Followers

വെള്ളിക്കൊലുസ്

Sunday, October 22, 2017

നടക്കുമ്പോൾ കിലുങ്ങുന്ന വെള്ളിക്കൊലുസ്! കുറേ നാളായുള്ള ആവശ്യമാണ്. ഇന്നു വാങ്ങാം, നാളെ വാങ്ങാം എന്നൊക്കെ പറഞ്ഞ് ഏകദേശം ഒരു വർഷത്തോളം തള്ളിമാറ്റി.ഈയിടെയായ് വെള്ളിക്കൊലുസിന്റെ കാര്യമൊന്നും പറഞ്ഞുകേൾക്കാതായപ്പോൾ, ഭാര്യയോട് ചോദിച്ചു;“എന്താ കുഞ്ഞി വെള്ളിക്കൊലുസിന്റെ കാര്യോക്കെ മറന്നോ?“
“പിന്നേ മറന്നു, നല്ല കുഞ്ഞാ! നിങ്ങളോട് പറഞ്ഞിട്ട് കാര്യോന്നുമില്ലാന്ന് തോന്നിയിട്ടാരിക്കും.“
ഞാനെന്തായാലും ആ പറഞ്ഞത് കേട്ടതായി നടിച്ചില്ല. നോട്ട് നിരോധനം ഇന്ത്യാ മഹാരാജ്യത്തിനുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരുന്നു.
ഹൗസിങ്ങ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഗംഭീര പുതുവൽസര പാർട്ടിയിൽ പങ്കെടുക്കണമെന്ന പ്രതിപക്ഷ  (കുഞ്ഞിയും അമ്മയും) അഭിപ്രായത്തിനോട് ഞാനും യോജിച്ചു. മുതൽ മുടക്കില്ലാതെ കിട്ടുന്ന പാർട്ടി എന്തിനാ കളയുന്നതെന്ന നിർദോഷപരമായ ചിന്ത എന്റെ നിഷ്ക്കളങ്ക മനസ്സിലുണ്ടായതിൽ ഞാനഭിമാനിച്ചു.
പ്രതിപക്ഷം അതിന് വേറേ ചില വ്യാഖ്യാനങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഞാനത് കേട്ടെന്ന് നടിച്ചില്ല.
വിഘടിപ്പിച്ച് ഭരിക്കുക എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് എനിക്ക് ബോധ്യമായത് അപ്പോഴാണ്!ഭൂരിപക്ഷ ഏകീകരണതെ അടിച്ചമർത്താൻ കണ്ടുപിടിച്ച എത്ര ഉദാത്തമായ സംഗതി!
കുഞ്ഞി സന്ധ്യയ്ക്ക് മുന്നേ തന്നെ ഒരുങ്ങി പാർട്ടിസ്ഥലത്തേയ്ക്ക് പോയി. വിഭവ സമൃദ്ധമായ ഒരു പാർട്ടിയെ മുന്നിൽ കണ്ടുകൊണ്ട് ഞാനും വേഗം തന്നെ റെഡിയായി.പക്ഷേ എന്നെ  അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞ ആ സംഭവം പിന്നിടാണുണ്ടായത്. ഞാൻ ഒരുങ്ങി മണിക്കൂർ ഒന്നുരണ്ട്  കഴിഞ്ഞിട്ടും  ഭാര്യ ഇറങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല!
കുറേ നേരം വിളിച്ച് കൂവി ക്ഷമകെട്ട് ഞാൻ ബെഡ്‌റൂമിന്റെ വാതിൽ തള്ളിത്തുറന്നു.
“ഞാൻ റെഡി, പോകാം.“ എന്ന് പറഞ്ഞ് ഭാര്യ മുറിയ്ക്ക് പുറത്തേക്കിറങ്ങി.
ഞെട്ടിപ്പോയി ഞാൻ!
‘പത്താൾ കൂടുന്നിടത്ത് ഈ ഡ്രസ് തന്നെ ഇട്ടോണ്ട് പോണോടീ?“
എന്റെ വാക്കുകൾ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. വരണ്ട തൊണ്ടയിലൂടെ അവലൂസുപൊടി ഇറക്കിവിടുന്നപോലൊരിത്!
അവളൊന്നും പറഞ്ഞില്ല.
അവളൊരു നോട്ടം!
ആയിരം വാക്കുകളേക്കാൾ ശക്തി ഒരുനോട്ടത്തിനുണ്ടോ?
എന്റെ കൈയ്യേ പിടിച്ച് അലമാരയുടെ മുന്നിൽ കൊണ്ട് നിർത്തി.“നോക്ക്“ എന്നൊരു പറച്ചിലും.
“എന്തേ“ എന്ന നിഷ്കളങ്കമായ ഒരു നോട്ടം മാത്രമെറിഞ്ഞ് ഞാൻ നിന്നു.
“നിങ്ങളുതന്നെ ഇതീന്ന് സെലക്റ്റ് ചെയ്തു താ.“ അടുക്കി വെച്ചിരുന്ന സാരികളും ചുരിദ്ദാറുമൊക്കെ ഒന്നൊന്നായി ഞാനെടുത്ത് നോക്കി. ചതി! ശുദ്ധ ചതി! കീറിയതും, പിഞ്ചിയതും, കളറുപിടിച്ചതുമല്ലാതെ ഒറ്റൊരു നല്ലതു പോലുമില്ല.
ഞാൻ കൈകൊണ്ട് എന്റെ തലയ്ക്കു തന്നെ കൊട്ടി. പിന്നെ വളരെ ദയാഭാവം വരുത്തി ചോദിച്ചു. “എങ്കിലും നീ ഈ കറുത്ത ഡ്രസുമിട്ട് ഭൂതസമാനമായിട്ട് ഇറങ്ങിക്കളഞ്ഞല്ലോ! അതും നല്ലൊരു ദിവസമായിട്ട്!“
“പിന്നേ ഒള്ളതല്ലേ ഇടാൻ പറ്റൂ... അത്ര ദെണ്ണമൊള്ളോരാണേല് ചിക്കിലിയെറക്കണം...ചിക്കിലി. ഇങ്ങനേമൊണ്ടോ പിശുക്ക്! എന്റെ കാര്യം പോട്ടെ; ആ  കൊച്ചിനൊരു വെള്ളിക്കൊലുസ് വാങ്ങാമെന്ന് പറഞ്ഞ് പറ്റിക്കാൻ തൊടങ്ങീട്ട് കാലമെത്രയായ്...“
സുന്ദരീമണി എന്നേയും കടന്ന് വാതിൽ തുറന്ന് പുറത്തേയ്ക്ക്! ഒരു കൊടുങ്കാറ്റ് കടന്നുപോയതാണോയെന്ന സംശയം ഒരുനിമിഷത്തേയ്ക്കുണ്ടായി!

പുരുഷന്റെ അഭിമാനമെന്ന അണ്ഡകടാഹത്തിൽ കൊട്ടാനുള്ള സ്ത്രീയുടെ മിടുക്ക്!
പിശുക്കൻ!
അങ്ങനെയങ്ങ് സമ്മതിച്ചുകൊടുക്കാമോ? അടുത്ത ദിവസം തന്നെ ഞാൻ പ്രഖ്യാപിച്ചു, “അടുത്ത ഞായറാഴ്ചയെന്ന ഒരു ദിവസമുണ്ടേല് കുഞ്ഞിക്ക് വെള്ളിക്കൊലുസ് വാങ്ങിയിരിക്കും. ഇതു സത്യം സത്യം“
ശ്രീമതിക്ക് എന്റെ ശപഥം അത്ര ഏറ്റതായി തോന്നിയില്ല. ഒരു ആക്കിയ ചിരി. ഇതുപോലെത്ര കേട്ടിരിക്കുന്നു എന്ന ഭാവം!
പാവം  ഞാൻ! അങ്ങനെ വിട്ടുകൊടുക്കാമോ?
“എങ്കീ കേട്ടോ വെള്ളിക്കൊലുസിന്റെ കൂടെ നെനക്ക് ഒരു സാരികൂടെ ഓഫർ!“
സന്തോഷം സഹിക്കവയ്യാഞ്ഞിട്ടായിരിക്കാം, പാവം ടാപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഗുളുഗുളാ കുടിച്ചു. ഞാനതു കണ്ടതായി നടിച്ചില്ല..
വാക്കുപറഞ്ഞാൽ മാറ്റാൻ പറ്റില്ലല്ലോ?(മാറ്റണമെങ്കിലും നടക്കില്ല. ഭൂരിപക്ഷം! അമ്മയും മകളും!)
ഞായറാഴ്ച ഞങ്ങളങ്ങനെ വെള്ളിക്കൊലുസും തേടിയിറങ്ങി.
ഞായറാഴ്ച വൈകുന്നേരം ഇറങ്ങിയത് ഒരുകണക്കിന് ഭാഗ്യം എന്ന് തന്നെ എനിക്ക് തോന്നി, കടയെല്ലാം അടഞ്ഞുകിടക്കുന്നു. വന്നുകേറിയ ഭാഗ്യത്തെ പുറത്തേയ്ക്ക് കാണിക്കാതെ വളരെ വിഷമത്തോടെ ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു.“കുഞ്ഞിക്ക് ഭാഗ്യമില്ല. ഇന്നു കടയൊന്നും തുറന്നിട്ടില്ല!“
കാളവാലുപൊക്കുമ്പോഴേ പശുവിന് മനസ്സിലാകുമെന്ന് പറഞ്ഞതുപോലെ രണ്ടു നാവുകൾ ഒരേ സ്വരത്തിൽ മൊഴിഞ്ഞു.“ഏതെങ്കിലും കട കാണും നമ്മുക്ക് നോക്കാം.ഇത്രേം വല്യ സിറ്റിയല്ലേ?“
ഞാൻ ആകാശത്തേയ്ക്ക് നോക്കി. മഴയ്ക്ക് വല്ല കോളുമുണ്ടോ?

ഗല്ലിയായ ഗല്ലിയെല്ലാം കേറിയിറങ്ങി  ചെരുപ്പ് തേഞ്ഞ് തീരുന്നത് മാത്രമല്ലായിരുന്നു എന്റെ ചിന്ത. ദാഹവും വിശപ്പും കേറിക്കഴിഞ്ഞാൽ ഇനി ഏത് റെസ്റ്റോറന്റിലേക്കായിരിക്കും റെക്കമെന്റേഷനെന്ന ചിന്ത എന്റെ പരവേശം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
അവസാനം അവരതു കണ്ടുപിടിക്കുക തന്നെ ചെയ്തു!
വെള്ളിക്കൊലുസുകട!
കുഞ്ഞിതുള്ളിച്ചാടി!
കുഞ്ഞീടമ്മയും തുള്ളിച്ചാടി!
‘ബൊമ്മന‘ സാരി ഷോറൂം ഓപ്പൊസിറ്റ്!

വെള്ളിക്കൊലുസുകടയിൽ ആരുമുണ്ടായിരുന്നില്ല ഞങ്ങൾ കയറിയപ്പോൾ... രക്ഷപ്പെട്ടെന്ന് ഒരുവേള ഞാൻ നിനച്ചുപോയി.
എന്നെ ഞെട്ടിച്ചുകൊണ്ട് വെള്ളവേഷധാരിയായ ഒരു വൃദ്ധൻ എവിടുന്നോ പ്രത്യക്ഷപ്പെട്ടു!
എന്നെ വീണ്ടും വീണ്ടും ഞെട്ടിച്ച സംഭവങ്ങളാണ് പിന്നീടുണ്ടായത്!
വൃദ്ധൻ വന്ന പാടേ ഭാര്യയുടെ കാൽക്കലേയ്ക്ക് ഒറ്റവീഴ്ച!
കാൽ തൊട്ട് നെറുകയിൽ വെച്ച് വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞു, “അമ്മേ, നിങ്ങളീക്കടയിൽ വന്നത് എന്റെ പുണ്യമാണ്! ദേവതുല്യയായ നിങ്ങളെ  ഇവിടെ കാണാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.“
ഞാൻ കർച്ചീഫെടുത്ത് വായ് പൊത്തി.
വൃദ്ധൻ എന്റെ നേരേ തിരിഞ്ഞു.
“സാർ, നിങ്ങൾ ഭാഗ്യം ചെയ്തവനാണ്! ഞാൻ ചുമ്മാതെ പറയുന്നതാണന്ന് കരുതരുത്. എനിക്ക് മുഖലക്ഷണം അറിയാം.“
പിന്നെ അയാൾ ഭാര്യയുടെ നേരേ തിരിഞ്ഞു.“അമ്മാ, നിങ്ങൾ താമസിക്കുന്ന വീട് നിങ്ങൾക്കാവശ്യമുള്ളതിനേലും വലുതല്ലേ? നിങ്ങളുടെ വാഹനം വലുതല്ലേ?“
ആണെന്നോ അല്ലെന്നോ ഞങ്ങൾ രണ്ടുപേരും പറഞ്ഞില്ല.
അടുത്ത ചോദ്യം.
“നിങ്ങളുടെ വാഹനം വെള്ളനിറത്തിലേയല്ലേ?“
ഒരു കിലോമീറ്ററിലധികം ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ നിറം ഇയാളെങ്ങനെ അറിഞ്ഞു എന്ന് ഞാൻ ചിന്തിച്ച് തീരുമ്പോഴേയ്ക്കും അവിടെ വെള്ളിക്കൊലുസ് ബാഗിനുള്ളിലായിക്കഴിഞ്ഞിരുന്നു!
കുനുകുനെ എഴുതിയ ഒരു വെള്ളക്കടലാസ് എന്റെ നേരേ നീണ്ടു.
വെറും 4565 രൂപ മാത്രം. “സാർ നിങ്ങൾ 4500 മാത്രം തന്നാൽ മതി“ എത്ര ഉദാരമനസ്കൻ!
പണമെണ്ണിക്കൊടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി. കുഞ്ഞി ഹാപ്പി. കുഞ്ഞീടമ്മ അതിലും ഹാപ്പിയായി ബൊമ്മനയിലേയ്ക്ക് കയറി.
വൃദ്ധന്റെ കടയുടെ വാതുക്കൽ വെച്ചിരുന്ന കൂജയിൽ നിന്നും ഒരു ഗ്ളാസ് തണുത്ത വെള്ളമെടുത്ത് കുടിച്ച് ഞാൻ സായൂജ്യമടഞ്ഞു.
ബൊമ്മനയിലെ ഷെൽഫിലെ തുണികൾ ഒട്ടുമുക്കാലും താഴെവീണുകഴിഞ്ഞു.കടക്കാരന്റെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഞാൻ ബൊമ്മനയുടെ വാതുക്കൽ തന്നെ നിന്നു.
“വല്ല്യ കടയാണന്നേ ഒള്ളൂ.. ഒറ്റനല്ല തുണിയില്ല..“
“നീ പറഞ്ഞത് വളരെ കറക്റ്റാ... ഈ കട കണ്ടപ്പോഴേ എനിക്ക് തോന്നി.“ ഞാൻ ഭാര്യയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു.
വണ്ടിതുറക്കാനായ് കീ എടുത്തപ്പോൾ വെള്ളിക്കൊലുസിന്റെ തുണ്ട് കടലാസ് പോക്കറ്റിൽ നിന്നും പുറത്തേയ്ക്ക് വന്നു.
ചുമ്മാതെ അതൊന്നുകൂടി നോക്കി.
ഒരു വശപ്പിശക്!
മൊബൈലിലെ കാൽക്കുലേറ്ററിൽ വീണ്ടും വീണ്ടും കുത്തി.
എത്ര കുത്തിയിട്ടും വിലയും തൂക്കവും ഒത്തുചേരുന്നില്ല. ആയിരം രൂപയുടെ വ്യത്യാസം!
അങ്ങനെ വിടാൻ പറ്റുമോ? ഒരു കിലോമീറ്റർ നടന്നാൽ പോരേ...
വൃദ്ധന്റെ കടയിലേയ്ക്ക് വലിഞ്ഞ് നടന്നു. കുഞ്ഞി പറഞ്ഞു.“അച്ച പൊക്കോ, ഞങ്ങള് വണ്ടീലിരുന്നോളാം“  അമ്മയുടെ മോളുതന്നെ!
ഞാൻ വലിഞ്ഞ് നടന്നു.
തഥൈവ!
വൃദ്ധനുമില്ല...കടയുമില്ല... ഷട്ടറിട്ടുകഴിഞ്ഞിരുന്നു!
വിയർത്തുകുളിച്ച് വന്ന് വണ്ടീൽ കേറിയപ്പോൾ ഭാര്യ പറയുകയാണ്...“ആയിരം രൂപ അങ്ങേരുടെ ജ്യോതിഷചാർജായിരിക്കും“
വണ്ടി മുന്നോട്ടൊന്നു ചാടി. പിന്നയതിന് സ്വപ്നവേഗതയായിരുന്നുവോ...






.

5 comments:

Meera's World said...

You have a very natural way of presenting humour. It's never boring to read your stories mixed with realities and imaginations:)

Cv Thankappan said...

ഞായറാഴ്ച്ച ഷോപ്പിംഗിനിറങ്ങിയാല്‍ ഇങ്ങനെയിരിക്കും....
ആശംസകള്‍

Sathees Makkoth said...

Meera- thanks a lot
Thankappan ചേട്ടാ, നന്ദി

സുധി അറയ്ക്കൽ said...

നല്ല കഥ.അല്ലെങ്കിലും ഒരു കൊലുസ്സിനു ഇത്രേം പൈസയൊന്നുമാകത്തില്ല.

Sathees Makkoth said...

സുധി അറയ്ക്കൽ : :)) Santhosham. thanks

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP