Followers

ചായ

Monday, June 29, 2009

“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ്‌ വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...
കട്ടളയ്ക്ക് പിന്നിൽ ഒളിച്ചുനിന്നിരുന്ന അപ്പുക്കുട്ടനെ ചിറ്റപ്പൻ തടിയൻ സാറിന് പരിചയപ്പെടുത്തി. “ഇത് ചേട്ടന്റെ മോനാ, അപ്പുക്കുട്ടൻ.” തടിയൻ സാർ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. ഏതോ ലോകമഹാത്ഭുതത്തെ കണ്ടതുപോലെ... “എടാ ചെറുക്കാ, നീ വല്ലതുമൊക്കെ കഴിക്കണം.കേട്ടോ. അല്ലങ്കിലിങ്ങനെ ഈർക്കിലായിട്ട് തന്നെയിരിക്കും”. ചിറ്റപ്പൻ ചിരിച്ചു.
“എങ്കിലേ, ഞാനൊരു സൂത്രം കാണിക്കാം.സാറിനു കാണിക്കാമോ?” അപ്പുക്കുട്ടന്റെ സൂത്രം കാണാനായി കുടവയറൻ സാർ തന്റെ വയറൊക്കെയൊന്ന് കുലുക്കി കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. “ആ..കാണീര്..”
അപ്പുക്കുട്ടൻ കാലിന്റെ തള്ള വിരലെടുത്ത് മൂക്കിൽ മുട്ടിച്ചു. “കാണിച്ചേ...ഇതുപോലൊന്ന് കാണിച്ചേ..” കുടവയറൻ സാർ ചിരിച്ചുകൊണ്ടിരുന്നു. “ആള് മിടുക്കനാണല്ലോ. സ്ഥാനത്തിട്ട് തന്നെ കൊട്ടി.”


“അപ്പുക്കുട്ടാ, നീയാ കിണറ്റീന്ന് ഒരു ബക്കറ്റ് വെള്ളമിങ്ങ് കോരിയേ.” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. അപ്പുക്കുട്ടൻ അടുക്കളയിലേയ്ക്കോടി.അമ്മ നിന്നു കിതയ്ക്കുന്നു. കൈയിലൊരു പൊതിയും ഗ്ലാസുമുണ്ട്. കടയിൽ പോയിട്ടു വന്നതാണന്നു തോന്നുന്നു. ചുമ്മാതല്ല ചായയുണ്ടാക്കാൻ ഇത്രയും താമസം!
“ചേടത്തീ, ചായ റെഡിയായില്ലേ? സാറ് പോകാനൊരുങ്ങുന്നു.” വാതുക്കൽ നിന്നും വിളി.
“ദാ. വരുന്നു.” നിമിഷങ്ങൾക്കകം ചായ വാതുക്കലെത്തി.
“ജോലി കഴിഞ്ഞ് വരുമ്പോ സാറിനൊരാഗ്രഹം നമ്മുടെ വീടൊന്ന് കാണണമെന്ന്.”
“അത് ശരിയാ ഒരുമിച്ച് ജോലി ചെയ്യുന്നവരാകുമ്പോ വീടൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ.”
കുടവയറൻ സാറ് യാത്ര പറഞ്ഞിറങ്ങി. ചിറ്റപ്പൻ ചിറ്റപ്പന്റെ വീട്ടിലേയ്ക്കും പോയി.


“എന്താ അമ്മേ ചിറ്റപ്പൻ ആ സാറിനെ പടിഞ്ഞാറ് വീട്ടിൽ കൊണ്ടുപോകാഞ്ഞേ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകിയില്ല. “നീ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്. ചിറ്റപ്പനെ പോലെ നല്ല ജോലി കിട്ടണമെന്നുണ്ടങ്കിൽ..”
“അതേ ഞാമ്പറയാം. ചിറ്റപ്പന്റെ വീടേ ഓലകെട്ടിയതാ, തറയുമില്ല. ചാണകോം മെഴുകീട്ടില്ല. ഇന്നാള് ഞാനിരുന്നപ്പോ എന്റെ നിക്കറിന്റകത്ത് വരെ മണ്ണ് കേറിയല്ലോ. ആ മണ്ണീ നെറയേ ചെള്ളുമുണ്ടാരുന്നു.” സേതുവാണ്.

“പെണ്ണിനറിയാമ്പാടില്ലാത്ത കാര്യമില്ല.അവനേ നിന്നെയൊക്കെ പോലെ ഭാഗ്യം ചെയ്തവനല്ല. നിനക്കൊക്കെ ലോണെടുത്ത് കെട്ടിയതാണേലും ഇഷ്ടിക കെട്ടിയ വീടുണ്ടല്ലോ. അവൻ പഠിച്ച് ജോലീം കിട്ടി,ഇനി വീടും കെട്ടും നോക്കിക്കോ.” അമ്മയ്ക് സേതുവിന്റെ വർത്തമാനം ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.

അത്താഴം കഴിക്കാനിരുന്നപ്പോൾ സേതു വള്ളിപുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ അച്ഛനോട് പറയുന്നുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ സംതൃപ്തിയിൽ അവൾ പഴയൊരു കൈലിമുണ്ടെടുത്ത് പുതച്ചുകൊണ്ട് പായയിൽ തേരട്ടയെ പോലെ ചുരുണ്ടുകൂടി.
ആഹാരമെല്ലാം കഴിച്ച് കഴിഞ്ഞ് കട്ടിലിലിൽ വന്നിരുന്ന അച്ഛനോട് അമ്മ പറയുന്നത് കേട്ടു. “പിന്നേ, അനിയനോട് പറയണം വലിയവലിയ ആൾക്കാരുമായി വീട്ടിൽ വന്ന് കഴിഞ്ഞ് ‘ചായയെടുത്തോ ചേടത്തീ’ എന്ന് പറയുന്നതിന് മുന്നേ ഉള്ളിൽ വന്ന് ഇവിടെ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്...ഒരുനുള്ള് തേയിലപോലുമില്ലാരുന്നിവിടെ...കടക്കാരൻ രവി കടം കൂടി തന്നില്ലാരുന്നേൽ എന്തുചെയ്തേനെ...നാണം കെട്ടുപോയേനേ...അല്പനേരമാണങ്കീ കൂടി മനുഷേനങ്ങ് ആധി പിടിച്ചുപോയി.”

“ഒരുപക്ഷേ അവൻ വിചാരിച്ചുകാണുമെടീ, പടിഞ്ഞാറ് അവന്റെ വീട്ടിൽ ചെല്ലുന്നതിനേക്കാൾ നല്ലത് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ നാണക്കേട് തന്നെയായിരിക്കും നല്ലതെന്ന്.”

“ഇപ്പക്കേട്ട. ഞാമ്പറഞ്ഞതാ കാര്യം.” സേതുവിന്റെ തല പുതപ്പിനിടയിൽ കൂടി പുറത്തേയ്ക്കുവന്നു.

Read more...

സുഹൃത്തിന്റെ വെക്കേഷനും എന്റെ സെർവറും.

Monday, June 1, 2009

സെർവർ സെർവർ എന്ന് കേട്ടിട്ടുണ്ടങ്കിലും ആ സംഭവം ഒന്ന് നേരിൽ കാണാനിതുവരെ കഴിഞ്ഞിട്ടില്ല. വളരെ നാളുകളായി മനസ്സിലിട്ട് ഓമനിച്ചിരിക്കുന്ന സെർവർ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോകുന്നു എന്ന ഞടുക്കുന്ന സത്യം അറിഞ്ഞത് കുറച്ചുവർഷങ്ങൾക്ക് മുൻ‌പാണ്. കുറച്ചുവർഷങ്ങൾ എന്ന് പറഞ്ഞാൽ അധികനാളൊന്നുമായിട്ടില്ല. ഒരു രണ്ട് വർഷം. കൂടിപ്പോയാൽ മൂന്ന് വർഷം.
വർഷങ്ങൾക്ക് മുൻപുള്ള ആ സുദിനത്തിലാണ് കുറച്ച് ബ്ലോഗ് പുലികൾ എന്റെ വീട്ടിൽ ഒത്തുകൂടിയത്. നാട്,വീട്,കാട്,ബ്ലോഗ് തുടങ്ങി ഒരു നൂറുകൂട്ടം കാര്യം ചർച്ച ചെയ്ത് കൊണ്ടിരുന്നതിനിടയ്ക്കാണ് ആരോ ഒരാൾ എന്റെ മോഹ സഫല്യത്തിനുതകുന്ന വിഷയമെടുത്തിട്ടത്. അതേ സെർവർ എന്ന മഹാത്ഭുതം! പോൾ ചേട്ടന്റെ വീട്ടിൽ സെർവറിൽ തട്ടാതെ നടക്കാൻ പറ്റില്ലത്രേ! പോരേ പൂരം. രോഗി ഇച്ഛിച്ചതും ബ്ലോഗർ കല്പിച്ചതും സെർവർ.
എത്രയും പെട്ടെന്ന് തന്നെ പോൾ ചേട്ടന്റെ വീട്ടിലേയ്ക്ക് പോകണം. സെർവർ കാണണം. ഉറച്ച തീരുമാനമെടുത്തു. പാറ പോലെ ഉറച്ച തീരുമാ‍നം. പക്ഷേ തീരുമാനം ജൂബിലി ഹിത്സിലെ പാറപോലെ ഉറച്ചുതന്നെ നിന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും എനിക്ക് പോൾ ചേട്ടന്റെ വീട്ടിൽ പോകാൻ പറ്റിയില്ല.ചക്കി അടുക്കുമ്പോൾ ചങ്കരൻ അടുക്കില്ല എന്നതുപോലെയായി കാര്യങ്ങൾ!

കാലം മനുഷ്യന്റെ ആഗ്രഹങ്ങളെ മറവിയുടെ കയങ്ങളിലേയ്ക്ക് തള്ളിയിടും. എന്റെ സെർവർ സ്വപ്നവും എവിടെയൊക്കെയോ മുങ്ങിപ്പോയി. എന്റെ മുങ്ങിയ സ്വപ്നവും പൊക്കിയെടുത്തുകൊണ്ടായിരുന്നു രണ്ടാഴ്ച മുൻ‌പ് ജയേഷ് എത്തിയത്. നമ്മുടെ ബ്ലോഗർ ജയേഷ്. അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരത്തിന്റെ ഒരു കോപ്പി തന്നു. മായക്കടൽ. മനോഹരമായൊരു പുസ്തകം. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്ന രചനകൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പുസ്തകം.

ജയേഷിന്റെ കൂടെ പോൾ ചേട്ടനും എത്താമെന്നേറ്റിരുന്നതാണ്. സമയമേറെ ആയിട്ടും കാണാനില്ല. എന്തുപറ്റി? വിളിച്ചുനോക്കി. പ്രശ്നമുണ്ട്. ഇന്നിനി വരാൻ പറ്റില്ല. സെർവർ പണിമുടക്കിയത്രേ!
എത്രയോ കാലമായി മറന്നുകിടന്നിരുന്ന സംഭവം! സെർവർ എന്ന മഹാത്ഭുതം! ദാ വീണ്ടും എന്റെ തലയ്ക്കകത്തേയ്ക്ക് ഇരച്ചുകയറുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം?
“സാരമില്ല പോള് ചേട്ടാ. അടുത്ത ഞായറാഴ്ച ഞാനങ്ങോട്ട് വന്നേക്കാം.” സെർവർ കാണണമെന്ന ആഗ്രഹം മാത്രം പുറത്ത് കാണിച്ചില്ല. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സെർവർ അറിയാത്തൊരു ബുദ്ദൂസ് ജീവിച്ചിരിക്കുന്നു എന്ന് നാലാളറിഞ്ഞാൽ നാണക്കേടല്ലേ? അതുകൊണ്ട് ഞാൻ മിണ്ടിയില്ല. തികച്ചും സൗഹൃദപരമായ ഒരു സന്ദർശനം. അതു മാത്രമേ ഉള്ളൂ എന്റെ സന്ദർശന ലക്ഷ്യം!

ശനിയാഴ്ച ആയപ്പോഴേയ്ക്കും എനിക്കൊരു ഫോൺ കാൾ വന്നു. എന്റെയൊരു സുഹൃത്തിന്റേതാണ്.
“ടേ, നാളെ എന്തെങ്കിലൊമൊക്കെ പരിപാടി ഒപ്പിച്ചോളൂ. എന്റെ പെണ്ണുമ്പിള്ള വന്നിട്ടുണ്ട്. നമ്മുക്ക് ഒരു ഫാമിലി ടൂറങ്ങ് സംഘടിപ്പിച്ചേക്കാം.പോകേണ്ട സ്ഥലമൊക്കെ തീരുമാനിച്ചിട്ട് എന്നെ വിളിച്ച് പറഞ്ഞാൽ മതി.” സുഹൃത്തിന്റെ സംസാരം കേട്ടിട്ട് ഞാൻ ഹൈദ്രാബാദിന്റെ ഭൂമിശാസ്ത്രം അരച്ചുകലക്കികുടിച്ചവനാണന്ന് എനിക്ക് പോലും തോന്നിപ്പോയി. (പാവം സുഹൃത്ത്! പണ്ട് ഞാൻ ആഷയെ ചാർമിനാർ കാണിക്കാൻ കൊണ്ടുപോയ കഥ ഇദ്ദേഹത്തോട് പറഞ്ഞിട്ടില്ലന്ന് തോന്നുന്നു.)

നാട്ടിൽ പഠിക്കാൻ പോയ ഭാര്യ വെക്കേഷന് വന്നതിന്റെ സന്തോഷമാണ് സുഹൃത്തിന്! നമ്മളായിട്ട് അത് നശിപ്പിക്കാൻ പാടുണ്ടോ? ഇല്ല. ഒരിക്കലുമില്ല.
കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെയുള്ളപ്പോൾ സ്ഥലം കണ്ടുപിടിക്കാനാണോ പ്രയാസം. ഓഷൻ പാർക്കിൽ പോകാമെന്ന് തീരുമാനിച്ചു. സെർവർ മോഹം മടക്കി നാലാക്കി മനസ്സിന്റെ കോണിൽ ഒതുക്കി വെച്ചു.വിദഗ്ദാഭിപ്രായത്തിന് ഫ്ലിക്കറിലെ ആഷയുടെ ഒരു കൂട്ടുകാരിയെ വിളിച്ചു ചോദിച്ചു.
“ഛേ... നിങ്ങളെന്ത് മണ്ടത്തരമാണീക്കാണിക്കുന്നത്? ആരെങ്കിലും ഇപ്പോ ഓഷൻ പാർക്കിൽ പോകുമോ? വേനൽക്കാലത്ത് ഭയങ്കര തെരക്കായിരിക്കും അവിടെ. വെള്ളം കാണാതെ കെടക്കുന്ന ഹൈദ്രാബാദീസെല്ലാം അവിടെ കാണും. കന്ന് കയം കാണുന്നത് പോലെയാ ഇവിടുത്തുകാർ. വെള്ളമെല്ലാം കലക്കിമറിച്ചിട്ടുണ്ടാവും. പ്രഗതി റിസോർട്ടാവും നിങ്ങക്ക് പറ്റിയ സ്ഥലമെന്ന് എനിക്ക് തോന്നുന്നു.”

“പ്രഗതി റിസോർട്ടാ? അവിടെന്താ ഉള്ളത്?”

“ഇവിടുന്ന് 10-45 കി.മീ. ഉണ്ട്. നല്ല പുൽത്തകിടി ഉണ്ട്. സ്വസ്ഥമായി ഇരുന്ന് സംസാരിക്കാവുന്ന പകൃതി രമണീയമായ അന്തരീക്ഷം.സിറ്റിയിൽ നിന്നെല്ലാം അകന്ന് ശുദ്ധവായു ശ്വസിക്കാം.”
പുൽത്തകിടിയിലിരിക്കാനാണങ്കിൽ നെക്ലസ് റോഡിലോട്ട് പോയാൽ പോരേ എന്നൊരു സംശയമുണ്ടായിരുന്നു.
പക്ഷേ തിരോന്തരം കാരിയുടെ വാക്കിനെ മുഖതാവിലെടുത്തോണ്ട് പ്രഗതി റിസോർട്ടിലോട്ട് വണ്ടി തിരിക്കാൻ മറ്റൊരു കാര്യം കൂടിയുണ്ട്.
തുണിക്കടയിൽ കേറി സാരിവാങ്ങാനെത്തുന്ന പെണ്ണുങ്ങളോട് സെയിത്സ്മാന്മാർ കാണിക്കുന്ന അതേ ടെക്നിക്ക് തിരോന്തരംകാരിയും കാണിച്ചിരുന്നു.അടുക്കി അടുക്കി വച്ചിരിക്കുന്ന സാരികൾ മൊത്തമെടുത്തിട്ടാലും ഇഷ്ടപ്പെടാതിരിക്കുന്ന കസ്റ്റമറിന്റെ വീണ്ടും വീണ്ടുമുള്ള ആവശ്യത്തിനൊടുവിൽ സെയിത്സ്മാൻ പറഞ്ഞുകളയും. “മാഡം അതൊന്നും നിങ്ങക്ക് താങ്ങാൻ പറ്റുന്ന വിലയുടേതല്ല. വല്ല്യ വെലയാ.”
പിന്നെ സാരി എപ്പോൾ സഞ്ചിയിലായെന്ന് ചോദിച്ചാൽ മതി.

തിരോന്തരംകാരിയും ഏകദേശം അതേപോലെ തന്നെ പറഞ്ഞുകളഞ്ഞു.
“എനിക്ക് തോന്നുന്നത് നിങ്ങൾക്ക് പോകാൻ പറ്റുന്ന ബെസ്റ്റ് സ്ഥലം അതാണന്നാ... സിറ്റിയിലെ നല്ല നല്ല ആൾക്കാർ വരുന്ന സ്ഥലമാ.”
‘തിരോന്തരംകാരീ കീ ജയ്’. നമ്മളേയും... ഹൊ ..എനിക്ക് വയ്യ.
പോട്ടെ വണ്ടി പ്രഗതി റിസോർട്ടിലേയ്ക്ക്...

പ്രശാന്ത സുന്ദരമായ ആ ഭൂമികയും തേടി സുഹൃത്തിന്റെ വണ്ടി പാഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മനോഹാരിത പച്ചപ്പിന് വഴിമാറി. കുട്ടനാട്ടിലെ പാടങ്ങളുടെ നടുക്കുകൂടെ കിടക്കുന്ന നെടുനീളൻ റോഡുപോലെ...ഒറ്റമനുഷ്യ ജീവിയെ കാണാനില്ല വഴിയിൽ. ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം റിസോർട്ടുകാർ വഴിനീളെ ബോർഡുകൾ വെച്ചിട്ടുണ്ട്. ഓരോ ബോർഡുകളും കിലോമീറ്ററുകളുടെ എണ്ണം കുറച്ചു കുറച്ച് അവസാനം വണ്ടിനിന്നു. ഈ കാട്ടുപ്രദേശത്തും ഭീകരന്മാർ വരുമോ എന്നൊരു സംശയം തോന്നി സെക്യൂരിറ്റി പരിശോധന കണ്ടപ്പോൾ. “വണ്ടി കാണാതെ ഒരു വണ്ടി കണ്ടപ്പോഴുള്ള സന്തോഷമായിരിക്കും ഇവന്മാർക്ക്.” സുഹൃത്തിന്റെ നിഗമനം തെറ്റിപ്പോയെന്ന് അകത്തോട്ട് കേറിയപ്പോൾ മനസ്സിലായി. നൂറുകണക്കിന് വണ്ടികൾ! സമാധാനമായി. ഇവിടേയും മനുഷ്യവാസമുണ്ട്. മാവും,സപ്പോട്ടയും,പേരയുമൊക്കെയുള്ള ഒരു വലിയ പാർക്കിങ്ങ് ഏരിയ. വണ്ടി ഒരു സപ്പോട്ട മരത്തിന്റെ താഴെ പാർക്ക് ചെയ്തു.

തിരോന്തരംകാരിയെ മനസ്സാസ്തുതിച്ചുകൊണ്ട് നാൽ‌വർ സംഘം അകത്തേയ്ക്ക് കുതിച്ചു. പെണ്ണുങ്ങൾ രണ്ടുപേരും വാതുക്കലെ ടാങ്കിൽ തത്തിക്കളിക്കുന്ന മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് അവിടെ തന്നെ നിന്നുകളഞ്ഞു. വാതുക്കൽ വളച്ചുകെട്ടിവെച്ചിരിക്കുന്ന മെറ്റൽഡിറ്റക്ടറിന്നടിയിലൂടെ അകത്തോട്ട് കടക്കാൻ ശ്രമിക്കുന്നതിന്നിടെ നല്ല കടും കളർ ഉടുപ്പിട്ട ഒരു ചേട്ടൻ ഓടി വന്നു.
“സാർ ടിക്കറ്റെവിടെ?”
“എന്ത്? ടിക്കറ്റോ? സുഹൃത്ത് എന്നെ നോക്കി.
എല്ലാം ഇപ്പം ശരിയാക്കാം എന്ന മട്ടിൽ ഞാൻ സുഹൃത്തിനേയും നോക്കി.
“ടിക്കറ്റെവിടെ കിട്ടും?” കളറുടുപ്പിട്ട ചേട്ടൻ ഒരു മുറിയിലേയ്ക്ക് കൈ ചൂണ്ടി.
പെണ്ണുങ്ങളപ്പോഴും മീനുകളുടെ ഭംഗിയും കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു.
“നാല് ടിക്കറ്റ്.” സുഹൃത്തിന് സമയം കളയാൻ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പെട്ടെന്നെട്...പെട്ടെന്നെട്... എന്ന മട്ടിലായിരുന്നു പുള്ളിയുടെ നിപ്പ്.
“സാർ പെർ ഹെഡ് ഒൺലി എൻ‌ട്രി ടിക്കറ്റ് 600 രൂപ. എടുക്കട്ടെ.” ഇത് അജണ്ടയിലില്ലാത്ത സംഗതിയാണന്ന മട്ടിൽ സുഹൃത്ത്.
“അല്ല.കുറഞ്ഞ ടിക്കറ്റൊന്നുമില്ലേ?” ഞാൻ
“ഇതെന്താ സാർ സിനിമാ തീയേറ്ററാ?” വരയൻ ഷർട്ടിട്ട റിസപ്ഷനിസ്റ്റ് ആളത്ര ശരിയല്ല. അവനെ കണ്ടപ്പോഴേ എനിക്കൊരു വശപ്പിശക് തോന്നിയതാ. ഞാൻ പുറകോട്ട് മാറി.
“600 രൂപയിൽ ലഞ്ച് ഇൻ‌ക്ലൂഡിങ്ങാണ് സാർ.”
“ലഞ്ച് വേണ്ടങ്കിലോ?” ഞാൻ
“വേണ്ടങ്കിലും 600.” ഇവനേത് ഭൂഖണ്ഡത്തീന്ന് വന്നവനാണന്ന മട്ടിലാ അവന്റൊരു നോട്ടം.
“ഇവനാള് ശരിയല്ല. ഇങ്ങ് പോര്.” ഞാൻ സുഹൃത്തിന്റെ കൈ പിടിച്ചു വലിച്ചു. പുൽത്തകിടിയിൽ പോയിരിക്കാൻ 600 രൂപ! ലഞ്ചും ഫ്രീയത്രേ! നെക്ലസ് റോഡിൽ ഹുസൈൻ സാഗറിന്റെ ഭംഗിയും കണ്ടിരിക്കുന്നതിന് ഒരുത്തനും ഒരു പൈസായും കൊടുക്കേണ്ട. ആ ദുർഗന്ധം അല്പം സഹിച്ചാൽ മതി.
മനസ്സിലിരിപ്പ് പുറത്ത് കാണിക്കാതെ പെണ്ണുങ്ങളോട് കാര്യം പറഞ്ഞു. ആളൊന്നുക്ക് 600 രൂപയ്ക്ക് അകത്ത് കയറണോ?
“വേണ്ട.” ഹൊ.സമാധാനമായി. “നിങ്ങക്ക് വേണ്ടങ്കിൽ ഞങ്ങൾക്കും വേണ്ട. വേഗം സ്ഥലം കാലിയാക്കാം.”

തിരോന്തരം കാരിയെ വിളിച്ച് കാര്യങ്ങളറിയിച്ചു. നൂറു രൂപ ടിക്കറ്റായിരുന്നത്രേ പണ്ട്. ഫുഡ് വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? സ്വിമ്മിങ്ങ് പൂൾ വേണ്ടന്ന് പറഞ്ഞുകൂടായിരുന്നോ? തുടങ്ങി കുറേ ഉപദേശങ്ങളും.
“ഛേ, വല്ല്യ വല്ല്യ ആൾക്കാർ വരുന്ന സ്ഥലത്ത് ഇത്തരം വിലപേശൽ ശരിയാണോ? അതിന്റെയൊന്നും കാര്യമില്ല.” ഞാൻ ഡീസന്റായി.

പുറത്തേക്കിറങ്ങിയപ്പോൾ ഇടത്തേവശത്തുള്ള മാഞ്ചുവട്ടിൽ ഒരാൾക്കൂട്ടം. എന്താ സംഗതി? വല്ല കിലുക്കിക്കുത്തുമാണോ? ഒന്നു നോക്കിക്കളയാം. അങ്ങോട്ടേക്ക് നീങ്ങി. മാങ്ങാക്കച്ചവടമാണ്. മാമ്പഴം കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. കിലോയ്ക്ക് 15 രൂപ മാത്രം. എന്റെ കണ്ണുപുറത്തേയ്ക്ക് തള്ളിവന്നു. ജൂബിലി ഹിത്സിലെ സൂപ്പർ മാർക്കറ്റിൽ രാവിലെ കണ്ട 68 രൂപ 90 പൈസയുടെ അതേ മാങ്ങ! ഏതായാലും ഒരുവഴിയായി. കിടക്കട്ടെ കുറച്ചു മാമ്പഴം കൂടി. നാലുപേർക്ക് നാലു കിലോ മാങ്ങ വാങ്ങി.ഒറ്റക്കച്ചവടത്തിൽ ലാഭം 200രൂപയ്ക്ക് മുകളിൽ! പോരുന്ന വഴിക്കൊക്കെ മാന്തോട്ടങ്ങൾ ഒത്തിരിയുണ്ട്. അതിന്റെ മുന്നിലെല്ലാം സ്റ്റാളുകളുമുണ്ടായിരുന്നു. ഇത്രയും ലാഭമുള്ള പരിപാടിയാണന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് കുറേ മാങ്ങയുമായേ തിരിച്ചുപോക്കുള്ളു എന്നുറപ്പിച്ചു. തിരികെ വണ്ടി കിടക്കുന്ന സപ്പോട്ട മരത്തിന്റെ താഴെ എത്തിയപ്പോൾ അറിയാതൊന്ന് മുകളിലേയ്ക്ക് നോക്കിപ്പോയി. നല്ല വിളഞ്ഞ് പഴുത്ത് കിടക്കുന്ന സപ്പോട്ടകൾ! ചുറ്റുമൊന്ന് നോക്കി. സെക്യൂരിക്കാർ എങ്ങുമില്ല. ഏതായാലും ഒരുവഴിക്ക് വന്നതല്ലേ, ഒരോർമ്മയ്ക്കായി രണ്ട് മൂന്ന് സപ്പോട്ടകൾ പറിച്ച് സഞ്ചിയിലാക്കി സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മൊത്തം വണ്ടിയിലായത് പതിമൂന്നര കിലോ മാങ്ങ. സുഹൃത്ത് കണക്ക് കൂട്ടി. ഹൈദ്രാബാദ് കമ്പോളവിലയുമായ് നോക്കുമ്പോൾ മൊത്തം ലാഭം 500 രൂപ കഴിയും!
“പെട്രോളില്ലാതെ വണ്ടി ഓടിയിരുന്നേൽ ലാഭം ഇനിയും കൂടുമായിരുന്നു.” സുഹൃത്തിന്റെ ഭാര്യപറഞ്ഞത് ആഷ കേട്ടില്ലന്ന് തോന്നുന്നു. മാങ്ങാക്കച്ചവടക്കാരൻ ചേട്ടനെ മാഞ്ചുവട്ടിൽ നിർത്തി പോസുചെയ്യിച്ചെടുത്ത പടങ്ങളൊന്നും ശരിയായില്ലാന്നായിരുന്നു അവളുടെ പരാതി. ലൈറ്റിങ്ങ് ശരിയല്ലത്രേ!
“അടുത്ത വെക്കേഷനാവട്ടെ.” സുഹൃത്ത് ഭാര്യയുടെ അടുത്ത അവധിക്കായി ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങി.
ഞാനപ്പോൾ എന്റെ നഷ്ടമാകുന്ന സെർവർ സ്വപ്നവും കണ്ടുകൊണ്ട് കിടക്കുകയായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP