Followers

കൈയ്യൊടിഞ്ഞ താറാവ്

Saturday, March 8, 2008

തനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ടുപിടിക്കാന്‍ കണ്ണന് കുറേ നാള്‍ പ്രയാസപ്പെടേണ്ടിവന്നു. കല്യാണമെന്നതൊക്കെ അതിന്റെ സമയത്തല്ലേ നടക്കൂ. കണ്ണനും പെണ്ണ് കണ്ട് കണ്ട് അവസാനം എത്തേണ്ടെടത്തെത്തി.

കുട്ടനാട്ടില്‍!

വെള്ള ചൊരിമണലും, കയര്‍ വ്യവസായവുമുള്ള കരപ്രദേശത്ത് നിന്നും; താറാവ് കൃഷിയും,നെല്‍കൃഷിയും ഒക്കെ ഉള്ള സ്ഥലത്തെത്തിച്ചേര്‍ന്നപ്പോള്‍ കണ്ണന്റെ മനസ്സിനൊരു കുളിര്‍മ്മ വന്നു. പമ്പയെ തഴുകിയെത്തുന്ന കാറ്റിന്റെ നൈര്‍മല്യം അവന്റെ മനസ്സിനൊരു ശാന്തത നല്‍കി. ആ ശാന്തത ആഹ്ളാദമായി മാറി സുനിതയെ കണ്ടപ്പോള്‍!

സ്വപ്ന സഖി കണ്മുന്നില്‍!

ആദ്യനോട്ടത്തില്‍ തന്നെ സുനിതയെ കണ്ണനിഷ്ടപ്പെട്ടെങ്കിലും, കൂടെപ്പോയ അന്തോണി പറഞ്ഞതങ്ങനെയൊന്നുമല്ലായിരുന്നു.“ഇഷ്ടന്‍ വീണുപോയതേ, കുട്ടനാട്ടുകാരീടെ താറാവ് മപ്പാസിന്റെ രുചിയിലാ...അല്ലെങ്കില്‍പിന്നെ നാടാകെ പെണ്ണ് കണ്ടുനടന്ന ഇവന്‍ ആ വെള്ളക്കുഴീചെന്ന് ചാടുമോ?”


അന്ന് താറാവ് കറി വെച്ചത് സുനിത ആയിരുന്നുവെന്ന് കൂടെക്കൂടെ കണ്ണന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങി. സുനിതയെ കണ്ടതിനു ശേഷമുള്ള ഒരു രാത്രി കണ്ണന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റ് ‘എടീ സുനിതേ, നീ ആ താറാവിന്റെ കഴുത്തേന്ന് വിടടീ...’ എന്നലറുന്നതുകേട്ടപ്പോള്‍ വീട്ടുകാര്‍ക്കും അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി തോന്നി.

താറാവ് കറിയാണോ പെണ്ണിനെയാണോ കണ്ണനിഷ്ടപ്പെട്ടതെന്ന് പിന്നെയാരും ആലോചിച്ചില്ല. വീട്ടിലെ മൂപ്പിലാന്മാര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. വിവാഹ നിശ്ചയത്തിന് തീയതി നിശ്ചയിച്ചു. നിശ്ചയത്തിനും താറാവ് കറിയും വെള്ളയപ്പവും വേണമെന്ന് കണ്ണന്‍ രഹസ്യമായി പെണ്‍വീട്ടുകാരെ അറിയിച്ച കാര്യം നാട്ടില്‍ പാട്ടായി. ചടങ്ങ് പെണ്ണിന്റെ വീട്ടില്‍ വെച്ചാണ് നടക്കുന്നതെങ്കിലും സ്വന്തം വീട്ടിലും ആഘോഷത്തിന് യാതൊരു കുറവുമുണ്ടാകരുതെന്ന് കണ്ണന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ നിശ്ചയത്തിനു ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ണന്റെ വീടിനുമുന്നിലും പന്തലുയര്‍ന്നു.


സ്വന്തക്കാരും ബന്ധുക്കാരുമായി വലിയൊരു പടതന്നെയെത്തി. പാചകക്കാരും അവരുടെ സില്‍ബന്ധികളും തീപ്പന്തലില്‍ പലവിധ വിധവങ്ങളുണ്ടാക്കാനുള്ള തിരക്കിലായി. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ മുന്‍ഭാഗത്ത് നിന്നും ഒരു കരച്ചില്‍ കേട്ടത്. ആദ്യമാദ്യം ആരുമത് അത്ര കാര്യമാക്കിയെടുത്തില്ല. പക്ഷേ സമയം ചെല്ലുന്തോറും കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. ആളുകളെല്ലാം കരച്ചില്‍ കേട്ട ഭാഗത്തോട്ടോടി. കണ്ണനും ഓടി. കുട്ടന്‍ചേട്ടന്‍ നിലത്ത് കിടന്നുരുളുകയാണ്. കൈകൊണ്ട് വലത്തെ ചെവി പൊത്തിപ്പിടിച്ചിരിക്കുന്നു.

നല്ലൊരു ചടങ്ങ് നടക്കാന്‍ പോകുമ്പോഴാണ് ഇവിടെയൊരു ഉരുളന്‍ നാടകം! കണ്ണന് ആദ്യം ദേഷ്യമാണ് വന്നത്. ആ ദേഷ്യം പുറത്ത് വന്നത് ഈ രൂപത്തിലുമാണ്. “എന്തോന്നാടാ ചെറുക്ക, ഏതാണ്ട് പേറ്റ് നോവ് പിടിച്ച പെണ്ണുങ്ങളെപ്പോലെ...”

“അതിന് നീയെത്ര പേറ്റ് നോവ് കണ്ടിരിക്കുന്നെടാ?” പത്ത് പെറ്റ വല്യമ്മായി അതു ചോദിച്ചപ്പൊള്‍ കുട്ടന്‍ചേട്ടന്റെ കരച്ചിലിനേക്കാള്‍ ശബ്ദത്തില്‍ പെണ്ണുങ്ങള്‍ ചിരിച്ചു.

സ്വന്തം ചേട്ടനായിപ്പോയില്ലേ. സമയം കളയാനില്ല. കൂടുതലൊന്നും ചിന്തിക്കാനുമില്ല. കുട്ടന്‍ചേട്ടനെ എത്രയും വേഗം ആശുപത്രിയിലാക്കണം. തലകീഴെ തുണിയിട്ട് മൂടി കുട്ടന്‍ചേട്ടനെ ബൈക്കിന്റെ പിന്നില്‍ കുത്തിച്ചാരിയിരുത്തി. കണ്ണന്റെ ബൈക്ക് മെഡിക്കല്‍ കോളേജിലോട്ട് പാഞ്ഞു.

കുട്ടന്‍ചേട്ടന്റെ കരച്ചില്‍ സൈലന്‍സറില്ലാത്ത ബൈക്കിന്റേതിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ കഴിയുമായിരുന്നു. അത് കണ്ണന് മനസ്സിലായത് പോലീസ് ജീപ്പ് വന്ന് ബൈക്കിന് വട്ടം നിന്നപ്പോഴാണ്.

“നീ ആരെയാടാ റാസ്ക്കല്‍ ഈ പാതിരാത്രി കിഡ്നാപ്പ് ചെയ്യുന്നത്?” ഇന്‍സ്പെക്ടര്‍ സാര്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങി.

കുട്ടന്‍ചേട്ടന്‍ കരച്ചിലിന് സഡന്‍ ബ്രേക്കിട്ടു. “എന്റെ ചെവീലൊരു വണ്ട് കേറി. ഞങ്ങള് മെഡിക്കലീ പോകുവാണേ...” കുട്ടന്‍ ചേട്ടന് എന്താണ് സംഭവിച്ചതെന്ന് അപ്പോഴാണ് കണ്ണനും മനസ്സിലായത്.

ഇന്‍സ്പെക്ടര്‍ സാര്‍ പോലീസ് ഭാഷയിന്തൊക്കെയോ ഉപദേശിച്ചിട്ട് ജീപ്പില്‍ കയറി.
കുട്ടന്‍ചേട്ടനെ അത്യാഹിതത്തിലുമെത്തിച്ചു.

കാതിലെ വണ്ടിനെ പുറത്തെടുത്തപ്പോള്‍ കുട്ടന്‍ ചേട്ടന്റെ മുഖം ചാകര വന്ന തുമ്പോളി കടപ്പുറം പോലെയായി. സുനാമി വന്നൊഴിഞ്ഞത് പോലെ കണ്ണനും തോന്നി. യമഹ വന്നതിനേക്കാള്‍ വേഗതയില്‍ കണ്ണനോടിച്ചു.മെഡിക്കല്‍കോളേജിന്റെ ഗേറ്റില്‍ ബൈക്കെത്തിയതും ഒരു ആമ്പുലന്‍സ് എതിര്‍ വന്നതും അതിന് സൈഡ് കൊടുത്തതും മാത്രമേ കണ്ണന് ഓര്‍മ്മയുള്ളു. ഓര്‍മ്മ വന്നപ്പോള്‍ കണ്ണന്‍ അത്യാഹിതത്തില്‍ കിടക്കുകയാണ്. കുട്ടന്‍ചേട്ടന്‍ കിടന്ന അതേ കട്ടിലില്‍! അരികില്‍ കുട്ടന്‍ചേട്ടന്‍ നില്‍പ്പുണ്ട്. വലതുകൈയ്ക്ക് ഒരു വേദന. കിടന്ന കിടപ്പില്‍ കൈയിലോട്ടൊന്ന് നോക്കി കണ്ണന്‍. വിശ്വസിക്കാനാവുന്നില്ല. കൈയില്‍ മുഴുവന്‍ പ്ലാസ്റ്റര്‍! നാളെ വിവാഹ നിശ്ചയം. താറാവ് കഴിക്കേണ്ട കൈയില്‍ പ്ലാസ്റ്റര്‍!

''നീ കൈയും കുത്തിയാണ് വീണത്. ഭാഗ്യത്തിന് കൈയൊടിഞ്ഞതേ ഉള്ളു.വലത്തോട്ടാണ് മറിഞ്ഞിരുന്നെങ്കില്‍ രണ്ടാളും ആംബുലന്‍സിനടിയില്‍ പോവുമാരുന്നു.'' കുട്ടന്‍ചേട്ടന്റെ വിശദീകരണം കേട്ടപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കണ്ണന് മനസ്സിലാവുകയായിരുന്നു. കണ്ണുനീര്‍ ചാലുകളായി അവന്റെ കവിളിലൂടെയൊഴുകി.

''പ്ളാസ്റ്ററൊക്കെ ഇട്ടുകഴിഞ്ഞില്ലേ. നമ്മുക്ക് പോകാം.'' കണ്ണന് പോകാനുള്ള തിരക്കായിരുന്നു.

''നാളെയേ ഡിസ്ചാര്‍ജാകാന്‍ പറ്റത്തൊള്ളന്നാ ഡോക്ടര്‍ പറഞ്ഞത്.'' കുട്ടന്‍ ചേട്ടനറിയിച്ചു.

''ഞ്ഞാനിവിടെ കെടന്നാ നിശ്ചയമെങ്ങനാ നടക്കുന്നത്?'' താറാവിനേം കഴുത്തിന് പിടിച്ച് നില്‍ക്കുന്ന സുനിതയുടെ രൂപമായിരുന്നപ്പോള്‍ കണ്ണന്റെ മനസ്സില്‍.

ഒടിഞ്ഞ കൈയും തൂക്കി കണ്ണന്‍ യമഹയുടെ അടുത്തെത്തി.കുട്ടന്‍ചേട്ടന് കൂടുതലൊന്നും പറയുവാനാകുമായിരുന്നില്ല.

കൈയൊടിഞ്ഞ ചെറുക്കനൊരദ്ഭുതമായി സുനിതയുടെ വീട്ടില്‍! സംഭവത്തിന്റെ വിശദാംശങ്ങള്‍ പെണ്ണുങ്ങള്‍ കാതുകളില്‍ നിന്നും കാതുകളിലോട്ട് കൈമാറി.

''ഒടിഞ്ഞ കൈയൊക്കെ ശരിയാവുമല്ലോ. അല്ലേ?'' പെണ്ണിന്റച്ഛന് ചെറിയൊരു സംശയമുണ്ടായിരുന്നു.സ്വന്തം മകളുടെ കാര്യമല്ലേ. ഏതച്ഛനും അങ്ങനത്തെ സംശയങ്ങളൊക്കെ ഉണ്ടാവാം.

'ഓ..ഇതൊരൊടിവൊന്നുമല്ലന്നേ...ചെറിയൊരുളുക്ക് മാത്രം. ഡാക്കിട്ടറ് സര്‍ട്ടിപ്പിക്കേറ്റുണ്ടന്നേ...'' വലിയമ്മാവന്‍ അറിയിച്ചു.

നിശ്ചയമൊക്കെ കഴിഞ്ഞു.
താറാവ് കറിയും വെള്ളയപ്പവും പാത്രങ്ങളില്‍ നിരന്നു.
മറ്റുള്ളവര്‍ക്കൊപ്പം കണ്ണനും ഇരുന്നു.

അയ്യോ, കൈയൊടിഞ്ഞ ചെറുക്കനെങ്ങനാ കഴിക്കുന്നേ?'' പന്തലിന് പുറത്ത് നിന്ന പിള്ളാരാരോ ചോദിക്കുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

''എടിയേ...സുനിതേ...നീയാ താറാവെറച്ചിയെടുത്തവനെ കഴിപ്പിക്കെടീ...''വല്യമ്മായി ആണത് പറഞ്ഞത്.
സുനിത കണ്ണനെ നോക്കി.

കഴുത്തൊടിഞ്ഞ് കിടക്കുന്ന താറാവിന്റേത്പോലെ തോന്നി അവള്‍ക്കപ്പോള്‍ കണ്ണന്റെ മുഖം.

14 comments:

സതീശ് മാക്കോത്ത് | sathees makkoth said...

ആദ്യനോട്ടത്തില്‍ തന്നെ സുനിതയെ കണ്ണനിഷ്ടപ്പെട്ടെങ്കിലും, കൂടെപ്പോയ അന്തോണി പറഞ്ഞതങ്ങനെയൊന്നുമല്ലായിരുന്നു.“ഇഷ്ടന്‍ വീണുപോയതേ, കുട്ടനാട്ടുകാരീടെ താറാവ് മപ്പാസിന്റെ രുചിയിലാ...


പുതിയ പോസ്റ്റ്

വാല്‍മീകി said...

താറാവു ബിംബാ‍യി കഥയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുന്നു.

Areekkodan | അരീക്കോടന്‍ said...

അപ്പോ അങ്ങിനെ ഒരു സംഭവം നിശ്ചയത്തലേന്ന് ഉണ്ടായി അല്ലേ ആശേ?

ഗീതാഗീതികള്‍ said...

പാവം താറാവ്! പാവം കണ്ണന്‍!
പാവം സുനിത!

അഗ്രജന്‍ said...

താറാവല്ല താരം... വണ്ടും യമഹയുമാണ് :)

കുട്ടന്‍ ചേട്ടന്‍ കിടന്ന അതേ കട്ടില്‍... അതിനേണ് ഭാഗ്യം ഭാഗ്യം എന്ന് പറേണത് :)

ആഗ്നേയ said...

അതുശരി..അങ്ങനാണ് കാര്യങ്ങള്‍ല്ലേ?
അപ്പോ സുനിതേടെ പെറ്റ് നെയിം ആണോ ആഷ?അതോ ആഷേടെ ഒറിജിനല്‍ പേര് സുനിതാന്നാണോ?ന്നാലും സതീഷേട്ടാ ഇതൊന്നും ഇങ്ങനെ പരസ്യായി പറയരുതായിരുന്നു.

ശ്രീ said...

ഹ ഹ. പാവം താറാവ്...
:)

പൊറാടത്ത് said...

കയ്യും കഴുത്തുമൊടിഞ്ഞ പാവം കുട്ടിത്താറാവ്....!

(ആ താറാവ് മപ്പാസിന്റെ കാര്യം വായിച്ചപ്പൊ കൊത്യായീട്ടോ..)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: താറാവ് മപ്പാസിന്റെ പാചകവിധി ഉടനെതന്നെ ആഷാഢത്തിലു വരുമെന്ന് വിശ്വസിക്കുന്നു.

സതീശ് മാക്കോത്ത് | sathees makkoth said...

വാല്‍മീകി:)
അരീക്കോടന്‍ ജീ അങ്ങനെ ആശിക്കല്ലേ...
ഗീതാഗീതികള്‍-അതെ പാവങ്ങള്‍
അഗ്രജാ അതാണ് വിധി.
ആഗ്നേയ- എന്താ കുടുമ്മകലഹമുണ്ടാക്കാനുള്ള ഭാവമാണോ?
പൊറാടത്ത് :)
ശ്രീ-താറാവാണോ പാവം?
ചാത്താ,പൂതി മനസ്സിലിരിക്കട്ടെ. അവക്കിനി ഉണ്ടാക്കി പഠിക്കാന്‍ താറാവിനെ വേണമെന്ന് പറഞ്ഞാല്‍ ഞാനെന്തു ചെയ്യും!
എന്റെ വാമഭാഗം കുട്ടനാട്ടുകാരിയല്ലന്നുള്ള സത്യം എല്ലാ ബൂലോകവാസികളേയും ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു. അതിനാല്‍ തദ്വാരയുള്ള സംശയങ്ങള്‍ക്ക് യാതൊരുവിധ പ്രാബല്യവും ഉണ്ടായിരിക്കുന്നതല്ല.


സംശയങ്ങളും അഭിപ്രായങ്ങളും അറിയിച്ച എല്ലാവര്‍ക്കും നന്ദി.

വേണു venu said...

സതീശേ, ഓരോരോ അപകടങ്ങള്‍ വരുന്ന വഴിയേ...
ആശുപത്രിയിലെ അമ്മാവന്‍റെ ബെഡ്ഡില്‍ കിടന്നു് കണ്ണനോര്ത്തു കാണില്ല ...ഇതൊരു തുടക്കം മാത്രമാണെന്നു്.:)

Suja said...

കുട്ടനാട്ടിലേയ്ക്കിതാ വീണ്ടുമൊരു കല്യാണാലോചന. (പണ്ടു അച്ചൻ ഒന്നു പോയി ഒരു ‘പെണ്ണി‘നെ കൊണ്ടോന്ന കഥ മറന്നിട്ടില്ല കേട്ടോ, അപ്പ്വേ.
കണ്ണനെവിടെ ഇപ്പൊ? പ്ലാസ്റ്റർ ഒക്കെ അഴിച്ചപ്പോ കൈ പഴയ പടി ആയെന്നു വിസ്വസിച്ചോട്ടേ?
കണ്ണനും സുനിതേം ദീർഘനാൾ താറാവു മപ്പാസു വെച്ചും കഴിച്ചും കഴിയട്ടേ എന്നാശംസിക്കുന്നു.

സതീശ് മാക്കോത്ത്| sathees makkoth said...

വേണുച്ചേട്ടൻ.roobsn,സുജ ഒത്തിരി നന്ദി

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP