ആൽത്തറയിലെ പ്‌രാന്തി
Sunday, October 29, 2017
കുറേ നാളായിട്ട് വിചാരിക്കുന്നതാണ് ഒന്ന് ഉള്ള് തൊറന്ന് സംസാരിക്കണമെന്ന്. പക്ഷേ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്ന് ചേരും. അവസാനം ഒന്നും നടക്കില്ല. പറയാൻ വിചാരിച്ച കാര്യങ്ങൾ മനസ്സീക്കെടന്നങ്ങനെ വിങ്ങലിക്കും. നെരിപ്പോട് പോലതങ്ങനെ നീറിക്കൊണ്ടിരിക്കും.
എനിക്ക് പറയാൻ എന്തെല്ലാം കാര്യങ്ങളുണ്ടന്നറിയുമോ നിങ്ങൾക്ക്?
എങ്ങനറിയാൻ? പറയാതെ എങ്ങനറിയാൻ! അല്ലേ?
ഞാൻ പറയാം. പക്ഷേ കേൾക്കാൻ നിങ്ങളിരിക്കുവോ? അതോ അവരൊക്കെ ചെയ്തപോലെ തന്നെ പറയുവോ....അവൾക്ക് ഒടുക്കത്തെ പ്‌രാന്താണന്ന്!
എന്റെ മനസ്സിലുള്ളത് സംസാരിച്ച് തുടങ്ങിയപ്പോൾ, എനിക്കിഷ്ടമുള്ളതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ എല്ലാരും പറഞ്ഞുതുടങ്ങി; “പിശാച്, ഇങ്ങേനേമൊണ്ടോ ഒരു ശല്യം.വായില് നാക്കിടാതെ“ .
എന്നെ എല്ലാവരും ശല്യമായി കണ്ടപ്പോൾ ഞാൻ ആരോടും ഒന്നും മിണ്ടാതായി.
തനിച്ചിരുന്ന് ഞാൻ കരഞ്ഞു തുടങ്ങി. അന്നൊക്കെ ഞാൻ കരയുന്നത് എനിക്ക് പോലും കേൾക്കാൻ പറ്റില്ലായിരുന്നു.ഇറ്റ് വീഴുന്ന കണ്ണീീർ കവിളിലൂടെ ഒഴുകി മാറിനേൽപ്പിക്കുന്ന ചൂടിൽ ഞാൻ ആശ്വാസം തേടിയിരുന്നു.
എന്റെ ഇഷ്ടങ്ങൾ ഞാൻ എന്നിൽ തന്നെ ഒതുക്കി. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കായ് ജീവിക്കാൻ ശ്രമിച്ചു. നടക്കുന്നില്ലായിരുന്നു. ചില നിമിഷങ്ങളിൽ ഞാനെന്റേതായ ലോകത്തിലേയ്ക്ക് പോകും.സ്വപ്നത്തിന്റെ, ഭാവനയുടെ ലോകത്തിലേയ്ക്ക്...
അവിടെ ഞാനും എന്റെ കൂട്ടുകാരും മാത്രം.
പൂവും,പൂക്കളും, പറവകളുമടങ്ങുന്ന ലോകം.
കാറ്റും, കാറ്റാടിയും,കൽപ്പടവുകളുമടങ്ങുന്ന ലോകം.
മനുഷ്യരൊഴികെ എല്ലാവരോടും ഞാൻ സംസാരിച്ചു. എനിക്കറിയാവുന്ന മനുഷ്യർക്കെല്ലാം മുൻവിധികളുണ്ടായിരുന്നു.
‘അവൾക്ക് വട്ടാണ്!‘
എന്റെ സങ്കടങ്ങൾ എന്നിൽ തന്നെ ഒതുക്കി ഞാൻ. അതൽപം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്! സങ്കടം വന്നാൽ ഒന്നുകിൽ കരഞ്ഞുതീർക്കണം. അല്ലെങ്കിലാരുടെയെങ്കിലും മെക്കിട്ട് കേറണം, ഇതു രണ്ടുമില്ലേൽ ലേശം ബുദ്ധിമുട്ടുതന്നെയാണ്. എങ്കിലും എല്ലാം സഹിച്ച് ഞാനെന്റെ സങ്കടങ്ങളെയങ്ങ് അണകെട്ടി നിർത്തി.
എത്രവലിയ അണക്കെട്ടായാലും, താങ്ങാവുന്നതിലും അധികമായാൽ പൊട്ടും! പൊട്ടിയൊഴുകും. ആ ഒഴുക്കിന്റെ ശക്തിയിൽ അത് പലതും കൂടെ കൊണ്ടുപോകും. പിന്നെ ഒഴുക്കിന്റെ ശക്തി കുറയുമ്പോൾ... ശക്തി കുറയുമ്പോൾ നാം മനസ്സിലാക്കും, അണക്കെട്ടിനുള്ളിൽ കെട്ടിനിർത്തിയിരുന്ന വെള്ളത്തിന്റെ യഥാർത്ഥ ശക്തി!
ഞാൻ ശരിക്കും വിള്ളലുവീണ അണക്കെട്ടായിരുന്നു.പൊട്ടാനുള്ള ഒരു തുള്ളി അധികവെള്ളത്തിനുവേണ്ടി ഞാൻ കാത്തിരുന്നു!
അവസാനം അതുമുണ്ടായി. ഞാൻ പൊട്ടിത്തെറിച്ചു. എന്നെ പിടിച്ചുനിർത്താൻ ആർക്കുമായില്ല! അവരപ്പോ പറഞ്ഞു, അവൾക്ക് ‘മുഴുപ്‌രാന്തായെന്ന്‘!
ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.
ചിരിച്ച് ചിരിച്ച് എന്റെ സങ്കടങ്ങളില്ലാതാകുന്നു! എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി!
ഞാൻ കരഞ്ഞു. അലറി അലറി കരഞ്ഞു.
ഇപ്പോ ഞാൻ പണ്ടേ പോലെയൊന്നുമല്ല കരയുന്നത്! നെഞ്ചിനിടിച്ച് അലറിക്കരയുന്നു!
എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.
എന്റെ ചിരിയും കരച്ചിലും എനിക്ക് വിവരിക്കാനാവാത്ത ആഹ്ളാദം നൽകി.
പിന്നെപ്പിന്നെ ഞാൻ എപ്പോഴും ചിരിച്ചുകൊണ്ടേയിരുന്നു.കരഞ്ഞുകൊണ്ടേയിരുന്നു.
എന്നെത്തന്നെ മറന്ന് ചിരിക്കുന്നു. എന്നെത്തന്നെ മറന്ന് കരയുന്നു. എനിക്ക് ചുറ്റുമുള്ള ലോകത്തെ മറന്ന് കരയാനും ചിരിക്കാനും ഞാൻ പഠിച്ചു കഴിഞ്ഞു.
‘മുഴുപ്‌രാന്ത്‘ സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, അങ്ങേര് ഇറങ്ങിപ്പോയി. കൂടെ പിള്ളേരേം കൊണ്ടുപോയി...
പോട്ടെ...
എല്ലാരും പൊയ്ക്കോട്ടെ...
എനിക്ക് ഞാൻ മാത്രം മതി.
എന്നെകേൾക്കാൻ വേറെ ആരും വേണ്ട. ഞാൻ സംസാരിച്ചു. അടുക്കളയിലെ പാത്രങ്ങളോട് സംസാരിച്ചു.സ്റ്റീൽ പാത്രങ്ങളോട് സംസാരിക്കാൻ എനിക്കിഷ്ടമായിരുന്നു. അവരെപ്പോഴും കൂട്ടിയിടിച്ച് എനിക്ക് മറുപടി തന്നിരുന്നു.എന്നോട് സംസാരിക്കുന്നവരോട് എന്നും എനിക്കിഷ്ടമായിരുന്നു. മൺപാത്രങ്ങളെ ഞാൻ വെറുത്തു. എന്തുപറഞ്ഞാലും ഒന്നും മിണ്ടില്ല! ദേഷ്യം വന്ന ഒരു ദിവസം എല്ലാത്തിനേയും തൂത്തുപെറുക്കി വാഴച്ചോട്ടിലിട്ട് തല്ലിപ്പൊട്ടിച്ചു.പൊടിപൊടിയായ മൺപാത്രങ്ങളെ നോക്കി ഞാൻ പൊട്ടിച്ചിരിച്ചു.
എന്തു രസമായിരുന്നു അത്...
മനസ്സിലെ ഭാരം ഒഴിഞ്ഞിറങ്ങുമ്പോളെന്തു സുഖമാണ്!
കാർ മേഘം മാറിയ ആകാശം പോലെ...
ചെടികളോടും, പാത്രങ്ങളോടും, മൃഗങ്ങളോടും സംസാരിച്ച് ഞാനങ്ങനെ സുഖിച്ച് കഴിഞ്ഞ് വരെവേയാണ് അടുത്ത കുരിശ്!
സഹായികളാണന്ന നാട്യക്കാർ...
സുഹ്രുത്തുക്കൾ...
സ്വന്തക്കാർ...
സത്യം പറയട്ടെ, എല്ലാരുമെന്റെ സ്വസ്ഥ ജീവിതം തകർക്കാൻ വന്നവരായിരുന്നു. എന്റെ ശത്രുക്കൾ. ഞാനത് മനസ്സിലാക്കിയപ്പോൾ സമയം കഴിഞ്ഞുപോയിരുന്നു
ഹൊ...അവരെയൊക്കെ കുറിച്ചോർക്കുമ്പോൾ...തീ വെയ്ക്കണം...എല്ലാറ്റിനേയും കൂട്ടിനിർത്തി ഒറ്റയടിക്ക് ചാമ്പലാക്കണം ...
സഹായികളാണുപോലും! സ്വസ്ഥ ജീവിതം തകർത്തവർ...
പുല്ലിനോടും പൂച്ചയോടും സംസാരിച്ചാൽ വട്ടാണന്ന് വിധിയെഴുതിയവർ...
എന്തിനും കുറ്റം കണ്ടെത്തിയവർ...
ഒരു നിമിഷം പോലും എന്നെ കേൾക്കാൻ മനസ്സില്ലാത്തവർ...
സഹതാപം! ഒടുക്കത്തെ സഹതാപം മാത്രം എല്ലാവർക്കും!
ആർക്കുവേണം സഹതാപം?
ഞാൻ അക്രമം തുടങ്ങിയത്രേ! അവരാരും അതിൽ കുറ്റക്കാരല്ല. ദേഷ്യം തോന്നി. എനിക്ക് എല്ലാവരോടും ഒടുക്കത്തെ പക തോന്നി.
ഒരു നാൾ അവരെല്ലാവരും കൂടി എന്നെ പിടിച്ച് വലിച്ചുകൊണ്ടുപോയി. വണ്ടിയിലിരുന്ന് അവര് പറയുന്നത് ഞാൻ കേട്ടു.“ഇനീം വെച്ചോണ്ടിരുന്നാൽ ശരിയാവൂല്ല.ഭാഗ്യത്തിനാ ജീവൻ രക്ഷപ്പെട്ടത്!“ ഞാനാരുടേയോ കഴുത്തിന് കുത്തിപ്പിടിച്ചത്രേ! ഞാൻപറയുന്നതൊന്നും ആരും കേൾക്കുണ്ടായിരുന്നില്ല.
പ്‌രാന്തിയുടെ ജൽപ്പനങ്ങൾ ആരു കേൾക്കാൻ!
ശരീരമാകെ സൂചികേറി...
ശരീരത്തിനകത്താകെ അറിയപ്പെടാത്തെ രാസവസ്തുക്കൾ കേറി...
വല്ലാത്ത തളർച്ച...
ഉറക്കം മാത്രം...ഉറക്കം മാത്രം...
എന്റെ സങ്കടങ്ങൾ...എന്റെ കൊച്ചു സന്തോഷങ്ങൾ...ആരു കേൾക്കാൻ.
വീണ്ടുമൊരു അണകെട്ട് രൂപം കൊള്ളുകയായിരുന്നെന്ന് ഞാനറിഞ്ഞു. പൊട്ടാനായ് അവസരം കാത്തിരുന്ന അണക്കെട്ട്!
രാത്രിയുടെ ഏതോ യാമത്തിൽ ബാത്‌റൂമിലേയ്ക്ക് കൂട്ടിനു വന്ന സഹായിയെ തള്ളി മറിച്ച് ഞാനോടി.എങ്ങോട്ടേക്കില്ലാതെ...
ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു...
ഇനി എന്നെ ആരും കണ്ടുപിടിക്കരുത്...
ഒരു ബന്ധുക്കളും വരരുത്...ഒരു സുഹൃത്തുക്കളും വരരുത്...
എനിക്കെന്റെ ലോകത്ത് ജീവിക്കണം. പക്ഷികളോടും പാറകളോടും സംസാരിക്കണം.ഉള്ള് തൊറന്ന് സംസാരിക്കണം!
മനസ്സ് തുറന്ന് കരയണം. കരയുവോളം ചിരിക്കണം.
ഇന്ന്, ഇപ്പോൾ ഈ ആൽത്തറയിൽ ഇരിക്കുമ്പോൾ ഞാൻ വേറൊരു ലോകം കാണുന്നു. എന്റേതായ ലോകം.
ഇവിടിരുന്ന് ഞാൻ എന്റെ ഉള്ളിലുള്ളത് മുഴുവൻ പറയും. എന്റെ ഹൃദയഭാരം ഇറക്കിവെയ്ക്കും, കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം കേട്ടോട്ടെ!
ആൽത്തറയിലെ പ്‌രാന്തി എന്ന് വിളിക്കുന്നവരുണ്ടായിക്കോട്ടെ...
ഞാനതു കാര്യമാക്കുന്നില്ല.
ആരേയും കേൾക്കാതിരിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു.
3 comments:
ഇവിടിരുന്ന് ഞാൻ എന്റെ ഉള്ളിലുള്ളത് മുഴുവൻ പറയും. എന്റെ ഹൃദയഭാരം ഇറക്കിവെയ്ക്കും, കേൾക്കാൻ താൽപ്പര്യമുള്ളവർ മാത്രം കേട്ടോട്ടെ!..
നമ്മൾ ബ്ലോഗറുമാരും ...നല്ല അനുഭവം ..ആശംസകൾ
നല്ല കഥ.ഇഷ്ടമായി സതീശേട്ടാ!!!
Thanks Punaluran.
Thanks Sudhi
Post a Comment