Followers

പാക്കനും പൗര്‍ണ്ണമിയും

Monday, August 13, 2007

സത്യസന്ധതയ്ക്ക് ഒരു പര്യായമുണ്ടങ്കില്‍ അതാണ് പാക്കന്‍. മാവേലിയുടെ കാലത്തായിരുന്നിരിക്കണം പാക്കന്റെ മുജ്ജന്മം! വെട്ടൊന്ന് കണ്ടം രണ്ട്. അതാണ് പാക്കന്‍ സ്റ്റൈല്‍! സത്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ല, പറയില്ല. അങ്ങനെയുള്ള ഒരു അഭിനവ ഗാന്ധിജി ഉള്ളപ്പോള്‍ എങ്ങിനെയാണ് ഖജാന്‍ജി സ്ഥാനത്തേയ്ക്ക് മറ്റൊരു ആളുടെ പേര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നത്. ഇത്തവണത്ത ഓണാഘോഷകമ്മറ്റിയുടെ ഖജാന്‍ജിയായി പാക്കന്‍ ഐകകണ്‍ഠേന തിരഞ്ഞെടുക്കപ്പെട്ടു.

ഓണാഘോഷം പൊടിപൊടിക്കണമെന്ന തീരുമാനമുണ്ടായി. പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രൂപീകൃതമായിട്ട് ഇന്നേവരെ ഉണ്ടായിട്ടുള്ളതിനേക്കാള്‍ ഗംഭീരമായി കലാപരിപാടികള്‍ നടത്തണം. സാധാരണയായി ക്ലബ്ബംഗങ്ങളുടെ തട്ടിക്കൂട്ട് കലാപരിപാടികളാണ് നടത്താറുള്ളത്. ഇത്തവണ അത് പോര. പുറത്ത് നിന്നുള്ളവരുടെ പരിപാടികള്‍ വേണം. ഏറ്റവും കുറഞ്ഞത് ഒരു ഗാനമേളയും നാടകവുമെങ്കിലും ഉണ്ടാവണം. അല്ലെങ്കില്‍ നാട്ടിലുള്ള മറ്റ് തെങ്ങേല്‍ ക്ലബ്ബുകളുടെ മുന്നില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന് നിലനില്‍പ്പുണ്ടാവില്ല.

തെങ്ങേല്‍ ക്ലബ്ബുകളെന്നത് സദാപ്പന്‍ ചിറ്റന്‍ കളിയാക്കി പറയുന്നതാണ്. അല്ലെങ്കിലും സദാപ്പന്‍ ചിറ്റന്‍ അങ്ങനെയാണ്. എല്ലാം തമാശയാണ്. നാട്ടിലുള്ള ക്ലബ്ബുകളെയെല്ലാം ചിറ്റന്‍ തെങ്ങേല്‍ ക്ലബ്ബുകളെന്നാണ് വിളിക്കുന്നത്. രണ്ടടി നീളവും അരയടി വീതിയുമുള്ള ഒരു നെയിംബോര്‍ഡ് മാത്രം ആസ്തിയായിട്ടുള്ള ഇത്തരം ക്ലബ്ബുകളെ പിന്നെയെന്താണ് വിളിക്കേണ്ടതെന്നാണ് ചിറ്റന്‍ ചോദിക്കുന്നത്. ബോര്‍ഡ് കെട്ടിവെച്ചിരിക്കുന്ന തെങ്ങിന് ഇടിവെട്ടേറ്റാല്‍ അതോടെ ക്ലബ്ബിന്റെ കാര്യം അധോഗതിയെന്നാണ് ചിറ്റന്‍ പറയുന്നത്.

ചിറ്റന്‍ പറയുന്നത് പോലെ എല്ലാ ക്ലബ്ബുകാര്‍ക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമൊക്കെ ഉണ്ടാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമാണോ? പൗര്‍ണ്ണമി ക്ലബ്ബിന് സ്ഥലവും കെട്ടിടമൊന്നുമില്ലെങ്കിലും സ്വന്തമായി ഒരു സുന്ദരന്‍ ബോര്‍ഡുണ്ട്. ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ നല്ല ഭംഗിയായി അതില്‍ പൗര്‍ണ്ണമി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് എന്നെഴുതിയിട്ടുണ്ട്. പാക്കന്റെ വീടിന്റെ മുന്നിലെ തെങ്ങിലാണത് വെച്ചിട്ടുള്ളതും. ക്ലബ്ബിന് സ്വന്തമായി മറ്റ് പല വസ്തുക്കളുമുണ്ട്. ഷട്ടില്‍ ബാറ്റ്, ഫുട്ബോള്‍, കാരംബോര്‍ഡ്,ചെസ്സ് ബോര്‍ഡ്. അങ്ങനെ പലതും! സാധാരണ ഒരു ക്ലബ്ബിന് ഇതൊക്കെ പോരേ! അല്ലാതെ ചിറ്റന്‍ പറയുന്നത് പോലെ സ്ഥലവും കെട്ടിടവുമൊക്കെ അത്യാവശ്യമാണോ? വല്ലപ്പോഴും ഒരു കമ്മറ്റി കൂടുമ്പോഴല്ലേ അതിന്റെയൊക്കെ ആവശ്യം വരൂ. പൗര്‍ണ്ണമി ക്ലബ്ബിന്റെ കമ്മറ്റി കൂടുന്നത് ടാറ്റാ വെളിയിലെ കപ്പലുമാവിന്റെ ചുവട്ടില്‍ വെച്ചാണ്!
കമ്മറ്റിയ്ക്ക് കത്ത് തയ്യാറാക്കുമ്പോഴും ചിറ്റന്‍ കളിയാക്കി പറയും. "അപ്പുക്കുട്ടാ, നീയാ കത്തിന്റെ അടിയില്‍ ചാറ്റല്‍ മഴയുണ്ടങ്കില്‍ കമ്മറ്റി ഉണ്ടാവില്ലന്ന് പ്രത്യേകമെഴുതിയേക്കണം.കേട്ടോടാ." ഈ ചിറ്റന്റെ ഒരു കാര്യം! എന്തിനും ഒരു കളിയാക്കല്‍. പൗര്‍ണ്ണമിയ്ക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടായാല്‍ പിന്നെ ചിറ്റന്‍ എങ്ങനെ കളിയാക്കും. അടുത്ത കൊല്ലമെങ്കിലും ചിറ്റന് കളിയാക്കാനവസരം കൊടുക്കരുത്. അതുകൊണ്ട് ഇത്തവണ ഓണത്തിന് പിരിവ് ഊര്‍ജ്ജിതമാക്കണം. പരിപാടി കഴിഞ്ഞ് മിച്ചമുള്ളത് കൊണ്ട് എങ്ങനേയും ഒരു ഓഫീസ് തട്ടിക്കൂട്ടണം. പൗര്‍ണ്ണമീയന്മാര്‍ ഒന്നടങ്കം തീരുമാനമെടുത്തു.
അഞ്ചുകണ്ണന് വടക്കേകരയും, അപ്പുക്കുട്ടന് തെക്കേകരയും, പാക്കന് കായലോരവും, പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വണ്ടന്‍പുഴുവിന്റേയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ക്ക് പിരിവിന്റെ ചുമതല നല്‍കി. പൗര്‍ണ്ണമിയുടെ പിരിവില്‍ നിന്നും ഒറ്റ വീട് പോലും വിട്ട് പോകരുതുമെന്ന ഉറച്ച തീരുമാനവുമെടുക്കപ്പെട്ടു. ചാറ്റല്‍മഴയുടേയും കൊടുങ്കാറ്റിന്റേയുമൊന്നും ശല്യമില്ലാതെ ടാറ്റാവെളിയിലെ കപ്പലുമാവിന്‍ചുവട്ടില്‍ പൊതുയോഗം ഭംഗിയായി നടന്നു.
കലാകായിക മത്സരങ്ങള്‍ക്ക് പുറമേ ആലപ്പി രാഗലയയുടെ ഗാനമേളയും ഡാന്‍സര്‍ കുട്ടന്‍ ആന്റ് പാര്‍ട്ടിയുടെ നാടകവും ഉണ്ടാകണമെന്ന് തീരുമാനമെടുത്തു.പരിപാടികളുടെ വിവരം വളരെ രഹസ്യമായി വെയ്ക്കണമെന്നും, നോട്ടീസ് വിതരണം തുടങ്ങിയതിന് ശേഷമേ മറ്റുള്ളവര്‍ അറിയാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും അംഗങ്ങള്‍ക്ക് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പരിപാടികളുടെ വിവരം പുറത്തറിഞ്ഞാല്‍ അസൂയ മൂത്ത മറ്റ് തെങ്ങേല്‍ ക്ലബ്ബുകാര്‍ ഇതിനേക്കാള്‍ നല്ല പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സാധ്യത ഉണ്ടന്നും,തന്നിമിത്തം പൗര്‍ണ്ണമിയ്ക്ക് ലഭിക്കേണ്ടുന്ന വന്‍പിരിവിന് കോട്ടം സംഭവിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് ഇമ്മാതിരി ഒരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്.

പിരിവിന് പോകുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുന്നതായിരിക്കുമെന്നും,തുക പിന്നീട് നിശ്ചയിക്കാമെന്നും തീരുമാനമെടുത്തു.

നോട്ടീസ് അച്ചടിച്ചു.അതിനുള്ള പണം സദാപ്പന്‍ ചിറ്റന്റെ കൈയില്‍ നിന്നും കടം വാങ്ങി. ഓണാഘോഷം കഴിഞ്ഞ് തിരിച്ച് കൊടുത്താല്‍ മതി. അല്ലറചില്ലറ എതിര്‍പ്പുകളുണ്ടായെങ്കിലും കലാപ്രേമികളായ നാട്ടുകാര്‍ കൈയഴിഞ്ഞ് സഹായിച്ചു.പിരിവ് കാശ് പാക്കന്റെ ബാഗ് നിറയ്ക്കുവാന്‍ തുടങ്ങി. പാക്കന്‍ വളരെയധികം ആഹ്ലാദവാനായി. മറ്റംഗങ്ങള്‍ അതിലേറെ സന്തോഷിച്ചു.

ആറ്റുനോറ്റിരുന്ന ദിവസം വന്നെത്തി.ക്ലബ്ബംഗങ്ങള്‍ക്ക് തിരക്കോട് തിരക്ക് തന്നെ. മിനി സൗണ്ടിന്റെ മൈക്ക് സെറ്റ് നാട്ടുകാരുടെ കാതടപ്പിച്ച് കൊണ്ട് പാടാന്‍ തുടങ്ങി.പൗര്‍ണ്ണമിയുടെ ബോര്‍ഡ് വെച്ചിരുന്ന തെങ്ങിന്റെ മുകളില്‍ തന്നെ കോളാമ്പി വെച്ച് കെട്ടിയിരുന്നു.നാലു ദിക്കിലോട്ടും നാലു കോളാമ്പികള്‍!

കാര്യപരിപാടികളിലാദ്യ ഇനമായ കായികമത്സരങ്ങള്‍ തുടങ്ങി. ഭാവിയിലെ പി.ടി ഉഷമാരെ സൃഷ്ടിക്കാനുള്ള പൗര്‍ണ്ണമിയുടെ ശ്രമത്തിന് വന്‍പ്രതികരണമായിരുന്നു. പ്രതികരണമുണ്ടായത് ചുമ്മാതെയല്ലായിരുന്നു. ഇത്തവണ പ്രൈസ് കിട്ടുന്നവര്‍ക്ക് വെറും സോപ്പ് പെട്ടിയായിരിക്കില്ല കൊടുക്കുന്നതെന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിച്ചിരുന്നു.
കായികമത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു. ഇനിയുള്ളത് പൗര്‍ണ്ണമിയുടെ സ്പെഷ്യല്‍ ഇനമായ ഗാനമേളയും നാടകവുമാണ്. അതും പ്രശസ്തരായവരുടെ പരിപാടികള്‍!
പരിപാടികള്‍ പൊളിക്കാന്‍ മറ്റ് ചില ക്ലബ്ബുകാര്‍ കോപ്പ് കൂട്ടുന്നുണ്ടന്ന് മനസ്സിലായതിനാല്‍ പൊളിക്കാന്‍ വരുന്നവന്റെ ആപ്പ് ഇളക്കാനായി അഞ്ചുകണ്ണന്റെ നേതൃത്വത്തില്‍ സ്റ്റേജിന് പിന്നിലെ ഇടിക്കണ്ടത്തിലെ ചെളിയും പുല്ലുമെല്ലാം മാറ്റി വൃത്തിയാക്കിയിട്ടിരുന്നു. വാളന്റിയര്‍ ക്യാപ്റ്റനായി വലിയ പപ്പടം പോലത്തെ റിബണ്‍ കെട്ടിയ ബാഡ്ജും കെട്ടി അഞ്ചുകണ്ണന്‍ എല്ലുന്തിയ നെഞ്ചും വിരിച്ച് നടന്നു.

ഗാനമേളയ്ക്കായി നോട്ടിസില്‍ കാണിച്ചിരുന്ന സമയത്തിന് വളരെ മുന്‍പേ തന്നെ വായനശാല ഗ്രൗണ്ട് ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.ഡാന്‍സര്‍ കുട്ടന്റെ നാടകസമിതിക്കാര്‍ രാവിലെ തന്നെ സ്റ്റേജിന് കര്‍ട്ടന്‍ കെട്ടിയിരുന്നു.ചുവന്ന ഞൊറിവുള്ള കര്‍ട്ടന്‍! അമ്പലപ്പറമ്പിലെ ഉത്സവത്തെ അനുസ്മരിപ്പിക്കുന്ന സ്റ്റേജ് കണ്ട് പൗര്‍ണ്ണമീയന്മാര്‍ അഭിമാനം കൊണ്ടു. കുഞ്ഞുകുട്ടന്‍ തൊള്ളതുറന്ന് അനൗണ്‍സ് ചെയ്തുകൊണ്ടിരുന്നു.തുടര്‍ന്ന് നടക്കാനുള്ള പരിപാടികളെ ക്കുറിച്ചും,കഴിഞ്ഞുപോയ മത്സരങ്ങളിലെ വിജയികളെക്കുറിച്ചും.

ജനങ്ങള്‍ എത്തി.അനൗണ്‍സ്മെന്റ് മുറയ്ക്ക് നടന്നു. പക്ഷേ പൗര്‍ണ്ണമീയന്മാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു. അത് ഗാനമേളക്കാരായ രാഗലയ ഇതേവരെ എത്തിയിട്ടില്ല എന്നതായിരുന്നു. എന്തു ചെയ്യും?

സെക്രട്ടറി അപ്പുക്കുട്ടനും,ഖജാന്‍ജി പാക്കനും വെടികൊണ്ട വെരുകിനെപ്പോലെ അഞ്ചുകണ്ണന്റെ അടുക്കലേയ്ക്ക് പാഞ്ഞു. അവനാണല്ലോ രാഗലയയെ ബുക്ക് ചെയ്യിച്ചത്. അഞ്ചുകണ്ണന്‍ അപ്പോഴും ഇടിക്കണ്ടത്തിന്റെ അവസാനമിനുക്ക് പണി നടത്തുന്ന തിരക്കിലായിരുന്നു.

അഞ്ചുകണ്ണന്‍ ഗാനമേള ബുക്ക് ചെയ്ത് കൊടുത്ത പ്രസാദിന്റെ വീട്ടിലേയ്ക്കോടി. പുറകെ അപ്പുക്കുട്ടനും പാക്കനും.സീനിയര്‍ താരങ്ങളുടെ ഓട്ടമത്സരമാണതെന്ന് ആരൊക്കൊയോ പറയുന്നുണ്ടായിരുന്നു.

പ്രസാദിന്റെ വീടിന് മുന്നില്‍ കുറച്ചാള്‍ക്കാര്‍ നില്‍ക്കുന്നുണ്ട്. അവരെയൊക്കെ വകഞ്ഞ് മാറ്റി അഞ്ചുകണ്ണന്‍ ഉള്ളിലേയ്ക്ക് കടന്നു.അതാ നില്‍ക്കുന്നു പ്രസാദ്. അവന്റെ മുഖത്ത് ഗാനമേള ബുക്ക് ചെയ്യിക്കാന്‍ ചെന്നപ്പോഴുള്ളത്ര സന്തോഷമില്ല. "എന്താ. എന്തുപറ്റി? ഇത്രേം നേരമായിട്ടും ഗാനമേളക്കാര്‍ എത്താത്തതെന്താ?" അഞ്ചുകണ്ണന്‍ കിതപ്പടക്കാതെ ചോദിച്ചു.

പ്രസാദ് അഞ്ചുകണ്ണനെ കുറച്ച് ദൂരേയ്ക്ക് വിളിച്ച് മാറ്റി നിര്‍ത്തി. "ഒരു ചെറിയ പ്രശ്നമുണ്ട്. അവരുടെ വയലിനിസ്റ്റ് വന്നിട്ടില്ല."

"വയലിനില്ലെങ്കിലും ഗാനമേളയൊക്കെ നടത്താം. പിരിവ് തന്ന ആള്‍ക്കാരോട് സമാധാനം പറയുന്നതാണ് ഏറ്റവും പ്രധാനം." വയലിനില്ലെങ്കിലും ഗാനമേള നടത്തണമെന്ന പിടിവാശിയില്‍ അഞ്ചുകണ്ണന്‍ ഉറച്ചുനിന്നു.

"അതിനേക്കാള്‍ വലിയൊരു പ്രശ്നം കൂടിയുണ്ട്." പ്രസാദ് തുടര്‍ന്നു. "ഗാനമേള നടത്തുന്നതിന് സൗണ്ട് മിക്സര്‍ എന്നൊരു സാധനം വേണം. അതും സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വയലിനും സൗണ്ട് മിക്സറുമൊന്നും ഇല്ലാത്തതിനാല്‍ അവരുടെ പ്രധാന ഗായകനായ ആലപ്പി സുഗുണന്‍ പാടാന്‍ തയ്യാറല്ല എന്നാണ് പറയുന്നത്."
അഞ്ചുകണ്ണന്റെ സകലമാന ക്ഷമയും നശിക്കുകയായിരുന്നു. വലിയ ഗാനമേളക്കാരാണന്നും പറഞ്ഞ് പരിപാടി ബുക്ക് ചെയ്യിച്ചിട്ട് അവസാന നിമിഷം പറയുന്നത് കേട്ടില്ലേ. ആര്‍ക്കാണ് ക്ഷമ നശിക്കാത്തത്?

"എന്ത് പണ്ടാരമായാലും ശരി. എനിക്കതൊന്നുമറിയേണ്ട. സുഗുണനില്ലേല്‍ വേണ്ട. അവനേലും പാടാന്‍ കഴിവുള്ളവര്‍ പൗര്‍ണ്ണമിയിലുണ്ട്. വയലിനില്ലന്ന് വെച്ച് ഗാനമേള നടത്താതിരിക്കാന്‍ പറ്റില്ല. വയലിനില്ലാതെ പാടിയാല്‍ മതി. വരുന്ന കുറവ് ഞങ്ങളങ്ങ് സഹിക്കും.എന്താ പോരേ?" അഞ്ചുകണ്ണന്‍ പ്രസാദിനെ നോക്കി. പ്രസാദ് നോട്ടം ഗാനമേളക്കാരുടെ നേര്‍ക്കാക്കി.

അഞ്ചുകണ്ണന് വെറുതെ കളയാന്‍ സമയമില്ല. ഇനിയും വൈകിയാല്‍ പൊതുജനത്തിന്റെ കൈ വാങ്ങേണ്ടിവരും. അഞ്ചുകണ്ണന്റെ വാക്കുകള്‍ ഭീഷണി രൂപത്തിലായി. "ദേ ഞാന്‍ അവസാനമായി പറയുകയാണ്. വയലിനില്ലേലും സുഗുണനില്ലേലും രാഗാലയക്കാര്‍ പാടിയിരിക്കണം. അല്ലെങ്കില്‍ നീയൊക്കെ അറിയും ഈ അഞ്ചുകണ്ണന്‍പുലി ആരാണന്ന്." ഇടിക്കണ്ടത്തിലിറക്കാനായി വെച്ചിരിക്കുന്ന അടവുകള്‍ അഞ്ചുകണ്ണന്‍ ഇപ്പോള്‍ തന്നെ പുറത്തിറക്കുമോയെന്ന് അപ്പുക്കുട്ടന്‍ സംശയിച്ചു.

"നീയൊന്ന് സമാധാനിക്കെന്റെ അഞ്ചുകണ്ണാ. നമുക്ക് പരിഹാരമുണ്ടാക്കാം.വയലിനും വേണ്ട. സുഗുണനും വേണ്ട. നിന്റ അംഗീകാരമുണ്ടല്ലോ അതുമതി എനിക്ക്." അഞ്ചുകണ്ണനെ പ്രസാദ് ഗാനമേളക്കാരുടെ വണ്ടിയില്‍ പിടിച്ചു കയറ്റി. രാഗലയയുടെ പേരുകെട്ടിയ മറ്റഡോര്‍ വാന്‍ വായനശാലയെ ലക്ഷ്യമാക്കി കുതിച്ചു. അപ്പുക്കുട്ടനും പാക്കനും വണ്ടിയുടെ പുറകേ ഓടി.

കൂക്ക് വിളിയും കല്ലേറും ആരംഭിച്ച ജനം വാന്‍ കണ്ട് ശാന്തരായി. പക്ഷേ അത് കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതമാത്രമായിരുന്നു.

ഏതാനും നിമിഷങ്ങള്‍കുള്ളില്‍ ഗാനമേള ആരംഭിക്കുമെന്ന് മണിക്കൂറുകളായി അനൗണ്‍സ് ചെയ്ത് തളര്‍ന്ന കുഞ്ഞുകുട്ടന്റെ ശബ്ദത്തിന് പഴയ ഗാംഭീര്യം വന്നു.

ആലപ്പി സുഗുണന്റെ സബ്സ്റ്റിറ്റ്യൂട്ടായി കുഞ്ഞുകുട്ടനിറങ്ങി. കുഞ്ഞുകുട്ടന്‍ കഴിവുള്ള ഒരു ഗായകനാണന്ന വിവരം പൗര്‍ണ്ണമിയിലെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ കുഞ്ഞുകുട്ടന്‍ തീരുമാനിച്ചു. ക്ലബ്ബിലെ മിമിക്രിക്കാരന്‍ സനോജിനെ തല്‍ക്കാലം വയലിനിസ്റ്റായും നിയമിച്ചു.ഒന്നുമില്ലാതിരിക്കുന്നതിലും ഭേദമല്ലേ എന്തെങ്കിലുമുള്ളത്. അല്ലെങ്കില്‍ നാളെ ജനത്തിനോട് എന്ത് മറുപടി പറയും.
വിഘ്നേശ്വരനെ സ്തുതിച്ചുകൊണ്ട് ഗാനമേള ആരംഭിച്ചു. പരിപാടിക്ക് വിഘ്നങ്ങളൊന്നുമുണ്ടാവരുതെന്ന് പൗര്‍ണ്ണമീയന്മാരും പ്രാര്‍ത്ഥിച്ചു.
ആലപ്പി സുഗുണന്റെ അസാന്നിദ്ധ്യത്തില്‍ വയലിനിസ്റ്റിന്റെ അഭാവത്തില്‍ ഗാനമേള പുരോഗമിച്ചുകൊണ്ടിരുന്നു. ജനം ആസ്വദിച്ചു. ഇടയ്ക്കിടയ്ക്ക് ചില കൂവലും ബഹളവുമുണ്ടാക്കിയ പയ്യന്മാരെ അഞ്ചുകണ്ണന്റെ നേതൃത്വത്തിലുള്ള വാളന്റിയേഴ്സ് സ്റ്റേജിന്റെ പുറകിലുള്ള ഇടിക്കണ്ടത്തില്‍ കൊണ്ട് പോയി തബല വായിച്ചു.

ഭാവിയുടെ വാഗ്ദാനവും പൗര്‍ണ്ണമിയുടെ അഭിമാനവുമായ കുഞ്ഞുകുട്ടന്‍ മൈക്കിന് മുന്നിലെത്തുന്നത് വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. കുഞ്ഞുകുട്ടന്‍ മാണിക്യവീണ പാടാനാരംഭിച്ചതും സ്റ്റേജിന് മുന്നിലിരുന്ന കുടിയന്‍ ബാലപ്പന്‍ ചാടിയെണീറ്റു. കാറ്റ് കൊണ്ട കമുക് പോലെ ബാലപ്പന്‍ നിന്നാടി. വാളന്റിയര്‍ ക്യാപ്റ്റന്‍ അഞ്ചുകണ്ണന്‍ ബാലപ്പനെ തൂക്കിയെടുത്തു.
"തെമ്മാടികള്‍. നാട്ടുകാരെ പറ്റിച്ച് കാശു വാങ്ങിയിട്ട് അവന്മാരുടെ കളിപ്പിക്കലേ... ക്ലബ്ബമ്മാരുടെ പരിപാടി ആയിരുന്നേ അതങ്ങട്ട് പറഞ്ഞാ പോരാരുന്നോ. നിനക്കൊക്കെ തന്ന പൈസ ഉണ്ടാരുന്നേ ഈ ബാലപ്പനൊന്ന് ഓണം കൊഴുപ്പിക്കാമാരുന്നു."
ഇടിക്കണ്ടത്തിലേയ്ക്ക് പോകുമ്പോഴും ബാലപ്പന്റെ ശബ്ദം മറ്റുള്ളവര്‍ക്ക് നന്നായി കേള്‍ക്കാമായിരുന്നു. ബാലപ്പന്റെ നാവിന് വിലങ്ങിടുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ലല്ലോ.

താഴെ വീഴാതിരിക്കാന്‍ മൈക്കിന്മേല്‍ കൈപിടിച്ച് പാടിയിരുന്ന കുഞ്ഞുകുട്ടന്റെ വിറവല്‍ മൈക്കിലോട്ടും വ്യാപിച്ചു.കൂകിവിളിയോടൊപ്പം മണല്‍വാരി എറിയലുകൂടി ആയപ്പോള്‍ ജനം ഒന്നടങ്കം ചാടിയെണീറ്റു. എല്ലാവരേയും ഇടിക്കണ്ടത്തിലേയ്ക്ക് കൊണ്ട് പോകുവാന്‍ അഞ്ചുകണ്ണനാവുമായിരുന്നില്ല. ഗാനമേളയ്ക്ക് കര്‍ട്ടനിടുവാനല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

പൊളിഞ്ഞുപോയ ഗാനമേളയേക്കാള്‍ അപ്പുക്കുട്ടനെ ചിന്തിപ്പിച്ചുകൊണ്ടിരുന്നത് ഇനി നടക്കാനിരിക്കുന്ന നാടകത്തിനെ കുറിച്ചാണ്.

കര്‍ട്ടന്‍ വീണതിനാല്‍ കുഞ്ഞുകുട്ടന്റെ വിറവല്‍ മാറിയിരുന്നു.പൂര്‍വ്വാധികം ഭംഗിയായി അവന്‍ അനൗണ്‍സ്മെന്റ് തുടര്‍ന്നു.
ഡാന്‍സര്‍ കുട്ടനെ സംബന്ധിച്ച് സ്റ്റേജ് ഒഴിഞ്ഞ് കിട്ടാത്ത പ്രശ്നമേ ഉണ്ടായിരുന്നുള്ളു. സന്ധ്യ ആയപ്പോഴേ അവര്‍ സ്റ്റേജ് ഒഴിഞ്ഞ് കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു.ഗാനമേളക്കാര്‍ പൊടിതട്ടി സ്ഥലം വിട്ടതും ഡാന്‍സര്‍ കുട്ടന്‍ സ്റ്റേജ് കൈയേറി.പിന്നെയെല്ലാം പെട്ടെന്നായിരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റേജിനുള്ളില്‍ ഒരു വീടുയര്‍ന്നു. തൊണ്ടയ്ക്ക് കനം പിടിപ്പിച്ച് ഡാന്‍സര്‍ കുട്ടന്‍ നാടകത്തെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞു. സൈക്കിള്‍ ബെല്‍ ക്ര്‍ര്‍ര്‍ര്‍... ക്ര്‍ര്‍ര്‍... എന്ന് മൂന്ന് വട്ടം കരഞ്ഞു. തിരശീല ഉയര്‍ന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫീല്‍ഡര്‍മാരെപ്പോലെ അവിടവിടെ കുറച്ചുപേരിരിപ്പുണ്ട്. ചിലര്‍ കിടക്കുകയും ചെയ്യുന്നുണ്ട്.വീട്ടില്‍ പോയാലും മൈക്കിന്റെ ശബ്ദം കാരണം ഉറക്കം നടക്കുകേലന്ന് കരുതിയിരുന്ന അയല്‍വാസികളായ സ്ത്രീകളും കുട്ടികളുമായിരുന്നിരിക്കണം അവര്‍. നാടകത്തിന്റെ രംഗങ്ങള്‍ ഒന്നൊന്നായി തീരുമ്പോഴേയ്ക്കും കാഴ്ചക്കാരുടെ എണ്ണവും ആനുപാതികമായ് കുറഞ്ഞുവന്നു. പ്രേക്ഷകരുടെ എണ്ണം കൂട്ടിക്കാണിക്കുവാനായ് മുന്‍നിരയിലിരുന്നിരുന്ന പൗര്‍ണ്ണമീയന്മാരും ഉറക്കം തുടങ്ങി.
സ്റ്റേജിനുള്ളില്‍നിന്നും ഡാന്‍സര്‍ കുട്ടന്റേയും സംഘത്തിന്റേയും ഒച്ചയ്ക്കും അലര്‍ച്ചയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. അപ്പുക്കുട്ടനേയും ഉറക്കം മെല്ലെ തഴുകിത്തുടങ്ങി.അപ്പുക്കുട്ടന്‍ ഉറങ്ങാനായി വായനശാലയ്ക്കുള്ളിലേയ്ക്ക് പോകുമ്പോള്‍ ഉറക്കമിളച്ച് തലയില്‍ തുണിയുമിട്ട് കൊണ്ട് നാടകം ആസ്വദിച്ച് കണ്ട് കൊണ്ടിരുന്ന ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളു. അത് സാക്ഷാല്‍ ഖജാന്‍ജി പാക്കനായിരുന്നു!

വായനശാലയ്ക്കകത്ത് വെയിലടിച്ച് കയറിക്കഴിഞ്ഞാണ് അപ്പുക്കുട്ടനുണര്‍ന്നത്.വെളിയിലെങ്ങും ആരുമില്ല.ഏതായാലും നാടകത്തെ കുറിച്ച് പാക്കന്റെ അഭിപ്രായം ഒന്നറിഞ്ഞുകളഞ്ഞേക്കാം. ആദ്യാവസാനം നാടകം കണ്ട ഒരേഒരാളാണല്ലോ പാക്കന്‍!

വീടിനുപുറത്ത് കെട്ടിയിരുന്ന ചായ്പ്പില്‍ ഒരു പായയില്‍ വളഞ്ഞ് കൂടിക്കിടന്നുറങ്ങുന്നു പാക്കന്‍. അപ്പുക്കുട്ടന്‍ പാക്കനെ തട്ടി വിളിച്ചു. “പാക്കാ... എടാ പാക്കാ...”
പാക്കന്‍ ഉറക്കം വിട്ട് മാറാത്ത കണ്ണുകളുമായി എണീറ്റു.അപ്പുക്കുട്ടനെ സൂക്ഷിച്ചൊന്ന് നോക്കിയിട്ട് വലിയവായിലൊരു കോട്ടവായിട്ടു.
“എങ്ങനെയുണ്ടായിരുന്നെട പാക്കാ ഇന്നലത്തെ നാടകം? നിനക്കങ്ങ് ശരിക്കും ഇഷ്ടപ്പെട്ടന്ന് തോന്നുന്നല്ലോ? എങ്ങനെ അവസാനം വരെ നീ ഉറങ്ങാതിരുന്നെടാ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“ദേ, എന്നെക്കൊണ്ട് ഒന്നും പറയിക്കരുതും നീയൊക്കെ. ഒരു ജോലി ഏറ്റെടുത്താല്‍ ഉത്തരവാദിത്വത്തോടെ ചെയ്യണമെടാ.” അപ്പുക്കുട്ടന്‍ കാര്യം മനസ്സിലാകാതെ പാക്കനെ നോക്കി.

“അവന്മാരൊന്ന് കര്‍ട്ടനിട്ടിട്ട് വേണ്ടേടാ എനിക്കൊന്ന് പൈസ കൊടുത്തിട്ട് വീട്ടില്‍ പോരാന്‍. ഞാന്‍ ഖജാന്‍ജി ആയിപ്പോയില്ലേ...”
ഒന്ന് കര്‍ട്ടന്‍ വീഴാന്‍ വേണ്ടി കാത്തിരുന്ന നിര്‍ദോഷിയായ ഖജാന്‍ജിക്കുറിച്ചോര്‍ത്ത് അപ്പുക്കുട്ടന് ചിരിയടക്കാനായില്ല.

അപ്പോള്‍ അങ്ങ് പടിഞ്ഞാറ് ആശുപത്രിക്കവലയിലെ ആശാന്റെ ചായക്കടയില്‍ മറ്റൊരു സംഭവം നടക്കുകയായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല.പൗര്‍ണ്ണമിയുടെ ഓണാഘോഷത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയായിരുന്നു അത്. ചര്‍ച്ച നയിച്ചത് മറ്റാരുമായിരുന്നില്ല. അത് സാക്ഷാല്‍ ഡാന്‍സര്‍ കുട്ടനായിരുന്നു. ചര്‍ച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് ഡാന്‍സര്‍ കുട്ടന്‍ ഇപ്രകാരം പറഞ്ഞു.
“ക്ലബ്ബന്മാരെന്ന് പറഞ്ഞാല്‍ ക്ലബ്ബന്മാര്‍ പൗര്‍ണ്ണമിക്കാരാണ്. ഒറ്റ പൈസ കൊറയ്ക്കാതല്ലേ അവമ്മാര് ഞങ്ങക്ക് നാടകചാര്‍ജ് തന്നത്. അതും കര്‍ട്ടനിട്ട ഒടനെ.” പിന്നെ ഡാന്‍സര്‍ കുട്ടന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. “സത്യം പറഞ്ഞാല്‍ എന്റെ നാടക ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവുന്നത്. നാടകം തീരുന്നതിന് മുന്നേ തന്നേ പൈസ കിട്ടുകേന്ന് പറഞ്ഞാല്‍ നിസ്സാര കാര്യമാണോ?”

ഡാന്‍സര്‍ കുട്ടന്‍ ആശാനോടായി പറഞ്ഞു. “ആശാനേ എല്ലാര്‍ക്കും എന്റെ വക ഒരോ സുകിയന്‍ കൊടുത്തേക്കണേ. ഒരു സന്തോഷം. അത്രേ ഒള്ളു.”

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP