Followers

ഗ്യാസ് ട്രബിൾ

Sunday, July 28, 2019


അമ്മാവനും അമ്മായിയും കൂടെ അവരുടെ കല്യാണശേഷം വീട്ടിൽ വിരുന്നിന് വന്ന സമയം. അമ്മ വീട്ടിലെ കോഴിയേയൊക്കെ തല്ലിക്കൊന്ന് നല്ല രസികൻ ആഹാരമൊക്കെയുണ്ടാക്കി തൂശനിലയിൽ വിളമ്പി. കൂട്ടത്തിൽ കുട്ടനാടൻ വീമ്പും!
കറിയുടെ എരിവാണോ, അമ്മയുടെ വീമ്പിളക്കലാണോ എന്നറിയില്ല, അമ്മായി ഗ്‌ൾ..ഗ്‌ൾ.. എന്ന് ‘എക്കിൾ’ ഇടാൻ തുടങ്ങി.

അമ്മ അമ്മായിയുടെ നെറുകയിൽ അടിയും തുടങ്ങി. പുത്തൻ പെണ്ണിന്റെ പരുങ്ങലോടെ എക്കിളിനിടെ അമ്മായി മൊഴിഞ്ഞു,
“ സാരമില്ല ഇച്ചേയീ, അതുമാറും.” പറഞ്ഞ് തീരുന്നതിന് മുന്നേ പതിന്മടങ്ങ് ശക്തിയിൽ വീണ്ടും എക്കിൾ!
എരിവുള്ള കോഴിക്കറിയുടെ രുചി വിരലിന്റെ പുറം നക്കി നുണഞ്ഞുകൊണ്ടിരുന്ന അമ്മാവന് ദേഷ്യം വന്നു. “ആഹാരം
കഴിക്കുമ്പോഴാണാടീ ഇതൊക്കെ‘.അമ്മാവന്റെ കണ്ണുരുട്ടൽ കണ്ട് അമ്മായി അടുത്ത എക്കിളിനെ പകുതിവഴി നിർത്താൻ വിഫലശ്രമം! ഇപ്പോഴാണേല് അമ്മാവന് കണ്ണുരുട്ടാൻ ധൈര്യമുണ്ടാവുമോ ആവോ!

“മനുഷേരായാ അങ്ങനൊക്കെ ആണെടാ.” അമ്മ തുടങ്ങി. “ചീട്ടുകളിക്കാരുടെ എടേലിരുന്ന് ആ ബാങ്കർ ഗംഗാധരൻ വിടുന്ന
കീഴ്വായു ഒന്ന് കേക്കണം...ശ്‌ശോ... ടാ, ശശീടെ ബുള്ളറ്റിന്റെ പോലല്ലിയോ...”
ചോറ് നെറുകേ കേറി അമ്മായിയുടെ കണ്ണിലൂടെ വെള്ളമൊഴുകി.
“അല്ലേലും ഈ ഇച്ചേയിക്ക് പണ്ടേ ഒള്ളതാ, വല്ലോം തിന്നുന്നതിനിടെ വേണ്ടാത്ത കാര്യങ്ങള്...” അമ്മാവൻ വിരൽ നക്കൽ തുടർന്നുകോണ്ടേയിരുന്നു.
“എടാ നീ അവളെ വഴക്ക് പറഞ്ഞതുകോണ്ട് ഞാൻ പറഞ്ഞന്നേ ഒള്ളു. ഇതൊക്കെ നമ്മടെ നിയന്ത്രണത്തീ ഒള്ള വല്ലോ ആണോ?”
അമ്മ പിന്നെ സായിപ്പിന്റെ അമ്മയുടെ കഥ പറയാൻ തുടങ്ങി. പണ്ടെങ്ങാണ്ടോ ഒരു നാടകത്തിൽ സായിപ്പിന്റെ വേഷമിട്ട
പൊന്നപ്പൻ പിന്നെ സായിപ്പായി. ജീവിതത്തിൽ ഒരിക്കൽപ്പോലും ചെരുപ്പുപോലുമിട്ടിട്ടില്ലാത്ത പൊന്നപ്പൻ തന്നെക്കാൾ ഭാരമുള്ള ബൂട്ടുമിട്ട് സ്റ്റേജിലേയ്ക്ക് തോക്കുമായി ചാടിക്കേറിയതും, ബൂട്ടിന്റെ ഭാരത്താൽ കാലുളുക്കി ഉരുണ്ടുവീണ് ചാവാലിപ്പട്ടിയെപ്പോലെ കാറിയതും, പ്രേക്ഷകർ കൂകിയതും പഴയ കഥ!
സായിപ്പിന്റെ അമ്മയ്ക്ക് ഏമ്പക്കമാരുന്നു. ഏമ്പക്കമെന്നാല് സാധാരണ ഏമ്പക്കമാണോ! അമ്പലത്തീ നിന്നാപ്പോലും കേക്കാമാരുന്നു. പാവം...ഏമ്പക്കം വിട്ടോണ്ട് തന്നാ മരിച്ചത്... അമ്മ മൂക്കത്ത് വിരൽ വെച്ചോണ്ട് നിന്നു.
“ഇവിടൊരാളുണ്ട്” അച്‌ഛനെ ഉദ്ദേശിച്ചാണ്...
“ഗ്യാസിന്റെ പ്രശ്നോന്ന് തൊടങ്ങിയാ മതി, അപ്പോ തൊടങ്ങും കളിയാക്കല്...”
“എടീ പെണ്ണേ.. അങ്ങേരുടെ മുന്നിൽ, ദേ ദിവനൊന്നും ഒന്നുമല്ല.” അമ്മാവൻ അപ്പോഴും വിരൽ നക്കൽ തുടർന്നോണ്ടിരുന്നു.

