Followers

വിലിസ്കയിലെ കൊലപാതകം

Monday, June 15, 2020
‘മിസ്റ്റർ ശ്യാം‘ ദൃഢവും കനപ്പിച്ചതുമായ ശബ്ദത്തിൽ വിളിച്ചിട്ട് ലാപ്ടോപ്പ് തുറന്ന് മുന്നിൽ വെച്ച് വിവേകാനന്ദ ലോക്രേ ചോദിച്ചു, “എന്തു പറയുന്നു ഇപ്പോൾ?” ടാറ്റാ മഗാഡിയുടെ പർച്ചേസ് ഹെഡ്  അരുൺ ബെഹലിന്റെ  മെയിൽ! “എന്നാണ് നിങ്ങളുടെ റെപ്രസന്ററ്റേറ്റീവ് വരുന്നതെന്നന്വേഷിച്ച്. “മിസ്റ്റർ ശ്യാം ഇനിപറയൂ നിങ്ങളെവിടേയ്ക്കാണ് പോയത്? സുന്ദർ  നയ്‌റൊബിയിലേക്ക് ടിക്കറ്റെടുത്തതും ഹോട്ടൽ ബുക്ക് ചെയ്ത് തന്നതുമെല്ലാം എന്റെ അപ്രൂവൽ എടുത്തതിന് ശേഷമാണന്നറിയാം. നിങ്ങൾ യാത്രചെയ്തതും തിരിച്ചെത്തിയതുമെല്ലാം പാസ്പോർട്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുമുണ്ട്. പക്ഷേ...” വിവേകാനന്ദ ലോക്രേ ഒരു നിമിഷം താടിക്ക് പേനകുത്തി ചിന്താകുലനായിരുന്നു.”അൺബിലീവബ്‌ൾ. നിങ്ങൾ പറയുന്നു നിങ്ങളവിടെ ചെന്നിരുന്നെന്ന്. അവർ പറയുന്നു ശ്യാം എന്നൊരാൾ അവിടെ എത്തിയിട്ടില്ലന്ന്. മിസ്റ്റർ ശ്യാം, നിങ്ങളെ പിക് അപ്പ് ചെയ്യാനായെത്തിയ ഡ്രൈവർ കാത്തിരുന്ന് മടുത്ത് തിരിച്ച് പോയതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?
“ഡ്രൈവറെ  ഹോട്ടൽ ബുക്ക് ചെയ്തപ്പോൾ തന്നെ ഏർപ്പാടാക്കിയതല്ലേ പിന്നെന്തിന് ഞാൻ മഗാഡി സോഡയുടെ  വണ്ടിയ്ക്ക് വേണ്ടി കാത്തുനിൽക്കണം?” തിരിച്ച് ചോദ്യം ചോദിക്കാനല്ല ചോദിക്കുന്നതിനുത്തരം പറയാനാണ് താൻ പഠിക്കേണ്ടത്.” വിവേകാനന്ദ ലോക്രയ്ക്ക് ദേഷ്യം അടക്കാനാവുന്നുണ്ടായിരുന്നില്ല. മൾട്ടി മില്യൻ ഡോളറിന്റെ ബിസിനസാണ്, നഷ്ടമുണ്ടായാൽ  ആരാ അതിനൊക്കെ സമാധാനം പറയുക!

പതിവില്ലാത്ത വിധം കാളിങ്ങ് ബെല്ല് തുരുതുരെ അടിച്ചപ്പോൾ തന്നെ ഓഫീസിൽ സാധാരണയല്ലാത്ത എന്തോ സംഭവിച്ചിട്ടുണ്ടന്ന് മനസ്സിലാക്കിയ ടീന വാതിൽ തുറന്നത് സുരക്ഷയുടെ അതിർ തീർത്തുകൊണ്ടായിരുന്നു.
ബ്ലഡി ഫൂൾ...ബോസ്സായാൽ എന്തും പറയാമെന്ന് വെച്ചാൽ... ടൈ അല്പമൊന്നയച്ച്  ഹാഫ് ഷൂ ഊരി ദൂരേയ്ക്കെറിഞ്ഞ് ശ്യാം സോഫായിലേക്ക് മറിഞ്ഞു..
“എടീ നീ പറയടീ ഞാനെവെടാരുന്നെടീ കഴിഞ്ഞാഴ്ച?”
“കൊള്ളാം. പോയാൾക്കറിയില്ലേ?“
അല്ല നീ പറ.
ഇയാള് നെയ്‌റോബീലല്ലാരുന്നോ?
ആന്നോ? അവിടുന്ന് എവിടെപ്പോയി?
ഇയാക്കെന്നാത്തിന്റസുഖമാ എന്നോടിതൊക്കെ ചോദിക്കാൻ. ഞാൻ പറഞ്ഞിട്ട് വേണോ അതൊക്കെ അറിയാൻ. പോയതും  സുഖിച്ചതും ഇയാള്.”
“അങ്ങനെ വഴിക്ക് വാ. ഇതു തന്നെയാ അങ്ങേരും പറഞ്ഞത്. നെയ്‌റോബീന്ന് ഞാനെവിടേക്കാ പോയത്. നീ പറ.
“മഗാഡി സോഡ” കെനിയായുടെ ഭൂപടം കണ്മുന്നിൽ കാണുന്ന മാതിരി വ്യക്തവും ശക്തവുമായിരുന്നു ടീനയുടെ ഉത്തരം.
“ആന്നേ.ഇനി പറ. അവിടന്ന് ഞാനെങ്ങോട്ടേക്കാ പോയത്?” ഒരുമാതിരി മനുഷേനെ ആക്കണ ചോദ്യം അങ്ങ് നിർത്തിയേക്കന്നാണ് ടീന ഉദ്ദേശിച്ചതെങ്കിലും നാവിൽ നിന്നും വീണത് ‘മൊമ്പാസ’ എന്നായിരുന്നു.
“ആന്നേ, മൊമ്പാസ ആന്നേ. ഇതാണ് അങ്ങേർക്ക് അറിയാത്തത്. അല്ലല്ല അറിയേണ്ടത്. ഞാൻ അവിടെ പോയിട്ടില്ലാന്ന് ഒറ്റപിടുത്തമാ അങ്ങേര്!
 ഹോട്ടൽ ബില്ലും ഫ്ലൈറ്റ് ടിക്കറ്റുമൊക്കെ ഉള്ളതല്ലേ പിന്നെന്താ പ്രശ്നം?സംശയക്കുഴിയിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്ന ടീനയോടെന്ത് പറയണമെന്നറിയാതെ ശ്യാം കണ്ണടച്ചുകിടന്നു.

വെള്ളത്തൊപ്പി വെച്ച യുവാവ് ശ്യാം സക്കറിയ എന്നെഴുതിയ കടലാസുമായി അറൈവൽ ഏരിയയിലുണ്ടായിരുന്നു.  മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾക്ക് നേരേ കൈ നീട്ടി ‘ശ്യാം സക്കറിയ’ എന്ന് പരിചയപ്പെടുത്തുമ്പോൾ യുവാവ് പ്രസന്നമായ ചിരിയോടെ പറഞ്ഞു “മിസ്റ്റർ ശ്യാം സമയം കളയേണ്ട, മഗാഡിയിലേക്ക് മൂന്ന് മണിക്കൂറും അവിടുന്ന് മൊമ്പാസയിലേക്ക് ആറു മണിക്കൂറും.
നരകത്തിലേക്കുള്ള വഴിയാണോ ഇതെന്ന് യാത്ര തുടങ്ങി ഏറെ ആകുന്നതിന് മുന്നേ ചോദിക്കേണ്ടി വന്നു.കുഴിയിലേക്ക് വീണ വണ്ടിയെ ഇരപ്പിച്ച് മുകളിലേക്കെടുത്ത യുവാവ് വശം തിരിഞ്ഞ് പറഞ്ഞു, “മിസ്റ്റർ ശ്യാം സക്കറിയ, യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. “ഇനിയെന്തെല്ലാം കാണാനിരിക്കുന്നു.”വിശാലമായ് തുറന്നടഞ്ഞ വായ അയാളുടെ നിരയുള്ളതും വൃത്തിയുള്ളതുമായ  വെള്ളപ്പല്ലുകളുടെ ഭംഗി വ്യക്തമാക്കുന്നുണ്ടായിരുന്നു. മുൻ നിരയിലെ മുകളിലത്തെ പല്ലുകളിലൊരെണ്ണം നഷ്ടമായിട്ടുണ്ടുന്നള്ളത് സൂക്ഷ്‌മ നോട്ടത്തിൽ മാത്രമേ മനസ്സിലാക്കാൻ പറ്റുമായിരുന്നുള്ളു.
“മിസ്റ്റർ ശ്യാം, നിങ്ങൾ ശരിക്കും ഒരു ധീരനാണന്ന് തോന്നുന്നു. അതോ യുക്തിവാദി നിരീശ്വര വാദി അങ്ങനെന്തെങ്കിലും.” 
ഒട്ടകപ്പക്ഷികളോ സീബ്രായോ കടന്നുപോകാൻ സാദ്ധ്യതയുള്ള പ്രദേശത്ത് ലാവ അലങ്കാരപ്പണിചെയ്ത  പാതയോരങ്ങൾ നോക്കിയിരിക്കുകയായിരുന്നു ശ്യാം. “എന്തേ ഇപ്പോ ഇങ്ങനെ ചോദിക്കാൻ?
അല്ല വിലിസ്ക തന്നെ താമസത്തിന്ന് തിരഞ്ഞെടുത്തതുകൊണ്ട് ചോദിച്ചെന്നേയുള്ളൂ.
“ഒരു ഹോട്ടൽ മുറി വേണം. ഒരു രാത്രി കഴിഞ്ഞുകൂടണം.പിന്നെ ഇത്തരം കേസുകളോട് അല്പം ഹരം കൂടി ഉണ്ടന്ന് കരുതിക്കോളൂ.”
“പേടിയില്ലാത്ത മനുഷ്യൻ അല്ലേ?” അയാളുടെ മുഖം ശ്രദ്ധിക്കാതെ തകരവീടുകൾ കാഴ്ച്ചയൊരുക്കുന്ന വീഥിയുടെ ഉണങ്ങിയ ഭൂമിശാസ്ത്രം നോക്കി ശ്യാമിരിന്നു.

വിലിസ്കാ ആക്സ് മർഡർ ഹോട്ടൽ
ലിമിറ്റഡ് റൂമുകളേ ഉള്ളൂ എന്ന് ലാപ്ടോപ് സ്ക്രീനിൽ മിന്നി തിളങ്ങിക്കൊണ്ടിരുന്നു.പുതുമയുള്ള പേരായതുകൊണ്ടാകാം കൂടുതലൊന്നും ആലോചിക്കാതെ  ബുക്ക് ചെയ്യാൻ സുന്ദറെ ഏൽപ്പിച്ച് അടുത്ത പരിപാടികളെന്തൊക്കെയാണ് ചെയ്യാനുള്ളതെന്ന് തീരുമാനിക്കാനുള്ള വ്യഗ്രതയിലായിരുന്നു. ബിസിനസ് ട്രിപ്പുകളെന്നും ധൃതിയിലാണ് നടന്നിട്ടുള്ളത്. അങ്ങനല്ലാത്ത സന്ദർഭങ്ങളെക്കുറിച്ച് ഓർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും ഒന്നും ഓർമ്മയിൽ വന്നില്ല.
“മിസ്റ്റർ ശ്യാം, കം ആന്റ് മീറ്റ് മീ അർജന്റ്ലി” എന്ന് ഇൻബോക്സിൽ മെസ്സേജ് വന്നപ്പോൾ എങ്ങോട്ടേക്കാണ് പുതിയ ട്രിപ്പ് എന്ന ആലോചന മാത്രമായിരുന്നു.
എലിസബത് കാതറീൻ എന്ന പേര് സെലക്റ്റ് ചെയ്യാൻ സുന്ദറിനോട് പറയുമ്പോഴും സംശയമായിരുന്നു ഹോട്ടൽ മുറിക്കും പേരോ?

“മിസ്റ്റർ ശ്യാം, ഇപ്പോൾ രണ്ടു മണികഴിഞ്ഞു സമയം. എത്ര വേഗം പോയാലും മൊമ്പാസയിലെത്തുമ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരിക്കും. എട്ട് മണി കഴിഞ്ഞാൽ റിസ്പ്ഷനിൽ ആരുമുണ്ടാവില്ല. കൂടാതെ രാത്രിയിലുള്ള  കെനിയൻ യാത്ര അത്ര സുഖകരമല്ലന്ന്  ഓർക്കുന്നത് നന്ന്“ പിങ്ക് നിറം ചാലിച്ച മഗാഡി തടാകത്തിന്ന് ആ നിറം നൽകുന്നത് ഫ്ലമിംഗോ കൂട്ടങ്ങളാണൊയെന്ന സംശയം മനസിൽ വെച്ച് ചൂട് നീരുറവയുടെ സുഖത്തിൽ ലയിച്ച് നിൽക്കുമ്പോഴാണ് ഓർമ്മപ്പെടുത്തൽ, എന്നോ നഷ്ടമായ ലാവകളെ ഓർത്ത് ഉറങ്ങിക്കിടക്കുന്ന ഷൊമ്പോലെ അഗ്നിപർവതത്തെ പിന്നിലാക്കി ഇരുട്ട് വീഴുന്ന ആകാശത്തേയ്ക്ക് കയറുന്ന സോഡ ആഷ് നിറച്ച കുഞ്ഞ് വാഗണുകളെ നോക്കി അയാൾ ചോദിച്ചു. 
“മിസ്റ്റർ ഷബാൻ ഒമൻഡി, ഒരു പക്ഷേ ഈ പാളങ്ങൾ ബ്രിട്ടീഷുകാർ നിർമ്മിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെങ്ങനെ ഇതെല്ലാം മൊമ്പാസയിലെത്തിക്കുമായിരുന്നെന്ന് ആലോചിച്ചിട്ടുണ്ടോ?”
“മിസ്റ്റർ ശ്യാം സക്കറിയാ, നിങ്ങൾക്കെന്നെ ഒമൻഡി എന്ന് വിളിക്കാം. പിന്നെ സോഡ ആഷ്... അത് നിങ്ങൾ ഇന്ത്യാക്കാരല്ലേ കൊണ്ടുപോകുന്നത്. ടാറ്റാ ഒരു ഇന്ത്യൻ കമ്പനിയല്ലേ?” കെനിയാക്കാരന്റെ പൊതുവിജ്ഞാനത്തെ മനസാപ്രകീർത്തിച്ച് ശ്യാം ഇരുട്ടിലേക്ക് നോക്കിയിരുന്നു.മഗാഡി തടാകത്തിന്റെ താഴ്വാരങ്ങളിലെവിടെനിന്നോ ഒഴുകി വരുന്ന മാസായി സംഗീതം മലമുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

"മിസ്റ്റർ ശ്യാം.”ഒമൻഡി വിളിച്ചപ്പോൾ ഇരുട്ടിൽ തിളങ്ങുന്ന അയാളുടെപല്ലുകൾ മാത്രമേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ . ഇരുട്ടിനും നിനക്കും ഒരേനിറമെന്ന് മനസിൽ പറഞ്ഞുകൊണ്ട് ഉം എന്ന് മൂളി. “മിസ്റ്റർ ശ്യാം, വിലിസ്കയെക്കുറിച്ച് നിങ്ങൾക്കെന്തെറിയാം.”
“ഒന്നുമറിയില്ലന്ന് പറഞ്ഞാൽ ശരിയാവില്ല ഒമൻഡി.കുറച്ചൊക്കെ സെർച്ച് ചെയ്ത് മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ അവരുടെ റും വാടക സാധാരണ ഹോട്ടലുകളേക്കാൾ കൂടുതലാണ്.ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കുമെന്നുകൂടി കരുതുന്നു.”
“നിങ്ങളേത് റൂമാണ് ബുക്ക് ചെയ്തിരിക്കുന്നത്?”
“എലിസബത് കാതറീൻ. ഇറ്റ് ലുക്ക്സ് അൺ‌യൂഷ്വൽ ഒമൻഡി. ആദ്യായിട്ടാണ് ഹോട്ടൽ റൂമിനൊരു പേര് കേൾക്കുന്നത്.”
“യേസ് അൺ‌യൂഷ്വൽ...മിസ്റ്റർ ശ്യാം സക്കറിയ. ബട്ട് യൂ ആർ കറക്റ്റ് റ്റൂ. ആ മുറിയിലാണ് മിസ്സിസ്സ് എലിസബത് കാതറിൻ കൊല്ലപ്പെട്ടത്. എലിസബത് കാതറീനും അവരുടെ ഹസ്ബന്റ് ജോസായും മൂർ ഫാമിലിയെ സൽക്കാരത്തിന് വിളിച്ചപ്പോൾ അതവരുടെ അവസാനത്തെ ദിനമാണന്ന് അറിഞ്ഞ് കാണില്ല. എട്ടുപേർ ഒറ്റ രാത്രിയിൽ മഴുവിന്റെ മൂർച്ചയിൽ...” ഒമൻഡി പറഞ്ഞുകൊണ്ടിരുന്നു. ശ്യാമിന് പുതുമയൊന്നും തോന്നിയില്ല. ഒമൻഡി പറയുന്ന കാര്യങ്ങൾ പലതും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നതാണ്. എങ്കിലും നീണ്ട ആറുമണിക്കൂർ യാത്രയിൽ ഒമൻഡിയുടെ വക കൂടുതൽ കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ശ്യാമിന്.
“എട്ട് മുറികളിലായ് എട്ടുപേർ...മഴുവിന്റെ മൂർച്ചയുള്ള വശംകൊണ്ട് മരിച്ചത് ജോസാ മാത്രം. ബാക്കിയുള്ളവർ മറുവശം കൊണ്ട്. മിസ്സിസ്സ് മൂറിന്റെ സ്കേർറ്റ് ഉയർന്ന് വയറൊപ്പം കിടന്നിരുന്നു. അവരുടെ അടിവസ്ത്രം ഊരിയ നിലയിലായിരുന്നു. ബലാൽക്കാരം നടന്നെന്ന് തോന്നും വിധം!“
ഇടറിയ കടലിന്റെ തിരയിൽ ഉയർന്ന് താഴുന്ന തോണിപോലെ ആഫ്രിക്കൻ റോഡിലൂടെയുള്ള യാത്ര നടുവിനേൽപ്പിച്ച ആഘാതമാണോ, വിശപ്പിന്റെ വിളിയാണോ അതോ ഒമൻഡിയുടെ നിർത്താതുള്ള വിവരണത്തിന്റെ വിരസതയാണോ എന്ന്
വേർതിരിച്ച് മനസ്സിലാക്കാനായില്ലെങ്കിലും, “ഒമൻഡി, നന്നായി വിശക്കുന്നു. വഴിയിലെവിടെയെങ്കിലും നിർത്തി എന്തേലും കഴിച്ചിട്ടാകാം നമ്മുക്ക് തുടർ യാത്ര.” എന്ന് പറയുകയായിരുന്നു ശ്യാം.വഴിയരികിൽ വണ്ടി നിർത്തി കെനിയൻ ഉഗാലി ബീഫ് സ്റ്റൂവ് ചേർത്ത് കഴിച്ചതിന്റെ രുചി നാവിൽ നിൽക്കുമ്പോൾ തന്നേ ഒമൻഡി തുടങ്ങിക്കഴിഞ്ഞിരുന്നു. “നൂറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുരുളഴിയാത്ത കേസുകളിലൊന്നായി ഇന്നും ആക്സ് മർഡർ കേസ്. മിസ്റ്റർ ശ്യാം നിങ്ങൾക്കൂഹിക്കാമോ മൂർ ദമ്പതികളെ എന്തിനായിരിക്കാം ജോസായും എലിസബത് കാതറീനും കൂടെ വിരുന്നിന് വിളിച്ചത്.“
ചുരുളഴിയാത്ത കേസിന്റെ എഴുതാപ്പുറങ്ങൾ വായിച്ചെടുക്കാനുള്ള ആവശ്യമില്ലാത്തതിനാൽ ബാഗ് തുറന്ന് പിറ്റേന്നത്തെ മീറ്റിങ്ങിനായ പേപ്പറുകൾ ഒരാവർത്തി കൂടി വായിച്ചുകൊണ്ടിരുന്നു ശ്യാം.
“അറിയില്ല അല്ലേ?” പുറകിലോട്ട് നോക്കിയ ഷബാൻ ഒമൻഡിയുടെ നഷ്ടമായ പല്ലിന്റെ വിടവ് ഇരുട്ടിനോട് ചേർന്ന് നിന്നു.“എങ്കിൽ കേട്ടോളൂ, കൊല്ലാൻ...കുട്ടികളില്ലാത്ത മൂർ ദമ്പതികളുടെ വിലമതിക്കാനാവാത്ത സ്വത്തിനായ്”
“ഒമൻഡി, ഒരു തുമ്പുമവശേഷിക്കാതെ പോയൊരു കൊല നൂറ്റാണ്ടുകൾക്കിപ്പുറമിരുന്ന് നാമെന്തിന് സംസാരിക്കണം.നമ്മുക്ക് തൽക്കാലം മാസായി സംഗീതമോ, ആഫ്രിക്കൻ ഡ്രം ബീറ്റിനെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചൊ അതുമല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കൊലചെയ്യാൻ പോലും മടിയില്ലാത്തവരെക്കുറിച്ചൊക്കെ സംസാരിച്ചൂടേ” നിശബ്ദതയുടെ ഇടവേള അകലെയെവിടെ നിന്നോ ഒഴുകിയെത്തിയ താരബ് സംഗീതത്തിന്റെ അലയൊലിയിലേക്ക് കുറച്ച് നേരത്തേക്ക് ശ്രദ്ധ തിരിച്ചെങ്കിലും വിലിസ്കയല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കില്ലന്ന് ദൃഢനിശ്ചയമെടുത്തതുപോലായിരുന്നു ഒമൻഡി. .
“മിസ്റ്റർ ശ്യാം, ആക്സ് മർഡർ കേസിൽ ആകെ കിട്ടിയ ഒരേ ഒരു തെളിവ് എന്താണന്ന് നിങ്ങൾക്കറിയുമോ?”
"ഒമൻഡി, നിങ്ങൾക്ക് വിലിസ്കയെക്കുറിച്ച് വളരെ അറിവുണ്ടന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ; ഈ പരസ്യത്തിന് നിങ്ങൾക്ക് പ്രത്യേക പ്രതിഫലം വല്ലതുമൂണ്ടോ?”
ഹോണ്ടട് ഹോട്ടലിൽ രാത്രികഴിച്ചുകൂട്ടാൻ പോകുന്ന ഒരുത്തനെ മനഃപൂർവം പേടിപ്പെടുത്താനുള്ള ഒരു കെനിയൻ ബുദ്ധി ആണോയെന്ന ഒരു സംശയം ഇതിനോടകം ബലപ്പെട്ടിരുന്നതുകൊണ്ടുകൂടിയാണ് അങ്ങനെ ശ്യാം ചോദിച്ചത്. പിന്നിട് ഹോട്ടലിൽ എത്തുന്നതുവരെ ഒമൻഡി ഒന്നും സംസാരിച്ചില്ല.

