Followers

വാഴ

Sunday, March 30, 2008

വീടിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു വാഴ നില്‍പ്പുണ്ടായിരുന്നു. ഞാലിപ്പൂവന്‍ വാഴ! അച്ഛന് മറ്റ് വാഴകളേക്കാള്‍ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു ഈ വാഴയോട്. ഇതിന്റെ തൈ അച്ഛന്‍ മുതലാളീടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ്. വലിയ കുല നല്‍കുന്ന പ്രത്യേകതരം വാഴയായിരുന്നു അത്. മുതലാളീടെ വീട്ടിലുണ്ടായ കുലയ്ക്ക് അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്!

അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടങ്കില്‍ അതില്‍ എത്ര പടല പഴം കാണും. അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്ക് കൂട്ടി. അതെല്ലാം കൂടി പഴുപ്പിച്ച് തിന്ന് തീര്‍ക്കാന്‍ എത്ര ദിവസം വേണം. അപ്പുക്കുട്ടന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

വാഴ ദിവസം തോറും വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ ദിവസവും അതിന് വെള്ളം കോരും. അമ്മ കഞ്ഞിവെള്ളവും ഉള്ളിത്തൊലിയും വാഴച്ചോട്ടിലിട്ട് പോന്നു. അപ്പുക്കുട്ടനും ആദ്യകാലത്തൊക്കെ അതിന് വെള്ളമൊഴിക്കുമായിരുന്നു. മറ്റ് വാഴകളുടെ അസൂയാപാത്രമായി ഞാലിപ്പൂവന്‍ വാഴ വളര്‍ന്നു വന്നു. വാഴയിലയില്‍ കാക്കകള്‍ പോലും വന്നിരിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. സ്വന്തം പിള്ളാരെപ്പോലും ഇത്രേം കാര്യമായിട്ട് നോക്കിയിട്ടില്ലാന്ന് അമ്മ കളിയാക്കി പറഞ്ഞ് പോന്നു.

“ ഈ വാഴേടെ കൊല വിറ്റിട്ട് നെനക്ക് ഞാനൊരു ബ്ലൌസ് വാങ്ങിത്തരണുണ്ട്.” ഒരുനാള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.

അപ്പുക്കുട്ടന് അത് കേട്ട് സങ്കടം വന്നു. ഞാലിപ്പൂവന്‍ പഴം തിന്നാന്‍ കിട്ടില്ലല്ലോ... അന്നത്തോടെ ഞാലിപ്പൂവന് വെള്ളം കോരുന്നത് അപ്പുക്കുട്ടന്‍ നിര്‍ത്തി. മറ്റെല്ലാ വാഴകള്‍ക്കും അപ്പുക്കുട്ടന്‍ പുട്ടുകുടത്തില്‍ വെള്ളം കോരിയൊഴിക്കും. ഞാലിപ്പൂവനെ നോക്കി കൊഞ്ഞനം കാണിക്കും.

വാഴ വളര്‍ന്ന് വലുതായി. ഒരു നാള്‍ വാഴയുടെ കുല കിഴക്കോട്ട് നാമ്പ് നീട്ടി. അന്ന് അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അമ്മയ്ക്കും സന്തോഷമായിരുന്നു. അപ്പുക്കുട്ടന് സന്തോഷമൊന്നും തോന്നിയില്ല.

അപ്പുക്കുട്ടന്‍ വെള്ളമൊഴിക്കാതെ തന്നെ കുല വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ ഒരു വലിയ കുല!

കൊതികിട്ടാതിരിക്കാന്‍ അച്ഛന്‍ ചാക്കും ഉണങ്ങിയ വാഴയിലകൊണ്ടും കുല മൂടിയിട്ട് വളര്‍ത്തി. കുല വിളഞ്ഞു. പഴുക്കുന്നതിന് മുന്നേ തന്നെ അച്ഛനത് വെട്ടിയെടുത്ത് അകത്തെ മുറിയിലെ അഴയുടെ പുറകിലെ ഇരുട്ടില്‍ കെട്ടിത്തൂക്കി.

കിളികളെ മാത്രമല്ല ഇക്കാലത്ത് ആളുകളെക്കൂടെ സൂക്ഷിക്കണത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്കൊണ്ട് ഇത്രേം വല്ല്യൊരു കൊല വാഴേത്തന്നെയിട്ട് പഴുപ്പിക്കണത് ബുദ്ധിയല്ലന്നാണ് അച്ഛന്‍ പറഞ്ഞത്.

അഴയുടെ പുറകിലെ ഇരുട്ടില്‍ കുലയുടെ നിറം മാറിത്തുടങ്ങി. വാഴപ്പഴത്തിന്റെ മണം മുറിയിലാകെ!

അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി മുകളിലോട്ടൊന്ന് നോക്കി. ഗമണ്ടന്‍ കുല! കൈയെത്താത്ത ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അതും ചാക്ക് കൊണ്ട് പൊതിഞ്ഞ്!

“നാളെയോടെ കുല നല്ലവണ്ണം പഴുക്കുമാരിക്കും. അപ്പോഴത്തേക്കും വന്ന് കൊണ്ട് പൊയ്ക്കോളമെന്നാണ് കടക്കാരന്‍ രവി പറഞ്ഞിരിക്കണത്.” അച്ഛന്‍ അമ്മയോട് പറയുന്നത് അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍ കേട്ടു.

ഇനി ഒറ്റ ദിവസം മാത്രം. അത് കഴിയുമ്പോള്‍ കുല കടക്കാരന്‍ രവിയുടെ കടയുടെ മുന്നില്‍ തൂങ്ങി നില്‍ക്കും. നാട്ടിലുള്ള ആള്‍ക്കാര് മുഴുവന്‍ വാങ്ങിത്തിന്നും. അവരതിന്റെ രുചിയറിയും.

അപ്പുക്കുട്ടന് ആലോചിചിച്ചിട്ട് അതത്ര ശരിയായി തോന്നിയില്ല. സ്വന്തം വീട്ടിലുണ്ടായ കുലയില്‍ നിന്നും ഒരെണ്ണമെങ്കിലും തിന്നില്ലങ്കില്‍ അത് മോശമല്ലേ. കൂടുതലൊന്നും വേണ്ട. ഒരെണ്ണം. ഒരെണ്ണം മാത്രം! അതും രുചിയറിയുന്നതിന് വേണ്ടി മാത്രം.

പിറ്റേന്ന് വീട്ടിലാരുമില്ലാത്ത തക്കം നോക്കി അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി. സ്റ്റൂളിന്റെ പുറത്ത് ചെമ്പ് കുടം കമഴ്ത്തിവെച്ച് അതിന്മേല്‍ കേറി കുലയില്‍ പിടിച്ചു. ഒരെണ്ണം. ഒരെണ്ണം മാത്രം ചാക്കിനിടയിലൂടെ ഉരിഞ്ഞെടുത്തു.

സ്റ്റൂളില്‍ നിന്നും ചെമ്പ് കുടമെടുത്ത് താഴെ വെച്ചു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

ആരും കണ്ടില്ലന്നാണ് വിചാരിച്ചത്. എന്നിട്ടിപ്പോള്‍!

സേതു! ഇവളിതെവിടുന്ന് വന്നു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

കൊച്ച് കാന്താരി നിന്നലറുന്നത് കണ്ടില്ലേ. ഒറ്റ വീക്ക് കൊടുക്കാനാണ് അപ്പുക്കുട്ടന് തോന്നിയത്. പക്ഷേ സഹചര്യത്തിന്റെ സമ്മര്‍ദ്ദം അതിനനുവദിച്ചില്ല.

അപ്പുക്കുട്ടന്‍ പഴം അവള്‍ക്ക് നേരേ നീട്ടി. കൊതിച്ചി. തീറ്റികാണാത്തത്പോലയല്ലേ അതകത്താക്കിയത്. അതുമാത്രമോ. ദേ, പിന്നേം നിന്ന് ചിണുങ്ങുന്നു.

“എനിക്കിനീം വേണം. അല്ലേ ഞാനച്ഛനോട് പറഞ്ഞ് കൊടുക്കും.” ഭീഷണിയാണ്.

അപ്പുക്കുട്ടന്‍ വീണ്ടും സ്റ്റൂളിന്റെ മുകളില്‍ കുടം കമഴ്ത്തി.

“ചേട്ടനും എടുത്ത് തിന്നോ. നല്ല രുചി.” അവള് നിന്ന് ചിരിക്കുന്നു.

അയ്യട എന്തൊരൌദാര്യം! ശരിയാണ്. എന്ത് രുചി! ഇതാണ് ഇക്കണ്ട നാട്ടുകാര് മുഴുവന്‍ തിന്നാന്‍ പോണത്.

“ചേട്ടാ എനിക്ക് മതി.” ചെമ്പ് കുടം പോലായ വയറും കാണിച്ചോണ്ട് സേത് പറഞ്ഞപ്പോഴാണ് അപ്പുക്കുട്ടന്‍ ശരിക്കും കുലയിലോട്ട് നോക്കിയത്.

കുല പകുതിയും കാലിയായിരിക്കുന്നു.

അന്ന് വൈകുന്നേരം കടക്കാരന്‍ രവിയുമായിട്ടാണ് അച്ഛനെത്തിയത്. അഴയ്ക്ക് പുറകിലെ ഇരുട്ടില്‍ നിന്നും അച്ഛന്‍ കുലയഴിച്ചെടുത്തു.

“പഴുത്തത് കൊണ്ടാരിക്കും കൊലയ്ക്കൊരു ഭാരക്കൊറവ്!” അച്ഛന്‍ കുലയെടുത്ത് പുറത്ത് കൊണ്ട് വന്നു.

കുലയെ പൊതിഞ്ഞിരുന്ന ചാക്ക് അഴിച്ച് മാറ്റി. അവിശ്വസനീയം! കുല പകുതിയായിരിക്കുന്നു.

മോഷണം. ശുദ്ധമോഷണം!

കടക്കാരന്‍ രവി നിന്ന് ചിരിക്കുന്നു.

“അപ്പുക്കുട്ടാ...” അച്ഛന്‍ ഉത്തരത്തീന്ന് ചൂരലെടുത്തു.

സേതുവപ്പോള്‍ വടക്കേ വെളിയില്‍ കുത്തിയിരിക്കുകയായിരുന്നു.

“ആര്‍ക്ക് വേണം അച്ഛന്റെ ഞാലിപ്പൂവന്‍? നല്ല ഒന്നാന്തരം പാളയം‌കോടനുള്ളപ്പോ ആര്‍ക്ക് വേണം ഞാലിപ്പൂവന്‍? വല്ല എലീം തിന്നതാരിക്കും.” അപ്പുക്കുട്ടന്‍ ഓടുകയായിരുന്നു.

“ശരിയാണച്ഛാ... അഴേടെ പൊറകിലേ നെറയേ എലിയാ...” സേതു ഇരുന്ന ഇരുപ്പില്‍ അപ്പുക്കുട്ടനെ ന്യായീകരിച്ചു.

“അപ്പോ രണ്ടാളും കൂടിയുള്ള പണിയാണല്ലേ?” അച്ഛന്‍ സേതുവിന്റെ നേരേ തിരിഞ്ഞു.

അവളപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലല്ലായിരുന്നു.

28 comments:

സതീശ് മാക്കോത്ത് | sathees makkoth said...

ഒരു ചെറിയ മോഷണം. പുതിയ പോസ്റ്റ്.

തോന്ന്യാസി said...

കെടക്കെട്ടെ വാഴച്ചോട്ടില്‍ ഒരു തേങ്ങ എന്റെ വക

ഏട്ടനും അനിയത്തീം കൊള്ളാല്ലോ?

നന്ദന said...

നന്നായിരിക്കുന്നു . അനിയത്തി എന്തു ചെയ്യുന്നു ഇപ്പോള്‍

കുഞ്ഞന്‍ said...

സതീശ് ഭായ്,

ഹായ് ആ ഞാലിപ്പൂവന്‍ കഴിച്ചതുപോലുള്ള സുഖം..!

നന്ദന ചോദിച്ചതുപോലെ എവിടെ ആ കാന്താരി..?

സതീശ് മാക്കോത്ത് | sathees makkoth said...

തോന്ന്യാസി:)
നന്ദന, പണ്ട് മലയാളവേദിയിലുണ്ടായിരുന്ന നന്ദനയാണോ?
കുഞ്ഞാ ആ കാന്താരിയിപ്പോള്‍ അവളുടെ കാന്താരികളുമായി കഴിയുന്നു.

നാസ് said...

നന്നായിരിക്കുന്നു ....

ബിന്ദു കെ പി said...

പുതിയ പോസ്റ്റ് കൊള്ളാം.ഞങ്ങളുടെ വീട്ടില്‍ നടക്കാറുള്ള സംഭവം ഓര്‍മ്മ വരുന്നു: വലിയ കുലയെല്ലാം പച്ചക്കറിക്കടയില്‍ കൊടുക്കും.അവര്‍ അത് പഴുപ്പിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്ന് ഒരു പടല ഇരട്ടി കാശ് കൊടുത്ത് ഇങ്ങോട്ട് വാങ്ങിക്കും!

Sharu.... said...

നന്നായിരിക്കുന്നു...ലളിതമായി അതീവഹൃദ്യമായി എഴുതിയിട്ടുണ്ട്.ഭാവുകങ്ങള്‍ :)

നിരക്ഷരന്‍ said...

സേതു അപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലായിരുന്നില്ല. ഹ ഹ. അരക്കൊല പഴം തിന്നാല്‍പ്പിന്നെ ഓടാന്‍ പോയിട്ട് നടക്കാന്‍ പോലും പറ്റില്ലല്ലോ !!!!

ഫോട്ടോഗ്രാഫര്‍::FG said...

ഹ ഹ ഹ
ചിരിപ്പിച്ചല്ലൊ മച്ചൂ,
എന്തായാലും ഞാലിപ്പൂവന്റേ ടെസ്റ്റ് അപാരമാ, കഴിക്കാന്‍ എന്താ ഒരു പ്രഷ്ക്കാനം അല്ലേ?
സേതൂനെ കുറ്റം പറഞ്ഞിട്ടൊരു കാര്യോം ഇല്ല:)

തമനു said...

അതു ശരി അപ്പൊ എല്ലാ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു അല്ലേ... :)

(മറ്റൊരു ഞാലിപ്പൂവന്‍ ആരാധകന്‍..)

ശ്രീ said...

നല്ലൊരു പോസ്റ്റ്, സതീശേട്ടാ.
:)

ചേട്ടനും അനുജത്തിയും കൊള്ളാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ഒരു ചെറിയ മോഷണം. പുതിയ പോസ്റ്റ്” ----ഞാന്‍ കരുതി പോസ്റ്റാ മോട്ടിച്ചേന്ന്.;)

ഹൈദരാബാദില്‍ കാണപ്പെടുന്ന പഴുത്ത പകുതി (വാഴ)ക്കൊലകള്‍ക്കുത്തരവാദിയെ കിട്ടി.
തെളിയാതെ കിടക്കുന്ന എല്ലാ കൊലക്കേസും പൊക്കിക്കൊണ്ടു വന്നേ...

(സുന്ദരന്‍) said...

അപ്പുക്കുട്ടാ...
ഞാലിപ്പൂവന്‍ പഴം തിന്നിട്ടിത്തിരി ഓടിയാലും കുഴപ്പമില്ലാ...
റോബസ്റ്റാരുന്നെല്‍ വിവരമറിഞ്ഞേനെ...

ഇതോണ്ടൊക്കെയാരിക്കും....
ഞങ്ങടപ്പച്ചന്‍ വാഴക്കുല വീട്ടില്‍ കെട്ടിത്തൂക്കി പഴുപ്പിക്കാത്തെ...
പച്ചയ്ക്ക് തന്നെ വിറ്റുകളയും...

പൈങ്ങോടന്‍ said...

അപ്പുക്കുട്ടാ, വാഴ വളരെ ഇഷ്ടപ്പെട്ടു.

മുഹമ്മദ് ശിഹാബ് said...

നന്നായിരിക്കുന്നു...ലളിതമായി അതീവഹൃദ്യമായി എഴുതിയിട്ടുണ്ട്

വേതാളം.. said...

നല്ല പോസ്റ്സ്.

അപ്പുക്കുട്ടനും അനിയത്തിയും കൊള്ളാം.

സതീശ് മാക്കോത്ത്| sathees makkoth said...

ബിന്ദു അതു നല്ല ലാഭമുള്ള പരിപാടിയാണല്ലോ.
ഫോട്ടൊഗ്രാഫര്‍, അതേ ഞാലിപ്പൂവന്റെ ടേസ്റ്റ് അഭാരം:)

തമനു, ഞാലിപ്പൂവന്‍ ആരാധകന്‍ ഇതു തന്നെയായിരുന്നു പണി അല്ലേ?
ചാത്താ ഇത്രയ്ക്ക് ക്രൂരനാവല്ലേ.
സുന്ദരാ‍ അപ്പച്ചനറിയാമായിരിക്കും വരുംവരായ്കകള്‍!
നാസ്,പാമരന്‍,ഷാരു,നിരക്ഷരന്‍,ശ്രീ,പൈങ്ങോടന്‍, മുഹമ്മദ് ശിഹാബ്, വേതാളം, എല്ലാവര്‍ക്കും എന്റെ വക ഒരു ഞാലിപ്പൂവന്‍!

അഭിലാഷങ്ങള്‍ said...

ചേട്ടനും അനിയത്തിക്കും 916 ക്വാളിറ്റി.. എന്തൊരു പ്യൂരിറ്റി.

നല്ല തങ്കപ്പെട്ട പിള്ളേര്....

ഈ ഓപ്പറേഷനിലുള്ള രണ്ടാളുടെയും കോ-ഓപ്പറേഷന്‍ മൂലം നഷ്ടത്തിലായ ചിലര്‍:

1) ബ്ലൌസ് തുണി വില്‍ക്കുന്ന ടെക്സ്റ്റൈല്‍‌സ് ഷോപ്പുകാരന്‍
2) അത് തുന്നുന്ന ടെയ്‌ലര്‍ ഷോപ്പുകാരന്‍
3) ഒരു ഗിഫ്റ്റ് നഷ്ടപ്പെട്ട അമ്മ..
4) കുലയുടെയും കാശിന്റെയും പാതി നഷ്ടപ്പെട്ട അച്ഛന്‍

ആ പാവം ഞാലിപ്പൂവന്‍‌കൊലയോടും മുകളില്‍ പറഞ്ഞ ആളുകളോടും രണ്ടാളും ചെയ്തത് കൊലച്ചതി തന്നെ...

എന്തായാലും ഞാലിപ്പൂവന്‍ പഴം അല്പം കഷ്ടപ്പാട് സഹിച്ചാണ് അകത്താക്കിയതെങ്കിലും അത് അകത്താക്കിയ സംഗതി വിവരിച്ചിരിക്കുന്നത് വളരെ സിം‌പിളായാണ് K-ട്ടോ... കൂള്‍....

:-)

ഗുപ്തന്‍ said...

അനിയത്തി കൊള്ളാം

**********

ഇത് ഫെമിനിസ്റ്റുകള്‍ക്കെതിരെ ഉള്ള ഒരു ഒളിയമ്പായി വ്യാഖ്യാനിച്ചാല്‍ സതീഷേട്ടന് കണക്കിനു കിട്ടാന്‍ ഒരു വകുപ്പൊണ്ട്.. എന്തേ നോക്കുന്നോ

സതീശ് മാക്കോത്ത്| sathees makkoth said...

അഭിലാഷേ ഇങ്ങനെ നഷ്ടങ്ങളുടെ കണക്ക് കാണിച്ച് രണ്ട് പാവം പിള്ളേരെ തൂക്കിലേറ്റരുതേ...:)
ഗുപ്തന്‍‌ജീ,ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളുണ്ടാ‍ക്കി എന്നെ കുഴപ്പിക്കാനാണ് പരിപാടി അല്ലേ. നടക്കില്ലാ ട്ടോ.
നന്ദി. രണ്ട് പേര്‍ക്കും.

Suvi Nadakuzhackal said...

അത് പോലെ 25 പഴം ഒക്കെ തിന്നിരുന്ന ഒരു കുട്ടിക്കാലം എനിക്കും ഓര്‍മ്മയുണ്ട്. എനിക്ക് പക്ഷെ പഴം വീട്ടില്‍ നിന്നും കക്കേണ്ടി വന്നിട്ടില്ല. മുട്ടായ് മേടിക്കാനുള്ള പൈസ കട്ടെടുത്തിട്ടുണ്ട്.

വളരെ നല്ല ഒരു കഥ!!

കുട്ടന്‍മേനൊന്‍ said...

വാഴപ്പോസ്റ്റ് കാണാന്‍ വൈകി. നന്നായിരിക്കുന്നു എഴുത്ത്.

സതീശ് മാക്കോത്ത്| sathees makkoth said...

Suvi Nadakuzhackal,
കുട്ടന്‍മേനൊന്‍,
വാഴ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

Dileep said...

എന്തു നല്ല ഭംഗിയായിട്ടാ എഴുതിരിക്കുന്നത് , സത്യം പറയട്ടേ, മലയാളത്തില്‍ ഉള്ള ഒരു ബ്ലോഗ് പോസ്-റ്റും ഇത്രയും നല്ല ലാളിത്യത്തിലും ഭംഗിയിലും കാണില്ല..... വളരെ നന്തി..ഇപ്പോഴാ വായനയുടെ സുഖം ബ്ലോഗില്‍ നിന്നും കിട്ടിയത്

Suja said...

ദിലീപ് പറഞ്ഞതു അക്ഷരം പ്രതി ശരി.
ഈ പോസ്റ്റിൽ മറ്റു പോസ്റ്റുകളിൽ കാണാത്ത ഒരു അത്ഭുതം ഞാൻ കണ്ടു. സേതു സതീശനെ പിന്താങ്ങി സംസാരിക്കുന്നു (അവസാന ഖണ്ഡം) !!! അഭൂതപൂർവ്വമായ ഒരു കാഴ്ച്ക.
നേരാ അപ്പുക്കുട്ടാ, ഞാലിപ്പൂവന്റെ ആ ഒരു മികവു മറ്റേതു പഴത്തിനാ ഒള്ളേ. ഞാലിപ്പൂവൻ കീ ... എന്നാലും നിങ്ങളു ആ കുലേടെ (അതും ഇത്രേം വല്യ കുലേടെ) പകുതീം ഒറ്റയടിക്കു തീർത്തെന്നോ??

സതീശ് മാക്കോത്ത്| sathees makkoth said...

ദിലീപിനും സുജയ്ക്കും ഓരോ ഞാലിപ്പുവൻ പഴം.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP