Followers

കോളാമ്പിപ്പൂക്കൾ

Saturday, April 13, 2013

വായനശാലയില്‍ നിന്നും കമ്പനി ഗ്രൌണ്ടിലേയ്ക്കുള്ള റോഡിന്റെ ഇടതുവശത്തായി നില്‍ക്കുന്ന വലിയ കൊന്നത്തെങ്ങിന്റെ ഏകദേശം ഒത്ത നടുക്കായിട്ടായിരുന്നു പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
 ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണനിറത്തില്‍ പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് എന്നെഴുതിയിരിക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു.
 ‘തെങ്ങേൽ ക്ലബ്ബ്’എന്ന ഓമനപ്പേര് ‘പൗർണ്ണമി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്‘ നൽകിയത് സദാപ്പൻ ചിറ്റയാണ്.
 ക്ലബ്ബിന് സ്വന്തമായി സ്ഥലമില്ല...കെട്ടിടമില്ല...അങ്ങനെ...പലപല കാരണങ്ങളുണ്ട് തെങ്ങേൽ ക്ലബ്ബ് എന്ന പേരിനെ ന്യായീകരിക്കാൻ സദാപ്പൻ ചിറ്റയുടെ കൈവശം . ക്ലബ്ബിന്റെ പേരുവെച്ച ബോർഡ്‌ പാക്ക്ന്റെ തെങ്ങേലാണുപോലും!
 യുവജനതയെ ഒന്നടച്ചാക്ഷേപിക്കുന്ന സദാപ്പൻ ചിറ്റയുടെ പ്രഖ്യാപനത്തിനെതിരെ ഒരു പ്രതിക്ഷേധ പ്രകടനം നടത്താൻ അടിയന്തിര യോഗം വിളിച്ചുകൂട്ടാൻ തീരുമാനിച്ചെങ്കിലും, അതിനെതിരേയും സദാപ്പൻ ചിറ്റയുടെ ആക്രമണമുണ്ടായി!
 ‘ചാറ്റൽ മഴയോ കാറ്റോ ഉണ്ടങ്കിൽ കമ്മറ്റി കൂടുന്നതല്ലായിരിക്കുമെന്ന്’നോട്ടീസിനടിയിൽ എഴുതിച്ചേർക്കണമെന്നുള്ളതായിരുന്നു സദാപ്പൻ ചിറ്റയുടെ പുതിയ ആവശ്യം! മാഞ്ചുവട്ടിൽ കമ്മറ്റി കൂടുന്നതിനാണ് ഈ പുതിയ കളിയാക്കൽ... ക്ലബ്ബിന് സ്വന്തമായി സ്ഥലമോ ഓഫീസോ ഇല്ലന്നുള്ളത് സത്യം. അതിന് ഇത്രയും അധിക്ഷേപിക്കണോ? ഓഫീസില്ലാത്ത ക്ലബ്ബുകളൊന്നും കമ്മറ്റി കൂടാറില്ലേ?
 സദാപ്പൻ ചിറ്റയോട് തർക്കിച്ച് ജയിക്കുന്നത് അത്ര എളുപ്പമല്ല. അഞ്ചുകണ്ണന് ശരിക്കും ദേഷ്യം വന്നു. സ്വന്തം വള്ളിനിക്കറിന്റെ വള്ളി ഒരെണ്ണം വലിച്ച് പൊട്ടിച്ച് അവൻ ദേഷ്യം തീര്‍ക്കുകയും ചെയ്തു. പൊട്ടിയ വള്ളിയുമായി വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ചോര്‍ത്ത് അഞ്ചുകണ്ണന്റെ മുട്ടിടിച്ചു. ചൂരല്‍പ്പാട് വീഴാന്‍ അവന്റെ തുടയില്‍ സ്ഥലവും മിച്ചമില്ലായിരുന്നു.അപ്പുക്കുട്ടന്‍ അഞ്ചുകണ്ണന്റെ പൊട്ടിയ വള്ളി ഒരു വിധം തുന്നിച്ചേര്‍ത്ത് പിടിപ്പിച്ചു.
 അമ്മൂമ്മ കുടെക്കൂടെ പറയാറുണ്ടായിരുന്ന വാചകം അപ്പുക്കുട്ടന്‍ അഞ്ചുകണ്ണനെ കേള്‍പ്പിച്ചു. “മലന്നുകിടന്ന് തുപ്പിയാലേ..സ്വന്തം ദേഹമേ വൃത്തികേടാവൂ...” “ഈ അഞ്ചുകണ്ണനെ ശരിക്കുമറിയാഞ്ഞിട്ടാ...നിന്റെ ചിറ്റയായതുകൊണ്ടാ...” അഞ്ചുകണ്ണന്‍ ചൊരിമണല്‍ ചവുട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നുമറഞ്ഞു.
 അപ്പുക്കുട്ടനെ എതിരില്ലാതെ തെരെഞ്ഞെടുത്തതാണ് സെക്രട്ടറിയായി! സെക്രട്ടറിയുടെ കുടുംബാംഗമാണിപ്പോൾ ക്ലബ്ബിന്റെ പേരു പോലും മാറ്റിയിരിക്കുന്നത്! ശത്രു പാളയത്തിൽ തന്നെ... മനുഷ്യരെ ആക്ഷേപിക്കുന്നതിന് ഒരതിരില്ലേ...
കാരംബോർഡ്, ഷട്ടിൽ ബാറ്റ്, തടികൊണ്ട് വെട്ടിയുണ്ടാക്കിയതാണെങ്കിലും ഒറിജിനലിനെ വെല്ലുന്ന ക്രിക്കറ്റ് ബാറ്റ്...ചെസ്സ് ബോർഡ്...അങ്ങനെ എന്തെല്ലാം...എന്തെല്ലാം...ക്ലബ്ബിന് സ്വന്തമായി ഉണ്ട്. പുതിയ ഷട്ടിൽ ബാറ്റിനും നെറ്റിനും പഞ്ചായത്തിൽ അപേക്ഷയും കൊടുത്തിട്ടുണ്ട്. സ്വന്തമായി സ്ഥലവും ഓഫീസുമില്ലാത്ത ക്ലബ്ബുകളൊന്നും ക്ലബ്ബുകളല്ലേ? എങ്കിൽ പിന്നെ എങ്ങനെ ക്ലബ്ബിന് രജിസ്ട്രേഷൻ കിട്ടി. രജിഷ്ട്രേഷൻ നമ്പർ ‘പൗർണ്ണമി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ്’ എന്നെഴുതിയിരിക്കുന്നതിന്റെ തൊട്ടു താഴെ എഴുതിയിട്ടുമുണ്ട്.
 മനുഷ്യകുലത്തിന് ജന്മനാ കിട്ടിയ വൈകല്യമാണോ കുറ്റം കണ്ടുപിടിക്കുകയും പരിഹസിക്കുകയുമെന്നത്... അസൂയാലുക്കളും പുരോഗമനചിന്താഗതിക്കാരുമല്ലാത്ത കശ്മലന്മാര്‍ പൌര്‍ണ്ണമി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിനെ പൊതുജന മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ പലപല വിധത്തില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കുപ്രചാരണങ്ങള്‍ നടത്തുന്ന കുബുദ്ധികളില്‍ നിന്നും ക്ലബ്ബിനെ രക്ഷിക്കുകയെന്ന ചുമതല സെക്രട്ടറി എന്ന നിലയില്‍ അപ്പുക്കുട്ടന്റെ തലയില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു.

 മഞ്ഞുള്ള വെളുപ്പാൻ കാലത്തെ തണുപ്പിൽ പുതപ്പിനടിയിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നതിന്റെ സുഖം! കൈകൾ രണ്ടും കാലുകൾക്കിടയിൽ തിരുകി തണുപ്പിന്റെ സുഖത്തിൽ ലയിച്ചുകിടന്ന അപ്പുക്കുട്ടന്റെ ഉറക്കം കെടുത്തിയത് അമ്മയാണ്... കാലുകൾക്കിടയിൽ നിന്നും കൈകൾ സ്വതന്ത്രമാക്കി അപ്പുക്കുട്ടൻ കാതുകൾ പൊത്തി തിരിഞ്ഞു കിടന്നു.
 വിളിച്ചുമടുത്ത അമ്മയുടെ കൈകൾ അപ്പുക്കുട്ടന്റെ ചന്തിയിലമർന്നു! “ആരെങ്കിലും കാണാൻ വന്നേലെങ്കിലും ഒന്നെണീറ്റുകൂടേ...അവന്റൊരു കെടപ്പ്..ഇനി ഞാൻ വെള്ളം കോരി ഒഴിക്കും...പറഞ്ഞേക്കാം...” അപ്പുക്കുട്ടനെ കാണാനും ആൾക്കാരോ! അമ്മയ്ക്ക് തെറ്റിയതാരിക്കും. പൊതുജനപ്രവർത്തനവുമായി നടക്കുന്ന അച്ഛനെ കാണാൻ പലരും വരാറുണ്ട്. പാതിരാത്രിയെന്നോ പത്തുവെളുപ്പിനെന്നോ ഭേദമില്ലാതെ...അങ്ങനെ വല്ലതുമായിരിക്കും. അപ്പുക്കുട്ടൻ ഒന്നുകൂടി തിരിഞ്ഞുകിടന്നു. ശരീരം മൂടിക്കെട്ടിയിരുന്ന പുതപ്പ് എടുത്തെറിയപ്പെടുന്നതും തണുപ്പ് ശരീരത്തെ വലയം ചെയ്യുന്നതും അപ്പുക്കുട്ടനറിഞ്ഞു.തുടയ്ക്കിട്ട് കിട്ടിയ ശക്തിയായ അടി തണുപ്പിനെ ചൂടിലേക്ക് മാറ്റുന്നതും അപ്പുക്കുട്ടനറിഞ്ഞു.
 “ആ ഗോപാലൻ വന്നു നിക്കുന്നു നിന്നെക്കാണാനായ്...കാലിന് സുഖമില്ലാത്ത മനുഷ്യനാ...ചെന്ന് വേഗം കാര്യമെന്താണെന്ന് തിരക്ക്...” അപ്പുക്കുട്ടൻ കണ്ണുതുറന്നപ്പോൾ അമ്മയെ കാണാനില്ലായിരുന്നു.
 നല്ല ശകുനം ആരാണന്നറിയാനായ് അപ്പുക്കുട്ടൻ മുറ്റത്തേക്ക് ചെന്നു. ഏകദേശം അറുപത് വയസ്സോളം പ്രായമുള്ള ഒരു മനുഷ്യൻ... മുറ്റത്തിന്റെ മദ്ധ്യത്തായ് വീടിനേക്കാളും ഉയരത്തിൽ വളർന്ന് നിൽക്കുന്ന ആര്യവേപ്പ്. അതിൽ നിറയെ മഞ്ഞപ്പൂക്കളുമായ് പടർന്ന് കിടക്കുന്ന വള്ളിക്കോളാമ്പി.അപ്പുക്കുട്ടനതൊരു പുതിയ കാഴ്ചയല്ല.
 അപ്പുക്കുട്ടനെ കാണാൻ വന്നയാൾ ചാണകം മെഴുകിയ തറയിലിരുന്നുകൊണ്ട് ആര്യവേപ്പിലേക്ക് പടർന്ന് കിടക്കുന്ന കോളാമ്പിപ്പൂക്കളുടെ ഭംഗിയുമാസ്വദിച്ചുകൊണ്ടിരിക്കുന്നു. അപ്പുക്കുട്ടന്റെ കാല്‍പ്പെരുമാറ്റം കേട്ട് ആ വൃദ്ധൻ തിരിഞ്ഞുനോക്കി. കട്ടിളയിൽ പിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ നിന്നു.                                                                                                                                                              “നല്ല കോളാമ്പി പൂക്കൾ...ഇത് ആര്യവേപ്പാണോ, അതോ കോളാമ്പിച്ചെടിയാണോന്ന് സംശയം വരും!”
 ‘കോളാമ്പിയുടെ ഭംഗി പറയാനാണോ ഇങ്ങേര് ഈ വെളുപ്പാൻ കാലത്ത് എന്നെ വിളിച്ചുണർത്തിയത്. വാടിവീഴുന്ന പൂക്കൾ വൃത്തിയാക്കുന്നതിന്റെ പാട് എനിക്കേ അറിയൂ...’ പറയണമെന്ന് തോന്നിയെങ്കിലും അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. ഒരു നേരിയ ചിരി വരുത്തിക്കൊണ്ട് അവൻ കട്ടളയിൽ പിടിച്ച് ആടിക്കൊണ്ട് നിന്നു.
 “നിനക്കറിയില്ലേ ഗോപാലനെ...” അമ്മയാണ്. കണ്ടത്തിപ്പറമ്പിലെ പുതിയ താമസക്കാരാ... അപ്പുക്കുട്ടന് ആ മുഖം പരിചിതമായ് തോന്നി.പക്ഷേ... വൃദ്ധൻ ഊന്ന് വടിയിൽ താങ്ങി അവശമായ ശരീരത്തെ ഉയർത്തി. ഈ ഊന്നുവടി...ഇത് പണ്ട് ഈ മനുഷ്യനെ കണ്ടപ്പോൾ ഇല്ലായിരുന്നു.അപ്പുക്കുട്ടന് എന്തോ ഒരു അവ്യക്തത തോന്നുണ്ടായിരുന്നു. അപ്പുക്കുട്ടന്റെ മനസ്സിലിരിപ്പ് മനസ്സിലാക്കിയിട്ടെന്നോണം ആ മനുഷ്യൻ പറഞ്ഞു. “മോനേ, ദാ കിടക്കുന്ന കോളാമ്പി പൂക്കളില്ലേ...ഇന്നലെ അവ അഹങ്കരിച്ചിരുന്നു.ഇന്നലെ അവ ഒരു പക്ഷേ ആര്യവേപ്പിന്അലങ്കാരവുമായിരുന്നു...പക്ഷേ ഇന്ന്... ചൂലിനാൽ അടിച്ച് മാറ്റപ്പെടാനായ് കിടക്കുന്നു.” അപ്പുക്കുട്ടൻ അമ്മയെ നോക്കി. അമ്മ കണ്ണു തുടയ്ക്കുകയായിരുന്നു. “ഞാനും ഈ കോളാമ്പിപ്പൂവിനെപ്പോലെയാണിപ്പോൾ...എന്റെ മോന്റെ പ്രായം പോലുമില്ലാത്ത നിന്നോട് ഞാനപേക്ഷിക്കുകയാണ്...ഒരു സഹായത്തിനായ്..”

 പിന്നെ സംസാരിച്ചത് അമ്മയാണ്. ആണിരോഗം കടുത്തതുകൊണ്ട് ആ മനുഷ്യന്റെ വലത് കാൽ മുറിച്ച് മാറ്റേണ്ടിവന്നു. ഇപ്പോൾ ഒരു ജീവിതമാർഗം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്...പഴയ തടിമില്ലിലെ പണി എങ്ങനെ ചെയ്യാനാണ്... “നീയൊക്കെ ക്ലബ്ബെന്നും പറഞ്ഞ് പന്തും കളിച്ച് നടക്കുന്ന സമയത്ത് ഇങ്ങനെയുള്ളവർക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്യ്...അങ്ങേർക്ക് ലോട്ടറി കച്ചവടം ചെയ്യണമെന്നുണ്ട്...പറ്റുമെങ്കിൽ എല്ലാരും കൂടി ഒരു വീൽചെയർ വാങ്ങിക്കൊടുക്കാൻ നോക്ക്...”

 അടിയന്തിര പൊതുയോഗം മാഞ്ചുവട്ടിൽ വിളിച്ചുകൂട്ടി. ഇത്തവണ സദാപ്പൻ ചിറ്റ കളിയാക്കിയില്ല. ചാറ്റൽ മഴയോ കാറ്റോ പൊതുയോഗത്തെ തടസപ്പെടുത്തിയില്ല. പിന്നീട് പലപ്പോഴും അപ്പുക്കുട്ടന്റെ നല്ല ശകുനം വീൽചെയറിൽ ലോട്ടറിയുമായ് പോകുന്ന ആ മനുഷ്യനായിരുന്നു.

                                                               -----

 പൗർണ്ണമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ബോർഡ് വെച്ചിരുന്ന തെങ്ങ് പാക്കന്റെ പുതിയ വീടിന്റെ കോടിക്കഴുക്കോലായ് മാറിക്കഴിഞ്ഞിരുന്നു. തെങ്ങേൽ ക്ലബ്ബും ചാറ്റൽ മഴയും ഓർമ്മയിൽ ഓർത്തോത്ത് ചിരിക്കാനുള്ള വകകളായ് മാറി. അഞ്ചുകണ്ണന്റെ വള്ളിനിക്കർ സ്വപ്നത്തിലെ ഓർമ്മകളായി. എല്ലാ ഓർമ്മകളും പേറി ആര്യവേപ്പ് നിലകൊണ്ടു. പക്ഷേ അതിലെ കോളാമ്പി വള്ളികളിന്നില്ല. വാടി വീണ് മുറ്റം വൃത്തികേടാക്കുന്ന പൂക്കളുമിന്നില്ല. ലോട്ടറിക്കച്ചവടത്തിനായ് ഗോപാലന്റെ വീൽചെയറുരുണ്ടിരുന്ന പൊടിപറത്തുന്ന പൂഴിറോഡ് ടാർ ചെയ്യപ്പെട്ടിരിക്കുന്നു. ചാണകം മെഴുകിയ തറയിന്ന് മാർബിളിന് വഴിമാറിയിരിക്കുന്നു. മാറ്റം ഒഴിച്ചുകൂടാത്തതാണ്!

 ടൗണിൽ നിന്നും തിരിച്ചുള്ള യാത്രയിലായിരുന്നു അപ്പുക്കുട്ടൻ. കൂടെ അമ്മയുമുണ്ടായിരുന്നു. മെയ് മാസത്തിലെ വെയിലിൽ നിന്നും രക്ഷനേടാനായ് ബസ് ഇറങ്ങിയപ്പോഴേ അമ്മ കുട നിവർത്തിയിരുന്നു.
 “എന്തൊരു ചൂടാ...ഓരോ വർഷം ചെല്ലുന്തോറും ചൂട് കൂടിക്കൂടി വരുന്നതായാ തോന്നുന്നത്”. അമ്മ പറയുന്നത് അപ്പുക്കുട്ടൻ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്നു. “ഒരു ഏസി വാങ്ങണം. ഏസിയില്ലാതെ കോൺക്രീറ്റിന് താഴെ കഴിയുന്നതേ വളരെ കഷ്ടപ്പാടാ...കറന്റ് ചാർജ് ഇത്തിരി കൂടുമെന്നേ ഒള്ളൂ. എങ്കിലും സമാധാനമായിട്ട് കിടന്നുറങ്ങാമല്ലോ...”
 കറന്റ് കട്ട് വന്നാൽ എന്ത് ചെയ്യണമെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അപ്പുക്കുട്ടന്. പക്ഷേ ചോദിച്ചില്ല. ഇനി ജനറേറ്ററുകൂടി വാങ്ങണമെന്ന് പറഞ്ഞാലോ...

 പാലത്തിന്റെ ഇറക്കത്തിലെ വളവ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ഒരു ചുവന്ന കാർ വളരെ വേഗത്തിൽ അപ്പുക്കുട്ടനെ കടന്നുപോയി.
 “ഓ...ഇപ്പോ ഇടിച്ചേനേ..ഇങ്ങനേമുണ്ടോ ആൾക്കാര്...കാറു കൈയീക്കിട്ടിക്കഴിഞ്ഞാ പിന്നെ മനുഷ്യേനെ കാണാത്ത മാതിരിയാ...” അപ്പുക്കുട്ടൻ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
പാഞ്ഞ് പോയ കാർ കുറച്ച് മുന്നോട്ട് ചെന്ന് പെട്ടെന്ന് നിന്നു. പിന്നെ അത് അതിവേഗത്തിൽ പുറകിലോട്ട് വന്നു.കാറിന്റെ പിൻ സീറ്റിലെ ചില്ല് താഴ്ന്നു.
 അപ്പുക്കുട്ടന് ആ മുഖം പരിചിതമായ് തോന്നി. അവന്റെ മുഖത്ത് ഒരു ചിരി മൊട്ടിട്ടു.ഓർമ്മകളൊക്കെ പുറകിലോട്ട് പോകുന്നതുപോലെ...
 “ഹോം അപ്ലൈൻസീന്നാണോ? ഏസി കേടായെന്ന് വിളിച്ച് പറഞ്ഞിരുന്നു.”
 “അല്ല.” ഉത്തരം പറഞ്ഞത് അമ്മയാണ്. കാർ പുറകോട്ട് വന്നതിനേക്കാൾ വേഗതയിൽ മുന്നോട്ട് കുതിച്ചു.
 “വിക്കാതെ പോയ ഒരു ടിക്കറ്റിന് ഒന്നാം സ്ഥാനം കിട്ടി.കാലം പോയ പോക്കേ...“അമ്മ പറയുന്നുണ്ടായിരുന്നു.  അപ്പുക്കുട്ടന്റെ മനസ്സിലപ്പോൾ വാടിവീണ കോളാമ്പിപ്പൂക്കളായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP