ഒരു വിവാഹ വാര്‍ഷികദിനത്തിന്റെ ഓര്‍മ്മയ്ക്ക്
Monday, April 16, 2007
ശ്രീമതിയേയും കൊണ്ട് മിനര്‍വയില്‍ ഇന്നേ ദിവസം പോകാമെന്ന് നേരത്തേ വാക്കുകൊടുത്തിരുന്നതാണ്.
മിനര്‍വയില്‍ വെച്ചായിരുന്നു ഇത്തവണത്തെ ആനുവല്‍ സെയില്‍സ് കോണ്‍ഫറന്‍സ്. അവിടെ പോയിട്ട് വന്നതിന്ശേഷം പൊടിപ്പും തൊങ്ങലും വെച്ച് കഴിച്ചതും കഴിക്കാത്തതുമായ വിഭവങ്ങളുടെ പട്ടിക വിളമ്പിയപ്പോള്‍ തുടങ്ങിയതാണവളുടെ പൂതി. മിനര്‍വയില്‍ പോകണമെന്നത്.
അങ്ങനെയാണ് ഈ വിവാഹവാര്‍ഷികത്തിന് മിനര്‍വയില്‍ പോകാമെന്ന് വാക്കുകൊടുക്കുന്നത്.
വാക്കുകൊടുത്താല്‍ പാലിക്കണമല്ലോ?
നേരത്തേ പോരാനുള്ള അനുവാദവും വാങ്ങി ഓടിപ്പിടിച്ച് വീട്ടിലെത്തി. ബെല്ലടിച്ച് കുറേനേരമായിട്ടും കതകു തുറക്കുന്നില്ല.
ഇവള്‍ക്കിതെന്തു പറ്റി. ഒരുക്കമായിരിക്കും. ഞാന്‍ കരുതി. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഒന്നു രണ്ട് മണിക്കൂറെടുക്കുമല്ലോ.
ബെല്ലില്‍നിന്നും കൈയെടുക്കാതെ വെച്ചുകൊണ്ടിരുന്നു.
പ്‌ടേ... എന്ന ശബ്ദത്തില്‍ കതക് മലര്‍ക്കേ തുറക്കപ്പെട്ടു.
ഇതെന്താ പതിവില്ലാത്ത വിധത്തിലൊരു കതകു തുറപ്പ്... ഞാന്‍ വിചാരിച്ചു.
ചിലപ്പോള്‍ മിനര്‍വയില്‍ പോകാനുള്ള ധൃതികൊണ്ടായിരിക്കും.
മുല്ലപ്പൂവും ചൂടി പട്ട് സാരിയും ചുറ്റി നില്‍ക്കുന്ന ശ്രീമതിയേയും പ്രതീക്ഷിച്ച് കൊണ്ട് നിന്ന ഞാന്‍ അത്ഭുതപ്പെട്ടുപോയി.
അവള്‍ ഒരുങ്ങിയിട്ടില്ലന്ന് മാത്രമല്ല; കരഞ്ഞുകലങ്ങിയ കണ്ണുകളുമയി മുഖം മത്തങ്ങപോലെ വീര്‍പ്പിച്ച് നില്‍ക്കുന്നു.
ഇതെന്തൊരു കൂത്ത്!
“എന്തുപറ്റിയെടി മോളെ. കതക് തുറക്കാന്‍ താമസിച്ചപ്പോള്‍ ഞാന്‍ കരുതി നീ ഒരുങ്ങുകയായിരിക്കുമെന്ന്. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്കൊന്നൊരുങ്ങി ഇറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ പലതുവേണമല്ലോ...” സ്ഥിതിഗതികള്‍ വഷളാണന്ന് മനസ്സിലാക്കിയതിനാല്‍ അല്‍പം പഞ്ചാര ചേര്‍ത്താണ് പറഞ്ഞത്.
പക്ഷേ എന്തുചെയ്യാം...
പെണ്ണിന്റെ വായില്‍നിന്നുവരുന്നത് മുന്‍കൂട്ടി പറയാന്‍ പറ്റുകേലല്ലോ.
“അതിന് നിങ്ങള്‍ക്ക് ഏതൊക്കെ പെണ്ണുങ്ങളെ അറിയാം?”
ശ്രീമതി എബൗട്ടേണ്‍ അടിച്ചു.മുടിത്തുമ്പ് അര്‍ദ്ധവൃത്താകൃതി വരച്ച്കൊണ്ട് എന്റെ മുഖത്തടിച്ചു.
അമ്പമ്പോ... ഇതു സംഗതി സീരിയസ്സാണ്.
ഞാന്‍ അകത്ത് കയറി തുണിയൊക്കെ മാറി വന്നു.
“എന്താ പോകേണ്ടേ?” ഒരനക്കവുമില്ല. അശോകവനത്തിലെ സീതയുടെ തേങ്ങല്‍ അടുക്കളയില്‍നിന്നും കേള്‍ക്കാം.
വന്നിട്ട് ഇത്ര നേരമായിട്ടും ഒരു ഗ്ലാസ് വെള്ളം പോലും തന്നിട്ടില്ല.
സാധാരണ വന്നുകയറിയാലുടനെ ചായവേണോ,ബിസ്കറ്റ് വേണോ,നാരങ്ങാവെള്ളം ഉപ്പിട്ട് വേണോ,പഞ്ചാരയിട്ട് വേണോ എന്നൊക്കെ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി എത്തുന്നവളാണ്. ഇവള്‍ക്കിന്നിതെന്തുപറ്റി?
“അല്ല. എന്തു പറ്റി? മിനര്‍വയില്‍ പോകേണ്ടേ?” ഞാന്‍ ചോദിച്ചു.
“വേണ്ട. ഞാനെങ്ങോട്ടുമില്ല നിങ്ങളുടെ കൂടെ. വൃത്തികെട്ട മനുഷ്യന്‍.” അടുക്കളയില്‍ നിന്നും ശബ്ദമുയര്‍ന്നു.
വേണ്ടങ്കില്‍ വേണ്ട. അതും ലാഭം. ഞാന്‍ മനസില്‍ കരുതി. എങ്കിലും എന്നെ വൃത്തികെട്ടവനെന്ന് ഇവള്‍ വിളിച്ചതെന്തിനാണ്...
അറിയാതെ എന്റെ കൈ ശരീരം മുഴുവന്‍ ഓടി. ഇല്ല. ഞാന്‍ ഡീസന്റാ...
“പോകേണ്ടങ്കില്‍ പോകേണ്ട. ഒരു ചായയെങ്കിലും തന്നൂടെ.” ശബ്ദത്തില്‍ ദയനീയത വരുത്തി ഞാന്‍ ചോദിച്ചു.
അവളടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നെന്ന് തോന്നുന്നു. ചോദിച്ച ഉടനെ കൊണ്ടുവരുന്നു. പക്ഷേ കൈയില്‍ തന്നില്ല. ഗ്ലാസ് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിന്റെ മുകളില്‍ ഒറ്റയിടി. ഭാഗ്യം. പൊട്ടിയില്ല.
ഏതായാലും നല്ലൊരു ദിവസം പൊയ്ക്കിട്ടി. എന്തെങ്കിലും വായിച്ചു കളയാം. ഷെല്‍ഫില്‍നിന്നും കൈയില്‍ കിട്ടിയ ഒരു പുസ്തകം വലിച്ചെടുത്തു.
'അനുരാഗത്തിന്റെ ദിനങ്ങള്‍'
ഇതെങ്കില്‍ ഇത്. പലവട്ടം വായിച്ചിട്ടുള്ളതാണ്. സാരമില്ല. ഒന്നുകൂടി വായിച്ചേക്കാം. ഞാന്‍ വിചാരിച്ചു.
പുസ്തകം തുറന്നില്ല. അതിന് മുന്നേ വരുന്നു അവള്‍ പാഞ്ഞുപിടിച്ച്.
“നിങ്ങക്കീ ഒറ്റ പുസ്തകമേ വായിക്കാനുള്ളോ? ഇത് പലപ്രാവശ്യം വായിക്കുന്നത് കണ്ടപ്പോഴേ തോന്നിയതാ നിങ്ങളാളു ശരിയല്ലന്ന്.”
“അതിപ്പോഴാണോ മനസ്സിലായത്?” ഞാന്‍ ചിരിച്ചു.
അത്താഴം വിളമ്പിയതും പുതിയ സ്റ്റൈലില്‍!
പത്രക്കാരന്‍ സൈക്കിളില്‍നിന്നിറങ്ങാതെ ന്യൂസ് പേപ്പര്‍ വീടിന്റെ വരാന്തയിലേക്കെറിയുന്ന പോലെ പ്ലേറ്റൊരണ്ണം.
പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതിവിതരണം നടത്തുന്നതുപോലെ കറികളും ചോറുമെല്ലാം പാത്രത്തില്‍ വന്നു വീണു.
ഇത്രടമായിട്ടും ഇവളെന്താണ് കാര്യം പറയാത്തത്? ഏതായാലും ചോദിച്ച് കളയാം.
“എന്താണെടീ പെണ്ണേ പ്രശ്നം? നല്ലൊരു ദിവസമായിട്ട് എന്തിനാ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്?”
“നിങ്ങക്കൊന്നുമറിയില്ല. അല്ലേ? എങ്കിലും എന്നോട് വേണ്ടായിരുന്നു ഈ ചതി. സുനിതയെ അറിയുമോ നിങ്ങക്ക്?”
“സുനിതയോ? അറിയാം.” ഞാന്‍ ഉത്തരം കൊടുത്തു.
“ത്രിശൂരിന്നുള്ള സുനിതയെ നിങ്ങക്കറിയുമോ?” അവള്‍ ഒന്നുകൂടി തറപ്പിച്ച് ചോദിച്ചു.
“അറിയാം.” ഞാന്‍ നിഷ്കളങ്കന്‍. മനസ്സിലൊന്നുമില്ല. സത്യം പറഞ്ഞു.
പിന്നെക്കേട്ടത് ഒരലര്‍ച്ചയായിരുന്നു,“എന്റെ ദൈവമേ, എന്നോട് വേണ്ടായിരുന്നിത്.” അവള്‍ കട്ടിലില്‍ കമഴ്ന്നടിച്ച് വീണു.
“ദൈവം നിന്നോട് എന്തു ചെയ്തന്നാ? എനിക്കൊന്നും മനസ്സിലാവണില്ല.” ഞാനവളുടെ മുതുകില്‍ തട്ടി.
“നിങ്ങക്കൊന്നും മനസ്സിലാവത്തില്ല. എനിക്കെല്ലാം മനസ്സിലായി. അവടെ ഫോണുണ്ടായിരുന്നു.” കരച്ചിലിനൊപ്പം അവളുടെ വാക്കുകളും പൊങ്ങിയും താണും പൊയ്ക്കൊണ്ടിരുന്നു.
അപ്പോള്‍ അതാണ് സംഗതി. സുനിത ഫോണ്‍ ചെയ്ത് എന്തോ ഇവളോട് പറഞ്ഞിട്ടുണ്ട്. ഡയറിയായ ഡയറി അരിച്ച് പെറുക്കി. നമ്പര്‍ കിട്ടിയില്ല. വീട്ടിലേയ്ക്ക് വിളിച്ച് ത്രിശൂരത്തെ സുനിതയുടെ നമ്പര്‍ വാങ്ങി.
സുനിതയെക്കുറിച്ച് പറഞ്ഞില്ലല്ലോ. എന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ്. ത്രിശൂരാണ് കെട്ടിച്ച് വിട്ടിരിക്കുന്നത്.
സുനിതയ്ക്ക് നമ്പര്‍ കുത്തി.
കുറേ അധിക നേരം സംസാരിച്ചു.അവസാനം ഞാന്‍ ചോദിച്ചു.“സുനിത ഇന്ന് ഹൈദ്രാബാദിലോട്ട് വിളിച്ചിരുന്നോ?”
ഇല്ലന്നായിരുന്നു അവളുടെ മറുപടി. ക്ഷേമാന്വേഷണം നടത്തി ഗുഡ്നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചു.
അപ്പോഴും സുനിതയെന്ന ത്രിശൂരുകാരി പുതിയ അവതാരത്തെക്കുറിച്ചായിരുന്നു മനസ്സില്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു.ത്രിശൂരുകാരിയുടെ ഫോണ്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു.ശ്രീമതിയുടെ പിണക്കം നാള്‍ക്കുനാള്‍ കൂടിക്കൂടി വന്നു.
ഉത്തരം കിട്ടാത്ത കടംകഥ പോലെ ഞാന്‍ കുഴങ്ങി.
അങ്ങനെയിരിക്കെ ഒരുനാള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് കാത്ത് കാത്തിരുന്ന ആ ഫോണ്‍ വന്നു.
“ദേ, നിങ്ങടെ മറ്റവളാ.” ഭാര്യ ഫോണ്‍ എനിക്ക് വെച്ച് നീട്ടി.
ഞാന്‍ ഫോണെടുത്തു.
“ഹലോ, സതിയണ്ണനല്ലേ?”
“അതേ.” ഞാന്‍ സമ്മതിച്ചു.
മറുതലക്കല്‍ നിന്നും ഒരു കരച്ചിലായിരുന്നു മറുപടി.
“എന്തായിത്? നിങ്ങളാരാ?” ഞാന്‍ ചോദിച്ചു.
കരച്ചില്‍ നിന്നു.
ഫോണിലൂടെ മറുപടി വന്നു.
“നിങ്ങളിപ്പോ വേറൊരുത്തിയേം കെട്ടി സുഖമായി അവിടെ കഴിയാണല്ലേ? ഞാനും ഒരു കുട്ടിയും ഇവിടെ ഒള്ള വല്ല വിവരോണ്ടോ മനുഷ്യാ നിങ്ങക്ക്. നിങ്ങളും അവളും കൂടെ അവിടെ അങ്ങനെ സുഖിച്ച് കഴിയാമെന്നൊന്നും വിചാരിക്കണ്ട. ഞാനും കൊച്ചും കൂടി നാളെത്തന്നെ തിരോന്തരത്തിന് വരണുണ്ട്.”
“എങ്ങോട്ട് വരുന്നെന്നാ പറഞ്ഞത്?” ഞാന്‍ ചോദിച്ചു.
“തിരുവനന്തപുരമെന്ന് മലയാളത്തീ പറഞ്ഞാ നിങ്ങക്ക് മനസിലാവത്തില്ലേ”
ഫ്രിഡ്ജില്‍നിന്ന് നല്ല തണുത്ത വെള്ളം കുടിച്ച ആശ്വാസം എനിക്ക്.
“സഹോദരീ, നിങ്ങളാരെയാ വിളിക്കുന്നത്? ഇതു തിരുവനന്തപുരമല്ല. ഹൈദ്രാബാദാണ്.എന്റെ പേര് സതീശ് മാക്കോത്ത് എന്നാണ്. നിങ്ങള്‍ക്ക് ആരുമായിട്ടാണ് സംസാരിക്കേണ്ടത്?” ഞാന്‍ ചോദിച്ചു.
''അയ്യോ, സോറീട്ടോ. ഞാന്‍ വിചാരിച്ചു ...സതീഷ്‌കുമാറാണന്ന്...റോങ്ങ് നമ്പരായിപ്പോയീട്ടോ... ക്ഷമിക്കണട്ടോ...”
''എന്തോന്ന് ക്ഷമിക്കാന്‍... നിങ്ങളു കാരണം ഒരാഴ്ച ഞാന്‍ തീതിന്നുകയായിരുന്നു. അറിയുമോ നിങ്ങള്‍ക്ക്? എന്റെ വിവാഹ വാര്‍ഷിക ദിനമാണ് കൊളമായതു? എന്റെ ഭാര്യേടെ മിനര്‍വയിലെ പാര്‍ട്ടിയാ പോയത്...'' ഞാന്‍ നിര്‍ത്താതെ ശകാരം തുടര്‍ന്നുകൊണ്ടിരുന്നു.
''ശ്ശോ... എന്തിനാ ചേട്ടാ ഇങ്ങനെ അവരെ ശകാരിക്കണേ...അവര്‍ക്ക് തെറ്റ് പറ്റിയതല്ലേ...ക്ഷമിക്കെന്നേ...''
ശ്രീമതി വന്ന് മൊബൈല്‍ കൈയില്‍നിന്ന് വാങ്ങി കാള്‍ ഡിസ്‌കണക്റ്റ് ചെയ്തു.