വിലിസ്കയുടെ മുന്നിൽ കാർ നിർത്തി ലഗേജ് എടുത്ത് താഴെ വെച്ച് നല്ലൊരു രാത്രി ആശംസിച്ച് യാത്രപറയുമ്പോൾ ഒമൻഡി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത് വിലിസ്കയുടെ ഇപ്പോഴത്തെ അവകാ‍ശി ഷബാൻ ഒമൻഡി എന്ന താൻ തന്നെ ആണന്നുള്ളതായിരുന്നു.രണ്ടാമത്തേത് വിലിസ്കയെ കേവലം ഒരു മൂന്നാം കിട ഹോണ്ടട് ഹോട്ടലായി കാണരുതെന്നുള്ള അഭ്യർഥന.   മൂന്നാമതായി പറഞ്ഞത്  .കൃത്യസഥലത്ത് നിന്ന് കണ്ടുകിട്ടിയ അടർന്ന് വീണിട്ട് അധികനേരമായിട്ടില്ലന്ന് വ്യക്തമാക്കിയിരുന്ന ചോരപുരണ്ട ഒരു പല്ലിനെക്കുറിച്ചായിരുന്നു. ജന്നിഫർ അപ്പോഴത്തേയ്ക്കും കാത്തിരുന്ന മടുത്ത മുഖവുമായി കാറിന്നടുത്തെത്തിയിരുന്നു. ഒരു പൊട്ടിത്തെറിക്ക് ഒമൻഡിയുടെ അഭാവം കാത്തുനിന്നതുപോലായിരുന്നു ജന്നിഫർ.  “മിസ്റ്റർ ശ്യാം സക്കറിയ ഇപ്പോൾ സമയമെന്തായെന്നറിയുമോ നിങ്ങൾക്ക്. എട്ടുമണിക്ക് വരുമെന്നറിയിച്ചിട്ട് കെനിയയാണന്നോ ഹോണ്ടട് ഹോട്ടലാണന്നോ നിങ്ങൾ മറെന്നെന്ന് തോന്നുന്നു.ഇപ്പോൾ ഒൻപത് കഴിഞ്ഞിരിക്കുന്നു.” നിരാശയും ദേഷ്യവും പരിഭവും കലർന്ന  സുന്ദരിയുടെ വാക്കുകൾ ചെറിയൊരു ചിരിയിലൊതുക്കി റൂമിന്റെ താക്കോൽ വാങ്ങി നീങ്ങുവാൻ തുടങ്ങുമ്പോഴായിരുന്നു മുന്നറിയിപ്പ്.”മിസ്റ്റർ ശ്യാം രാത്രിയിൽ ഇവിടെ സ്റ്റാഫ് ആരും കാണുകില്ലന്നുള്ളത് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു.പുറത്തേക്കിറങ്ങരുത്.”
 “പ്രേതങ്ങളെ വെച്ചുള്ള പണം പിടുത്തം അല്ലേ ജന്നിഫർ?.”
“സൂക്ഷിക്കുക.വിലിസ്കയാണ്” അവരുടെ മനോഹരമായ എഡ്വേർഡിയൻ ഹെയർ സ്റ്റൈലിന്റെ ഭംഗി നോക്കി നിന്ന ശ്യാമിന് പരിസരബോധമുണ്ടായത്  കാർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടപ്പോഴാണ്.
--

“എട്ടുമണി കഴിഞ്ഞാൽ റിസപ്ഷനിൽ ആരുമുണ്ടാവില്ലന്നല്ലേ ഒമൻഡി പറഞ്ഞത്. പിന്നെങ്ങനെ ഒൻപത് മണിക്ക് നിങ്ങൾ ജന്നിഫറെ കണ്ടു?” ടീനയുടെ അന്തമില്ലാത്ത ചോദ്യങ്ങളും ആകാംക്ഷയും അലോസരപ്പെടുത്തുന്നതായ് ശ്യാമിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
“ഒരുപക്ഷേ അവൾ വൈകിയെത്തുന്ന അതിഥിയെ കണ്ട് താക്കോൽ നേരിട്ട് നൽകി മടങ്ങാമെന്ന് വിചാരിച്ചുകാണും.“
കാത്തിരുന്ന് മടുത്തതിന്റെ പരിഭവവും രാത്രിയേറെയായതിന്റെ പേടിയും ജന്നിഫറിന്റെ മുഖത്തിലും ശബ്ദത്തിലും കാണാമായിരുന്നെന്നയാൾ പറഞ്ഞപ്പോൾ ടീന ചോദിച്ചു,“ശ്യാം സത്യം പറയൂ, നിങ്ങൾക്ക് ആ രാത്രി പേടി തോന്നിയില്ലേ?
മൂർ ദമ്പതികളെ കൊല്ലാനായ് വിളിച്ചെന്നാണല്ലോ ഒമൻഡി പറഞ്ഞത്. അതുശരിയാണേങ്കിൽ എങ്ങനെ ജോസായും എലിസബത് കാതറീനും അതേ ദിവസം തന്നെ കൊല്ലപ്പെട്ടു.” ടീനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏതോ വികാരങ്ങൾ ശരീരത്തെ കൊളുത്തിവലിക്കുന്നതുപോലെ തോന്നിയപ്പോൾ അവർ ശ്യാമിനോട് ചേർന്നിരുന്നു.
“വിവേകാനന്ദലോക്രെയെ എന്തു പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. എന്തൊക്കെ തെളിവുകൾ നൽകിയിട്ടും ഞാൻ ക്ലയന്റ്സിനെ കണ്ടന്ന് അങ്ങേര് വിശ്വസിക്കുന്ന മട്ടില്ല.”
“അതെങ്ങനെ സാധ്യമാവും. മിസ്സിസ്സ് ആന്റ് മിസ്റ്റർ റിച്ചാർഡ്സിന്റെ കൂടെ ഡിന്നർ കഴിച്ചതും, ട്രൈബൽ ഡാൻസ് കാണാൻ പോയതും പിന്നെ വെറുതേ ആയിരുന്നോ. പോട്ടെ അവരുടെ കൂടെ നിന്ന് എടുത്തെന്ന് പറയുന്ന ആ ഫോട്ടോകാണിച്ചുകൂടെ.“
അത് ശരിയാണല്ലോ എന്നും പറഞ്ഞ് അയാൾ സ്യൂട്ട്കേസ് പരതാൻ തുടങ്ങി.വിവേകാനന്ദ ലോക്രേയെ വിശ്വസിപ്പിക്കാനുള്ള അവസാനത്തേതെങ്കിലുമായുള്ള ഒരു തുരുമ്പായ് അതുമാറുമെന്ന് പറയുമ്പോൾ ശരിക്കും ആശ്വസിച്ചത് ടീനയാണ്.

“ശ്യാം, നിനക്കെങ്ങനെ ധൈര്യം വന്നു ഇങ്ങനൊരു സ്ഥലത്ത്, അതും അന്യനാട്ടിൽ...ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടാൻ?”
ഷൊമ്പോലെ അഗ്നിപർവ്വതത്തെപ്പോലെ ശാന്തതയുള്ള മുഖമായിരുന്നു ശ്യാമിനപ്പോൾ. അയാളുടെ കൈകൾ മഗാഡി തടാകത്തിലെ നീരുറവപോലെ പൊള്ളി.അയാളുടെ നെറ്റിയിലൂടെ പൊടിഞ്ഞ് വീഴാൻ തുടങ്ങിയ വിയർപ്പുകണങ്ങൾ ടീന മെല്ലെ കൈകൾ കൊണ്ട് തുടച്ചു.
“ 1912 ജൂൺ പത്ത് രാത്രി 11.45 നും ജൂൺ 11 രാവിലെ 5.45 നുമിടയിലാണ് എട്ട് മരണങ്ങളെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടുമുറികളിലായി എട്ടുപ്രേതങ്ങൾ...ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാവുന്ന കാര്യങ്ങൾ മാത്രം. ഒമൻഡി പറഞ്ഞ പല്ലിന്റെ കഥ എങ്ങും വായിച്ചതായ് ഓർക്കുന്നില്ല ഒരു തുമ്പുമവശേഷിപ്പിക്കാതെ നടന്ന കൊല എന്നാണെല്ലായിടത്തും.” അയാൾ പറഞ്ഞുതുടങ്ങി.
എലിസബത് കാതറീന്റെ ജനാലയ്ക്കൽ നിന്നപ്പോൾ അകലെ ശാന്തമായ കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾ ചെരാതുകൾപോലെ തിളങ്ങുന്നുണ്ടായിരുന്നു. കരയിലേയ്ക്ക് വീശിയ ഉപ്പുകാറ്റിലേയ്ക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ ക്ലോക്ക് ചിലച്ചു.സമയം 11.45
ടീന, വിലിസ്കയിലെ ക്ലോക്ക് ദിവസത്തിൽ രണ്ട് തവണമാത്രം ചിലയ്ക്കും. രാത്രി 11.45ന് ഒരു തവണ. വെളുപ്പിന് 5.45ന് എട്ട് തവണ.
നിലാവെളിച്ചത്തിൽ തല കടലിലേക്ക് നീട്ടികിടന്നിരുന്ന ജീസസ് ഫോർട്ട്... പോർച്ചുഗീസ് വാസ്തുവിദ്യയുടെ ആഫ്രിക്കൻ അവശേഷിപ്പ്...
ഇന്ത്യ തേടിയെത്തിയ വാസ്കോഡ ഗാമ മൊംബാസ കടൽത്തീരത്തിറങ്ങുമ്പോൾ കെനിയൻ ജീവിതത്തിന് അധിനിവേശത്തിന്റെ മുന്നൂറ് വർഷങ്ങളാണ് സമ്മാനിച്ചത്.
വിലിസ്കയുടെ പുറകിലൂടെ ജീസസ് ഫോർട്ട് ലക്ഷ്യമാക്കി നടക്കുന്നത് ഒരു കൽക്കെട്ടിനെ കടന്ന് വേണം.  ഒരാവേശമായിരുന്നു. ആഫ്രിക്കൻ മണ്ണിലേക്കുള്ള അനേകമനേകം യാത്രകൾ നൽകിയൊരു ധൈര്യം കരുത്തായുണ്ടായിരുന്നു.പരിചിതമായിത്തീർന്നിരുന്ന ഹോണ്ടട് ഹോട്ടലുകളുടെ ബിസിനസ് തന്ത്രങ്ങൾ മനസിനെ ശാന്തമാകാൻ സഹായിച്ചിരുന്നു.
ചരിത്രമുറങ്ങുന്ന ജീസസ് ഫോർട്ടിനെ ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പുറകിലെ കൽക്കെട്ടിൽ നിന്നും ആ വിളി ഉണ്ടായത്. “പേടിയില്ല അല്ലേ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ?”
ടീനയുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചു.“ആരായിരുന്നു അത്?”
“അയാളെ പിന്തുടരാൻ ഞാൻ ശ്രമിക്കുമ്പോഴാണ്  കൽക്കെട്ട് ശരിക്കും ശ്രദ്ധിച്ചത്! ...”  ശ്യാം ഒന്നു നിർത്തി. ചരക്ക് നിറച്ച് യാത്രപുറപ്പെടാൻ തയ്യാറായി കിടക്കുന്ന കപ്പലിന്റെ കനം തോന്നി അയാളുടെ നെഞ്ചിന്.
ഫോൺ അൺലോക്ക് ചെയ്ത് ഗാലറിയിലെ ചിത്രങ്ങളിലൂടെ അയാളുടെ വിരലുകളോടി.“ദാ, ഇതു നോക്കിക്കേ...”
ഫോൺ ടീനയ്ക്ക് കൈമാറി. ഒരു കല്ലറയുടെ ചിത്രം.സ്വാഹിലി ഭാഷയിൽ അതിൽ എഴുതിയിരിക്കുന്നത്  ശ്യാം വിശദീകരിച്ചു.
അറിയപ്പെടാത്ത വഴികളിലൂടെ നടക്കാൻ വിധിക്കപ്പെട്ടതുപോലെ ടീന കുഴങ്ങിയെന്ന് ആ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.
ഷബാൻ ഒമൻഡിയുടെ കല്ലറ!
ജനനം 1860 മരണം 1920.

“ഞാൻ മിസ്റ്റർ റിച്ചാർഡ്സിനെ കാണാൻ നിന്നില്ല.രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്യുമ്പോൾ  റിസപ്ഷനിൽ ജന്നിഫറുണ്ടായിരുന്നില്ല. പകരം ഒരു കറുത്തസുന്ദരി ആയിരുന്നു. ഞാനവരോട് ജന്നിഫറെക്കുറിച്ച് ചോദിച്ചു.അവർക്ക് അറിയാവുന്ന എഡ്വേർഡിയൻ ഹെയർ സ്റ്റൈലുള്ള ജന്നിഫർ മൂർ ഭിത്തിയിലിരുന്ന് എന്നെ നോക്കി   ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ.”‘
ലഗേജ് കാറിലേക്ക് എടുത്തുവെച്ച് ഡോർ തുറന്നുകൊണ്ട് റിസപ്ഷനിസ്റ്റ് പറഞ്ഞു.“മിസ്റ്റർ ശ്യാം സക്കറിയ. ദയവായ് അല്പം വെയ്റ്റ് ചെയ്യൂ. ഡ്രൈവർ ഉടൻ വരും.”
ഉറക്കക്ഷീണം കൊണ്ടായിരിക്കാം.ഒന്നുമറിഞ്ഞില്ല. ഉണരുമ്പോൾ കാർ നെയ്‌റോബിയിലെത്തിയിരുന്നു.”മിസ്റ്റർ ശ്യാം സക്കറിയ. താങ്കൾ ട്രിപ്പ് എൻ‌ജോയ് ചെയ്തെന്ന് തന്നെ കരുതട്ടെ. ഹാവ് എ നൈസ് റിട്ടേൺ ജേർണി.”  ചിരിച്ചുകൊണ്ട് മെലിഞ്ഞ് ഞരമ്പുകൾ തെളിഞ്ഞ കെനിയൻ കൈകൾ എനിക്ക് നേരേ നീണ്ടു.വെള്ളത്തൊപ്പിക്കാരൻ ഡ്രൈവർ...ഷബാൻ ഒമൻഡി! എന്റെ ശ്രദ്ധ അയാളുടെ മുകൾ നിരയിലെ പല്ലുകളിലായിരുന്നു.അവ ഒന്നും തന്നെ നഷ്ടപ്പെട്ടിരുന്നില്ല!

ദീർഘശ്വാസമെടുത്ത് ടീന പുറകിലോട്ട് കൈകുത്തി  ഇരുന്നു.ഒരു നിമിഷം എന്ന് പറഞ്ഞ് ശ്യാം ലാപ്ടോപ് തുറന്ന് ഏറ്റവും അവസാനം വന്ന മെയിൽ ടീനയ്ക്ക് മുന്നിലേയ്ക്ക് വെച്ചു.ഷബാൻ ഒമൻഡിയിൽ നിന്നുള്ള നന്ദിപ്രകടനം.മൂടൽമഞ്ഞിലൂടെ അരിച്ചിറങ്ങുന്ന വെയിലിൽ കുളിക്കുന്ന സുഖം ടീനയിൽ കാണാറായി..ശ്യാം ചിരിച്ചു.
ഗ്രാൻഡ്പായുടെ പേര് കൈമാറി വന്ന അഞ്ചാം തലമുറക്കാരന്റെ ബിസിനസ്. അല്ലേ? ടീന അയാളുടെ കൈയിൽ അമർത്തി പിടിച്ചു, “എനിക്ക് ഒരു സംശയം കൂടി ഉണ്ട്”
“എന്ത്?”
“വിലിസ്ക എങ്ങനെ ഒമൻഡിയ്ക്ക് അവകാശപ്പെട്ടതായ്?” ഒരു നിമിഷം ശ്യാം ചിന്താമഗ്നനായിരുന്നിട്ട് പറഞ്ഞു, “നിന്റെ ചോദ്യം ശരിയാണ്. പക്ഷേ ഉത്തരം കണ്ടുപിടിക്കണമെങ്കിൽ...” ടീന അയാളുടെ കള്ളനോട്ടം മണക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി. അയാൾ പറഞ്ഞു,”അതിന്ന് ഞാൻ ഒരുവട്ടം കൂടി കെനിയാക്ക് പോണം. വിവേകാനന്ദ ലോക്രെ അനുവദിച്ചാൽ...”
അവളുടെ കൈകൾ അയാളുടെ കവിളിൽ നുള്ളി. അതിന് നനുത്ത വേദനയുള്ള സുഖമുണ്ടായിരുന്നു.

-----

(സോഡ് ആഷ്- സോപ്പ്, പേപ്പർ,ഗ്ലാസ് വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്ന സോഡിയം കാർബണേറ്റ് എന്ന അസംസ്കൃത വസ്തു.
മഗാഡി സോഡ- ടാറ്റാ കെമിക്കത്സിന്റെ അധീനതയിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സോഡ ആഷ് നിക്ഷേപം.
ജീസസ് ഫോർട്ട്- മൊംബാസ കടപ്പുറത്ത് പോർച്ചുഗീസുകാരാൽ നിർമ്മിക്കപ്പെട്ട ഫോർട്ട്.)

0 comments:

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP