ശാപമോക്ഷം
Sunday, December 23, 2007
ചേട്ടാ...
ചേട്ടോ...
നേരം പരപര വെളുത്ത് വരുന്നതേയുള്ളു. യാത്ര ചെയ്തതിന്റെ ക്ഷീണമുള്ളതിനാല്‍ കുറച്ച് താമസിച്ചെണീറ്റാല്‍ മതി എന്ന് കരുതിയാണ് അപ്പുക്കുട്ടന്‍ കിടന്നത്.നാട്ടില്‍ വന്നാലുള്ള കുഴപ്പമിതാണ്.കൂടുതല്‍ നേരം കിടന്നുറങ്ങാന്‍ പറ്റുകയില്ല. ആരെങ്കിലുമൊക്കെ വരും. അപ്പുക്കുട്ടന്‍ വീണ്ടും കട്ടിലില്‍ ചുരുണ്ട് കൂടി.
അച്ഛനെവിടെപ്പോയി? നേരത്തെ എണീക്കാറുള്ള ആളാണ്. പണ്ടായിരുന്നെങ്കില്‍ അച്ഛനെണീറ്റ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലാര്‍ക്കും കിടക്കാന്‍ പറ്റുകയില്ല. അമ്മ എണീറ്റ് അടുക്കളയില്‍ പണിതുടങ്ങും. അപ്പുക്കുട്ടനും സേതുവും പുസ്തകവുമെടുത്ത് വെച്ച് അതിന്റെ മുന്നിലിരുന്നുറങ്ങും.ചിലപ്പോഴൊക്കെ അച്ഛന്റെ കൈ ചെവിയിലമരുമ്പോഴാണ് ഉണരുന്നത്. സേതു കീ...കീ...എന്ന് കരഞ്ഞ് കൊണ്ട് പറയും. “കണ്ടോ.ഈ ചെറുക്കനിരുന്നുറങ്ങിയത് കൊണ്ടാ എനിക്ക് കിഴുക്ക് കിട്ടിയത്.” പ്രായത്തിനിളയവളാണങ്കിലും സേതു അപ്പുക്കുട്ടനെ വിളിക്കുന്നത് ‘ഈ ചെറുക്കനെന്നാണ്.‘ അവളമ്മയെ വിളിക്കുന്നതും ‘ഈയമ്മ‘ എന്നാണ്. അവള്‍ക്ക് അച്ഛന്റെ വക കിഴുക്ക് കിട്ടിയാല്‍ പിന്നെ അപ്പുക്കുട്ടന് സുഖമാണ്.അന്നത്തെ ദിവസം പഠിപ്പ് നടക്കുകേല. കീ... കീ...എന്ന് കാറിക്കൊണ്ടിരുന്നാല്‍ എങ്ങനെയാണ് പഠിക്കുന്നത്?
പടിഞ്ഞാറേ മാവിന്‍ ചുവട്ടില്‍ കുഞ്ഞിക്കുട്ടന്‍ കുപ്പയിട്ട് തീ കായാനാണന്നും പറഞ്ഞ് വന്നിട്ടുണ്ടാവും. മുന്‍പിലെ ദിവസം തന്നെ ആഞ്ഞിലിയുടെയും മാവിന്റെയുമെല്ലാം കരിയിലകള്‍ കൂട്ടിയവനവിടെ വെച്ചിരിക്കും. വെളുപ്പാന്‍ കാലത്ത് തന്നെ എത്തി തീയിടും.തീ കായാനാണന്നും പറഞ്ഞ് കാല്‍മുട്ടുകള്‍ക്കിടയില്‍ കൈയും തിരുകി അവനവിടെയിരിക്കും.എങ്കിലും ഉദ്ദേശ്യം വേറെയാണ്. സേതു കിടന്നു കാറുന്നതുകൊണ്ട് പഠിപ്പ് നടക്കുകേലന്നും പറഞ്ഞ് പുസ്തകവും മടക്കിവെച്ച് അപ്പുക്കുട്ടനും കുപ്പകായാന്‍ എത്തും. പിന്നെ കുഞ്ഞിക്കുട്ടന്‍ വളരെ വേഗതയിലാണ് പ്രവര്‍ത്തിക്കുന്നത്.നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചൂട്ട് കറ്റയും കത്തിച്ച് അവന്‍ കുറുപ്പിന്റെ മാവിനെ ലക്ഷ്യമാക്കി നടക്കും. അപ്പുക്കുട്ടന്‍ സഹായിയായി പിന്നാലെയും. കുറുപ്പിന്റെ കണക്കില്‍ മാവിലെറിയാത്ത രണ്ടേ രണ്ട് മര്യാദരാമന്മാരേ നാട്ടിലുണ്ടായിരുന്നുള്ളു. ഒന്ന് അപ്പുക്കുട്ടനും മറ്റേത് കുഞ്ഞിക്കുട്ടനും.
ചേട്ടാ...
ചേട്ടോ...
വീണ്ടും വിളികേട്ടു.
അപ്പുക്കുട്ടന്‍ ചെവിയോര്‍ത്തു. നല്ല പരിചിതമായ സ്ത്രീശബ്ദം. ആരും വാതുക്കലോട്ട് ചെല്ലുന്ന ലക്ഷണമില്ല. ഉടുത്തിരുന്ന കൈലിമുണ്ട് നെഞ്ചോളം കേറ്റി ഉടുത്ത് ഉറക്കച്ചടവോടെ അപ്പുക്കുട്ടന്‍ വാതുക്കലെത്തി.
വാതില്‍ക്കലെ കല്‍പ്പടിയില്‍ ഒരാള്‍ പുറം തിരിഞ്ഞിരിക്കുന്നു. സ്ത്രീശബ്ദമാണല്ലോ കേട്ടത്?
“ആരാ?” അപ്പുക്കുട്ടന്‍ സംശയത്തോടെ ചോദിച്ചു.
പതിവില്ലാത്ത ശബ്ദമായതിനാലായിരിക്കാം ആള്‍ ചാടിയെണീറ്റ് അപ്പുക്കുട്ടനഭിമുഖമായി നിന്നു.
വത്സപ്പാണ്ണന്‍! അപ്പുക്കുട്ടന്‍ അറിയാതെ പറഞ്ഞ് പോയി.
കട്ടിമീശയും,താടിയും,വിരിഞ്ഞമാറും, അതില്‍ നിറയെ രോമങ്ങളുമെല്ലാമുള്ള പുരുഷലക്ഷണം തികഞ്ഞൊരു മനുഷ്യന്‍. താടിയിലും മീശയിലുമെല്ലാം നരകേറിയിരിക്കുന്നു.പരത്തി എണ്ണ തേച്ച് ചീകിയിരുന്നിരുന്ന മുടിയെല്ലാം ഇന്നലങ്കോലപ്പെട്ട് കിടക്കുന്നു.
“അല്ല കൊച്ചെപ്പോ വന്നു?” ആ മധുരമൊഴിക്ക് മാത്രമിന്നും ഒരു കോട്ടവുമില്ല. കേള്‍ക്കാനെന്തൊരു ചേലാണ്!
അപ്പുക്കുട്ടന്റെ ഉത്തരത്തിന് കാത്തു നില്‍ക്കാതെ അടുത്ത ചോദ്യവും വന്നു.
“എപ്പോ പോണു?”
നാട്ടില്‍വന്നു കഴിഞ്ഞാല്‍ സ്ഥിരം ഉണ്ടാകാറുള്ള ചോദ്യമാണിത്.ആദ്യകാലത്തൊക്കെ ഒരുതരം അസഹ്യത ഈ ചോദ്യം കേട്ടാല്‍ അപ്പുക്കുട്ടനുണ്ടാകുമായിരുന്നു.പലതവണ കേട്ട് കേട്ട് തഴമ്പിച്ചതു കൊണ്ടാവാം ഇപ്പോളിതു കേട്ടില്ലങ്കിലാണ് ബുദ്ധിമുട്ട്.അതുകൊണ്ട് തന്നെ ഉത്തരം അപ്പുക്കുട്ടനൊരു ചിരിയിലൊതുക്കി.
അപ്പോഴേക്കും അച്ഛനെത്തി. വത്സപ്പാണ്ണന്‍ വീണ്ടും കല്‍പ്പടിയിരുന്നു.
അപ്പുക്കുട്ടന്‍ വത്സപ്പാണ്ണന്റെയും അച്ഛന്റേയും സംസാരം ശ്രദ്ധിച്ച് കൊണ്ട് വാതുക്കല്‍ തന്നെ നിന്നു.
“ആരും വന്നില്ല.” വത്സപ്പാണ്ണന്‍ അച്ഛനോട് പറഞ്ഞു.
“ഇനിയിപ്പോ എന്താ നിന്റെ പ്ലാന്‍?”
“എന്തു പ്ലാന്‍?” ഇന്നലത്തെ മഴയില്‍ ബാക്കി ഉണ്ടായിരുന്ന ഷീറ്റെല്ലാം പറന്ന് പോയി.കേറിക്കെടക്കാന്‍ അരസെന്റെങ്കിലും ഉണ്ടാക്കണമെന്നേ എനിക്കുള്ളു.
“അവളുണ്ടായിരുന്നേ നിനക്കീ ഗതിവരുകേലാരുന്നു. ഒരപേക്ഷ എഴുതി പാര്‍ട്ടി ആപ്പീസില്‍ കൊടുത്ത് കൂടെ നിനക്ക്?”
“ഇനി പറയാനായിട്ട് ആരുമില്ലവിടെ.” കണ്ണുകളിലുരുണ്ട് കൂടിയ കണ്ണുനീര്‍ താഴോട്ട് വീഴാതിരിക്കാനാവണം വത്സപ്പാണ്ണന്‍ തലയല്‍പം മേലോട്ടുയര്‍ത്തി.പിന്നെ വാതുക്കലെ റോഡിലോട്ടും നോക്കിയിരുന്നു.അച്ഛന്റെ ചുണ്ടുകളില്‍ ചെറിയൊരു ചിരി പടര്‍ന്നു.അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അപ്പുക്കുട്ടന് വേര്‍തിരിച്ചറിയാനായില്ല.
വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലത്തിലേയ്ക്ക് വരുന്ന വത്സപ്പാണ്ണനെ കാണുവാനായി കുട്ടികള്‍ കാത്തിരുന്നൊരു കാലമായിരുന്നു അപ്പുക്കുട്ടന്റെ മനസ്സിലപ്പോള്‍. വത്സപ്പാണ്ണനെ കാണുന്നതിന് വേണ്ടി വേറെ പലരും അന്ന് ഇടവഴിയില്‍ കാത്തു നിന്നിരുന്നു.
ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ വത്സപ്പാണ്ണന്‍ പ്രത്യക്ഷപ്പെടുമ്പോഴേ ഇങ്ങേയറ്റത്ത് നിന്നും പൂവാലന്മാര്‍ താളം പിടിക്കും.
‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’
വത്സപ്പാണ്ണന്‍ നടക്കുന്നത് പെണ്ണുങ്ങള് നടക്കുന്നത് പോലായതു കൊണ്ടാണ് ചേട്ടന്മാര്‍ അങ്ങനെ ഒച്ച വെയ്ക്കുന്നതെന്നണ് കുഞ്ഞികുട്ടന്‍ പറയുന്നത്. എന്തായാലും കേള്‍ക്കാന്‍ നല്ലരസമാണ്!
വത്സപ്പാണ്ണന്‍ നടപ്പിനു വേഗത കൂട്ടും.
പൂവാലന്മാര്‍ അതിനനുസരിച്ച് താളവും ധൃതഗതിയിലാക്കും.
‘ഡിംഗ് ഡോംഗ് ഡിംഗ്.’ ‘ഡിംഗ് ഡോംഗ് ഡിംഗ്.’
പാവം വത്സപ്പാണ്ണന്‍! ആരെയും കളിയാക്കിചിരിക്കരുതെന്നാണ് അച്ഛന്‍ പറയുന്നത്. എങ്കിലും ഇതൊക്കെ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ പറ്റുമോ? വത്സപ്പന്‍ പെണ്ണിനെപ്പോലായാത് അവന്റെ കൊഴപ്പം കൊണ്ടാണോന്നാ അച്ഛന്‍ ചോദിക്കുന്നത്. ആര്‍ക്കറിയാം? ദൈവത്തിനറിയാമായിരിക്കാം. ദൈവത്തിന് കോപം തീര്‍ക്കാനായിരിക്കും വത്സപ്പാണ്ണന്‍ എല്ലാ ദെവസവും അമ്പലത്തില്‍ വരുന്നത്. ആളുകളുടെ കുറ്റവും കുറവും പറഞ്ഞ് കളിയാക്കി ചിരിച്ചാല്‍ അടുത്ത ജന്മത്തില്‍ നമ്മളും അത് പോലാകുമെന്നാണ് അച്ഛന്‍ പറയുന്നത്. വത്സപ്പാണ്ണന്‍ കഴിഞ്ഞ ജന്മത്തില്‍ ആരെയെങ്കിലുമൊക്കെ കളിയാക്കി കാണും. അതുകൊണ്ടായിരിക്കും ഇപ്പോളിങ്ങനെയൊക്കെ.
“നമ്മളു കളിയാക്കുന്നില്ലല്ലോ.ചിരിക്കുന്ന മാത്രേള്ളല്ലോ. അപ്പോ നമ്മക്ക് പ്രശ്നമില്ല.” കുഞ്ഞിക്കുട്ടനങ്ങനെയാ പറയണത്.
“വത്സമ്മേ നിന്റെ കല്യാണമെന്നാണടീ?” ലാലിയാണ് വത്സപ്പാണ്ണനെ കൂടുതല്‍ കളിയാക്കുന്നത്. ആരേയും വിടില്ല അവന്‍. വത്സപ്പാണ്ണനെ ഒട്ടും വിടില്ല.വത്സപ്പാണ്ണനല്ലാതെ വേറെ ആരെങ്കിലുമാണങ്കില്‍ അടിയിലേ ഒതുങ്ങൂ.
വത്സപ്പാണ്ണനു കൈ നീട്ടി വലിച്ച് അടിക്കാനറിയില്ലന്നാ മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറയുന്നത്. “ഒന്നു പോ എന്റെ ലാലീ, എന്ന് മുട്ടുകൈ പള്ളയ്ക്ക്ന്ന് മാറ്റാതെ വിരലുകള്‍ വിടര്‍ത്തി പറഞ്ഞാല്‍ വല്ലതുമാകുമോ? ഞാനെങ്ങാനമായിരിക്കണം. അവന്റെ കരണകുറ്റി അടിച്ച് പൊകച്ചേനേ.” പറഞ്ഞത് മാധവി ആയത്കൊണ്ട് സംശയിക്കേണ്ട കാര്യോമില്ല. മാധവിക്ക് ആണുങ്ങളെപ്പോലെ മീശയുണ്ട്! മാധവി മുണ്ട് മടക്കി കുത്തും. ബീഡി വലിക്കും. വത്സപ്പാണ്ണന്‍ മടക്കി കുത്തത്തില്ല. ബീഡി വലിക്കത്തില്ല. പക്ഷേ മാധവിയേക്കാള്‍ മീശയുണ്ട്. ആണായാല്‍ മാധവിയെപ്പോലിരിക്കണമെന്നാണ് എല്ലാരും പറയണത്. “അപ്പോള്‍ പെണ്ണായാല്‍ വത്സപ്പാണ്ണനെ പോലിരിക്കണോ?” അപ്പുക്കുട്ടനത് ചോദിച്ചതിന് അമ്മ കിഴുക്കാണു കൊടുത്തത്. മാധവി ഭയങ്കര ഇടിക്കാരിയാണ്. ഒന്നുപറഞ്ഞ് രണ്ടിന് മാധവിയുടെ കൈ പൊങ്ങും. മാധവി ഇടി പഠിച്ചത് ഭര്‍ത്താവ് കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്നും മാഞ്ചുവട്ടില്‍ സംസാരമുണ്ട്.കേശവന്‍ മൊണ്ണ ആയതുകൊണ്ടാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടില്ല. കാരണം മാധവി ചക്ക പോലെയാണിരിക്കുന്നത്. കേശവന്‍ ചക്കകുരുപോലെയും!. അപ്പം മൊണ്ണയല്ലങ്കിലും മാധവീടെ ഇടി കൊണ്ടാല്‍ കേശവന്‍ വീഴും. പക്ഷേ പെണ്ണുങ്ങള് സംസാരിക്കുന്നിടത്ത് അപ്പുക്കുട്ടനെന്തുകാര്യം? അതുകൊണ്ട് അപ്പുക്കുട്ടനിതൊന്നും ആരോടും പറഞ്ഞിട്ടില്ല.
“നിന്റെ വീട്ടുകാരെന്തു പറയുന്നു?” അച്ഛന്റെ ചോദ്യം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മകളില്‍നിന്നും മടങ്ങിവന്നത്.പൊയ്പ്പോയബാല്യത്തിന്റെ മധുരസ്മരണ അവനില്‍ പുഞ്ചിരി വിടര്‍ത്തിയിരുന്നു.
“ഓ... ഞാനെന്തെങ്കിലും പറഞ്ഞാല്‍ അവരൊരുമാതിരി ഓളിച്ചിരിയും കളിയാക്കലും മറ്റുമാ. അവരെന്നെ കൊല്ലാനും മടിക്കില്ല.”
“പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞ് കൂടായിരുന്നോ?”
“പറഞ്ഞ് പറഞ്ഞ് മടുത്തു. ഇതുവരെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.എന്റെ കാര്യം നോക്കിയിട്ട് അങ്ങേര്‍ക്ക് വലിയ പ്രയോജനമൊന്നുമില്ലല്ലോ?”
രണ്ട് പേരും പറയുന്നതെന്താണന്ന് അപ്പുക്കുട്ടനൊട്ടും പിടികിട്ടുന്നില്ലായിരുന്നു. എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നതായി അപ്പുക്കുട്ടന് തോന്നി. അച്ഛന്‍ വത്സപ്പാണ്ണനെ തന്നെ ശ്രദ്ധിച്ച് കൊണ്ട് നില്‍ക്കുന്നു.
“വടക്ക് പെങ്ങാമ്മാരുടെ വീട്ടില്‍ പൊയ്ക്കൂടെ നിനക്ക്?”
“അവിടെയൊക്കെ പോകാറുണ്ട്. രണ്ടോ മൂന്നോ ദെവസം കഴിയുമ്പോ എല്ലാരുടേം മൊകം കറുക്കും.അരീം സാമാനങ്ങളുമൊക്കെ വെറുതേ ഒണ്ടാവുമോ? അതൊക്കെ അറിയാവുന്നത് കൊണ്ട് വേല ചെയ്യണ പൈസ അവിടെ കൊടുത്തിട്ടേ ഞാന്‍ പോരത്തൊള്ളു. എങ്കിലും...” വത്സപ്പാണ്ണന് മുഴുവന്‍ പറയാന്‍ പറ്റുന്നില്ല.
രണ്ട് പേരുടെ സംസാരം പൊട്ടന്‍ ആട്ടം കാണുന്നതുപോലെ കണ്ടോണ്ട് നില്‍ക്കുകയെന്ന് പറയുന്നത് അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. അപ്പുക്കുട്ടന്‍ അകത്തേയ്ക്ക് പോയി.
മനസ്സിലാകാത്ത കാര്യം കേട്ട്നില്‍ക്കുന്നതിലും നല്ലത് വിട്ടുപോയ ഉറക്കം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് ഒരു നിമിഷം അപ്പുക്കുട്ടന്‍ വിചാരിച്ച് പോയി.
ഒന്ന് കണ്ണടച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോളാണ് അച്ഛന്റെ ശബ്ദം കേട്ടത്.
“എന്ത് നല്ല രീതിയില്‍ കഴിഞ്ഞ് വന്നവനാണ്. ഇപ്പോ നോക്കിയേ...” അപ്പുക്കുട്ടന്‍ വെറുതെ കിടക്കുകയാണന്ന് കരുതിയായിരിക്കാം അച്ഛന്‍ മുറിയിലേയ്ക്ക് വന്നത്. വളരെ നാള്‍ കൂടി കാണുന്ന മകനെ നാട്ട് വിശേഷങ്ങള്‍ കേള്‍പ്പിക്കാനുള്ള ഉല്‍സാഹവും അതിലുണ്ടായിരുന്നിരിക്കാം.
ഏതായാലും ഉറക്കം വീണ്ടും മുറിഞ്ഞു. വത്സപ്പാണ്ണന്റെ കഥ കേട്ട് കളയാം. അപ്പുക്കുട്ടന്‍ കട്ടിലിലെണീറ്റിരുന്നു. അച്ഛന്‍ ഒരു കസേര വലിച്ചിട്ട് അടുത്തിരുന്നു. കട്ടന്‍കാപ്പിയുമായി അമ്മയും അപ്പോഴത്തേക്കും എത്തിയിരുന്നു.
“പെണ്ണ് കെട്ടുമ്പോഴെങ്കിലും അവന്‍ നേരെയാകുമെന്നാ എല്ലാരും കരുതിയത്. വത്സപ്പന്‍ ഭാര്യയും അവള് ഭര്‍ത്താവുമാണന്ന് ആള്‍ക്കാര് പറയുന്നത് എത്ര നാളാ ഒരു പെണ്ണിന് സഹിക്കാന്‍ പറ്റുന്നത്.” അമ്മയാണത് പറഞ്ഞത്.
“അവളിട്ടിട്ട് പോയി അധികമാകുന്നതിന് മുന്നേ അവന്റെ അമ്മയും മരിച്ചു. എന്ത് ചെയ്യാം ഇവനിങ്ങനൊരു പാവമായിപ്പോയല്ലോ. അതു മുതലെടുക്കുകയാണിപ്പോ അവന്റെ സഹോദരന്മാരും അവരുടെ പെണ്ണുങ്ങളും.നിയമപ്രകാരം അവനുള്ളതാണ് കുടുംബവീട്. എങ്ങനെയെങ്കിലും അവനെയൊന്നൊഴിപ്പിച്ചാല്‍ മതിയെന്നാണിപ്പോളെല്ലാവര്‍ക്കും. സഹായത്തിനായി പലരെയും സമീപിച്ചു. പക്ഷേ ആരും തിരിഞ്ഞ് നോക്കുന്നില്ലന്നാണ് അവന്‍ പറയുന്നത്. ഇപ്പോളിങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി സഹായമഭ്യര്‍ത്ഥിക്കുകയാണ്. നമ്മുക്കെന്ത് ചെയ്യാന്‍ പറ്റും? സ്വന്തം കൂടപ്പിറപ്പുകളിങ്ങനെയാവുമ്പോള്‍?” അച്ഛന്‍ ദീര്‍ഘമായി ശ്വസിച്ച് കൊണ്ട് എന്റെ നേരെ നോക്കി.
ശരിയാണ് വത്സപ്പാണ്ണനെ സഹായിച്ചിട്ട് ആര്‍ക്കെന്ത് കിട്ടാനാണ്?
ഗ്രാമീണതയുടെ നഷ്ടപ്പെട്ട് പോകുന്ന നന്മകളേയും കുറിച്ചോര്‍ത്തുകൊണ്ട് അപ്പുക്കുട്ടനിരുന്നു.അയല്‍ക്കാരന്റെ ദുഃഖവും വിശപ്പുമെല്ലാം സ്വന്തം ദുഃഖമായി കണ്ടിരുന്ന ഒരു നല്ല സമൂഹം അന്യമാവുന്നു. സ്വന്തത്തിനും ബന്ധത്തിനുമൊന്നും ഒരു വിലയുമില്ലാതായിരിക്കുന്നു. സഹായം ചെയ്യുന്നവനും ഒരു നിമിഷമൊന്ന് ആലോചിക്കും, ‘എന്താണ് തനിക്കതില്‍ നിന്നുള്ള നേട്ടമെന്ന്.’
ഇവിടെ വത്സപ്പാണ്ണന്‍ വര്‍ത്തമാനകാലത്തിന്റെ ഒരു പതിപ്പ് മാത്രം. ഒന്നുമില്ലാത്തവന്‍...നേരാം വണ്ണം സംസാരിക്കാനറിയാത്തവന്‍...പഠിപ്പില്ലാത്തവന്‍...വോട്ട് ബാങ്കുകാര്‍ക്ക് ആവശ്യമില്ലാത്തവന്‍...സ്വന്തമായുള്ള കൂരയില്‍ പോലും പ്രാണഭയത്തോടെ കഴിയുന്നവന്‍...ഒരേ വയറ്റില്‍ പിറന്ന സഹോദരങ്ങളെ ഭയന്ന് കഴിയുന്നവന്‍...
“അവരെന്നെ കൊല്ലാനും മടിക്കില്ല.” വത്സപ്പാണ്ണന്റെ വാക്കുകള്‍ അപ്പുക്കുട്ടന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പാര്‍ട്ട് 2
അടുത്ത തവണ നാട്ടിലെത്തിയപ്പോള്‍ വീണ്ടും വത്സപ്പാണ്ണനെ കണ്ടു. അമ്പലത്തിന് മുന്നില്‍ വെച്ച്. അതാണല്ലോ വത്സപ്പാണ്ണന്റെ അഭയസ്ഥാനം.
വെള്ള ഡബിള്‍മുണ്ടും,തോളിലൂടെ വിടര്‍ത്തിയിട്ടിരിക്കുന്ന വീതിയേറിയ തോര്‍ത്തുമിട്ട് നെറ്റിയില്‍ നീളത്തിലുള്ള ചന്ദനക്കുറിയും ചാര്‍ത്തി കൈയിലെ വാഴയിലയില്‍ പൂക്കളും; ചെവിയില്‍ ചേടി വെച്ചിരിക്കുന്ന ചെത്തിപ്പൂവുമായി അമ്പലനടയില്‍ വത്സപ്പാണ്ണന്‍ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലി കളിയാക്കിയിരുന്ന വത്സപ്പാണ്ണന്റെ അതേ രൂപം! നരകേറിയ മുടിയൊഴികെ വേറെ മാറ്റങ്ങളൊന്നുമില്ല!
അപ്പുക്കുട്ടന് അത്ഭുദമായിരുന്നു. കഴിഞ്ഞവരവിന് താന്‍ കണ്ട വത്സപ്പാണ്ണന്‍ ഇപ്പോള്‍ എന്തുമാത്രം മാറിയിരിക്കുന്നു! അലങ്കോലപ്പെട്ട് കിടന്ന മുടിയെല്ലാം എണ്ണ തേച്ച് പരത്തി ചീകിവെച്ചിരിക്കുന്നു. പണ്ടത്തെപ്പോലെ തന്നെ.
വത്സപ്പാണ്ണനും അപ്പുക്കുട്ടനെ കണ്ടിരുന്നു. വത്സപ്പാണ്ണന്‍ അപ്പുക്കുട്ടന്റെ അടുത്തെത്തി.
“കൊച്ചെപ്പോ വന്നു?” സ്ഥിരം ചോദ്യം.
“എപ്പോ പോണു?” അടുത്ത ചോദ്യവും ഉടനെയുണ്ടായി.
അപ്പുക്കുട്ടന്‍ ഉത്തരം ചിരിയിലൊതുക്കി.
“ജീവിതമൊക്കെ എങ്ങനെ വത്സപ്പാണ്ണാ?”
“കൊച്ചേ എനിക്കിപ്പോ നല്ല സുഖമാ...പ്രശ്നങ്ങളൊക്കെ തീര്‍ന്നു.വീടൊക്കെ ശരിയാക്കി.”
പിന്നെ വത്സപ്പാണ്ണന്‍ വാച്ചിലോട്ട് നോക്കി പതിവ് സ്ത്രീ ചേഷ്ടയില്‍ പറഞ്ഞു. “യ്യോ... കൊച്ചേ, സമയമൊത്തിരിയായി... ഞാന്‍ പോട്ടെ.” വത്സപ്പാണ്ണന്‍ നടന്നകന്നു.
അപ്പുക്കുട്ടന്‍ വീട്ടിലേയ്ക്കും പോയി.
അന്നത്താഴത്തിനിരുന്നപ്പോഴാണ് വത്സപ്പാണ്ണന്‍ വിഷയം അപ്പുക്കുട്ടന്‍ അവതരിപ്പിച്ചത്.
“അവനിപ്പോ പഴയപോലൊന്നുമല്ല മോനേ. രക്ഷപ്പെട്ടുപോയി. മാധവി വന്നതോടെ അവന്റെ നല്ല കാലം തുടങ്ങി.കേശവന്‍ മരിച്ചതോടെ മാധവിയുടെ കഷ്ടകാലവും തുടങ്ങി. കടംകേറി വീടും പുരയിടവും വിറ്റ് കടത്തിണ്ണയില്‍ താമസിക്കുമെന്നായപ്പോള്‍ അവളെ സഹായിക്കാന്‍ വത്സപ്പനെ ഉണ്ടായിരുന്നുള്ളു.എന്തായാലും രണ്ട് പേരും രക്ഷപ്പെട്ടു.മാധവിയെ പേടിച്ച് ഇപ്പോ ആരും ശല്യത്തിനുമില്ല. എല്ലാം കാണുന്ന ഒരാളുണ്ട് മോനേ...” അമ്മ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ദൈവത്തിന്റെ ചിത്രത്തിലോട്ട് നോക്കി.
“അപ്പോള്‍ ആണായാല്‍ മാധവിയെ പോലിരിക്കണം അല്ലേ അമ്മേ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
അമ്മ ചിരിച്ചു.