ചായ
Monday, June 29, 2009
“ചേടത്തീ രണ്ട് ചായയിങ്ങെടുത്തോ...” വാതുക്കൽ വന്നെത്തിനോക്കിയ അമ്മയോടായാണ് ചിറ്റപ്പനത് പറഞ്ഞത്. ചിറ്റപ്പന്റെ കൂടെ ഏതോ ഒരു വലിയ സാറാണ് വന്നിരിക്കുന്നത്. കറുത്ത പാന്റും വെള്ള ഷർട്ടുമിട്ട കുടവയറൻ. ഇരുന്ന് പണിചെയ്യുന്നവർക്കാണ് കുടവയറ് വരുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ബാങ്കിൽ ചിറ്റപ്പന്റെ കൂടെ പണി ചെയ്യുന്ന സാറായിരിക്കാം. ബാങ്കിൽ ഇരുന്നുള്ള പണിയാണല്ലോ. അതായിരിക്കാം കുടവയർ! അച്ഛന് കുടവയറില്ല.അച്ഛന് നിന്നുള്ള പണിയാണ്. കയർ ഫാക്ടറിയിൽ തടുക്ക് നെയ്യുന്നത് നിന്നുകൊണ്ടാണ്. ശരിക്കും ശരീരമനങ്ങണം. ശരീരമനങ്ങി പണിചെയ്താൽ പൊണ്ണത്തടി വരില്ല. ബാങ്കിൽ ഇരുന്നുള്ള പണിയാണ്.ശരീരമനങ്ങില്ല.ശരീരമനങ്ങാതിരുന്നാൽ തടികൂടും. തടികൂടിക്കൂടി വയറ് കുടവയറാകും. കുടവയറന്മാർ നടക്കുന്നത് കാണാൻ അപ്പുക്കുട്ടനിഷ്ടമാണ്. കുടവയറന്മാർ ഇരിക്കുന്നതു കാണാനും അപ്പുക്കുട്ടനിഷ്ടമാണ്. വരാന്തയിലിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് വരിഞ്ഞ കൊട്ടക്കസേരയിലാണ് കുടവയറൻ സാറിരിക്കുന്നത്. കസേരയിൽ വലിയൊരു മത്തങ്ങ വെച്ചിരിക്കുന്നത് പോലെ...
കട്ടളയ്ക്ക് പിന്നിൽ ഒളിച്ചുനിന്നിരുന്ന അപ്പുക്കുട്ടനെ ചിറ്റപ്പൻ തടിയൻ സാറിന് പരിചയപ്പെടുത്തി. “ഇത് ചേട്ടന്റെ മോനാ, അപ്പുക്കുട്ടൻ.” തടിയൻ സാർ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. ഏതോ ലോകമഹാത്ഭുതത്തെ കണ്ടതുപോലെ... “എടാ ചെറുക്കാ, നീ വല്ലതുമൊക്കെ കഴിക്കണം.കേട്ടോ. അല്ലങ്കിലിങ്ങനെ ഈർക്കിലായിട്ട് തന്നെയിരിക്കും”. ചിറ്റപ്പൻ ചിരിച്ചു.
“എങ്കിലേ, ഞാനൊരു സൂത്രം കാണിക്കാം.സാറിനു കാണിക്കാമോ?” അപ്പുക്കുട്ടന്റെ സൂത്രം കാണാനായി കുടവയറൻ സാർ തന്റെ വയറൊക്കെയൊന്ന് കുലുക്കി കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു. “ആ..കാണീര്..”
അപ്പുക്കുട്ടൻ കാലിന്റെ തള്ള വിരലെടുത്ത് മൂക്കിൽ മുട്ടിച്ചു. “കാണിച്ചേ...ഇതുപോലൊന്ന് കാണിച്ചേ..” കുടവയറൻ സാർ ചിരിച്ചുകൊണ്ടിരുന്നു. “ആള് മിടുക്കനാണല്ലോ. സ്ഥാനത്തിട്ട് തന്നെ കൊട്ടി.”
“അപ്പുക്കുട്ടാ, നീയാ കിണറ്റീന്ന് ഒരു ബക്കറ്റ് വെള്ളമിങ്ങ് കോരിയേ.” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. അപ്പുക്കുട്ടൻ അടുക്കളയിലേയ്ക്കോടി.അമ്മ നിന്നു കിതയ്ക്കുന്നു. കൈയിലൊരു പൊതിയും ഗ്ലാസുമുണ്ട്. കടയിൽ പോയിട്ടു വന്നതാണന്നു തോന്നുന്നു. ചുമ്മാതല്ല ചായയുണ്ടാക്കാൻ ഇത്രയും താമസം!
“ചേടത്തീ, ചായ റെഡിയായില്ലേ? സാറ് പോകാനൊരുങ്ങുന്നു.” വാതുക്കൽ നിന്നും വിളി.
“ദാ. വരുന്നു.” നിമിഷങ്ങൾക്കകം ചായ വാതുക്കലെത്തി.
“ജോലി കഴിഞ്ഞ് വരുമ്പോ സാറിനൊരാഗ്രഹം നമ്മുടെ വീടൊന്ന് കാണണമെന്ന്.”
“അത് ശരിയാ ഒരുമിച്ച് ജോലി ചെയ്യുന്നവരാകുമ്പോ വീടൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ.”
കുടവയറൻ സാറ് യാത്ര പറഞ്ഞിറങ്ങി. ചിറ്റപ്പൻ ചിറ്റപ്പന്റെ വീട്ടിലേയ്ക്കും പോയി.
“എന്താ അമ്മേ ചിറ്റപ്പൻ ആ സാറിനെ പടിഞ്ഞാറ് വീട്ടിൽ കൊണ്ടുപോകാഞ്ഞേ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം നൽകിയില്ല. “നീ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക്. ചിറ്റപ്പനെ പോലെ നല്ല ജോലി കിട്ടണമെന്നുണ്ടങ്കിൽ..”
“അതേ ഞാമ്പറയാം. ചിറ്റപ്പന്റെ വീടേ ഓലകെട്ടിയതാ, തറയുമില്ല. ചാണകോം മെഴുകീട്ടില്ല. ഇന്നാള് ഞാനിരുന്നപ്പോ എന്റെ നിക്കറിന്റകത്ത് വരെ മണ്ണ് കേറിയല്ലോ. ആ മണ്ണീ നെറയേ ചെള്ളുമുണ്ടാരുന്നു.” സേതുവാണ്.
“പെണ്ണിനറിയാമ്പാടില്ലാത്ത കാര്യമില്ല.അവനേ നിന്നെയൊക്കെ പോലെ ഭാഗ്യം ചെയ്തവനല്ല. നിനക്കൊക്കെ ലോണെടുത്ത് കെട്ടിയതാണേലും ഇഷ്ടിക കെട്ടിയ വീടുണ്ടല്ലോ. അവൻ പഠിച്ച് ജോലീം കിട്ടി,ഇനി വീടും കെട്ടും നോക്കിക്കോ.” അമ്മയ്ക് സേതുവിന്റെ വർത്തമാനം ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.
അത്താഴം കഴിക്കാനിരുന്നപ്പോൾ സേതു വള്ളിപുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ അച്ഛനോട് പറയുന്നുണ്ടായിരുന്നു. വയറും മനസ്സും നിറഞ്ഞ സംതൃപ്തിയിൽ അവൾ പഴയൊരു കൈലിമുണ്ടെടുത്ത് പുതച്ചുകൊണ്ട് പായയിൽ തേരട്ടയെ പോലെ ചുരുണ്ടുകൂടി.
ആഹാരമെല്ലാം കഴിച്ച് കഴിഞ്ഞ് കട്ടിലിലിൽ വന്നിരുന്ന അച്ഛനോട് അമ്മ പറയുന്നത് കേട്ടു. “പിന്നേ, അനിയനോട് പറയണം വലിയവലിയ ആൾക്കാരുമായി വീട്ടിൽ വന്ന് കഴിഞ്ഞ് ‘ചായയെടുത്തോ ചേടത്തീ’ എന്ന് പറയുന്നതിന് മുന്നേ ഉള്ളിൽ വന്ന് ഇവിടെ വല്ലതുമുണ്ടോയെന്ന് അന്വേഷിക്കണമെന്ന്...ഒരുനുള്ള് തേയിലപോലുമില്ലാരുന്നിവിടെ...കടക്കാരൻ രവി കടം കൂടി തന്നില്ലാരുന്നേൽ എന്തുചെയ്തേനെ...നാണം കെട്ടുപോയേനേ...അല്പനേരമാണങ്കീ കൂടി മനുഷേനങ്ങ് ആധി പിടിച്ചുപോയി.”
“ഒരുപക്ഷേ അവൻ വിചാരിച്ചുകാണുമെടീ, പടിഞ്ഞാറ് അവന്റെ വീട്ടിൽ ചെല്ലുന്നതിനേക്കാൾ നല്ലത് ഇവിടെ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ നാണക്കേട് തന്നെയായിരിക്കും നല്ലതെന്ന്.”
“ഇപ്പക്കേട്ട. ഞാമ്പറഞ്ഞതാ കാര്യം.” സേതുവിന്റെ തല പുതപ്പിനിടയിൽ കൂടി പുറത്തേയ്ക്കുവന്നു.
8 comments:
എന്താ പറയുക സതീശേട്ടാ... ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത അനുഭവങ്ങളല്ലേ...
ചാത്തനേറ്: അപ്പോള്‍ ശരി ഒരു ‘ ക്രൂരമായ ഫലിതം ‘ എന്നൊക്കെ ഈ പോസ്റ്റിനെ തരം തിരിക്കാം അല്ലേ??
പച്ചയായ ജീവിതം കാണിക്കുന്ന പോസ്റ്റ്
വല്ലാത്ത അനുഭവം...നന്ദി...
gud story
അപ്പറഞ്ഞതാ കാര്യം........!!!
പിന്നേ ഈ കൂടവയറന്മാരുടെ ഒരുകാര്യം. വയര്‍ എത്തേണ്ടടെത്തെത്തിയാലും ആളെത്തില്ല.......
ഒക്കെ ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ തന്നെ അല്ലേ ? അപ്പുക്കുട്ടന്റെ പേരില്‍ ബൂലോകത്തേക്കിറക്കി വിടുന്നു നൊമ്പരപ്പെടുത്താന്‍ :(
ശ്രീ,ചാത്തന്,അരീക്കോടന്‍,ശിവ,സൂത്രന്,മോഹനം,നിരക്ഷരന് എല്ലാവര്ക്കും നന്ദി.
Post a Comment