വാഴ
Sunday, March 30, 2008
വീടിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു വാഴ നില്‍പ്പുണ്ടായിരുന്നു. ഞാലിപ്പൂവന്‍ വാഴ! അച്ഛന് മറ്റ് വാഴകളേക്കാള്‍ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു ഈ വാഴയോട്. ഇതിന്റെ തൈ അച്ഛന്‍ മുതലാളീടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ്. വലിയ കുല നല്‍കുന്ന പ്രത്യേകതരം വാഴയായിരുന്നു അത്. മുതലാളീടെ വീട്ടിലുണ്ടായ കുലയ്ക്ക് അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്!
അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടങ്കില്‍ അതില്‍ എത്ര പടല പഴം കാണും. അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്ക് കൂട്ടി. അതെല്ലാം കൂടി പഴുപ്പിച്ച് തിന്ന് തീര്‍ക്കാന്‍ എത്ര ദിവസം വേണം. അപ്പുക്കുട്ടന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
വാഴ ദിവസം തോറും വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ ദിവസവും അതിന് വെള്ളം കോരും. അമ്മ കഞ്ഞിവെള്ളവും ഉള്ളിത്തൊലിയും വാഴച്ചോട്ടിലിട്ട് പോന്നു. അപ്പുക്കുട്ടനും ആദ്യകാലത്തൊക്കെ അതിന് വെള്ളമൊഴിക്കുമായിരുന്നു. മറ്റ് വാഴകളുടെ അസൂയാപാത്രമായി ഞാലിപ്പൂവന്‍ വാഴ വളര്‍ന്നു വന്നു. വാഴയിലയില്‍ കാക്കകള്‍ പോലും വന്നിരിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. സ്വന്തം പിള്ളാരെപ്പോലും ഇത്രേം കാര്യമായിട്ട് നോക്കിയിട്ടില്ലാന്ന് അമ്മ കളിയാക്കി പറഞ്ഞ് പോന്നു.
“ ഈ വാഴേടെ കൊല വിറ്റിട്ട് നെനക്ക് ഞാനൊരു ബ്ലൌസ് വാങ്ങിത്തരണുണ്ട്.” ഒരുനാള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.
അപ്പുക്കുട്ടന് അത് കേട്ട് സങ്കടം വന്നു. ഞാലിപ്പൂവന്‍ പഴം തിന്നാന്‍ കിട്ടില്ലല്ലോ... അന്നത്തോടെ ഞാലിപ്പൂവന് വെള്ളം കോരുന്നത് അപ്പുക്കുട്ടന്‍ നിര്‍ത്തി. മറ്റെല്ലാ വാഴകള്‍ക്കും അപ്പുക്കുട്ടന്‍ പുട്ടുകുടത്തില്‍ വെള്ളം കോരിയൊഴിക്കും. ഞാലിപ്പൂവനെ നോക്കി കൊഞ്ഞനം കാണിക്കും.
വാഴ വളര്‍ന്ന് വലുതായി. ഒരു നാള്‍ വാഴയുടെ കുല കിഴക്കോട്ട് നാമ്പ് നീട്ടി. അന്ന് അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അമ്മയ്ക്കും സന്തോഷമായിരുന്നു. അപ്പുക്കുട്ടന് സന്തോഷമൊന്നും തോന്നിയില്ല.
അപ്പുക്കുട്ടന്‍ വെള്ളമൊഴിക്കാതെ തന്നെ കുല വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ ഒരു വലിയ കുല!
കൊതികിട്ടാതിരിക്കാന്‍ അച്ഛന്‍ ചാക്കും ഉണങ്ങിയ വാഴയിലകൊണ്ടും കുല മൂടിയിട്ട് വളര്‍ത്തി. കുല വിളഞ്ഞു. പഴുക്കുന്നതിന് മുന്നേ തന്നെ അച്ഛനത് വെട്ടിയെടുത്ത് അകത്തെ മുറിയിലെ അഴയുടെ പുറകിലെ ഇരുട്ടില്‍ കെട്ടിത്തൂക്കി.
കിളികളെ മാത്രമല്ല ഇക്കാലത്ത് ആളുകളെക്കൂടെ സൂക്ഷിക്കണത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്കൊണ്ട് ഇത്രേം വല്ല്യൊരു കൊല വാഴേത്തന്നെയിട്ട് പഴുപ്പിക്കണത് ബുദ്ധിയല്ലന്നാണ് അച്ഛന്‍ പറഞ്ഞത്.
അഴയുടെ പുറകിലെ ഇരുട്ടില്‍ കുലയുടെ നിറം മാറിത്തുടങ്ങി. വാഴപ്പഴത്തിന്റെ മണം മുറിയിലാകെ!
അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി മുകളിലോട്ടൊന്ന് നോക്കി. ഗമണ്ടന്‍ കുല! കൈയെത്താത്ത ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അതും ചാക്ക് കൊണ്ട് പൊതിഞ്ഞ്!
“നാളെയോടെ കുല നല്ലവണ്ണം പഴുക്കുമാരിക്കും. അപ്പോഴത്തേക്കും വന്ന് കൊണ്ട് പൊയ്ക്കോളമെന്നാണ് കടക്കാരന്‍ രവി പറഞ്ഞിരിക്കണത്.” അച്ഛന്‍ അമ്മയോട് പറയുന്നത് അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍ കേട്ടു.
ഇനി ഒറ്റ ദിവസം മാത്രം. അത് കഴിയുമ്പോള്‍ കുല കടക്കാരന്‍ രവിയുടെ കടയുടെ മുന്നില്‍ തൂങ്ങി നില്‍ക്കും. നാട്ടിലുള്ള ആള്‍ക്കാര് മുഴുവന്‍ വാങ്ങിത്തിന്നും. അവരതിന്റെ രുചിയറിയും.
അപ്പുക്കുട്ടന് ആലോചിചിച്ചിട്ട് അതത്ര ശരിയായി തോന്നിയില്ല. സ്വന്തം വീട്ടിലുണ്ടായ കുലയില്‍ നിന്നും ഒരെണ്ണമെങ്കിലും തിന്നില്ലങ്കില്‍ അത് മോശമല്ലേ. കൂടുതലൊന്നും വേണ്ട. ഒരെണ്ണം. ഒരെണ്ണം മാത്രം! അതും രുചിയറിയുന്നതിന് വേണ്ടി മാത്രം.
പിറ്റേന്ന് വീട്ടിലാരുമില്ലാത്ത തക്കം നോക്കി അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി. സ്റ്റൂളിന്റെ പുറത്ത് ചെമ്പ് കുടം കമഴ്ത്തിവെച്ച് അതിന്മേല്‍ കേറി കുലയില്‍ പിടിച്ചു. ഒരെണ്ണം. ഒരെണ്ണം മാത്രം ചാക്കിനിടയിലൂടെ ഉരിഞ്ഞെടുത്തു.
സ്റ്റൂളില്‍ നിന്നും ചെമ്പ് കുടമെടുത്ത് താഴെ വെച്ചു.
“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”
ആരും കണ്ടില്ലന്നാണ് വിചാരിച്ചത്. എന്നിട്ടിപ്പോള്‍!
സേതു! ഇവളിതെവിടുന്ന് വന്നു.
“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”
കൊച്ച് കാന്താരി നിന്നലറുന്നത് കണ്ടില്ലേ. ഒറ്റ വീക്ക് കൊടുക്കാനാണ് അപ്പുക്കുട്ടന് തോന്നിയത്. പക്ഷേ സഹചര്യത്തിന്റെ സമ്മര്‍ദ്ദം അതിനനുവദിച്ചില്ല.
അപ്പുക്കുട്ടന്‍ പഴം അവള്‍ക്ക് നേരേ നീട്ടി. കൊതിച്ചി. തീറ്റികാണാത്തത്പോലയല്ലേ അതകത്താക്കിയത്. അതുമാത്രമോ. ദേ, പിന്നേം നിന്ന് ചിണുങ്ങുന്നു.
“എനിക്കിനീം വേണം. അല്ലേ ഞാനച്ഛനോട് പറഞ്ഞ് കൊടുക്കും.” ഭീഷണിയാണ്.
അപ്പുക്കുട്ടന്‍ വീണ്ടും സ്റ്റൂളിന്റെ മുകളില്‍ കുടം കമഴ്ത്തി.
“ചേട്ടനും എടുത്ത് തിന്നോ. നല്ല രുചി.” അവള് നിന്ന് ചിരിക്കുന്നു.
അയ്യട എന്തൊരൌദാര്യം! ശരിയാണ്. എന്ത് രുചി! ഇതാണ് ഇക്കണ്ട നാട്ടുകാര് മുഴുവന്‍ തിന്നാന്‍ പോണത്.
“ചേട്ടാ എനിക്ക് മതി.” ചെമ്പ് കുടം പോലായ വയറും കാണിച്ചോണ്ട് സേത് പറഞ്ഞപ്പോഴാണ് അപ്പുക്കുട്ടന്‍ ശരിക്കും കുലയിലോട്ട് നോക്കിയത്.
കുല പകുതിയും കാലിയായിരിക്കുന്നു.
അന്ന് വൈകുന്നേരം കടക്കാരന്‍ രവിയുമായിട്ടാണ് അച്ഛനെത്തിയത്. അഴയ്ക്ക് പുറകിലെ ഇരുട്ടില്‍ നിന്നും അച്ഛന്‍ കുലയഴിച്ചെടുത്തു.
“പഴുത്തത് കൊണ്ടാരിക്കും കൊലയ്ക്കൊരു ഭാരക്കൊറവ്!” അച്ഛന്‍ കുലയെടുത്ത് പുറത്ത് കൊണ്ട് വന്നു.
കുലയെ പൊതിഞ്ഞിരുന്ന ചാക്ക് അഴിച്ച് മാറ്റി. അവിശ്വസനീയം! കുല പകുതിയായിരിക്കുന്നു.
മോഷണം. ശുദ്ധമോഷണം!
കടക്കാരന്‍ രവി നിന്ന് ചിരിക്കുന്നു.
“അപ്പുക്കുട്ടാ...” അച്ഛന്‍ ഉത്തരത്തീന്ന് ചൂരലെടുത്തു.
സേതുവപ്പോള്‍ വടക്കേ വെളിയില്‍ കുത്തിയിരിക്കുകയായിരുന്നു.
“ആര്‍ക്ക് വേണം അച്ഛന്റെ ഞാലിപ്പൂവന്‍? നല്ല ഒന്നാന്തരം പാളയംകോടനുള്ളപ്പോ ആര്‍ക്ക് വേണം ഞാലിപ്പൂവന്‍? വല്ല എലീം തിന്നതാരിക്കും.” അപ്പുക്കുട്ടന്‍ ഓടുകയായിരുന്നു.
“ശരിയാണച്ഛാ... അഴേടെ പൊറകിലേ നെറയേ എലിയാ...” സേതു ഇരുന്ന ഇരുപ്പില്‍ അപ്പുക്കുട്ടനെ ന്യായീകരിച്ചു.
“അപ്പോ രണ്ടാളും കൂടിയുള്ള പണിയാണല്ലേ?” അച്ഛന്‍ സേതുവിന്റെ നേരേ തിരിഞ്ഞു.
അവളപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലല്ലായിരുന്നു.
Read more...