തൂറാനിരിക്കുന്നവന്റെ പ്രതാപം
Sunday, September 22, 2019
മോപ്പസാങ്ങിന്റെ ‘The Necklace" എന്ന കഥ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തത്തെ
ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ കഥ ഓർമ്മവന്നത് കഴിഞ്ഞ ദിവസം എന്റെ ഒരു തെലുങ്ക് സുഹൃത്ത് വളരെ
നൊൾസ്റ്റാജിക്കായിട്ട് തന്റെ കുട്ടിക്കാലത്തെ ജീവിതത്തെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ്. കാളവളർത്തലും,
കപ്പലണ്ടിക്കൃഷി തുടങ്ങി വെളിക്കിറങ്ങാൻ പോകുന്നതിന്റെ നേർചിത്രം വരെ 70mm സ്ക്രീനിൽ എന്റെ മുന്നിൽ നിരത്തിയിട്ടു സുഹൃത്ത്.
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ‘കുളിച്ചില്ലേലും കോണാൻ പുറത്ത് കിടക്കണം’. പണ്ട് പ്രതാപം കാണിക്കാൻ നല്ല നീളത്തിലും പല നിറത്തിലുമുള്ള കോണാനുകൾ കഴുകി വൃത്തിയാക്കി അഴയിൽ ഇങ്ങനെ
തൂക്കിയിട്ടിരിക്കും...ഉണക്കാൻ...അതുകണ്ട് ആളിന്റെ പത്രാസ് മനസ്സിലാക്കാൻ പറ്റുമെന്നായിരുന്നു വെയ്പ്പ്.
സമൂഹത്തിലെ തന്റെ സ്ഥാനം കാണിക്കാൻ...അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ച് കാണിക്കാതിരിക്കാൻ സഹജമായ മനുഷ്യന്റെ സ്വഭാവമാണ് മോപ്പസാങ് തന്റെ കഥയിലൂടെ പുറത്ത് കാണിക്കുന്നത്.
ഒരു പാർട്ടിക്ക് പോകാനായ് നല്ല വസ്ത്രമോ ആഭരണമോ ഇല്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയുടെ കഥയാണത്.
തന്റെ സുഹൃത്തിന്റടുക്കൽ നിന്ന് ഇരന്ന് വാങ്ങിയ ‘ഡയമണ്ട് നെക്ലസ്’ ഇട്ട് പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായി അതീവ സന്തുഷ്ടയായ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അവർ തിരിച്ചറിയുന്നു..നെക്ലസ് നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു അവർക്ക് ആ നെക്ലസ്സിന്റെ കടം തീർക്കാൻ...അവരുടെ ജീവിതത്തിന്റെ നല്ല സമയവും അധ്വാനത്തിന്റെ നല്ല
പങ്കും അതിനുവേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു. കഷ്ടപ്പാട് അവരുടെ രൂപത്തേയും സൌന്ദര്യത്തേയും തന്നെ മാറ്റിക്കളഞ്ഞു. പത്തുവർഷങ്ങൾക്ക് ശേഷം അവർ തന്റെ പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും, പാർട്ടിക്ക് അന്നുപയോഗിച്ചിരുന്ന നെക്ലസ് വെറും കെട്ട് പണ്ടമായിരുന്നുവെന്നും തിരിച്ചറിയുന്നിടത്ത് കഥ തീരുന്നു.
മോപ്പസാങ്ങ് അന്നെഴുതിയ കഥ ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത്... ഞാനോർക്കുന്നു...കല്യാണത്തിനൊക്കെ പോകണമെന്നുണ്ടെങ്കിൽ അമ്മ ആഴ്ചകൾക്ക് മുന്നേ പണിതുടങ്ങും. കഴുത്തിൽ കിടക്കുന്ന താലിമാല വളരെ ചെറുതാണ്...ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും... എവിടെന്നെങ്കിലും വലിയ മാല സംഘടിപ്പിക്കും. തരക്കേടില്ലാത്ത ഭംഗിയുള്ള നീളമുള്ള മുടി ഉണ്ടായിരുന്നിട്ട് കൂടി അതിന് പൊലിപ്പ് കൂട്ടാൻ ഒരു മുഴം മുടി വെച്ച്കെട്ടും. അന്നത്തെക്കാലത്ത് മുടി കച്ചവടത്തിനായി വീടുകൾ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ട്! മുട്ടൊപ്പം നീളുന്ന മുടിയിൽ മുല്ലപ്പ് ചൂടുമ്പോൾ പ്രതാപം കൂടും!
കുറേ നാളുകൾക്ക് മുൻപ് ഒരു ചേച്ചി വീട്ടിൽ വന്നു, വർത്തമാനം പറയുന്നതിനിടെ ചേച്ചി തൊലിയുരിഞ്ഞുപോയ ഒരു
സംഭവത്തെക്കുറിച്ച് പറഞ്ഞു. ആരോ കല്യാണം വിളിക്കാൻ ‘സ്കോഡ‘ കാറിൽ അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ചേച്ചിയുടെ തൊലിയുരിഞ്ഞുപോയത്! അവരുടെ വീട്ടിലെ കാറ് പഴയൊരു ‘മാരുതി സെൻ‘ ആണുപോലും. ഒരു സൈക്കിളുപോലും സ്വന്തമായിട്ടില്ലാതിരുന്ന എന്റെ പ്രതാപത്തെ എങ്ങനെയായിരിക്കാം അവർ വിലയിരുത്തിയതെന്ന്
ആലോചിച്ച് ഞാനുമിരുന്നു.
മനുഷ്യർ അങ്ങനെയാണ്. എല്ലാരുമല്ലങ്കിലും ചിലരെങ്കിലും...ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടും. ഉള്ളതിനെ
കുറച്ചൊക്കെ പൊലിപ്പിച്ച് കാട്ടും. അതിൽ നിന്നൊക്കെ കിട്ടുന്ന ഒരു തരം സംതൃപ്‌തിയായിരിക്കാം ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്... മറ്റുള്ളവരുടെ മുന്നിൽ താണുപോകരുതെന്ന അപകർഷതാബോധവുമായിരിക്കാം.
അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്.” ഞാൻ മരിക്കുമ്പോൾ എന്റെ കൈകൾ രണ്ടും വിടർത്തി ശവമഞ്ചത്തിന്ന് പുറത്തേക്കിടുക....അറിയട്ടെ...എല്ലാവരും...ലോകം കീഴടക്കിയ മഹാനായ ചക്രവർത്തി ഒന്നുമില്ലാതെ...ഒന്നും കൊണ്ടുപോകാനാവതെ യാത്രയാവുന്നെന്ന്...”
തൂറാൻ പോകുന്നവന്റെ പത്രാസിനെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ഇതിതാണ്...
വെളിമ്പറമ്പിൽ തൂറാനിരിക്കുന്നവന്റെയും പത്രാസ്...
കൈയിലെ ‘ചെമ്പ് പാത്രം’ നോക്കി പ്രതാപം നിശ്ചയിച്ചിരുന്ന ഒരു
കാലമുണ്ടായിരുന്നത്രേ.ഇങ്ങ് ആന്ധ്രയിലെ കുഗ്രാമങ്ങളിലെങ്കിലും!