Followers

വീരൻ

Saturday, August 15, 2009

എനിക്കിന്നും നല്ല ഓർമ്മയുണ്ട്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. പാലത്തിന്റെ കൽക്കെട്ടിനു താഴെ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി ഞാനിരിക്കുകയായിരുന്നു. എന്തൊരു മഴയായിരുന്നു അത്. ഞാനെന്റെ ജീവിതത്തിൽ അതുപോലൊരു മഴ കണ്ടിട്ടില്ല. പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കുത്തിയൊഴുകുകയായിരുന്നു. അങ്ങ് കുറച്ചുദൂരെയായി കൈതപ്പൊന്തകൾക്കിപ്പുറത്ത് വെള്ളം കുത്തിവീഴുന്നിടത്ത് മീൻപിടുത്തക്കാർ നിൽക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വെള്ളത്തിൽ നിന്നും ചാടി ഉയർന്ന് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴുന്ന മീനുകളെ കണ്ടിട്ട് എന്റെ നാവിൽ വെള്ളമൂറി. പക്ഷേ എന്തു ചെയ്യാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ തണുത്ത് വിറങ്ങലിക്കുന്നു. കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാനായി ഞാൻ കൽക്കെട്ടിനടിയിലോട്ട് കൂടുതൽ കയറി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. തണുപ്പും കാറ്റും മാത്രമല്ലല്ലോ, രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ടുതന്നെ. നല്ല വിശപ്പുണ്ടായിരുന്നു. അന്നായിരുന്നു ഞാനാദ്യമായി വിശപ്പിന്റെ കാഠിന്യം അറിഞ്ഞത്. വയറ് കത്തിവലിയുകയായിരുന്നു. ഉറങ്ങിപ്പോയത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ വിശപ്പും തണുപ്പും കൂടി ഞാനെങ്ങനെ സഹിക്കുമായിരുന്നെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.

ഉറങ്ങിയേണീറ്റ ഞാൻ പാലത്തിന്റേയോ കൽക്കെട്ടിന്റേയോ താഴെ ആയിരുന്നില്ല. ഞാനന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകം! എനിക്കാകെ പേടി തോന്നി. ഞാൻ കണ്ണുമുറുക്കി അടച്ചു.എന്റെ പുറത്ത് എന്തോ കിടക്കുന്നതായി എനിക്ക് തോന്നി. പിന്നിടാണ് മനസ്സിലായത് അതൊരു കുഞ്ഞ് പുതപ്പായിരുന്നെന്ന്. എന്തായാലും എനിക്ക് നല്ല സുഖം തോന്നി. നേരിയ സുഖമുള്ള ഒരു ചൂട്. ഹോ... അതൊന്നനുഭവിച്ചറിയണം! എന്റെ മൂക്കിലേയ്ക്ക് നല്ല മീങ്കറിയുടെ മണം അടിച്ചുകയറിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഒരുപാത്രത്തിൽ ചോറും മീൻ‌കറിയും മുന്നിലിരിക്കുന്നു.എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസമായുള്ള വിശപ്പാണ്. ഒന്നുമാലോചിച്ചില്ല.കണ്ണുമടച്ച് മുഴുവനും അകത്താക്കി.വയറ് വിങ്ങി വീർക്കുന്നതുപോലെതോന്നി. അതുവരെ വിശപ്പിന്റെ ക്ഷീണമായിരുന്നു. ഇപ്പോൾ വയറ് നിറഞ്ഞതിന്റെ ആലസ്യം. പതുക്കെ എണീറ്റ് മുറിയുടെ ഒരു മൂലയിൽ ഇരുന്നു.

കണ്ണൊന്നടഞ്ഞ് വന്നപ്പോഴാണ് എന്റെ നെറ്റിയിൽ ആരോ തടവുന്നത് പോലെ തോന്നിയത്. നല്ല സുഖം. കണ്ണുമടച്ചങ്ങിരുന്നുകൊടുത്തു. അന്ന് തുടങ്ങിയതാണ് രാജുവുമായുള്ള എന്റെ സൗഹൃദം. രാജുവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്ക് രാജുവിനേം. ഞാൻ ആഹാരം കഴിച്ചാലേ രാജുവും ആഹാരം കഴിക്കാറുള്ളു. രാജു കുളിക്കാൻ പോകുമ്പോൾ എന്നേയും കൂടെ കൊണ്ടുപോകും. ഞാൻ വെള്ളത്തിൽ ഇറങ്ങത്തില്ല. രാജു കുളിക്കുന്നതും നോക്കി ഇരിക്കും.
രാജു ഭയങ്കര വികൃതിയാണ്. ചിലപ്പോഴൊക്കെ കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരിക്കും അവന്റെ കുസൃതി. അവൻ എന്നെ പൊക്കി വെള്ളത്തിലിടും. ഞാൻ നീന്തി വരുന്നത് കണ്ട് അവൻ കൈകൊട്ടി ചിരിക്കും. എങ്കിലും എനിക്ക് രാജുവിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. എനിക്കറിയാം അവനെന്നോട് വലിയ സ്നേഹമാണന്ന്.

നല്ല ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരമങ്ങ് തടിച്ചുകൊഴുത്തുതുടങ്ങി. ഞാൻ നല്ല സുന്ദരനായെന്ന് രാജുവാണ് പറഞ്ഞത്. രാജു സ്കൂളിൽ നിന്നും വന്നാൽ പിന്നെ ഞങ്ങൾ കളി തുടങ്ങും.രാജു ഒരു പന്തെടുത്ത് ദൂരേയ്ക്കെറിയും.ഞങ്ങൾ രണ്ടുപേരും പന്തിനായി ഓടും. ഓട്ടത്തിന്റെ കാര്യത്തിൽ ഞാനാണ് മുന്നിലെങ്കിലും രാജു തോറ്റ് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് പന്തെപ്പോഴും കൈക്കലാക്കുന്നത് രാജു തന്നെയായിരുന്നു. പന്തെടുത്തുകൊണ്ട് രാജു തുള്ളിച്ചാടി ഒരു വരവുണ്ട് എന്തുരസമായിരുന്നെന്നോ അത്.

ഒരു രാജാവിനെപ്പോലെയായിരുന്നു ഞാൻ രാജുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. രാജുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. രാജുവിന്റെ അമ്മ എനിക്കെന്നും ഇറച്ചിക്കറി തരുമായിരുന്നു. ഓർത്തിട്ട് നാവിൽ വെള്ളമൂറുന്നു. എന്തുരുചിയായിരുന്നു ആ കറിയ്ക്ക്.

അങ്ങനെ ഓർത്താൽ തീരാത്ത എത്രയെത്ര ഓർമ്മകളുമായി കാലം കടന്നുപോയി. രാജു വളർന്ന് വലുതായി. അവനിപ്പോൾ കോളേജിലാണ് പഠിക്കുന്നത്. എന്റെ കൂടെ കളിക്കാനൊന്നും അവനിപ്പോൾ സമയമില്ല. അല്ലെങ്കിലും ഞാനും കളീം വികൃതിയുമൊക്കെ കാണിക്കാനുള്ള പ്രായമൊന്നുമല്ലല്ലോ. ഇപ്പോൾ പഴയതുപോലൊന്നും വയ്യ. ആഹാരം പോലും ശരിക്കു കഴിക്കുവാൻ പറ്റുന്നില്ല. കണ്ണിന് കാഴ്ചയും കുറഞ്ഞു.പണ്ടെനിക്ക് രാജുവിനേം രാജുവിന്റെ ആൾക്കാരേം കൂട്ടുകാരേമൊക്കെ നല്ലവണ്ണം അറിയാമായിരുന്നു. ഇപ്പോൾ കാഴ്ച മങ്ങിയതിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്നു എന്നാണ് രാജുവിന്റെ അമ്മ പറയുന്നത്. ഇപ്പോൾ രാജുവിന്റെ അമ്മ എന്നെ വീടിന്നകത്ത് കയറ്റില്ല. വല്ലാത്തമണമാണെനിക്കത്രേ! പണ്ട് ഞാൻ സ്വീകരണമുറിയിലെ സോഫയിൽ രാജുവിനോടൊപ്പം ഇരിക്കുമായിരുന്നു. എന്തു സുഖമായിരുന്നു അതിലിരിക്കാൻ!

ഞാനിപ്പോൾ രാജുവിന്റെ വീടിനോട് ചേന്നുള്ള ചാ‍ർപ്പിലാണ് കിടക്കുന്നത്. അവിടെ തന്നെയാണ് രാജുവിന്റെ അമ്മ വിറകും പഴയ തുണിയുമൊക്കെ ഇടുന്നതും. ചാർപ്പിലെ മണലിൽ നിറയെ ചെള്ളാണ്.രോമം കൊഴിഞ്ഞ എന്റെ ശരീരത്തിൽ ചെള്ളുകടി...എന്തൊരസഹ്യതയാണ്...പക്ഷേ ഞാനാരോടാണിതൊക്കെ പറയുന്നത്. രാജുവിപ്പോൾ വരാറേ ഇല്ല. ആഹാരം ആരാണ് കൊണ്ട് വെച്ചിട്ട് പോകുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.എപ്പോഴും ഒരു പൊട്ടച്ചട്ടിയിൽ എന്തെങ്കിലുമൊക്കെ കാണും.പക്ഷേ എനിക്കിപ്പോൾ ആഹാരത്തിനോട് വലിയ താല്‍പ്പര്യമൊന്നുമില്ല. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇതേ പോലെ പത്തു ചട്ടി ആഹാരം ഒറ്റയടിക്ക് തീർക്കുമായിരുന്നു.

എനിക്കിപ്പോൾ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. എന്റെ രാജു എന്നെ പഴയപോലെ ‘വീരാ’ എന്നൊന്ന് നീട്ടിവിളിച്ചുകേൾക്കണം. ഞാനെപ്പോഴും ആ വിളിക്ക് കാതോർത്താണ് ചാർപ്പിൽ കിടന്നിരുന്നത്. പക്ഷേ അതുണ്ടായില്ല. അതിനി ഒരിക്കലും ഉണ്ടാകാൻ പോകുന്നുമില്ലന്ന് എനിക്ക് മനസ്സിലായത് രാജുവിന്റെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്.

“അതിനിപ്പോ തീരെ വയ്യ.വയസ്സായി പല്ലും കൊഴിഞ്ഞ്...എന്തൊരു നാറ്റമാണ്. അടുത്തോട്ട് ചെല്ലാൻ പോലും പറ്റത്തില്ല. പഞ്ചായത്തുകാർക്ക് കൊടുത്തേക്കാം. അതാ നന്നെന്ന് തോന്നുന്നു.”
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്നെയിപ്പോൾ ഒന്നിനും കൊള്ളില്ല. ആവതുള്ള കാലത്ത് രാജുവിന്റെ വീടുറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരിക്കുമായിരുന്നു.
അക്കാലത്ത് രാജുവിന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. “നമ്മുടെ വീരനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ജീവനിൽ പേടിയുള്ള ഒരുത്തനും ഇതിലേ വരില്ല.”

ഇനിയിപ്പോൾ എന്നെ ഒന്നിനും കൊള്ളില്ല.എന്തിനാണ് ഇനിയും രാജുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പതുക്കെ ചാർപ്പിന് പുറത്തിറങ്ങി. വെയിൽ കണ്ണിലടിച്ചിട്ട് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഞാൻ നടന്നു. കുറേ ബുദ്ധിമുട്ടേണ്ടിവന്നു ഇവിടെ വരെ വരാൻ. ഇപ്പോഴും ഈ കൽക്കെട്ടിന് വലിയ മാറ്റമൊന്നുമില്ല. ഞാൻ കൽക്കെട്ടിനു താഴെയിരുന്നു. നല്ല ക്ഷീണം. വളരെ നാളുകൂടിയാണ് ഇത്രയും നടക്കുന്നത്. പാലത്തിന്നടിയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് കാർമേഘം അടിഞ്ഞുകൂടി. നല്ലൊരു മഴയ്ക്ക് കോളുണ്ട്. ഞാൻ കൽത്തട്ടിന് താഴേയ്ക്ക് കയറി ഇരുന്നു. മഴപെയ്താൽ നനയരുതല്ലോ.
ഒരുപക്ഷേ രാജു എന്നെ തിരക്കുമോ? ഇല്ല. സാദ്ധ്യത ഇല്ല. അവനിപ്പോൾ ഒന്നിനും സമയമില്ല. ജോലികിട്ടിക്കഴിഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടുകൂടി ഇല്ല. ദൂരെ എവിടെയെങ്കിലുമായിരിക്കും. അഥവാ അവനെങ്ങാനും എന്നെത്തിരക്കി വന്നാൽ എനിക്കവനോട് പറയാനൊന്നേ ഉള്ളൂ. “രാജൂ, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവും...അവരും ഒന്നിനും കൊള്ളാത്തവരാകും...അവരെ നീ ഒരിക്കലും...”

കാറ്റ് ആഞ്ഞ് ആഞ്ഞ് വീശുന്നു. മഴ തുടങ്ങി. നല്ല ശക്തിയായ മഴ. ഞാനൊന്ന് ഉള്ളിലോട്ട് കയറി ഇരിക്കട്ടെ. എന്നെക്കൊണ്ടുപോകാൻ ഇനിയൊരു രാജു വരില്ല എന്നെനിക്കറിയാം.

Read more...

വീട്ടമ്മ

Sunday, August 9, 2009

നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടും‌ബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി.പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും.പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്.

കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല.
"അതിലൊള്ളത് വെട്ടിവിഴുങ്ങുന്നതിന് ഒരു കുഴപ്പോല്ല. ഇച്ചിരി കനം കൈയ്യീ പിടിക്കാമ്പാടില്ല. ന്റെമ്മച്ചീ എന്നാണിങ്ങേരൊന്ന് നന്നാവുന്നേ?നിങ്ങക്ക് വേറേ പണിയില്ലേല് ഈ ചാക്കെടുത്തൊന്ന് തലേല് വെച്ചേ.” പറഞ്ഞ് തീർന്നതും ഭാര്യ തന്റെ തലയിൽ നിന്നും ചാക്കുകെട്ടെടുത്ത് ഗോപിയുടെ തലയിൽ വെച്ച് കൊടുത്തു.
വലത്തു കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവും പിടിച്ച് ഇടത്തുകൈകൊണ്ട് തലയിലെ ചുമടും താങ്ങി ഗോപി നടന്നു. ഒരക്ഷരം മിണ്ടാതെ. പുറകേ ഭാര്യയും കുട്ടികളും.

കറുത്ത് തടിച്ച് ആറടിയോളം ഉയരമുള്ള നല്ല ഒത്തൊരു മനുഷ്യൻ. അതാണ് ഗോപി. ഷർട്ടിന്റെ മുൻ‌വശത്തെ ബട്ടണുകൾ ഗോപിയ്ക്ക് ആവശ്യമില്ല. അതെപ്പോഴും തുറന്നു തന്നെ കിടക്കും. ഇറക്കം കുറഞ്ഞ കൈലിമുണ്ട് മുട്ടിനുമുകളിൽ വെച്ച് മടക്കികുത്തി തുടയുടെ നല്ലൊരു ഭാഗം പ്രദർശിപ്പിച്ചില്ലെങ്കിൽ ഗോപിയ്ക്ക് നടപ്പിനൊരു സുഖം കിട്ടാറുമില്ല. കാഴ്ചയിൽ ക്രൂരഭാവം തോന്നുമെങ്കിലും ഭാര്യയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ് ഗോപി. അത് ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല. ആദരവാണ്, സ്നേഹമാണ് അയാൾക്ക് ഭാര്യയോട്.
വീട്ടുകാ‍ര്യങ്ങൾക്കുള്ള വകയുണ്ടാക്കുന്നത് അവളാണല്ലോ. രാവിലെ മുതൽ വൈകിട്ട് വരെ കിഴക്കൻ കായലിലെ വെയിലും കാറ്റുമേറ്റ് വള്ളം നിറച്ച് പുല്ലുചെത്തി വിറ്റ് തന്നേം രണ്ട് പിള്ളാരേം പൊന്നുപോലെ നോക്കുന്നവളാണ്. ഓണത്തിനും വിഷുവിനും, അമ്പലത്തിലെ ഉത്സവത്തിനും പുതിയ ജോടി ഡ്രസ് വാങ്ങി തരുന്നവളാണ്.എത്രയോ വർഷമായി ഒരു മുടക്കവും കൂടാതെ അവളത് ചെയ്യുന്നു. കെട്ടുബീഡി തനിക്ക് ഇഷ്ടമല്ലന്ന് അറിയാവുന്നത് കൊണ്ട് ചാർമിനാർ സിഗററ്റ് വാങ്ങിതരുന്നവളാണ് തന്റെ പൊന്നു ഭാര്യ.കുറുപ്പിന്റെ ചായക്കടേലുള്ള പറ്റ് മാസാവസാനം ഒരു വാക്ക് പോലും ചോദിക്കാതെ തീർക്കുന്നവളാണ് തന്റെ തങ്കം. ആഴ്ചയിലൊരിക്കൽ സിനിമ കാണാൻ ചോദിക്കാതെ തന്നെ പണം തരുന്നവളാണവൾ. ചവ്യനപ്രാശം കഴിക്കണമെന്ന് ഒരിക്കലേ ആഗ്രഹം പറഞ്ഞിട്ടുള്ളു. അന്നുമുതൽ ഇന്നേ വരെ ഒരു മുടക്കവും അതിനുണ്ടായിട്ടില്ല. ഇതെല്ലാം പോരാഞ്ഞിട്ട് കുട്ടികളുടെ തുണി, സ്കൂൾ ചെലവ്,വീട്ടുചെലവ് ഇതെല്ലാം ആരാ നടത്തുന്നത്? അവളല്ലേ. തന്റെ തങ്കം. തന്റെ പൊന്നിൻ‌കുടം.
തലയിലെ ചുമടുമായി ഗോപി തിരിഞ്ഞു നോക്കി.പാവം ജോലിചെയ്ത് ജോലി ചെയ്ത് എല്ലുമാണി ആയിരിക്കുന്നു. എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ജോലി ചെയ്താൽ മാത്രം പോരാന്ന്. ശരീരം കൂടി നോക്കണമെന്ന്. സന്തോഷമാണോ സങ്കടമാണോ ഗോപിയുടെ മുഖത്തുണ്ടായതെന്ന് മനസ്സിലായില്ല. വെട്ടം വീണിട്ടില്ലാത്തതിനാൽ മുഖം കാണാനാവുന്നില്ല.

“എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ അമ്മാനമാടി നടക്കുന്നേ. ഒന്നു വേഗം നടക്ക്. താമസിച്ചാൽ പിന്നെ ഞാൻ പൊരിവെയിലത്ത് നിന്ന് പുല്ലുചെത്തേണ്ടി വരും.” ഭാര്യ മുഖം കറുപ്പിച്ച് പരുഷ വാക്കുകൾ പറഞ്ഞാലും ഗോപിയ്ക്ക് പരിഭവമില്ല. സ്നേഹമയനായൊരു ഭർത്താവല്ലേ താൻ. എന്തൊക്കെ പറഞ്ഞാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹമാണ്. തന്നോടും പിള്ളാരോടും. അടുത്ത ഞായറാഴ്ചയെങ്കിലും ആട്ടിൻ കരള് വാങ്ങി അവൾക്ക് വറുത്ത് കൊടുക്കണം. ഗോപി മനസ്സിൽ വിചാരിച്ചു.

തോട്ടുകടവിലെത്തിയയുടനെ ഗോപി തലയിലെ ചുമട് വള്ളത്തിലോട്ട് വെച്ചു.പുല്ല് കെട്ടിക്കൊണ്ടുവരാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ, കയർ, അരിവാൾ, പിന്നെ ഭാര്യയ്ക്കുള്ള ആഹാരം,കുടിക്കാനുള്ള വെള്ളം എല്ലാമുണ്ടതിൽ. ഭാര്യ വള്ളത്തിൽ കയറി തുഴ കൈയിലെടുത്തതും ഗോപി വള്ളത്തിന്റെ കെട്ടഴിച്ച് തോടിന്റെ നടുക്കോട്ട് വള്ളം തള്ളി.

ഭാര്യയെ ജോലിയ്ക്ക് വിട്ടുകഴിഞ്ഞാൽ പിന്നെ ഗോപി സ്വതന്ത്രനാണ്. വൈകിട്ട് പുല്ലുകച്ചവടമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ ചെല്ലുന്നതുവരെ ഗോപിയ്ക്ക് പറയത്തക്ക പണിയൊന്നുമില്ല. ഭാര്യ തുഴയുന്ന വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഗോപി തോട്ടിറമ്പിൽ തന്നെ നിന്നു. അതുകഴിഞ്ഞ് മക്കളുടെ തോളിൽ കൈയിട്ടുകൊണ്ട് തോട്ടുകടവിലെ തെങ്ങിന്തോപ്പിലേയ്ക്ക് നടന്നു. അവിടെ ഒരു തെങ്ങിഞ്ചുവട്ടിൽ പേപ്പർ വിരിച്ച് ഗോപിയും മക്കളും ഇരുന്നു.

“ഇന്ന് പുട്ടും കടലേമാണ്. അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്തോ?” പ്രഭാതഭക്ഷണം കൊണ്ടുവന്ന പാത്രം തുറക്കുന്നതിനിടയിൽ ഗോപി പറയുന്നുണ്ടായിരുന്നു.”

“കാപ്പികുടിച്ച് കഴിഞ്ഞ് രണ്ടാളും ഇരുന്ന് പഠിച്ചോണം കേട്ടോ. നല്ലോണം പഠിച്ചാൽ അമ്മെയെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല. സ്കൂളിന്റെ സമയനാവുമ്പോ അങ്ങോട്ട് പോയാൽ മതി. വെറുതേ ഒള്ള പിള്ളാരുടെ കൂടെ മണ്ണിലും അഴുക്കിലുമൊന്നും ഉരുളേണ്ട.”
കുട്ടികൾ കണ്ണിൽകണ്ണിൽ നോക്കി.
“അച്ഛൻ നല്ലോണം പഠിച്ചകൊണ്ടാണോ പണിയ്ക്ക് പോകാത്തെ?” ഇളയാളുടെ ചോദ്യം ഗോപിയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“മൊട്ടേന്ന് വിരിഞ്ഞില്ല. അതിനുമുന്നേ വകതിരിവേ പറയൂ. എങ്ങനെ നന്നാകാനാ? അമ്മയുടെ അല്ലേ ഗുണം.” ഗോപിയുടെ രണ്ട് കൈകളും മകളുടെ ചെവികളിൽ കിടന്ന് തിരിഞ്ഞു. പിന്നെ ഗോപി അവിടെ നിന്നില്ല. അഞ്ചടുക്ക് ചോറ്റുപാത്രവുമെടുത്ത് വേഗത്തിൽ നടന്നു.
“അച്ഛാ, വൈകിട്ട് സിനിമാക്കഥ ഞങ്ങക്ക് കൂടി പറഞ്ഞുതരുമോ?” മൂത്തകുട്ടി ചോദിക്കുന്നത് ഗോപി കേൾക്കാത്തമട്ടിൽ നടന്നു.ഗോപിയുടെ ആ നടപ്പ് ചെന്ന് നിൽക്കുന്നത് ടൗണിലെ സിനിമാക്കൊട്ടകയിലാണ്. കുട്ടികൾക്ക് അത് നല്ലോണം അറിയാവുന്നതാണ്. അവരെത്രനാളായി ഇത് കാണുന്നതാണ്. ഭാര്യ നൽകുന്ന പണം കൊണ്ട് ആഴ്ചയിലൊരിക്കലേ സിനിമകാണാൻ പറ്റൂ. അതുകൊണ്ട് ചില ദിവസങ്ങളിൽ ഗോപി ചൂണ്ടയിടാൻ ഇറങ്ങും. ചൂണ്ടയിടുന്നത് ഗോപിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും എപ്പോഴും എപ്പോഴും ഭാര്യയോട് പൈസ ചോദിക്കുന്നതെങ്ങനെയെന്ന് വെച്ചിട്ടാണ്.
ഭാര്യ കായലിൽ നിന്നും വരുന്നതിന് മുന്നേ തിരിച്ച് വരണമെന്നുള്ളതിനാൽ ഗോപി നൂൺഷോയെ കാണാറുള്ളു.സിനിമായ്ക്ക് പോകുമ്പോൾ ഗോപിയുടെ കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രമുണ്ടാവും.മടങ്ങുന്ന വഴിയിൽ ഏതെങ്കിലും കടത്തിണ്ണയിലോ,മരച്ചോട്ടിലോ ഇരുന്ന് ആഹാരവും കഴിക്കും. തിരിച്ച് തോട്ടുകടവിലെത്തിക്കഴിഞ്ഞാൽ നടപ്പിന്റെ ക്ഷീണം മാറ്റാൻ ആദ്യം കുറുപ്പിന്റെ ചായക്കടയിൽ നിന്നും കടുപ്പത്തിലൊരു കട്ടൻ‌ചായയും രണ്ട് പരിപ്പ് വടയും കഴിക്കും. അത് ഭാര്യ അനുവദിച്ചിട്ടുള്ളതാണ്.
ഭാര്യ പുല്ലുമായെത്തി കച്ചവടമൊക്കെ കഴിയുമ്പോഴത്തേക്കും നേരം നന്നേ ഇരുട്ടും. അതു വരെ ഗോപിയ്ക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നുമില്ല. പക്ഷേ ഭാര്യയ്ക്ക് ഒറ്റ നിർബന്ധമേ ഉള്ളു. കച്ചവടമൊക്കെ കഴിഞ്ഞ് പോകാൻ നേരമാവുമ്പോഴത്തേയ്ക്കും ഗോപി അവിടുണ്ടായിരിക്കണം.

സിനിമാകണ്ട് മടങ്ങി വന്ന ഗോപി കാപ്പികുടിയൊക്കെ കഴിഞ്ഞ് ചീട്ടുകളിക്കാരുടെ കൂടെക്കൂടി. സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടികൾ തോട്ടിറമ്പിലെ മണലിൽ കളിക്കാൻ തുടങ്ങി. ഭാര്യ പുല്ലുമായെത്തി കച്ചവടവും തുടങ്ങി.ഗോപി ചീട്ടുകളിക്കാൻ പോയിരുന്ന് സമയം പോയതറിഞ്ഞില്ല. പുല്ലു കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിൽ പോകാൻ ഭാര്യതയ്യാറായിട്ടും ഗോപി വരുന്ന ലക്ഷണമൊന്നുമില്ല. അവൾ നേരേ ചീട്ടുകളി സ്ഥലത്തേയ്ക്ക് നടന്നു.
“അവള് ഭർത്താവും അവൻ ഭാര്യേമാ” പുല്ലുകാരി ഓമന കളിയാക്കി.
“എന്താടീ നെനെക്ക് ചേതം? ഞാനും എന്റെ ഭർത്താവും ഞങ്ങക്ക് ഇഷ്ടമുള്ളപോലെ ജീവിക്കും.” ഭാര്യയുടെ മറുപടികേട്ട് ഓമന ശബ്ദമടക്കി മുഖം താഴ്ത്തി.
ഭാര്യ ജോലി ചെയ്യുന്നു. ഗോപി വീട്ടുകാര്യം നോക്കുന്നു. ആണുങ്ങൾ വീട്ടുജോലിമാത്രം നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ എന്താ കുഴപ്പം? ആകാശമിടിഞ്ഞ് വീഴുമോ? ഗോപിയുടെ ഭാര്യയ്ക്ക് അതൊരു തെറ്റായി ഇന്നേവരെ തോന്നിയിട്ടില്ല. ഗോപിയ്ക്കും അതിലൊരു നാണക്കേടോ അപാ‍കതയോ ഒരിക്കലും തോന്നിയിട്ടില്ല . ഭാര്യ ജോലിചെയ്തു കൊണ്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ഗോപിയുടെ ചുമതലയാണ്. പീടികേന്ന് സാധനങ്ങൾ മുതൽ ഭാര്യയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം വരെ മറപ്പുരയിലെത്തും. പിന്നെന്താ പ്രശ്നം. പരസ്പരം മനസ്സിലാക്കപ്പെടുന്ന രണ്ട് മനസ്സുകൾ തമ്മിലുള്ള സ്നേഹം. അതാണല്ലോ പ്രധാനം.

ഓമനെയോടുള്ള ദേഷ്യം ഭാര്യ ഗോപിയോടാണ് തീർത്തത്.
“ഇങ്ങനെ കുത്തിയിരുന്നോളും...നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ...നടന്നേ വേഗം വീട്ടിലേയ്ക്ക്...” ഗോപി ഒന്നും പറയാതെ എണീറ്റു.

ആ സമയത്താണ് ഒറ്റക്കണ്ണൻ രാജ ഇടയ്ക്ക് കയറിയത്.
“നീയിങ്ങനെ വെറും പെൺകോന്തനാകാതടാ ഗോപിയേ...ആണുങ്ങളായാൽ കൊറച്ച് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ട് പെണ്ണുങ്ങളേം പേടിച്ച് പണിക്കും പോവാണ്ട്...”
“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കുംകേട്ട് നിക്കാതെന്റെ മനുഷ്യാ...” ഭാര്യ ഗോപിയുടെ കൈയ്ക്ക് പിടിച്ച് വലിച്ചു.
“എടീ നിന്നെ ഞാൻ...” ഒറ്റക്കണ്ണൻ രാജ ചാടിയെണീറ്റു. “അലവലാതിയാണ് പോലും...അലവലാതി നിന്റെ...” ഒറ്റക്കണ്ണൻ രാജയുടെ ഉരുണ്ട ചുമന്ന കണ്ണുകളിൽ നിന്നും തീ പറക്കുകയായിരുന്നു. ഇന്നുവരെ നാട്ടിലെ ഒരുത്തനുംഅയാളുടെ നേർക്കുനേർ നിന്ന് ഉറക്കെയൊന്ന് സംസാരിച്ചിട്ടില്ല. നാടിനെ കിടുകിടെ വിറപ്പിക്കുന്ന ഒന്നാം നമ്പർ ദാദായെയാണ് ഇന്ന് ഒരു പീക്കിരിപ്പെണ്ണ് ‘അലവലാതി’ എന്ന് വിളിച്ചിരിക്കുന്നത്. ഒറ്റക്കണ്ണൻ രാജ നിന്നലറി. സാധാരണഗതിയിൽ രാജ ദേഷ്യപ്പെട്ടുകഴിഞ്ഞാൽ അരയിലെ കത്തിയ്ക്ക് പണിയുണ്ടാകാറുള്ളതാണ്. അത് അറിയാത്തവരായി ആരുമില്ല. ചീട്ടുകളി സ്ഥലത്ത് ആള് കൂടാൻ തുടങ്ങി. ഭാര്യ പേടിച്ച് ഗോപിയുടെ പുറകിലേയ്ക്ക് മാറി.

“എന്താടീ നീ പുറകിലോട്ട് മാറണത്. ആ പെണ്ണാച്ചിയുടെ പൊറകിലൊളിച്ചാൽ നിന്നെ ഞാൻ വെറുതേ വിടുമെന്ന് കരുതിയോ?” പിന്നെ രാജ ഗോപിയുടെ നേരേ നോക്കി. “എന്തിനാടാ ഇങ്ങനെ ആണും പെണ്ണുംകെട്ട് കഴിയണത്. ഇതിനേക്കാൾ ഭേദം പോയി ചാകണതാ.”
ഒറ്റക്കണ്ണൻ രാജയുടെ പരിഹാസവും,കൂടിനിൽക്കുന്നവരുടെ കളിയാക്കിയുള്ള നോട്ടവുമൊക്കെ കണ്ടപ്പോൾ ഗോപിയ്ക്ക് സർവ്വനിയന്ത്രണവും വിട്ടുപോയി. പിന്നെയൊന്നും നോക്കിയില്ല. വലതുകൈ കൊണ്ട് ഒറ്റക്കണ്ണൻ രാജയെ പതിരയ്ക്ക് പിടിച്ച് തലയ്ക്ക് മുകളിൽ പൊക്കിയിട്ട് നിലത്തോട്ട് ഒറ്റയിടലായിരുന്നു.കൂടെ ഒറ്റച്ചവിട്ടും. നാട്ടിലെ ഒന്നാം നമ്പർ ദാദയും, എളിയിൽ ഇരുപത്തിനാലുമണിക്കൂർ കത്തിയുമായ് നടക്കുന്നവനുമായ ഒറ്റക്കണ്ണൻ രാജയെയാണ് ഒരു മുയലിനെപിടിച്ചുയർത്തുന്ന ലാഘവത്തോടെ ഗോപി എടുത്ത് നിലത്തടിച്ചത്. പോരേ പൂരം!

“നടുവൊടിഞ്ഞിട്ടുണ്ടന്നാ തോന്നണത്. അമ്മാതിരി അലക്കല്ലേ അലക്കിയത്.” ആൾക്കൂട്ടത്തിലാരൊക്കെയോ പറയുന്നത് ഗോപി കേട്ടു.

“എല്ലാർക്കും ഇതൊരു പാഠമായിരിക്കട്ടെ.” ഗോപി ഭാര്യയുടെ കൈയ്ക്ക് പിടിച്ച് വീട്ടിലേയ്ക്ക് നടന്നു. പുറകേ കുട്ടികളും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുട്ടികളിലേയ്ക്കും ആ മൗനം പടർന്നു. വഴിയരികിലെ കുറ്റിച്ചെടികളോടുപോലും സംസാരിച്ചോണ്ട് നടക്കുന്ന കുട്ടികളാണ്. ഇന്ന്...ഇന്ന്... ഒരനക്കവുമില്ല ആർക്കും. അന്ന് രാത്രി ആഹാരമൊക്കെ കഴിഞ്ഞ് ഗോപി മുറ്റത്തെ തിണ്ണയിൽ വന്നിരുന്നു. ഭാര്യയും ഗോപിയുടെ അടുക്കൽ വന്നിരുന്നു.
“പിള്ളാരുറങ്ങി.”
“ഞാനൊരുകാര്യം ചോദിക്കട്ടെ?” ഗോപി ഭാര്യയെ തന്നോടടുപ്പിച്ചു.
“എന്താ?”
“നാളെ മുതൽ കായലിൽ ഞാൻ പോകാം.”
ഭാര്യ ഗോപിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി. “എന്താ ഇപ്പോളിങ്ങനെ തോന്നാൻ? ഞാൻ വേലയെടുക്കുന്നതിൽ നാണക്കേട് തോന്നുന്നുണ്ടോ?”
“അല്ല. അതല്ല. ആൾക്കാരോരോന്ന് പറയുമ്പോൾ...” ഗോപിയ്ക്ക് മുഴുമിക്കുവാനായില്ല.
“എന്ത് പറയാൻ? അവരെന്തും പറഞ്ഞോട്ടെ. നമ്മളെന്തിനാ അതൊക്കെ കേക്കണത്. നമ്മടെ ജീവിതത്തിന് ദൈവം സഹായിച്ച് ഒരു കൊഴപ്പോമില്ലല്ലോ ഇതേവരെ.” ഭാര്യ ഗോപിയുടെ മാറിലോട്ട് ചാഞ്ഞു. ഗോപിയുടെ കൈകൾ ഭാര്യയെ വരിഞ്ഞുമുറുക്കി. അപ്പോൾ തള്ളക്കോഴിയുടെ ചിറകിന്നടിയിലിരിക്കുന്ന കോഴിക്കുഞ്ഞിന്റെ സുരക്ഷിതത്വമായിരുന്നു ഭാര്യയുടെ കണ്ണുകളിൽ...

Read more...

ചായ

Monday, June 29, 2009

“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...
കട്ടളയ്ക്ക് പിന്നിൽ ഒളിച്ചുനിന്നിരുന്ന അപ്പുക്കുട്ടനെ ചിറ്റപ്പൻ തടിയൻ സാറിന് പരിചയപ്പെടുത്തി. “ഇത് ചേട്ടന്റെ മോനാ, അപ്പുക്കുട്ടൻ.” തടിയൻ സാർ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. ഏതോ ലോകമഹാത്ഭുതത്തെ കണ്ടതുപോലെ... “എടാ ചെറുക്കാ, നീ വല്ലതുമൊക്കെ കഴിക്കണം.കേട്ടോ. അല്ലങ്കിലിങ്ങനെ ഈർക്കിലായിട്ട് തന്നെയിരിക്കും”. ചിറ്റപ്പൻ ചിരിച്ചു.
“എങ്കിലേ, ഞാനൊരു സൂത്രം കാണിക്കാം.സാറിനു കാണിക്കാമോ?” അപ്പുക്കുട്ടന്റെ സൂത്രം കാണാനായി കുടവയറൻ സാർ തന്റെ വയറൊക്കെയൊന്ന് കുലുക്കി കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. “ആ..കാണീര്..”
അപ്പുക്കുട്ടൻ കാലിന്റെ തള്ള വിരലെടുത്ത് മൂക്കിൽ മുട്ടിച്ചു. “കാണിച്ചേ...ഇതുപോലൊന്ന് കാണിച്ചേ..” കുടവയറൻ സാർ ചിരിച്ചുകൊണ്ടിരുന്നു. “ആള് മിടുക്കനാണല്ലോ. സ്ഥാനത്തിട്ട് തന്നെ കൊട്ടി.”


“അപ്പുക്കുട്ടാ, നീയാ കിണറ്റീന്ന് ഒരു ബക്കറ്റ് വെള്ളമിങ്ങ് കോരിയേ.” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. അപ്പുക്കുട്ടൻ അടുക്കളയിലേയ്ക്കോടി.അമ്മ നിന്നു കിതയ്ക്കുന്നു. കൈയിലൊരു പൊതിയും ഗ്ലാസുമുണ്ട്. കടയിൽ പോയിട്ടു വന്നതാണന്നു തോന്നുന്നു. ചുമ്മാതല്ല ചായയുണ്ടാക്കാൻ ഇത്രയും താമസം!
“ചേടത്തീ, ചായ റെഡിയായില്ലേ? സാറ് പോകാനൊരുങ്ങുന്നു.” വാതുക്കൽ നിന്നും വിളി.
“ദാ. വരുന്നു.” നിമിഷങ്ങൾക്കകം ചായ വാതുക്കലെത്തി.
“ജോലി കഴിഞ്ഞ് വരുമ്പോ സാറിനൊരാഗ്രഹം നമ്മുടെ വീടൊന്ന് കാണണമെന്ന്.”
“അത് ശരിയാ ഒരുമിച്ച് ജോലി ചെയ്യുന്നവരാകുമ്പോ വീടൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ.”
കുടവയറൻ സാറ് യാത്ര പറഞ്ഞിറങ്ങി. ചിറ്റപ്പൻ ചിറ്റപ്പന്റെ വീട്ടിലേയ്ക്കും പോയി.


“എന്താ അമ്മേ ചിറ്റപ്പൻ ആ സാറിനെ പടിഞ്ഞാറ് വീട്ടിൽ കൊണ്ടുപോകാഞ്ഞേ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകിയില്ല. “നീ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്. ചിറ്റപ്പനെ പോലെ നല്ല ജോലി കിട്ടണമെന്നുണ്ടങ്കിൽ..”
“അതേ ഞാമ്പറയാം. ചിറ്റപ്പന്റെ വീടേ ഓലകെട്ടിയതാ, തറയുമില്ല. ചാണകോം മെഴുകീട്ടില്ല. ഇന്നാള് ഞാനിരുന്നപ്പോ എന്റെ നിക്കറിന്റകത്ത് വരെ മണ്ണ് കേറിയല്ലോ. ആ മണ്ണീ നെറയേ ചെള്ളുമുണ്ടാരുന്നു.” സേതുവാണ്.

“പെണ്ണിനറിയാമ്പാടില്ലാത്ത കാര്യമില്ല.അവനേ നിന്നെയൊക്കെ പോലെ ഭാഗ്യം ചെയ്തവനല്ല. നിനക്കൊക്കെ ലോണെടുത്ത് കെട്ടിയതാണേലും ഇഷ്ടിക കെട്ടിയ വീടുണ്ടല്ലോ. അവൻ പഠിച്ച് ജോലീം കിട്ടി,ഇനി വീടും കെട്ടും നോക്കിക്കോ.” അമ്മയ്ക് സേതുവിന്റെ വർത്തമാനം ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.

അത്താഴം കഴിക്കാനിരുന്നപ്പോൾ സേതു വള്ളിപുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ അച്ഛനോട് പറയുന്നുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ സംതൃപ്തിയിൽ അവൾ പഴയൊരു കൈലിമുണ്ടെടുത്ത് പുതച്ചുകൊണ്ട് പായയിൽ തേരട്ടയെ പോലെ ചുരുണ്ടുകൂടി.
ആഹാരമെല്ലാം കഴിച്ച് കഴിഞ്ഞ് കട്ടിലിലിൽ വന്നിരുന്ന അച്ഛനോട് അമ്മ പറയുന്നത് കേട്ടു. “പിന്നേ, അനിയനോട് പറയണം വലിയവലിയ ആൾക്കാരുമായി വീട്ടിൽ വന്ന് കഴിഞ്ഞ് ‘ചായയെടുത്തോ ചേടത്തീ’ എന്ന് പറയുന്നതിന് മുന്നേ ഉള്ളിൽ വന്ന് ഇവിടെ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്...ഒരുനുള്ള് തേയിലപോലുമില്ലാരുന്നിവിടെ...കടക്കാരൻ രവി കടം കൂടി തന്നില്ലാരുന്നേൽ എന്തുചെയ്തേനെ...നാണം കെട്ടുപോയേനേ...അല്പനേരമാണങ്കീ കൂടി മനുഷേനങ്ങ് ആധി പിടിച്ചുപോയി.”

“ഒരുപക്ഷേ അവൻ വിചാരിച്ചുകാണുമെടീ, പടിഞ്ഞാറ് അവന്റെ വീട്ടിൽ ചെല്ലുന്നതിനേക്കാൾ നല്ലത് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ നാണക്കേട് തന്നെയായിരിക്കും നല്ലതെന്ന്.”

“ഇപ്പക്കേട്ട. ഞാമ്പറഞ്ഞതാ കാര്യം.” സേതുവിന്റെ തല പുതപ്പിനിടയിൽ കൂടി പുറത്തേയ്ക്കുവന്നു.

Read more...

സുഹൃത്തിന്റെ വെക്കേഷനും എന്റെ സെർവറും.

Monday, June 1, 2009

സെർവർ സെർവർ എന്ന് കേട്ടിട്ടുണ്ടങ്കിലും ആ സംഭവം ഒന്ന് നേരിൽ കാണാനിതുവരെ കഴിഞ്ഞിട്ടില്ല. വളരെ നാളുകളായി മനസ്സിലിട്ട് ഓമനിച്ചിരിക്കുന്ന സെർവർ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുന്നു എന്ന ഞടുക്കുന്ന സത്യം അറിഞ്ഞത് കുറച്ചുവർഷങ്ങൾക്ക് മുൻ‌പാണ്. കുറച്ചുവർഷങ്ങൾ എന്ന് പറഞ്ഞാൽ അധികനാളൊന്നുമായിട്ടില്ല. ഒരു രണ്ട് വർഷം. കൂടിപ്പോയാൽ മൂന്ന് വർഷം.
വർഷങ്ങൾക്ക് മുൻപുള്ള ആ സുദിനത്തിലാണ് കുറച്ച് ബ്ലോഗ് പുലികൾ എന്റെ വീട്ടിൽ ഒത്തുകൂടിയത്. നാട്,വീട്,കാട്,ബ്ലോഗ് തുടങ്ങി ഒരു നൂറുകൂട്ടം കാര്യം ചർച്ച ചെയ്ത് കൊണ്ടിരുന്നതിനിടയ്ക്കാണ് ആരോ ഒരാൾ എന്റെ മോഹ സഫല്യത്തിനുതകുന്ന വിഷയമെടുത്തിട്ടത്. അതേ സെർവർ എന്ന മഹാത്ഭുതം! പോൾ ചേട്ടന്റെ വീട്ടിൽ സെർവറിൽ തട്ടാതെ നടക്കാൻ പറ്റില്ലത്രേ! പോരേ പൂരം. രോഗി ഇച്ഛിച്ചതും ബ്ലോഗർ കല്പിച്ചതും സെർവർ.
എത്രയും പെട്ടെന്ന് തന്നെ പോൾ ചേട്ടന്റെ വീട്ടിലേയ്ക്ക് പോകണം. സെർവർ കാണണം. ഉറച്ച തീരുമാനമെടുത്തു. പാറ പോലെ ഉറച്ച തീരുമാ‍നം. പക്ഷേ തീരുമാനം ജൂബിലി ഹിത്സിലെ പാറപോലെ ഉറച്ചുതന്നെ നിന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും എനിക്ക് പോൾ ചേട്ടന്റെ വീട്ടിൽ പോകാൻ പറ്റിയില്ല.ചക്കി അടുക്കുമ്പോൾ ചങ്കരൻ അടുക്കില്ല എന്നതുപോലെയായി കാര്യങ്ങൾ!

കാലം മനുഷ്യന്റെ ആഗ്രഹങ്ങളെ മറവിയുടെ കയങ്ങളിലേയ്ക്ക് തള്ളിയിടും. എന്റെ സെർവർ സ്വപ്നവും എവിടെയൊക്കെയോ മുങ്ങിപ്പോയി. എന്റെ മുങ്ങിയ സ്വപ്നവും പൊക്കിയെടുത്തുകൊണ്ടായിരുന്നു രണ്ടാഴ്ച മുൻ‌പ് ജയേഷ് എത്തിയത്. നമ്മുടെ ബ്ലോഗർ ജയേഷ്. അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരത്തിന്റെ ഒരു കോപ്പി തന്നു. മായക്കടൽ. മനോഹരമായൊരു പുസ്തകം. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന രചനകൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.

ജയേഷിന്റെ കൂടെ പോൾ ചേട്ടനും എത്താമെന്നേറ്റിരുന്നതാണ്. സമയമേറെ ആയിട്ടും കാണാനില്ല. എന്തുപറ്റി? വിളിച്ചുനോക്കി. പ്രശ്നമുണ്ട്. ഇന്നിനി വരാൻ പറ്റില്ല. സെർവർ പണിമുടക്കിയത്രേ!
എത്രയോ കാലമായി മറന്നുകിടന്നിരുന്ന സംഭവം! സെർവർ എന്ന മഹാത്ഭുതം! ദാ വീണ്ടും എന്റെ തലയ്ക്കകത്തേയ്ക്ക് ഇരച്ചുകയറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം?
“സാരമില്ല പോള് ചേട്ടാ. അടുത്ത ഞായറാഴ്ച ഞാനങ്ങോട്ട് വന്നേക്കാം.” സെർവർ കാണണമെന്ന ആഗ്രഹം മാത്രം പുറത്ത് കാണിച്ചില്ല. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സെർവർ അറിയാത്തൊരു ബുദ്ദൂസ് ജീവിച്ചിരിക്കുന്നു എന്ന് നാലാളറിഞ്ഞാൽ നാണക്കേടല്ലേ? അതുകൊണ്ട് ഞാൻ മിണ്ടിയില്ല. തികച്ചും സൗഹൃദപരമായ ഒരു സന്ദർശനം. അതു മാത്രമേ ഉള്ളൂ എന്റെ സന്ദർശന ലക്ഷ്യം!

ശനിയാഴ്ച ആയപ്പോഴേയ്ക്കും എനിക്കൊരു ഫോൺ കാൾ വന്നു. എന്റെയൊരു സുഹൃത്തിന്റേതാണ്.
“ടേ, നാളെ എന്തെങ്കിലൊമൊക്കെ പരിപാടി ഒപ്പിച്ചോളൂ. എന്റെ പെണ്ണുമ്പിള്ള വന്നിട്ടുണ്ട്. നമ്മുക്ക് ഒരു ഫാമിലി ടൂറങ്ങ് സംഘടിപ്പിച്ചേക്കാം.പോകേണ്ട സ്ഥലമൊക്കെ തീരുമാനിച്ചിട്ട് എന്നെ വിളിച്ച് പറഞ്ഞാൽ മതി.” സുഹൃത്തിന്റെ സംസാരം കേട്ടിട്ട് ഞാൻ ഹൈദ്രാബാദിന്റെ ഭൂമിശാസ്ത്രം അരച്ചുകലക്കികുടിച്ചവനാണന്ന് എനിക്ക് പോലും തോന്നിപ്പോയി. (പാവം സുഹൃത്ത്! പണ്ട് ഞാൻ ആഷയെ ചാർമിനാർ കാണിക്കാൻ കൊണ്ടുപോയ കഥ ഇദ്ദേഹത്തോട് പറഞ്ഞിട്ടില്ലന്ന് തോന്നുന്നു.)

നാട്ടിൽ പഠിക്കാൻ പോയ ഭാര്യ വെക്കേഷന് വന്നതിന്റെ സന്തോഷമാണ് സുഹൃത്തിന്! നമ്മളായിട്ട് അത് നശിപ്പിക്കാൻ പാടുണ്ടോ? ഇല്ല. ഒരിക്കലുമില്ല.
കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയുള്ളപ്പോൾ സ്ഥലം കണ്ടുപിടിക്കാനാണോ പ്രയാസം. ഓഷൻ പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു. സെർവർ മോഹം മടക്കി നാലാക്കി മനസ്സിന്റെ കോണിൽ ഒതുക്കി വെച്ചു.വിദഗ്ദാഭിപ്രായത്തിന് ഫ്ലിക്കറിലെ ആഷയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു ചോദിച്ചു.
“ഛേ... നിങ്ങളെന്ത് മണ്ടത്തരമാണീക്കാണിക്കുന്നത്? ആരെങ്കിലും ഇപ്പോ ഓഷൻ പാർക്കിൽ പോകുമോ? വേനൽക്കാലത്ത് ഭയങ്കര തെരക്കായിരിക്കും അവിടെ. വെള്ളം കാണാതെ കെടക്കുന്ന ഹൈദ്രാബാദീസെല്ലാം അവിടെ കാണും. കന്ന് കയം കാണുന്നത് പോലെയാ ഇവിടുത്തുകാർ. വെള്ളമെല്ലാം കലക്കിമറിച്ചിട്ടുണ്ടാവും. പ്രഗതി റിസോർട്ടാവും നിങ്ങക്ക് പറ്റിയ സ്ഥലമെന്ന് എനിക്ക് തോന്നുന്നു.”

“പ്രഗതി റിസോർട്ടാ? അവിടെന്താ ഉള്ളത്?”

“ഇവിടുന്ന് 10-45 കി.മീ. ഉണ്ട്. നല്ല പുൽത്തകിടി ഉണ്ട്. സ്വസ്ഥമായി ഇരുന്ന് സംസാരിക്കാവുന്ന പകൃതി രമണീയമായ അന്തരീക്ഷം.സിറ്റിയിൽ നിന്നെല്ലാം അകന്ന് ശുദ്ധവായു ശ്വസിക്കാം.”
പുൽത്തകിടിയിലിരിക്കാനാണങ്കിൽ നെക്ലസ് റോഡിലോട്ട് പോയാൽ പോരേ എന്നൊരു സംശയമുണ്ടായിരുന്നു.
പക്ഷേ തിരോന്തരം കാരിയുടെ വാക്കിനെ മുഖതാവിലെടുത്തോണ്ട് പ്രഗതി റിസോർട്ടിലോട്ട് വണ്ടി തിരിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്.
തുണിക്കടയിൽ കേറി സാരിവാങ്ങാനെത്തുന്ന പെണ്ണുങ്ങളോട് സെയിത്സ്മാന്മാർ കാണിക്കുന്ന അതേ ടെക്നിക്ക് തിരോന്തരംകാരിയും കാണിച്ചിരുന്നു.അടുക്കി അടുക്കി വച്ചിരിക്കുന്ന സാരികൾ മൊത്തമെടുത്തിട്ടാലും ഇഷ്ടപ്പെടാതിരിക്കുന്ന കസ്റ്റമറിന്റെ വീണ്ടും വീണ്ടുമുള്ള ആവശ്യത്തിനൊടുവിൽ സെയിത്സ്മാൻ പറഞ്ഞുകളയും. “മാഡം അതൊന്നും നിങ്ങക്ക് താങ്ങാൻ പറ്റുന്ന വിലയുടേതല്ല. വല്ല്യ വെലയാ.”
പിന്നെ സാരി എപ്പോൾ സഞ്ചിയിലായെന്ന് ചോദിച്ചാൽ മതി.

തിരോന്തരംകാരിയും ഏകദേശം അതേപോലെ തന്നെ പറഞ്ഞുകളഞ്ഞു.
“എനിക്ക് തോന്നുന്നത് നിങ്ങൾക്ക് പോകാൻ പറ്റുന്ന ബെസ്റ്റ് സ്ഥലം അതാണന്നാ... സിറ്റിയിലെ നല്ല നല്ല ആൾക്കാർ വരുന്ന സ്ഥലമാ.”
‘തിരോന്തരംകാരീ കീ ജയ്’. നമ്മളേയും... ഹൊ ..എനിക്ക് വയ്യ.
പോട്ടെ വണ്ടി പ്രഗതി റിസോർട്ടിലേയ്ക്ക്...

പ്രശാന്ത സുന്ദരമായ ആ ഭൂമികയും തേടി സുഹൃത്തിന്റെ വണ്ടി പാഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മനോഹാരിത പച്ചപ്പിന് വഴിമാറി. കുട്ടനാട്ടിലെ പാടങ്ങളുടെ നടുക്കുകൂടെ കിടക്കുന്ന നെടുനീളൻ റോഡുപോലെ...ഒറ്റമനുഷ്യ ജീവിയെ കാണാനില്ല വഴിയിൽ. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം റിസോർട്ടുകാർ വഴിനീളെ ബോർഡുകൾ വെച്ചിട്ടുണ്ട്. ഓരോ ബോർഡുകളും കിലോമീറ്ററുകളുടെ എണ്ണം കുറച്ചു കുറച്ച് അവസാനം വണ്ടിനിന്നു. ഈ കാട്ടുപ്രദേശത്തും ഭീകരന്മാർ വരുമോ എന്നൊരു സംശയം തോന്നി സെക്യൂരിറ്റി പരിശോധന കണ്ടപ്പോൾ. “വണ്ടി കാണാതെ ഒരു വണ്ടി കണ്ടപ്പോഴുള്ള സന്തോഷമായിരിക്കും ഇവന്മാർക്ക്.” സുഹൃത്തിന്റെ നിഗമനം തെറ്റിപ്പോയെന്ന് അകത്തോട്ട് കേറിയപ്പോൾ മനസ്സിലായി. നൂറുകണക്കിന് വണ്ടികൾ! സമാധാനമായി. ഇവിടേയും മനുഷ്യവാസമുണ്ട്. മാവും,സപ്പോട്ടയും,പേരയുമൊക്കെയുള്ള ഒരു വലിയ പാർക്കിങ്ങ് ഏരിയ. വണ്ടി ഒരു സപ്പോട്ട മരത്തിന്റെ താഴെ പാർക്ക് ചെയ്തു.

തിരോന്തരംകാരിയെ മനസ്സാസ്തുതിച്ചുകൊണ്ട് നാൽ‌വർ സംഘം അകത്തേയ്ക്ക് കുതിച്ചു. പെണ്ണുങ്ങൾ രണ്ടുപേരും വാതുക്കലെ ടാങ്കിൽ തത്തിക്കളിക്കുന്ന മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് അവിടെ തന്നെ നിന്നുകളഞ്ഞു. വാതുക്കൽ വളച്ചുകെട്ടിവെച്ചിരിക്കുന്ന മെറ്റൽഡിറ്റക്ടറിന്നടിയിലൂടെ അകത്തോട്ട് കടക്കാൻ ശ്രമിക്കുന്നതിന്നിടെ നല്ല കടും കളർ ഉടുപ്പിട്ട ഒരു ചേട്ടൻ ഓടി വന്നു.
“സാർ ടിക്കറ്റെവിടെ?”
“എന്ത്? ടിക്കറ്റോ? സുഹൃത്ത് എന്നെ നോക്കി.
എല്ലാം ഇപ്പം ശരിയാക്കാം എന്ന മട്ടിൽ ഞാൻ സുഹൃത്തിനേയും നോക്കി.
“ടിക്കറ്റെവിടെ കിട്ടും?” കളറുടുപ്പിട്ട ചേട്ടൻ ഒരു മുറിയിലേയ്ക്ക് കൈ ചൂണ്ടി.
പെണ്ണുങ്ങളപ്പോഴും മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.
“നാല് ടിക്കറ്റ്.” സുഹൃത്തിന് സമയം കളയാൻ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പെട്ടെന്നെട്...പെട്ടെന്നെട്... എന്ന മട്ടിലായിരുന്നു പുള്ളിയുടെ നിപ്പ്.
“സാർ പെർ ഹെഡ് ഒൺലി എൻ‌ട്രി ടിക്കറ്റ് 600 രൂപ. എടുക്കട്ടെ.” ഇത് അജണ്ടയിലില്ലാത്ത സംഗതിയാണന്ന മട്ടിൽ സുഹൃത്ത്.
“അല്ല.കുറഞ്ഞ ടിക്കറ്റൊന്നുമില്ലേ?” ഞാൻ
“ഇതെന്താ സാർ സിനിമാ തീയേറ്ററാ?” വരയൻ ഷർട്ടിട്ട റിസപ്ഷനിസ്റ്റ് ആളത്ര ശരിയല്ല. അവനെ കണ്ടപ്പോഴേ എനിക്കൊരു വശപ്പിശക് തോന്നിയതാ. ഞാൻ പുറകോട്ട് മാറി.
“600 രൂപയിൽ ലഞ്ച് ഇൻ‌ക്ലൂഡിങ്ങാണ് സാർ.”
“ലഞ്ച് വേണ്ടങ്കിലോ?” ഞാൻ
“വേണ്ടങ്കിലും 600.” ഇവനേത് ഭൂഖണ്ഡത്തീന്ന് വന്നവനാണന്ന മട്ടിലാ അവന്റൊരു നോട്ടം.
“ഇവനാള് ശരിയല്ല. ഇങ്ങ് പോര്.” ഞാൻ സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ചു. പുൽത്തകിടിയിൽ പോയിരിക്കാൻ 600 രൂപ! ലഞ്ചും ഫ്രീയത്രേ! നെക്ലസ് റോഡിൽ ഹുസൈൻ സാഗറിന്റെ ഭംഗിയും കണ്ടിരിക്കുന്നതിന് ഒരുത്തനും ഒരു പൈസായും കൊടുക്കേണ്ട. ആ ദുർഗന്ധം അല്പം സഹിച്ചാൽ മതി.
മനസ്സിലിരിപ്പ് പുറത്ത് കാണിക്കാതെ പെണ്ണുങ്ങളോട് കാര്യം പറഞ്ഞു. ആളൊന്നുക്ക് 600 രൂപയ്ക്ക് അകത്ത് കയറണോ?
“വേണ്ട.” ഹൊ.സമാധാനമായി. “നിങ്ങക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട. വേഗം സ്ഥലം കാലിയാക്കാം.”

തിരോന്തരം കാരിയെ വിളിച്ച് കാര്യങ്ങളറിയിച്ചു. നൂറു രൂപ ടിക്കറ്റായിരുന്നത്രേ പണ്ട്. ഫുഡ് വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? സ്വിമ്മിങ്ങ് പൂൾ വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? തുടങ്ങി കുറേ ഉപദേശങ്ങളും.
“ഛേ, വല്ല്യ വല്ല്യ ആൾക്കാർ വരുന്ന സ്ഥലത്ത് ഇത്തരം വിലപേശൽ ശരിയാണോ? അതിന്റെയൊന്നും കാര്യമില്ല.” ഞാൻ ഡീസന്റായി.

പുറത്തേക്കിറങ്ങിയപ്പോൾ ഇടത്തേവശത്തുള്ള മാഞ്ചുവട്ടിൽ ഒരാൾക്കൂട്ടം. എന്താ സംഗതി? വല്ല കിലുക്കിക്കുത്തുമാണോ? ഒന്നു നോക്കിക്കളയാം. അങ്ങോട്ടേക്ക് നീങ്ങി. മാങ്ങാക്കച്ചവടമാണ്. മാമ്പഴം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. കിലോയ്ക്ക് 15 രൂപ മാത്രം. എന്റെ കണ്ണുപുറത്തേയ്ക്ക് തള്ളിവന്നു. ജൂബിലി ഹിത്സിലെ സൂപ്പർ മാർക്കറ്റിൽ രാവിലെ കണ്ട 68 രൂപ 90 പൈസയുടെ അതേ മാങ്ങ! ഏതായാലും ഒരുവഴിയായി. കിടക്കട്ടെ കുറച്ചു മാമ്പഴം കൂടി. നാലുപേർക്ക് നാലു കിലോ മാങ്ങ വാങ്ങി.ഒറ്റക്കച്ചവടത്തിൽ ലാഭം 200രൂപയ്ക്ക് മുകളിൽ! പോരുന്ന വഴിക്കൊക്കെ മാന്തോട്ടങ്ങൾ ഒത്തിരിയുണ്ട്. അതിന്റെ മുന്നിലെല്ലാം സ്റ്റാളുകളുമുണ്ടായിരുന്നു. ഇത്രയും ലാഭമുള്ള പരിപാടിയാണന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് കുറേ മാങ്ങയുമായേ തിരിച്ചുപോക്കുള്ളു എന്നുറപ്പിച്ചു. തിരികെ വണ്ടി കിടക്കുന്ന സപ്പോട്ട മരത്തിന്റെ താഴെ എത്തിയപ്പോൾ അറിയാതൊന്ന് മുകളിലേയ്ക്ക് നോക്കിപ്പോയി. നല്ല വിളഞ്ഞ് പഴുത്ത് കിടക്കുന്ന സപ്പോട്ടകൾ! ചുറ്റുമൊന്ന് നോക്കി. സെക്യൂരിക്കാർ എങ്ങുമില്ല. ഏതായാലും ഒരുവഴിക്ക് വന്നതല്ലേ, ഒരോർമ്മയ്ക്കായി രണ്ട് മൂന്ന് സപ്പോട്ടകൾ പറിച്ച് സഞ്ചിയിലാക്കി സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മൊത്തം വണ്ടിയിലായത് പതിമൂന്നര കിലോ മാങ്ങ. സുഹൃത്ത് കണക്ക് കൂട്ടി. ഹൈദ്രാബാദ് കമ്പോളവിലയുമായ് നോക്കുമ്പോൾ മൊത്തം ലാഭം 500 രൂപ കഴിയും!
“പെട്രോളില്ലാതെ വണ്ടി ഓടിയിരുന്നേൽ ലാഭം ഇനിയും കൂടുമായിരുന്നു.” സുഹൃത്തിന്റെ ഭാര്യപറഞ്ഞത് ആഷ കേട്ടില്ലന്ന് തോന്നുന്നു. മാങ്ങാക്കച്ചവടക്കാരൻ ചേട്ടനെ മാഞ്ചുവട്ടിൽ നിർത്തി പോസുചെയ്യിച്ചെടുത്ത പടങ്ങളൊന്നും ശരിയായില്ലാന്നായിരുന്നു അവളുടെ പരാതി. ലൈറ്റിങ്ങ് ശരിയല്ലത്രേ!
“അടുത്ത വെക്കേഷനാവട്ടെ.” സുഹൃത്ത് ഭാര്യയുടെ അടുത്ത അവധിക്കായി ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങി.
ഞാനപ്പോൾ എന്റെ നഷ്ടമാകുന്ന സെർവർ സ്വപ്നവും കണ്ടുകൊണ്ട് കിടക്കുകയായിരുന്നു.

Read more...

വെളിച്ചപ്പാട്

Sunday, March 1, 2009

അത്ഭുതം!
അത്ഭുതം സംഭവിച്ചത് കൈമൾക്കാണ്. കൈമൾ പറമ്പിൽ കിളച്ചുകൊണ്ട് നിന്നപ്പോഴാണ് അത്ഭുതം സംഭവിച്ചത്. കൈമൾ എന്തിനാണ് പറമ്പിൽ കിളയ്ക്കാൻ പോയത് എന്ന് ചോദിക്കരുത്. അതിനുത്തരമില്ല.കൈമൾക്ക് കിളക്കേണ്ടതിന്റെയും വിതയ്ക്കേണ്ടതിന്റേയും ആവശ്യമില്ല.മോഷണം നടത്തി ജീവിച്ചിരുന്നവൻ എന്തിന് ശരീരം അനങ്ങി പണിയെടുക്കണം!!
‘മോഷണവും ഒരു തൊഴിലല്ലേ? അതിനും ശരീരാദ്ധ്വാനം ആവശ്യമില്ലേ? സർവ്വോപരി ഇത്രയും ഏടാകൂടം പിടിച്ച പണി വേറെയുണ്ടോ?’ എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. ഉണ്ടായിക്കോട്ടെ. പക്ഷേ അവരെല്ലാം കൈമൾക്ക് കൂട്ട് നിൽക്കുന്നവരാണന്നേ പറയാൻ പറ്റുള്ളു. കള്ളന് കൂട്ടുനിൽക്കുന്നവർ! കൈമൾ കള്ളനാണന്ന് എല്ലാവർക്കും അറിയാം. കൈമൾ എങ്ങനെ കള്ളനായി എന്നാർക്കുമറിയില്ല. എന്തായാലും ജനിച്ചപ്പോഴേ കള്ളനല്ലായിരുന്നു എന്നത് സുനിശ്ചിതം! കാരണം. കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്നുള്ളത് തന്നെ. എന്തുകൊണ്ട് കൈമൾക്ക് കള്ളനാകേണ്ടതിന്റെ ആവശ്യമില്ലായിരുന്നു എന്ന് ചോദിച്ചാൽ കൈമൾ നല്ലൊരു കുടും‌ബത്തിലെ അംഗമായിരുന്നതിനാലാണ് എന്ന് ഉത്തരം. നല്ല കുടും‌ബത്തിലെ അംഗത്തിന് കള്ളനാകാൻ പാടില്ലേ എന്ന് ചോദിച്ചാൽ പിന്നേം കുഴങ്ങും. എന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്? എന്തിനാ ആവശ്യമില്ലാത്ത ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിച്ച് സമയം പാഴാക്കുന്നത്? കൈമൾ കള്ളനാണ്. ഒരുതരം. രണ്ടുതരം.മൂന്നുതരം. കള്ളനെ കൈയോടെ പിടിച്ചിട്ടുള്ളതുമാണ്. കള്ളനെ എങ്ങനെ പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു കഥയാണ്. കള്ളനെ ആരു പിടിച്ചു എന്ന് ചോദിച്ചാൽ അതൊരു രസകരമായ സംഗതിയാണ്.

കള്ളന്റെ ശല്യം സഹിക്കാതെ നാട്ടുകാർ നെട്ടോട്ടമോടുന്ന കാലം! കള്ളൻ എന്തും മോഷ്ടിക്കും. ഇന്നതേ മോഷ്ടിക്കൂ എന്നുള്ള വലിയഭാവമൊന്നും കള്ളനില്ല. കൈയിൽ കിട്ടുന്ന എന്തും കള്ളൻ മോഷ്ടിക്കും. സോപ്പ്,ചീപ്പ്, കണ്ണാടി,കലം,വട്ടി,ചട്ടി തുടങ്ങി അടിവസ്ത്രങ്ങൾ വരെ കള്ളൻ മോഷ്ടിക്കും. കള്ളൻ എവിടുന്നാണ്...എപ്പോഴാണ്...എന്താണ് മോഷ്ടിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. ഓരോരുത്തരും അവരവരുടെ ബുദ്ധിയ്ക്ക് അനുസൃതമായ രീതിയിൽ ഓരോരോ കുരുക്കുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു കള്ളനെ പിടിക്കാൻ. പക്ഷേ കുരുത്തംകെട്ട കള്ളനെ മാത്രം കിട്ടിയില്ല.

പനമ്പ് കുത്തിമറച്ച വീടിന്റെ ഓലകൊണ്ടുള്ള വാതിലിലാണ് കള്ളനെ പിടിക്കാൻ അമ്മ പദ്ധതി ആസൂത്രണം ചെയ്തത്. തികച്ചും ബുദ്ധിപരമായ ഒരു രീതി എന്നാണ് അമ്മ അതിനെ വിശേഷിപ്പിച്ചത്! പോഷത്തരം എന്ന് അച്ഛനും! വാതില് കയറിട്ട് കെട്ടാതെ അമ്മ അതിന്റെ പുറകിൽ ഉലക്ക ചാരി വെച്ചു. ഉലക്കയ്ക്ക് പുറകിൽ അലൂമിനിയവും ചെമ്പ് കലങ്ങളും നിരത്തി വെച്ചു. സംഗതി വളരെ എളുപ്പം! കള്ളൻ വരുന്നു. കതകിൽ പിടിക്കുന്നു. ഉലക്ക മറിയുന്നു. പാത്രങ്ങളുടെ പുറത്ത് വീഴുന്നു. ശബ്ദം കേട്ട് അമ്മയും അച്ഛനും എണീക്കുന്നു. കള്ളനെ പിടിക്കുന്നു. അങ്ങനെ നാട്ടുകാരുടെ അഭിമാനപാത്രമായി അമ്മ മാറുന്നു. അമ്മയുടെ ചിന്ത ഇങ്ങനെയൊക്കെ ആയപ്പോൾ അച്ഛൻ പറഞ്ഞത് കള്ളന് പണി എളുപ്പമായെന്നാണ്! ഇനി പാത്രങ്ങൾക്ക് വേണ്ടി തെരഞ്ഞ് നടക്കേണ്ടല്ലോ!!!!! നെരത്തിവെച്ചിരിക്കുകയല്ലേ എല്ലാം. പക്ഷേ അമ്മയുടെ കെണിയിൽ വീഴാൻ കള്ളൻ വന്നില്ല. അതിനർത്ഥം കള്ളൻ പണി നിർത്തി എന്നല്ല. കള്ളൻ മറ്റു വീടുകളിൽ കയറിക്കൊണ്ടിരുന്നു. ഓരോ ദിവസവും പുലരുന്നത് പുത്തൻ മോഷണവിശേഷങ്ങളുമായിട്ടായിരുന്നു.

കള്ളനെ പിടിക്കാൻ ഉരല് പൊക്കി ജിമ്മടിക്കുന്ന പുക്കരന്റെ നേതൃത്വത്തിൽ സേന രൂപം കൊണ്ടു. അവർ രാത്രികാലങ്ങളിൽ നാടിന്റെ പല ഭാഗങ്ങളിലായി റോന്തുചുറ്റിക്കൊണ്ടിരുന്നു. പുക്കരന് കൂടുതൽ കരുത്ത് നൽകാൻ ദിവസവും രാവിലെ അമ്മ മുളപ്പിച്ച കടല നൽകിപ്പോന്നു.പക്ഷേ കടല തീർന്നതല്ലാതെ കള്ളൻ മാത്രം വലയിൽ വീണില്ല.“കള്ളനെ പിടിക്കാനെന്ന പേരിൽ പുളിഞ്ചോട്ടിലിരുന്ന് ചീട്ട് കളിക്കയല്ലേ അവന്മാരുടെ പണി. കള്ളനെ എങ്ങനെ കിട്ടാനാ?” അമ്മ മാഞ്ചുവട്ടിലിരുന്ന് പറയുന്നത് കേട്ടു.

കള്ളനെ പിടിക്കാൻ അമ്മയെ പോലെ ബുദ്ധിമതികൾ പലപല പദ്ധതികളും ആവിഷ്ക്കരിച്ചുപോന്നു. പുക്കരനെ പോലെയുള്ള കരുത്തന്മാർ അതിന് പിൻ‌ബലവും നൽകി. പക്ഷേ കള്ളൻ അതിലൊന്നും വീണില്ല. കള്ളൻ വീണത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.

രാത്രിയിൽ നിർത്താതെയുള്ള കുര കേട്ടാണ് കുറുപ്പുണർന്നത്. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു. കുറുപ്പും നോക്കി മുകളിലോട്ട്. മുകളിലൊരനക്കം! കള്ളൻ...കള്ളൻ തെങ്ങിൽ... തേങ്ങയിടാൻ കള്ളൻ തെങ്ങിൽ കയറിയതാണന്നും അല്ല പട്ടി ഓടിച്ച് തെങ്ങിൽ കയറ്റിയതാണന്നും രണ്ടഭിപ്രായമുണ്ടായി. തെങ്ങിൻ ചോട്ടിൽ കിടന്ന തേങ്ങകൾ കള്ളൻ പിരിച്ചിട്ടതാണന്നും അല്ല പട്ടിയിൽ നിന്നും രക്ഷനേടാൻ പിരിച്ചെറിഞ്ഞതാണന്നും അഭിപ്രായമുണ്ടായി. എന്താണ് സംഭവിച്ചെതെന്നത് പട്ടിയ്ക്കും കള്ളനും ഇടയിലുള്ള രഹസ്യമായി നിന്നു.

നേരം പുലരുന്നത് വരെ കള്ളനെ തെങ്ങിൽ തന്നെ കെട്ടിയിട്ടു. നേരം പുലർന്ന് കഴിഞ്ഞ് കള്ളനെ ചെരുപ്പ് മാലയിട്ട് ആദരിച്ച് നാട് ചുറ്റിച്ചു. പാട്ട കൊട്ടി നല്ലൊരു ജനക്കൂട്ടം കള്ളനൊപ്പം കൂടി. അന്ന് കുറുപ്പിന്റെ ചായക്കടയിൽ പതിവിൽ കൂടുതൽ ആളുകളുണ്ടായിരുന്നു.കുറുപ്പ് വളരെ സന്തുഷ്ടനായി. റെക്കോഡ് കച്ചവടമാണ് നടന്നത്. പക്ഷേ കുറുപ്പിന്റെ സന്തോഷം അധിക ദിവസം നിന്നില്ല. എന്തുകൊണ്ടെന്നാൽ കള്ളൻ പിടിക്കപ്പെട്ടതിൽ പിന്നെ പുതിയ പുതിയ വിശേഷങ്ങളൊന്നും തന്നെയില്ലാതെയാണ് നാടുണർന്നിരുന്നത്. വിശേഷങ്ങളില്ലാതെ വന്നപ്പോൾ കൊച്ചുവർത്തമാനം പറയാൻ ചായക്കടയിൽ ആള് കുറഞ്ഞു. ചായക്കച്ചവടവും കുറഞ്ഞു. കുറുപ്പിന് പട്ടി പാരവെച്ചെന്ന് ചിലരൊക്കെ പറഞ്ഞു.

കൈമളെ കുറിച്ച് കുറേ നാളത്തേയ്ക്ക് പിന്നൊരറിവുമില്ലായിരുന്നു. കൈമളെ വീട്ടുകാർ ദൂരെ എവിടെയോ മാറ്റി നിർത്തിയെന്നും അല്ല സ്വഭാവ ശുദ്ധീകരണത്തിനായി ഏതോ സന്യാസി മഠത്തിലാക്കിയെന്നുമൊക്കെയുള്ള കഥകളുണ്ടായി. കൈമൾ നന്നാവുമോ? ചായക്കടയിലെ ചർച്ച പിന്നെ അതായി. “കൈമൾ നന്നായാലും ഇല്ലേലും നാട്ടുകാരെ നന്നാകാൻ അനുവദിച്ചാൽ മതിയാരുന്നു.” കുറുപ്പിനതായിരുന്നു വേവലാതി.
“തന്റെ കടേ കേറിയാ കള്ളന് എന്ത് കിട്ടാനാ? കൊറേ പൊട്ട ഗ്ലാസ്സും,നൂലുപാകിയ ബോണ്ടയുമല്ലാതെ!” നാണപ്പനാശാന്റെ കളിയാക്കൽകേട്ട് കുറുപ്പിന് ശരിക്കും അരിശം വന്നു. പക്ഷേ ഒന്നും പറഞ്ഞില്ല. കൈമൾ പിടിയിലായതിൽ പിന്നെ കച്ചവടം ഒന്ന് ശരിയായി വരുന്നതേയുള്ളു. കസ്റ്റമേഴ്സിനെ പിണക്കുന്നത് ശരിയല്ലല്ലോ. മറുപടി ഒരു ചിരിയിലൊതുക്കി.

കൈമൾ തിരികെ നാട്ടിലെത്തിയ വിവരം അത്ഭുതം സംഭവിച്ച അന്നാണ് നാട്ടുകാരറിയുന്നത്. ചുരുക്കത്തിൽ രണ്ടത്ഭുതങ്ങൾ ഒരേസമയം നടന്നു എന്ന് പറയണം. ഒന്നാമത്തേത്, കൈമൾ തിരിച്ചെത്തിയെന്നതും; രണ്ടാമത്തേത് കൈമളുടെ കണ്ടെത്തലുമാണ്. കൈമളുടെ കണ്ടെത്തൽ നടന്നത് തൂമ്പായെടുത്ത് പറമ്പിൽ കിളച്ചപ്പോഴാണുണ്ടായത്. ചേമ്പിന് തടമെടുത്തുകൊണ്ടിരുന്ന കൈമളുടെ തൂമ്പ എന്തിലോ തട്ടി! തട്ടിയ സാധനത്തിൽ കൈമളൊന്നുകൂടി ആഞ്ഞ് വെട്ടി. എന്താണ് സംഭവിച്ചെതെന്നറിയാൻ കൈമളവിടെ കുഴിച്ച് നോക്കി. അത്ഭുതം! വെട്ടേറ്റിരിക്കുന്നത് ഒരു വിഗ്രഹത്തിലാണ്! കരിങ്കൽ വിഗ്രഹത്തിൽ! വാർത്ത നാട്ടിൽ പടരാൻ അധിക നേരം വേണ്ടിവന്നില്ല. വെട്ടേറ്റഭാഗത്ത് നിന്ന് ചോരചീറ്റി എന്നാണ് കൈമള് പറഞ്ഞത്. വിഗ്രഹത്തെ എടുത്ത് കൈമൾ കരിക്കിൻ വെള്ളത്തിൽ കഴുകി. കല്ലിൽ നിന്നുവന്ന ചോരതുടച്ച തുണി കൈമൾ നാട്ടുകാരെ കാണിച്ചു.
കള്ളന്റെ പുതിയ പണിയാണിതെന്ന് ഒരുകൂട്ടം ആൾക്കാർ! ചോര കൈമളുടേതാരിക്കുമെന്ന് നാണപ്പനാശാൻ.

കളി ദൈവകാര്യത്തിൽ വേണ്ട എന്ന് അമ്മയും വിലാസിനിചിറ്റയും, മീനാക്ഷി അമ്മായിയും അടങ്ങുന്ന ഭക്തകൾ!

“ദൈവത്തിന്റെ ഓരോരോ ലീലാവിലാസങ്ങളേ...കള്ളന്റെ മുന്നിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുക എന്നുപറഞ്ഞാൽ...” മീനാക്ഷി അമ്മായി വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിന്നു.
“ദൈവത്തിന് പ്രീയപ്പെട്ടവരാരാണ് എന്ന് നിശ്ചയിക്കുന്നത് നമ്മളാണോ? അതെല്ലാം അങ്ങേരങ്ങ് തീരുമാനിക്കും. നമ്മളങ്ങ് അനുസരിച്ചാ മതി.” വിലാസിനി ചിറ്റ വിഗ്രഹത്തിന് മുന്നിൽ ചന്ദനത്തിരി കത്തിച്ചുവെച്ചു.

ആരൊക്കെയോ ജോത്സ്യൻ വാസുവിനെ കൊണ്ടുവന്നു. ജോത്സ്യർ കവടി നിരത്തി.ദൈവസാന്നിദ്ധ്യം പ്രശ്നത്തിൽ തെളിഞ്ഞു വന്നു. വിഗ്രഹത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടത്രേ! നിത്യപൂജ കർശനമായുണ്ടാകണം.

“എന്റെ കാൽച്ചോട്ടിലമ്മേ...അടിയനോട് പൊറുക്കണേ...” വിഗ്രഹത്തിന് മുന്നിൽ കൈമൾ സാഷ്ടാംഗം വീണു. കാൽച്ചുവട്ടിൽ കിടന്നിട്ടുകൂടി അറിയാതെ പോയതിനാൽ കൈമൾ ‘കാൽച്ചോട്ടിലമ്മ’ എന്ന പേരല്ലാതെ എന്തു വിളിക്കാൻ. അപ്പുക്കുട്ടന് ആ പേര് നന്നേ ഇഷ്ടപ്പെട്ടു.
‘കള്ളന്റെ കാൽച്ചോട്ടിലമ്മ’ എന്ന് പറഞ്ഞതിന് അമ്മ കിഴുക്ക് കൊടുത്തു.
“നേരത്തേ ഒളിഞ്ഞുള്ള മോഷണം, ഇപ്പം തെളിഞ്ഞുള്ള മോഷണം” എന്ന് അച്ഛൻ പറഞ്ഞതിന് ദൈവദോഷം പറയരുതെന്ന് അമ്മ പറഞ്ഞു.

കാൽച്ചോട്ടിലമ്മയുടെ സാന്നിദ്ധ്യമുണ്ടായതിൽ പിന്നെ കൈമളങ്ങ് മാറിപ്പോയെന്ന് ചായക്കടയിൽ വർത്തമാനം! കള്ളൻ കൈമൾ നന്നാകാൻ ദൈവം ഒരു വഴി കാണിച്ചുകൊടുത്തതാണന്ന് കേശുവമ്മാവൻ പറഞ്ഞു.


“നോക്കിക്കോ ഇതിന്റെ പേരിൽ കൈമളൊരു കളി തൊടങ്ങും. അവനാളാരാ മോൻ!” കുഞ്ഞൻ സഖാവിന് സംശയം ഇനി ദൈവത്തിന്റെ പേരിൽ കൈമളെങ്ങാനും പിരിവ് തുടങ്ങുമോന്നാണ്.
“ കൈമള് പിരിവിനെറങ്ങിയാലും അതീ പാർട്ടിക്കാരുടെ ആഴ്ചയ്‌ക്കേഴ് ബക്കറ്റ് പിരിവിനേലും നല്ലതായിരിക്കും. ചുമ്മാതല്ല ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ പൊളിഞ്ഞത്. ദൈവവിശ്വാസമില്ലാത്തതുകൊണ്ടാ...” വിലാസിനി ചിറ്റയ്ക്ക് ഇത്രയ്ക്ക് അറിവൊക്കെ എവിടുന്ന് കിട്ടിയെന്നാണ് അപ്പുക്കുട്ടനറിയേണ്ടിയിരുന്നത്.
“പിള്ളേർക്ക് അറിയേണ്ടാത്ത കാര്യമില്ല, പോയി പത്തക്ഷരം പഠിക്കാൻ നോക്ക്” അമ്മ വിലാസിനി ചിറ്റയിൽ നിന്നും കൂടുതൽ ലോകകാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമത്തിലാണന്ന് തോന്നുന്നു.


കാൽച്ചോട്ടിലമ്മയുടെ കാൽ തൊട്ടുതൊഴുതാൽ ഫലസിദ്ധി ഉറപ്പ്!. അനുഭവസ്ഥരുടെ എണ്ണം കൂടിക്കൂടി വന്നു. കുഞ്ഞാണ്ടിയുടെ ഒരു വർഷമായിട്ടും മാറാത്ത ചൊറിച്ചിൽ ഒരു പ്രാവശ്യം കാൽച്ചോട്ടിലമ്മയുടെ കാൽതൊട്ട് തൊഴുതതോടെ മാറി!
“ദൈവത്തിന്റടുക്കൽ പോകാനായിട്ടെങ്കിലും അവനൊന്ന് കുളിച്ചല്ലോ; ചൊറിച്ചിൽ മാറാതിരിക്കുമോ?“ അത് പറഞ്ഞതിന് നാണപ്പനാശാനെ അവിശ്വാസി എന്നു വിളിച്ചു അമ്മ.
മീനാക്ഷി അമ്മായിക്കും ഉണ്ടായി ദൈവകടാക്ഷം. അമ്മായിടെ തലേടെ വലത് വശത്തുണ്ടായിരുന്ന നരച്ചമുടി കറുത്ത് തുടങ്ങിയത്രേ. ബ്ലേഡ് വേലായുധന് ലോട്ടറിയടിച്ചു. പൊട്ടൻ മണിക്ക് ഇപ്പോ കുറേശ്ശെ കാതുകേൾക്കാൻ പറ്റുന്നു എന്ന് പറഞ്ഞത് അമ്മയാണ്. കഴിഞ്ഞ ദിവസം ‘എടാ’ എന്ന് വിളിച്ചപ്പോൾ മണി തിരിഞ്ഞ് നോക്കി. അമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. “പൊട്ടനേം കാതുകേൾപ്പിക്കുന്ന കാൽച്ചോട്ടിലമ്മേ ഞങ്ങടെ ഈ ഓലപ്പെര മാറ്റി രണ്ട് മുറീം അടുക്കളേമായിട്ട് ഒരു ഓടിട്ടപെര തരണേ..” അമ്മേടെ പ്രാർത്ഥനയും കാൽച്ചോട്ടിലമ്മ കേട്ടു. അടുത്താഴ്ച വില്ലാജാഫീന്ന് ആറായിരം രൂപേടെ ലോൺ കിട്ടി. അത്ഭുതങ്ങളിലൂടെ അനുഭവസ്ഥരുടെ എണ്ണം ദിനം തോറും കൂടിക്കൂടിവന്നു. കാൽച്ചോട്ടിലമ്മയോടൊപ്പം പണിക്കരും ആരാധ്യനായി.

കാൽച്ചോട്ടിലമ്മയ്ക്ക് ഒരു അമ്പലം പണിയണം. ആവശ്യം വിശ്വാസികളുടേതായപ്പോൾ കൈമൾ മുന്നിട്ടിറങ്ങി. ചൈതന്യാ പ്രസ്സിൽ നല്ല മഞ്ഞ നിറത്തിലെ രസീത്കുറ്റി തയ്യാറായി. കുഞ്ഞൻ സഖാവ് പറഞ്ഞത് ശരിയാവുകയാണോ? ഒരു വ്യത്യാസമുണ്ടായി. കൈമൾ നാട്ടുമ്പുറത്ത് പിരിവിനിറങ്ങിയില്ല. രസീത് കുറ്റിയുമായി പട്ടണത്തിലോട്ടിറങ്ങി. “അതിപ്പോ ഏതായാലും നന്നായി. ആരേയും കണക്ക് ബോധിപ്പിക്കേണ്ടല്ലോ.” ചായക്കടേലെ വർത്തമാനം അങ്ങനെയായി.
“എന്ത് കാണിച്ചാലും കുറ്റം പറയാൻ കൊറേ ആൾക്കാരുണ്ട്.” അടുക്കളേല് ദോശ മറിച്ചിടുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടു.

പ്രശസ്തി വർദ്ധിച്ചതോടെ കാൽച്ചോട്ടിലമ്മയ്ക്ക് പിരിവും കൂടി. ചൈതന്യയിൽ രസീതുകുറ്റികൾ വീണ്ടും അച്ചടിക്കപ്പെട്ടു. കാൽച്ചോട്ടിലമ്മയ്ക്ക് മേൽക്കൂര ഉണ്ടായി. മേൽക്കൂരയുടെ മുകളിൽ ടൗണിലെ ഒരു സ്വർണ്ണക്കടയുടെ പേരെഴുതിവെച്ചു. പോൺസറുടെ പേരാണന്ന് മീനാക്ഷി അമ്മായി പറഞ്ഞു. പിരിവിന്റെ കൂടെ പണിക്കർ തന്നെ പൂജയും തുടങ്ങി. കാൽച്ചോട്ടിലമ്മയ്ക്ക് നിത്യപൂജയുണ്ടായി. നിത്യപൂജയുണ്ടായപ്പോൾ കാണിക്കവരവും കൂടി.

അമ്പലത്തിലേയ്ക്ക് പുതിയൊരു മൈക്ക് സെറ്റ് വാങ്ങി. കൈമൾ ശാന്തിയുടെ ശബ്ദം മൈക്കിലൂടെ കേൾക്കാത്ത നാളില്ലാതായി.അമ്പലത്തിൽ ഉത്സവം നടത്തിക്കാൻ ഭക്തർ ഉത്സാഹിക്കണമെന്ന് ശാന്തികൾ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. “ശരിയാണല്ലോ ശാന്തി പറയുന്നത്. അമ്പലമാകുമ്പോ ഉത്സവം വേണ്ടേ.” ചായക്കടയിൽ ചർച്ച തുടങ്ങി.
“ആനേ കൊണ്ടു വരണം.” കുറുപ്പ് ഭയങ്കര ആനക്കമ്പക്കാരനാണ്. എവിടെ ആനയുണ്ടോ അവിടെ കുറുപ്പുമുണ്ടാകും.
“ദാനപ്പന്റെ മേളവും വേണം.” കേശുവമ്മാവൻ മേളപ്രീയനാണ്.
“ഇതൊക്കെ ഇങ്ങനെ ചായക്കടേലിരുന്ന് തീരുമാനിക്കാനുള്ളതാണോ? ഉത്സവക്കമ്മിറ്റി ഉണ്ടാക്കണം.” ഭദ്രൻ ചേട്ടന്റെ അഭിപ്രായത്തിന് ഭൂരിപക്ഷമുണ്ടായി.

പ്രസിഡന്റായി പ്രബലനായ ഒരാൾ വേണമെന്ന് അഭിപ്രായമുണ്ടായപ്പോൾ, ഭദ്രൻ ചേട്ടൻ പ്രസിഡന്റാകാൻ തയ്യാറായി.
ഭദ്രൻ ചേട്ടൻ തയ്യാറായാൽ പോരല്ലോ. നാട്ടുകാർ സമ്മതിക്കേണ്ടേ?
“കള്ളന്റെ കൂടെ പെണ്ണുകേസിലെ പ്രതിയെക്കൂടി അമ്പലത്തീക്കേറ്റിയാ നല്ല കളിയാകും.” കുഞ്ഞൻ സഖാവിന് കുസുമൻ മൊതലാളിയെ പ്രസിഡന്റാക്കുന്നതിലായിരുന്നു താല്‍പ്പര്യം.
‘കമ്മൂണിസ്റ്റുകാരെല്ലാം ഇപ്പം ബൂർഷാമൊതലാളിമാരുടെ കൂടാണന്ന് മാവോ തങ്കപ്പൻ ആരോപിച്ചു. അവസാനം കുഞ്ഞൻ സഖാവ് തന്നെ ജയിച്ചു. കുസുമൻ മൊതലാളി പ്രസിഡന്റായി. കുസുമൻ മൊതലാളിയ്ക്ക് കൂട്ടായി പല പ്രമുഖരും കമ്മറ്റി അംഗങ്ങളായി.


***** ****** *****



കൊടുവാളും ചുവന്ന തലേക്കെട്ടും കിലുകിലെ കിലുങ്ങണ മണി അരയിലും കാലിലും! വെളുത്ത് കൊലുന്നനെയുള്ള കൈമൾ ശാന്തി ചുമപ്പിൽ മുങ്ങിയപ്പോൾ കാണാൻ നല്ല ഭംഗി. അപ്പുക്കുട്ടന് വെളിച്ചപ്പാടിനെ നന്നായി ഇഷ്ടപ്പെട്ടു.വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ലത്രേ! ഓട്ടമാണ് ഓട്ടം. അഥവാ നിൽക്കണമെന്ന് തോന്നിയാൽ തുള്ളിക്കൊണ്ട് നിൽക്കാം. വെള്ളം കുടിക്കുമ്പോഴും തലവെട്ടിച്ചോണ്ടെ വെള്ളം കുടിക്കാവൂ. വെളിച്ചപ്പാട്‌ വെള്ളമോ ആഹാരമോ കഴിക്കരുത്‌. കരിക്കിൻ വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ല. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ സോഡയും കുടിക്കാം.സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുതെന്നേ ഉള്ളൂ എന്ന് അമ്മായി പറഞ്ഞു. വെളിച്ചപ്പാട് വരുന്ന ശബ്ദം ഒരുപാട് ദൂരെ നിന്നു തന്നെ മനസ്സിലാക്കാം. ഛിൽ..ഛിൽ..ഛിൽ... മണിയുടെ നാദം അപ്പുക്കുട്ടൻ അനുകരിക്കാൻ ശ്രമിച്ചു.
അമ്മ ചെവിക്ക് പിടിച്ചു. “ദൈവദോഷമുണ്ടാ‍വും.” വെളിച്ചപ്പാടിനെ കളിയാക്കാൻ പടില്ല. വെളിച്ചപ്പാടിന്റെ പുറകെ വെടി വാസു ഉണ്ട്. ചാക്കുമായി.രണ്ട് ചാക്കുകളുണ്ട്. ഒന്ന് അരിയ്ക്കുള്ളത്. രണ്ടാമത്തേത് നെല്ലിനുള്ളത്. പണമിടാനുള്ള പാത്രം വെളിച്ചപ്പാടിന്റെ ഇടതു കൈയിലുണ്ട്. അതിന്റെ വായും ചുവന്ന തുണി കൊണ്ട് കെട്ടിയിട്ടുണ്ട്. തുണിയുടെ നടുക്കായി പൈസ ഇടാനുള്ള ഒരു കിഴുത്തയുമുണ്ട്. അമ്മ ഒരു രൂപ തുട്ട് അപ്പുക്കുട്ടന്റെ കൈയിൽ കൊടുത്തു. കാ‍ൽച്ചോട്ടിലമ്മയെ ധ്യാനിച്ചോണ്ട് പൈസ അതിലിടണം. ദുർവിചാരങ്ങളൊന്നുമുണ്ടാവരുത്. വെളിച്ചപ്പാട് നിന്ന് തുള്ളുന്നു.കൈയിലെ പാത്രവും ഒപ്പം തുള്ളുന്നു. കൊടുവാളും തുള്ളുന്നു. അരമണി ഛിൽ..ഛിൽ നാദമുണ്ടാക്കുന്നു. വെടി വാസുവിന്റെ ചാക്കിലേയ്ക്ക് അമ്മ അരി നാഴിയിൽ അളന്നിട്ടു. വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളി കുറുപ്പിന്റെ വീട്ടിലേയ്ക്ക് ഓടി. വീട്ടിലെ ദോഷങ്ങളെല്ലാം മാറിപ്പോയെന്ന് അമ്മ പറഞ്ഞു. അച്ഛൻ ചിരിച്ചു.

വെളിച്ചപ്പാടിന് നിൽക്കാൻ പറ്റില്ല.ഓടിക്കൊണ്ടേയിരിക്കണം. അല്ലെങ്കിൽ തുള്ളിക്കൊണ്ടേയിരിക്കണം. അപ്പുക്കുട്ടനും പുറകേ ഓടി. വെടി വാസു എടുത്താൽ പൊങ്ങാത്ത ചാക്കുകൾ രണ്ട് തോളിലുമിട്ട് വെളിച്ചപ്പാടിനൊപ്പമെത്താൻ ശ്രമം നടത്തുന്നുണ്ട്.

അപ്പുക്കുട്ടന് വെളിച്ചപ്പാടിനൊപ്പമെത്താൻ കഴിയുന്നില്ല. ഓട്ടത്തിന് ഇത്രയും വേഗമോ? ഓരോ നിമിഷവും വെളിച്ചപ്പാടിന്റെ വേഗം കൂടിക്കൂടി പോകുന്നതായി തോന്നി. പക്ഷേ അത് തോന്നലായിരുന്നില്ല. കുറുപ്പിന്റെ പട്ടിയെ കാണുന്നത് വരേയ്ക്കും! കുറുപ്പിന്റെ പട്ടി! അവനെവിടെ നിന്നു വന്നു എന്നറിയില്ല.

വെളിച്ചപ്പാടിന്റെ ഛിൽ..ഛിൽ... നാദമിപ്പോൾ കേൾക്കാനില്ല. പട്ടിയുടെ കുര മാത്രം!
അപ്പുക്കുട്ടൻ കുറുപ്പിന്റെ വീട്ടിലെത്തി. എവിടെ വെളിച്ചപ്പാട്? വെടി വാസു ഇനിയും വരാനിരിക്കുന്നതേയുള്ളു. വാതുക്കലെ തെങ്ങിൻ ചോട്ടിൽ മുകളിലോട്ട് നോക്കിയിരുന്ന് പട്ടി കുരയ്ക്കുന്നു!

കുറുപ്പും ഭാര്യയും ഒച്ചകേട്ട് പുറത്തിറങ്ങി. “വിവരം കെട്ട പട്ടി. ആളും തരവും മനസ്സിലാക്കാൻ പറ്റുകേലന്ന് വെച്ചാൽ...”കുറുപ്പ് പട്ടിയെ അടിച്ചോടിച്ചു.
വെളിച്ചപ്പാട് നെഞ്ചുരച്ചുകൊണ്ട് തെങ്ങിൽനിന്ന് ഊർന്നിറങ്ങി. ആദ്യമായിട്ടാണ് ഒരാള് തളപ്പില്ലാതെ തെങ്ങിൽ നിന്നിറങ്ങുന്നത് അപ്പുക്കുട്ടൻ കാണുന്നത്. കുറുപ്പ് തോളത്തിട്ടിരുന്ന തോർത്തുമുണ്ടെടുത്ത് അരയ്ക്ക് കെട്ടി.

“ക്ഷമിക്കണേ ശാന്തികളേ...പട്ടിയുടെ വിവരക്കേടന്നല്ലാതെ എന്തുപറയാൻ... ഭഗവാനേ കാത്തുകൊള്ളണേ...” കിണ്ടിയിലെ വെള്ളമെടുത്ത് കുറുപ്പ് വെളിച്ചപ്പാടിന്റെ കാലുകഴുകി. താഴെ വീണുകിടന്നിരുന്ന അരമണിയും കൊടുവാളും അപ്പുക്കുട്ടൻ എടുത്തുകൊടുത്തു. അപ്പോൾ അവന്റെ മുന്നിൽ ഒരു ചിത്രം തെളിഞ്ഞുവന്നു. അതിലൊരു ഉലക്കയുണ്ടായിരുന്നു. കതകിനുപുറകിൽ കുത്തിച്ചാരിവെച്ചിരിക്കുന്ന ഉലക്ക. ഉലക്കയ്ക്ക് പിന്നിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ. ഉലക്കമറിയുന്ന ശബ്ദവും പ്രതീക്ഷിച്ച് കിടക്കുന്ന അമ്മ.

Read more...

വാർഡകരിയും പിന്നെ ബാർലിയും

Sunday, January 25, 2009

തെക്കത്തമ്മയ്ക്ക് സുഖമില്ല എന്ന വിവരമറിഞ്ഞാണ് അപ്പുക്കുട്ടൻ അച്ഛന്റെയും അമ്മയുടേയും കൂടെ തെക്കുവീട്ടിലെത്തിയത്. ആലപ്പുഴയിൽ നിന്നും ബസ്സിൽ റോഡുമുക്കിലെത്തിയാൽ തെക്കുവീട്ടിലെത്തിച്ചേരാൻ രണ്ട് വഴികളുണ്ട്. പാടത്തിന്റെ വരമ്പിലൂടെ നടന്നു വീട്ടിലെത്തിച്ചേരാം. അല്ലങ്കിൽ പമ്പയിലൂടെ വള്ളത്തിൽ. എങ്ങനെ പോയാലും ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും വീടെത്തുവാൻ!
തെക്കത്തമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ ആരും വള്ളവുമായി കടവിലില്ലായിരുന്നു. നടപ്പുതന്നെ ശരണം! വെറും നടപ്പാണങ്കിൽ സാരമില്ലായിരുന്നു. പത്ത് പതിനെട്ട് പാലം കയറണം! അതും ഒറ്റത്തടി പാലങ്ങൾ. ചെറുതും വലുതുമായ തോടുകൾക്ക് കുറുകേയാണ് പാലങ്ങൾ! തെങ്ങിൻ‌തടിപാലങ്ങൾ! ഇത്രേം വലിപ്പമുള്ള തെങ്ങുകളെവിടുന്നു കിട്ടുന്നു എന്ന് അപ്പുക്കുട്ടന് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്.

കൊയ്ത്തിന് തയ്യാറായി നിൽക്കുന്ന നെല്‍പ്പാടത്തിന് നടുവിലൂടെയുള്ള നടത്തം അപ്പുക്കുട്ടന് എന്നും ആവേശമായിരുന്നു. പമ്പയിലെ കാറ്റിലാടി നെൽച്ചെടികൾ അപ്പുക്കുട്ടന്റെ ശരീരത്തിൽ മുട്ടും. പുതുനെല്ലിന്റെ മണം അപ്പുക്കുട്ടന് കൂടുതൽ ഉന്മേഷം നൽകും. സ്വർണ്ണനിറമണിഞ്ഞ് നോക്കെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരങ്ങളും,നെല്ല് തിന്നാനെത്തുന്ന തത്തകളും, മാടത്തകളും, ഇടയ്ക്കിടയ്ക് പൊങ്ങിമറയുന്ന പലവർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളും എന്നും അപ്പുക്കുട്ടന് ഹരമായിരുന്നു. പാടശേഖരങ്ങളുടെ ഭംഗിയുമാസ്വദിച്ച്,പാലത്തിന്മേൽ സർക്കസും കാണിച്ച് തെക്കുവീടെത്തിയാൽ പിന്നെ അപ്പുക്കുട്ടന് വിശ്രമമില്ല. പ്രദീപനെ തേടിപ്പിടിക്കലാണ് ആദ്യപണി. അവനെ കണ്ടുകിട്ടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏതെങ്കിലും പാടത്തിന് നടുവിലോ തെക്കേത്തോട്ടിൽ നീന്തിക്കുളിക്കുന്നവരുടെ കൂട്ടത്തിലോ, കുരുത്തോല വലിച്ച് കരിമീൻ പിടിക്കുന്നവരുടെ കൂടെയോ ചിലപ്പോൾ അവനെ കണ്ടെന്നിരിക്കാം. അല്ലെങ്കിൽ ചൂണ്ടയുമായി ഏതെങ്കിലും കൈതപ്പൊന്തകൾക്കരികിൽ കാണാം. എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും? തെക്കുവീടിന്റെ മൂന്നുവശവും വയലുകളാണ്. നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വയലുകൾ! വയലുകളുടെ അങ്ങേത്തലയ്ക്കലെ വീടുകൾ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നും.! ഓരോരോ പാടങ്ങൾക്കും പേരുകളുണ്ട്. മനുഷ്യർക്കുള്ളതുപോലെ! പശുക്കൾക്കുള്ളതുപോലെ! പാടങ്ങൾക്ക് പേരുള്ളത് നല്ലതാണ്. അല്ലങ്കിൽ അപ്പുക്കുട്ടൻ എങ്ങോട്ടാണ് പോകുന്നതെന്ന് എങ്ങനെ അമ്മയോട് പറയും?
തെക്കുവീടിന്റെ നേരെ വാതുക്കലെ പാടമാണ് വാർഡകരിപ്പാടം. വലതുവശത്ത് വലിയതോട് കടന്നുകഴിഞ്ഞാൽ കരീത്രപാടം. പുറകിലൊരു ചെറിയപാടമാണ്. അതു കഴിഞ്ഞാൽ പമ്പയാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് കരുതി നിൽകുമ്പോഴാണ് അമ്മയുടെ പ്രഖ്യാപനം.” അപ്പുക്കുട്ടാ, എങ്ങോട്ടും പോകരുത്. തെക്കത്തമ്മയ്ക്ക് സുഖമില്ലാണ്ടിരിക്കുവാ.“

അസുഖമായാൽ മരുന്ന് വാങ്ങണം. അല്ലാണ്ട് അപ്പുക്കുട്ടന് വിലക്ക് നൽകിയാൽ അസുഖം മാറുമോ? ആരോടും പറഞ്ഞിട്ട് കാര്യമില്ല. വെറുതേ എന്തിനാ തൊടേലെ തൊലി കളയണത്. വാതുക്കലെ കടവിൽ തല മിന്തിച്ച് കളിക്കുന്ന പള്ളത്തിമീനുകളോട് അപ്പുക്കുട്ടൻ കിന്നാരം തുടങ്ങി.
“അപ്പുക്കുട്ടാ...”
ദേ പിന്നേം വിളി. എങ്ങും പോവാനും സമ്മതിക്കില്ല. സ്വസ്ഥമായിട്ട് ഇരിക്കാനും സമ്മതിക്കില്ല്ലാന്ന് വെച്ചാൽ...
“എടാ, നീ ആ കുട്ടപ്പായീടെ പീടികേന്ന് കൊറച്ച് ബാർലി വാങ്ങി വാ. തെക്കത്തമ്മയ്ക്ക് വെള്ളം തിളപ്പിച്ച് കൊടുക്കാനാ.
അപ്പുക്കുട്ടന് അമ്മ പറഞ്ഞത് മുഴുവനും കേൾക്കാൻ കഴിഞ്ഞില്ല. പരലുകളും,പള്ളത്തികളുമായി സൊള്ളിക്കൊണ്ടിരിക്കുമ്പോൾ എന്തുകേൾക്കാൻ...എന്തു മനസ്സിലാക്കാൻ....
“എന്തോന്നാ പറഞ്ഞേ?”
“ഈ കൊച്ചന്റെ കാര്യം! ഒരു കാര്യം നൂറു തവണ പറയണം. എടാ ബാർലി വാങ്ങീട്ട് വരാൻ.”

“എന്തോന്നാടി അമ്മ പറഞ്ഞേ?” കണ്ണിമാങ്ങ ഉപ്പും കൂട്ടി കടിച്ചുകൊണ്ടിരുന്ന സേതുവിനോട് അപ്പുക്കുട്ടൻ ചോദിച്ചു.
“അതേ ചേട്ടൻ വാർഡകരീ പൊയ്ക്കോളാനാ അമ്മ പറയണത്.”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്‍പ്പിച്ചതും പാല്!

അപ്പുക്കുട്ടൻ കടവിലെ കല്‍പ്പടവിൽ നിന്നും ഇരുന്ന ഇരുപ്പിൽ മുകളിലോട്ട് ചാടി. പള്ളത്തികളും, പരലുകളും തല വെള്ളത്തിനടിയിലാക്കി.
നീളത്തിൽ വാഴനാര് കീറിയെടുത്ത് അപ്പുക്കുട്ടൻ അരയ്ക്ക് ചുറ്റിയിട്ടു. വണ്ടി സ്റ്റാർട്ട് ചെയ്തു.
“അയ്യോ, പോകല്ലേ...ഞാനുമുണ്ടേ...” സേതു ഓടി വന്ന് വണ്ടീടെ പുറകിൽ കയറി.
ഗിയറിട്ട് പിന്നെ ഒറ്റക്കുതിപ്പായിരുന്നു.
“ഞാൻ നല്ലവണ്ണം പിടിച്ചതുപോലുമില്ല.അതിനുമുന്നേ...” സേതുവിന് പറഞ്ഞ് തീർക്കാൻ പറ്റിയില്ല. അവൾ മുന്നോട്ടൊന്നാഞ്ഞു.
വണ്ടി പാഞ്ഞുകൊണ്ടിരുന്നു. വാർഡകരി പാടത്തിന്റെ വരമ്പിലൂടെ...ഒറ്റക്കാലിലിരുന്ന കൊക്കുകൾ പറന്ന് പൊങ്ങി. സേതു കിലുകിലെ ചിരിച്ചു. മാടത്തകളും തത്തകളും ഇടയ്ക്കിടയ്ക്ക് പറന്നുപൊങ്ങുന്നുണ്ടായിരുന്നു. പക്ഷേ എങ്ങും പ്രദീപനെ മാത്രം കണ്ടില്ല. വണ്ടി നിർത്താതെ വാർഡകരി പാടത്തിന് മൂന്നു വലം വെച്ചു.
“ഇനി വീട്ടീ പോകാം. ദാഹിക്കുണു.” സേതുവിന് ദാഹം മാ‍ത്രേ ഉള്ളു. അപ്പുക്കുട്ടന്റെ വയറ് കത്തുകയാണ്.
വാതുക്കലെ നാടൻ മാവിനെ വലം ചുറ്റി സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. അല്ലെങ്കിൽ അമ്മയെ ഇടിച്ചിട്ടേനേ.

“എവിടെടാ ബാർലി?മണിക്കൂറ് രണ്ടായല്ലോ പോയിട്ട്”

“ബാർലിയോ? വാർഡകരീപ്പൊയ്ക്കോളാൻ പറഞ്ഞിട്ട്...” അപ്പുക്കുട്ടൻ തലചൊറിഞ്ഞു.
“അതേ ഈ ചേട്ടൻ വാർഡകരീല് കറങ്ങീട്ട് വരികയാ അമ്മേ.” സേതു കണ്ണിമാങ്ങ കൂട്ടിക്കടിക്കാൻ ഉപ്പിനായി അടുക്കളേലേക്കോടി.
“നിന്നെ ഇന്നു ഞാൻ...” അമ്മ ഈർക്കിലെടുത്തു.
എവിടെക്കിട്ടാൻ!! അപ്പുക്കുട്ടനപ്പോൾ വണ്ടിയുമുപേക്ഷിച്ച് ഓടിക്കഴിഞ്ഞിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP