ദൈവം ഷാപ്പില്‍...
Saturday, October 6, 2007
കവലയിലെ കുറുപ്പിന്റെ ഷാപ്പില്‍ പതിവ്പോലെ സായാഹ്ന ചര്‍ച്ച നടക്കുകയാണ്.
ചട്ടുകാലന്‍ കേശുവമ്മാവന്‍,മുച്ചാന്‍ പണിക്കര്‍,കിണുങ്ങന്‍ വാസു,ന്യൂസ് വര്‍ക്കി, നാണു തുടങ്ങി നാട്ടിലെ പ്രമുഖരായ കുടിയന്മാര്‍ പങ്കെടുക്കുന്നുണ്ട്. മൂത്ത കള്ളും തൊട്ടുനക്കാന്‍ എരിവുള്ള മുളകിടിച്ചതുംകൂടെ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളെയും ആസ്വാദ്യതയോടെ നുണഞ്ഞിറക്കുകയായിരുന്നു സായാഹ്നക്കമ്മറ്റിക്കാര്‍.
പെട്ടെന്നാണ് പരിചയമില്ലാത്തൊരു കക്ഷി അവിടെയെത്തിച്ചേര്‍ന്നത്.
തലയില്‍ കിരീടം. പളപള മിന്നണത്!
കൈയിലൊരു നീണ്ട വാള്‍. പളപളമിന്നണത്!
കഴുത്തില്‍ പളുങ്ക് മാലകള്‍ പലത്.പളപളമിന്നണത്!
പളപ്പള മിന്നണ വസ്ത്രങ്ങള്‍! ആകെയൊരു ലുക്കുണ്ട്.
ചര്‍ച്ചക്കാര്‍ വട്ടായി!
കിരീടധാരി ബെഞ്ചിലിരുന്നു. 'ഒരു കുപ്പി'... കുപ്പിയ്ക്ക് ഓര്‍ഡറും കൊടുത്തു. കുറുപ്പിനും സന്തോഷമായി. വേഷമെന്തായാലെന്ത. കള്ള് ചെലവായാല്‍ പോരേ?
വാസുവും നാണുവും പരസ്പരം നോക്കി.
പലടൈപ്പ് കുടിയന്മാരെ കണ്ടിട്ടുണ്ട്! തുണിയോട് കൂടിയതും അതില്ലാത്തതും. പക്ഷേ ഇതിപ്പോള്‍ ആദ്യമാണ്. രാജാവിനെപ്പോലൊരാള്‍!
ചോദിക്കാതിരിക്കുന്നതെങ്ങനെ?
ആരാ? വാസു ചോദിച്ചു.
ആരാന്നറിയാതെ കള്ള് തരില്ലേ?
വാസുവിന്റെ കള്ള് തൊണ്ടയില്‍ നിന്നു. ആള്‍ നിസ്സാരനല്ല.
'അല്ല. പരിചയമില്ലാത്ത ആളായതോണ്ട് ചോദിച്ചത്.'
'കണ്ടിട്ട് ഒരു രാജാവിന്റെ ലുക്കുമുണ്ട്.' നാണുവാണത് പറഞ്ഞത്.
കിരീടധാരി കിരീടമൂരി താഴെവെച്ചു.
'നോം ദൈവമാണ്.'
കുടിയന്മാര്‍ കള്ള് ഗ്ലാസ് താഴെ വെച്ച് ചിരി തുടങ്ങി. മുച്ചാന്റെ നെറുകയില്‍ കള്ള് കയറി.
' എടെ. വയറ്റില്‍പ്പോണ്ട കള്ള് എന്തോന്നിനാടേ നെറുകേ കേറ്റണത്?' ന്യൂസ് വര്‍ക്കിക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ടായിരിക്കാം മുച്ചാന്റെ നെറുകയില്‍ ആഞ്ഞടിച്ചത്.
'സ്റ്റാപ്...സ്റ്റാപ്...എല്ലാരും സ്റ്റാപ്' ദൈവം കൈ രണ്ടും ഉയര്‍ത്തിക്കാണിച്ചു.
'ആരും ചിരിക്കേണ്ട...നോം സാക്ഷാല്‍ ദൈവം തന്നെ...ചിലരൊക്കെ ഗോഡെന്നും വിളിക്കും.'
'അല്ല. ഒരു സംശയം ഗോഡമേ... അങ്ങെന്തിനാ സ്വര്‍ഗ്ഗത്തീന്ന് കുറുപ്പിന്റെ ഷാപ്പില്‍... കള്ള് കുടിക്കാനാ?...' വര്‍ക്കീടെ സംശയം.
'ദേ..നോക്കിക്കേ...കുറിപ്പിന്റെ ഷാപ്പിലെ കള്ളിന് സ്വര്‍ഗത്തീപ്പോലും പേരാണടാ...'നാണു സന്തോഷം നിയന്ത്രിക്കാനാവാതെ ഡെസ്കിലടിതുടങ്ങി.
'സ്റ്റാപ്...സ്റ്റാപ്..സ്റ്റാപ്...' ദൈവം വീണ്ടും കൈയുയര്‍ത്തി.
ഷാപ്പിന്റെ ചരിത്രത്തിലാദ്യമായി പിന്‍ഡ്രോപ് സൈലന്‍സ്...
'നോം അങ്ങനേണ്...ഓരോ സമയത്ത് ഓരോ വേഷത്തില്‍ അവതരിക്കും...ത്രേതായുഗത്തില്‍ രാമന്‍...ദ്വാപരയുഗത്തില്‍ കൃഷ്ണന്‍...അങ്ങനെ... അങ്ങനെ.... നമ്മുടെ ലക്ഷ്യമൊന്നേ ഉള്ളു...പ്രജകളുടെ ക്ഷേമം...' ദൈവം നിര്‍ത്തി. കള്ളൊരു ഗ്ലാസ് കമഴ്ത്തി വായിലോട്ട്.
'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.
'അപ്പോഴേ ഗോഡമേ എനിക്കൊരു സംശയം.' സംശയം പണിക്കര്‍ക്കായിരുന്നു.
ദൈവം ഗ്ലാസ് ഡെസ്കിന്മേല്‍ വെച്ച് ചോദ്യരൂപത്തിലൊന്നു നോക്കി.
'അതേ ദൈവത്തിന് തെറ്റ് പറ്റുമോ?'
ദൈവത്തിന് കോപം വന്നു.
'വാട്ട് നോണ്‍സെന്‍സ് യു ആര്‍ ടാക്കിങ്ങ്?
പണിക്കര്‍ക്കത് മനസ്സിലായില്ല. എങ്കിലും ദൈവത്തിന്റെ തള്ളിവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ തന്റെ ചോദ്യം അങ്ങേര്‍ക്ക് പിടിച്ചില്ലാന്ന് മനസ്സിലായി.
എന്തിനാ ഇത്രയ്ക്ക് ദേഷ്യം വരാന്‍ മാത്രം. അങ്ങേരുടെം വയറ്റില്‍ കള്ള് തന്റേം വയറ്റില്‍ കള്ള്!
'പിന്നെ താനെന്തിനാടോ ഗോഡേ ദേഷ്യപ്പേടണത്? തനിക്ക് തെറ്റ് പറ്റില്ലേ?... ഇല്ലേ പറേടോ... തനെന്തിനാ എന്നെ മുച്ചുണ്ടനാക്കിയേ?... താനെന്തിനാ ഈ കേശുവമ്മാവനെ ചട്ടുകാലനാക്കിയേ?... താനെന്തിനാ ഈ വാസൂനേ കിണുങ്ങനാക്കിയേ?... താനെന്തിനാ കുട്ടപ്പനെ കോങ്കണ്ണനാക്കിയേ?.. പറയടോ...പറയടോ ദൈവമേ...' പണിക്കര് നിന്നു വിറച്ചു. അതിന് കള്ളിന്റെ മാത്രം എഫക്റ്റായിരുന്നില്ല. മനസ്സിന്റെ ഏതോ കോണില്‍ വര്‍ഷങ്ങളായി അടക്കിവെച്ചിരുന്ന സംശയത്തിന്റെ ശക്തിയുണ്ടായിരുന്നു.
ദൈവം അടുത്ത ഗ്ലാസും കാലിയാക്കി. പിന്നെ...ചിരിച്ചു...പൊട്ടിപ്പൊട്ടി ചിരിച്ചു....
'മണ്ടന്മാര്‍ നിനക്കൊക്കെ സൃഷ്ടിയെക്കുറിച്ചെന്തറിയാം?... അതെല്ലാം മുജ്ജന്മ പാപമാണ്... നീയൊക്കെ പണ്ട് ചെയ്തതിന്റൊക്കെ ഫലം...'
'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍...' ന്യൂസ് വര്‍ക്കി ഡെസ്കിന്മേലൂടെ ദൈവത്തിന്റടുത്തേയ്ക്ക് ചാടിയെത്തി.
കുറുപ്പോടി വന്ന് വര്‍ക്കിയെ പിടിച്ചു.
'അങ്ങേര് പൈസ തന്ന് കഴിഞ്ഞ് താനെന്തെങ്കിലും ചെയ്യ്...' കുറുപ്പിന്റെ വെഷമം അതായിരുന്നു.
അപ്പോഴ്ത്തേയ്ക്കും പുറത്ത് നിന്ന് കുറച്ച് പേര്‍ അകത്തേയ്ക്ക് ഓടിക്കയറി. അവര്‍ ഒന്നടങ്കം ദൈവത്തെ കയറിപ്പിടിച്ചു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു.'മനുഷ്യേന് വട്ടായാല്‍ ഇങ്ങനേമൊണ്ടോ?... പണ്ടെങ്ങോ നാടകത്തിലഭിനയിച്ചുവെന്ന് വെച്ച് ഇങ്ങനേമൊണ്ടോ?.. മനുഷ്യനെ മനസ്സമാധാനത്തോടെ കെടത്തുകേലന്ന് വെച്ചാല്‍...ചങ്ങലേ പൂട്ടിയിടൂ...പൂട്ടിയിടൂ..എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാനാ...'
ദൈവത്തെ രണ്ട് കാലിലും കൈയിലും കൂട്ടിപ്പിടിച്ച് പുറത്തിട്ടിരുന്ന ടാക്സിക്കാറിലോട്ടിട്ടു.
കാര്‍ പൊടി പറപ്പിച്ച്കൊണ്ട് വടക്കോട്ടോടി...
കുറുപ്പ് ഷാപ്പിന്റകത്ത് നെട്ടോട്ടമോടി...പൈസ കിട്ടാത്തതിനാല്‍...
25 comments:
കഥ രണ്ടു തവണ വന്നിരിക്കുന്നു. ശരിയാക്കുമല്ലോ..
തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി മൂര്‍ത്തി.
ശരിയാക്കിയിട്ടുണ്ട്.
ഹ ഹ... അസ്സല്‍ ഹാസ്യം, ശരിക്കും ഷാപ്പിലിരിക്കുന്നതുപോലെ...ആ ഉത്തരങ്ങള്‍ ന്യൂസ് വര്‍ക്കിക്കും ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ രണ്ടു കുപ്പി അന്തി കുടിക്കുന്ന സുഖമുണ്ടായേനെ...!
സതീശേട്ടാ...
ഇതു കൊള്ളാം...
“ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...”
ന്യൂസ് വര്‍ക്കിയുടെ സംശയം ന്യായം തന്നെ...
:)
ഹ ഹ... കൊള്ളാം...
കൊള്ളാം...
'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.
haha.........a different satire thought......kodu kai
സതീഷ് ഭായ് കലക്കി..
കള്ളു തലയില്‍ കേറിയെന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ!?..:)
അതെ വട്ടുള്ളവരെ സൂക്ഷുക്കണം.
അല്ലേല്‍ അവര്‍ ദൈവമാകും, ചിലപ്പോള്‍ കാലനും
നല്ല ഹ്യൂമര്‍
:)
ഉപാസന
ചാത്തനേറ്: ആ പിടിച്ച് കൊണ്ടോവാന്‍ വന്നവര്‍ക്ക് ദൈവം മറുപടി പറയുന്നതു വരെയെങ്കിലും കാത്തിരിക്കാമായിരുന്നു. എന്താവും ദൈവം പറയുക?
ഖസാക്കില്‍ മറക്കാനാകാത്ത ഒരു രംഗമുണ്ട്: തുള്ളുന്നതിനുമുന്‍പ് സള്‍ഫേറ്റ് ചേര്‍ത്ത കള്ള് കുടിച്ച് വയറിളക്കം പിടിച്ച് കിരീടവും മണികളും ഒക്കെയായി പൊന്തയില്‍ കുന്തിച്ചിരിക്കുന്ന പൂശാരി :)ഒരു നാട്ടു ദൈവത്തിന്റെ വേദനകള്‍ മുഴുവന്‍ ആ കഥയിലൂണ്ട്..
അതുപോലെ എന്തെങ്കിലും ആണെന്ന് വിചാരിച്ചു തുടക്കത്തില്‍...
ഇതുകൊള്ളാം... സാക്ഷാല്‍ ദൈവമാണേലും ഷാപ്പിലെ ചിന്തകരുടെ മുന്നില്‍ ഒന്ന് പതറിപ്പോയേനേ
കുഞ്ഞന്‍,
ദൈവം പൊയ്ക്കളഞ്ഞല്ലോ...:(
ചാത്താ, അവര്‍ ദൈവട്ടെയും പൊക്കിക്കൊണ്ട് പൊയ്ക്കളഞ്ഞല്ലോ..കുരുത്തംകെട്ടവന്മാര്‍:)
ശ്രീ,അരീക്കോടന്‍ മാഷ്,ജി.മനു,പ്രയാസി,എന്റെ ഉപാസന,സാല്‍ജോ,മനു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
അവരെല്ലാം ബാക്റ്റീരിയ ആയി ജനിച്ചു കാണും..
പുനര്‍ ജന്മം എന്നു പറയുന്നത്, നായായും നരിയായും ജനിക്കാം. ബാക്റ്റീരിയ ആയും !
ഈ ദൈവത്തിനെ കൊണ്ടു തോറ്റു.
ഓണ്‍ ടോപിക്: അടിപൊളിയായിട്ടുണ്ട്.
മുന്‍പ് പറഞ്ഞേതിനൊക്കെ ഓരോ സ്മൈലി കൂടി ഇട്ടേക്കണേ .. :):):):)
സതീശേട്ടാ..നന്നായിട്ടുണ്ട് ട്ടാ.
തികച്ചും ന്യായമായ സംശയങ്ങള്‍.കള്ളു കുടിച്ചാല്‍ ബുദ്ധി കൂടുംന്ന് പറയുന്നത് വെറുതെയല്ല അല്ലേ :-)
സതീഷേ നന്നായിട്ടുണ്ട്..
“ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...”
thats a good point!
:-) വായിച്ചു സതീശാ. :-)
ഇച്ചിരി സോമപാനം ചെയ്യാമെന്നുവെച്ചാല്‍ അതിനും സമ്മതിക്കുകേല. ദൈവമായിപ്പോയില്ലേ.
കലക്കി.
ഹ ഹ ഹ സതീശേട്ടാ നന്നായി...
:)
അമല്‍,മെലോഡിയസ്,കൊച്ചുത്രേസ്യ,മുക്കുവന്‍,അപ്പു,കൃഷ്,സഹയാത്രികന്‍, എല്ലാവര്‍ക്കും നന്ദി.
സതീഷേ, ഇത് കലക്കീട്ടാ..........
സതീശേ,
ഇതു കലക്കിപ്പൊരിച്ചു.
:)
കുറുമാനും നിഷ്കളങ്കനും നന്ദി.
സതീശേട്ടന്‍ കള്ള് കുടിക്കുമായിരുന്നെങ്കില്‍ എണ്റ്റെ വക ഒരു കുപ്പി വാങ്ങിതന്നേനെ..... അടിപൊളി അയിട്ടുണ്ട് ട്ടോ....
'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍
ഹ ഹഹ..ന്യൂസ് വര്‍ക്ക് ആളുപുലിയാണല്ലോ :)
Post a Comment