂട്ടിയരച്ചൊ.

‘ഠേ..........’

-സുല്‍

വേണു venu said...

'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങക്കിങ്ങേരെ കൊണ്ടുപോണേ കൊണ്ടുപൊയ്ക്കോ പക്ഷേ കറിയ്ക്കുള്ളത് അരച്ചു തീര്‍ത്തിട്ടുമതി.
സതീശേ കടുവായോടൊപ്പം ഞാനും ചിരിക്കുന്നു. കുറെ ദിവസം മുന്‍പു് പാതാലി എഴുതിയിരുന്നല്ലോ.
എന്നെ തല്ലരുതു്,വേണമെങ്കില്‍ ഒന്നു വിരട്ടി വിട്ടേക്കാന്‍‍. ഹാഹാ..ഏതു പോലീസ്സും ചിരിച്ചു പോകും.

സതീശ് മാക്കോത്ത് | sathees makkoth said...

സുല്‍ | Sul,
ചെറിയൊരു ആശയകുഴപ്പം ഉണ്ടായതില്‍ ക്ഷമിക്കുക.ഞങ്ങള്‍ കുട്ടിക്കാലം മുതലേ വിളിച്ച്
ശീലിച്ച ഒരാളുടെ പേരു അതേപടി കൊടുത്തു എന്നെയുള്ളു.ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
നന്ദി.

വിചാരം said...

കടുവാ ദാമുവിന്‍റെ കൂടെ ഞാനും ചിരിച്ചു ....

രണ്ടുവരി നൊമ്പരമുണര്‍ത്തി...(എത്ര ദിവസം കയറു പിരിച്ചാലാണ് അമ്മയ്ക്കതുപോലൊരെണ്ണം ഇനി വാങ്ങാന്‍ പറ്റുക !)

നന്നായി ...

sandoz said...

'മരത്തിന്റെ കീഴെ ഇരുന്നാലല്ലേ പ്രശ്നമുള്ളു.മുകളില്‍ ഇരുന്നാല്‍ കുഴപ്പമില്ലല്ലോ'.അതെനിക്കിഷ്ടപ്പെട്ടു.ഞാനും കാക്കിക്കാരു വരുന്നത്‌ കണ്ട്‌ ചീട്ടുകളി സ്ഥലത്ത്‌ നിന്നും ഓടിയിട്ടുണ്ട്‌.ഒരു ഒന്നര കിലോമീറ്റര്‍ ഓടി സുരക്ഷിത സ്ഥാനത്ത്‌ നാലു മണിക്കൂര്‍ റസ്റ്റ്‌ എടുത്തതിനു ശേഷം തിരിച്ചു വന്നപ്പോഴല്ലേ അറിയുന്നത്‌ അവര്‍ വേറെന്തോ കാര്യത്തിനു അതു വഴി പോയതാ.ഞങ്ങളെ കണ്ടിട്ടു പോലും ഉണ്ടായിരുന്നില്ല.

സതീശ് മാക്കോത്ത് | sathees makkoth said...

വേണുച്ചേട്ടാ,
നന്ദി.ഒരുപാട്.
സമയം കണ്ടെത്തി വായിച്ച് ചിരിച്ചതിന്.
തറവാടി ,
നന്ദി :)
വിചാരം ,
അല്പം നൊമ്പരമുണ്ടായലും ചിരിച്ച് കണ്ടതിനാല്‍ സന്തോഷം.നന്ദി.
sandoz ,
നന്ദി.
എങ്കിലും ഒന്നര കിലോമീറ്റര്‍ ഓടി സുരക്ഷിത സ്ഥാനത്ത്‌ നാലു മണിക്കൂര്‍ റസ്റ്റ്‌ എടുത്തതിനു ശേഷം തിരിച്ചു വന്ന ആ‍ വരവൊന്ന് കാണാന്‍ പറ്റിയില്ലല്ലോ എനിക്ക്.

kaithamullu - കൈതമുള്ള് said...

"ചീട്ടുകളി വരുത്തിയ വിന" -യെന്നു തന്നെയായിരുന്നോ തലക്കെട്ട് വേണ്ടിയിരുന്നതെന്ന സംശയം വായിച്ചു തീര്‍ന്നപ്പോള്‍.

പോലീസല്ലെങ്കിലും ഞാനും ചിരിച്ചു സതീശെ സുമതിയേട്ടത്തി ചാടിയെണീറ്റപ്പോള്‍....

ഇടിവാള്‍ said...

കൊള്ളാം.. നന്നായിട്ടോ ;)

ഇക്കാസ് said...

നല്ല വിവരണം സതീഷേ..
ആശംസകള്‍.

സു | Su said...

ഹിഹിഹി. ഇനിയെന്നും ചീട്ട് കളിക്കുമ്പോള്‍ പോലീസ് വരട്ടെയെന്ന് സുമതിച്ചേച്ചി പ്രാര്‍ത്ഥിച്ചുകാണും. ;)

എഴുത്ത് വളരെ നന്നായിട്ടുണ്ട് സതീശ് :)

Achoos said...

സതീഷ്‌, കഥ നന്നായി, പ്രത്യേകിച്ചു അവസാനം ചിരിച്ചിരുന്നു പോയി. ആ അവസ്ഥയില്‍ ഏതു കഠിന ഹൃദയനും ചിരിച്ചു പോവും.

സതീശ് മാക്കോത്ത് | sathees makkoth said...

കൈതമുള്ള് ,
നന്ദി.
"ചീട്ടുകളി വരുത്തിയ വിന" -യെന്നു തന്നെയായിരുന്നോ തലക്കെട്ട് വേണ്ടിയിരുന്നതെന്ന സംശയം ആദ്യം എനിക്കും ഉണ്ടായിരുന്നു.പിന്നെ ചീട്ടു കളി കൊണ്ടല്ലേ രവിച്ചേട്ടന്‍ ഈ പണിയൊക്കെ ചെയ്യേണ്ടി വന്നതെന്ന് കരുതി കണ്ണുമടച്ചങ്ങു പേരിട്ടു.

ഇടിവാള്‍ ,
നന്ദി :)

ഇക്കാസ് ,
നന്ദി :)

സു ,
നന്ദി :)
സുമതിച്ചേച്ചി പ്രാര്‍ത്ഥിച്ചുകാണുമായിരിക്കും !

Achoos ,
നന്ദി :)

മഴത്തുള്ളി said...

ഹഹ കൊള്ളാം. അങ്ങനെ രവിച്ചേട്ടന്‍ തേങ്ങയരക്കാനും പഠിച്ചു അല്ലേ ;)

അല്‍പ്പം വൈകി ഈ പോസ്റ്റു കാണാന്‍. കൊള്ളാം ഇഷ്ടപ്പെട്ടു.

സതീശ് മാക്കോത്ത് | sathees makkoth said...

മഴത്തുള്ളി ,
നന്ദി.
സഹചര്യങ്ങളാണല്ലോ മനുഷ്യനെ ഓരോന്നും പഠിപ്പിക്കുന്നത്. അങ്ങനെ രവിച്ചേട്ടന്‍ തേങ്ങയരക്കാനും പഠിച്ചു ;)

സഹൃദയന്‍ said...

വായിച്ചൂട്ടൊ..........

mumsy said...

നല്ല പോസ്റ്റ് സതീഷ്...
വായിച്ച എല്ലാവരേയും പോലെ ഞാനും ചിരിച്ചിരുന്നു പോയി.
എന്റെ ബ്ളോഗ് സന്ദര്‍ശിച്ചതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും നന്ദി.
qw-er_ty

സതീശ് മാക്കോത്ത് | sathees makkoth said...

സഹൃദയന്‍& mumsy,
വായിച്ചതിനും ചിരിച്ചതിനും നന്ദി :)

ഏറനാടന്‍ said...

സുഹൃത്തേ ഒറ്റയിരുപ്പില്‍ ആ ചീട്ടുകളിസംഘത്തോടൊപ്പം ഇരുന്നങ്ങ്‌ തീര്‍ത്തു. (കളിയല്ല കഥ).
രസമുണ്ട്‌. ഇവരൊക്കെ ശരിക്കും ഉള്ളവര്‍ തന്നെയല്ലേ?
ആദ്യം വന്നു, ഇനിയെപ്പോഴും വരാന്‍ ആഗ്രഹിക്കുന്നു.

സതീശ് മാക്കോത്ത് | sathees makkoth said...

വന്നതിനും വായിച്ചതിനും നന്ദി.
ഇവരൊക്കെ ശരിക്കും ഉള്ളവര്‍ തന്നെ.
ഏറെക്കുറേ പേരുകള്‍ പോലും യഥാര്‍ത്ഥമാണ്.

Anonymous said...

hi satheesh,

assalayittundu tto. pakshe thalakkettu onnu mattamayirunnille ennoru samshayam. njan ippo iyalude old stories okke thappi pidichu vayichondirikkuva. iyalude ezhuthunna shyli nannayittundu. keep writing.

Meera

സതീശ് മാക്കോത്ത് | sathees makkoth said...

മീര,
മറുപടി തരുവാന്‍ വൈകിയതില്‍ ക്ഷമിക്കുക.
നന്ദി

Siji said...

സതീഷിന്റെ പോസ്റ്റുകള്‍ക്ക്‌ കമന്റുവെക്കാന്‍ വരുമ്പോള്‍ കമ്പ്യൂട്ടര്‍ പണി മുടക്കും. ഇത്തിരി നീണ്ടുപോയെങ്കിലും ഇഷ്ടപ്പെട്ടു.

സതീശ് മാക്കോത്ത് | sathees makkoth said...

സിജി,
ഇപ്പോഴാ കമന്റ് കണ്ടേ
വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP