Followers

ക്രൈസിസ് മാനേജ്‌മെന്റ്

Sunday, February 25, 2007

സുബ്രുവിന്റെ ഹോട്ടലിലെ ഭക്ഷണം സുബ്രുവിനെപോലെ തന്നെ പ്രസിദ്ധമാണ്.
ഊണ് കഴിക്കാന്‍ എവിടെനിന്നൊക്കെയാണ് ആളുകള്‍ വരുന്നതെന്നറിയാമോ?
അങ്ങ് പടിഞ്ഞാറ് കടപ്പുറം മുതല്‍ കിഴക്ക് കായലു വരെയുള്ള ആളുകള്‍ സുബ്രുവിന്റെ കടയിലെത്താറുണ്ട്.
ഊണുകഴിക്കാനായി!
എന്താ ഒരു രുചി!
സുബ്രുവിന്റെ കൈപ്പുണ്യം അപാരം തന്നെ!
പലരും ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ പറയാറുണ്ട്.
കൊതികിട്ടാതിരിക്കാന്‍ സുബ്രുവിന് ചില ഒറ്റമൂലികളുണ്ട്.
മകന്‍ സുഭാഷില്‍നിന്നാണത് അറിഞ്ഞത്.

സുബ്രു അടുപ്പില്‍ കടുക് വാരിയിട്ട് പൊട്ടിക്കുമത്രേ!

കമ്പനിക്കാരായ വലിയ വലിയ ആപ്പീസര്‍മാര്‍ വരെ ഇപ്പോള്‍ സുബ്രുവിന്റെ ഹോട്ടലിലെ സ്ഥിരം വരവുകാരാണ്.

അസൂയ ഉണ്ടാകാന്‍ മറ്റുവല്ലതും വേണോ?

സുബ്രുവിന്റെ വെച്ചടി വെച്ചടിയുള്ള കേറ്റത്തില്‍ അടുത്തുള്ള മറ്റ് ഹോട്ടലുകാര്‍ അസൂയാലുക്കളായി. അത് സ്വാഭാവികം എന്ന് മനസ്സിലാക്കാനുള്ള വിവേകം സുബ്രുവിനുണ്ടായിരുന്നതുകൊണ്ട് മറ്റ് സംഭവവികാസങ്ങളൊന്നുമില്ലാതെ നാളുകള്‍ കടന്നുപോയി.

സുബ്രുവിന്റെ ആഹാരത്തിന്റെ രുചിയെ വെല്ലുന്ന രീതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ സുബ്രുവിന്റെ ഹോട്ടലിലേക്ക് ആളുകള്‍ ഇടിച്ചുകയറി.

ഊണ് കഴിച്ച് കഴിഞ്ഞ് കൈയും, ഇലയും എല്ലാം നാക്കുകൊണ്ട് വടിച്ച് വൃത്തിയാക്കി കുംഭ നിറച്ച് എണീക്കുന്ന കസ്റ്റമേഴ്സിനെ നോക്കി സുബ്രു നിര്‍വൃതി പൂണ്ടു.

പലപ്പോഴും പലരും സുബ്രുവിനോട് സുബ്രുവിന്റെ ആഹാരത്തിന്റെ രുചിയുടെ രഹസ്യം രഹസ്യമായും അല്ലാതെയും ചോദിച്ചിട്ടുണ്ട്.

ലാഭേച്ഛയില്ലാത്ത സേവനപ്രവര്‍ത്തിയൊന്നായിട്ടാണത്രേ സുബ്രു തന്റെ ഹോട്ടല്‍ നടത്തിപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഗുണനിലവാരമുള്ള പച്ചക്കറികളും ( തോട്ടത്തില്‍ നിന്നും പറിച്ചുകൊണ്ട് വന്ന് വെട്ടിക്കഴുകി അടുപ്പിലിടുന്നത് ), മീന്‍ പിടുത്തക്കാര്‍ വള്ളത്തില്‍ നിന്ന് നേരേ സുബ്രുവിന്റെ കടയിലെത്തിക്കുന്ന പെടപെടയ്ക്കുന്ന മീനുകള്‍ ഉപയോഗിക്കുന്നതും; മറ്റ് ഹോട്ടലുകാരെപ്പോലെ പഴകിയതും വളിച്ചതുമായ ഭക്ഷണസാധനങ്ങള്‍ വെച്ച് വിളമ്പാത്തതുമാണ് തന്റെ വിജയരഹസ്യം എന്ന് സുബ്രു നാലാള് കേള്‍ക്കത്തന്നെ പറഞ്ഞുപോന്നിരുന്നു.

ഇതെല്ലാം സുബ്രു പറഞ്ഞു പോന്നിരുന്നത്!

അസൂയാലുക്കളായ എതിര്‍കക്ഷിക്കാരായ ഹോട്ടലുകാര്‍ സുബ്രുവിനെ എങ്ങനേയും തറപറ്റിക്കുവാനായി പലപല അപഖ്യാതികളും പറഞ്ഞു പരത്തുവാന്‍ തുടങ്ങി.

സുബ്രു അതിനെയെല്ലാം പുച്ഛിച്ചു തള്ളി.
എങ്കിലും അസൂയാലുക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണമെന്ന് വേണ്ടപ്പെട്ടവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
കൂടോത്രത്തേയും മറ്റ് ആഭിചാരക്രീയകളേയും നേരിടാന്‍ സുബ്രു പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തുടങ്ങി.

അടുക്കളയിലെ അശ്രദ്ധയ്ക്ക് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ?

ശ്രദ്ധയില്ലന്നത് പോട്ടെ,
അല്‍പം കൂടിയൊക്കെ ഒന്ന് ചിന്തിച്ച് പെരുമാറിയിരുന്നെങ്കില്‍ സുബ്രുവിന് ഇങ്ങനെയൊക്കെ വരുമായിരുന്നോ?

സുബ്രു ചിന്തിച്ചില്ല എന്ന് പറയാന്‍ പറ്റുമോ?

പക്ഷേ സുബ്രുവിന്റെ മകന്‍ ചിന്തിക്കാതിരുന്നത് കൊണ്ടല്ലേ ഇത്രമാത്രം കുണ്ടാമണ്ടിത്തരങ്ങളുണ്ടാവുകയും സുബ്രു കുണ്ഠിതനായി തീരേണ്ടിയും വന്നത്.

സംഭവം ഇങ്ങനെ ആയിരുന്നു.

ഉച്ചയൂണ് വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.
ഇരിക്കാനായി സ്ഥലവും കഴിക്കാനായി ഇലയും കിട്ടിയവര്‍ ആഹ്ളാദചിത്തരായി സാമ്പാറും രസവും എല്ലാം ചേര്‍ത്ത് ചോറ് വെട്ടിവിഴുങ്ങുന്നു.
കൈയില്‍ പണം കൂടുതലുള്ളവര്‍ മീന്‍ വറുത്തതും കരിച്ചതുമായ വിഭവങ്ങളോട് മല്ലയുദ്ധം നടത്തുന്നു.

സ്ഥലം കിട്ടാത്തവര്‍ വിഭവങ്ങളുടെ വാസന ആസ്വദിച്ച് കൊണ്ട് അക്ഷമരായി കാത്തു നില്‍ക്കുന്നു.


കമ്പനിയിലെ വലിയ സാറായ സുഗതന്‍ സാറിന്റെ ഇലയിലേക്ക് സാമ്പാര്‍ വിളമ്പാനായി എടുത്ത തവി സുബ്രു പാതി വഴിയില്‍ നിര്‍ത്തിക്കളഞ്ഞു.
സാമ്പാര്‍ നിറച്ച തവി സുഗതന്‍ സാറിന്റെ ഇലയ്ക്കും സുബ്രുവിന്റെ പാത്രത്തിനും ഇടയിലായി നിന്നുപോയി.

ആക്രാന്തം മൂത്ത സുഗതന്‍ സാര്‍ എളുപ്പം എളുപ്പം എന്ന് പറയുന്നത് കേള്‍ക്കാമായിരുന്നു.

പക്ഷേ സുബ്രുവിന്റെ കണ്ണുകള്‍ സാമ്പാര്‍ തവിയില്‍ ഉടക്കി നിന്നു പോയി.

അന്തരാത്മാവ് അരുതേ... അരുതേ... എന്ന് സുബ്രുവിനോട് ആജ്ഞാപിച്ചു.

ആത്മാവിന്റെ ആജ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ സുബ്രുവിന്?

സുബ്രുവിന്റെ ബുദ്ധി ഞൊടിയിടയില്‍ പ്രവര്‍ത്തിച്ചു.

സുബ്രു ഉച്ചത്തില്‍ മകന്‍ സുഭാഷിനെ വിളിച്ചു.

“എടാ സുഭാഷേ...
ഇവിടെ വാടാ. നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതല്ലേ സവാള മുറിക്കാതെ സാമ്പാറിലിടരുതെന്ന്? എന്നിട്ടെന്താ ഈ കാട്ടിയിരിക്കുന്നേ? ദാ, കൊണ്ട് പോയി പുറത്ത് കള.” സുബ്രു സവാളയെടുത്ത് മകന്റെ കൈയില്‍ കൊടുത്തു.

എന്തു ചെയ്യാം! സുബ്രുവിന്റെ ബുദ്ധിയായിരുന്നില്ല മകന് ( അവന്റെ അമ്മയുടെ ബുദ്ധിയായിരുന്നിരിക്കാം )

അവന്‍ അപ്പന്‍ കൊടുത്ത സവാള ശരിയാം വണ്ണം ഒന്ന് നോക്കി.

ഒറ്റ നോട്ടം കൊണ്ട് തൃപ്തി വരാഞ്ഞതിനാല്‍ രണ്ടാമതും നോക്കി.
ഒരുകൈയില്‍ പിടിച്ച് നോക്കിയിട്ട് ശരിയാകാഞ്ഞതിനാല്‍ രണ്ട് കൈകൊണ്ടും പിടിച്ച് നോക്കി.

മേലോട്ടും താഴോട്ടും ആട്ടി ആട്ടി നോക്കി.

നല്ല ഭംഗി! ഒരു നിമിഷം അവനതാസ്വദിച്ചു.

പക്ഷേ ഊണുകഴിച്ച് കൊണ്ടിരുന്നവര്‍ക്കത് ആസ്വദിക്കാന്‍ പറ്റിയില്ല.

ഗ്വാ... ഗ്വാ... ശബ്ദത്തിന്റെ എക്കോ ഹോട്ടല്‍ മുഴുവന്‍ മുഴങ്ങി.

സാമ്പാറും, രസവും, ചോറും, മീനുമെല്ലാം അയവെട്ടുന്ന പശുവിന്റെ ലാഘവത്തോടെ ആമാശയത്തില്‍ നിന്നും പുറത്തെടുത്ത് കാണിക്കുന്നതിന് കസ്റ്റമേഴ്സ് മല്‍സരം തുടങ്ങി.
ഡെസ്കിന്മേലും ഇലയിലുമെല്ലാം തിരിച്ച് വിളിച്ച ആഹാരം ചിത്രമെഴുതി.

ഊണ് കഴിക്കാനായി അക്ഷമരായി കാത്തുനിന്നവര്‍ സമയം കളയാതെ അടുത്ത് ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.

സുബ്രു ചിരട്ടത്തവിയുമായി മകന്റെ പിറകേ ഓടടാ ഓട്ടം!

കടിക്കാന്‍ വരുന്ന പട്ടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ വേറേ മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ രണ്ടും കല്‍പ്പിച്ച് തിരിഞ്ഞ് നില്‍ക്കുന്നവന്റെ ധൈര്യത്തോടെ സുബ്രുവിന്റെ മകന്‍ സഡന്‍ ബ്രേക്കിട്ട് തിരിഞ്ഞു നിന്നു.

ആറടി പിന്നിലായി സുബ്രുവും ആട്ടോമാറ്റിക്കായി ബ്രേക്കിട്ടു.

സുരക്ഷിത ദൂരമുണ്ടന്നുറപ്പ് വരുത്തിയിട്ട് സുബ്രുവിന്റെ മകന്‍ സുബ്രുവിനോട് ചോദിച്ചു.

“അല്ലപ്പാ, ഞാനെന്തു തെറ്റു ചെയ്തിട്ടാ എന്നെയിട്ടോടിക്കുന്നെ? സാമ്പാറുകുടിച്ച് ചത്ത വീര്‍ത്ത തവളയയിരുന്നെന്ന് എന്റെ കൈയില്‍ തരുന്നതിന് മുന്നേ ഒരു സൂചനയെങ്കിലും തന്നിരുന്നേ ഈ പ്രശ്നം വല്ലോം ഉണ്ടാവുമാരുന്നോ? അറ്റ്ലീസ്റ്റ് എന്റെ ചെവിയിലെങ്കിലും പറഞ്ഞുകൂടാരുന്നോ തന്തപ്പടി നിങ്ങള്‍ക്ക്?”

തവളെയെ വിഴുങ്ങിയ നീര്‍ക്കോലിയെപ്പോലെ സുബ്രു നിന്നു. ക്രൈസിസ് മാനേജ്‌മെന്റ് മക്കളെ പഠിപ്പിക്കാതിരുന്നതിന്റെ പരിണിതഫലം ഇങ്ങനെയായല്ലോ എന്നോര്‍ത്തുകൊണ്ട്...

23 comments:

Sathees Makkoth | Asha Revamma said...

സുബ്രുവിന്റെ ഹോട്ടലിലെ ഭക്ഷണം സുബ്രുവിനെപോലെ തന്നെ പ്രസിദ്ധമാണ്.
ഊണ് കഴിക്കാന്‍ എവിടെനിന്നൊക്കെയാണ് ആളുകള്‍ വരുന്നതെന്നറിയാമോ?

എന്റെ പുതിയ പൊസ്റ്റ്

സുന്ദരന്‍ said...

ക്രൈസിസ് മാനേജ്‌മെന്റ് മക്കളെ പഠിപ്പിക്കാതിരുന്നതിന്റെ പരിണിതഫലം ....

കലക്കീ...മോനേ സതീശാ
ഹോട്ടല്‍ ബിസിനസ്സും കലക്കി
പോസ്റ്റും കലക്കി

ചേച്ചിയമ്മ said...

:-) ഹ...ഹ... ഇത്‌ കലക്കി.

Sathees Makkoth | Asha Revamma said...

സുന്ദരാ, ചേച്ചിയമ്മേ ,
കഥ ഇഷ്ടായെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

സു | Su said...

ഹിഹി പാവം സുബ്രു. മകനും കൂടെ കുറച്ച് ബുദ്ധിയുണ്ടായിരുന്നെങ്കില്‍...

mydailypassiveincome said...

ഹഹ, സാമ്പാറില്‍ മുറിക്കാതെ ഇട്ട സവാള മകന്‍ കാരണം സാമ്പാറുകുടിച്ച് ചത്ത വീര്‍ത്ത തവള. ഹി ഹി.....

ഗ്വാ.. ഗ്വാ.... ഗ്വാ..... ഇന്നെനിക്ക് ലഞ്ച് കഴിക്കാന്‍ തോന്നുന്നില്ലാ... ഹി ഹി..

asdfasdf asfdasdf said...

സതീശാ കലക്കി..

സുല്‍ |Sul said...

"ക്രൈസിസ് മാനേജ്‌മെന്റ്"
കിലുക്കീലോ സതീശേ :)

-സുല്‍

Unknown said...

സതീശേ,
ക്രൈസിസ് മനോജ്‌മോന്റെ പുതിയത് ഒരരക്കിലോ കിട്ടാന്‍ വല്ല വഴിയുമുണ്ടോ?:)

അപ്പു ആദ്യാക്ഷരി said...

സതീശാ, പല്ലിയായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്..... ഏതായാലും ഇന്ന് ഉച്ചയൂണ് വേണ്ടാ. ദുബായില്‍ തവളയില്ലെന്നാരുകണ്ടു?

krish | കൃഷ് said...

നന്നായിട്ടുണ്ട്‌... സാമ്പാറല്ലാ..

'ക്രൈസിസിനെ' മോന്റെ കൈയ്യില്‍ കൊടുത്തതാ കൊഴപ്പമുണ്ടാക്കിയത്‌.

Kalesh Kumar said...

തവളയാരുന്നോ?

ഞാന്‍ വിചാരിച്ച് എലി വല്ലതുമായിരിക്കുമെന്ന്!

കൊള്ളാം സതീശേ!

salil | drishyan said...

എന്‍‌റ്റെ വോട്ടും എലിയ്ക്കാ പോയത്...
സതീശേ, നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

വിചാരം said...

ഇതു പലയിടത്തും സംഭവിക്കുന്നൊരു സത്യം ..സതീശ് നന്നായിരിക്കുന്നു മുന്‍പേ വായിച്ചു കമന്‍റിപ്പോഴാ ഇടുന്നത്

Sathees Makkoth | Asha Revamma said...

മറുപടി എഴുതാന്‍ വൈകിയതിന് ആദ്യമേ ക്ഷമചോദിക്കുന്നു.

സു,മഴത്തുള്ളി,കുട്ടന്മേനോന്‍,
സുല്‍,പൊതുവാള്‍,അപ്പു,കൃഷ്‌ ,
കലേഷ്,ദൃശ്യന്‍,സ്വാര്‍ത്ഥന്‍ ,
വിചാരം,ദിവ,

എന്റെ കുറിപ്പുകളിലൂടെ അല്പസമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ എല്ലാപേര്‍ക്കും നന്ദി.

Haree said...

സത്യത്തില്‍ എന്തായിരുന്നു അവിടുത്തെ ഊണിന്റെ സ്വാദിന്റെ രഹസ്യം? ഞാനും ഇടയ്ക്കിടെ തിരു.പുരത്ത് ഇങ്ങിനെയൊരു ഹോട്ടലില്‍ പോവാറുള്ളതാണേ... പല കമ്പനികളില്‍ നിന്നും ടൈയ്യൊക്കെ കെട്ടിയവര്‍ ഉണ്ണാനായി എത്തുന്നതുമാണ്. അതുകൊണ്ട് അങ്ങു ഫീല്‍ ചെയ്താണേ വായിച്ചത്... :)
--

Sathees Makkoth | Asha Revamma said...

ഹരി,
ഇതൊക്കെ പണ്ടുകാലത്തെ കഥകള്‍!
ഇപ്പോള്‍ അങ്ങനെയൊന്നുമല്ല. ഹോട്ടലുകളെല്ലാം
ISO സര്‍ട്ടിഫിക്കറ്റ് കിട്ടിയവയാണ്.
സോ ഡോണ്‍‌ട് വറി.

മുക്കുവന്‍ said...

ഉശിരന്‍ സതീശെ... എവിടെ തേങ്ങ? ഠേ...ഠേ...

Sathees Makkoth | Asha Revamma said...

മുക്കുവന് നന്ദി.

ആവനാഴി said...

എസ് മാക്കോത്തേ

ഇപ്പഴാണു കണ്ടത്. ഇഷ്ടപ്പെട്ടു.

അല്ല, സുബ്രു പറഞ്ഞു മുറിക്കാതെ ഇട്ട സവാളയാണെന്നു. ഇനി അഛനെങ്ങാനും കണ്ണിനു കാഴ്ചയില്ലാണ്ടായോ? മകന്‍ നോക്കിയപ്പോള്‍ സവാളയുമായി സാമ്യമൊന്നും കണ്ടുമില്ല..

ഏതു സംരംഭമായാലും ശരി, തുടങ്ങുന്നതിനുമുമ്പ് മാനേജ്മെന്റിന്റെ ഒരു പ്രധാനഭാഗമായ “ക്രൈസിസ് മാനേജ്മെന്റില്‍” ഒരു വര്‍ക്കുഷോപ്പ് പദ്ധതി മാനേജ്ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ക്കായി നടത്താതിരുന്നതിന്റെ തകരാറല്ലായിരുന്നൊ അതു.

ഇവിടെ സുബ്രു തന്നെ കുറ്റക്കാരന്‍!

:-)

Sathees Makkoth | Asha Revamma said...

ഞാനും ഇപ്പോഴാണ് കണ്ടത് ആവനാഴി.
ആര് കുറ്റക്കാരനായാലും അനുഭവിച്ചത് പാവം ജനങ്ങളല്ലേ...
നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP