കൊമ്പൻ മീശ
Sunday, August 11, 2019
രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്.
ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.
“പുതിയ ആളാ?”
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.
“ഏതു ബ്ലോക്കിലാ?”
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ്
അങ്ങനെ പറഞ്ഞത്.
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’ ഞാനും കൈനീട്ടി.
പിന്നെ പുരാണമായി....
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”
അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ. ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ
കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”
പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.
“കുറയില്ലേ?”
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല. എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!
ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല.
പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കോടീശ്വരനെ തന്നെ നോക്കി ഞാൻ നിന്നു.
അപ്പോൾ കച്ചവടക്കാരൻ എന്നോട് പറയുകയാണ്, “സാറേ, ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ. അംബാനിയോട് പറ്റില്ലല്ലോ..”