Followers

പോളിസി

Friday, July 25, 2008

HR ഓഫീസർ എടുത്ത് നൽകിയ ബയോഡേറ്റയിലൂടെ വിമല മേനോൻ ഒരു സൂക്ഷ്മ പരിശോധന നടത്തി. സൈഫുദ്ദീൻ ഷേക്ക്. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടി! ഇതുവരെ വന്നവരിൽ ഏറ്റവും നല്ല അക്കാഡമിക് റെക്കോഡ് ഉള്ളയാൾ!
“എന്താ ചെയ്യേണ്ടത്? ഇന്റർവ്യൂ ചെയ്യണോ?” വിമല മേനോൻ HR ഓഫീസറെ നോക്കി.
“ ഇന്റർവ്യൂ ചെയ്യണം മാഡം. ഇത് അവസാനത്തെ ആളാണ്.”
പരീക്ഷകളിൽ ഏറ്റവും നല്ല രീതിയിൽ പെർഫോം ചെയ്തയാൾ ഏറ്റവും അവസാനം. വികലമായ ഒരു ചിരി വിമല മേനോന്റെ ചുണ്ടുകളിലുണ്ടായി.

"മേ ഐ കം ഇൻ സർ”

ഏകദേശം ആറടിയോളം ഉയരമുള്ള വെളുത്ത് സുമുഖനായൊരു യുവാവ്.

“ആപ് ബൈഠിയേ” വിമല മേനോൻ യുവാവിനോട് ഇരിക്കുവാൻ പറഞ്ഞു.

“എന്താണ് താങ്കൾ ഞങ്ങളൂടെ കമ്പനിയിൽ ജോലി ചെയ്യാനാ‍യി താല്‍പ്പര്യപ്പെടുന്നത്?”

“ഞാൻ കമ്പനി പ്രൊഫൈൽ ഇന്റെർനെറ്റിൽ നോക്കിയിരുന്നു. ഒരു ചല്ലഞ്ചിങ് ജോബ് പ്രതീക്ഷിക്കുന്നു.”

“മാഡം നമ്മുക്ക് അരമണിക്കൂറിനുള്ളിലെങ്കിലും ഇവിടുന്നെറങ്ങിയില്ലങ്കിൽ ഫ്ലൈറ്റ് മിസ്സാകും. വല്ല ടെക്നിക്കൽ കൊസ്റ്റ്യൻസ് ചോദിച്ച് എളുപ്പം അവസാനിപ്പിക്കണം.” HR ഓഫീസറുടെ പതുക്കയുള്ള ഉപദേശം വിമല മേനോന് അത്രയ്ക്കങ്ങ് രസിച്ചില്ല. എങ്കിലും അത് പുറത്ത് കാണിച്ചില്ല.

ജോലിയ്ക്ക് ഉദ്യോഗാർത്ഥി യോഗ്യനാണോ എന്നറിയുവാനുള്ള ചോദ്യങ്ങളാണ് പിന്നീട് വിമല മേനോനിൽ നിന്നും ഉണ്ടായത്.

നല്ല കാൻഡിഡേറ്റ്. ശരിക്കും പറഞ്ഞാൽ ഇതുവരെ വന്നവരിൽ വെച്ചേറ്റവും നല്ലയാൾ! തന്റെ ജോലിയ്ക്ക് ഏറ്റവും അനുയോജ്യൻ!

“മിസ്റ്റർ സൈഫുദ്ദീൻ യു ഹാവ് ഡൺ എ ഗ്രേറ്റ് ജോബ്. നൗ യു മേ വെയിറ്റ് ഔട്ട്സൈഡ് ഫോർ എ വൈൽ.”

ദിസ് കാൻഡിഡേറ്റ് ഈസ് സ്യൂട്ടബിൾ ഫൊർ ഔർ ജോബ് എന്ന് എഴുതി ഒപ്പിടുമ്പോൾ HR ഓഫീസറിന് പരിഭ്രമം.

“ മാഡം എന്ത് പണിയാണീ കാണിക്കുന്നത്. നഗരത്തിലീയിടയുണ്ടായ തീവ്രവാദി അക്രമവും ബോം‌ബ് ബ്ലാസ്റ്റുമൊക്കെ കഴിഞ്ഞതിൽ പിന്നെ ഇവരെ നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് എടുക്കേണ്ട എന്ന് തീരുമാനിച്ച വിവരം ഞാൻ നേരത്തേ പറഞ്ഞതല്ലേ? പിന്നെ ഒരു ഫോർമാലിറ്റിയ്ക്ക് വേണ്ടിയെങ്കിലും ഇന്റെർവ്യൂ നടത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് കരുതിയാണ്...”

“എങ്കിൽ പിന്നെ നിങ്ങൾക്കാ കുട്ടിയെ മണിക്കൂറുകൾ പിടിച്ചിരുത്താതെ നേരത്തേ തന്നെ പറഞ്ഞ് വിട്ട് കൂടായിരുന്നോ? അതും കമ്പനി പോളിസിയാണോ?” വിമല മേനോന് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവർക്ക് ഒരു ജോലിയ്ക്കായി ഇന്റെർവ്യൂ അറ്റന്റ് ചെയ്യുന്ന ഉദ്യോഗാർത്ഥിയുടെ മാനസിക സ്ഥിതിയായിരുന്നു.

Read more...

ശ്രീനിയും സാരിയും

Sunday, July 20, 2008

ശ്രീനിവാസനും ലക്ഷ്മിയും!

നല്ല പെർഫെക്റ്റ് ജോടികൾ. ശ്രീനിവാസന് ലക്ഷ്മിയേയും, ലക്ഷ്മിയ്ക് ശ്രീനിവാസനേയും പ്രാണനാണ്. പിന്നെ ഏത് പെർഫെക്റ്റ് ജോടിയായാലും ഇടയ്കിടയ്ക്കൊന്ന് തട്ടിയും മുട്ടിയുമിരിക്കും. ഇവിടെയും അതുപോലൊക്കെ സം‌ഭവിക്കാറുണ്ട്. അല്ലെങ്കിൽ പിന്നെന്ത് രസമല്ലേ! ചട്ടീം കലോമൊക്കെ ആകുമ്പോൾ തട്ടീം മുട്ടീമിരിക്കണമല്ലോ.

ലക്ഷ്മിയ്ക് കുറേനാളായുള്ളൊരാഗ്രഹമാണ് മഞ്ഞയിൽ വെള്ള ഡിസൈനുള്ള സാരി വേണമെന്ന്. ആ സാരിയ്ക്ക് ഒരു പ്രത്യേക പേരുമുണ്ട്. ശ്രീനിവാസൻ അതിപ്പോൾ ഓർക്കുന്നില്ല. നൂറ് കൂട്ടം പണീടെ ഇടയ്ക് ഒരു സാരി വെറും സില്ലി കേസ്! ശ്രീനിവാസൻ ഓർക്കുന്ന ഒരു കാര്യമുണ്ട്. ലക്ഷ്മിയുടെ പിറന്നാളിന്റെ അന്ന് വാങ്ങിക്കൊടുക്കണമെന്നാണ് ഡിമാന്റ്! പിറന്നാള് ദിവസം മറക്കാതെ ഓർമ്മിപ്പിക്കാനുള്ള പണിയും ലക്ഷ്മിയെ തന്നെ ഏല്‍പ്പിച്ചു. തികച്ചും ബുദ്ധിപരമായ തീരുമാനം. അഥവാ ലക്ഷ്മി മറന്നാൽ പ്രശ്നമില്ല. മറിച്ച് ശ്രീനിവാസൻ മറക്കാനിടയായാലോ? പ്രശ്നങ്ങളേ ഉണ്ടാവൂ. പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹമില്ലാത്തതിനാൽ ശ്രീനിവാസൻ അന്ന് സാരിയുമായേ മടങ്ങൂ എന്ന്ഉറപ്പിച്ചിരുന്നു.

പക്ഷേ എന്തു ചെയ്യാം. ജോലികഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഒത്തിരി താമസിച്ച് പോയി. ഒത്തിരി താമസിച്ചു എന്ന് പറഞ്ഞാൽ രാത്രി പത്ത് മണി കഴിഞ്ഞു. സാരിയെക്കുറിച്ച് ഓർത്തിരുന്നു. പക്ഷേ ബോസിനതറിയില്ലല്ലോ. അങ്ങേരുടെ ഭാര്യേടെ പിറന്നാളല്ലല്ലോ. ദുഷ്ടൻ! ഒരു നല്ല ദിവസമെങ്കിലും ലക്ഷ്മീടെ കരഞ്ഞ് കലങ്ങിയ കണ്ണുകളും വിങ്ങിവീർത്ത മുഖവും കാണരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞെങ്കിലും ഇന്നിനി സാരിയില്ലാതെ വീട്ടിലേയ്ക്കില്ലന്ന് ശ്രീനിവാസൻ തീരുമാനിച്ച് കഴിഞ്ഞു. വേറെ വഴിയില്ലങ്കിൽ പോകുന്ന വഴി വല്ല തുണിക്കടയും കുത്തിത്തുറന്നെങ്കിലും ഒരു സാരി കൊണ്ട് പോയിരിക്കും. ഇത് കട്ടാ‍യം! ശ്രീനിവാസൻ ശപഥമെടുത്തു.

മുൻ‌പൊരിക്കൽ വാക്ക് പാലിക്കാതെ വീട്ടിൽ ചെന്നതിന്റെ പരിണിതഫലം ശ്രീനിവാസൻ ഇന്നുമോർക്കുന്നു. കൈയിലൊരു കൊടുവാള് കൂടി അവൾക്ക് കൊടുത്തിരുന്നേൽ വെളിച്ചപ്പാടാക്കാമായിരുന്നു. പെർഫെക്റ്റ് ജോടികളുടെ
പെർഫെക്റ്റ് മാച്ച് അന്നാണ് ഉണ്ടായത്. ഇന്ത്യാ-പാകിസ്താൻ മാച്ച് പോലെ വീറും വീര്യവുമുള്ള മാച്ച്.
ലക്ഷ്മീടെ ബൗളിങ്ങും ശ്രീനിവാസന്റെ ബാറ്റിങ്ങും!
ഫ്രിഡ്ജീന്ന് തക്കാളിയും കാരറ്റും വെണ്ടക്കയുമൊക്കെ പറപറന്നു. നല്ല തകർപ്പൻ ബൗളിങ്ങായിരുന്നു ലക്ഷ്മി കാഴ്ചവെച്ചത്. റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് കളയാതെ എങ്ങനെയെങ്കിലും കഴിഞ്ഞ് കൂടാമെന്ന് കരുതിയ ശ്രീനിവാസനെ പ്രകോപിപ്പിച്ച് കൊണ്ട് ഒരു ഫുൾടോസ് മൂക്കിന്റെ പാലത്തിൽ വന്നിടിച്ചു. പ്രതീക്ഷിച്ചതിനേലും താണ് വന്നൊരു ബൗൺസർ താടിയെല്ലിലൊരു ഇളക്കം തട്ടിച്ചു. പിന്നെയൊരു ബാറ്റിങ്ങായിരുന്നു ശ്രീനിവാ‍സന്റെ വക! ലക്ഷ്മീടെ അണപ്പല്ലൊരൊണ്ണം ഇളകിയ വകുപ്പിൽ നഷ്ടമായത് അവളുടെ ഡിമാന്റിന്റെ പത്തിരട്ടി!

ഇന്നേതായാലും അങ്ങൊനൊരു സ്ഥിതി ഉണ്ടാവരുത്. ഫോണെടുത്ത് സുശീലനെ വിളിച്ചു.

“ഹലോ സുശീലാ, ഒരു പ്രശ്നമുണ്ട്. എനിക്ക് അത്യാവശ്യമായി ഒരു സാരി വേണം.”

“ഈ പാതിരാത്രിയ്ക്കോ?”

“അതേടാ. അല്ലെങ്കിൽ ഈ പാതിരാത്രിയിലും എന്റെ വീട്ടിൽ നട്ടുച്ചയാവും. എന്തെങ്കിലും ഒരു വഴി പറ.”

“എന്റെ ഭാര്യേടെ ഒരു സാരി കൊണ്ട് തന്നാൽ മതിയോ?”

“ അതിന് പഴയ മണം കാണുകേലേടാ. ലക്ഷ്മി മണം പിടിച്ച് കണ്ട് പിടിക്കും. അവൾക്കെന്നെ വല്ല്യ വിശ്വാസമാ...”

“എങ്കിൽ നീ ഒരു പണി ചെയ്യ്. ഇങ്ങോട്ട് പോര്. നമ്മടെ ഹൗസ് ഓണറെയൊന്ന് എണീപ്പിക്കാവോന്ന് നോക്കട്ടെ.”

സുശീലന്റെ ഹൗസ് ഓണർക്ക് ഒരു ചെറിയ തുണിക്കടയൊക്കെ ഉണ്ട്. അത്യാവശ്യം ഒരു സാരിയൊക്കെ സംഘടിപ്പിക്കാൻ പറ്റുമായിരിക്കും. പക്ഷേ മഞ്ഞയിൽ വെള്ള ഡിസൈനുള്ളത് കിട്ടുമോ...

പാതിരാത്രിയായതിനാലാവും കടയ്ക്ക് അകത്ത് നിന്നും പുറത്തേയ്ക്ക് നോക്കിയിട്ട് പോലും വലിയ വിശാലതയൊന്നും തോന്നിയില്ല. ശ്രീനിവാസന്റെ ശ്രദ്ധ കടയ്ക്ക് പുറത്തേക്കായതിനാലാവും ഓണർ ഷട്ടറിട്ടു. “രാത്രീല് ഏതൊക്കെ തരം ആൾക്കാരാ ഇതിലേ പോവുന്നതെന്ന് എങ്ങനാ അറിയണേ. ഷട്ടറിടുന്നതാ നല്ലത്.”

ഉറക്കം പോയാലും സാരി ചെലവാകുമല്ലോയെന്നുള്ള ഒരു സന്തോഷം ഓണറുടെ മുഖത്തുണ്ടായിരുന്നു.
മഞ്ഞയിൽ വെള്ള ഡിസൈനുള്ള പേരറിയാത്ത സാരിയ്ക്ക് വേണ്ടി തിരയുകയായിരുന്നു ശ്രീനിവാസൻ.
“സാറ് പറയുന്ന പോലത്തെ സാരി വേണേൽ രണ്ട് ദെവസം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിച്ച് തരാം.”
‘ അപ്പോൾ ഇയാള് രണ്ട് ദെവസത്തേയ്ക്ക് വീട്ടിലേയ്ക്ക് പോകേണ്ടന്നാണോ?” സുശീലന് ചിരി.
“ എങ്കീ പിന്നെ ചുവപ്പെടുക്ക് സാറേ, ഇതില് വെള്ള ഡിസൈനുണ്ടല്ലോ. ഈ പെണ്ണുങ്ങള് പറയുന്നതൊന്നുമത്ര കാര്യമാക്കല്ലേ സാറേ അവർക്കീ തുണിക്കടേലെ തുണി മൊത്തമെടുത്ത് കാണിച്ചാലും ഒന്നുമിഷ്ടപ്പെടില്ല. അവസാനം ഏതെങ്കിലും ഒരു ഒരെണ്ണം ഇഷ്ടപ്പെടും. അതീ കൂട്ടത്തിലെ ഏറ്റവും മോശവുമായിരിക്കും.”

കൂടുതൽ നേരം നിന്ന് മറ്റൊരു ഇന്ത്യാ-പാക്കിസ്താൻ മാച്ചുണ്ടാവണ്ടായെന്ന് കരുതി ചുവപ്പെങ്കിൽ ചുവപ്പ് പാക്ക് ചെയ്യാൻ ശ്രീനിവാസൻ സമ്മതിച്ചു.
കുറേക്കാലമായി ചെലവാകാതിരുന്ന സാധനം ചെലവാകുന്നതിന്റെ സന്തോഷം ഓണർക്ക്. ശ്രീനിവാസന് വേറേ വഴിയില്ലല്ലോ. പിറന്നാള് മാറ്റിവെയ്ക്കാൻ പറ്റുകേലല്ലോ.

ചുവപ്പ് സാരി ഫാനിൽ കെടന്ന് കറങ്ങുമെന്ന് ശ്രീനിവാസന് ഉറപ്പായിരുന്നു. എങ്കിലും തീപാറുന്ന ഒരു മത്സരത്തിൽ നിന്നും ഒഴിവാകാൻ പറ്റുമല്ലോയെന്നുള്ള ആശ്വാസമായിരുന്നു കടയിൽ നിന്നും പുറത്തിറങ്ങുമ്പോൾ!

ആശ്വാസത്തിന് അധികനേരമുണ്ടായില്ല.

കടയ്ക്ക് പുറത്ത് തങ്ങളെ കാത്ത് പോലീസുണ്ടാവുമെന്ന് അവരോർത്തിരുന്നില്ലല്ലോ. പിടുത്തം വീണു മൂവരുടേയും കഴുത്തിൽ. “ റാസ്ക്കത്സ് പാതിരാത്രി കടകുത്തിത്തുറന്ന് മോഷണം നടത്തുന്നോ. കേറടാ വണ്ടീല്...”
ഉർവ്വശീ ശാപം ഉപകാരമായെന്നാണ് പോലീസുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ശ്രീനിവാസന് തോന്നിയത്.
ലക്ഷ്മിയുടെ ബൗളിങ്ങിൽ നിന്നും രക്ഷപ്പെടാനായ് ഇത്തവണ പോലീസ് കഥ മതിയാകും.


(സമർപ്പണം: ട്രാഫിക് സിഗ്നൽ ജമ്പ് ചെയ്തു എന്ന് പറഞ്ഞ് 100 രൂ. ചെല്ലാൻ എഴുതി അയച്ച പോലീസുകാരന്. സിഗ്നൽ ജമ്പ് ചെയ്തത് ഒരു ഞായറാഴ്ച രാവിലെ 9.10ന് എന്നാണ് ചെല്ലാനിൽ. പോഴൻ പോലീസുകാരന് അറിയാമോ ഞായറാഴ്ച ദിവസം എനിക്ക് നേരം വെളുക്കുന്നത് തന്നെ 10 മണി കഴിഞ്ഞാണന്ന്!)

Read more...

പള്‍സ്

Monday, July 7, 2008

ചിത്രകലയെന്നത് വളരെ നിസ്സാര സംഗതിയാണന്ന് പഠിപ്പിച്ചത് പപ്പൻ സാറാണ്. ഒരു കഷണം ഹൽ‌വ തിന്നുന്നത്പോലെ രുചികരവും സിമ്പിളും. ഒരു മാമ്പഴമോ, താമരയോ, ചെമ്പരത്തിയിലയോ അതേപടി കടലാസിലോട്ട് പകർത്തുന്നതിനപ്പുറമൊന്നുമില്ല ചിത്രകല! സോ സിമ്പിൾ!

കേവലം ഒരു വർഷം കൊണ്ട് ഏത് വിദ്യാർത്ഥിക്കും മാമ്പഴം,താമര,ചെമ്പരത്തി ഇല എന്നിവ കണ്ണടച്ച് കൊണ്ടും വരയ്ക്കാവുന്ന മാന്ത്രികവിദ്യ പപ്പൻ സാറിന് സ്വന്തമായിട്ടുള്ളതായിരുന്നു. മാമ്പഴം,താമര, ചെമ്പരത്തി ഇല എന്നിവ വരയ്ക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു നൂറൂ‍കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിച്ചവൻ എന്ന നിലയ്ക്ക് പപ്പൻ സാർ സ്കൂളിന്റെ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.

ബ്ലാക്ക്ബോർഡിൽ ചോക്ക് കൊണ്ട് മാമ്പഴം വരയ്ക്കുമ്പോൾ മാഷ് പറയും, മാമ്പഴത്തിന്റെ വളവ് തിരിവുകൾ അതേപോലെ പകർത്തണമെങ്കിൽ നല്ല കൈവഴക്കം വേണമെന്ന്. അതിന് കൈവഴക്കത്തിനുള്ള എക്സർസൈസുകൾ ചെയ്യണമെന്ന്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുന്നത് പോലെ.

വീട്ടിൽ കറിയ്ക്കരയ്ക്കുന്നതും,ഉഴുന്നാട്ടുന്നതും മാഷായതിനാലാണ് മാഷിന് നല്ല കൈ വഴക്കമെന്ന് പിച്ചാണ്ടി പിൻ‌ബഞ്ചിലിരുന്ന് പറഞ്ഞത് മുൻ‌ബഞ്ചുകളിൽ എത്തിച്ചേരുകയും അടുത്ത ക്ലാസ്സുകളിൽ പോലും കേൾക്കുന്ന രീതിയിലുള്ള കൂട്ടച്ചിരി ഉണ്ടായതും സ്കൂളിൽ മൊത്തം അത് പാട്ടായതും പിന്നീടുണ്ടായ സം‌ഭവങ്ങൾ!

പിച്ചാണ്ടിയെ മേശപ്പുറത്ത് കയറ്റി നിർത്തി പപ്പൻ സാർ സൈക്കിൾ ചവുട്ടിച്ചതും, പിന്നീട് അതേച്ചൊല്ലി സ്റ്റാഫ് റുമിലുണ്ടായ കശപിശയിൽ മാലതി ടീച്ചർ പപ്പൻ സാറിനെ ‘ഇഡ്ഢലി’ എന്ന് വിളിച്ചതും, പപ്പൻ സാർ മാലതി ടീച്ചറിന്റെ മുടിയിൽ ചിത്രകലാപരമായി പിടിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്!

കുട്ടികളുടേയും സഹപ്രവർത്തകരുടേയും അവഹേളനത്തിൽ മനംനൊന്താണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നും, അതല്ല ചിത്രകലയിൽ മാങ്ങയോ,താമരയോ,ചെമ്പരത്തി ഇലയോ അല്ലാതെ മറ്റൊന്നുമില്ല എന്നുള്ളതിന്റെ വിരസത മാറ്റാനാണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നുമുള്ള രണ്ട് അഭിപ്രായങ്ങളുണ്ട്!

ചിത്രകലാദ്ധ്യാപനം ഹോബിയും പൊതുജനസേവനം ജോലിയുമായി മാറിയപ്പോൾ മാഷിനെ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ സ്കൂളിൽ കാണുവാനും തന്നിമിത്തം മാങ്ങ, താമര,ചെമ്പരത്തി ഇല തുടങ്ങിയ വിശേഷവസ്തുക്കളെ കടലാസിലോട്ടാക്കുന്ന പ്രതിഭാധനരായ ചിത്രകാരന്മാരുടെ എണ്ണം നാൾക്കുനാൾ സ്കൂളിൽ കുറഞ്ഞും വന്നു.

പക്ഷേ എന്തൊക്കെ ആയാലും അദ്ധ്യാപനത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ അംഗീകാ‍രം ജനസേവനത്തിലൂടെ നേടിയെടുക്കുവാൻ മാഷിന് കഴിഞ്ഞു.

സ്കൂളിൽ മാലതി ടീച്ചർ മാഷിനെ അവഹേളിച്ചെങ്കിൽ ജനസേവനരംഗത്തും ഒരു സ്ത്രീതന്നെയാണ് മാഷിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ഇടയായത്.

മോളി സിസ്റ്റർക്ക് നെഞ്ചുവേദന ഉണ്ടായി എന്നറിഞ്ഞ് ആദ്യമോടിയെത്തിയ ആളായിരുന്നു പപ്പൻ സാർ. രണ്ടാമത് എത്തിയത് അച്ചാർ പൊന്നമ്മയും. നെഞ്ചുവേദന ഹാർട്ട് അറ്റാക്കിന്റെ മുന്നോടിയാണന്നും അത് കൂടുതൽ നേരം നീണ്ട് നിന്നാൽ ശ്വാസം തന്നെ നിലച്ച് പോകുമെന്ന് മനസ്സിലാക്കിയ മാഷ് വേഗം തന്നെ കാർ വിളിച്ച് സിസ്റ്ററെ ആശുപത്രിയിൽ എത്തിക്കുവാൻ മുൻ‌കൈ എടുത്തു. പക്ഷേ മാഷറിഞ്ഞോ കഷ്ടകാലം പൊന്നമ്മയുടെ രൂപത്തിൽ അതേ കാറിൽ തന്നെ ഉണ്ടാകുമെന്ന്!

നിശ്ചലമായി കിടക്കുന്ന സിസ്റ്ററുടെ ശരീരംപുറകിലെ സീറ്റിലിരിക്കുന്ന പൊന്നമ്മയുടേയും ബന്ധുക്കളുടേയും മടിയിൽ. മുൻസീറ്റിൽ മാഷും. അടുത്തിരിക്കുന്നവരുടെ ഏങ്ങലുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നുണ്ട്. കാര്‍ കുതിച്ച് പാഞ്ഞുകൊണ്ടിരുന്നു. മാഷിന് ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. എങ്ങനെയാണ് ബന്ധുക്കളെയൊന്നാശ്വസിപ്പിക്കുക?
അപ്പോഴാണ് പുറകിൽ നിന്നും പൊന്നമ്മയുടെ അരുളിപ്പാടുണ്ടായത്. “ സാറേ സിസ്റ്റർക്ക് പ്ങ്‌ൾസില്ല”.

മാഷ് പുറകിലേയ്ക്ക് എത്തിവലിഞ്ഞ് സിസ്റ്ററുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. കണ്ണടച്ച് പിടിച്ച് പൾസിൽ മാത്രം ശ്രദ്ധിച്ചു. പൊന്നമ്മ മാഷിന്റെ മുഖത്തേയ്ക്കും ശ്രദ്ധിച്ചു. കണ്ണടച്ചിരിക്കുന്നു. വിരുതൻ! ആപത്ത് സമയത്താണ് ഓരോരോ ലീലാവിലാസങ്ങൾ!

മാഷിന്റെ കണ്ണുകൾ പതുക്കെ തുറന്നു. അതിൽ ആശ്വാസത്തിന്റെ വെള്ളിവെളിച്ചം! പൾസുണ്ട്. നല്ല ആരോഗ്യമുള്ള ആൾക്കുള്ളതുപോലെ തന്നെ. പേടിക്കാനൊന്നുമില്ല. മാഷിന്റെ മനസ്സ് ആഹ്ലാദത്താൽ അലതല്ലി.

“ പൾസുണ്ട്...പൾസുണ്ട്...സിസ്റ്റർക്ക് പൾസുണ്ട്...പേടിക്കാനൊന്നുമില്ല.” മാഷിന്റെ വാക്കുകൾ കേട്ട് ബന്ധുക്കളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം.

അപ്പോൾ ദാ വരുന്നൂ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പൊന്നമ്മയുടെ വാക്കുകൾ. തന്റെ കിണുങ്ങ് കൂടി മേമ്പൊടി ചേർത്ത് കൊണ്ട്...

“പിന്നേ...മ്‌ങാഷേ...നിങ്‌ഹളിതെന്തോന്ന് പ്‌ങണിയാ ഹ്‌ങാണിച്ചേ...ഹ്‌ങ്ന്റെ കൈയിലെ പ്‌ങ്‌ൾസാ നിങ്ങള് നോക്കിയേ...”

Read more...

പരാതിയില്ലാതെ...

Sunday, July 6, 2008

കുഞ്ഞുകുഞ്ഞിന് പ്രായമൊത്തിരി ആയെങ്കിലും നാട്ടുകാർക്കിപ്പോഴും അദ്ദേഹം കുഞ്ഞ് തന്നെയാണ്. ‘കുഞ്ഞേ’ എന്ന വിളി കുഞ്ഞുകുഞ്ഞിനിഷ്ടമായിരുന്നെങ്കിലും ഭാര്യ മറിയാമ്മയ്കും, മക്കൾ ഔസേപ്പിനും,റോസാക്കുട്ടിയ്ക്കും അത് ഒട്ടും ഇഷ്ടമായിരുന്നില്ല. മക്കൾക്കും ഭാര്യയ്ക്കും ഇഷ്ടമായില്ലെന്ന് കരുതി കുഞ്ഞുകുഞ്ഞിന് തന്റെ പേര് മാറ്റാൻ പറ്റുമോ? റിട്ടയർമെന്റ് കഴിഞ്ഞിട്ടും തലേലും,താടിയിലും മീശയിലുമെല്ലാം നരകേറിയിട്ടും ‘കുഞ്ഞേ’ എന്ന വിളികേൾക്കാൻ ഒരു ഭാഗ്യം വേണമെന്ന് കുഞ്ഞ്കുഞ്ഞ് മനസ്സിൽ കരുതി.

കുഞ്ഞ്കുഞ്ഞ് എന്ന പേരോ,കുഞ്ഞ്കുഞ്ഞിന്റെ രൂപമോ ഭാവമോ ഒന്നുമല്ല ഇവിടെ പ്രതിപാദിക്കുന്നത്. അത് കുഞ്ഞ്കുഞ്ഞ് എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെക്കുറിച്ചാണ്!
കുഞ്ഞ്കുഞ്ഞിനെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എങ്ങനെ അറിയാതിരിക്കും? എവിടെ ചെണ്ടപ്പുറത്ത് കോലിട്ടാലും കുഞ്ഞ്കുഞ്ഞ് അവിടുണ്ടാവും. ഇരുപത്തെട്ട് കെട്ട്, മാമ്മോദീസ മുക്ക് തുടങ്ങി മരണ അടിയന്തിരം വരെ എന്തിലും കുഞ്ഞ്കുഞ്ഞിന്റെ സാന്നിദ്ധ്യം ഒഴിച്ച്കൂടാനാവാത്തതാണ്. അഥവാ ആരെങ്കിലും കുഞ്ഞ്കുഞ്ഞിനെ ഒഴിച്ച് നിർത്താമെന്ന് വിചാരിച്ചിട്ടുണ്ടങ്കിൽ അതൊരിക്കലും നടന്നിട്ടുമില്ല. എന്താണന്ന് വെച്ചാൽ കുഞ്ഞ്കുഞ്ഞിന് ആരേയും ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. വിളിച്ചാലും ഇല്ലെങ്കിലും കുഞ്ഞ്കുഞ്ഞ് എവിടേയും കയറിച്ചെല്ലും.

കുഞ്ഞ്കുഞ്ഞ് എവിടെച്ചെന്നാലും മനസ്സിൽ ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. സഹായിക്കുക. തന്റെ സേവനം കഴിയാവുന്നത്രയും മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുക. അതിന് സമയകാലഭേദമൊന്നുമില്ല. ആർക്കും കുഞ്ഞ്കുഞ്ഞിന്റെ സേവനം എപ്പോഴും ആവശ്യപ്പെടാം. കുഞ്ഞ്കുഞ്ഞ് സദാ സേവനസന്നദ്ധൻ!

ഇവിടെയാണ് കുഞ്ഞ്കുഞ്ഞും മറിയാമ്മയും തമ്മിലുള്ള ഉടക്ക് ആരം‌ഭിക്കുന്നതും. സേവനജ്വരം മൂത്ത കുഞ്ഞ്കുഞ്ഞ് റിട്ടയർമെന്റിനത്തിൽ കിട്ടിയ തുകയുടെ നല്ലൊരു പങ്ക് മുക്കി. കുഞ്ഞ്കുഞ്ഞ് ആ പണം ധൂർത്തടിച്ച് തീർത്തെന്ന് പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല. കാരണം ഒരു നല്ല കാര്യത്തിനാണത് ഉപയോഗിച്ചതെന്നത് മാത്രം!
സം‌ഭവം നടന്നത് കഴിഞ്ഞ മഴക്കാലത്താണ്. തോട്ടിറമ്പിലെ സുമതീടെ വീട് ശക്തമായ കാറ്റിലും മഴയിലും തകർന്ന് തരിപ്പണമായി. ഗവണ്മെന്റോ, പഞ്ചായത്തോ മറ്റ് സന്നദ്ധ സംഘടനകളോ സഹായത്തിനെത്തുന്നതിന് മുന്നേ തന്നെ ശ്രീമാൻ കുഞ്ഞ്കുഞ്ഞ് അവിടെത്തുകയും പിന്നീടുള്ള കാ‍ര്യങ്ങൾ നാട്ടിൽ പാട്ടാകുകയും ചെയ്തിട്ടുള്ളതുമാണ്!
സുമതിയ്ക്ക് ഓലപ്പുരയ്ക്ക് പകരം ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള ഒരു വീട് കിട്ടിയെങ്കിലും കുഞ്ഞ്കുഞ്ഞിന് തന്റെ കിടപ്പ് അകത്തെ മുറിയിൽ നിന്നും പുറത്തെ ചാർപ്പിലേയ്ക്ക് മാറ്റേണ്ടതായിവന്നു. മറിയാമ്മയും മക്കളും കൂടി കട്ടിലെടുത്ത് പുറത്തിട്ടതാണന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞ്കുഞ്ഞ് അതൊന്നും കാര്യമാക്കിയില്ല.

പുറത്തെ ചാർപ്പിലെ കിടപ്പ് കുഞ്ഞ്കുഞ്ഞിന് കൂടുതൽ സൗകര്യമായി മാറി. പാതിരാത്രിയെന്നോ പത്ത്‌വെളുപ്പിനെന്നോ ഇല്ലാതെ വന്ന് പോകാനുള്ള അവസരമായി മാറി.

കുഞ്ഞ്കുഞ്ഞ് തന്റെ സേവനം അങ്ങനെ നിർവിഘ്നം നിർബാധം നടത്തിപ്പോന്നു. ഒരു പാതിരാത്രി ഏതോ ചടങ്ങിലൊക്കെ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ആ സം‌ഭവം ഉണ്ടായത്.
നല്ല ഇരുട്ട്. പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകളൊന്നും തന്നെ കത്തുന്നില്ല. എങ്ങനെ കത്താനാണ്!. ലൈറ്റ് പിടിപ്പിക്കുന്ന അന്ന് തന്നെ ആരെങ്കിലുമൊക്കെ അത് എറിഞ്ഞുടയ്ക്കും. ഒരിക്കൽ കുഞ്ഞ്കുഞ്ഞ് ലൈറ്റ് എറിഞ്ഞുടയ്ക്കുന്നവനെ പിടിക്കുകയും ചെയ്തതാണ്. അതിന്റെ അടയാളം കുഞ്ഞ്കുഞ്ഞിന്റെ വലത്തേ പുരികത്തിൽ ഇപ്പോഴുമുണ്ട്. കവിളൻ മടലിന് കിട്ടിയ അടിയാണ്. അന്നുമുതൽ ഇരുട്ടത്ത് നടക്കുന്നതാണ് നല്ലതെന്ന് കുഞ്ഞ്കുഞ്ഞ് കരുതിപ്പോന്നു.
കുറുപ്പിന്റെ കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റ് കടന്ന് നടന്നപ്പോഴാണ് പിന്നിലെന്തോ ശബ്ദം കേൾക്കുന്നതായി കുഞ്ഞ്കുഞ്ഞിന് തോന്നിയത്. കുഞ്ഞ്കുഞ്ഞ് നിന്നു. പോസ്റ്റിനോട് ചേർന്ന് ആരോ അനങ്ങുന്നത് പോലെയൊരു തോന്നൽ. അത് തോന്നലല്ലായിരുന്നു. പോസ്റ്റിനോട് ചേർന്ന് ആരോ നില്‍പ്പുണ്ട്. എന്തൊക്കെയോ പുലമ്പുന്നുമുണ്ട്.

കുഞ്ഞ്കുഞ്ഞ് പോസ്റ്റിനടുത്തേയ്ക്ക് നടന്നു. കക്ഷി പോസ്റ്റിനെ കെട്ടിപ്പിടിച്ച് നിൽക്കുകയാണ്. “നിന്നെ ഞാൻ വിടില്ലടീ രാക്ഷസീ, നീയെന്നെ തല്ലുമല്ലേ. ആണിന്റെ കൈക്കരുത്ത് നെനക്കറിയില്ലടി ദുഷ്ടേ...നെന്നെ ഞാൻ...” രാക്ഷസിയെ തല്ലാനുയർത്തിയ കൈ വന്നുവീണത് കുഞ്ഞ്കുഞ്ഞിന്റെ ദേഹത്താണ്. ആ ഇരുട്ടത്തും തന്നെ തല്ലിയ കൈയുടെ ഉടമയെ കുഞ്ഞുകുഞ്ഞിന് പിടികിട്ടി. ജോസഫ്! തന്റെ അയൽ‌വാസി ജോസഫ്! മദ്യപിച്ച് ബോധമില്ലാതെ പോസ്റ്റിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കുകയാണ്. പലതവണ കുഞ്ഞ്കുഞ്ഞ് ജോസഫിനെ ഉപദേശിച്ചിട്ടുള്ളതാണ് മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച്. എന്ത് ഫലം! റാഹേലമ്മയുടെ കൈക്കരുത്ത് അറിയുവാൻ കഴിഞ്ഞു അത്രമാത്രം! കള്ളുംകുടിച്ചോണ്ട് ചെല്ലുന്ന ദിവസങ്ങളിൽ ജോസഫിന്റെ വീട്ടിൽ ഭയങ്കര ബഹളമാണ്. ആദ്യമൊക്കെ ജോസഫാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിപ്പോന്നു. പക്ഷേ കരച്ചിൽ ജോസഫിന്റേതായപ്പോൾ മനസ്സിലായി പ്രശ്നമുണ്ടാക്കുന്നത് ജോസഫും പ്രശ്നം അവസാനിപ്പിക്കുന്നത് റഹേലമ്മയുമാണന്ന്.
പാവം ജോസഫ്! കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് സഹതാപം തോന്നി. റാഹേലമ്മയോടുള്ള ദേഷ്യം ഇലക്ട്രിൿപോസ്റ്റിനോട് തീർക്കുകയാണ് പാവം. താനടുത്ത് ചെന്നില്ലായിരുന്നെങ്കിൽ റഹേലമ്മയാണന്ന് കരുതി അടിച്ച അടി പോസ്റ്റിൽ കൊള്ളുകയും പാവത്തിന്റെ കൈ കേടാവുകയും ചെയ്യുമായിരുന്നു.

പാതിരാത്രി സ്വബോധമില്ലാതെ നിൽക്കുന്ന അയൽക്കാരനെ ഉപേക്ഷിച്ച് പോകാൻ കുഞ്ഞ്കുഞ്ഞിന്റെ മനസ്സനുവദിച്ചില്ല.പത്തെൺപത് കിലോയുള്ള ജോസഫിനെ തന്റെ തോളിൽ താങ്ങി റോഡളന്ന് നടന്നപ്പോൾ കുഞ്ഞ്കുഞ്ഞിന് അഭിമാനമാണ് തോന്നിയത്. അത് തന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. ‘എല്ലുമാണി‘ എന്ന് മറിയാമ്മ സ്നേഹത്തോടെ വിളിക്കുന്ന താൻ ഒരു തടിയനെ താങ്ങി നടത്തുന്നു!

ജോസഫിന്റെ വരവും കാത്ത് റാഹേലമ്മ വാതില്‍പ്പടിയിലുണ്ടായിരുന്നു. കശാപ്പ് കാരുടെ ലോറിയിലേയ്ക്ക് പോത്തിനെ തള്ളിക്കയറ്റുന്നത് പോലൊരു ശ്രമം വേ ണ്ടി വന്നു കുഞ്ഞ്കുഞ്ഞിന് ജോസഫിനെയൊന്ന് വീടിനകത്തേയ്ക്ക് കയറ്റാൻ!

നല്ലൊരു സഹായം ചെയ്തതിന്റെ സന്തോഷത്താൽ കുഞ്ഞ്കുഞ്ഞ് റഹേലമ്മയെ നോക്കി.” ഞാൻ നാളെ വരാം കേട്ടോ. എനിക്ക് ജോസഫിനോട് കുറച്ച് സംസാരിക്കാനുണ്ട്.” നല്ലൊരു വാക്ക് റാഹേലമ്മയിൽ നിന്ന് പ്രതീക്ഷിച്ച കുഞ്ഞ്കുഞ്ഞിന് തീപാറുന്നൊരു നോട്ടമാണ് കിട്ടിയത്. സം‌ഭവം പന്തിയല്ലന്ന് കണ്ട് തിരിഞ്ഞ കുഞ്ഞ്കുഞ്ഞിന് പിന്നിൽ വാതിൽ വലിയശബ്ദത്തിൽ അടയ്ക്കപ്പെട്ടു. കൂടെ ജോസഫിന്റെ കരച്ചിലും റാഹേലിന്റെ ഉറക്കെയുള്ള സംസാരവും. “ഇത്രയൊക്കെ സഹായം ചെയ്തത് പോരാഞ്ഞിട്ടാ നാളെയിങ്ങോട്ട് വരാമെന്ന്. മനുഷേനെ കുടിപ്പിച്ച് കുടിപ്പിച്ച് ഇവനൊക്കെ കുടും‌ബം കൊളം തോണ്ടും. വരട്ടെയിങ്ങോട്ട്... തനിക്ക് തന്നതിന്റെ ബാക്കി അങ്ങേർക്കുമുണ്ട്...”
ജോസഫിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി.
റാഹേലമ്മ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. കുഞ്ഞ്കുഞ്ഞിന് കിടന്നിട്ട് ഉറക്കം വന്നില്ല. ജീവിതത്തിൽ മറിയാമ്മയെക്കൂടാതെ മറ്റൊരു സ്ത്രീകൂടി തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ കറക്കത്തിന് അല്പം കൂടി വേഗത കൂടിയിരുന്നെങ്കിലെന്ന് കുഞ്ഞ്കുഞ്ഞ് ആശിച്ചുപോയി. സൂര്യൻ ടൈംടേബിൾ തെറ്റിക്കാതെ കിഴക്കൻ ചക്രവാളത്തിൽ തലനീട്ടിയപ്പോഴേ കുഞ്ഞ്കുഞ്ഞ് ജോസഫിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
കിണറ്റിൻ‌കരയിലെ വാഴച്ചോട്ടിലിരുത്തി റാഹേലമ്മ ജോസഫിന്റെ തലയിൽ വെള്ളം കോരി ഒഴിക്കുന്നു.
“റാഹേല് ഇന്നലെ രാത്രീല് എന്നെ തെറ്റിദ്ധരിച്ചെന്ന് തോന്നണു. കുടിച്ച് ബോധമില്ലാണ്ട് വഴീല് കെടന്ന് ജോസഫിനെ ഞാൻ എടുത്തോണ്ട് വന്നെന്നേയുള്ളു. അത്രേയുള്ളു. അല്ലാണ്ട് റാഹേല് വിചാരിക്കണപോലെ...”
കുഞ്ഞ്കുഞ്ഞിന് അവസാനിപ്പിക്കാനായില്ല. അതിന് മുന്നെ കരുത്തുറ്റ ജോസഫിന്റെ കൈകൾ കുഞ്ഞ്കുഞ്ഞിന്റെ കൊങ്ങയ്ക്ക് പിടുത്തം മുറുക്കിയിരുന്നു.
“ സാമദ്രോഹീ, എല്ലാമറിഞ്ഞോണ്ട് നീ എന്നെ ഇവടെ മുന്നിൽ കൊണ്ടിട്ടു അല്ലേ. നിന്നെ ഞാൻ... ” ജോസഫിന്റെ മുട്ടുകാലിന്റെ ബലം വയറ്റിലൂടെ കയറി നട്ടെല്ലിലൂടെ ഇറങ്ങുന്ന സുഖം...കുഞ്ഞ്കുഞ്ഞിന് ഒന്ന് കരഞ്ഞ് പോലും തീർക്കാനായില്ല. ജോസഫിന്റെ കൈകൾ കൊങ്ങായിലമർന്നിരിക്കുകയല്ലേ. എങ്ങനെ മനസ്സമാധാനത്തോടൊന്ന് കരയാൻ...

(ഇങ്ങനൊക്കെയാണങ്കിലും കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് കൂടുതൽ സ്നേഹം തോന്നുകയാണുണ്ടായത് പിൽക്കാലത്ത്. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്നാമത്തേത് റാഹേലിന്റെ തെറ്റിദ്ധാരണ വലിയ വിശദീകരണങ്ങളില്ലാതെ മാറ്റി എന്നുള്ളതാണ്. രണ്ടാമത്തേത് ജോസഫ് പോലും അടിയറവ് പറയുന്ന റാഹേലമ്മയുടെ കൈക്കരുത്തിൽ നിന്നും രക്ഷപ്പെടുത്തിയെന്നുള്ളതിനും.)

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP