Followers

തൻ‌ഹ

Monday, June 15, 2020



മൂത്തജ്യേഷ്‌ഠൻ ആനന്ദന്റെ നേർക്ക് വെള്ളത്തുണികൊണ്ടുള്ള കിഴി നീട്ടി കുനിഞ്ഞ മുഖവുമായി ഗൌതമൻ നിന്നപ്പോൾ ഗംഗയുടെ തീരത്ത് എരിഞ്ഞടങ്ങിയൊരാത്മാവിനെയോർത്ത് വിതുമ്പുന്ന ജന്മങ്ങളെ കാലങ്ങൾക്ക് മുന്നേതന്നെ മനസ്സിലാക്കിയെന്നോണമാണ് അമ്മാമ്മ തന്റെ രണ്ടാമത്തെ പുസ്തകത്തിൽ  ‘തൻ‌ഹ‘ യെക്കുറിച്ച് സൂചിപ്പിച്ചതെന്ന് ചിന്നു ഉറപ്പിച്ചു. സങ്കടമാണോ സന്തോഷമാണോയെന്ന് വേർതിരിച്ചറിയാനാവാത്ത മുഖത്തോടെ ഗൌതമന്റെ മുന്നിൽ അവർ നിന്നു. "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" ശിഷ്യന്മാരോടുള്ള ബുദ്ധന്റെ ഒടുവിലത്തെ വാക്കുകളായിരുന്നു ചിന്നുവിന്റെ മനസിലപ്പോൾ.

ട്രങ്ക് പെട്ടിയുടെ പിച്ചളകെട്ടിയ അടപ്പ് തുറന്ന് മാറ്റിയപ്പോൾ പ്രകാശത്തിലേയ്ക്ക് ചാടിയ ക്ഷുദ്രജീവികൾ ഉണ്ടാക്കിയ നടുക്കം ചിരിയാക്കി മാറ്റി ശ്രദ്ധാപൂർവം  പഴയൊരു തുണികൊണ്ട് പൊടി തട്ടിക്കളഞ്ഞ് വിശിഷ്ടമായ നിധി പൊക്കിയെടുക്കുന്നതുപോലെ രണ്ട് കൈയിൽ മൂന്ന് പുസ്തകങ്ങളുമായ്  ചിന്നു കിഴുത്ത വീണ ഓടിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്കെത്തിയപ്പോഴാണ് ആനന്ദൻ, സുബ്ബലക്ഷ്മി അമ്മയുടെ മൂത്തമോൻ ആ രഹസ്യം പുറത്തുവിട്ടത്. “ആദ്യ രണ്ടെണ്ണം, അതായത് തുറന്ന പുസ്തകങ്ങൾ ആർക്കും എപ്പോഴും വായിക്കാം. എന്നാൽ മൂന്നാമത്തേത്, വെള്ളി നുലിനാൽ കെട്ടിവരിഞ്ഞത്...അതിന് കാത്തിരിക്കണം.”

അഞ്ച് വർഷങ്ങൾക്ക് മുന്നേയുള്ള സപ്തതി അഘോഷവേളയിലാണ് സുബ്ബുലക്ഷ്മി അമ്മ  തന്റെ ആഗ്രഹം ആദ്യമായിട്ട് പുറത്തുവിട്ടത്. പിന്നീടുള്ള വർഷങ്ങളിൽ ആവശ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
“വയസ്സ് കാലത്ത് ഇതിന്റെ ആവശ്യമുണ്ടൊയെന്ന്“ അഞ്ച് മക്കളും ഏക സ്വരത്തിൽ ചോദിച്ചു. മക്കളെ നല്ലോണം മനസ്സിലാക്കിയിരുന്ന സുബ്ബലക്ഷ്മിയമ്മ പറഞ്ഞതിപ്രകാരമാണ്, ”സാരമില്ലെന്റെ മക്കളേ, എന്തൊക്കെ പറഞ്ഞാലും ഞാൻ പോയി തിരിച്ച് വരാതെ സ്വത്ത് വീതം വെയ്ക്കുന്നതിനെക്കുറിച്ച് ഒറ്റൊരണ്ണം മിണ്ടിപ്പോവരുത്.”
പടിയിറങ്ങി കാത്തുകിടന്നിരുന്ന കാറിലേക്ക് കയറുമ്പോഴാണ് സുബ്ബലക്ഷ്മി അമ്മ മൂത്ത മകനെ വിളിച്ച് പ്രത്യേകം പറഞ്ഞത്, “കാത്തുകൊള്ളണം നീ ആ തുറക്കാത്ത പുസ്തകം ഞാൻ വരണവരെ”

രണ്ടാമത്തെ പുസ്തകത്തിന്റെ താളുകൾ മറിച്ചുകൊണ്ടിരുന്നപ്പോൾ ആശ്വാസത്തിന്റെ കതിർ മുളയ്ക്കുന്ന മനസായിരുന്നു ചിന്നുവിന്. പത്ത് നൂറ്റാണ്ടിലേറെ നിലനിന്നിരുന്ന, ശൈവ കടന്നു കയറ്റത്തിൽ വേരെറിയപ്പെട്ടൊരു സംസ്കാരം!
ആലുകളും പുഴകളും നിറഞ്ഞ നഗരത്തിലെ ബുദ്ധസംസ്കാരത്തിന്റെ ഓർമ്മകളും പേറി  പുറപ്പെടുമ്പോൾ മാക്കോത വല്യപ്പൻ പറഞ്ഞിരുന്നു,”ഇനിയൊരു തിരിച്ചുവരവില്ല.”സർവ്വ ജന്മപാപങ്ങളിൽ നിന്നും മുക്തി നേടാനായി ബോധഗയയിലേക്കൊരു യാത്ര. ശേഷം ഗംഗാതീരത്ത് വിശ്രമം.
ഒരിക്കലുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാതെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഉറ്റവർ ഒരു സുപ്രഭാതത്തിൽ പടിക്കൽ ഒരിക്കൽകൂടി കണ്ടു, അവശനായി നിൽക്കുന്ന നീലകണ്ഠൻ മാക്കോതയെ. “കാത്തിരുന്നു മടുത്തൂ, എത്രനാളന്ന് വെച്ചാ...എനിക്കുള്ള ആറടി ഇവിടെത്തന്നെ ആദിചേരന്മാരായ കുട്ടവന്മാരുടെ നാട്ടിൽ.“ തിരിച്ച് വരവിന്റെ രണ്ടാം നാളിൽ തെക്കേപ്പുരയിടത്തിന്റെ കിഴക്കേമൂലയിൽ പ്ലാവിൻ വിറകിൽ എരിഞ്ഞടങ്ങിയ നീലകണ്ഠൻ മാക്കോതയെന്ന മുതുമുത്തച്‌ഛൻ.
കാലത്തെ നിയന്ത്രിക്കുന്ന അദൃശ കരങ്ങളുടെ വികൃതിയെന്ന് അമ്മൂമ്മയെഴുതി.
തിസീസിന്റെ വിഷയം ചരിത്രം നിറഞ്ഞ രണ്ടാമത്തെ പുസ്തകത്തിൽ നിന്നു തന്നെ മതിയെന്ന് തീരുമാനിക്കുമ്പോൾ ചിന്നുവിന്റെ ആശ്വാസം നാമ്പ് നീട്ടി പുറത്തേയ്ക്ക് വന്നിരുന്നു കൂടാതെ പൌരാണികത അവകാശപ്പെടുന്ന അമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര വൃഥാവിലായില്ലല്ലോയെന്ന ചിന്തയും.

ആദ്യപുസ്തകത്തിലെ കവിതകൾ ചിന്നു ഈണത്തിൽ ചൊല്ലാൻ തുടങ്ങിയപ്പോൾ അതിശയം പൂണ്ട ഗൌതമി, യശോധരയുടെ നേരെ ഇളയവൾ ചോദിച്ചത്, “എടീ യശോധേ   നെനക്കറിയാരുന്നോടീ നമ്മടമ്മ കവിതയെഴുതുമാരുന്നെന്ന്!”
“നാടൻ പാട്ടുപോലൊണ്ട്.’ മൈത്രേയൻ,  ആണിൽ രണ്ടാമൻ കവിതയിൽ രസിച്ച് തലയാട്ടി മുട്ടിൽ താളമടിച്ചു.
“ഗൌതമൻ മാമന്റെ ചെണ്ടയെവിടെയമ്മേ?”  മാമന്റെ ചെണ്ട നോക്കി ഇരുട്ട് മൂടിയ മുറികളുടെ ഉൾത്തടങ്ങളിലേക്ക് കാലുവെച്ചു രാഹുൽ.
“നല്ല കളിയായ്” മാമൻ ദൂരെയാത്രയിലെപ്പോഴെങ്കിലും ചെണ്ടയൊഴിവാക്കീട്ടൊണ്ടാടാ മോനേ. അവന്റെ ചങ്കാ...ചങ്ക്  വീട്ടീവെച്ചാരെങ്കിലും പോവ്വോ?”ഗൌതമി മോനെ കളിയാക്കി.
 “അമ്മൂമ്മേടെ കവിത കേട്ടാല് സമയം പോകുന്നതറിയില്ല.”
“എങ്കിലും എന്റെ ഗൌതമീ, അമ്മ ഇതൊക്കെ എപ്പോ എഴുതിയെടീ വിശ്വസിക്കാൻ പറ്റണില്ല. ഒരുവട്ടം കൂടി ഒന്ന് മിണ്ടിയിട്ടില്ല. അച്‌ഛൻ പോയേപിന്നെ ഇക്കണ്ട സ്വത്തും നോക്കി നമ്മള് പിള്ളേരേം വളർത്തി...എപ്പം സമയം കിട്ടീന്ന് എനിക്ക് ഓർക്കാൻ കൂടി പറ്റണില്ല്.”
“അതേടീ.. ഒരോന്നൊള്ളതിനെ വളർത്താൻ എന്തോരം പാടാ നമ്മള് പെടണത്. ഇപ്പോഴത്തെ പിള്ളേരൊക്കെ നമ്മളെപ്പോലാണോ. മൊബേലും കമ്പൂട്ടറൂം...തോനെ പഠിപ്പിച്ചാലും പിന്നേം പറേം തീർന്നില്ല തീർന്നില്ലാന്ന്. ദേ ഇവളൊണ്ടല്ലോ ചിന്നൂ, കെട്ടിക്കാൻ പ്രായായി..സമ്മതിക്കുവ്വോ. എത്ര ചെക്കന്മാരാ, നല്ല ഒന്നാന്തരം ആസ്ട്രെലിയാന്നും അമേരിക്കാന്നുമൊക്കെ...അവക്ക് പിടിക്കൂല ഒന്നിനേം...പഠിക്കണം പഠിക്കണം.തിസീസെന്നോ ഡോക്ടറെന്നൊക്കെയാ വായ തുറന്നാൽ.”
“രാഹുലും മോശമാണോ, എല്ലാം ഒരേ രക്തോല്ലേ. അമ്മേടെ ആഗ്രഹം കേട്ടപ്പഴേ ഗൌതമനെ ചട്ടം കെട്ടിയതാരാ? ഇവൻ രാഹുൽ” പൊറുക്കാൻ പറ്റാത്ത ഏതോ അപരാധം ചെയതവനെപ്പോലെ ഗൌതമിയുടെ ചൂണ്ടുവിരലും തള്ളവിരലും കൂടി രാഹുലിന്റെ കവിളിൽ തിരുകി മറിഞ്ഞപ്പോൾ മുറ്റത്തെ തുളസിത്തറയിൽ വിളക്ക് തെളിഞ്ഞിരുന്നു. രാഹുലിന്റെ കൈപിടിച്ച് ചിന്നു പുറത്തേക്ക് നടന്നു.

നീട്ടിയ കാൽ ചെണ്ടയിൽ വെച്ച് ഓടുന്ന തീവണ്ടിയിൽ ഗൌതമനിരുന്നു. സുബ്ബലക്ഷ്മി അമ്മ ഇളയമോന്റെ മടിയിൽ തലവെച്ചുറങ്ങുകയായിരുന്നു അപ്പോൾ. കാടും മലയും പുഴയും കടന്ന് വിജനതയിലൂടെ കുതിക്കുന്ന തീവണ്ടിയുടെ താളം പോകപ്പോകെ അവർക്ക് സുഖദമായതും അനിവാര്യമായതുമായിത്തീർന്നു.
ഇനീം ഒത്തിരി പോണോടാ?ഇരുന്നും കെടന്നും നടന്നും മടുത്ത് സുബ്ബലക്ഷ്മി അമ്മ ചോദിച്ചു.
“ഇത്രം വിചാരിച്ചില്ലല്ലേ? മൂത്തമോടെ വീട്ടീപ്പോണപോലെ  ഒരു ബസ് കേറിയെറങ്ങണ ദൂരമേ ഒള്ളുവെന്ന് കരുതിയാ.“
“അതല്ലട ഒന്ന് ബാത്‌റൂമീ പോണേലും കൂടി എന്ത് കഷ്ടപ്പാടാ. അതിന്റെ മുന്നിലെല്ലാം ആളല്ലിയോ? എനിക്കാണേല് മൂത്രോം പിടിച്ചിരിക്കണപോലൊരു പാട് വേറെയില്ല“.
“മുപ്പത്താറ് മണിക്കൂറ് യാത്ര. വേറേ മാർഗമില്ല.” ചെണ്ടയിൽ ചെറുതായൊന്ന് താളമിട്ട് കണ്ണനത് പറഞ്ഞപ്പോൾ കമ്പാർട്ട്‌മെന്റിലുള്ള പല തലകളും അങ്ങോട്ട് തിരിഞ്ഞു.
കാലിലും കൈകളിലും കെട്ടുകളുമൊക്കെയായ് നിലത്തുകൂടെ ഇഴഞ്ഞ് നീങ്ങി ഭിക്ഷചോദിച്ച് വന്നൊരാൾക്ക് ചില്ലറത്തുട്ട് നൽകി സുബ്ബലക്ഷ്മി അമ്മ പറഞ്ഞു, കഷ്ടം എന്തോരം ജീവിതങ്ങൾ...
സ്റ്റേഷനടുത്തപ്പോൾ അവർ പ്ലാറ്റ്ഫോമിലേക്ക് മിഴിനട്ടിരുന്നു. കരഞ്ഞുകൊണ്ട് ട്രയിൻ നിന്നു. അതുവരെ നിരങ്ങി നടന്നയാൾ അടുത്ത ട്രയിനായ് എഴുന്നേറ്റ് ഓടുന്നതു കണ്ടപ്പോൾ സുബ്ബലക്ഷ്മി അമ്മ തലയിൽ കൈവെച്ചു . ശിവ ശിവ എന്തെല്ലാം കാണണം! ഗൌതമൻ ചിരിച്ചു

“രാഹുൽ, എന്ത് ഭംഗിയുള്ള സ്ഥലമാ ഇത് അല്ലേ?” അറബിക്കടലിലേയ്ക്ക് വീഴുന്ന ചുവന്ന സൂര്യനെ നോക്കി നിൽക്കുകയായിരുന്നു രാഹുൽ.”അതേ പടിഞ്ഞാറ് കടലും കിഴക്ക് കായലും! കായലിൽ പൊങ്ങി കടലിൽ താഴുന്ന സൂര്യനെക്കാണാൻ പറ്റുന്ന ഇവിടത്തേക്കാൾ എന്ത് കേമമാണ് അമ്മാമയുടെ സ്വപ്നലോകത്തുള്ളതെന്ന് നീ ആലോചിച്ചിട്ടുണ്ടോ?പഞ്ചാര മണലിന്റെ നനുത്ത തണുപ്പിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കാണുന്ന സുഖംകിട്ടുമോ ആളൊഴിയാത്ത ഗംഗയിലെ ആരതിക്ക്?
ചിന്നു പതിയെ രാഹുലിന്റെ കൈയിൽ പിടിച്ചു.“നിനക്കറിയ്‌വോ രാഹുൽ, അമ്മൂമ്മയുടെ രണ്ടാമത്തെ ബുക്കിലെന്താണന്ന്...”നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു, ചിന്നൂ, അനന്തമായ ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങൾ...ഇവയൊക്കെ നക്ഷത്രങ്ങൾ തന്നെയെന്ന് എങ്ങനറിയാം പറ്റും നമ്മൾക്ക്..”
നക്ഷത്രങ്ങൾ ചിമ്മും. സ്വയം പ്രകാശത്താൽ...ബാക്കിയുള്ളവ ...ആരുടേയോ പ്രകാശത്താൽ തിളങ്ങാൻ വിധിക്കപ്പെട്ടവ.
“അമ്മാമ്മയുടെ സ്വപ്നലോകം! അതറിയണമെങ്കിൽ രണ്ടാമത്തെ പുസ്തകം വായിക്കണം. ചരിത്രമുറങ്ങുന്ന അമ്മാമ്മയുടെ മനസ് വേരുകൾ തേടിയിറങ്ങിയതിൽ അത്ഭുതപ്പെടാനില്ല.“ മുഖത്തടിച്ച മൊബൈൽ വെട്ടത്തിൽ താൽപ്പര്യമില്ലായ്‌മ മനസിലാക്കിയിട്ടെന്നോണം ചിന്നു ചോദിച്ചു,”നിനക്കറിയ്‌വോ നിന്നെ എല്ലാരും ‘കുട്ടൻ‘ എന്ന് വിളിക്കുന്നതിന്റെ ചരിത്രം?” ഹൈന്ദവ തേരോട്ടത്തിൽ കശക്കിയെറിയപ്പെട്ട കുട്ടവന്മാരുടെ സംസ്കാരം..തെളിവിനായ് അവശേഷിപ്പിക്കുന്നത് തോട്ടിലെറിയപ്പെട്ട കരുമാടിക്കുട്ടന്മാർ മാത്രം. ഒരു വിദേശി വേണ്ടി വന്നു  കുട്ടനെ പൊക്കി പമ്പാനദിക്കരയിൽ   പുനസ്ഥാപിക്കാൻ. ആധുനിക കൊച്ചിയുടെ സ്ഥാപകനായ സാക്ഷാൽ റോബർട്ട് ബ്രിസ്റ്റോ..

ദൂരങ്ങൾ താണ്ടി, ഇല്ലാത്ത അവധി ഉണ്ടാക്കി വീടിന്റെ കോലായിലിരുന്നപ്പോൾ മറവിയുടെ കാണാക്കയങ്ങളിലേയ്ക്ക് എന്നോ വലിച്ചെറിയപ്പെട്ട കാര്യങ്ങൾ ആധുനികതയ്ക്ക് നിരക്കാത്തതായി തോന്നിയെങ്കിലും  അമ്മയുടെ തിരിച്ച് വരവിനും വേണ്ടി കാത്തിരുന്ന അവർക്ക് ആശയുടെ ലോകത്തിലേയ്ക്കുള്ള വാതായനമായിരുന്നു ട്രങ്ക് പെട്ടിയിലെ മൂന്നാമത്തെ പുസ്തകം. നിത്യേനയുള്ള ഫോൺ വിളിയുടെ സമയം തെറ്റിയപ്പോൾ ആശങ്കയുടെ മിന്നായം കണ്ട പെണ്മക്കൾ ഒറ്റസ്വരത്തിൽ പറഞ്ഞു, “ആനന്ദേട്ടാ, വിളിച്ചൂടെ ഗൌതമനെ”
തണുപ്പുള്ളതും വിറങ്ങലിക്കുന്നതുമായ ശബ്ദമായിരുന്നു മറുതലക്കൽ.
“വാരാണാസി, സാരാനാഥ്. അവിടേന്ന് ബോധഗയ.പിന്നെ മടക്കത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പക്ഷേ...ഹോട്ടൽ മുറിയിൽ തന്നെ...” ഗൌതമന്റെ ശബ്ദം മുറിഞ്ഞു. “കുഴഞ്ഞുവീഴുകയായിരുന്നു.എന്താ ചെയ്കയെന്നറിയില്ല.“
“കഴിഞ്ഞോ?”
ധ്യാനത്തിലമർന്ന നിമിഷങ്ങൾ...
‘ആനന്ദാ... ആരും കരയരുത്. നാശം അനിവാര്യമാണ്. സഹജമാണ്. ശ്രദ്ധയോടെ മോക്ഷത്തിനായ് പ്രയത്നം ചെയ്യുക.’
കരയാൻ തയ്യാറായി നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി അരുതെന്ന് വിലക്കുമ്പോൾ മറുതലക്കൽ വീണ്ടും ചോദ്യം,.
:“എന്താ ചെയ്യേണ്ടേ?”
“ത്രിവേണീലൊഴുക്കുക.ബാക്കി പാപനാശത്തും.”

വെള്ളിനൂലഴിഞ്ഞു. അക്ഷരങ്ങളില്ലാത്ത താളുകൾ വേഗം മറിഞ്ഞുകൊണ്ടിരുന്നു. അവസാന താളിൽ കണ്ണുടക്കി ആശയോടെ അവർ വായിച്ചു.”മാക്കോത വല്യപ്പന് നഷ്ടമായതെനിക്ക് വേണം. തിരിച്ച് വരവില്ലാത്തൊരു ലോകത്തേക്ക് പോണം. ആരും സങ്കടപ്പെടേണ്ട നിങ്ങൾക്കുള്ളത് എന്റെ തോൾ സഞ്ചിയിലുണ്ട്. ”
“അമ്മ ഭാഗ്യവതിയാ...സ്നേഹവതിയാ...നമ്മളെ മറന്നില്ല.”  ഗൌതമി ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു.
ഗൌതമൻ ഗംഗയുടെ തീരത്തായിരുന്നു.എരിഞ്ഞടങ്ങുന്ന ചിതയുടെ വെട്ടം ഗംഗാതീരത്തെ ഇരുട്ടിനെ കവർന്നെടുത്തിരുന്നു അപ്പോൾ.
മൈത്രേയൻ ഊഴവും കാത്തിരുന്നു.


(തൻ‌ഹ- ദുഃഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹം)

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്വാർത്ഥതയുടേയും സ്നേഹത്തിന്റേയും രണ്ടു മുഖങ്ങൾ..അല്ലെങ്കിൽ ലോകങ്ങൾ വിശാലമായി വർച്ചിട്ടിരിക്കുന്നു. ഇഷ്ടപ്പെട്ട.

Anupam K Prasad said...

കഥ കൊള്ളാം. എനിക്ക് ഇഷ്ടമായി.

Sathees Makkoth said...

ശ്രീ അറങ്ങോട്ടുകര മുഹമ്മദ്, ശ്രീ അനുപം,
ബ്ലോഗുകൾ വായിക്കാൻ ഇപ്പോഴും ആളുകളുണ്ടന്നത് സന്തോഷം തരുന്നു.
നന്ദി

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP