Followers

പെദ്ദമ്മഗുഡിയിലെ യാചകൻ

Thursday, November 13, 2014

അയാളുടെ പേരെന്താണന്ന്‌ ആർക്കും അറിയില്ലായിരുന്നു. ആരും അത്‌ ചോദിച്ചിരുന്നില്ല. പക്ഷേ അയാളെ എല്ലാവർക്കും അറിയാമായിരുന്നു. പെദ്ദമ്മഗുഡിയിലെ മണൽതരികൾക്കുപോലും അയാളുടെ തഴമ്പുപിടിച്ച പാദങ്ങളുടെ സ്പർശം തിരിച്ചറിയാനാകുമായിരുന്നു.
പെദ്ദമ്മഗുഡിയോളമോ, അതിനുമപ്പുറമോ പഴക്കമുള്ള ആൽമരത്തിന്നു ചുവട്ടിൽ അയാൾ താവളമുറപ്പിക്കുമ്പോൾ കരിങ്കൽ തറ ഇന്നത്തെ പോലെ വിണ്ടുപൊട്ടിയിട്ടില്ലായിരുന്നു.
ആൽമരത്തിലെ കിളികൾ അയാളുടെ കൂട്ടുകാരായിരുന്നു.കിളികൾ അയാൾക്കുവേണ്ടി പാട്ടുപാടി. ആ സംഗീതത്തിൽ ലയിച്ച്‌ അയാളുറങ്ങി. ആലിൻകായ പൊഴിയുമ്പോൾ, ആകാശത്തോളം വളർന്ന ശിഖരങ്ങളെ നോക്കി അയാൾ നന്ദി പറയുമായിരുന്നു.
പെദ്ദമ്മഗുഡിയിലെ കുട്ടികൾ, ആലിൻകായ തിന്നുന്ന അയാളെ അനുകരിച്ചു.അവരയാളുടെ കൂടെ കളിച്ചു...ചിരിച്ചു...വഴക്കുപിടിച്ചു...അയാളുടെ ജടപിടിച്ച നീണ്ടമുടിയിൽ പിടിച്ച്‌ വലിച്ചു.
എന്നും നേരം പുലരുമ്പോൾ അയാൾ  ഭാണ്ഡക്കെട്ടുമായി ആൽമരച്ചോട്ടിൽ നിന്നും പെദ്ദമ്മഗുഡിയിലെ തെരുവുകളിലേക്കിറങ്ങും. ഓരോ വഴിയും, ഓരോ വീടും അയാൾക്ക്‌ ആകാശത്തെ ചന്ദ്രനേയും സൂര്യനേയും പോലെ വ്യക്തമായിരുന്നു. കണ്ണടച്ചാലും കാലുകൾ വിചാരിക്കുന്നിടത്തേയ്ക്ക്‌ അയാളെ കൊണ്ടുപോയിരുന്നു.
ആൽമരച്ചോട്ടിൽ നിന്നും, സൂര്യനുദിച്ചുയരുന്ന മലകൾ താണ്ടി, കണ്ണെത്താത്ത വയലേലകൾ കടന്ന്‌ നടവഴികളേയും കുടിലുകളേയുമൊക്കെ പിന്നിലാക്കി കവലയിലെത്തുമ്പോൾ പെദ്ദമ്മഗുഡി തിരക്കിന്റെ ജീവിതത്തിലേയ്ക്ക്‌ എത്തിയിട്ടുണ്ടാവും.
പുകതുപ്പി കുതിച്ചുപായുന്ന വാഹന സമുച്ചയം തിളങ്ങുന്ന ചുവപ്പ്‌ വെളിച്ചത്തിന്റേയും, കൈയാട്ടുന്ന പോലീസുകാരെന്റേയും മുന്നിൽ ആട്ടിൻകൂട്ടത്തെപ്പോലെ നില്ക്കുമ്പോൾ, കൈയും നീട്ടി അയാളിറങ്ങും...
അപ്പോഴും ഭാണ്ഡക്കെട്ട്‌ അയാളുടെ ചുമലിലുണ്ടാകും.
അയാളെ ആരും ശ്രദ്ധിച്ചിരുന്നതായ്‌ തോന്നിയിരുന്നില്ല. അയാളോട്‌ അധികമാരും സംസാരിച്ചിരുന്നില്ല. പക്ഷേ അയാൾ പെദ്ദമ്മഗുഡിയുടെ ഒരു ഭാഗമാണന്ന്‌ മനസ്സിലാക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. അത്‌ അയാളുടെ അസാന്നിദ്ധ്യത്തിലാണ്‌!
അയാളെ കാണാതാവുമ്പോൾ പെദ്ദമ്മഗുഡിയുടെ സന്തതികൾ ചോദ്യം തുടങ്ങും...എവിടെ...?

വർഷങ്ങൾക്ക്‌ മുൻപ്‌ പെദ്ദമ്മഗുഡി റെയിൽവേ സ്റ്റേഷനിൽ  ആദ്യമായ്‌ അയാൾ പ്രത്യക്ഷപ്പെട്ടപ്പോൾ, അവിടെ അതൊരു ചർച്ചയായിരുന്നു. അയാളുടെ അന്നത്തെ രൂപം, ഇന്നത്തേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ജടപിടിച്ച്‌, കാടുകേറിയ നീണ്ടമുടിയും,തോളിലെ ഭാണ്ഡക്കെട്ടും അന്നും ഇന്നും ഒരുപോലെ!
ഓടിക്കൂടിയവരുടെ മുന്നിൽ അയാൾ കൈനീട്ടി. നല്ലവരായ പെദ്ദമ്മഗുഡിയുടെ സന്തതികൾ, വെച്ചുനീട്ടിയ നാണയത്തുട്ടുകൾ അയാൾ നെറ്റിയിൽ ചേർത്ത്‌ ഹൃദയത്തിൽ വെച്ചു. ചുണ്ടുമറഞ്ഞ്‌ വളർന്ന കറുകറുത്ത കട്ടിമീശയ്ക്കിടയിലൂടെ സുന്ദരമായ്‌ പുറത്തേയ്ക്ക്‌ തെളിഞ്ഞ്‌ വന്ന മനോഹരമായ പല്ലുകൾ, അയാളുടെ പുഞ്ചിരിയെ വശ്യമാക്കി.  പെദ്ദമ്മഗുഡിയിലെ കുട്ടികൾ അയാളുടെ കൂടെക്കൂടി.
പെദ്ദമ്മഗുഡിയിലെ ആദ്യത്തെ യാചകൻ!
ആദ്യമൊക്കെ മുതിർന്നവർ കുട്ടികളെ അയാളിൽ നിന്നും അകത്തുവാൻ ശ്രമിച്ചു. പെദ്ദമ്മഗുഡിയുടെ യാചകനായ്‌ അംഗീകാരം കിട്ടുന്നതുവരേയേ അതുണ്ടായിട്ടുള്ളു. അയാൾ പെദ്ദമ്മ്‌ ഗുഡിയിലെ നിത്യകാഴ്ചയായ്‌ മാറുന്നതിന്‌ കാലം സാക്ഷ്യം വഹിച്ചു.

പെദ്ദമ്മഗുഡിയിലെ ആളുകൂടുന്ന സന്ധ്യകൾ അയാളുടെ ഇടയ്ക്കിടയ്ക്കുള്ള തിരോധാനത്തെക്കുറിച്ച്‌ സംസാരിച്ചുപോന്നു. പക്ഷേ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അതൊരു സമസ്യയായ്‌ പെദ്ദമ്മഗുഡിയുടെ മനസ്സുകളിൽ നിലനിന്നുപോന്നു.
ആരുമയാളോട്‌ ചോദിച്ചിട്ടില്ല. എവിടെയായിരുന്നുവെന്ന്‌? അറിയാനാഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല അത്‌. അയാളെ പെദ്ദമ്മഗുഡിയുടെ ഭാഗമായിട്ട്‌ കാണാതിരുന്നിട്ടുമല്ലായിരുന്നു അത്‌.
പെദ്ദമ്മഗുഡിയുടെ സന്തതികൾ അയാൾ സംസാരിക്കുന്നത്‌ ഒരിക്കലും കേട്ടിട്ടില്ല. അവർ പറയുന്നത്‌ അയാളും കേട്ടതായ്‌ അവർക്ക്‌ തോന്നിയിട്ടില്ല.
അവർക്കയാൾ മൂകനും ബധിരനുമായ ഒരു പാവം പിച്ചക്കാരനായിരുന്നു!

ഏതോ ക്ഷേത്രദർശനത്തിനോ, തീർത്ഥാടനത്തിനോ പോയി വരുന്നതുപോലെയാണ്‌ അയാൾ നീണ്ടകാലത്തെ തിരോധാനത്തിനു ശേഷം മടങ്ങിവരുമ്പോൾ! ജടപിടിച്ച മുടി വെട്ടി മാറ്റിയിട്ടുണ്ടാവും. നെറ്റിയിലും കൈയിലുമൊക്കെ നീളൻ ഭസ്മക്കുറിയും.
ആ സമയങ്ങളിൽ, കാവി പുതച്ച ശരീരവും മഞ്ഞത്തുണികെട്ടിയ തലയും അയാൾക്ക്‌ ഒരു സന്യാസിയുടെ പര്യവേഷം നൽകി.
ഭാണ്ഡക്കെട്ടുമായ്‌ അയാൾ വീണ്ടും ആൽമരച്ചോട്ടിൽ നിന്നും, മലകൾ താണ്ടി, വയലേലകൾ കടന്ന്‌ വാഹനങ്ങളുടെ നടുവിലേയ്ക്ക്‌ നീട്ടിയ കൈയുമായെത്തും.ഉച്ച സൂര്യൻ താണ്ഡവമാടുമ്പോഴും, കലിതുള്ളുന്ന മാനം കരഞ്ഞു തീർക്കുമ്പോഴും അയാൾ പെദ്ദമ്മഗുഡിയിലെ തെരുവുകളും, കവലകളും, വീടുകളുമന്വേഷിച്ച്‌ യാത്ര തുടർന്നുകൊണ്ടേയിരുന്നു.പെദ്ദമ്മഗുഡിയിലെ വയലേലകളിലേയ്ക്ക്‌ പറന്ന കിളിക്കൂട്ടം ആൽമരത്തിൽ ചേക്കേറിയതിനു ശേഷമേ അയാൾ തിരികെ സങ്കേതത്തിലേയ്ക്ക്‌ എത്തിയിരുന്നുള്ളു.

കാലം ആരേയും കാത്തു നില്ക്കാതെ കറങ്ങിക്കൊണ്ടിരുന്നു. പെദ്ദമ്മഗുഡിയിലെ കുട്ടികൾ ബാല്യവും, കൗമാരവും, കടന്ന്‌ യൗവനത്തിലെത്തി. പെദ്ദമ്മഗുഡിയിലെ ആദ്യയാചകൻ വൃദ്ധനായി. ഇന്നയാൾക്ക്‌ പഴയെ പോലെ ആരോഗ്യമില്ല. ഭാണ്ഡക്കെട്ട്‌ അയാൾക്കൊരു ഭാരമായി മാറിത്തുടങ്ങി. പെദ്ദമ്മഗുഡിയിലെ മലനിരകളും, വയലേലകളും അയാളുടെ പാദങ്ങൾക്ക്‌ വഴങ്ങാതായി. അയാൾ ആൽമരച്ചോട്ടിൽ തന്നെയായി. പടുവൃദ്ധൻ ആൽമരത്തിന്റെ കാറ്റിലാടുന്ന ഇലകൾ അയാളെ നോക്കി പരിഹസിച്ചില്ല. അവ അയാളോട്‌ പറഞ്ഞു; ഞങ്ങളും പഴുക്കുമ്പോൾ നിന്നെപ്പോലെതന്നെ...
നടക്കാനാവാതെ നിരങ്ങി നീങ്ങുമ്പോഴും ആൽമരം അയാൾക്ക്‌ സന്തോഷം നൽകി. അതും അയാളെപ്പോലെ തന്നെ...വേരുകൾ കൊണ്ട്‌ ഭൂമിയെ ഇറുകിപ്പുണർന്ന്‌, കാലത്തെ അതിജീവിച്ച്‌ നില്ക്കുന്ന ആൽമരം അയാൾക്കുണർവായിരുന്നു. ശിഖരങ്ങൾ നീട്ടിവളർത്തി, കത്തി നില്ക്കുന്ന സൂര്യനെ ഉച്ചിയിൽ താങ്ങി, തന്നെയാശ്രയിക്കുന്നവർക്ക്‌ കുളിർമ്മയും, തണലും, ആശ്വാസവും നൽകുന്ന ആൽമരം അയാൾക്ക്‌ അത്ഭുതമായിരുന്നു. നീണ്ടുവളർന്ന ശിഖരങ്ങളുടെ ഭാരം താങ്ങാനാവാതെ വരുമ്പോൾ, അവയിൽ വേരുകൾ  വളർത്തി, തന്നിലണയുന്നവരെ കാത്തുപോന്ന ആ മഹാമനസ്കതയെ അയാൾ ആദരിച്ചു. രാത്രിയും പകലുമില്ലാതെ ഉപയോഗിച്ച്‌, പിന്നെ വകതിരിവില്ലാതെ, നന്ദിയില്ലാതെ, ഉച്ഛിഷ്ഠത്താലും, വിസർജ്ജനത്താലും, കൊമ്പുകളും പരിസരവും വൃത്തികേടാക്കിക്കൊണ്ടിരുന്ന പക്ഷികളെപ്പോലും പരിരക്ഷിച്ചുപോന്ന ആ സഹനശക്തിയെ അയാൾ അറിഞ്ഞു. ആൽമരമായിരുന്നു അയാളുടെ ഗുരു.
പെദ്ദമ്മഗുഡിയിലെ സന്തതികളുടെ സഹായം അയാൾക്കപ്പോഴും ഉണ്ടായിരുന്നു. നാണയത്തുട്ടുകളും, ആഹാരവും അയാളെ അന്വേഷിച്ച്‌ ആൽമരച്ചോട്ടിൽ എത്തിക്കൊണ്ടിരുന്നു.ആൽമരച്ചോട്ടിൽ കിളികളുടെ സംഗീതവും കേട്ട്‌ ഒരുനാളുറങ്ങിയ അയാൾ പിന്നെ എണീറ്റില്ല. പെദ്ദമ്മഗുഡിയ്ക്കതൊരാഘാതമായിരുന്നു. എങ്കിലും പെദ്ദമ്മഗുഡിയിലെ  സന്തതികൾ ആ സത്യം അംഗീകരിച്ചു. പെദ്ദമ്മഗുഡിയിലെ വായുവും, ഭൂമിയും അയാളെ പങ്കുവെച്ചപ്പോഴും, ഭാണ്ഡക്കെട്ട്‌ ആൽമരച്ചോട്ടിൽ തന്നെയുണ്ടായിരുന്നു.
പെദ്ദമ്മഗുഡിയിലെ വളർന്ന്‌ വരുന്ന പുത്തൻ തലമുറയ്ക്ക്‌ അയാളുടെ ഭാണ്ഡക്കെട്ട്‌ കളിക്കോപ്പായി. അവർ കാലുകൊണ്ട്‌ തട്ടിയും, കൈകൾ കൊണ്ട്‌ പരസ്പരം വലിച്ചു പറിച്ചും കളി ഉശിരാക്കിയപ്പോൾ ആരും അവരോട്‌ പറഞ്ഞില്ല...ഇത്‌ പെദ്ദമ്മ ഗുഡിയിലെ ആദ്യയാചകന്റെ അവസാനത്തെ അവശേഷിപ്പാണന്ന്‌...
എപ്പോഴോ ഭാണ്ഡക്കെട്ട്‌ പൊട്ടിയപ്പോൾ പെദ്ദമ്മഗുഡിയിലെ അതിശയിക്കുന്ന കണ്ണുകൾ അവിശ്വസനീയമായ്‌ നോക്കി നിന്നു. വാർത്ത പരന്നു... പത്രക്കാർ കൂടി...
ഭാണ്ഡക്കെട്ടിലെ നിധി...തലക്കെട്ടായി.
വലിയ, പഴകി ചുരുണ്ട പ്ലാസ്റ്റിക്‌ കൂടിന്നുള്ളിൽ നിന്നുതിർന്ന്‌ വീണ എണ്ണമറ്റ നോട്ടുകളുടേയും, നാണയത്തുട്ടുകളുടേയും കൂടെ ഒരു ഫോട്ടോയുമുണ്ടായിരുന്നു. ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ...അയാളുടെ കൈയിൽ റോസാപ്പൂവ്‌ ചൂടിയ ഒരു പെൺകുഞ്ഞുമുണ്ടായിരുന്നു.

യാചകനില്ലാത്ത പെദ്ദമ്മഗുഡിയിലെ ജീവിതം സാധാരണമായിത്തന്നെ നീങ്ങി. നാളുകൾ കുറേ കഴിഞ്ഞാണ്‌ അസാധാരണമായത്‌ സംഭവിച്ചത്‌!
പെദ്ദമ്മഗുഡി സ്റ്റേഷനിൽ ഒരു യുവതി വന്നിറങ്ങി. കൂടെ ഒരു ചെറുപ്പക്കാരനും.
പെദ്ദമ്മഗുഡിയ്ക്കതസാധാരണമായിരുന്നു. പെദ്ദമ്മഗുഡിയിലെ സന്തതികളല്ലാത്തവർ അവിടെയിറങ്ങുന്നത്‌ അസാധാരണമായിരുന്നു.
യുവതി വിലകൂടിയ സാരിയും, ചെരിപ്പുമൊക്കെ ധരിച്ചിരുന്നു. ലിപ്സ്റ്റിക്കിട്ട മനോഹരമായ അവരുടെ ചുവന്ന ചുണ്ടുകൾ വെളുത്ത വട്ട മുഖത്തിൽ നിന്നും എണീറ്റുവരുവാൻ വിമ്പി നില്ക്കുന്നതുപോലെ തോന്നിച്ചു.  അവരുടെ ഹൈഹീൽഡ്‌ ചെരുപ്പ്‌, പെദ്ദമ്മഗുഡിക്കാരുടെ ചവിട്ടേറ്റ്‌ തേഞ്ഞുരുണ്ട്‌ പതം വന്ന പാറക്കല്ലുകളിൽ നില്ക്കുവാൻ പ്രയാസപ്പെട്ടപ്പോൾ ചെറുപ്പക്കാരൻ അവരുടെ കൈ പിടിച്ചു.
വട്ടം കൂടിയ പെദ്ദമ്മഗുഡിക്കാരുടെ മുന്നിൽ യുവതി വാനിറ്റി ബാഗ്‌ തുറന്നു. അവരുടെ കൈയിൽ യാചകന്റെ മരണവാർത്ത വന്ന ഒരു പത്രമുണ്ടായിരുന്നു. കൂടാതെ റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനേയും പിടിച്ചു നില്ക്കുന്ന, ചിരിക്കുന്ന മുഖമുള്ള, മഞ്ഞത്തുണി തലയിൽ കെട്ടിയ ഒരു സന്യാസിയുടെ ചിത്രവും!
യുവതിയുടെ കൈയിൽനിന്നും പത്രം വാങ്ങി നിവർത്തി കാണിച്ചു കൊണ്ട്‌ ചെറുപ്പക്കാരൻ ചോദിച്ചു.“ഇതിൽ കാണുന്ന ആളെ അറിയുവോ?”
 “വരൂ” എന്നും പറഞ്ഞ്‌ ഒരാൾ അവരുടെ മുന്നേ നടന്നു.
അവർ അയാളുടെ പുറകേ നടന്നു. യുവതി ഹൈഹീൽഡ്‌ ഊരി കൈയിൽ പിടിച്ചു. പാറക്കല്ലുകളിൽ ചവുട്ടി അവരുടെ കാലുകൾ വേദനിക്കുന്നുണ്ടായിരുന്നു.
അത്രയൊന്നും പഴക്കം തോന്നാത്ത ഒരു കെട്ടിടത്തിന്ന്‌ മുന്നിലാണ്‌ അവരെത്തിയത്‌. വഴികാട്ടി ഗേറ്റ്‌ തുറന്ന്‌ അകത്തു കയറി. കൂടെ അവരും.
ഒരു ചെറിയ മുറി. ഒരു മേശയും രണ്ടുകസേരയും കഷ്ടിച്ച്‌ കിടക്കും. യുവതി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവരുടെ മേക്കപ്പിട്ട മുഖത്തുകൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുകണങ്ങൾ, തിരയിറങ്ങുന്ന കടൽതീരത്ത്‌ കൈവിരൽകൊണ്ട്‌ പാടുകൾ വീഴ്ത്തിയതുപോലെ തോന്നിപ്പിച്ചു.
വഴികാട്ടി മേശതുറന്ന്‌ ഒരു ഡയറിയെടുത്ത്‌, അതിന്നുള്ളിൽ വെച്ചിരുന്ന ഫോട്ടോ യുവതിയുടെ കൈയിൽ കൊടുത്തു. “നിങ്ങളുടെ കൈയിലും ഇതു തന്നെയല്ലേ?”
റോസാപ്പൂവ്‌ ചൂടിയ പെൺകുഞ്ഞിനെ കാട്ടി യുവതി പറഞ്ഞു. “ഇതു ഞാനാണ്‌.”
വഴികാട്ടിപറഞ്ഞു. “അപ്പോൾ ഇദ്ദേഹം നിങ്ങളുടെ ആരോ ആണെന്ന്‌ ഞാൻ വിശ്വസിക്കട്ടെ.”
അവർ രണ്ടുപേരും തലകുലുക്കി. പക്ഷേ അതിൽ നിന്നും അവരുദ്ദേശിച്ചതെന്താണന്ന്‌ മനസ്സിലാക്കാൻ പ്രയാസമായിരുന്നു.
ആ ഫോട്ടോയുടെ മറുവശം നോക്കാൻ വഴികാട്ടി അവരോട്‌ പറഞ്ഞു. അതിലിങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു, ‘പെദ്ദമ്മഗുഡിയിലെ ആദ്യത്തേയും , അവസാനത്തേയും യാചകൻ ഞാനാകട്ടെ. തെരുവിലുറങ്ങുന്നവർ ഇനിയിവിടെ ഉണ്ടാവരുത്‌. എന്റെ സമ്പാദ്യം അവർക്കുള്ളതാണ്‌.’

കുറച്ചുനേരത്തേയ്ക്ക്‌ പിന്നെ ആരും ഒന്നും സംസാരിച്ചില്ല. നിശബ്ദത ഭഞ്ജിച്ചുകൊണ്ട്‌ വഴികാട്ടി അവരെ അകത്തെ മുറിയിലേയ്ക്ക്‌ ക്ഷണിച്ചു.
അവിടെ യാചകന്റെ ഒരു മുഖഛായാ ചിത്രമുണ്ടായിരുന്നു. അതിന്നുമുന്നിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു വിളക്കും. യുവതി ആ ചിത്രത്തിന്നു മുന്നിൽ ഒരു നിമിഷം നിന്നു. പിന്നെ കൈതൊട്ട്‌ നെറ്റിയിൽ വെച്ചു. അപ്പോൾ കുറേ കുട്ടികൾ അങ്ങോട്ടേയ്ക്ക്‌ ഓടി വന്നു. ഒരുകുട്ടി അവരുടെ കൈയ്ക്ക്‌ പിടിച്ചുകൊണ്ടു പറഞ്ഞു. “ഞങ്ങടെ അപ്പൂപ്പനാ...”
വഴികാട്ടി അവരെ പിന്നേയും അകത്തേയ്ക്ക്‌ കൊണ്ടുപോയി.കുറച്ചധികം മുറികളുണ്ടായിരുന്നു. പലപ്രായത്തിലുള്ള സ്ത്രീകളും, കുട്ടികളുമെല്ലാം ഉണ്ടായിരുന്നു അവിടെ.
“എല്ലാവരും പെദ്ദമ്മഗുഡിയിലെ തെരുവിൽ നിന്നും ഉള്ളവർ തന്നെ...” വഴികാട്ടിയുടെ ശബ്ദം.
പ്രായമുള്ള ഒരു സ്ത്രീ അപ്പോൾ അങ്ങോട്ടു വന്നു. വഴികാട്ടി പറഞ്ഞു.‘ഇവിടുത്തെ ഏറ്റവും പ്രായം ചെന്ന അന്തേവാസിയാണ്‌. ബുദ്ധിയ്ക്ക്‌ അല്പം പ്രശ്നമുണ്ട്‌.’
സ്ത്രീ യുവതിയുടെ കൈയേൽ പിടിച്ചു. അവർ യുവതിയുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ചു നോക്കി. പിന്നെ യാചകന്റെ പടത്തിന്ന്‌ നേരേ കൈ ചൂണ്ടി പറഞ്ഞു. “മനുഷേരായാ ദാണ്ടേ അങ്ങേരെപ്പോലാവണം. ദൈവമാ, ദൈവം...” അവരു പിന്നെ ഉറക്കെപാടി.

കറുത്ത മനസ്സുള്ള വെളുത്ത മുഖത്തിൽ
കറുകറുപ്പ്‌ ഞാൻ കണ്ടു.
വെളുത്ത മനസ്സുള്ള കറുത്ത മുഖത്തിൽ
വെളുവെളുപ്പും ഞാൻ കണ്ടു.
കറുത്ത മനസ്സും വെളുത്ത മുഖവും
വെളുത്ത മനസ്സും കറുത്ത മുഖവും...
കെട്ടിടത്തിന്റെ ചുവരുകൾ  അതേറ്റുപാടി. വല്ലാത്തൊരു ഗോഷ്ഠി കാട്ടി പ്രായം ചെന്ന സ്ത്രീ അകത്തേയ്ക്കുതന്നെ പോയി.

യുവതിക്ക്‌ പിന്നെ അവിടെ നില്ക്കാൻ തോന്നിയില്ല. വഴികാട്ടിയോട്‌ നന്ദി പറയാൻ പോലും അവർ കൂട്ടാക്കിയില്ല. വേഗം പടികടന്ന്‌ പുറത്തിറങ്ങി നടന്നു..  അവരുടെ ഒപ്പമെത്താൻ ചെറുപ്പക്കാരൻ ഓടുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഒരു കല്ലിൽ തട്ടി അവർ വീഴാൻ പോയപ്പോൾ ചെറുപ്പക്കാരനവരെ പിടിച്ചു. പിന്നെ അവർ രണ്ടുപേരും  ഒരു മരത്തണലിൽ കുറച്ചുനേരം ഇരുന്നു.
വിയർപ്പുതിർന്നിറങ്ങുന്ന മുഖം തൂവാലകൊണ്ടവർ തുടച്ചു.
“കണ്ടില്ലേ?” ചെറുപ്പക്കാരൻ ചോദിച്ചു.
“കണ്ടു. പക്ഷേ...” അവരുടെ ശബ്ദം വളരെ താണനിലയിലായിരുന്നു.
“തൃപ്തിയായില്ലേ?” അയാളുടെ ചോദ്യം വീണ്ടും. യുവതി മറുപടി പറഞ്ഞില്ല. അവരുടെ ദൃഷ്ടി അങ്ങകലെ പെദ്ദമ്മഗുഡി മലനിരകളേയും കടന്നു പോയി.
------------
കവുങ്ങിൻതോപ്പിൽ വീണ പാളയിൽ കയറി ഒരു കൊച്ചുപെൺകുട്ടി ഇരുന്നു. അവൾ ശാഠ്യം പിടിക്കുകയാണ്‌...സന്തൂ, ഒന്നു വേഗം... വേഗം വലിക്കൂ...
പാളവണ്ടിയുടെ വേഗം കൂടിക്കൂടി വന്നു. അവൾ കണ്ണടച്ചുപിടിച്ചിരുന്നു.
‘സന്തൂ, എനിക്ക്‌ പേടിയാവുന്നു...ഒന്നു പതുക്കെ...“
വണ്ടി നിന്നു. കണ്ണുതുറന്ന അവൾ സന്തുവിനെ കണ്ടില്ല.
ഒരു സന്യാസി !!! പാളയിൽ പിടിച്ച്‌ ചിരിക്കുന്നു
കാവി പുതച്ച ശരീരവും, മഞ്ഞത്തുണികെട്ടിയ തലയുമായ്‌ !!!
സന്തുവെവിടെ? അവൾ ചുറ്റും നോക്കി. അവനെ കണ്ടില്ല. അവൾ കരഞ്ഞുകൊണ്ട്‌ വീട്ടിലേയ്ക്കോടി. അവിടെ...അമ്മയുടെ കാലിൽ ചുറ്റിപ്പിടിച്ച്‌...അവൻ അകലേയ്ക്ക്‌ കൈ ചൂണ്ടുന്നു...
‘ദാ, ദവിടെ...അമ്മച്ചി, പിള്ളാരപ്പിടുത്തക്കാരൻ...’
അമ്മ പിള്ളാരപ്പിടുത്തക്കാരനെ ഒന്നും പറഞ്ഞില്ല. അവർ ദേവൂനേം, സന്തൂനേം ചേർത്ത്‌ പിടിച്ച്‌ കവിളിൽ തെരുതെരെ ഉമ്മവെച്ചു. ‘എന്റെ മക്കള്‌ പേടിക്കേണ്ട കേട്ടോ...ഈ പിള്ളാരെ പിടുത്തക്കാരൻ നിങ്ങളെ ഒന്നും ചെയ്യില്ല.”
കാവി പുതച്ച ശരീരം നിന്നു ചിരിച്ചു. അമ്മയും ചിരിച്ചു. ദേവൂം,സന്തൂം കരച്ചിൽ നിർത്തി കൂടെ ചിരിച്ചു.
തുലാ മഴപോലെ പിള്ളാരപ്പിടുത്തക്കാരൻ പിന്നെ വന്നുപൊയ്ക്കൊണ്ടിരുന്നു. കഥകളും, പാട്ടുകളുമൊക്കെയായ്‌...
തിരിച്ചറിവായപ്പോൾ, അവരറിഞ്ഞു; പണ്ടെങ്ങോ പിണങ്ങി നാടുവിട്ടുപോയ അമ്മയുടെ ഏക സഹോദരൻ. സന്യാസിയായ അമ്മാവൻ!
----
’ദേവൂ...‘ സന്തു വിളിച്ച
അവരപ്പോൾ പെദ്ദമ്മഗുഡി മലനിരകളുടെ മുകളിലൂടെ പറക്കുന്ന പരുന്തുകളെയായിരുന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നത്‌.
“പരുന്തുകൾക്കെപ്പോഴെങ്കിലും ലക്ഷ്യം തെറ്റിയിട്ടുണ്ടോ സന്തൂ?”
“വെറുതേ പ്രാന്ത്‌ പറയാതെ നടക്കാൻ നോക്ക്‌. വല്ലതും കഴിക്കണം. വല്ലാണ്ട്‌ വിശക്കുന്നു.”
ചെറുപ്പക്കാരൻ എഴുന്നേറ്റ്‌ നടന്നു.അലസതയോടെ യുവതി അയാളുടെ പുറകേയും.
“ഒന്നു പതുക്കെ സന്തൂ...എന്റെ കാല്‌ വേദനിക്കുന്നു...”
അയാൾ തിരിഞ്ഞു നിന്നു. അയാളുടെ മുഖത്തപ്പോൾ അസ്തമയ സൂര്യന്റെ ചുവപ്പുണ്ടായിരുന്നു. “ അല്പ്പം വേദനിച്ചാലും സാരമില്ല. നിനക്കൊന്നും നഷ്ടമായില്ലല്ലോ. കെളവന്റെ ഓഹരിയുടെ പകുതിയും കിട്ടിയില്ലേ നിനക്ക്!... കല്യാണത്തിനെന്നും പറഞ്ഞ്‌... ബാക്കിയും കൊണ്ട്‌ മുങ്ങിയപ്പോൾ സ്വപ്നത്തിൽ പോലുമോർത്തില്ല, ഇങ്ങനെ കാട്ടുമക്കൾക്ക്‌ കൊടുക്കുമെന്ന്‌...”
“ഒന്നു പതുക്കെ  പറയൂ സന്തൂ... ആളുകൾ കേൾക്കും.” അവർ ചെരുപ്പൂരി കൈയിൽ പിടിച്ചുകൊണ്ടുതന്നെ മുന്നേയ്ക്കോടി അയാളുടെ അടുത്തെത്തിപറഞ്ഞു; “ശരിയാണ്‌ നീ പറഞ്ഞത്‌. അവസാനമായി വന്ന്‌ സ്ഥലവും വിറ്റ്‌ പോകുമ്പോൾ ഇങ്ങനെയൊക്കെ ആകുമെന്ന്‌ നമ്മളൊരിക്കലും വിചാരിച്ചിരുന്നില്ലല്ലോ... നമ്മുക്ക്‌ വിധിച്ചിട്ടില്ലാത്ത നിധി അല്ലാണ്ടെന്താ...”
തണുത്ത കാറ്റിൽ, അവരയാളുടെ കൈകൾ ചേർത്തു പിടിച്ച്‌ വേഗം നടന്നു. സൂര്യൻ മറഞ്ഞ പെദ്ദമ്മഗുഡിയിലെ മലനിരകൾ കറുത്ത നിഴലായി...
കാറ്റിന്‌ ശക്തി കൂടിക്കൂടി വന്നു. റോസാപ്പൂവ്‌ ചൂടിയ പെൺകുട്ടിയുടെ ചിത്രം പല കഷണങ്ങളായി വായുവിൽ ചിത്രം വരച്ചു.
ചൂളം വിളിച്ച്‌, കറുത്തപുകതുപ്പുന്ന ഒരു തീവണ്ടി ഇരുട്ടിനെ മുറിച്ചുകൊണ്ട്‌ പെദ്ദമ്മഗുഡിയിൽ നിന്നകന്നകന്ന്‌ പോയി. തലയുയർത്തി നിന്നിരുന്ന  പെദ്ദമ്മഗുഡി മലനിരകളുടെ ഉയരം കുറഞ്ഞ്‌ കുറഞ്ഞ്‌ വന്നു. പിന്നയത്‌ കാഴ്ചയിനിന്നും മറഞ്ഞു.


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP