Followers

ബസ് സ്റ്റോപ്പിലെ യുവതി

Wednesday, September 17, 2014

പത്തുവർഷങ്ങൾക്ക്‌ മുൻപുള്ള ഒരു പ്രഭാതത്തിലാണ്‌ ഈ വഴിയിലൂടെ അയാൾ
 യാത്ര തുടങ്ങിയത്‌.  ഇതേ ബസിൽ,  ഇതേ വഴിയിലൂടെ...   ബാങ്ക്‌ ക്ലർക്കായി അന്നാണ്‌ ജോലി തുടങ്ങിയത്‌ . പ്രത്യേകതകളൊന്നുമില്ലാതെ അയാളുടെ യാത്ര അങ്ങനെ തുടർന്നുകൊണ്ടിരുന്നു. സ്ഥിരം പോകുന്ന വഴി... പതിവ്‌ വഴിക്കാഴ്ചകൾ... സഹയാത്രികരും, അല്ലാതെയുമായി എന്നും കാണുന്ന ആളുകൾ...
കുറച്ചു നാളുകൾക്ക് മുന്നേയുള്ള ഒരു ദിവസമാണ്‌; പട്ടണത്തിനടുത്തുള്ള ഒരു ബസ്‌ സ്റ്റോപ്പിൽ അയാളൊരു  യുവതിയെ കാണുന്നത്‌! എന്തോ...അയാൾക്കവരെ കണ്ടപ്പോൾ ഒരു പ്രത്യേക ആകർഷണം തോന്നി. വലിയ സുന്ദരിയൊന്നുമല്ല അവർ. എങ്കിലും ഒരു ശാലീനതയുണ്ട്‌ ആ മുഖത്ത്‌. ഒരു നിഷ്ക്കളങ്കതയുണ്ട്‌ ആ മുഖത്ത്‌. അവരുടെ നീലക്കണ്ണുകൾക്ക്‌ ഒരു വല്ലാത്ത ആകർഷ്ണതയുണ്ടന്ന്‌ അയാൾക്ക്‌ തോന്നി.
ഒരിക്കൽ അയാളും ഭാര്യയും കൂടെ ടീവിയിൽ സിനിമ കാണുകയായിരുന്നു. പെട്ടെന്ന്‌ ഒരു സ്ത്രീ കഥാപാത്രത്തെ കണ്ട്‌ എന്തോ അയാൾക്ക്  ഒരു വല്ലായ്മ തോന്നി. ഒരു തരം ഭയം.
അയാളുടെ നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ പൊടിഞ്ഞു. അയാൾ ഭാര്യയോട്‌ പറഞ്ഞു. “എനിക്കീ സ്ത്രീയുടെ മുഖം കണ്ടിട്ട്‌ വല്ലാതെ ഭയം തോന്നുന്നു.നമ്മുക്ക്‌ ഈ സിനിമ നിർത്തി വേറേ എന്തെങ്കിലും കാണാം.” ഭാര്യ ടീവി ഓഫ്‌ ചെയ്തിട്ട്‌ തമാശ രൂപേണ പറഞ്ഞു.
“ചിലപ്പോൾ ആ സ്ത്രീയുടെ മുഖമുള്ള ആരോ നിങ്ങളുടെ മുജ്ജന്മത്തിൽ ഉണ്ടായിരുന്നിരിക്കാം.അവരിൽ നിന്നും, എന്തെങ്കിലും ഭയപ്പെടുത്തുന്ന സംഭവങ്ങൾ അന്നുണ്ടായിക്കാണാം.“
അയാൾ ഭാര്യ പറഞ്ഞത്‌ ശ്രദ്ധിച്ചുകേട്ടു. ശരിയായിരിക്കാം. അല്ലായിരിക്കാം.
ചില മുഖങ്ങൾ അയാളെ  ഭയപ്പെടുത്തും. അതു സിനിമയിൽ തന്നെ ആകണമെന്നില്ല!വഴിയരുകിൽ കാണുന്നവരിൽ ചിലരാകാം...മാർക്കറ്റിലോ ഉൽസവപ്പറമ്പിലോ കാണുന്നവരാകാം.
ഭാര്യയുടെ അടുത്ത ചോദ്യം പുറകേ വന്നു. ചിരിച്ചുകൊണ്ടാണ്‌.”പേടിപ്പെടുത്തുന്ന മുഖങ്ങളുണ്ടേൽ, തീർശ്ചയായും ഇഷ്ടപ്പെടുന്ന മുഖങ്ങളുമുണ്ടാവുമല്ലോ?“
അയാൾ പറഞ്ഞു.”ശരിയാണ്‌.ഉണ്ട്‌. പക്ഷേ അതു നിന്റെ പോലത്തെ മുഖമല്ല.“അവർ പരിഭവത്തോടെ അയാളുടെ കവിളിൽ നുള്ളി.
”നിങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന മുഖം എനിക്കെന്നെങ്കിലുമൊന്ന്‌ കാണിച്ചുതരാമോ?“
സമ്മതം മൂളിയെങ്കിലും ഒന്നു അയാൾ തീരുമാനിച്ചിരുന്നു. ഒരിക്കലും ഭാര്യയെ അയാൾക്കിഷ്ടമുള്ള മുഖം കാണിക്കാൻ പോകുന്നില്ല. കുടുംബകലഹത്തിന്‌ അതു മതിയാകാം കാരണം.
ഇഷ്ടപ്പെടുന്ന സ്ത്രീകളും മുജ്ജന്മവുമായി എന്തെങ്കിലും ബന്ധമുണ്ടോ? അയാൾ ചോദിച്ചു.
‘കൂടുതല്‌ കളിയാക്കരുതേ,’ എന്നും പറഞ്ഞ്‌ ഭാര്യ എണീറ്റ്‌ പോയി.
ബസ്‌ സ്റ്റോപ്പിലെ ഈ സ്ത്രീയെ കണ്ടപ്പോൾ അയാളാ  സംഭവം  ഓർത്തുപോയി.  അയാൾക്കിഷ്ടമുള്ള മുഖം!
പിറ്റേ ദിവസവും അയാൾ യുവതിയെ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ അതു പതിവായി. പട്ടണത്തിന്നടുത്തുള്ള ബസ്‌ സ്റ്റോപ്പിലെത്തിയാൽ അയാൾ അറിയാതെ തല പുറത്തിട്ട്‌ നോക്കും.ബസ്സ്‌ മുന്നോട്ട്‌ നീങ്ങുമ്പോൾ അയാളവരെ കമ്പിയഴിയുടെ മുകളിലൂടെ തല പുറത്തേയ്ക്കിട്ട്‌ നോക്കും..
 പണ്ടെവിടെയോ വായിച്ചതോർത്തു അയാൾ! മലയാളികളായ ആണുങ്ങളുടെ ഏറ്റവും വൃത്തികെട്ട സ്വഭാവങ്ങളിലൊന്നാണത്രേ, ഓടുന്ന വണ്ടിയിൽ നിന്നും തലയിട്ട്‌ പുറത്ത്‌ വഴിയരികിൽ നില്ക്കുന്ന സ്ത്രീകളെ ഒരത്ഭുത വസ്തുവിനെയെന്നപോലെ നോക്കുന്നത്‌!
എങ്കിലും, അയാളുടെ മനസ്സ്‌ വീണ്ടും വീണ്ടും പറഞ്ഞു.‘നോക്കൂ....നിനക്ക്‌ മതിയാവോളം നോക്ക്‌...’
ആ സ്ത്രീയെ നോക്കുന്നതിൽ നിന്നും അയാളുടെ കണ്ണുകളെ പിന്തിരിപ്പിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ആ  സ്ത്രീയെ കണ്ടില്ലെങ്കിൽ അയാൾക്ക് ഭയങ്കര ബുദ്ധിമുട്ടാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വിലയേറിയതെന്തോ നഷ്ടമായ തോന്നലാണ്‌! ഓഫീസിലെത്തിയാലും അയാൾ എന്തോ മറന്നുപോയവനെപ്പോലെയാണ്‌.ഒന്നിലും ശ്രദ്ധിക്കാൻ പറ്റില്ല.മറവി പണ്ടേ അയാളുടെ കൂടെപ്പിറപ്പാണ്‌. ചില ദിവസങ്ങളിൽ അയാൾ പേനയെടുക്കാൻ മറക്കും. ചിലപ്പോഴൊക്കെ ചന്ദനക്കുറി തൊടാൻ മറക്കും, സോക്സിടാൻ മറക്കും, ലഞ്ച്‌ ബോക്സെടുക്കാൻ മറക്കും. കണ്ണടയെടുക്കാൻ മറക്കും.ചിലപ്പോഴൊക്കെ അടിവസ്ത്രങ്ങളിടാൻ പോലും മറക്കും. പലദിവസങ്ങളിലും പലപല കാര്യങ്ങളാണ്‌ അയാൾ മറന്നിട്ടുള്ളത്‌. അങ്ങനെയുള്ള ദിവസങ്ങളിൽ, എന്തോ മറന്നെന്ന്‌ കൂടെക്കൂടെ തോന്നും. പക്ഷേ എന്താണ്‌ മറന്നതെന്ന്‌ മാത്രം മനസ്സിലാവില്ല. അറ്റന്റൻസ്‌ രജിസ്റ്ററിൽ ഒപ്പിടാൻ ചെല്ലുമ്പോഴായിരിക്കും, പേനയെടുത്തിട്ടില്ലെന്ന്‌ മനസ്സിലാവുന്നത്‌...ഊണു കഴിക്കാനായ്‌ സഹപ്രവർത്തകർ വിളിക്കുമ്പോഴായിരിക്കും ലഞ്ച്‌ ബോക്സ്‌ ബാഗിലേയ്ക്ക്‌ എടുത്ത്‌ വെയ്ക്കാൻ മറന്നുപോയെന്ന്‌ ഓർക്കുന്നത്‌...ബസ്സിൽ ടിക്കറ്റെടുക്കാൻ പോക്കറ്റിൽ കൈയിടുമ്പോഴായിരിക്കും, ടിക്കറ്റിനുവേണ്ടി മാറി വെച്ചിരുന്ന ചില്ലറ മേശമേൽ തന്നെ വെച്ച്‌ മറന്നിട്ടാണ്‌ വന്നിരിക്കുന്നതെന്ന്‌... മൂത്രമൊഴിക്കാൻ ടൊയ്‌ലെറ്റിൽ കയറുമ്പോഴായിരിക്കും, അയ്യോ...പാന്റ്സിന്നടിയിൽ ഒന്നുമിട്ടിട്ടില്ലന്ന്‌ ഓർക്കുന്നത്‌!
ഇങ്ങനെയുള്ള അയാളുടെ ഓർമ്മത്തെറ്റുകൾ നൽകുന്ന വിമ്മലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അയാൾക്ക്‌ ബസ്‌ സ്റ്റോപ്പിലെ യുവതിയെ കാണാതിരുന്നാൽ... ഒരു തരം നീറ്റൽ... ഉള്ളിന്റെ ഉള്ളിൽ നിന്നും...
പണ്ട്‌, കോളേജ്‌ ജീവിതകാലത്ത്‌ ഇത്തരമൊരു നൊമ്പരം അയാൾക്കുണ്ടായിട്ടുണ്ട്‌. നീല ഹാഫ്‌ സാരിയുടുത്ത്‌ സുനന്ദ ഒരു പൊട്ടുപോലെ കോളേജ്‌ വരാന്തയുടെ അങ്ങേ അറ്റത്ത്‌ കൂടി  ദൃഷ്ടിയിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷയായപ്പോൾ ഇതുപ്പൊലൊരു നൊമ്പരം
അനുഭവപ്പെട്ടിട്ടുണ്ട്‌. ഒരു നഷ്ടകാമുകന്റെ ദുഃഖമായ്‌ ആ സംഭവം മനസ്സിൽ കുറേ നാളുണ്ടായിരുന്നു.
ബസ്‌ സ്റ്റോപ്പിലെ യുവതിയെ അയാൾ പ്രണയിക്കുകയായിരുന്നോ....അറിയില്ല. പക്ഷേ അവരുടെ നടത്തം...അവരുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട്‌...അവരുടെ കുപ്പി വളകൾ...വിലകൂടിയതല്ലാത്തതും, അലസമായ്‌ ഉടുത്തിരിക്കുന്നതുമായ അവരുടെ സാരി...ഈരിക്കെട്ടി വെയ്ക്കാതെ അലങ്കോലമായ്‌ കിടക്കുന്ന അവരുടെ മുടി...വശ്യമായ ആ നീലക്കണ്ണുകൾ...എല്ലാം അയാൾക്ക്‌ മനഃപാഠമായി!
അവർ ഒരിക്കൽ പോലും അയാളെ ശ്രദ്ധിച്ചിരുന്നതായ്‌  തോന്നിയിട്ടില്ല.അവരുടെ നോട്ടം അയാളിലേക്കാകർഷിക്കാനും അയാൾ ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല. അവരത്ര സുന്ദരിയൊന്നുമല്ലായിരുന്നു. എന്നിട്ടും...ആ മുഖം അയാൾക്കിഷ്ടമായിരുന്നു.
 ഈയിടെയായ്‌ അയാൾ സൈഡ്‌ സീറ്റിലേ ഇരിക്കാറുള്ളു. അതായിരുന്നു അയാൾക്ക്‌ സൗകര്യം! ബസ്‌ വിട്ടാലും  കമ്പിയഴിയുടെ മുകളിലൂടെ തലയിട്ട്‌ അവരെ കാണാൻ സാധിക്കുമല്ലോ.

ഒരു ദിവസം അയാൾ ബസ്സിൽ കയറിയപ്പോൾ  സാധാരണ ഇരിക്കുന്ന സീറ്റിൽ ഒരു സ്ത്രീയും
അവരുടെ കുഞ്ഞും ഇരിക്കുന്നു. വേറേ സീറ്റൊന്നും ഒഴിവില്ലാത്തതിനാൽ അയാളാ സ്ത്രിയുടേയും കുട്ടിയുടേയും അടുത്തിരുന്നു. കുട്ടി ഇടയ്ക്കിടയ്ക്ക്‌ അയാളുടെ മുടിയിലും കണ്ണടയിലുമൊക്കെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അയാൾ  കുട്ടിയെ കണ്ണുരുട്ടി കാണിച്ചു.നാക്കു പുറത്തേക്കിട്ട്‌
കാണിച്ചു.കുഞ്ഞ്‌ ഭയങ്കര ചിരി. അപ്പോൾ അതിന്റെ നാമ്പെടുത്തുവരുന്ന രണ്ട്‌  പാല്പ്പല്ലുകൾ വ്യക്തമായ്‌ കാണാം. അയാളും കുട്ടിയും ഈ കളി കുറേ നേരം തുടർന്നു. പിന്നെയത്‌ അമ്മയുടെ തോളിൽ കിടന്ന്‌ ഉറങ്ങിപ്പോയി. ബസ്‌ അന്നും പതിവുപോലെ പട്ടണത്തിന്നടുത്തുള്ള സ്റ്റോപ്പിലെത്തി. സ്റ്റോപ്പിൽ നിർത്തുന്നതിനും മുന്നേ അയാളവരെ കണ്ടിരുന്നു.
ആൽമരച്ചോട്ടിൽ നിൽക്കുന്നു. പതിവ്‌ വേഷം തന്നെ. അഴിഞ്ഞുകിടക്കുന്ന മുടി. അലസമായ്‌ വാരിയുടുത്തിരിക്കുന്ന സാരി. നല്ലവണ്ണം ഡ്രസ്‌ ചെയ്ത്‌, ആവശ്യത്തിന്‌ മേക്കപ്പൊക്കെയിട്ട്‌ നില്ക്കുന്ന അവരെ അയാൾ മനസ്സിൽ സങ്കൽപിച്ചു. അപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌!
ഒരു മിന്നായം പോലെ ആ യുവതി  ബസ്സിലേയ്ക്ക്‌ ഓടിക്കയറി.അയാളുടെ കൈ തട്ടി മാറ്റി അവർ തലയ്ക്ക്‌ മുകളിലൂടെ അടുത്ത സീറ്റിലേയ്ക്ക്‌ മറിഞ്ഞു.
മാനത്ത്‌ വട്ടമിട്ട്‌ പറക്കുന്ന ഒരു പരുന്തിന്റെ സൂക്ഷ്മത ആയിരുന്നു അവർക്ക്‌! കോഴിക്കുഞ്ഞിനെ റാഞ്ചുന്ന കൃത്യതയിൽ അവർ അയാളുടെ അടുത്ത സീറ്റിലിരുന്ന സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞിനെ വലിച്ചെടുത്ത്‌ ബസിൽ നിന്നും പുറത്തു ചാടി. പിന്നെയൊരു ബഹളമായിരുന്നു.ഒരു പിടിയും വലിയും. ബസ്‌ സ്റ്റോപ്പിലെ യുവതിയെ ആരൊക്കെയോ കൂടി പിടിച്ചുകൊണ്ടുപോയി.വണ്ടി വിട്ടു. കുഞ്ഞ്‌ വീണ്ടും  കണ്ണടയിൽ പിടുത്തം തുടങ്ങി. അയാൾ കണ്ണുരുട്ടിയില്ല. നാക്കും നീട്ടിയില്ല.

അടുത്ത ദിവസവും, അതിന്റടടുത്ത ദിവസവുമൊക്കെ  ബസ്‌ സ്റ്റോപ്പിലെത്തിയപ്പോൾ അയാൾ യുവതിയെ നോക്കി. കണ്ടില്ല. അയാൾക്ക്‌ വല്ലാത്ത വിഷമം തോന്നി. ജോലിയിൽ ഒരു താല്പ്പര്യവും തോന്നിയില്ല. വീട്ടിലെത്തിയിട്ടും ഒരു വല്ലായ്മ. ഭാര്യ ചോദിച്ചു, എന്തെങ്കിലും
അസുഖമുണ്ടോയെന്ന്‌. ഇല്ലായെന്ന്‌ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല അയാൾ. മൂന്നാമത്തെ ദിവസവും അയാൾ സ്റ്റോപ്പിൽ നോക്കി. യുവതിയെ കണ്ടില്ല. അയാൾ പതിയെ സീറ്റിൽ നിന്നും എണീറ്റു അവിടെ ഇറങ്ങി. ആദ്യമായിട്ടായിരുന്നു അയാളാ  സ്റ്റോപ്പിൽ ഇറങ്ങുന്നത്‌.
അയാൾക്ക്‌ ആ പ്രദേശമൊന്നും പരിചിതവുമായിരുന്നില്ല. കുറച്ചുനേരം അയാൾ ആൽമരച്ചോട്ടിൽ നിന്നു. പിന്നെ അടുത്തുള്ള കച്ചവടക്കാരനോട്‌, കഴിഞ്ഞ ദിവസം ബസ്സിൽ പ്രശ്നമുണ്ടാക്കിയ യുവതിയെക്കുറിച്ച്‌ ചോദിച്ചു. കച്ചവടക്കാരൻ പറഞ്ഞുകൊടുത്ത വഴിയിലൂടെ  യുവതിയുടെ വീട്ടിലേയ്ക്ക്‌ നടന്നു. വളവും തിരിവുമൊക്കെയായ്‌ കുറച്ചു ദൂരമുണ്ടായിരുന്നു അവരുടെ വീട്ടിലേയ്ക്ക്‌... ഇടയ്ക്ക്‌ ഒന്നു രണ്ടുപേരോട്‌ കൂടി ചോദിക്കേണ്ടി വന്നു. പട്ടണത്തിനോട്‌ ചേർന്ന്‌ ഇതുപോലെ ശാന്തമായ ഒരു സ്ഥലം അയാളെ അൽഭുതപ്പെടുത്തി.
അയാൾ ഗേറ്റ്‌ തുറന്ന്‌ യുവതിയുടെ വീട്ടിലെത്തി. അവിടെ ഒരു കറുത്ത മദ്ധ്യവയസ്കൻ നില്പ്പുണ്ടായിരുന്നു. കൈലി മാത്രം ഉടുത്ത്‌...ഷർട്ടൊന്നും ധരിക്കാതെ... അയാളുടെ ഇടത്തേ തോളത്ത്‌ ഒരു വെള്ളത്തോർത്ത്‌ കിടപ്പുണ്ടായിരുന്നു.പശുവിന്‌ പുല്ലുകൊടുത്തിട്ട്‌ തൊഴുത്തിൽ നിന്നും ഇറങ്ങി വരുന്നതുപോലെ തോന്നി അദ്ദേഹത്തെ കണ്ടപ്പോൾ.
അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു.പക്ഷേ ഒന്നും ചോദിക്കാൻ വാക്കുകൾ കിട്ടിയില്ല.
മദ്ധ്യവയസ്കൻ  ചോദിച്ചു.
“ഡോക്ടറാണല്ലേ? സുരേഷ്‌ പറഞ്ഞിരുന്നു ഇന്നിങ്ങോട്ട്‌ വരുമെന്ന്‌.”
അയാൾ ഉത്തരമൊന്നും പറഞ്ഞില്ല.ഇടത്തേ കക്ഷത്തിരുന്ന ഓഫീസ്‌ ബാഗ്‌ വലത്തേ കൈയിൽ പിടിച്ചു.
“രണ്ടു ദിവസമായ്‌ കൊറച്ച്‌ കൂടുതലാ...ഡോക്ടറിങ്ങോട്ട്‌ വന്നത്‌ ഉപകാരമായ്‌.ഇപ്പോ മുറിയിലിട്ട്‌ പൂട്ടിയിരിക്കയാ...” മദ്ധ്യവയസ്കൻ വീടിന്നകത്തേയ്ക്ക്‌ കയറി. അയാൾ അനുഗമിച്ചു.
യുവതിയുടെ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുന്നു.
മദ്ധ്യവയസ്കൻ മുറിയുടെ പൂട്ടു തുറന്ന് അകത്തു കയറി.കൂടെ അയാളും.യുവതി ജന്നലിന്നടുത്ത്‌ പുറത്തോട്ടും നോക്കി നില്ക്കുകയായിരുന്നു.
മദ്ധ്യവയസ്കനും, അയാളും അകത്തുകയറിയപ്പോൾ യുവതി വാതില്ക്കലേയ്ക്ക്‌ ഓടി വന്നു. അവിശ്വസനീയമായ മിഴികളോടെയാണ്‌ യുവതി അയാളെ നോക്കിയത്‌.
ആശ്ചര്യം തുളുമ്പുന്ന ആ മുഖത്ത്‌ മൊട്ടിട്ട പുഞ്ചിരിയുടെ മനോഹാരിതയിൽ ലയിച്ച്‌  അയാൾ ഒരു നിമിഷം നിന്നു. നീലക്കണ്ണുകളുടെ ആഴത്തിലുള്ള നോട്ടം അയാളെ അമ്പരപ്പിച്ചു.യുവതി അയാളുടെ കൈകൾ ചേർത്തു പിടിച്ചു. അവരുടെ നീലക്കണ്ണുകൾ അയാളുടെ മുഖത്തിനോട്‌ ചേർന്നു
വന്നു. അവരുടെ ശ്വാസത്തിന്റെ ചൂട്‌ അയാളുടെ മുഖത്തടിച്ചു.പിന്നെ അവർ സാവധാനം ഒച്ച വളരെ താഴ്ത്തി ചോദിച്ചു.
“പെഡ്രോ,  നീയോർക്കുന്നോ, ലെഹസ്റ്റൻ കുന്നുകളുടെ താഴ്വാരത്തിൽ നിന്ന്‌ നമ്മൾ കാടിന്നുള്ളിലൂടെ....പൈൻ മരങ്ങളുടെ ഇടയിലൂടെ  ആൾട്‌വാട്ടർടമ്മിന്റെ മുകളിലെത്തിയപ്പോൾ... നീയോർക്കുന്നോ അത്‌?”
അയാളുടെ തലയ്ക്കുള്ളിൽ ശക്തമായ ഒരു പെരുപ്പ്‌ അനുഭവെപ്പെട്ടു...സിരകളിൽ വല്ലാത്തൊരു പ്രകമ്പനം. പിന്നെ ഒരു ശൂന്യത....
“പെഡ്രോ, ഇലപൊഴിക്കാതെ മഞ്ഞിൽ പൊതിഞ്ഞ്‌ നില്ക്കുന്ന പൈൻ മരങ്ങളെ നോക്കി നീ പറഞ്ഞതോർമ്മയില്ലേ? ആകാശം മുട്ടി നില്ക്കുന്ന ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിൽ നിന്നും മേഘങ്ങളെ ചാടിപ്പിടിക്കുവാൻ ശ്രമിച്ച്‌ നീ പറഞ്ഞതോർമ്മയില്ലേ?”
യുവതിയുടെ തുടരെത്തുടരെയുള്ള ചോദ്യം കേട്ട്‌ അയാൾ വല്ലാണ്ടായി.ശരീരമാകെ വിയർത്തു. കാലുകളിലും കൈകളിലും ഒരു മരവിപ്പ്‌.
മദ്ധ്യവയസ്കന്റെ ശബ്ദമാണ്‌ അയാളെ അതിൽ നിന്നും മോചിപ്പിച്ചത്‌. “ഈയിടെയായ്‌ ലൂസി ഇങ്ങനെയാണ്‌ ഡോക്ടർ!” അയാൾക്ക്‌ പിന്നെ ആ മുറിയിൽ നില്ക്കാൻ തോന്നിയില്ല. വല്ലാത്ത ഒരു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. അയാൾ മുറിവിട്ട്‌ പുറത്തിറങ്ങി. എങ്കിലും അയാൾക്ക്‌ സന്തോഷം തോന്നി. യുവതിയെ ഒന്നുകൂടി കാണാൻ കഴിഞ്ഞല്ലോ. അവരുടെ പേരു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ..
മദ്ധ്യവയസ്കൻ മുറി പുറത്തു നിന്നും കുറ്റിയിട്ടുകൊണ്ട്‌ പറഞ്ഞു.
ലൂസിയും,സുരേഷും, കുട്ടിയും കൂടി അവരുടെ വീട്ടിൽ പോയിട്ട്‌ വരികയായിരുന്നു.നേരം വൈകിയിരുന്നു.ബസ്റ്റോപ്പിൽ എത്തിയപ്പോൾ സുരേഷ് ഹോട്ടലിൽ നിന്നും വൈകുന്നേരത്തെ ആഹാരം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞു റോഡ്‌ മുറിച്ച്‌ കടന്ന്‌ അങ്ങോട്ട്‌ പോയി.ലൂസി കുട്ടിയുമായ്‌ റോഡ്‌ സൈഡിൽ തന്നെ അയാളെയും കാത്തു നിന്നു.പെട്ടെന്ന്‌ ഒരു കാറടുത്ത്‌ വന്ന്‌ നിൽക്കുകയും ലൂസിയുടെ കൈയിൽ നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കരച്ചിൽ കേട്ട്‌, ഭർത്താവും ആൾക്കാരുമൊക്കെ ഓടി വന്നപ്പോഴത്തേക്കും, കാർ ഒരു പൊട്ടുപോലെ കാഴ്ചയിൽ നിന്നും മറഞ്ഞിരുന്നു.അന്വേഷണമൊന്നും ഒരു ഫലവും നൽകിയില്ല. ലൂസി പിന്നെ രാവിലെ മുതൽ വൈകുന്നവരെ  ബസ്സ്റ്റോപ്പിൽ പോയി നില്പ്പായി. ആർക്കും അവരെ തടയുവാനോ ആശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ല.രണ്ടുദിവസം മുന്നേ ലൂസി ബസ്സിൽ  ചാടിക്കയറി ഒരു കുട്ടിയെ എടുത്ത കാര്യം മദ്ധ്യവയസ്കൻ പറയാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു, എനിക്ക്‌ എല്ലാക്കഥയും അറിയാമെന്ന്‌.
സുരേഷ്‌ എല്ലാം  പറഞ്ഞുകാണുമല്ലേയെന്ന്‌ മദ്ധ്യവയസ്കൻ ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല.
യുവതിയെ അധികം താമസിയാതെ ആശുപത്രിയിൽ കൊണ്ടുവരുന്നതാണ്‌ ചികിൽസയ്ക്ക്‌ നല്ലതെന്നും പറഞ്ഞ്‌ അയാൾ ഗേറ്റുകടന്നു നടവഴിയിലോട്ടിറങ്ങി.
പെഡ്രോ... പോകല്ലേ പെഡ്രോ....എന്നുള്ള യുവതിയുടെ കരച്ചിൽ അയാൾ അകലെയെത്തിയപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
അയാൾക്ക്‌ ഓഫീസിലോട്ട്‌ പോകാൻ തോന്നിയില്ല.  അടുത്ത ബസ്‌ കയറി ബീച്ചിലെത്തി. ഉപ്പു മണമുള്ള കടൽക്കാറ്റേറ്റ്‌ അയാൾ കുറച്ചു നേരം വെയിലത്തിരുന്നു. പൊളിഞ്ഞ്‌ വീഴാറായ കടൽപ്പാലത്തിന്റെ അവശേഷിപ്പുകൾ കണ്ട്‌ അയാൾക്ക്‌ അധികാരികളോട്‌ വെറുപ്പ്‌ തോന്നി. അയാൾ പിന്നെയും കുറേ നേരം പട്ടണത്തിലൊക്കെ കറങ്ങി. വിശപ്പും ദാഹവും ഒന്നും തോന്നിയില്ല. വൈകുന്നേരം പതിവുപോലെ തന്നെ ഓഫീസിൽ നിന്നും വരുന്നതുപോലെ അയാൾ വീട്ടിൽ മടങ്ങിയെത്തി.
ഡ്രസ്‌ പോലും മാറാതെ അയാൾ കമ്പ്യൂട്ടറിന്‌ മുന്നിലിരുന്നു. യുവതി പറഞ്ഞ സ്ഥലപ്പേരുകൾ  സെർച്ച്‌ ചെയ്തു. ഒരു തരം ആകാംക്ഷ!
ലെഹസ്റ്റൻ- ജർമ്മനിയിലെ സ്ളേറ്റ്‌ മൈനുകൾക്ക്‌ പ്രസിദ്ധമായ ഒരു ചെറിയ പട്ടണം.
ആൾട്ട്‌ വാട്ടർടം- ലെഹസ്റ്റനിൽ തന്നെയുള്ള കല്ലിൽ തീർത്ത ഒരു ടവർ.
ഇത്രയും ദൂരെയുള്ള ഒരു സ്ഥലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു ചെറിയ പട്ടണത്തെക്കുറിച്ച് ഈ യുവതിക്കെങ്ങനെ അറിയാനാണ്‌. ചിലപ്പോൾ അവർ അവിടെ പോയിട്ടുണ്ടാവാം.അതുമല്ലെങ്കിൽ അവരുടെ ഭർത്താവോ  കൂട്ടുകാരോ ആരെങ്കിലും അവിടെ പോയിട്ടുണ്ടാവാം.ചിലപ്പോൾ വായിച്ചുള്ള അറിവുമാകാം.
ബസ്‌ സ്റ്റോപ്പിലെ യുവതിയും ജർമ്മനിയുമായുമുള്ള ബന്ധത്തിന്‌ പല നിർവ്വചനങ്ങളും അയാളുടെ മനസും ബുദ്ധിയും നൽകിക്കൊണ്ടിരുന്നു.
അപ്പോഴാണ്‌ ഭാര്യ പ്രവേശിക്കുന്നത്‌.
ലഞ്ച്‌ ബോക്സും കൈയിൽ പിടിച്ചാണ്‌ നില്പ്പ്‌!
“എന്താ ഇന്ന്‌ ഊണു കഴിക്കാഞ്ഞത്‌ നിങ്ങൾ?”അയാൾക്ക്‌ മറുപടി നൽകാൻ തോന്നിയില്ല.
പകരം  ഇങ്ങനെ പറഞ്ഞു.“എന്നെ ‘പെഡ്രോ’ എന്നു വിളിക്കൂ പ്ലീസ്‌.”
സ്ഥിരബുദ്ധി നഷ്ടപ്പെട്ടോയെന്ന സംശയത്തോടെയാണ്‌ ഭാര്യ അയാളെ നോക്കിയത്‌. പിന്നെ പറഞ്ഞു.“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”
അയാളെണീറ്റു. ലെഹസ്റ്റൻ കുന്നുകളുടെ മഞ്ഞു മൂടിയ താഴ്വാരത്തിലൂടെ, ഇലപൊഴിക്കാത മഞ്ഞിൽ കുളിച്ച പൈൻ മരങ്ങളുടെ ഇടയിലൂടെ ആൾട്ട്‌ വാട്ടർടമ്മിന്റെ മുകളിലേയ്ക്ക്‌...മേഘങ്ങളെ കൈക്കുമ്പിളിലാക്കാൻ...
“നിങ്ങളെന്താ മനുഷ്യാ,  മച്ചിന്റെ മുകളിൽ കയറുന്നേ?  ഗ്യാസുകുറ്റി  ചാർപ്പിലാണിരിക്കുന്നത്‌.”  ഭാര്യയുടെ ശബ്ദം. തുറിച്ചുനോക്കുന്ന രണ്ടു കണ്ണുകൾ! സാഗരത്തിന്റെ നീലിമയും വശ്യതയുമുള്ള ആ കണ്ണുകളുടെ  അഗാധതയിലേക്ക്‌ നോക്കി അയാൾ ചോദിച്ചു നിന്നെ ഞാൻ ‘ലൂസി’ എന്നു വിളിച്ചോട്ടെ...

23 comments:

സുധി said...

ബോധാബോധതിനിടയിലെ നൂല്പാലങ്ങൾ!!!!

ajith said...

കഥ വിഭ്രമിപ്പിച്ചുകൊണ്ട് സഞ്ചാരം തുടരുന്നു. നല്ലൊരു വായന തന്നു!

Jenish said...

അവസാനം അങ്ങേർക്കും ഭ്രാന്തായോ? ;)

കഥ വളരെ ഇഷ്ടപ്പെട്ടു.. ഒരുപാട് ട്വിസ്റ്റുകൾ.. നല്ല രീതിയിൽ പറഞ്ഞുവച്ചു. അഭിനന്ദനങ്ങൾ...

ഫൈസല്‍ ബാബു said...

സതീഷ്‌ ,, ഈ ബ്ലോഗില്‍ വായിച്ച കഥകളില്‍ ഏറെ ഇഷ്ട്ടമായ ഒന്ന് ,,

Cv Thankappan said...

കഥ ഇഷ്ടപ്പെട്ടു.വളരെ നന്നായിരിക്കുന്നു. അവതരണവും മനോഹരം.
ലൂസിയുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഹുവാന്‍ റൂള്‍ഫോ എന്ന വിശ്വപ്രസിദ്ധ സാഹിത്യകാരന്‍റെ കൃതിയും,കൃതിയിലെ നായകനുമായ പെഡ്രോ പരാമോയുടെ പ്രേതം ലൂസിയില്‍ പ്രവേശിച്ചോയെന്ന് സംശയിച്ചുപോയി......
ആശംസകള്‍

Salim kulukkallur said...

ഇഷ്ടപ്പെട്ടു ...നല്ലൊരു കഥ നന്നായി പറഞ്ഞു ..!

ബഷീർ said...

മനസിന്റെ വിഭ്രാന്തികൾ.. .നന്നായി അവതരണം

മിനി പി സി said...

കഥ ഇഷ്ടായി .ആശംസകള്‍!

ശ്രീ said...

നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂഡില്‍ വായിച്ചു വായിച്ചെത്തുമ്പോഴാണ് "“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”" എന്ന ഡയലോഗ് വരുന്നത്. ശരിയ്ക്കു ചിരിച്ചു പോയി :)

ശ്രീ said...

നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂഡില്‍ വായിച്ചു വായിച്ചെത്തുമ്പോഴാണ് "“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”" എന്ന ഡയലോഗ് വരുന്നത്. ശരിയ്ക്കു ചിരിച്ചു പോയി :)

Unknown said...

കഥ ഇഷ്ടപെട്ടു. വളരെ നന്നയിരിക്കുന്നു.

സുനില്‍

Sudheer Das said...

സതീഷ് ഭായ് ഇത് വായിക്കുവാന്‍ ഞാന്‍ വിട്ടുപോയിരുന്നു. "വരികള്‍ക്കിടയില്‍" സഹായിച്ചു. ആസ്വദിച്ചു. ആശംസകള്‍.

റോസാപ്പൂക്കള്‍ said...

വിഷയം നന്നായി. എന്തോ കുറച്ചു കൂടെ നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി.

© Mubi said...

വരികള്‍ക്കിടയില്‍ കണ്ടു, ഇവിടെ എത്തി... നല്ല കഥ വായിച്ചു. നന്നായിട്ടുണ്ട്

Sathees Makkoth said...

സുരാസുരൻ പിപി:ആദ്യകമന്റിന്‌ നന്ദി.
ajith: സമയം കൊല്ലി ആയില്ലയെന്നറിയച്ചതിൽ സന്തോഷം.നന്ദി
Jenish Sr: :)) ആകാം.ആകാതിരിക്കാം. നന്ദി.
ഫൈസല്‍ ബാബു:വളരെ നന്ദി ഫൈസൽ

Cv Thankappan: തങ്കപ്പേട്ടാ,ഹുവാന്‍ റൂള്‍ഫോയെ ഇതുവരെ വായിച്ചിട്ടില്ല.പരിചയപ്പെടുത്തിയതിൽ നന്ദി.
സലീം കുലുക്കല്ലുര്‍: നന്ദി.
Basheer Vellarakad : നന്ദി
മിനി പി സി: നന്ദി
ശ്രീ ::)) വളരെ നന്ദി.

സുനിൽ:അഭിപ്രായത്തിന്‌ നന്ദി.
വരികള്‍ക്കിടയില്‍:പരിചയപ്പെടുത്തലിനും തുറന്ന അഭിപ്രായത്തിനും ഹൃദയംഗമമായ നന്ദി.തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.
സുധീര്‍ദാസ്‌: നന്ദി
റോസാപ്പൂക്കള്‍: ശരിയാണ്‌ റോസാപ്പൂക്കൾ.എനിക്കും തോന്നി. നന്ദി.
Mubi : നന്ദി.

Villagemaan/വില്ലേജ്മാന്‍ said...

മനുഷ്യ മനസ്സ് ചിലപ്പോഴെങ്കിലും വിഭ്രമത്തിനു അടിപ്പെടാറുണ്ട് . ആ വിഭ്രമാവസ്ഥ പൂർണ്ണമായും എഴുത്തിലേക്ക്‌ ആവാഹിക്കാൻ കഥാകൃത്തിനു കഴിഞ്ഞു എന്ന് പറയുന്നതിൽ സന്തോഷമുണ്ട് .

ഈ അടുത്ത ദിവസങ്ങളില വായിച്ച ഏറ്റവും നല്ല രചന .
വരികൾക്കിടയിൽ വഴി ഇവിടെത്തി ..വീണ്ടും കാണാം ..എല്ലാ ആശംസകളും

alju sasidharan said...

നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം



alju sasidharan said...

നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം



സുധി അറയ്ക്കൽ said...

താങ്കളുടെ എല്ലാ കഥകളും ഒന്നിച്ചു വായിക്കുന്നതു കൊണ്ടാണോ എന്നറിയില്ല.
എനിക്കത്ര പിടിച്ചില്ല.വല്ലാണ്ടായി എന്ന വാക്ക്‌ എനിക്കിഷ്ടപ്പെട്ടില്ലാത്തതു കൊണ്ടായിരിക്കും.

Areekkodan | അരീക്കോടന്‍ said...

Oh...The different realities of human life correctly expressed!!

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP