അമ്മൂമ്മയുടെ ചെന്തെങ്ങ്
Friday, June 15, 2007
വീടിന്റെ പടിഞ്ഞാറുവശത്തായി ഒരു ചെന്തെങ്ങ് നില്‍പുണ്ടായിരുന്നു. ആരെയും കൊതിപിടിപ്പിക്കുന്ന മാതിരി കുലകുലയായിട്ടായിരുന്നു തെങ്ങില്‍ തേങ്ങ പിടിച്ചിരുന്നത്. തോട്ടിലെ പായലും കുളത്തിലെ വെള്ളവും പോരാത്തതിന് നന്ദിനി പശുവിന്റെ ചാണകവും കൂടെ കുമ്മായവും മുറതെറ്റാതെയായിരുന്നല്ലോ തെങ്ങിന്‍ചുവട്ടില്‍ വീണുകൊണ്ടിരുന്നത്.
ചെന്തെങ്ങില്‍ തേങ്ങായ്ക്ക് പഞ്ഞമൊന്നുമില്ലങ്കിലും പഞ്ഞമാസത്തില്‍ പോലും അതില്‍നിന്നും വീട്ടാവശ്യത്തിനായി തേങ്ങാ ഇടാന്‍ ഗൗരിയമ്മ അമ്മയെ അനുവദിച്ചിരുന്നില്ല.
അമ്മയുടെ അസഹ്യത ഗൗരിയമ്മയ്ക്ക് പ്രശ്നവുമായിരുന്നില്ല.
തിന്നുകയും കുടിക്കുകയും ഉറങ്ങുകയും മാത്രമല്ല ജീവിതമെന്നറിയാവുന്ന ഗൗരിയമ്മ തന്റെ സിനിമാപ്രാന്ത്(അമ്മയുടെ ഭാഷയാണ്) തീര്‍ക്കുവാന്‍ ചെന്തെങ്ങില്‍ നിന്നുള്ള വരുമാനം ഉപയുക്തമാക്കി.ചുരുക്കത്തില്‍ ചെന്തെങ്ങും അതില്‍നിന്നുള്ള വരുമാനവും ഗൗരിയമ്മയുടെ കുത്തകാവകാശമാണന്നുള്ളതിനെ ചോദ്യം ചെയ്യുവാന്‍ കെല്‍പുള്ള ആരും തന്നെ വീട്ടിലില്ലായിരുന്നു.
നിത്യേന ഗൗരിയമ്മ മുറതെറ്റാതെ ചെയ്തിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് ചെന്തെങ്ങിന് വെള്ളം കോരുകയെന്നതായിരുന്നു.രാവിലേയും വൈകുന്നേരവും മുറതെറ്റാതെ ചെമ്പുകുടത്തില്‍ ഗൗരിയമ്മ തെങ്ങിന് വെള്ളമൊഴിക്കുമായിരുന്നു. അപ്പുക്കുട്ടനും പുട്ടുകുടവുമായി അമ്മൂമ്മയെ സഹായിക്കുമായിരുന്നു. പ്രത്യുപകാരമെന്നോണം ഇടയ്ക്കിടയ്ക്ക് അപ്പുക്കുട്ടനും സിനിമാകാണാന്‍ അവസരമുണ്ടാകുമായിരുന്നു.
രണ്ടാമത്തെ സംഗതിയെന്നത് തെങ്ങിലെ തേങ്ങയുടേയും കരിക്കിന്റെയുമെല്ലാം എണ്ണമെടുക്കുകയെന്നതായിരുന്നു. ഒന്നു കണ്ണുതെറ്റിയാല്‍ തെങ്ങിന്റെ മണ്ട കാലിയാക്കാന്‍ പ്രാപ്തരായ ജഗജില്ലന്മാരും ജില്ലികളും വീട്ടില്‍ വേറെ ഉണ്ടായിരുന്നു എന്നതില്‍ ഗൗരിയമ്മ ബോധവതിയായിരുന്നു.
തെങ്ങിന്‍ ചുവട്ടിലെ കാല്‍പാദം കണ്ട് അവിടെ എത്തിയവരെ പിടികൂടുവാനുള്ള അസാമാന്യ കഴിവ് ഗൗരിയമ്മയ്ക്കുണ്ടായിരുന്നു. കൂടുതല്‍ പൊല്ലാപ്പ് ഉണ്ടാക്കുവാന്‍ ഇഷ്ടമില്ലാതിരുന്നതിനാല്‍ അമ്മയോ മറ്റുള്ളവരോ അങ്ങോട്ടേയ്ക്ക് അടുക്കാറുമില്ലായിരുന്നു. അങ്ങനെയൊരു തെങ്ങ് വീട്ട് വളപ്പില്‍ ഇല്ലായെന്ന് തന്നെ അപ്പുക്കുട്ടനും അമ്മൂമ്മയും ഒഴികെയുള്ളവര്‍ കണക്ക് കൂട്ടി.
ചെന്തെങ്ങിന് ഉയരം വളരെ കുറവായിരുന്നതിനാല്‍ തേങ്ങ ഇടുകയെന്നത് വളരെ എളുപ്പമായിരുന്നു.അതുകൊണ്ട് തന്നെ വേലന്‍ വേലാണ്ടി വരുന്നതും കാത്തിരിക്കേണ്ട അവസ്ഥയും ഗൗരിയമ്മയ്ക്ക് ഒരിക്കലുമുണ്ടായിരുന്നില്ല. കൊയ്ത്തരിവാള്‍ മുളയുടെ അറ്റത്ത് കെട്ടിവെച്ച് തേങ്ങ ഇട്ടെടുക്കുകയെന്നത് താരതമൃേന എളുപ്പവുമായിരുന്നു.
എല്‍ജി കൊട്ടകയില്‍ സിനിമാ മാറിയാല്‍ ഗൗരിയമ്മ മുളയും കൊയ്ത്തരിവാളുമായി തെങ്ങിന്‍ചുവട്ടിലെത്തും. ആവശ്യത്തിനുള്ളത് മാത്രമിട്ടെടുത്ത് അത് വിറ്റ് കാശാക്കി പറ്റുമെങ്കില്‍ ആദ്യഷോ തന്നെ കാണാന്‍ ഗൗരിയമ്മ ശ്രമിച്ചിരുന്നു.ഗൗരിയമ്മയുടെ പ്രവൃത്തിയ്ക്ക് സര്‍വ്വപിന്തുണയും നല്‍കിയിരുന്ന ഒരേ ഒരു ആളേ വീട്ടിലുണ്ടായിരുന്നുള്ളു. അതു അപ്പുക്കുട്ടനായിരുന്നു. അമ്മൂമ്മയെ പിന്തുണച്ചിരുന്നത് കൊണ്ട് അപ്പുക്കുട്ടന് ഒരിക്കലും നിരാശപ്പെടേണ്ടിവന്നിട്ടില്ല. ഗൗരിയമ്മ അപ്പുക്കുട്ടനേയും കൊട്ടകയിലേക്ക് കൊണ്ട് പോകുമായിരുന്നല്ലോ.
പുതിയൊരു സിനിമ എല്‍ജിയില്‍ വന്ന ഒരുദിവസം. ഗൗരിയമ്മ നീളന്‍ മുളയും അതിന്ററ്റത്തെ അരിവാളുമായി തെങ്ങിന്‍ ചുവട്ടിലേയ്ക്ക് നീങ്ങുന്ന സമയത്താണ് കിട്ടനാശാന്‍ എത്തിയത്.
പ്രായമായൊരു സ്ത്രീ ഒറ്റയ്ക്ക് തെങ്ങില്‍ നിന്നും തേങ്ങയിടുവാന്‍ ശ്രമിക്കുന്നത് കണ്ടിട്ട് കിട്ടനാശാന് സഹിച്ചില്ല. കിട്ടനാശാനിലെ പരോപകാര തല്‍പരത ഉണര്‍ന്നു. ഗൗരിയമ്മയില്‍ നിന്നും മുളയും അരിവാളും കിട്ടനാശാന്‍ ഏറ്റുവാങ്ങി.ആവശ്യത്തിനുള്ള തേങ്ങ ഇട്ട് കൊടുക്കുകയും ചെയ്തു. ഗൗരിയമ്മ സന്തോഷവതിയായി. സ്വന്തം വീട്ടിലുള്ളവര്‍ ചെയ്ത് തരാത്ത സഹായം അന്യനൊരുത്തന്‍ നല്‍കിയിരിക്കുന്നു. ഗൗരിയമ്മ സന്തോഷാതിരേകത്താല്‍ ഒരു കരിക്ക് കൂടി ഇട്ടെടുത്തോളാന്‍ കിട്ടനാശാനോട് പറഞ്ഞു.
അപ്പുക്കുട്ടനുപോലും ഗൗരിയമ്മ കരിക്ക് കൊടുത്തിട്ടില്ല ഇന്നേവരെ!
അപ്പുക്കുട്ടന്‍ കൊതിയോടെ നോക്കിനിന്നു. കിട്ടനാശാന്‍ കരിക്ക് കുടിച്ചു.
"ഗൗരിയേ, എന്തൊരു രുചിയാടീ ഈ കരിക്കിന്. എന്റെ ജീവിതത്തിലാദ്യമായാ ഇത്രേം നല്ല കരിക്ക് കുടിക്കണത്.നിന്റെ തെങ്ങേലെ തേങ്ങേം മോശമൊന്നുമല്ല. കൊലകൊലയായിട്ടല്ലേ കെടക്കണത്."
കിട്ടനാശാന് വിവരണം നീട്ടാനുള്ള അവസരം നല്‍കാതെ ഗൗരിയമ്മ വീണുകിടന്ന തേങ്ങകളും പെറുക്കിയെടുത്ത് അടുക്കളവാതില്‍ക്കലേയ്ക്ക് പോയി.എത്രേം വേഗം അത് പൊതിച്ച് കാശാക്കിയാലല്ലേ സിനിമായ്ക്ക് പോകാന്‍ പറ്റുകയുള്ളു.
കിട്ടനാശാന്‍ കരിക്കിന്റെ രുചിയില്‍ രസിച്ച് ഗൗരിയമ്മയ്ക്ക് നന്ദിയും പറഞ്ഞ് തന്റെ വഴിക്ക് പോയി.
ഗൗരിയമ്മ ധൃതിയില്‍ തേങ്ങപൊതിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ ചോദിക്കുന്നത് കേട്ടു.
"ഏതും പോരാത്ത കിട്ടനാശാനല്ലാതെ വേറെ ആരേയും കിട്ടിയില്ലേ അമ്മേ തേങ്ങ ഇടീക്കുവാന്‍. കഴിഞ്ഞ ദെവസം അപ്പുറത്തെ ഓമനേടെ പപ്പരയെ കുറിച്ച് എന്തൊക്കെയാ അങ്ങേര് പറഞ്ഞത്. പറഞ്ഞ് വീട്ടീ ചെന്നു കാണില്ല. ദാ കെടക്കണു പപ്പര രണ്ടായി ഒടിഞ്ഞ്. ഓമന ഇനി അങ്ങേരെ പറയാന്‍ പള്ളൊന്നും ബാക്കിയില്ല.നാക്കെന്ന് പറഞ്ഞാല്‍ കിട്ടനാശാന്റെ നാക്കാ. അറംപറ്റിയ നാക്കെന്നൊക്കെ കേട്ടിട്ടേ ഉള്ളു."
"എന്റെ ശാരദേ, നീ ഇക്കാലത്തും ഇമ്മാതിരി അന്ധവിശ്വാസവും വെച്ചോണ്ടിരിക്കയാണോ? അങ്ങനെ തുമ്മിയാ തെറിക്കണ മൂക്കാണേ അങ്ങോട്ട് പോട്ട."
ഗൗരിയമ്മ അമ്മയുടെ വാക്കിനു പുല്ലു വില നല്‍കിയില്ല.
"ഞാന്‍ പറയാനുള്ളതു പറഞ്ഞു. പിന്നീടെന്തെങ്കിലും പറ്റിയാല്‍ എന്റെ മുതുകത്തോട്ട് കേറിയേക്കരുത്." അമ്മ മുന്‍കൂര്‍ ജാമൃമെടുത്തു.
ഗൗരിയമ്മയ്ക്ക് കൂടുതല്‍ നേരം വാചകമടിക്കാന്‍ സമയമില്ലായിരുന്നു. സിനിമ തുടങ്ങുന്നതിനു മുന്നേ കൊട്ടകേലെത്തേണ്ടതാണ്. ഇനിയും എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു ബാക്കി. തേങ്ങ പൊതിച്ച് കഴിഞ്ഞാല്‍ പിന്നെയത് വിറ്റ് കാശാക്കണം. അത്യാവശ്യത്തിനു തേങ്ങയുമായി ചെല്ലുമ്പോള്‍ അത് മുതലാക്കാന്‍ പീടികക്കാരന്‍ കുട്ടപ്പായിക്കറിയാം. പിന്നെ അവനുമായി വിലപേശണം.ആദ്യത്തെ ഷോ ആകുമ്പോള്‍ കാഴ്ചക്കാരൊത്തിരിയുണ്ടാവും. പൊരിവെയിലത്ത് ടിക്കറ്റിനിടിവെയ്ക്കണം.
ഈ ഇടിയും തിരക്കുമെല്ലാം കണ്ട് അപ്പുക്കുട്ടന്‍ പലപ്പോഴും ഗൗരിയമ്മയോട് തറ ടിക്കറ്റ് അല്ലാതെ ചാരുബഞ്ചിന്റെ ടികറ്റെടുത്തുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്.അതിനാകുമ്പോള്‍ ഇത്രയും ഇടി കൊള്ളേണ്ട ആവശ്യമില്ലല്ലോ.
പലപ്പോഴും ഗൗരിയമ്മയുടെ ഉത്തരം ഒരു നോട്ടത്തില്‍ ഒതുങ്ങാറുണ്ടായിരുന്നു. എങ്കിലും ഇത്തവണ ഗൗരിയമ്മ പറഞ്ഞു."മോനേ നമ്മക്ക് തറ ടിക്കറ്റാ നല്ലത്.പൈസാ കൂടുതലു കൊടുത്താല്‍ പുറകിലിരിക്കണം.നമ്മക്കിതാ നല്ലത്. കൊറച്ച് തള്ളും ഇടീം കൊണ്ടാലും പൈസാ കൊറച്ചും മതി മുന്നിലിരിക്കുകയും ചെയ്യാം."
ഗൗരിയമ്മയ്ക്ക് തമാശാ പടങ്ങളാണ് കൂടുതലിഷ്ടം.ഇത്തവണയും അടൂര്‍ഭാസി ഗൗരിയമ്മയുടെ പ്രതീക്ഷയെ തെറ്റിച്ചില്ല.സന്തോഷാധിക്യത്താല്‍ ഗൗരിയമ്മ അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ചു.
പക്ഷേ ആ സന്തോഷത്തിന് അധികനേരം ആയുസ്സുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ഗൗരിയമ്മ ചെന്തെങ്ങിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞുപോയി. കരിമ്പിന്‍ കാട്ടില്‍ ആനകേറിയതു പോലെയല്ലേ ചെന്തെങ്ങിന്റെ മണ്ട നിന്നിരുന്നത്. കുല കുലയായി തേങ്ങയുണ്ടായിരുന്ന തെങ്ങാണ്! ഇപ്പോള്‍ തേങ്ങ പോയിട്ട് കരിക്ക് പോലുമില്ല തെങ്ങില്‍.
അമ്മയുടെ വാക്കുകള്‍ അപ്പുക്കുട്ടന്റെ കാതുകളില്‍ മുഴങ്ങുന്നു.
തെങ്ങിന് കണ്ണുകിട്ടിയോ? കിട്ടനാശാന്റെ ഒടുക്കത്തെ നാവ്. അപ്പുക്കുട്ടന് വല്ലാത്ത അരിശം വന്നു. ഗൗരിയമ്മയുടെ എത്ര സിനിമകളാണില്ലാതായിരിക്കുന്നത്. ഗൗരിയമ്മയ്ക്ക് സിനിമാ കാണാന്‍ പറ്റില്ലാന്നുപറഞ്ഞാല്‍ അത് തന്റേതും കൂടി നഷ്ടമല്ലേ.
പക്ഷേ ഗൗരിയമ്മയുടെ പെരുമാറ്റം അപ്പുക്കുട്ടനെ ഏറെ അത്ഭുതപ്പെടുത്തി.ഷെര്‍ലക്ഹോംസിനെപ്പോലെ ഗൗരിയമ്മ സംഭവസ്ഥലം ഒരു സൂക്ഷ്മപരിശോധന നടത്തി.പിന്നെ പോലീസ് നായ മണംപിടിച്ച് പോകുന്നത് പോലെ അടുക്കളയെ ലക്ഷ്യമാക്കി നടന്നു.അപ്പുക്കുട്ടന്‍ ഗൗരിയമ്മയുടെ പുറകേ അടുക്കളയിലെത്തി.
ആഹാ... എന്തൊരുമണം! ഇറച്ചി ചട്ടി അടുപ്പത്ത് വെച്ചിരിക്കുന്നു.പ്രത്യേക ദിവസങ്ങളില്‍ മാത്രമേ അമ്മ ഇറച്ചി ചട്ടി പരണപുറത്ത് നിന്നും എടുക്കാറുള്ളു.അപ്പുക്കുട്ടന്‍ ഓടിചെന്നു ചട്ടിയുടെ മൂടിതുറന്നു.
അപ്പുക്കുട്ടന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി.
കോഴിയിറച്ചി...കോഴിയിറച്ചി.
"എന്റെ തെങ്ങേലെ തേങ്ങയെല്ലാം വെട്ടിയിട്ടിട്ട് കോഴിക്കറിവെച്ചിരിക്കയാണല്ലേ?" ഗൗരിയമ്മയ്ക്ക് അരിശം സഹിക്കാനായില്ല.
"പിന്നേ കണ്ട കൊതിയനെയൊക്കെ പിടിച്ച് തേങ്ങ ഇടീച്ചപ്പോഴേ ഞാന്‍ പറഞ്ഞതാ.ആര്‍ക്കെന്തുവന്നാലും കോഴിക്ക് കെടക്കാന്‍ പാടില്ല എന്ന് പറഞ്ഞപോലായി ഇത്" അമ്മ മുന്‍കൂര്‍ ജാമൃമെടുത്തതിന്റെ അര്‍ത്ഥം അപ്പുക്കുട്ടന് ശരിക്കും മനസ്സിലായി.
"അതു ശരിയാ. അതല്ലേ കണ്ട കോഴീയേയൊക്കെ വെട്ടിക്കണ്ടിച്ച് അടുപ്പേലിട്ടിരിക്കുന്നത്. അവടെ ഒരു ശീലാവതി ചമയല്‍!നിനക്കെവിടുന്നാടീ കോഴിയെ വാങ്ങാന്‍ പൈസ?” ഗൗരിയമ്മ പിന്നെ അവിടെ നിന്നില്ല.മുന്‍വശത്തെ മുറിയിലെത്തി നിലവിളക്ക് കൊളുത്തി നാമജപം തുടങ്ങി.
രാമ രാമ പാഹിമാം
മുകുന്ദ രാമ പാഹിമാം.
ഗൗരിയമ്മയുടെ നാമജപത്തിന് പതിവില്ലാത്ത വേഗത! ഹൈവേയിലൂടെ പോകുന്ന എക്സ്പ്രസ്സ് ബസിന് ഇത്രയും സ്പീഡുണ്ടോയെന്ന് അപ്പുക്കുട്ടന്‍ സംശയിച്ചു.
എന്തായാലും അന്നത്തെ അത്താഴം കുശാലായി!
രാത്രിയില്‍ അമ്മ അച്ഛനോട് പറയുന്നത് അപ്പുക്കുട്ടന്‍ പാതിമയക്കത്തില്‍കേട്ടു. “കിട്ടനാശാന്‍ വന്നത് കൊണ്ട് പിള്ളേര്‍ക്ക് വയറുനിറച്ച് ഇറച്ചിക്കറി ഉണ്ടാക്കികൊടുക്കാന്‍ സാധിച്ചു.അല്ലെങ്കില്‍ നിങ്ങടമ്മ തെങ്ങിന്റെ അടുത്ത് ചെല്ലാന്‍ സമ്മതിക്കുമോ?. അപ്പുക്കുട്ടന്‍ കൊറേ നാളായി പറയണ കാര്യമായിരുന്നു. ബാക്കി പൈസാക്ക് നാളെ രണ്ടാള്‍ക്കും പുസ്തകം വാങ്ങിക്കണം.”
ചെന്തെങ്ങില്‍ നിന്നും അമ്മ തേങ്ങ ഇടുന്നതാണോ അതോ ഗൗരിയമ്മ തേങ്ങ ഇടുന്നതാണോ നല്ലത്? അപ്പുക്കുട്ടന് സേതുവിനെ വിളിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവടെ ഒറക്കം കണ്ടില്ലേ.മൂക്കറ്റം ചോറു തിന്നതിന്റെ ക്ഷീണം അവളുടെ കിടപ്പില്‍ കാണാമായിരുന്നു.
ആരു തേങ്ങ ഇട്ടാലെന്താ?
ഗൗരിയമ്മ തേങ്ങ ഇട്ടാല്‍ സിനിമ കാണാം. അമ്മ തേങ്ങ ഇട്ടാല്‍ ഇറച്ചിക്കറി കഴിക്കാം. അപ്പുക്കുട്ടന്‍ കണ്ണുകള്‍ ഇറുക്കി അടച്ച് തേരട്ട പോലെ പായില്‍ ചുരുണ്ട് കൂടി.
19 comments:
നിത്യേന ഗൗരിയമ്മ മുറതെറ്റാതെ ചെയ്തിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് ചെന്തെങ്ങിന് വെള്ളം കോരുകയെന്നതായിരുന്നു.രാവിലേയും വൈകുന്നേരവും മുറതെറ്റാതെ ചെമ്പുകുടത്തില്‍ ഗൗരിയമ്മ തെങ്ങിന് വെള്ളമൊഴിക്കുമായിരുന്നു.
പുതിയ പോസ്റ്റ്
ഗുണമുള്ള കാര്യം ആരു ചെയ്താലും അപ്പുക്കുട്ടന് ഒന്നുമില്ല. പക്ഷെ, അമ്മൂമ്മയ്ക്ക് സിനിമയും അമ്മയ്ക്ക് വീട്ടുകാര്യങ്ങളും നടക്കണം എന്നാവുമ്പോള്‍ രണ്ടും രണ്ടു കാര്യങ്ങള്‍ തന്നെ ആവും. എന്തായാലും ചെന്തെങ്ങ് കുലച്ച് നില്‍ക്കട്ടെ. പക്ഷെ കിട്ടനാശാന്മാരെപ്പോലെയുള്ളവരെ സൂക്ഷിക്കണം. വെറുതെ വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാക്കിക്കളയും.
ചെന്തെങ്ങ് കുലച്ച് നില്‍ക്കുന്നിടത്ത് തേങ്ങ വേണ്ടല്ലോ അല്ലേ?
തമാശ കുറഞ്ഞു...
അപ്പുക്കുട്ടനങ്ങോട്ട് ഫോമായതുമില്ല... :(
എഴുത്ത് എപ്പോഴത്തേയും പോലെ നന്നായിരിക്കുന്നു... :)
--
ജീവിതഗന്ധിയാര്‍ന്ന മനോഹരമായ നല്ല കഥ.
(മയ്യത്ത് സ്വഗ്ഗത്തിലായാലെന്താ, നരഗത്തിലായാലെന്താ പള്ളിക്കാര്‍ക്ക് പണം കിട്ടിയാല്‍ മതി.-ഇതു ഞങ്ങളുടെ നാട്ടിലെ ചൊല്ല്-)
cool mashey.......good
ജീവിത സ്പര്‍ശിയായ കഥ, എനിക്കിതിഷ്ടപ്പെട്ടു സതീശ്, പതിവു പോലെയുള്ള തമാശയല്ലായിരുന്നു എന്നതും വ്യത്യസ്ഥത നല്‍കി:)
qw_er_ty
സതീശേ... വളരെ ഇഷ്ടപ്പെട്ടു.. :-)
ചാത്തനേറ്:
പാവം അമ്മൂമ്മ...
അപ്പൊ പിന്നെ ഗൌരിയമ്മ സിനിമ കാണാന്‍ പിന്നെ എന്തൂട്ട് വഴിയാ ഒപ്പിച്ചേ?
പോസ്റ്റ് നന്നായിട്ടുണ്ട് ട്ടൊ. ആശംസകള്‍!!
ഇഷ്ടമായി:)
ആ പാപ്പാത്തികളുടെ പടം ആശാത്തി എടുത്തതാ? ഭംഗിയായുണ്ട്.
അതേ സു അപ്പുക്കുട്ടന് എല്ലാം ഒരുപോലെ!
ഹരീ അപ്പുക്കുട്ടന് ആഹാരം കൂടുതല്‍ കഴിച്ചതിന്റെ ക്ഷീണമാണ്.
സാജാ തമാശ മാത്രമല്ലല്ലോ ജീവിതം.
രേഷ്മ-പടം ആശാത്തി എടുത്തതല്ല.ആശാത്തിയാണ് ചെയ്തത്.
വിചാരം,തറവാടി,മനു,സൂര്യോദയം,ചാത്തന്‍,മെലോഡിയസ്
എല്ലാവര്‍ക്കും നന്ദി. വീണ്ടും വരിക.
“ഗൗരിയമ്മ തേങ്ങ ഇട്ടാല്‍ സിനിമ കാണാം. അമ്മ തേങ്ങ ഇട്ടാല്‍ ഇറച്ചിക്കറി കഴിക്കാം...”
‘സുല്‍ തേങ്ങ ഇട്ടാല്‍ പോസ്റ്റ് വായിക്കാം’ :)
ഇതും നന്നായിരിക്കുന്നു സതീഷ്... സതീഷിന്‍റെ എഴുത്ത് എപ്പഴും ജീവിതഗന്ധിയാണ്, അത് തമാശ കലര്‍ത്തിയെഴുതിയാലും അല്ലെങ്കിലും!
നന്ദി അഗ്രജാ.
സതീഷേ,
ജീവിത ഗന്ധ്മുള്ള ചിത്രങ്ങള്‍ തന്നെ.:)
നന്ദി വേണുച്ചേട്ടാ.
ഇത് വളരെ നന്നായിട്ടുണ്ട്... അടുത്തതിന് ഒത്തിരി ഗാപ്പിടല്ലെ.....
ഈ പേരുമാറ്റമൊന്നുമറിഞ്ഞിരുന്നില്ല.വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
നല്ല കഥ
:)
Post a Comment