Followers

ആൽത്തറയിലെ പ്‌രാന്തി

Sunday, October 29, 2017


കുറേ നാളായിട്ട് വിചാരിക്കുന്നതാണ് ഒന്ന് ഉള്ള് തൊറന്ന് സംസാരിക്കണമെന്ന്. പക്ഷേ  എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്ന് ചേരും. അവസാനം ഒന്നും നടക്കില്ല. പറയാൻ വിചാരിച്ച കാര്യങ്ങൾ മനസ്സീക്കെടന്നങ്ങനെ വിങ്ങലിക്കും. നെരിപ്പോട്  പോലതങ്ങനെ നീറിക്കൊണ്ടിരിക്കും.
എനിക്ക് പറയാൻ എന്തെല്ലാം കാര്യങ്ങളുണ്ടന്നറിയുമോ നിങ്ങൾക്ക്?
എങ്ങനറിയാൻ? പറയാതെ എങ്ങനറിയാൻ! അല്ലേ?
ഞാൻ പറയാം. പക്ഷേ കേൾക്കാൻ നിങ്ങളിരിക്കുവോ? അതോ അവരൊക്കെ ചെയ്തപോലെ തന്നെ പറയുവോ....അവൾക്ക് ഒടുക്കത്തെ പ്‌രാന്താണന്ന്!

എന്റെ മനസ്സിലുള്ളത് സംസാരിച്ച് തുടങ്ങിയപ്പോൾ, എനിക്കിഷ്ടമുള്ളതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ എല്ലാരും പറഞ്ഞുതുടങ്ങി; “പിശാച്, ഇങ്ങേനേമൊണ്ടോ ഒരു ശല്യം.വായില് നാക്കിടാതെ“ .
എന്നെ എല്ലാവരും ശല്യമായി കണ്ടപ്പോൾ ഞാൻ ആരോടും ഒന്നും മിണ്ടാതായി.
തനിച്ചിരുന്ന് ഞാൻ  കരഞ്ഞു തുടങ്ങി. അന്നൊക്കെ ഞാൻ  കരയുന്നത് എനിക്ക് പോലും കേൾക്കാൻ പറ്റില്ലായിരുന്നു.ഇറ്റ് വീഴുന്ന കണ്ണീീർ കവിളിലൂടെ ഒഴുകി മാറിനേൽപ്പിക്കുന്ന ചൂടിൽ ഞാൻ ആശ്വാസം തേടിയിരുന്നു.
എന്റെ ഇഷ്ടങ്ങൾ ഞാൻ എന്നിൽ തന്നെ ഒതുക്കി. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കായ് ജീവിക്കാൻ ശ്രമിച്ചു. നടക്കുന്നില്ലായിരുന്നു. ചില നിമിഷങ്ങളിൽ ഞാനെന്റേതായ ലോകത്തിലേയ്ക്ക് പോകും.സ്വപ്നത്തിന്റെ, ഭാവനയുടെ ലോകത്തിലേയ്ക്ക്...
അവിടെ ഞാനും എന്റെ കൂട്ടുകാരും മാത്രം.
പൂവും,പൂക്കളും, പറവകളുമടങ്ങുന്ന ലോകം.
കാറ്റും, കാറ്റാടിയും,കൽപ്പടവുകളുമടങ്ങുന്ന ലോകം.
മനുഷ്യരൊഴികെ എല്ലാവരോടും ഞാൻ സംസാരിച്ചു. എനിക്കറിയാവുന്ന മനുഷ്യർക്കെല്ലാം മുൻവിധികളുണ്ടായിരുന്നു.
‘അവൾക്ക് വട്ടാണ്!‘
എന്റെ  സങ്കടങ്ങൾ എന്നിൽ തന്നെ ഒതുക്കി ഞാൻ. അതൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്! സങ്കടം വന്നാൽ ഒന്നുകിൽ കരഞ്ഞുതീർക്കണം. അല്ലെങ്കിലാരുടെയെങ്കിലും മെക്കിട്ട് കേറണം, ഇതു രണ്ടുമില്ലേൽ ലേശം ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും എല്ലാം സഹിച്ച് ഞാനെന്റെ സങ്കടങ്ങളെയങ്ങ് അണകെട്ടി നിർത്തി.
എത്രവലിയ അണക്കെട്ടായാലും, താങ്ങാവുന്നതിലും അധികമായാൽ പൊട്ടും! പൊട്ടിയൊഴുകും. ആ ഒഴുക്കിന്റെ ശക്തിയിൽ അത് പലതും കൂടെ കൊണ്ടുപോകും. പിന്നെ ഒഴുക്കിന്റെ ശക്തി കുറയുമ്പോൾ... ശക്തി കുറയുമ്പോൾ നാം മനസ്സിലാക്കും, അണക്കെട്ടിനുള്ളിൽ കെട്ടിനിർത്തിയിരുന്ന വെള്ളത്തിന്റെ യഥാർത്ഥ ശക്തി!
ഞാൻ ശരിക്കും വിള്ളലുവീണ അണക്കെട്ടായിരുന്നു.പൊട്ടാനുള്ള ഒരു തുള്ളി അധികവെള്ളത്തിനുവേണ്ടി ഞാൻ കാത്തിരുന്നു!
അവസാനം അതുമുണ്ടായി. ഞാൻ പൊട്ടിത്തെറിച്ചു. എന്നെ പിടിച്ചുനിർത്താൻ ആർക്കുമായില്ല! അവരപ്പോ പറഞ്ഞു, അവൾക്ക് ‘മുഴുപ്‌രാന്തായെന്ന്‘!
ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.
ചിരിച്ച് ചിരിച്ച് എന്റെ സങ്കടങ്ങളില്ലാതാകുന്നു! എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി!
ഞാൻ കരഞ്ഞു. അലറി അലറി കരഞ്ഞു.
ഇപ്പോ ഞാൻ പണ്ടേ പോലെയൊന്നുമല്ല കരയുന്നത്! നെഞ്ചിനിടിച്ച് അലറിക്കരയുന്നു!
എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
എന്റെ ചിരിയും കരച്ചിലും എനിക്ക് വിവരിക്കാനാവാത്ത ആഹ്ളാദം നൽകി.
പിന്നെപ്പിന്നെ ഞാൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.കരഞ്ഞുകൊണ്ടേയിരുന്നു.
എന്നെത്തന്നെ മറന്ന് ചിരിക്കുന്നു. എന്നെത്തന്നെ മറന്ന് കരയുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ മറന്ന് കരയാനും ചിരിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു.


‘മുഴുപ്‌രാന്ത്‘ സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, അങ്ങേര് ഇറങ്ങിപ്പോയി. കൂടെ പിള്ളേരേം കൊണ്ടുപോയി...
പോട്ടെ...
എല്ലാരും പൊയ്ക്കോട്ടെ...
എനിക്ക് ഞാൻ മാത്രം മതി.
എന്നെകേൾക്കാൻ വേറെ ആരും വേണ്ട. ഞാൻ സംസാരിച്ചു. അടുക്കളയിലെ പാത്രങ്ങളോട് സംസാരിച്ചു.സ്റ്റീൽ പാത്രങ്ങളോട് സംസാരിക്കാൻ എനിക്കിഷ്ടമായിരുന്നു. അവരെപ്പോഴും കൂട്ടിയിടിച്ച് എനിക്ക് മറുപടി തന്നിരുന്നു.എന്നോട് സംസാരിക്കുന്നവരോട് എന്നും എനിക്കിഷ്ടമായിരുന്നു. മൺപാത്രങ്ങളെ ഞാൻ വെറുത്തു. എന്തുപറഞ്ഞാലും ഒന്നും മിണ്ടില്ല! ദേഷ്യം വന്ന ഒരു ദിവസം എല്ലാത്തിനേയും തൂത്തുപെറുക്കി വാഴച്ചോട്ടിലിട്ട് തല്ലിപ്പൊട്ടിച്ചു.പൊടിപൊടിയായ മൺപാത്രങ്ങളെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു.
എന്തു രസമായിരുന്നു അത്...
മനസ്സിലെ ഭാരം ഒഴിഞ്ഞിറങ്ങുമ്പോളെന്തു സുഖമാണ്!
കാർ മേഘം മാറിയ ആകാശം പോലെ...
ചെടികളോടും, പാത്രങ്ങളോടും, മൃഗങ്ങളോടും സംസാരിച്ച് ഞാനങ്ങനെ സുഖിച്ച് കഴിഞ്ഞ് വരെവേയാണ് അടുത്ത കുരിശ്!
സഹായികളാണന്ന നാട്യക്കാർ...
സുഹ്രുത്തുക്കൾ...
സ്വന്തക്കാർ...
സത്യം പറയട്ടെ, എല്ലാരുമെന്റെ സ്വസ്ഥ ജീവിതം തകർക്കാൻ വന്നവരായിരുന്നു. എന്റെ ശത്രുക്കൾ. ഞാനത് മനസ്സിലാക്കിയപ്പോൾ സമയം കഴിഞ്ഞുപോയിരുന്നു
ഹൊ...അവരെയൊക്കെ കുറിച്ചോർക്കുമ്പോൾ...തീ വെയ്ക്കണം...എല്ലാറ്റിനേയും കൂട്ടിനിർത്തി ഒറ്റയടിക്ക് ചാമ്പലാക്കണം ...
സഹായികളാണുപോലും! സ്വസ്ഥ ജീവിതം തകർത്തവർ...
പുല്ലിനോടും പൂച്ചയോടും സംസാരിച്ചാൽ വട്ടാണന്ന് വിധിയെഴുതിയവർ...
എന്തിനും കുറ്റം കണ്ടെത്തിയവർ...
ഒരു നിമിഷം പോലും എന്നെ കേൾക്കാൻ മനസ്സില്ലാത്തവർ...
സഹതാപം! ഒടുക്കത്തെ സഹതാപം മാത്രം എല്ലാവർക്കും!
ആർക്കുവേണം സഹതാപം?

ഞാൻ അക്രമം തുടങ്ങിയത്രേ! അവരാരും അതിൽ കുറ്റക്കാരല്ല. ദേഷ്യം തോന്നി. എനിക്ക് എല്ലാവരോടും ഒടുക്കത്തെ പക തോന്നി.
ഒരു നാൾ അവരെല്ലാവരും കൂടി എന്നെ പിടിച്ച് വലിച്ചുകൊണ്ടുപോയി. വണ്ടിയിലിരുന്ന് അവര് പറയുന്നത് ഞാൻ കേട്ടു.“ഇനീം വെച്ചോണ്ടിരുന്നാൽ ശരിയാവൂല്ല.ഭാഗ്യത്തിനാ ജീവൻ രക്ഷപ്പെട്ടത്!“ ഞാനാരുടേയോ കഴുത്തിന് കുത്തിപ്പിടിച്ചത്രേ! ഞാൻപറയുന്നതൊന്നും ആരും കേൾക്കുണ്ടായിരുന്നില്ല.
പ്‌രാന്തിയുടെ ജൽപ്പനങ്ങൾ ആരു കേൾക്കാൻ!
ശരീരമാകെ സൂചികേറി...
ശരീരത്തിനകത്താകെ അറിയപ്പെടാത്തെ രാസവസ്തുക്കൾ കേറി...
വല്ലാത്ത തളർച്ച...
ഉറക്കം മാത്രം...ഉറക്കം മാത്രം...
എന്റെ സങ്കടങ്ങൾ...എന്റെ കൊച്ചു സന്തോഷങ്ങൾ...ആരു കേൾക്കാൻ.
വീണ്ടുമൊരു അണകെട്ട് രൂപം കൊള്ളുകയായിരുന്നെന്ന് ഞാനറിഞ്ഞു. പൊട്ടാനായ് അവസരം കാത്തിരുന്ന അണക്കെട്ട്!
രാത്രിയുടെ ഏതോ യാമത്തിൽ ബാത്‌റൂമിലേയ്ക്ക് കൂട്ടിനു വന്ന സഹായിയെ തള്ളി മറിച്ച് ഞാനോടി.എങ്ങോട്ടേക്കില്ലാതെ...
ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു...
ഇനി എന്നെ ആരും കണ്ടുപിടിക്കരുത്...
ഒരു ബന്ധുക്കളും വരരുത്...ഒരു സുഹൃത്തുക്കളും വരരുത്...
എനിക്കെന്റെ ലോകത്ത് ജീവിക്കണം. പക്ഷികളോടും പാറകളോടും സംസാരിക്കണം.ഉള്ള് തൊറന്ന് സംസാരിക്കണം!
മനസ്സ് തുറന്ന് കരയണം. കരയുവോളം ചിരിക്കണം.
ഇന്ന്, ഇപ്പോൾ ഈ ആൽത്തറയിൽ ഇരിക്കുമ്പോൾ ഞാൻ വേറൊരു ലോകം കാണുന്നു. എന്റേതായ ലോകം.
ഇവിടിരുന്ന് ഞാൻ എന്റെ ഉള്ളിലുള്ളത് മുഴുവൻ പറയും. എന്റെ ഹൃദയഭാരം ഇറക്കിവെയ്ക്കും, കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം കേട്ടോട്ടെ!
ആൽത്തറയിലെ പ്‌രാന്തി എന്ന് വിളിക്കുന്നവരുണ്ടായിക്കോട്ടെ...
ഞാനതു കാര്യമാക്കുന്നില്ല.
ആരേയും കേൾക്കാതിരിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു.