‘എക്കിൾ, എമ്പക്കം’ എന്താണന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഈ ഗ്യാസ് എന്താണന്ന് അറിയാൻ കാലം കുറേ വേണ്ടി വന്നു! പരിപ്പ്...ചക്കക്കുരു..ചേമ്പ്...തുടങ്ങി ചില സാധനങ്ങൾ കഴിക്കാൻ രസമാണെങ്കിലും കഴിച്ചുകഴിഞ്ഞുള്ള രസമോർത്ത് പലപ്പോഴും ഒഴിവാക്കിപ്പോന്നു. എങ്കിലും ചില സന്ദർഭങ്ങളിൽ കഴിക്കേണ്ടതായി വരും. പിന്നെ കംഫർട്ട് കിട്ടാൻ ഒന്നുകിൽ ബാത്ത്‌റൂം, അല്ലെങ്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒക്കെ നോക്കി ആശ്വാസം വരുത്തിപ്പോന്നു. പക്ഷേ ചില സന്ദർഭങ്ങളിൽ അത് നടക്കാറില്ല. സൈലൻസറ് പിടിപ്പിച്ചുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിക്കും. അല്ലാത്തപ്പോള് പുളി തിന്നപോലെ ഒരു
ചിരിയും വരുത്തി നിക്കും. അല്ലാണ്ടെന്തു ചെയ്യാൻ!
മനുഷ്യ ശരീരം ഒരു അപൂർവ പ്രതിഭാസം തന്നെ! ചില കാര്യങ്ങൾ പൂർണ്ണമായും നമ്മുടെ കണ്ട്രോളിലാണ്!
ചിലത് ഭാഗികമായി നമ്മുടെ കണ്ട്രോളിലാണ്!
ചിലത് നമ്മുടെ കണ്ട്രോളിലേ അല്ല! ഊണിലും ഉറക്കത്തിലും അതങ്ങ് നടന്ന് കൊണ്ടേയിരിക്കും.
കീഴ്വായു...ഗ്യാസ്..എന്നിവ ഭാഗികമായ് നമ്മുടെ കണ്ട്രോളിലല്ലായിരുന്നേലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്ക്!
വീട്ടിലായിരിക്കുമ്പോൾ ഒരാശ്വാസമുണ്ട്...പരിസരം അധികം നോക്കേണ്ട കാര്യമില്ല.സൈലൻസറില്ലാതെയും കാര്യം നടത്താം.

അത്തരമൊരു പ്രഭാതത്തിലാണ്... റിലാക്സായ് ബാങ്കർ ഗംഗാധരൻ സ്റ്റൈലിൽ ആശ്വസിച്ചുകൊണ്ടിരുന്നപ്പോഴാണ്... അടുത്ത മുറിയിൽ നിന്നും ഭീഷണിയുടെ സ്വരം.”എന്തോന്നാ, മനുഷ്യാ ഇത്...സ്വസ്ഥമായി ഒന്നൊറങ്ങാനും സമ്മതിക്കില്ല.

അടുത്തദിവസം വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങുമ്പോൾ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ. “പിന്നേ, കപ്പ തിന്നിട്ടാണന്ന് തോന്നുന്നു... വല്ലാത്ത ഗ്യാസ്... ജലുസിൽ വാങ്ങിപ്പോര്...”
കൊടുത്താൽ കൊല്ലത്തും കിട്ടും. ഞാൻ പറഞ്ഞില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള് അമ്മായിയെപ്പോലെ ആവണോന്നില്ല.

Read more...

ഉദയനാണ് താരം

Sunday, July 21, 2019



ഉദയകുമാർ എന്നാണ് അയാളുടെ പേര്. പഠിക്കാൻ മിടുമിടുക്കൻ. അതീവ ബുദ്ധിശാലി.
എല്ലാരും പറഞ്ഞു, ‘ഇവനിവിടെങ്ങും  നിൽക്കേണ്ട ആളല്ല‘.
ഇടത്തരം കുടുംബത്തിലെ ഏക സന്തതി.
അച്‌ഛൻ പറഞ്ഞു, “മോനെ ഞാൻ എഞ്ചിനീയറാക്കും.”
അമ്മ പറഞ്ഞു, എന്റെ മോനെ ഞാൻ ഡോക്ടറാക്കും”
മോൻ പറഞ്ഞു, “എനിക്ക് കച്ചവടക്കാരനായാൽ മതി”
അച്‌ഛനും അമ്മയും അടിയായി.
അവസാനം അച്‌ഛൻ ജയിച്ചു. മോനെ എഞ്ചിനീയറിങ്ങിന് ചേർത്തു.
രണ്ടാം ദിവസം അവൻ കോളേജിന്റെ മതിൽ ചാടി.
അച്‌ഛൻ വിഷമിച്ചു.
അമ്മ കരഞ്ഞു.
നാട്ടുകാർ പറഞ്ഞു, “കഷ്ടം!”
ഉദയനെ കാണാനില്ല. പോലീസ് പരതി. കിട്ടിയില്ല. നാളുകൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഉദയൻ മാത്രം വന്നില്ല.
അച്‌ഛൻ മരിച്ചു. അമ്മയും മരിച്ചു. 
നാട്ടുകാർ പറഞ്ഞു,”വിധി”
നാട്ടുകാരും, കുടുംബക്കാരും എല്ലാം മറന്നു. അപ്പോൾ കവലയിൽ ഒരു പച്ചക്കറിക്കട തുറന്നു. അതിനുള്ളിൽ ഒരു സ്റ്റൂളിൽ  ഉദയനിരുന്നു. “ഇവനിതിന്റെയൊക്കെ വല്ല കാര്യോണ്ടോ?” നാട്ടുകാർ ചോദിച്ചു.
കുടുംബക്കാർ പറഞ്ഞു, “നമ്മുടെ കുടുംബത്തിന്റെ പേര് കളയും ഇവൻ.”
കച്ചവടം പൊടിപൊടിച്ചു.
 കട ടൌണിലേക്കി മാറ്റി. വർഷങ്ങൾക്കുള്ളിൽ അതൊരു സൂപ്പർ മാർക്കറ്റായി.
നട്ടുകാർ പറഞ്ഞു, “അവൻ മിടുക്കനാ, ജീവിക്കാൻ പഠിച്ചവൻ!”
കുടുംബക്കാർ പറഞ്ഞു, “അവന്റെ രക്തം നമ്മുടെ കുടുംബത്തിലെയാ!”
ഇന്ന് ഉദയന് നഗരത്തിൽ വലിയൊരു വീടുണ്ട്. കാറുകൾ പലതുണ്ട്. സൌഭാഗ്യങ്ങളെല്ലാമുണ്ട്. നഗരത്തിലെ അറിയപ്പെടുന്ന വ്യാപാരി പ്രമുഖൻ! 
നാട്ടുകാർ പറഞ്ഞു, “അവന്റെ തലേവര നന്നാ!”
കുടുംബക്കാർ പറഞ്ഞു, “പിതൃക്കളുടെ സുകൃതം!”
ഉദയൻ മാത്രം പറഞ്ഞു, “മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതിൽ ഞാനെന്റെ ആത്മാവലിയിച്ചു. അത്രമാത്രം!”

Read more...

രാജാവും കിങ്കരന്മാരും

Saturday, July 20, 2019


കാലം 1987-88
ഡോക്ടറാകാൻ കച്ചകെട്ടി സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്ന പത്തറുപത് പഠിപ്പിസ്റ്റുകൾക്കൊപ്പം വഴിതെറ്റിയെത്തിയ ആട്ടിൻ‌കുട്ടിയായി ചേർത്തല S N കോളേജിൽ ചേർന്ന കാലം. കോളേജിന്റെ തെക്കേ അറ്റത്തുണ്ടായിരുന്ന ഓലമേഞ്ഞ അരമതിൽകെട്ടിയ ക്ലാസ് റൂമിന്റെ അധിപതികളായ് വാഴുന്ന കാലം. നിറവയറോടെ ഷൈനിടീച്ചർ ഫിസിക്സ് ക്ലാസ്സ് എടുക്കുന്നു.
പെട്ടൊന്നൊരാരവം!

“സമരമെടാ, ചാടിക്കോ...” പിൻ ബെഞ്ചിലിരുന്ന ചില ഡോക്ടർമാർ അരമതിൽ ചാടി. ബ്ലാക്ക് ബോർഡിൽ ബെർണോലിസ് തിയറം എഴുതിക്കൊണ്ടിരുന്ന ഷൈനി ടീച്ചർ നിറവയറനങ്ങാതെ തിരിഞ്ഞപ്പോഴത്തേക്കും ക്ലാസിൽ കൂട്ടക്കരച്ചിൽ...
എന്തോചോദിക്കാനായ് തുറന്ന വായുമായ് ഷൈനിടീച്ചർ സ്തംഭിച്ചു നിന്നു.
സമരപ്പാർട്ടിക്കാരുടെ എതിർ പാർട്ടി നേതാവ് ക്ലാസിലേയ്ക്ക് ഓടിക്കയറിയത് കണ്ടായിരുന്നു കരച്ചിലും തുടർന്നുള്ള സ്തംഭനവും!
നേതാവിന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര മുഖത്തിലൂടെ ക്ലാസ്സിന്റെ തറയിൽ ചിത്രങ്ങൾ വരച്ചു.ചോരകണ്ട് കുട്ടി ഡോക്ടേഴ്സ് വലിയ വായിൽ കരഞ്ഞു.
സമര നേതാവ്, സുഗുണൻ അധികം താമസിയാതെ തന്നേക്കാൾ വലിയൊരു വാളുമായ് ക്ലാസ്സിലേയ്ക്ക് കയറി.
ആരോ പറഞ്ഞു, “ഇതാണ് വടിവാൾ”
ജീവിതത്തിലാദ്യമായ് വടിവാൾ കണ്ട ഞാൻ നിർവൃതിയടഞ്ഞു.
എതിർ നേതാവ് നല്ലൊരു സ്പോർട്ട്സ്മാനായിരുന്നു. നൊടിയിടയിൽ അരമതിൽ ചാടിക്കടന്ന് എതിർവശത്തേയ്ക്ക് ഓടി. പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ!
സുഗുണൻ തന്റെ ഒറ്റമുണ്ട് കക്ഷത്തേയ്ക്ക് കേറ്റി, മറുകൈയിൽ തന്നേക്കാൾ വലിയ വാളുമായി, ഛത്രപതി ശിവജിയെപ്പോലെ പുറത്തേക്ക്... ഷൈനിടീച്ചർ നിറവയർ കൈകൊണ്ട് താങ്ങി മേശയിൽ ചാരി നിന്നു. മുൻ ബഞ്ചിലിരുന്ന ലേഡീ ഡോക്ടേഴ്സ് ടീച്ചറെ പിടിച്ച് ബഞ്ചിലിരിത്തി റെക്കോഡ് ബുക്ക് കൊണ്ട് വീശിക്കൊടുത്തു. സുഗുണനെ തോളിലേറ്റി സമരക്കാർ അടുത്ത ക്ലാസുകളിലേയ്ക്ക്...പക്ഷേ എല്ലാ ക്ലാസുകളും അപ്പോഴത്തേയ്ക്കും ഒഴിഞ്ഞിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് അവിചാരിതമായിട്ടാണ് സുഗുണനെ കാണുന്നത്!
നരകയറിയ കുറിയ മനുഷ്യന്റെ കണ്ണുകളിൽ ഒരു ദയനീയ ഭാവം. കാരുണ്യ ലോട്ടറി മുന്നിലേയ്ക്ക് നീട്ടിയ പരിചിതമായ മുഖം കണ്ട് ഞാൻ
ചോദിച്ചു, “സുഗുണനാണോ?” ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ കണ്ണുകളിലെ നനവ് എനിക്കറിയാൻ കഴിഞ്ഞു. ലോട്ടറി പോക്കറ്റിലാക്കി ഞാൻ വെറുതേ ചോദിച്ചു, “ആ വടിവാളൊക്കെ ഇപ്പോഴുമുണ്ടോ?”
എന്റെ കൈകളിൽ സുഗുണൻ ചേർത്ത് പിടിച്ചു.പിന്നെ പതുക്കെ പറഞ്ഞു  “അതൊക്കെ അന്ന് വാതുക്കലെ കടയിൽ നിന്നും വാടകയ്ക്കെടുത്തതല്ലാരുന്നോ?”
“ഇപ്പോഴെന്തു തോന്നുന്നു?”
“എന്തു തോന്നാൻ...കുറേ നേതാക്കന്മാർക്ക് വേണ്ടി ജീവിതം തുലച്ചവൻ ഞാൻ” സുഗുണന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നോ?
കൈകളിലെ വിറയൽ ലോട്ടറികളിലേയ്ക്ക് പ്രഹരിക്കുന്നോ?
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ചോരയൊലിപ്പിച്ച്, ജീവനുമായ് ഓടുന്ന നേതാവ്.... വാളുമായ് വീരശൂരപരാക്രമിയായ് പുറകേ പായുന്ന സുഗുണൻ നേതാവ്...നിറവയർ താങ്ങി വിയർത്ത് നിന്ന ഷൈനി ടീച്ചർ....വലിയ വായിൽ കരയുന്ന കുഞ്ഞ് ഡോക്ടർമാർ... എല്ലാം ഒരുവേള എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.

ഓർമ്മയിൽ നിന്നും ഞാൻ മടങ്ങി വന്നപ്പോൾ മുന്നിൽ സുഗുണനുണ്ടായിരുന്നില്ല.

Read more...

പെൺകുട്ടി കരഞ്ഞതെന്തിന്?

Friday, July 12, 2019

പ്രായം കൂടുന്നതനുസരിച്ച് ആരോഗ്യത്തിലേയ്ക്കുള്ള ശ്രദ്ധയും അൽപ്പം കൂടുകയെന്നത് സ്വാഭാവികമായിരിക്കാം.

അങ്ങനെയാണങ്കിൽ എന്റെ കാര്യത്തിലും അത് ശരിയാണ്. നേരം നന്നേ പുലർന്നാൽപോലും കട്ടിലിൽ തേരട്ടയെപ്പോലെ ചുരുണ്ടുകൂടിക്കിടന്നിരുന്ന ഞാൻ ഈയിടയായ് കുറച്ച് നേരത്തേ എണീറ്റ്, കൈയും കാലുമൊക്കെ
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീട്ടി നിവർത്തി എക്സർസൈസ് എന്ന പേരിൽ ചില പരിപാടികളൊക്കെ നടത്തിവരികയായിരുന്നു.‘മിസ്റ്റർ ബീൻ...മിസ്റ്റർ ബീൻ...’ എന്നൊക്കെ ചിലർ വീട്ടിന്നുള്ളിൽ നിന്നും തന്നെ കളിയാക്കൽ
തുടങ്ങിയപ്പോൾ ഞാനെന്റെ ആരോഗ്യപരിപാലനം വീട്ടിന്ന് പുറത്തേക്കാക്കി. വീട്ടിന്നുള്ളിലും ജിമ്മിലുമൊക്കെയുമുള്ള കാലഹരണപ്പെട്ട പരിപാടികൾ നമ്മുക്ക് വേണ്ട എന്ന്
ദൃഢനിശ്ചയമെടുത്തുകൊണ്ട് ഞാൻ കലാപരിപാടി നടത്തത്തിലേക്കാക്കി. അപ്പാർട്ട്മെന്റ് കോം‌പ്ലക്സിന്ന് നിത്യേന നാല് റൌണ്ട്!
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എന്റെ നടത്ത യജ്ഞം പുരോഗമിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ദിവസം അടുത്ത വീട്ടിലെ
സുധാകരറാവു എതിരേ വന്നത്.
അസൂയമൂത്ത ഒരു നോട്ടം!
പുറകേ ഒരുപദേശവും...”ഒന്നു കൈ വീശി നടന്നൂടേ സാറേ....ശരീരമിളകണം...എങ്കിലേ ഫലമുണ്ടാവൂ”
ശരീരമിളകുന്നതിലും നല്ലത് സുധാകരറാവുവിന്റെ ഇളക്കം നിർത്തുന്നതാണന്ന് നന്നെന്ന് കരുതി ഞാൻ നടത്തം കോം‌പ്ലക്സിന്ന്
വെളിയിലേക്കാക്കി.
അങ്ങനെ ആരോഗ്യപരിപോഷണ നടത്തം അഭംഗുരം അതിരാവിലെ നടന്നുകൊണ്ടിരിക്കെയാണ് പുതിയൊരറിവ് എനിക്കുണ്ടായത്...
രാത്രി കിടക്കുന്നതിന് മുന്നേ തന്നെ കഴിച്ച ആഹാരം ദഹിച്ചിരിക്കണമത്രേ!
ദുർമേദസ്സ് ഉണ്ടാകില്ല! ആയുരാരോഗ്യ സൌഖ്യത്തിന്ന് ബെസ്റ്റ്! വൈകിട്ട് ആഹാരം കഴിച്ച് കഴിഞ്ഞ് കമ്പ്യൂട്ടറിന്റേയും, ടീവിയുടേയും മുന്നിലിരുന്ന് കണ്ണ് കേടാക്കുന്നതിലും നല്ലത് രാത്രിയുള്ള നടത്തം തന്നേ.
പിന്നെ പതിവാക്കി...രാത്രി ആഹാരം കഴിച്ച് കഴിഞ്ഞുള്ള നടത്തം.
സുധാകരറാവുവിനെ നേരിടാൻ ഇഷ്ടമില്ലാത്തതിനാൽ നടത്തം ഇത്തവണയും പുറത്തേക്ക് തന്നെയാക്കി.
എല്ലുപോലിരിക്കുന്ന എനിക്കിതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് വേറേ ചിലരൊക്കെയും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാനതൊന്നും കാര്യമാക്കിയിട്ടില്ല.എന്റെ ആരോഗ്യം ഞാൻ നോക്കും. കട്ടായം!
ഞാനെന്റെ രാത്രി നടത്തം തുടർന്നുപോന്നു.
രാവിലെകളിലെ നടത്തത്തിൽ തെരുവ് ഉറങ്ങിക്കിടന്നിരുന്നു. ഇടയ്ക്ക് ചിലയിടങ്ങളിൽ ചില ഞാവാലിപ്പട്ടികൾ നടുവ് നിവർത്തി കാലുകൾ പുറകോട്ട് വലിച്ച് നീട്ടി എന്നെ നോക്കി മുറുമുറുത്തിരുന്നു. സുധാകരറാവു പറഞ്ഞത് തന്നെയാണോ അവറ്റകൾ പറയുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.പക്ഷേ ഞാനതൊന്നും കാര്യമായിട്ടെടുത്തില്ല.
രാത്രി നടത്തത്തിൽ പക്ഷേ സ്ഥിതി വ്യത്യസ്തമായിരുന്നു!
തെരുവുണർന്നിരുന്നു.
വഴിയരുകിലെ ബാറിന്ന് മുന്നിൽ തൂക്കിയിരുന്ന വർണ്ണവിളക്കുകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
പെട്ടിവണ്ടിക്കാരും മറ്റ് വഴിയോരക്കച്ചവടക്കാരും അന്നന്നത്തെ കച്ചവടം മതിയാക്കി പോകാനുള്ള തിരക്കിലായിരിക്കും.ഹെഡ്ലൈറ്റ് മിന്നിച്ച് പാഞ്ഞ് പൊയ്ക്കൊണ്ടിരുന്ന വാഹനങ്ങൾ പറയാതെ പറഞ്ഞു പോന്നു, അവരും
തിരക്കിലാണന്ന്!
സ്കൂൾ കെട്ടിടത്തിന്ന് മുന്നിലിരുന്നിരുന്ന സെക്യൂരിറ്റി ഉറങ്ങാനെന്നുള്ള തയ്യാറെടുപ്പെന്നോണം ചാക്കുകളൊക്കെ തറയിൽ വിരിച്ച് അരികിൽ കടലാസുകളും ചപ്പ് ചവറുകളും കത്തിച്ച് കൊണ്ടിരുന്നു പലപ്പോഴും.
ബാറും, ബാറിന്ന് പിന്നിലെ വലിയ മരത്തിന്ന് പിന്നിൽ ലിപ്‌സ്റ്റിക്കിട്ട്, തലയിൽ പൂചൂടി കസ്റ്റമേഴ്സിനെ കാത്തിരുന്ന സ്ത്രീകളും, ഹെഡ്ലൈറ്റ് മിന്നിപ്പോകുന്ന വാഹനങ്ങളും, ഉറങ്ങുന്ന സെക്യൂരിറ്റിയുമൊക്കെ പയ്യപ്പയ്യെ പതിവ് കാഴ്ചയായി.
ഞാൻ നടത്തം തുടർന്നുകൊണ്ടിരുന്നു.
സ്കൂൾ കഴിഞ്ഞ് കുറച്ച് ദൂരമെയുള്ളു കാർ വാഷിങ്ങ് സെന്ററിലേയ്ക്ക്. സ്കൂളിനും കാർ വാഷിങ്ങ് സെന്ററിനുമിടയിലുള്ള സ്ഥലം ഏറെക്കുറേ വിജനമാണ്! കരിക്ക് വിൽപ്പനക്കാരന്റെ ഒരു വണ്ടി അവിടെക്കാണും. രാത്രി കാലങ്ങളിൽ മിക്കപ്പോഴും കച്ചവടം കഴിഞ്ഞ് മിച്ചമുള്ളവ ചാക്കുകൊണ്ട് പൊതിഞ്ഞ്, കയർകൊണ്ട് നന്നായി വരിഞ്ഞ് കെട്ടിവെച്ചിരിക്കും.
കരിക്ക് വണ്ടിയുടെ പുറകിലായാണ് അന്ന് ഞാനവരെ കണ്ടത്!
പതിവ് പോലെ രാത്രി നടത്തത്തിന്നിറങ്ങിയതായിരുന്നു ഞാൻ. സ്കൂളും കഴിഞ്ഞ്, ഉറക്കത്തിന്ന് കോപ്പുകൂട്ടുന്ന സെക്യൂരിറ്റിയേയും കടന്ന് കരിക്ക് വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് എന്റെ ശ്രദ്ധ അവരിലേയ്ക്ക് തിരിഞ്ഞത്! ഇരുട്ടത്ത്..
അവർ മുന്ന് പേരുണ്ടായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു പയ്യനും. ഏറെക്കുറേ സമപ്രായക്കാരായിട്ടാണ് തോന്നിയത്.
ഇട്ടാലും തൊട്ടാലും പൊട്ടുന്ന പ്രായം. പയ്യൻ നിർത്തി സ്റ്റാന്റിൽ വെച്ചിരുന്ന ബൈക്കിന്ന് മുകളിൽ വലതുകാൽ മുകളിൽ കയറ്റി ഇരിക്കുന്നു. പെൺകുട്ടികൾ ഏകദേശം ഒരടിയോളം അകന്ന് നിന്ന് പയ്യനോട് സംസാരിക്കുണ്ടായിരുന്നു. അവരുടെ ശരീരഭാഷയിൽ എന്തോ പന്തികേട്!
പത്തൻപത് കൊല്ലത്തെ ഭൂജീവിതത്തിൽ നിന്ന് എനിക്ക് കാര്യം വളരെ വേഗം മനസ്സിലാക്കാൻ പറ്റി. ഇതത് തന്നെ!
പ്രണയം. ഒരു പക്ഷേ പൊട്ടാൻ തുടങ്ങുന്ന ഒരു പ്രണയം.അല്ലെങ്കിൽ ഒരു ഒളിച്ചോട്ടത്തിന്റെ മാസ്റ്റർ പ്ലാൻ...ഒരുത്തി കൂട്ടുകാരിയാണ്! നിശ്ചയം! അവളാണ് എല്ലാത്തിനും സഹായ ഹസ്തം നൽകുന്നത്. ഞാൻ ഉറപ്പിച്ചു.

നല്ലപ്രായത്തിൽ ഒരു മോളുണ്ടായിരുന്നേൽ അവൾക്കിതേപ്രായമുണ്ടാകുമായിരുന്നു! അവളിതുപോലെ തന്നെ ജീൻസും
ടീഷർട്ടുമൊക്കെയിട്ട് സുന്ദരിയായിട്ടിരുന്നേനേ!
ഇതൊക്കെ ഒരു ഹരം നൽകുന്ന കാഴ്ചയായിരുന്നു ഒരിക്കൽ... പക്ഷേ, ഇന്ന്...
മുടിയും താടിയുമൊക്കെ വളർത്തി ഒരു കൂറ ലുക്കുണ്ട് പയ്യന്... എന്റെ മോളേ, നിനക്കിതിന്റെ വല്ല ആവശ്യമുണ്ടോ? വെറുതേ ജീവിതം തുലയ്ക്കണോ? ഒരുകൂട്ടം ചോദ്യങ്ങൾ ഒറ്റയടിയ്ക്ക് പുറത്തേക്ക് വന്നെങ്കിലും ഞാൻ മനസ്സിനെ കൺ‌ട്രോളിലാക്കി...
അരുത്..
ഒരുപക്ഷേ, വേറെയെന്തെങ്കിലും കാര്യമാണെങ്കിലോ?
എന്റെ പരുങ്ങൽ കണ്ടിട്ടായിരിക്കാം പയ്യൻസ് ഒരു വശപ്പിശകായുള്ള നോട്ടം...ഞാൻ നടപ്പിന്ന് വേഗം കൂട്ടി.
കുറച്ച് ദൂരം നടന്നിട്ട്, ഞാൻ തിരിഞ്ഞ് നടന്നു... മനസ്സിൽ പെൺകുട്ടി മാത്രം...അലവലാതി അവളുടെ ജീവൻ നശിപ്പിക്കും.

ഇത്തവണ എന്തായാലും ഇടപെട്ടിട്ട് തന്നെ കാര്യം!

അവരവിടെ തന്നെയുണ്ട്. പ്രശ്നം അല്പം കൂടി തീവ്രമായെന്ന് തോന്നുന്നു. പെൺകുട്ടി നിന്ന് കരയുന്നു. കൂട്ടുകാരി അവളുടെ തോളിൽ തടവുന്നു. പയ്യൻസ് ഇരുട്ട് മൂടിയ ആകാശത്തേയ്ക്ക് നോക്കിയിരിക്കുന്നു.
ഇത് പ്രശ്നം വേറെയാണ്!
അവൻ അവളെ ഉപേക്ഷിച്ച് പോകാനുള്ള ശ്രമമാണ്. സഹിക്കാതെ പാവം പെൺകുട്ടി കരയുന്നു. എനിക്ക് സന്തോഷം തോന്നി.”പോട്ടെടി മോളെ, നിനക്ക് നല്ലൊരുത്തനെക്കിട്ടും. സുഖമായി വീട്ടിൽ പോയി കിടന്നുറങ്ങ്.” എന്ന് പറയാൻ തോന്നി.
അവന്റെ നോട്ടം എന്നിലേക്ക് തന്നെ... അത് കണ്ടാൽ ഞാനാണിപ്പോൾ പെൺപിള്ളാരെ ശല്യപ്പെടുത്തുന്നതെന്ന് തോന്നും.
കൂടുതൽ അവസരം ഉണ്ടാക്കാതെ ഞാൻ വീട്ടിലേയ്ക്ക് നടന്നു.
പെൺകുട്ടിയുടെ കരച്ചിൽ മനസ്സിൽ നിന്നും മായുന്നില്ല്ല. ഞാൻ ഭാര്യയോട് പറഞ്ഞു, കരച്ചിൽ കഥ!
“അല്ലേലും കാണാൻ കൊള്ളാവുന്ന പെൺപിള്ളാരെ കണ്ടാൽ നിങ്ങൾക്കൊള്ളതാ ഈ വായീ നോട്ടം!” ദാ കെടക്കണു...ചങ്കെടുത്ത് വെളിയിൽ വെച്ചാലും ചെമ്പരുത്തിപ്പൂവെന്നേ നീയൊക്കെ
പറയൂ...പറയണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല.
കരയുന്ന പെൺകുട്ടി തൊട്ടു മുന്നിൽ നിൽക്കുന്നത് പോലെ...  ഒരുപക്ഷേ പ്രണയ നൈരാശ്യത്താൽ അവൾ വല്ല ആത്മഹത്യയും ചെയ്താലോ? നാളെ രാവിലെത്തെ പത്രത്തിൽ അത്തരമൊരു വാർത്ത വന്നാലോ? ഞാൻ എന്റെ 
മനഃസാക്ഷിയോട് ചെയ്യുന്ന വഞ്ചനയല്ലേ അത്... പാടില്ല...ഒരു ജീവൻ രക്ഷിച്ചേ മതിയാവൂ...
ഞാൻ ലിഫ്റ്റിന്ന് കാത്തുനിൽക്കാതെ അഞ്ചു നിലക്കെട്ടിടത്തിന്റെ പടികൾ അതിവേഗത്തിലിറങ്ങി. പടിചവിട്ടുന്ന ശബ്ദം അല്പം കൂടിയെന്ന് തോന്നുന്നു. താഴേ നിലയിലുള്ള ചിലരൊക്കെ ജന്നലിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. ഞാനതൊക്കെ
ശ്രദ്ധിക്കാതെ പടിയിറങ്ങി സ്കൂളിനെ ലക്ഷ്യമാക്കി നടന്നു.
ഒരു പെൺകുട്ടിയുടെ ജീവൻ എന്റെ കൈയിലാണ്!
കരിക്കിൻ വണ്ടിയുടെ അടുത്ത് ഞാനെത്തുമ്പോൾ കിതയ്കുന്നുണ്ടായിരുന്നു. നടുവിന്ന് കൈ കൊടുത്ത് ഞാൻ ഇരുട്ടിൽ നോക്കി. ഇല്ല. ആരുമുണ്ടായിരുന്നില്ല അവിടെ!
പ്രണയം... മാങ്ങാത്തൊലി...കരളൊറപ്പുള്ള പെൺ‌പിള്ളാരാ ഇക്കാലത്തുള്ളത്...ഒരു പീറപ്പയ്യനുവേണ്ടി ജീവിതം തീർക്കാൻ
മാത്രം മണ്ടികളല്ലവർ...മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
അപ്പോഴും സംശയം ബാക്കിയുണ്ടായിരുന്നു. ‘പെൺകുട്ടി എന്തിനായിരിക്കും കരഞ്ഞത്?’

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP