ഒരു വിവാഹ വാര്‍ഷികദിനത്തിന്റെ ഓര്‍മ്മയ്ക്ക്
Monday, April 16, 2007
ശ്രീമതിയേയും കൊണ്ട് മിനര്‍വയില്‍ ഇന്നേ ദിവസം പോകാമെന്ന് നേരത്തേ വാക്കുകൊടുത്തിരുന്നതാണ്.
മിനര്‍വയില്‍ വെച്ചായിരുന്നു ഇത്തവണത്തെ ആനുവല്‍ സെയില്‍സ് കോണ്‍ഫറന്‍സ്. അവിടെ പോയിട്ട് വന്നതിന്ശേഷം പൊടിപ്പും തൊങ്ങലും വെച്ച് കഴിച്ചതും കഴിക്കാത്തതുമായ വിഭവങ്ങളുടെ പട്ടിക വിളമ്പിയപ്പോള്‍ തുടങ്ങിയതാണവളുടെ പൂതി. മിനര്‍വയില്‍ പോകണമെന്നത്.
അങ്ങനെയാണ് ഈ വിവാഹവാര്‍ഷികത്തിന് മിനര്‍വയില്‍ പോകാമെന്ന് വാക്കുകൊടുക്കുന്നത്.
വാക്കുകൊടുത്താല്‍ പാലിക്കണമല്ലോ?
നേരത്തേ പോരാനുള്ള അനുവാദവും വാങ്ങി ഓടിപ്പിടിച്ച് വീട്ടിലെത്തി. ബെല്ലടിച്ച് കുറേനേരമായിട്ടും കതകു തുറക്കുന്നില്ല.
ഇവള്‍ക്കിതെന്തു പറ്റി. ഒരുക്കമായിരിക്കും. ഞാന്‍ കരുതി. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഒന്നു രണ്ട് മണിക്കൂറെടുക്കുമല്ലോ.
ബെല്ലില്‍നിന്നും കൈയെടുക്കാതെ വെച്ചുകൊണ്ടിരുന്നു.
പ്‌ടേ... എന്ന ശബ്ദത്തില്‍ കതക് മലര്‍ക്കേ തുറക്കപ്പെട്ടു.
ഇതെന്താ പതിവില്ലാത്ത വിധത്തിലൊരു കതകു തുറപ്പ്... ഞാന്‍ വിചാരിച്ചു.
ചിലപ്പോള്‍ മിനര്‍വയില്‍ പോകാനുള്ള ധൃതികൊണ്ടായിരിക്കും.
മുല്ലപ്പൂവും ചൂടി പട്ട് സാരിയും ചുറ്റി നില്‍ക്കുന്ന ശ്രീമതിയേയും പ്രതീക്ഷിച്ച് കൊണ്ട് നിന്ന ഞാന്‍ അത്ഭുതപ്പെട്ടുപോയി.
അവള്‍ ഒരുങ്ങിയിട്ടില്ലന്ന് മാത്രമല്ല; കരഞ്ഞുകലങ്ങിയ കണ്ണുകളുമയി മുഖം മത്തങ്ങപോലെ വീര്‍പ്പിച്ച് നില്‍ക്കുന്നു.
ഇതെന്തൊരു കൂത്ത്!
“എന്തുപറ്റിയെടി മോളെ. കതക് തുറക്കാന്‍ താമസിച്ചപ്പോള്‍ ഞാന്‍ കരുതി നീ ഒരുങ്ങുകയായിരിക്കുമെന്ന്. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്കൊന്നൊരുങ്ങി ഇറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ പലതുവേണമല്ലോ...” സ്ഥിതിഗതികള്‍ വഷളാണന്ന് മനസ്സിലാക്കിയതിനാല്‍ അല്‍പം പഞ്ചാര ചേര്‍ത്താണ് പറഞ്ഞത്.
പക്ഷേ എന്തുചെയ്യാം...
പെണ്ണിന്റെ വായില്‍നിന്നുവരുന്നത് മുന്‍കൂട്ടി പറയാന്‍ പറ്റുകേലല്ലോ.
“അതിന് നിങ്ങള്‍ക്ക് ഏതൊക്കെ പെണ്ണുങ്ങളെ അറിയാം?”
ശ്രീമതി എബൗട്ടേണ്‍ അടിച്ചു.മുടിത്തുമ്പ് അര്‍ദ്ധവൃത്താകൃതി വരച്ച്കൊണ്ട് എന്റെ മുഖത്തടിച്ചു.
അമ്പമ്പോ... ഇതു സംഗതി സീരിയസ്സാണ്.
ഞാന്‍ അകത്ത് കയറി തുണിയൊക്കെ മാറി വന്നു.
“എന്താ പോകേണ്ടേ?” ഒരനക്കവുമില്ല. അശോകവനത്തിലെ സീതയുടെ തേങ്ങല്‍ അടുക്കളയില്‍നിന്നും കേള്‍ക്കാം.
വന്നിട്ട് ഇത്ര നേരമായിട്ടും ഒരു ഗ്ലാസ് വെള്ളം പോലും തന്നിട്ടില്ല.
സാധാരണ വന്നുകയറിയാലുടനെ ചായവേണോ,ബിസ്കറ്റ് വേണോ,നാരങ്ങാവെള്ളം ഉപ്പിട്ട് വേണോ,പഞ്ചാരയിട്ട് വേണോ എന്നൊക്കെ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി എത്തുന്നവളാണ്. ഇവള്‍ക്കിന്നിതെന്തുപറ്റി?
“അല്ല. എന്തു പറ്റി? മിനര്‍വയില്‍ പോകേണ്ടേ?” ഞാന്‍ ചോദിച്ചു.
“വേണ്ട. ഞാനെങ്ങോട്ടുമില്ല നിങ്ങളുടെ കൂടെ. വൃത്തികെട്ട മനുഷ്യന്‍.” അടുക്കളയില്‍ നിന്നും ശബ്ദമുയര്‍ന്നു.
വേണ്ടങ്കില്‍ വേണ്ട. അതും ലാഭം. ഞാന്‍ മനസില്‍ കരുതി. എങ്കിലും എന്നെ വൃത്തികെട്ടവനെന്ന് ഇവള്‍ വിളിച്ചതെന്തിനാണ്...
അറിയാതെ എന്റെ കൈ ശരീരം മുഴുവന്‍ ഓടി. ഇല്ല. ഞാന്‍ ഡീസന്റാ...
“പോകേണ്ടങ്കില്‍ പോകേണ്ട. ഒരു ചായയെങ്കിലും തന്നൂടെ.” ശബ്ദത്തില്‍ ദയനീയത വരുത്തി ഞാന്‍ ചോദിച്ചു.
അവളടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നെന്ന് തോന്നുന്നു. ചോദിച്ച ഉടനെ കൊണ്ടുവരുന്നു. പക്ഷേ കൈയില്‍ തന്നില്ല. ഗ്ലാസ് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിന്റെ മുകളില്‍ ഒറ്റയിടി. ഭാഗ്യം. പൊട്ടിയില്ല.
ഏതായാലും നല്ലൊരു ദിവസം പൊയ്ക്കിട്ടി. എന്തെങ്കിലും വായിച്ചു കളയാം. ഷെല്‍ഫില്‍നിന്നും കൈയില്‍ കിട്ടിയ ഒരു പുസ്തകം വലിച്ചെടുത്തു.
'അനുരാഗത്തിന്റെ ദിനങ്ങള്‍'
ഇതെങ്കില്‍ ഇത്. പലവട്ടം വായിച്ചിട്ടുള്ളതാണ്. സാരമില്ല. ഒന്നുകൂടി വായിച്ചേക്കാം. ഞാന്‍ വിചാരിച്ചു.
പുസ്തകം തുറന്നില്ല. അതിന് മുന്നേ വരുന്നു അവള്‍ പാഞ്ഞുപിടിച്ച്.
“നിങ്ങക്കീ ഒറ്റ പുസ്തകമേ വായിക്കാനുള്ളോ? ഇത് പലപ്രാവശ്യം വായിക്കുന്നത് കണ്ടപ്പോഴേ തോന്നിയതാ നിങ്ങളാളു ശരിയല്ലന്ന്.”
“അതിപ്പോഴാണോ മനസ്സിലായത്?” ഞാന്‍ ചിരിച്ചു.
അത്താഴം വിളമ്പിയതും പുതിയ സ്റ്റൈലില്‍!
പത്രക്കാരന്‍ സൈക്കിളില്‍നിന്നിറങ്ങാതെ ന്യൂസ് പേപ്പര്‍ വീടിന്റെ വരാന്തയിലേക്കെറിയുന്ന പോലെ പ്ലേറ്റൊരണ്ണം.
പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതിവിതരണം നടത്തുന്നതുപോലെ കറികളും ചോറുമെല്ലാം പാത്രത്തില്‍ വന്നു വീണു.
ഇത്രടമായിട്ടും ഇവളെന്താണ് കാര്യം പറയാത്തത്? ഏതായാലും ചോദിച്ച് കളയാം.
“എന്താണെടീ പെണ്ണേ പ്രശ്നം? നല്ലൊരു ദിവസമായിട്ട് എന്തിനാ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്?”
“നിങ്ങക്കൊന്നുമറിയില്ല. അല്ലേ? എങ്കിലും എന്നോട് വേണ്ടായിരുന്നു ഈ ചതി. സുനിതയെ അറിയുമോ നിങ്ങക്ക്?”
“സുനിതയോ? അറിയാം.” ഞാന്‍ ഉത്തരം കൊടുത്തു.
“ത്രിശൂരിന്നുള്ള സുനിതയെ നിങ്ങക്കറിയുമോ?” അവള്‍ ഒന്നുകൂടി തറപ്പിച്ച് ചോദിച്ചു.
“അറിയാം.” ഞാന്‍ നിഷ്കളങ്കന്‍. മനസ്സിലൊന്നുമില്ല. സത്യം പറഞ്ഞു.
പിന്നെക്കേട്ടത് ഒരലര്‍ച്ചയായിരുന്നു,“എന്റെ ദൈവമേ, എന്നോട് വേണ്ടായിരുന്നിത്.” അവള്‍ കട്ടിലില്‍ കമഴ്ന്നടിച്ച് വീണു.
“ദൈവം നിന്നോട് എന്തു ചെയ്തന്നാ? എനിക്കൊന്നും മനസ്സിലാവണില്ല.” ഞാനവളുടെ മുതുകില്‍ തട്ടി.
“നിങ്ങക്കൊന്നും മനസ്സിലാവത്തില്ല. എനിക്കെല്ലാം മനസ്സിലായി. അവടെ ഫോണുണ്ടായിരുന്നു.” കരച്ചിലിനൊപ്പം അവളുടെ വാക്കുകളും പൊങ്ങിയും താണും പൊയ്ക്കൊണ്ടിരുന്നു.
അപ്പോള്‍ അതാണ് സംഗതി. സുനിത ഫോണ്‍ ചെയ്ത് എന്തോ ഇവളോട് പറഞ്ഞിട്ടുണ്ട്. ഡയറിയായ ഡയറി അരിച്ച് പെറുക്കി. നമ്പര്‍ കിട്ടിയില്ല. വീട്ടിലേയ്ക്ക് വിളിച്ച് ത്രിശൂരത്തെ സുനിതയുടെ നമ്പര്‍ വാങ്ങി.
സുനിതയെക്കുറിച്ച് പറഞ്ഞില്ലല്ലോ. എന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണ്. ത്രിശൂരാണ് കെട്ടിച്ച് വിട്ടിരിക്കുന്നത്.
സുനിതയ്ക്ക് നമ്പര്‍ കുത്തി.
കുറേ അധിക നേരം സംസാരിച്ചു.അവസാനം ഞാന്‍ ചോദിച്ചു.“സുനിത ഇന്ന് ഹൈദ്രാബാദിലോട്ട് വിളിച്ചിരുന്നോ?”
ഇല്ലന്നായിരുന്നു അവളുടെ മറുപടി. ക്ഷേമാന്വേഷണം നടത്തി ഗുഡ്നൈറ്റ് പറഞ്ഞ് ഫോണ്‍ വെച്ചു.
അപ്പോഴും സുനിതയെന്ന ത്രിശൂരുകാരി പുതിയ അവതാരത്തെക്കുറിച്ചായിരുന്നു മനസ്സില്‍.
ദിവസങ്ങള്‍ പലതു കഴിഞ്ഞു.ത്രിശൂരുകാരിയുടെ ഫോണ്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു.ശ്രീമതിയുടെ പിണക്കം നാള്‍ക്കുനാള്‍ കൂടിക്കൂടി വന്നു.
ഉത്തരം കിട്ടാത്ത കടംകഥ പോലെ ഞാന്‍ കുഴങ്ങി.
അങ്ങനെയിരിക്കെ ഒരുനാള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് കാത്ത് കാത്തിരുന്ന ആ ഫോണ്‍ വന്നു.
“ദേ, നിങ്ങടെ മറ്റവളാ.” ഭാര്യ ഫോണ്‍ എനിക്ക് വെച്ച് നീട്ടി.
ഞാന്‍ ഫോണെടുത്തു.
“ഹലോ, സതിയണ്ണനല്ലേ?”
“അതേ.” ഞാന്‍ സമ്മതിച്ചു.
മറുതലക്കല്‍ നിന്നും ഒരു കരച്ചിലായിരുന്നു മറുപടി.
“എന്തായിത്? നിങ്ങളാരാ?” ഞാന്‍ ചോദിച്ചു.
കരച്ചില്‍ നിന്നു.
ഫോണിലൂടെ മറുപടി വന്നു.
“നിങ്ങളിപ്പോ വേറൊരുത്തിയേം കെട്ടി സുഖമായി അവിടെ കഴിയാണല്ലേ? ഞാനും ഒരു കുട്ടിയും ഇവിടെ ഒള്ള വല്ല വിവരോണ്ടോ മനുഷ്യാ നിങ്ങക്ക്. നിങ്ങളും അവളും കൂടെ അവിടെ അങ്ങനെ സുഖിച്ച് കഴിയാമെന്നൊന്നും വിചാരിക്കണ്ട. ഞാനും കൊച്ചും കൂടി നാളെത്തന്നെ തിരോന്തരത്തിന് വരണുണ്ട്.”
“എങ്ങോട്ട് വരുന്നെന്നാ പറഞ്ഞത്?” ഞാന്‍ ചോദിച്ചു.
“തിരുവനന്തപുരമെന്ന് മലയാളത്തീ പറഞ്ഞാ നിങ്ങക്ക് മനസിലാവത്തില്ലേ”
ഫ്രിഡ്ജില്‍നിന്ന് നല്ല തണുത്ത വെള്ളം കുടിച്ച ആശ്വാസം എനിക്ക്.
“സഹോദരീ, നിങ്ങളാരെയാ വിളിക്കുന്നത്? ഇതു തിരുവനന്തപുരമല്ല. ഹൈദ്രാബാദാണ്.എന്റെ പേര് സതീശ് മാക്കോത്ത് എന്നാണ്. നിങ്ങള്‍ക്ക് ആരുമായിട്ടാണ് സംസാരിക്കേണ്ടത്?” ഞാന്‍ ചോദിച്ചു.
''അയ്യോ, സോറീട്ടോ. ഞാന്‍ വിചാരിച്ചു ...സതീഷ്‌കുമാറാണന്ന്...റോങ്ങ് നമ്പരായിപ്പോയീട്ടോ... ക്ഷമിക്കണട്ടോ...”
''എന്തോന്ന് ക്ഷമിക്കാന്‍... നിങ്ങളു കാരണം ഒരാഴ്ച ഞാന്‍ തീതിന്നുകയായിരുന്നു. അറിയുമോ നിങ്ങള്‍ക്ക്? എന്റെ വിവാഹ വാര്‍ഷിക ദിനമാണ് കൊളമായതു? എന്റെ ഭാര്യേടെ മിനര്‍വയിലെ പാര്‍ട്ടിയാ പോയത്...'' ഞാന്‍ നിര്‍ത്താതെ ശകാരം തുടര്‍ന്നുകൊണ്ടിരുന്നു.
''ശ്ശോ... എന്തിനാ ചേട്ടാ ഇങ്ങനെ അവരെ ശകാരിക്കണേ...അവര്‍ക്ക് തെറ്റ് പറ്റിയതല്ലേ...ക്ഷമിക്കെന്നേ...''
ശ്രീമതി വന്ന് മൊബൈല്‍ കൈയില്‍നിന്ന് വാങ്ങി കാള്‍ ഡിസ്‌കണക്റ്റ് ചെയ്തു.
37 comments:
"ഒരു വിവാഹ വാര്‍ഷികദിനത്തിന്റെ ഓര്‍മ്മയ്ക്ക്"
പുതിയ പോസ്റ്റ്
ഠേ!!!
ഞാനാദ്യം പോസ്റ്റിനു ഒരു തേങ്ങ ഉടക്കട്ടെ!
ബാക്കി ഒക്കെ പിന്നെ!!!
ഹഹഹ..പോസ്റ്റ് കലക്കി!!!
ആഷയോട് ചോദിക്കണം അതിന്റെ സത്യാവസ്ഥ അറിയാന്‍..
ഇന്ന് ഏതായലും നേരതതെ വന്ന്
മിനര്‍വയില്‍ പോകാന്‍ മറക്കണ്ട!!!
ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍..
-സാജന്‍, ബെറ്റി, ബെനോ പിന്നെ അപ്പൂസും
qw_er_ty
സതീശാ....!!! “പക്ഷേ കൈയില്‍ തന്നില്ല. ഗ്ലാസ് കൊണ്ട് വന്ന് ഡൈനിംഗ് ടേബിളിന്റെ മുകളില്‍ ഒറ്റയിടി. ഭാഗ്യം. പൊട്ടിയില്ല“.... “ ചിരിച്ചു മരിച്ചു.. ഈ പെണ്ണുങ്ങളെല്ലാം ഒരുപോലാന്നേ..ദുബായിലായലും ഹൈദരാബാദിലായാലു, കേരളത്തിലായാലും.. !!! തനിമയോടെ താനാ സ്വഭാവങ്ങള്‍ വിവരിച്ചു സതീശാ.... ഇന്നലെ രണ്ടുപേരേയും പിന്മൊഴിയില്‍ കാണാഞ്ഞപ്പോഴേ വിചാരിച്ചു എന്തോ പ്രശ്നമുണ്ടെന്ന്.
ആഷയ്ക്കും സതീശനും എല്ലാ അനുഗ്രഹങ്ങളും, ആശംസകളും നേരുന്നു, ഈ വിവാഹ വാര്‍ഷികദിനത്തില്‍. അപ്പുവും, കുടുംബവും.
സതീശാ .. നീ സതീശനാവാന്‍ വരട്ടെ ആദ്യം അപ്പുകുട്ടന്‍റെ വികൃതികളൊക്കെ അവസാനിപ്പിച്ചിട്ട് പോരെ ഏതായാലും കഥ കൊള്ളാം പക്ഷെ നിന്‍റെ അപ്പുകുട്ടന്‍ കഥകളോളം അങ്ങട് ഉഷാറായില്ല അതിലെല്ലാം ഒരു മധുരനൊമ്പരത്തിന്‍റെ സ്പര്‍ശമുണ്ട് നിന്‍റെ കഴിഞ്ഞ പോസ്റ്റും ഞാന്‍ വായിച്ചിരുന്നു കമന്‍റും എഴുതി പക്ഷെ ബ്ലോഗര്‍ എന്തോ പ്രശനം ഉണ്ടാക്കി അത് പബ്ലിഷായില്ല
ഈ കഥ നിന്‍റെ കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായതാണെങ്കിലും ശരിക്കും ഇരുത്തം വന്നൊരു എഴുത്തുക്കാരന്‍റെ കൈയ്യൊപ്പ് ഞാനിതില്‍ കാണുന്നു നിന്‍റെ സ്ഥൈരം വായനക്കാരനിത് ആദ്യം മനസ്സിലേക്ക് പെട്ടെന്നാവാഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല കാരണം അവര്‍ അപ്പുക്കുട്ടന്‍റെ മനസ്സില്‍ ഓര്‍ത്തിട്ടാണ് വരുന്നത് ഏതായാലും വളരെ രസകരമായി സതീശന്‍ എഴുതിരിക്കുന്നു എഴുത്തിന് പക്ക്വതവന്നാല്‍ എഴുത്തിന് നിയന്ത്രണം വരുത്തുന്ന സ്വഭവമുണ്ട് ചിലര്‍ക്ക് അതുണ്ടാവരുത് സതിശന്‍ എഴുതുക അപ്പുകുട്ടനായും സതീശനായും നന്മ നേരുന്നു
വിവാഹവാര്‍ഷികആശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു
unknown chat friend ഒപ്പിക്കുന്ന വേലയായിരിക്കും എന്നാണു ആദ്യം ധരിച്ചതു... ഈ റോങ് നമ്പരായപ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു...എങ്കിലും ഇപ്പോഴും ഈ പഴയ രീതിയില്‍ ചായക്കടയിലെ ചായഗ്ലാസ്സു വെക്കുന്നതു പോലെയുള്ള ശൈലിയിലുള്ള ഭാര്യമാരുടെ പെരുമാറ്റം അവരായിട്ടു തന്നെ ഒന്നു മാറ്റണം... നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.. എന്റെ വിവാഹവാര്‍ഷികം ഇന്നലെ കഴിഞ്ഞു. ഒരു സധാരണ ദിവസത്തേക്കാളും വിരസമായിരുന്നു.
സത്യം പറ, സതീശേ!!
ഹഹ.
അങ്ങനെ ഗംഭീരമായി വിവാഹ വാറ്ഷികാഘോഷം കഴിഞ്ഞു പോയെങ്കിലും ആശംസകള്‍.
ഇങ്ങനെയൊക്കെ ആണെങ്കിലും ആഷ സ്നേഹമുള്ളവള്‍ ആണെന്ന് അറിയാമല്ലോ.
വൈകിയാണെങ്കിലും, വിവാഹവാര്‍ഷികാശംസകള്‍. :)
പിന്നേ, ആഷ കേള്‍ക്കാതെ പറയൂ, ഈ സുനിത ശരിക്കും ആരാ? ;)
വിവാഹ വാര്‍ഷികാശംസകള്‍.
[ഓടോ : സതീശാ ആ ഫോണ്‍ നമ്പറൊന്നൂ തരൂ. :) ]
പത്രക്കാരന്‍ സൈക്കിളില്‍നിന്നിറങ്ങാതെ ന്യൂസ് പേപ്പര്‍ വീടിന്റെ വരാന്തയിലേക്കെറിയുന്ന പോലെ പ്ലേറ്റൊരണ്ണം.
പ്രളയകാലത്ത് ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതിവിതരണം നടത്തുന്നതുപോലെ കറികളും ചോറുമെല്ലാം പാത്രത്തില്‍ വന്നു വീണു.
ഹഹഹ... സതീഷ്...
ഇതാണ് മോനേ കസറന്‍ വിവാഹ വാര്‍ഷീകം :))
പോസ്റ്റ് അടിപൊളി...
ആഷ ഇതു വരെ ഒന്നും പറയാത്തത് കൊണ്ട് സംഗതിയൊക്കെ സത്യം തന്നെ എന്ന് വിശ്വസി... :)
മെനി മെനി റിട്ടേണ്‍സ് ഓഫ് ദ ഡേ - അതന്നെ ന്യൂസ് പേപ്പര്‍ സ്റ്റൈലില്‍ പ്ലേറ്റുകളിനിയും പോരട്ടെ... പോരട്ടേന്ന് :)
അപ്പോ പറഞ്ഞ പോലെ... സുന്ദരമായ ഒരുപാടൊരുപാട് വിവാഹവാര്‍ഷീകങ്ങള്‍ കൊണ്ടാടുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
ആശംസകളോടെ
അഗ്രജന്‍
അഗ്രജ
പാച്ചു
സതീശേ,
ഞങ്ങളുടെ വിവാഹ വാര്‍ഷിക ആശംസകള്‍!!!
ഇതു തിരുവനന്തപുരമല്ല. ഹൈദ്രാബാദാണ്.എന്റെ പേര് സതീശ് മാക്കോത്ത് എന്നാണ്. നിങ്ങള്‍ക്ക് ആരുമായിട്ടാണ് സംസാരിക്കേണ്ടത്?” ഞാന്‍ ചോദിച്ചു.
ഇതു് കംപിളി പുതപ്പു്, കമ്പിളി പുതപ്പു് എന്നു പറഞ്ഞതു് കേട്ടില്ലാ , കേള്‍ക്കാന്‍ വയ്യാ എന്ന് മുകേഷു് പറഞ്ഞതു പോലായി. അതു് റോങ്ങു് നമ്പരായിരുന്നോ. അതോ ആഷയോടു് ഒരു നമ്പര്‍ ഇറക്കിയതാണോ.:)
എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു രാവിലെ തന്നെ. അപ്പോ ഇതിനായിരുന്നല്ലേ വെളുപ്പാന്‍ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നത്.
ഹും...ഞാന്‍ വെച്ചിട്ടുണ്ട്.
വിവാഹവാര്‍ഷികാശംസകള്‍ ..!!
ആഷാ..ഈ കഥ അങ്ങോട്ട് വിശ്വസിക്കാന്‍ വരട്ടെ,ന്തായാലും ഒരു കണ്ണ് വേണം :)
ഹോ രാവിലെ ഒരു പാരവച്ചപ്പോരെന്തരില്ലാത്തോരാശ്വാസ്..:)( അങ്ങനെ ഞാന്‍ മാത്രങ്ങോട്ട് സംശയലാലുലൂലു ആകണ്ട:)
ആഷേ.. ഇത് തട്ടിപ്പാ ട്ടാ. വിശ്വസിക്കണ്ടാ... പ്രളയകാലം മോഡല്‍ വിതരണം കുറച്ചും കൂടി തുടര്‍ന്ന് നോക്ക് ;)
ആ പാവത്തിനെ മിനര്‍വയിലൊട്ട് കൊണ്ട് പോയുമില്ല, തട്ടിപ്പു കഥയുമായി ഇറങ്ങിയിരിക്കാ ല്ലേ സതീഷേ? പിന്നേ... തിരുവനന്തപുരത്തേക്കുള്ള റോങ്ങ് നമ്പര്‍ ഹൈദരാബാദിലേക്ക് വരല്ലേ.. നമ്പര്‍ തന്നെ നമ്പര്‍. :)
അപ്പോ രണ്ട് പേര്‍ക്കും ഒരു ചൂടന്‍ വിവാഹ വാര്‍ഷികം ആശംസിക്കുന്നു.
ആഷക്കൊച്ചേ.. ചുമ്മാ ;)
ആശംസകള്‍ :-)
qw_er_ty
എഴുതിയതൊക്കെ സത്യം തന്നെയാണോ അണ്ണാ.....
ഇതു പക്ഷെ ഹൈദെരബാദു വിശേഷാലുവില്‍ പബ്ലിഷ് ചെയ്യണ്ട പോസ്റ്റ് ആയിരുന്നു.....
ആദ്യം ആശംസകള്‍,
ചാത്തനേറ്:
“ചായവേണോ,ബിസ്കറ്റ് വേണോ,നാരങ്ങാവെള്ളം ഉപ്പിട്ട് വേണോ,പഞ്ചാരയിട്ട് വേണോ എന്നൊക്കെ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി എത്തുന്നവളാണ്“
അതെ അതെ ഈ വാചകം തിരുകിക്കയറ്റിയില്ലാരുന്നേല്‍ ഇന്ന് മിക്കവാറും പട്ടിണി കിടക്കേണ്ടി വന്നേനെ..
രണ്ടാള്‍ക്കും വൈകിയാണെങ്കിലും ആശംസകള്‍.
അങ്ങനെ സല്‍പേര് രാമന്‍കുട്ടിയാകാന്‍ വരട്ടെ.
ആലപ്പുഴയിലെ ആ പഴയ ഗ്രാമീണ സുന്ദരിയെ മറന്നോ?
പേടിച്ചുപോയോ?
ഏയ് ചുമ്മാ............
ഓകെ .. അപ്പൊ സംഗതി സക്സസ് അല്ലേ ..
മിനര്‍വയില്‍ പൊട്ടേണ്ടിയിരുന്ന ഒരു 500 രൂപാ നമ്മളുദ്ദേശിച്ചപോലെ തന്നെ ലാഭിച്ചു. ആഷ ഇതു വരെ അറിഞ്ഞിട്ടില്ലല്ലോ..അല്ലേ ..?
ഇനിയും ഇതുപോലെ പെണ്ണുങ്ങടെ ശബ്ദത്തില്‍ വിളീക്കേണ്ടി വരുകയാണെങ്കില്‍ പറയണം കേട്ടോ.
“അടി”“പൊളി” വിവാഹ വാര്‍ഷികാശംസകള്‍.
തമനു, തമന, തമിഷ (ഞാനായിട്ടെന്തിനാ കൊറയ്ക്കുന്നേ)
സതീഷ്ജീ... ആ വാര്‍ഷികം കലക്കി.....ആര് എന്ന് ഞാന്‍ പറയുന്നില്ല.....ആഷയ്ക്കും സതീശനും എല്ലാ ആശംസകളും നേരുന്നു
പിന്നെ..... എനിക്ക് ഹൈദരാബാദ് ഒന്ന് കാണണം എന്നുണ്ട്...with family....ഇല്ല ബുദ്ധിമുട്ടിക്കുന്നില്ല.... Mayല്‍ അവിടെ കാലാവസ്ഥ എങ്ങ്‌ഇനെ ആണെന്ന് മെയില്‍ ചെയ്യാമോ?{id: abid.areacode@gmail.com}
ഇത് സതീശന്‍ കാശ് ലാഭിക്കാന്‍ മനപ്പൂര്‍വം ഉണ്ടാക്കിയ ഒരു ഇഷ്യൂ ആണു...
ആരെയോ കൊണ്ട് പെണ്‍ ശബ്ദത്തില്‍ വിളിപ്പച്ചതല്ലേ....
ആഷ അതും വിശ്വസിച്ച് അടീം
ഒണ്ടാക്കി.....
ആ ഹെലിക്കോപ്ടര്‍ ഫുഡ് വിതരണം ഇഷ്ടപ്പെട്ടു....
[അരീക്കോടാ...മേയില്‍ ഹൈദ്രാബാദില്‍ ഭയങ്കര മഴയാ.......ഇടിവെട്ടും ഒണ്ട്....പോരേ സതീശാ]
ഈ മിനര്‍വാ എന്ന് പറയുന്നത് ഹോട്ടല്‍ കാമത്ത് മിനര്‍വാ ആണോ? നല്ല കിണ്ണംകാച്ചി വെജിറ്റേറിയന്‍ ഏന്റ് നോണ്‍ വെജിറ്റേറിയന്‍ രെസ്റ്റോറന്റൊക്കെയുള്ള? ഞാന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്ന ഒരാഴ്ചക്കാലത്തില്‍ അധിക നേരവും ‘പാരഡൈസി‘ല്‍ ആയിരുന്നു. ബിരിയാണി (ബിരിയാണിക്കുട്ടി ആന്റിയുടെ കാര്യമല്ല) എന്ന് പറഞ്ഞാല്‍ അവിടത്തെയാണ്.
ഓടോ: ആശംസകള്‍!
മിനര്‍വയില്‍ പോക്കു മിമിക്രി സുഹൃത്തിന്റെ സഹായത്താല്‍ ലാഭിച്ചു അല്ലേ?
മെയ് 26 നു എനിക്കും
ഇതുപോലെ ഒരു ഐഡിയ തോന്നിക്കണേ!
ഒരു പട്ടു സാരി എന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്നതു കാത്തോളണേ തമ്പുരാനേ!
സതീശേട്ടാ....
നല്ല എഴുത്ത്.... മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....
അല്ലാ.... പിന്നെ, മിനര്‍വ്വയ്ക്കു പോയോ?
:)
Ashe, ivaronnum parayunnathu kettu veendum aa '---'bhaavam eduthaniyendaa'tto. serikkum wrong number thanney aavum'nney. pinney inganathey oru situation vannappo news-paper boy style n' durithaaswaasa bhakshana vitharana style okkey prayogichathil valya apaakatha onnumilla. onnu viratti nirthiyilleley ... ini bhaaviyilengaan oru 'right number' immaathiri vararuthallo!
Belated wishes for a 'Blessed, Loving n' Looong Married life' to both of you.
എന്നാലും ഇത്ര ക്രൂരത പാടില്ല!
പാവം വിവാഹ വാര്‍ഷികം...
ഇനീപ്പം നേരത്തെ ആരോ എഴുതിയ പോലെ പൈസ ലാഭിക്കാന്‍ സുനിതയെ ഇറക്കികളിച്ചതാണോ എന്നൊരു ഡൌട്ട്...
ഏതായാലും എഴുത്തു നന്നായീട്ടൊ
നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇതു എഴുതിയതിനലല്ല. ഇതു എഴുതുവന്‍ സമയം കണ്ടെത്തിയതിന് ऽऽऽऽऽऽऽऽ.............
AaaSamsakal...belated.......
(belated things are bloved things ennalle)
നന്ദി പറയാന്‍ ഇത്രയും താമസിച്ചതില്‍ ആദ്യമേ എല്ലാവരോടും ക്ഷമ.
സാജന്‍, മിനര്‍വയും ഠേ!!!
അപ്പുവേ, അപ്പോ അവിടെയും അങ്ങനെയാണല്ലേ കാര്യങ്ങള്‍ ;)
വിചാരം, അപ്പുക്കുട്ടന്‍ ഇനിയും വരും.
വല്യമ്മായി, വളരെ സന്തോഷം
ബയാന്‍, ഞങ്ങളുടേതും ആഘോഷമൊന്നുമില്ലായിരുന്നു.
സന്തോഷ്, ഇതാണ് സത്യം ഇതു മാത്രമാണു സത്യം!
പ്രമോദ്, വളരെ നന്ദി ആശംസകള്‍ക്ക്
സൂ, വേണ്ടാട്ടോ
കുട്ടന്‍മേനോന്‍, എന്തിനാ ഫോണ്‍ നമ്പര്‍? വേണ്ടാ വേണ്ടാ
അഗ്രജന്‍, കസറന്‍ വിവാഹ വാര്‍ഷീകം ഹും
ഞാനൊരു പരുവമായി .
വേണുചേട്ടാ, ഹ ഹ ഞാന്‍ കള്ളം പറയില്ല.
കിരണ്‍സ്, ഇതൊന്നു ഒതുക്കിയതിന്റെ പാടെനിക്കറിയാം അപ്പോഴാ ദാണ്ടേ വീണ്ടും പാരയുമായി വരുന്നോ
ബിരിയാണിക്കുട്ടി, അത്രയും പിരിഞ്ഞു പിരിഞ്ഞു ആലോചിക്കണ്ടാട്ടോ
സിജു, നന്റി
കെ.എസ്. നായരേ, നേരില്‍ കാണുമ്പോ രഹസ്യായി പറയാം.
കുട്ടിച്ചാത്തന്‍ ,എങ്ങനെ മനസ്സിലായി? അല്ലാ ഒരു ഡബ്ട്ട് ചാത്തന്‍ ബാച്ചി തന്നെയാണോ?
ഇത്തിരി വെട്ടം, വളരെ സന്തോഷം
പതാലി, പഴയകാര്യങ്ങളൊക്കെ ഓര്‍മ്മിപ്പിക്കാതെ
തമനൂ, സക്സസ്സ്, ലാഭിച്ചതിന്റെ പങ്ക് അയച്ചിട്ടുണ്ട്. ബാക്കി കാശു കൂടിയിട്ട് തമനയ്ക്കും തമിഷയ്ക്കും ഒരു പാര്‍ട്ടി കൊടുത്തോ.
ഇവിടൊരാള്‍ തമനുവിനെ ഒന്നു കാണണം എന്നു പറഞ്ഞിരിക്കുവാ, മൊട്ട പൊട്ടാതെ സൂക്ഷിച്ചോ.
അരീക്കോടന്‍, അതെ കലക്കി :(
sandoz,ഇതെങ്ങനെ മണത്തറിഞ്ഞൂ?
ദില്‍ബാസുരന്‍,മിനര്‍വാ എന്ന് പറയുന്നത് ഹോട്ടല്‍ കാമത്ത് മിനര്‍വാ അല്ല ബ്ലൂഫോക്സ് മിനര്‍വ. പിന്നെ പാരഡൈസിലെ ബിരിയാണി പേരു മാത്രമേ ഉള്ളൂ ഇപ്പോള്‍. അതിലും നല്ല ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടലുണ്ട് ബാവര്‍ച്ചി(rtc X road)
കരീംമാഷേ, അഡ്രസ്സ് വേണേ പറയണേ
ശ്രീ, പോയില്ല. ദില്‍ബന്റെ വാക്കും കേട്ടു പാരഡൈസില്‍ പോയി അടുത്ത ദിവസം.
സുജേ, വേണ്ട വേണ്ടാ എരിതീയില്‍ എണ്ണയൊഴിക്കല്ലേ.
രാജേഷ്, എന്നോടുള്ള ക്രൂരതയല്ലേ
മനു, :))
അനൂപ്, ജി.മനു, സന്തോഷം
ഞങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും ഞങ്ങള്‍ രണ്ടു പേരുടെയും ഹ്യദയം നിറഞ്ഞ നന്ദി.
അപ്പോ നിങ്ങടെ കല്ല്യാണം കഴിഞ്ഞായിരുന്നോ? :)
എല്ലാം കഴിഞ്ഞു. എന്നാലിന്നാ പിടിച്ചോ വൈകാശംസകള്‍. ഹാപ്പി ആനി വേഴ്‌സറി.
വിവാഹവാര്‍ഷികാശംസകള്‍!
ഹ ഹ.. ലോകത്താദ്യമായിട്ടായിരിക്കും ഒരാള്‍ 2007 ലെ വിവാഹവാര്‍ഷികാശംസ 2008 ല്‍ പറയുന്നത്. ഈ കുറിപ്പ് വായിക്കാന്‍ വൈകിപ്പോയി. എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, 2008 ലെ വിവാഹവാര്‍ഷികത്തിന് സതീശേട്ടനെ ഫോണില്‍ വിളിച്ച് ആശംസപറയാന്‍ കഴിഞ്ഞു, എന്നതില്‍. അന്ന്, ദുബായ് നമ്പര്‍ കണ്ട് വേറെ ഒരു സുഹൃത്താണെന്ന് കരുതി ആളെ മനസ്സിലാവാതെ നടത്തിയ ‘എടാ, പോടാ’ വിളികള്‍ക്ക് ശേഷവും.. ആളെമനസ്സിലായപ്പോ ഉണ്ടായ ‘സോറിക്ക്’ ശേഷവും,... ഞാന്‍ സത്യായിട്ടും ആശിച്ചു, ആളെമനസ്സിലായിട്ട് ആയിരുന്നു ആ ‘എടാ പോടാ‘ വിളികള്‍ എങ്കില്‍ എത്ര നന്നായിരുന്നു, എന്ന്. അതൊക്കെ ഒരു നല്ല ഫീലിങ്ങല്ലേ സതീശേട്ടാ.. :-)
അപ്പോ ആശേച്ചി ആളൊരു ഭീകരിയാ അല്ലേ? പത്രക്കാരന്‍ ന്യൂസ്പേപ്പറിടുന്ന രീതിയില്‍ വന്ന പ്ലേറ്റും, പ്രളയകാലത്ത് ഹെലിക്കോപ്റ്ററില്‍ ഭക്ഷണപ്പൊതി വിതരണം നടത്തുന്ന രീതിയില്‍ പാത്രത്തിലേക്ക് വന്ന് വീണ ഭക്ഷണവും, പിന്നെ വൈഫിന്റെ ആകെ മൊത്തം പ്രകടനവും ശരിക്കും ചിരിപ്പിച്ചു.
ഓഫ് ടോപ്പിക്ക്:
ഈ ഓഫ് ടോപ്പിക്കിന് ഒരു പേരിടുന്നു:
“ആദ്യ ഇന്റര്‍വ്യൂ കോളാഭിലാഷങ്ങള്‍!“
സതീശേട്ടാ, ഞാനിവിടെ ഷാര്‍ജ്ജയില്‍ എത്തിയപ്പോ ജോലിക്കായി കുറേ കമ്പനികളില്‍ ബയോഡേറ്റ കൊടുത്തിരുന്നു. ഒരു മാസമായിട്ടും നല്ല കമ്പനികളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍സ് ഒന്നും വരാത്തതില്‍ വല്ലതെ വിഷമിച്ചിരിക്കുന്ന സമയം. ഒരു ദിവസം വീട്ടില്‍ എത്തി ലാന്റ് ഫോണിലെ കോളര്‍ ഐഡിയില്‍ 4 മിസ്സ്ഡ് കോള്‍സ് കണ്ടു. ഒരേ നമ്പരില്‍ നിന്ന്. ഞാന്‍ തിരിച്ചു വിളിച്ചു. ആരും എടുത്തില്ല. പിറ്റേദിവസവും കണ്ടു 3 കോള്‍സ്. ഞാന്‍ വീണ്ടും തിരിച്ചുവിളിച്ചു. അത് എന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ‘പെട്രോഫാക്’ എന്ന ഒരു മള്‍ട്ടിനേഷണല്‍ കമ്പനിയില്‍ നിന്നായിരുന്നു. ഒരു ചൈനീസ് പെണ്ണാണ് കോള്‍ അറ്റന്റ് ചെയ്തത്. എന്താ ഏതാ എന്നൊക്കെ ചോദിച്ചപ്പോ, അവര്‍ ഹലാക്കിന്റെ ഇംഗ്ലീഷില്‍ പറഞ്ഞു ‘ഇത് പെട്രോഫാക് HR ഡിവിഷനാണ്‘ എന്ന്. എന്നെ വിളിച്ചത് ആരാ എന്താ എന്നൊന്നും അവര്‍ക്കറിയില്ല എന്നും പറഞ്ഞു. ജോലിയുടെ കാര്യത്തിനാണേല്‍ വിളിച്ചവര്‍ വീണ്ടും വിളിക്കും എന്നും പറഞ്ഞു. ഞാന്‍ അന്ന് ഭയങ്കര ഹാപ്പിയിലായിരുന്നു.
യാചകന്‍മാര്‍ ഭിക്ഷയിരക്കുന്ന ടോണില്‍ വീട്ടിലേക്കൊക്കെ വിളിച്ച് പറഞ്ഞു, “അമ്മേ..... അച്ഛാ...... അവസാനം ഒരു ഇന്റര്‍വ്യൂ ഒത്ത് വന്നപ്പാ..!!” എന്ന്. വളരെ നല്ല കമ്പനിയാണ്. ഇവിടെ യു.എ.ഇ യില്‍ ഇന്റര്‍വ്യൂ തരപ്പെടാനാണ് പാട്. സാധാരണ വിസിറ്റ് വിസയില്‍ വരുന്നവര്‍ സബ്മിറ്റ് ചെയ്യുന്ന സി.വി കള്‍ പ്രോസസ് ചെയ്ത് വരുമ്പോഴേക്ക് അവരുടെ വിസാകാലാവധി കഴിഞ്ഞിട്ടുണ്ടാകും. ഇതിപ്പോ ഞാന്‍ ഫുള്‍ ഹാപ്പിയായി. കാലതാമസമില്ലാതെ ഒരു നല്ല ഇന്റര്‍വ്യൂ കോള്‍ കിട്ടുക എന്നത് എന്റെ ഒരു അഭിലാഷമായിരുന്നു. ഈ കോളിലൂടെ ആ അഭിലാഷം മിക്കവാറും ഫുള്‍ഫില്ലാകുമല്ലോന്നോര്‍ത്ത് എനിക്കാണേല്‍ ഒടുക്കത്തെ സന്തോഷം! ഈ ഇന്റര്‍വ്യൂ ഞാന്‍ കലക്കും.. പിന്നെ രാത്രി മുഴുവര്‍ മരണപ്രിപ്പറേഷനായിരുന്നു. mcse ടോപ്പിക്ക്സും, സോഫ്റ്റ്വേര്‍ റിലേറ്റഡ് ടോപ്പിക്സും, IT ലോകം മുഴുവന്‍ ഒറ്റദിവസം കൊണ്ട് പഠിച്ച് തീര്‍ക്കാനുള്ള ആക്രാന്തം. അന്ന് രാത്രി ഉറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോള്‍ പിറ്റേദിവസം വീണ്ടും വരണേന്നും പ്രാര്‍ത്ഥിച്ച് കിടന്നു.
പിറ്റേദിവസം, ഞാന്‍ പുറത്തൊന്നും പോയില്ല. ഫോണും വൈറ്റ് ചെയ്തിരുന്നു. രാവിലെ കൃത്യം 9 മണിയയപ്പോ രണ്ട് ദിവസമായി കാണുന്ന അതേ നമ്പരില്‍ നിന്ന് കോള്‍ വന്നു.
“ഹലോ.. 5722448”
യാഹൂ... യ്യ യ്യാാ... അതേ ചൈനീസ് ഗേള്‍ .. ജിങ്ക് ചക്കാ..! സ്വര്‍ഗ്ഗം കീഴിടക്കിയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു:
“യു ആര്‍ കോളിങ്ങ് ഫ്രം പെട്രോഫാക്ക് HR ഡിപ്പാര്‍ട്ട്മെന്റ് , റൈറ്റ്?”
“യെസ്.. യു ആര്‍ റൈറ്റ്.. മൈ ഡിയര്‍ ഫ്രന്റ്, ലാസ്റ്റ് റ്റു ഡേയ്സ് ഐ ആം ട്രൈയിങ്ങ് ദിസ് നമ്പര്‍. നോബഡി അറ്റന്റിങ്ങ് ദ ഫോണ്‍..”
ഞാന്‍ വളരെ ഭവ്യതയോടെ പറഞ്ഞു: “സോറി മേഡം, ഐ വോസ് നോട്ട് ഹിയര്‍..”
ചൈനക്കാരി സമയം അധികം പാഴാക്കാതെ മൊഴിഞ്ഞു:
“ഐ നീഡ് എ ‘വെജിറ്റബിള്‍ ബര്‍ഗ്ഗര്‍‘, ‘വണ്‍ ഫിലിപ്പിനോ ബനാന‘, ആന്റ് വണ്‍ ദിര്‍ഹംസ് ‘വണ്‍ ലൈം ജ്യൂസ് പാക്കറ്റ്‘....”
ഞാന്‍ ഒന്നും മനസ്സിലാവാതെ ചോദിച്ചു: “വാട്ട്? ഐ ഡിഡ് നോട്ട് ഗെറ്റ് യു...”
ആ പെണ്ണ് ആവശ്യം റിപ്പീറ്റ് ചെയ്തു. എന്തോ പന്തികേട് തോന്നിയത് കൊണ്ട്, അവള്‍ എവിടെക്കാവിളിച്ചത് എന്ന് ഹൃദയമിടിപ്പോടെ ഞാന്‍ ചോദിച്ചപ്പോ, ആ മഹതി എന്റെ ഹൃദയത്തില്‍ ആണിയടിച്ചോണ്ട് ആ ചോദ്യം ചോദിച്ചു:
“ഇറ്റ് ഈസ് ‘ഹഫ്‌സാ ഗ്രോസറി‘, റൈറ്റ്...?”
ന്റെ ചൈനാ ഭഗവതി, എന്തിനാ എന്നോടീ പരീക്ഷണം? ആ പെണ്ണ് ഫോണ്‍ നമ്പരിന്റെ അവസാന നമ്പരായ 3 നു പകരം 8 എന്ന് അടിച്ച് ആണ് വിളിക്കുന്നത്. ഒരു ചെറിയ എറര്‍... അത് എന്റെ മനസ്സില്‍ ഒരുപാട് ആശകള്‍ ജനിപ്പിച്ച കാര്യം ഒരു പഴങ്കതയായി ഓര്‍ത്തുകൊണ്ട്, ഹര്‍ബജന്റെ അടികൊണ്ട ശ്രീശാന്തിന്റെ ഫേഷ്യല്‍ എക്സ്പ്രഷനോടുകൂടി ഞാന്‍ ദയനീയമായി പറഞ്ഞു:
“സോറി മേം, റോങ്ങ് നമ്പര്‍..!!”
:-(
വാല്‍ക്കഷ്ണം:
അങ്ങിനെ എന്റെ ‘ആദ്യ ഇന്റെര്‍വ്യൂ കോളാഭിലാഷങ്ങള്‍‘ വെറും ‘കൊളാഭിലാഷങ്ങളായി’ മാറി!. ഇന്ന് ഞാന്‍ ജോലിചെയ്യുന്ന ഓഫീസിലെ ഞാനിരിക്കുന്ന കസേരക്കരികിലെ ജനാലയുടെ കര്‍ട്ടന്‍ അല്പം മാറ്റിയാന്‍ കാണാം 500 മീറ്റര്‍ അകലെ ‘പെട്രോഫാക്’ കമ്പനി എന്നെ നോക്കി ചിരിക്കുന്നത്.
എന്ന്,
സ്നേഹപൂര്‍വ്വം
അഭിലാഷങ്ങള്‍..
അഭിലാഷേ, ആ ഇന്റര്‍വ്യൂകോളാഭിലാഷം കലക്കി.
Post a Comment