Read more...

മഴയത്ത് നടന്നവർ

Thursday, October 26, 2017

ടീച്ചേഴ്സ് റൂമിലിരുന്ന് സൗദാമിനി ടീച്ചർ പിറുപിറുക്കുന്നത് കേട്ടുകൊണ്ടാണ് കുര്യച്ചൻ സാർ കയറിവന്നത്.
“എന്താണ് ടീച്ചർ ഒറ്റയ്ക്കിരുന്ന്?“
“ഇങ്ങനെ കൊറേ തല തിരിഞ്ഞവന്മാരുള്ളത്കൊണ്ട് നമ്മള് രക്ഷപ്പെട്ട്... അല്ലാതെന്താ?“ കറുത്തഫ്രയിമുള്ള വട്ടക്കണ്ണടയുടെ മുകളിലൂടെ ഉണ്ടക്കണ്ണുകൊണ്ടുള്ള ടീച്ചറുടെ നോട്ടം ഒഴിവാക്കിക്കൊണ്ട് കുര്യച്ചൻ സാർ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.
“ക്ളാസ് തുടങ്ങിയിട്ട് അരമണിക്കൂറുപോലുമായിട്ടില്ല...അതിന്ന് മുന്നേ തുടങ്ങി ലവന്മാരുടെ വിപ്ളവം!“ പരിഹാസരൂപേണയുള്ള ചിരി ചുണ്ടുകളുടെ ഒരുവശത്തുകൂടെ കടന്നുപോയതുപോലെ തോന്നും ഇപ്പോൾ കുര്യച്ചൻ സാറിന്റെ കോടിയ കിറികണ്ടാൽ!
“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍ താനനുഭവിച്ചീടുകെന്നേ വരൂ!” ഇവനൊക്കെ ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴത്തേയ്ക്കും മൂക്കില് പല്ലുവന്നിരിക്കും. സൗദാമിനി ടീച്ചർ താടിയ്ക്ക് കൈയൂന്നിയിരുന്നു.
പുറത്ത് സമരക്കാരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി ഓരൊ ക്ളാസ് മുറിയുടേയും നാലുചുവരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ടീച്ചേഴ്സ് റൂമിലിപ്പോൾ തിരക്കായി. രമണി ടീച്ചർ തന്റെ ഭർത്താവിന്റെ പ്രൊമോഷൻ കാര്യം പറയാൻ തുടങ്ങി. ശ്രീലത ടീച്ചറും ഒട്ടും കുറച്ചില്ല. പുതുതായി പണിത തന്റെ രണ്ടുനിലവീടിന്റെ പെയിന്റിങ്ങ് വിശേഷങ്ങൾ വിവരിച്ചുതുടങ്ങി.ആകെ ഒരു കശപിശ! അമ്പലപ്പറമ്പിൽ ഇഞ്ചിമിഠായിക്കാരുടെ ശബ്ദം പോലെ!
“കാതുകൾ പൊത്തുവാനെന്റെ കരങ്ങൾക്കാവുന്നില്ലല്ലോ
അവ നിങ്ങൾ ബന്ധിച്ചിരിക്കയല്ലേ?“ കുര്യച്ചൻ സാർ ചുരുട്ടിയ മുഷ്ടിയിൽ താളം പിടിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങി.സൗദാമിനി ടീച്ചറിന്റെ ഉണ്ടക്കണ്ണുകൾ അപ്പോൾ ജനാലയ്ക്കലൂടെ നീങ്ങുന്ന സമരക്കാരെ പിന്തുടരുകയായിരുന്നു.
തോളൊപ്പം മുടിനീട്ടിവളർത്തിയ സുമുഖനായ ആ ചെറുപ്പക്കാരനിലായിരുന്നു ടീച്ചറുടെ നോട്ടം ചെന്നു നിന്നത്! ആകാശം മുട്ടെ മുഷ്ടി ചുരുട്ടിയെറിഞ്ഞ്, ദിഗന്തങൾ പൊട്ടുമാറലറിവിളിച്ച് അകലുന്ന ആ രൂപത്തെ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
സ്റ്റേറ്റ്  യുവജനോൽസവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയവൻ!  ചൂണ്ടുവിരൽ ചുണ്ടുകൾക്ക് മുകളിലമർത്തി ടീച്ചറിരുന്നു. കാറുകേറിയ ആകാശത്തിന്റെ ഭാവമായിരുന്നു സൗദാമിനി ടീച്ചർക്കപ്പോൾ!

ടീച്ചറിന്റെ കണ്ണുകളെ റസ്‌ലേയൻ സാറും പിന്തുടർന്നു."മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?“ റസ്‌ലേയൻ സാർ മൂക്കിപ്പൊടി തിരുകികേറ്റിക്കൊണ്ട് ഒരു നീണ്ട തുമ്മലിനുള്ള തയ്യാറെട്ടുപ്പ് തുടങ്ങി. തല പുറകോട്ടാക്കി പിന്നെ ‘റ‘ പോലെ ശരീരം മുന്നോട്ട് വളച്ച് കൈകൾ മൂക്കിന് മുകളിൽ വെച്ചപ്പോഴത്തേയ്ക്കും  ‘ആ..ങ്..ഛീ‘ എന്ന ഒരു കൂട്ടത്തുമ്മൽ ടീച്ചേഴ്സ് റൂമിൽ നിന്നുമുയർന്നു. കൂടെ കൂട്ടച്ചിരിയും!
നൊടിയിടയിൽ റസ്‌ലേയൻ സാർ ടീച്ചേഴ്സ് റൂമിന്റെ പുറത്തെത്തി. തിങ്ങി നിറഞ്ഞ കമ്പാർട്ട്‌മെന്റിൽ നിന്നും പുറത്തിറങ്ങി ശുദ്ധവായുവേൽക്കുമ്പോഴുള്ള ഒരാശ്വാസമപ്പോൾ റസ്‌ലേയൻ  സാറിൽ ദർശിക്കാമായിരുന്നു!
‘അബലയെന്ന് നിന്നെവിളിച്ചവന് മാപ്പുനൽകണേ മഹാശയാ...‘ മുണ്ടിൻ തുമ്പ് കേറ്റിപ്പിടിച്ച് റസ്‌ലേയൻ സാർ കൈവീശി ആഞ്ഞുനടന്നു.
മുദ്രാവാക്യത്തിന്റെ ശക്തി അപ്പോൾ കുറഞ്ഞിരുന്നു.

 -----

റസ്‌ലേയൻ സാർ ആശുപത്രിയിൽ ആണെന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് പിറ്റേദിവസം സ്കൂൾ തുറന്നത്! സംഭവം ബോധക്ഷയമാണ്! ചെറിയ ബോധം കെടലൊന്നുമല്ല. 12 മണിക്കൂർ കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല! റസ്‌ലേയൻ സാറിന്റെ ബോധക്കേടിൽ പ്രതിക്ഷേധിച്ചോ അനുകൂലിച്ചോ ഒരു സമരം ഉണ്ടാവുമെന്ന് ടീച്ചേഴ്സ് റൂമിൽ സംസാരമുണ്ടായി.
തികഞ്ഞ നിരീശ്വരവാദിയും അറിയപ്പെടുന്ന പുരോഗമനവാദിയുമായ റസ്‌ലേയൻ സാർ സ്കൂളിൽ മാത്രമല്ല, ചുറ്റുവട്ടമുള്ള പ്രദേശത്തൊക്കെ അറിയപ്പെടുന്ന വ്യക്തിത്വമാണ്! പെണ്ണും പിടക്കോഴിയുമില്ലാത്തതുകൊണ്ട് മാത്രമാണ് സ്കൂളിന്റെ കഞ്ഞിപ്പുരയോട് ചേർന്നുള്ള മുറിയിൽ കഴിയുന്നതെന്ന ഒരു സംസാരമുണ്ട്. അത്രമാത്രമേയുള്ളു റസ്‌ലേയൻ സാറിന്റെ ബയോഡേറ്റയിൽ ഒരു ബ്ലാക്ക് മാർക്കായി പറയാൻ!
 12 മണിക്കൂർ ആശുപത്രി വരാന്തയിൽ കുത്തിയിരുന്നിട്ടും റസ്‌ലേയൻ സാർ വായ് പൊളിക്കാത്തതിന് പരാതികളും പരിഭവങ്ങളും പലതുണ്ടായി.  റസ്‌ലേയൻ സാറിന് എന്താണ് സംഭവിച്ചതെന്നറിയാൻ താമസിക്കുന്നതിലെ ഒരു ‘ഇതു‘ മാത്രമായിരുന്നു അത്!
‘ആക്ച്വലി എന്താണ് സംഭവിച്ചത് റസ്‌ലേയാ?‘ കുര്യച്ചൻ സാർ പലവട്ടം റസ്‌ലേയൻ സാറിന്റെ ചെവിയിൽ ചോദിച്ചതാണ്. റസ്‌ലേയൻ സാർ ഒന്നും മിണ്ടിയില്ല. ഉണ്ടക്കണ്ണുകൾ വട്ടത്തിൽ കറങ്ങുന്ന ഫാനിന്റെ കൂടെ ഉരുട്ടിക്കൊണ്ടിരുന്നു...അത്രമാത്രം.
ബോധമില്ലാതിരുന്നതിനാൽ റസ്‌ലേയൻ സാറിന്ന് ആക്ച്വലി എന്താണ് തോന്നിയെതെന്ന് പറയാൻ പറ്റില്ലെങ്കിലും, ഇതെല്ലാം കേട്ടുകൊണ്ടിരുന്ന് സഹികെട്ട ഡ്യൂട്ടി ഡോക്ടർ കുര്യച്ചൻ സാറിനെ പടിയടച്ച് പിണ്ഡം വെച്ചു.
കഥകൾ പലതുണ്ടായി!
സ്കൂളും പൊതുപ്രവർത്തനവുമൊക്കെ കഴിഞ്ഞ് ചില ദിവസങ്ങളിൽ റസ്‌ലേയൻ സാർ സെക്കന്റ് ഷോയ്ക്ക് പോകാറുണ്ടായിരുന്നു. സ്കൂളിൽ നിന്നും തീയേറ്ററിലേയ്ക്ക് കഷ്ടി രണ്ടുകിലോമീറ്റർ ദൂരമേ ഉള്ളൂ എന്നതുകൊണ്ടും, അത്താഴത്തിന് ശേഷമുള്ള നടത്തം വ്യായാമം ആകുമെന്നതും മാത്രമല്ല റസ്‌ലേയൻ സാറിന്റെ സെക്കന്റ്ഷോ കാഴ്ചയെ പ്രസിദ്ധമാക്കിയിരുന്നത്! അത് സാഹസികതയുടെ  കഥയാണ്! ധീരതയുടെ കൂടി കഥയാണ്! ഏഴിലം പാല നിൽക്കുന്ന ബംഗ്ളാവിന്റെ മുന്നിലൂടെ പാതിരാത്രി തനിച്ച് നടക്കാനുള്ള ചങ്കൂറ്റത്തിന്റെ കഥയാണ്!
പാലപൂക്കുന്ന കാലത്ത്, പാലപ്പൂഗന്ധത്തോടൊപ്പം പരക്കുന്ന ഗാനവീചികൾ... അതുശ്രവിച്ചവർ അനവധിയാണ്! എന്നാൽ ഗാനത്തിന്റെ ഉറവിടമറിഞ്ഞവർ വളരെ ചുരുക്കം!
രാത്രിയുടെ ഏകാന്തതയിൽ രകതമൊലിക്കുന്ന നാവോടെ പാലമരത്തിൽ നിന്നുമിറങ്ങിവന്ന് വഴിയാത്രക്കാരെ ബംഗ്ളാവിന്റെ പിന്നാമ്പുറത്തേയ്ക്ക് വശീകരിച്ചുകൊണ്ടുപോകുന്ന ‘രക്തയക്ഷി‘യെക്കുറിച്ചുള്ള കഥകൾ അനവധി!
വായിൽ തീയുമായ് പാലമരത്തിൽ നിന്നുമിറങ്ങി വന്ന് ശക്തൻ ചേട്ടന്റെ അടിവയറ്റിൽ കുത്തിപ്പിടിച്ച യക്ഷിക്ക് ‘തീയക്ഷി‘ യെന്നും ഒരു പേരുണ്ട്!
സെക്കന്റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് വരാറുള്ളവരാണിതുവരെ യക്ഷിയെ കണ്ടിട്ടുള്ളത്! യക്ഷിയെ പിടിക്കാൻ യുക്തിവാദസംഗത്തിന്റെ നേതൃത്വത്തിൽ പലതവണ ശ്രമം നടന്നിട്ടുണ്ട്. എല്ലാം വിഫലം!
ക്രമേണ സെക്കന്റ് ഷോയ്ക്ക് തീയേറ്ററിൽ ആൾ കുറഞ്ഞു കുറഞ്ഞു വന്നു.
ഈയവസരത്തിലാണ് നിയുക്ത ഷെർലക്ക്‌ഹോംസായി റസ്‌ലേയൻ സാർ അവതരിച്ചത്!
പക്ഷേ ഒരിക്കലും യക്ഷി റസ്‌ലേയൻ സാറിന് ദർശനം നൽകിയില്ല!

ബോധംതെളിയാൻ ഒരു വിദൂരശ്രമം പോലും റസ്‌ലെയൻ സാർ നടത്താതിരുന്നതിനാലും, കാരണം അറിയാൻ കാലതാമസമെടുക്കുമെന്ന് മനസ്സിലാക്കിയതിനാലും, ചിലർ റസ്‌ലേയൻ സാറിനെ യക്ഷിപിടിച്ചു എന്ന് കഥയുണ്ടാക്കി.
പക്ഷേ ആ കഥ അധികദിവസം നിലനിന്നില്ല. ഡോക്ടർമാർ നൽകിയ റിപ്പോർട്ടനുസരിച്ച് ബോധക്കേടിന് കാരണം കേവലം ‘ഭയം‘ മാത്രമായിരുന്നില്ല! റസ്‌ലേയൻ സാറിന്റെ തലയ്ക്ക് പുറകിൽ ശക്തമായ അടിയേറ്റിട്ടുണ്ട്!
പ്രശ്നം പോലീസ് കേസായി!
തെളിവില്ലാക്കേസായ് തള്ളപ്പെടാതിരിക്കാൻ റസ്‌ലേയൻ സാർ ബോധം തെളിഞ്ഞേ പറ്റൂ. എല്ലാവരും അതിനായ് പ്രാർത്ഥിച്ചു.
പ്രാർത്ഥനയുടെ ഫലമായിരിക്കാം കൃത്യം മൂന്നാം നാൾ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് റസ്‌ലേയൻ സാർ കണ്ണുതുറന്നു!

പിന്നിടുണ്ടായത് യക്ഷിയെ പോലീസ് പിടിച്ച കഥയാണ് ! യക്ഷിയെക്കാണാൻ പോലീസ് സ്റ്റേഷന് ചുറ്റും കൂടിയവരെ ‘മുഴയൻ‘ പോലീസ് ലാത്തി വീശി ഓടിച്ചു. ഓടിയവരുടെ കൂട്ടത്തിൽ കുര്യച്ചൻ സാറുമുണ്ടായിരുന്നു. ഓടി കിതപ്പ് മാറുന്നതിന് മുന്നേ തന്നെ സ്റ്റാഫ് റൂമിൽ സംഭവത്തിന്റെ സം‌പ്രേക്ഷണവുമുണ്ടായി.
“നമ്മടെ നേതാവിന്റെ മാതാവ്. ശരീരം  കൊടുക്കുക മാത്രമല്ല അവരിപ്പോൾ... പിടിച്ച്പറി കൂടി തുടങ്ങിയിരിക്കുന്നു! ആളെ മനസ്സിലായെന്ന് കണ്ടപ്പോ പാവം റസ്‌ലേയന്റെ പെടലിക്ക് കൊടുത്തടി വെറ്റിലച്ചെല്ലത്തിന്!“

അന്നും സ്കൂളിൽ സമരമായിരുന്നു. തോളൊപ്പം മുടിനീട്ടിവളർത്തിയ ആ ചെറുപ്പക്കാരൻ തന്നെയായിരുന്നു മുന്നിൽ. സമരം പതിവിൽ നിന്നും വ്യത്യസ്തമായി അക്രമാസക്തമായി. ക്ളാസ് റുമുകളിലെ ബഞ്ചുകളും ഡസ്ക്കുകളും തകർക്കപ്പെട്ടു.സൗദാമിനി ടീച്ചറിന് സാധാരണ പോല ടീച്ചേഴ്സ് റൂമിൽ തന്നെയിരിക്കാൻ പറ്റുന്നില്ലായിരുന്നു. അവർ പുറത്തേയ്ക്കിറങ്ങി.നീണ്ട വരാന്തയിലൂടെ മുദ്രാവാക്യവും വിളിച്ച് നീങ്ങുന്ന സമരക്കാർക്ക് വിലങ്ങനെ നിന്നു.
ടീച്ചർ നേതാവിന്റെ തോളിൽ കൈയിട്ടുകൊണ്ട് തന്റെ കൂടെ വരാൻ ആവശ്യപ്പെട്ടു. സമരക്കാർ പലവഴി പിരിഞ്ഞു. അവർ ലൈബ്രറിയെ ലക്ഷ്യമാക്കി നടന്നു.

ഒഴിഞ്ഞ് കിടന്ന ലൈബ്രറിയുടെ ഷെൽഫിൽ നിന്നും ഒരു ബുക്ക് തിരഞ്ഞെടുത്ത്,  ഒരു ബെഞ്ചിൽ ടീച്ചറിരുന്നു. നേതാവിനോടും കൂടെയിരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ ചോദിച്ചു.“മഴയത്ത് നടക്കുന്നതാണെനിക്കിഷ്ടം; കാരണം ആരുമെന്റെ കണ്ണീരുകാണില്ലല്ലോ“ എന്ന് പറഞ്ഞ ഒരു മഹാനുണ്ട്. ആരാണന്നറിയുമോ ഇയാൾക്ക്? നേതാവ് അറിയില്ലായെന്ന് തലയാട്ടി.
“സ്വന്തം ദു:ഖത്തെ പുറത്തറിയിക്കാതെ ലോകത്തെ ചിരിപ്പിച്ച മഹാൻ! ചാർളി ചാപ്ളിൻ! ഇതാ ഇത് അദ്ദേഹത്തിന്റെ ജീവചരിത്രമാണ്. നീയിത് വായിക്കണം. ഉപകരിക്കും.“ ടീച്ചർ ബുക്ക് നേതാവിന് നൽകി. പിന്നെ സ്നേഹപുരസ്സരം നേതാവിന്റെ കവിളിൽ നുള്ളിക്കൊണ്ട് തുടർന്നു; “എന്റെ കുട്ടീ, സാഹചര്യങ്ങളെ മനസ്സിലാക്കാനും അതിജീവിക്കാനുമൂള്ള കഴിവ് മനുഷ്യജന്മത്തിന്റെ മാത്രം സവിശേഷതയാണ്! അത് കേവലം ബാഹികമായ ശക്തിപ്രകടനമല്ല. മറിച്ച് മനസ്സിന്റെ ഉൾക്കരുത്താണ്. Your life is Your making. മനസ്സിലാക്കുക അത്“. സൗദാമിനി ടീച്ചർ പുറത്തേയ്ക്ക് നടന്നു. പുറത്തപ്പോൾ ശക്തമായ മഴതുടങ്ങി.
ചെറുപ്പക്കാരൻ മഴയത്തിറങ്ങി നടന്നു.


Read more...

വെള്ളിക്കൊലുസ്

Sunday, October 22, 2017

നടക്കുമ്പോൾ കിലുങ്ങുന്ന വെള്ളിക്കൊലുസ്! കുറേ നാളായുള്ള ആവശ്യമാണ്. ഇന്നു വാങ്ങാം, നാളെ വാങ്ങാം എന്നൊക്കെ പറഞ്ഞ് ഏകദേശം ഒരു വർഷത്തോളം തള്ളിമാറ്റി.ഈയിടെയായ് വെള്ളിക്കൊലുസിന്റെ കാര്യമൊന്നും പറഞ്ഞുകേൾക്കാതായപ്പോൾ, ഭാര്യയോട് ചോദിച്ചു;“എന്താ കുഞ്ഞി വെള്ളിക്കൊലുസിന്റെ കാര്യോക്കെ മറന്നോ?“
“പിന്നേ മറന്നു, നല്ല കുഞ്ഞാ! നിങ്ങളോട് പറഞ്ഞിട്ട് കാര്യോന്നുമില്ലാന്ന് തോന്നിയിട്ടാരിക്കും.“
ഞാനെന്തായാലും ആ പറഞ്ഞത് കേട്ടതായി നടിച്ചില്ല. നോട്ട് നിരോധനം ഇന്ത്യാ മഹാരാജ്യത്തിനുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരുന്നു.
ഹൗസിങ്ങ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗംഭീര പുതുവൽസര പാർട്ടിയിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ  (കുഞ്ഞിയും അമ്മയും) അഭിപ്രായത്തിനോട് ഞാനും യോജിച്ചു. മുതൽ മുടക്കില്ലാതെ കിട്ടുന്ന പാർട്ടി എന്തിനാ കളയുന്നതെന്ന നിർദോഷപരമായ ചിന്ത എന്റെ നിഷ്ക്കളങ്ക മനസ്സിലുണ്ടായതിൽ ഞാനഭിമാനിച്ചു.
പ്രതിപക്ഷം അതിന് വേറേ ചില വ്യാഖ്യാനങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഞാനത് കേട്ടെന്ന് നടിച്ചില്ല.
വിഘടിപ്പിച്ച് ഭരിക്കുക എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് എനിക്ക് ബോധ്യമായത് അപ്പോഴാണ്!ഭൂരിപക്ഷ ഏകീകരണതെ അടിച്ചമർത്താൻ കണ്ടുപിടിച്ച എത്ര ഉദാത്തമായ സംഗതി!
കുഞ്ഞി സന്ധ്യയ്ക്ക് മുന്നേ തന്നെ ഒരുങ്ങി പാർട്ടിസ്ഥലത്തേയ്ക്ക് പോയി. വിഭവ സമൃദ്ധമായ ഒരു പാർട്ടിയെ മുന്നിൽ കണ്ടുകൊണ്ട് ഞാനും വേഗം തന്നെ റെഡിയായി.പക്ഷേ എന്നെ  അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ആ സംഭവം പിന്നിടാണുണ്ടായത്. ഞാൻ ഒരുങ്ങി മണിക്കൂർ ഒന്നുരണ്ട്  കഴിഞ്ഞിട്ടും  ഭാര്യ ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല!
കുറേ നേരം വിളിച്ച് കൂവി ക്ഷമകെട്ട് ഞാൻ ബെഡ്‌റൂമിന്റെ വാതിൽ തള്ളിത്തുറന്നു.
“ഞാൻ റെഡി, പോകാം.“ എന്ന് പറഞ്ഞ് ഭാര്യ മുറിയ്ക്ക് പുറത്തേക്കിറങ്ങി.
ഞെട്ടിപ്പോയി ഞാൻ!
‘പത്താൾ കൂടുന്നിടത്ത് ഈ ഡ്രസ് തന്നെ ഇട്ടോണ്ട് പോണോടീ?“
എന്റെ വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വരണ്ട തൊണ്ടയിലൂടെ അവലൂസുപൊടി ഇറക്കിവിടുന്നപോലൊരിത്!
അവളൊന്നും പറഞ്ഞില്ല.
അവളൊരു നോട്ടം!
ആയിരം വാക്കുകളേക്കാൾ ശക്തി ഒരുനോട്ടത്തിനുണ്ടോ?
എന്റെ കൈയ്യേ പിടിച്ച് അലമാരയുടെ മുന്നിൽ കൊണ്ട് നിർത്തി.“നോക്ക്“ എന്നൊരു പറച്ചിലും.
“എന്തേ“ എന്ന നിഷ്കളങ്കമായ ഒരു നോട്ടം മാത്രമെറിഞ്ഞ് ഞാൻ നിന്നു.
“നിങ്ങളുതന്നെ ഇതീന്ന് സെലക്റ്റ് ചെയ്തു താ.“ അടുക്കി വെച്ചിരുന്ന സാരികളും ചുരിദ്ദാറുമൊക്കെ ഒന്നൊന്നായി ഞാനെടുത്ത് നോക്കി. ചതി! ശുദ്ധ ചതി! കീറിയതും, പിഞ്ചിയതും, കളറുപിടിച്ചതുമല്ലാതെ ഒറ്റൊരു നല്ലതു പോലുമില്ല.
ഞാൻ കൈകൊണ്ട് എന്റെ തലയ്ക്കു തന്നെ കൊട്ടി. പിന്നെ വളരെ ദയാഭാവം വരുത്തി ചോദിച്ചു. “എങ്കിലും നീ ഈ കറുത്ത ഡ്രസുമിട്ട് ഭൂതസമാനമായിട്ട് ഇറങ്ങിക്കളഞ്ഞല്ലോ! അതും നല്ലൊരു ദിവസമായിട്ട്!“
“പിന്നേ ഒള്ളതല്ലേ ഇടാൻ പറ്റൂ... അത്ര ദെണ്ണമൊള്ളോരാണേല് ചിക്കിലിയെറക്കണം...ചിക്കിലി. ഇങ്ങനേമൊണ്ടോ പിശുക്ക്! എന്റെ കാര്യം പോട്ടെ; ആ  കൊച്ചിനൊരു വെള്ളിക്കൊലുസ് വാങ്ങാമെന്ന് പറഞ്ഞ് പറ്റിക്കാൻ തൊടങ്ങീട്ട് കാലമെത്രയായ്...“
സുന്ദരീമണി എന്നേയും കടന്ന് വാതിൽ തുറന്ന് പുറത്തേയ്ക്ക്! ഒരു കൊടുങ്കാറ്റ് കടന്നുപോയതാണോയെന്ന സംശയം ഒരുനിമിഷത്തേയ്ക്കുണ്ടായി!

പുരുഷന്റെ അഭിമാനമെന്ന അണ്ഡകടാഹത്തിൽ കൊട്ടാനുള്ള സ്ത്രീയുടെ മിടുക്ക്!
പിശുക്കൻ!
അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാമോ? അടുത്ത ദിവസം തന്നെ ഞാൻ പ്രഖ്യാപിച്ചു, “അടുത്ത ഞായറാഴ്ചയെന്ന ഒരു ദിവസമുണ്ടേല് കുഞ്ഞിക്ക് വെള്ളിക്കൊലുസ് വാങ്ങിയിരിക്കും. ഇതു സത്യം സത്യം“
ശ്രീമതിക്ക് എന്റെ ശപഥം അത്ര ഏറ്റതായി തോന്നിയില്ല. ഒരു ആക്കിയ ചിരി. ഇതുപോലെത്ര കേട്ടിരിക്കുന്നു എന്ന ഭാവം!
പാവം  ഞാൻ! അങ്ങനെ വിട്ടുകൊടുക്കാമോ?
“എങ്കീ കേട്ടോ വെള്ളിക്കൊലുസിന്റെ കൂടെ നെനക്ക് ഒരു സാരികൂടെ ഓഫർ!“
സന്തോഷം സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, പാവം ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഗുളുഗുളാ കുടിച്ചു. ഞാനതു കണ്ടതായി നടിച്ചില്ല..
വാക്കുപറഞ്ഞാൽ മാറ്റാൻ പറ്റില്ലല്ലോ?(മാറ്റണമെങ്കിലും നടക്കില്ല. ഭൂരിപക്ഷം! അമ്മയും മകളും!)
ഞായറാഴ്ച ഞങ്ങളങ്ങനെ വെള്ളിക്കൊലുസും തേടിയിറങ്ങി.
ഞായറാഴ്ച വൈകുന്നേരം ഇറങ്ങിയത് ഒരുകണക്കിന് ഭാഗ്യം എന്ന് തന്നെ എനിക്ക് തോന്നി, കടയെല്ലാം അടഞ്ഞുകിടക്കുന്നു. വന്നുകേറിയ ഭാഗ്യത്തെ പുറത്തേയ്ക്ക് കാണിക്കാതെ വളരെ വിഷമത്തോടെ ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു.“കുഞ്ഞിക്ക് ഭാഗ്യമില്ല. ഇന്നു കടയൊന്നും തുറന്നിട്ടില്ല!“
കാളവാലുപൊക്കുമ്പോഴേ പശുവിന് മനസ്സിലാകുമെന്ന് പറഞ്ഞതുപോലെ രണ്ടു നാവുകൾ ഒരേ സ്വരത്തിൽ മൊഴിഞ്ഞു.“ഏതെങ്കിലും കട കാണും നമ്മുക്ക് നോക്കാം.ഇത്രേം വല്യ സിറ്റിയല്ലേ?“
ഞാൻ ആകാശത്തേയ്ക്ക് നോക്കി. മഴയ്ക്ക് വല്ല കോളുമുണ്ടോ?

ഗല്ലിയായ ഗല്ലിയെല്ലാം കേറിയിറങ്ങി  ചെരുപ്പ് തേഞ്ഞ് തീരുന്നത് മാത്രമല്ലായിരുന്നു എന്റെ ചിന്ത. ദാഹവും വിശപ്പും കേറിക്കഴിഞ്ഞാൽ ഇനി ഏത് റെസ്റ്റോറന്റിലേക്കായിരിക്കും റെക്കമെന്റേഷനെന്ന ചിന്ത എന്റെ പരവേശം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം അവരതു കണ്ടുപിടിക്കുക തന്നെ ചെയ്തു!
വെള്ളിക്കൊലുസുകട!
കുഞ്ഞിതുള്ളിച്ചാടി!
കുഞ്ഞീടമ്മയും തുള്ളിച്ചാടി!
‘ബൊമ്മന‘ സാരി ഷോറൂം ഓപ്പൊസിറ്റ്!

വെള്ളിക്കൊലുസുകടയിൽ ആരുമുണ്ടായിരുന്നില്ല ഞങ്ങൾ കയറിയപ്പോൾ... രക്ഷപ്പെട്ടെന്ന് ഒരുവേള ഞാൻ നിനച്ചുപോയി.
എന്നെ ഞെട്ടിച്ചുകൊണ്ട് വെള്ളവേഷധാരിയായ ഒരു വൃദ്ധൻ എവിടുന്നോ പ്രത്യക്ഷപ്പെട്ടു!
എന്നെ വീണ്ടും വീണ്ടും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്!
വൃദ്ധൻ വന്ന പാടേ ഭാര്യയുടെ കാൽക്കലേയ്ക്ക് ഒറ്റവീഴ്ച!
കാൽ തൊട്ട് നെറുകയിൽ വെച്ച് വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞു, “അമ്മേ, നിങ്ങളീക്കടയിൽ വന്നത് എന്റെ പുണ്യമാണ്! ദേവതുല്യയായ നിങ്ങളെ  ഇവിടെ കാണാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.“
ഞാൻ കർച്ചീഫെടുത്ത് വായ് പൊത്തി.
വൃദ്ധൻ എന്റെ നേരേ തിരിഞ്ഞു.
“സാർ, നിങ്ങൾ ഭാഗ്യം ചെയ്തവനാണ്! ഞാൻ ചുമ്മാതെ പറയുന്നതാണന്ന് കരുതരുത്. എനിക്ക് മുഖലക്ഷണം അറിയാം.“
പിന്നെ അയാൾ ഭാര്യയുടെ നേരേ തിരിഞ്ഞു.“അമ്മാ, നിങ്ങൾ താമസിക്കുന്ന വീട് നിങ്ങൾക്കാവശ്യമുള്ളതിനേലും വലുതല്ലേ? നിങ്ങളുടെ വാഹനം വലുതല്ലേ?“
ആണെന്നോ അല്ലെന്നോ ഞങ്ങൾ രണ്ടുപേരും പറഞ്ഞില്ല.
അടുത്ത ചോദ്യം.
“നിങ്ങളുടെ വാഹനം വെള്ളനിറത്തിലേയല്ലേ?“
ഒരു കിലോമീറ്ററിലധികം ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ നിറം ഇയാളെങ്ങനെ അറിഞ്ഞു എന്ന് ഞാൻ ചിന്തിച്ച് തീരുമ്പോഴേയ്ക്കും അവിടെ വെള്ളിക്കൊലുസ് ബാഗിനുള്ളിലായിക്കഴിഞ്ഞിരുന്നു!
കുനുകുനെ എഴുതിയ ഒരു വെള്ളക്കടലാസ് എന്റെ നേരേ നീണ്ടു.
വെറും 4565 രൂപ മാത്രം. “സാർ നിങ്ങൾ 4500 മാത്രം തന്നാൽ മതി“ എത്ര ഉദാരമനസ്കൻ!
പണമെണ്ണിക്കൊടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി. കുഞ്ഞി ഹാപ്പി. കുഞ്ഞീടമ്മ അതിലും ഹാപ്പിയായി ബൊമ്മനയിലേയ്ക്ക് കയറി.
വൃദ്ധന്റെ കടയുടെ വാതുക്കൽ വെച്ചിരുന്ന കൂജയിൽ നിന്നും ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്ത് കുടിച്ച് ഞാൻ സായൂജ്യമടഞ്ഞു.
ബൊമ്മനയിലെ ഷെൽഫിലെ തുണികൾ ഒട്ടുമുക്കാലും താഴെവീണുകഴിഞ്ഞു.കടക്കാരന്റെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഞാൻ ബൊമ്മനയുടെ വാതുക്കൽ തന്നെ നിന്നു.
“വല്ല്യ കടയാണന്നേ ഒള്ളൂ.. ഒറ്റനല്ല തുണിയില്ല..“
“നീ പറഞ്ഞത് വളരെ കറക്റ്റാ... ഈ കട കണ്ടപ്പോഴേ എനിക്ക് തോന്നി.“ ഞാൻ ഭാര്യയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.
വണ്ടിതുറക്കാനായ് കീ എടുത്തപ്പോൾ വെള്ളിക്കൊലുസിന്റെ തുണ്ട് കടലാസ് പോക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വന്നു.
ചുമ്മാതെ അതൊന്നുകൂടി നോക്കി.
ഒരു വശപ്പിശക്!
മൊബൈലിലെ കാൽക്കുലേറ്ററിൽ വീണ്ടും വീണ്ടും കുത്തി.
എത്ര കുത്തിയിട്ടും വിലയും തൂക്കവും ഒത്തുചേരുന്നില്ല. ആയിരം രൂപയുടെ വ്യത്യാസം!
അങ്ങനെ വിടാൻ പറ്റുമോ? ഒരു കിലോമീറ്റർ നടന്നാൽ പോരേ...
വൃദ്ധന്റെ കടയിലേയ്ക്ക് വലിഞ്ഞ് നടന്നു. കുഞ്ഞി പറഞ്ഞു.“അച്ച പൊക്കോ, ഞങ്ങള് വണ്ടീലിരുന്നോളാം“  അമ്മയുടെ മോളുതന്നെ!
ഞാൻ വലിഞ്ഞ് നടന്നു.
തഥൈവ!
വൃദ്ധനുമില്ല...കടയുമില്ല... ഷട്ടറിട്ടുകഴിഞ്ഞിരുന്നു!
വിയർത്തുകുളിച്ച് വന്ന് വണ്ടീൽ കേറിയപ്പോൾ ഭാര്യ പറയുകയാണ്...“ആയിരം രൂപ അങ്ങേരുടെ ജ്യോതിഷചാർജായിരിക്കും“
വണ്ടി മുന്നോട്ടൊന്നു ചാടി. പിന്നയതിന് സ്വപ്നവേഗതയായിരുന്നുവോ...


.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP