Followers

അപ്പുക്കുട്ടനും ഗപ്പിയും

Sunday, December 2, 2007

അപ്പുക്കുട്ടന് ഗപ്പി വളര്‍ത്താന്‍ ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നാളുകളായി. കുറച്ച് നാളുകളെന്നു പറഞ്ഞാല്‍ കുമാറിന്റെ വീട്ടിലെ കണ്ണാടിക്കൂട്ടില്‍ പലനിറത്തിലും രൂപത്തിലുമുള്ള മീന്‍കുഞ്ഞുങ്ങള്‍ തത്തിക്കളിക്കുന്നത് കണ്ട അന്ന് മുതല്‍ തുടങ്ങിയതാണ്. സ്വര്‍ണ്ണ നിറത്തിലും കറുപ്പ് നിറത്തിലുമൊക്കെയുള്ള മീനുകളെ കാണാന്‍ എന്ത് ഭംഗിയാണ്! കണ്ണാടിക്കൂടിന്റെ അടിത്തട്ടില്‍നിന്നും വരുന്ന കുമിളകള്‍ക്കിടയിലൂടെ നീങ്ങുന്ന മീനുകളെ കണ്ടിട്ടും കണ്ടിട്ടും അപ്പുക്കുട്ടന് മതി വന്നില്ല. ഇതുപോലൊരു കണ്ണാടിക്കൂടും തിളങ്ങുന്ന മീനുകളേയും വാങ്ങിക്കണമെങ്കില്‍ ഒത്തിരി പണം വേണം!
കുമാറിന്റെ അച്ഛന്‍ പണക്കാരനാണ്. ആനയെപ്പോലും വാങ്ങിക്കാന്‍ കാശുണ്ടന്നാണ് മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്.

സ്വര്‍ണ്ണമീനും കണ്ണാടിക്കൂടും നടക്കാത്ത സ്വപ്നമാണന്ന് മനസ്സിലായത് കൊണ്ടാണ് അപ്പുക്കുട്ടന്‍ മീന്‍ വളര്‍ത്തല്‍ ഗപ്പിയിലാക്കാമെന്ന് വിചാരിച്ചത്. ഗപ്പിക്കുഞ്ഞുങ്ങളെ തരാമെന്ന് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. കുറച്ച് കൂടി അവനെ സോപ്പിട്ടാല്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടെ ഒപ്പിച്ചെടുക്കാന്‍ പറ്റുമായിരിക്കും!

കുറേ നാളുകൂടിയുള്ള അപ്പുക്കുട്ടന്റെ ആഗ്രഹമാണ് വീട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ളത്. അമ്മ വീട്ടില്‍ താറാവിനേം,കോഴിയേയും വളര്‍ത്തുന്നുണ്ട്. അച്ഛനാണങ്കില്‍ പച്ചക്കറി കൃഷിയാണ്. അപ്പോള്‍ അപ്പുക്കുട്ടന്‍ മാത്രം ഒന്നും ചെയ്യാതിരുന്നാല്‍ മോശമല്ലേ!

നിറമുള്ള മീനെകിട്ടിയില്ലെങ്കില്‍ വേണ്ട. ഗപ്പിയെങ്കില്‍ ഗപ്പി!

ഒന്നോര്‍ത്താല്‍ ഗപ്പി വളര്‍ത്തുന്നത് അമ്മ കോഴീനേം താറാവിനേം വളര്‍ത്തുന്നതിനേലും നല്ലതാണ്. നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുകേലല്ലോ.
കോഴിയെല്ലാം കൂടി ശങ്കരന്‍ ചേട്ടന്റെ തെങ്ങിന്‍ചോട്ടിലും വാഴച്ചോട്ടിലും ചെകഞ്ഞെന്ന് പറഞ്ഞ് എപ്പോഴും വഴക്കാണ്. അച്ഛന്റെ കപ്പയും കാച്ചിലും, ചീരയുമെല്ലാം കോഴീം താറാവുമെല്ലാം കൂടി ചെകഞ്ഞ് നശിപ്പിക്കും. അതിന് അച്ഛനും വഴക്കാണ് എപ്പോഴും.
ചിക്കി ചെകഞ്ഞ് നശിപ്പിക്കുന്നത് മാത്രമല്ലല്ലോ പ്രശ്നം! സുന്ദരന്‍ കോഴി വഴിയേ ആരേയും വിടത്തില്ല . പുറകേ ഓടിച്ചിട്ടല്ലേ കൊത്തുന്നത്. ഇന്നാളൊരു ദിവസം ജാനകിചേച്ചീടെ തലയില്‍ കേറിയാണവന്‍ കൊത്തിയത്. അന്നാണ് ജാനകിചേച്ചീടെ മുടീടെ ഗുട്ടന്‍സ് എല്ലാര്‍ക്കും മനസ്സിലായത്.

ജാനകിചേച്ചി വഴക്കുണ്ടാക്കിയെങ്കിലും അമ്മയ്ക്ക് സന്തോഷമായി.

''ഇനിയവള് മുടീടെ പേരും പറഞ്ഞ് നെഗളിക്കുകേലല്ലോ'' എന്നാണ് അമ്മ പറഞ്ഞത്.
മാഞ്ചുവട്ടിലെ പെണ്ണുങ്ങള്‍ക്കും കുറച്ച് ദിവസം അത് തന്നെയായിരുന്ന് സംസാരവിഷയം!

ഗപ്പിയെ വളര്‍ത്തണമെങ്കിലും പ്രശ്നമാണല്ലോ. കണ്ണാടിക്കൂട് എന്തായാലും വാങ്ങാന്‍ പറ്റില്ല. അതിനൊക്കെ ഒത്തിരി പൈസ ആകും. എന്താണ് വഴി?

അച്ഛനോട് പറഞ്ഞാല്‍ ചിലപ്പോള്‍ നടന്നെന്നിരിക്കും. കക്കൂസ് പണിയാനായി ഇഷ്ടികയും സിമന്റുമെല്ലാം കൊണ്ടുവന്നിട്ടുണ്ട്. പണിക്കാര്‍ വരുമ്പോള്‍ അവരെക്കൊണ്ട് ചെറിയൊരു ടാങ്ക് കെട്ടിച്ചാല്‍ മതിയാരുന്നു. ഒരു വരി ഇഷ്ടികപ്പൊക്കത്തില്‍ മതി. അല്‍പം വെള്ളം കെട്ടിക്കിടക്കാന്‍ ഒരിടം വേണം. അത്രേ ഉള്ളു. കൂടുതല്‍ വെള്ളം വേണമെന്നുണ്ടങ്കില്‍ ഗപ്പിയെ കുളത്തിലിട്ടാല്‍ പോരേ.


അച്ഛന്‍ കാച്ചില്‍ നടാനുള്ള ശ്രമത്തിലായിരുന്നു. പതുക്കെ അപ്പുക്കുട്ടന്‍ അച്ഛന്റെ കൂടെക്കൂടി. കാര്യം കാണേണ്ടേ?
അച്ഛന്‍ കാച്ചില്‍ നടുന്നത് കാണാന്‍ നല്ല രസമാണ്!
കുഴികുഴിച്ച് അതിന്റകത്ത് അപ്പുക്കുട്ടന്റത്രേം പൊക്കത്തില്‍ വാഴപ്പിണ്ടിവെയ്ക്കും. വാഴപ്പിണ്ടിയ്ക്ക് ചുറ്റും കരിയിലയും ഉണക്ക ചാണകവുമെല്ലാം ഇട്ട് മുകളില്‍ കാച്ചിലിന്റെ തൈ വെച്ച് കുഴി മൂടും. അങ്ങനെ ചെയ്താല്‍ അപ്പുക്കുട്ടന്റത്രേമുള്ള കാച്ചിലുണ്ടാവുമെന്നാണ് അച്ഛന്‍ പറയുന്നത്.
ഇന്നാള് പറിച്ച കാച്ചില് വെള്ളരിക്കായുടെ അത്രേ ഉണ്ടായിരുന്നുള്ളു. അപ്പുക്കുട്ടനത് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ചോദിക്കുന്നത് ശരിയല്ലല്ലോ. ടാങ്ക് കെട്ടിക്കേണ്ടതല്ലേ.
അപ്പുക്കുട്ടന്‍ കാച്ചില് നടാന്‍ അച്ഛനെ സഹായിച്ചുകൊണ്ടിരുന്നു. പതിവില്ലാതെ മകന്‍ നല്ലകാര്യങ്ങളൊക്കെ ചെയ്യുന്നത് കണ്ട് അച്ഛന്‍ സന്തോഷിച്ചു. ആ സന്തോഷം അപ്പുക്കുട്ടന്‍ മുതലെടുക്കുകയും ചെയ്തു.

വാസുദേവന്‍ മേസ്തിരി പിറ്റേദിവസം ഒരു ടാങ്ക് കെട്ടി. ഒരു കുഞ്ഞ് ടാങ്ക്! അമ്മ അരി പേറ്റുന്ന മുറത്തിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു ടാങ്കിന്! ഗപ്പിയെ വളര്‍ത്താന്‍ അതൊക്കെ തന്നെ ധാരാളം! വീടിന് മുന്‍വശം അച്ഛന്‍ ചീര നട്ടിരിക്കുന്നതിനോട് ചേര്‍ന്നാണ് ടാങ്ക് കെട്ടിയത്.

അപ്പുക്കുട്ടന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഇനി ടാങ്കിന്റെ സിമന്റെല്ലാം ഒന്നുണങ്ങിക്കിട്ടിയാല്‍ മാത്രം മതി. അതിന് ഒരു ദിവസമെങ്കിലും കഴിയണമെന്നാണ് വാസുദേവന്‍ മേസ്തിരി പറഞ്ഞത്.

പിറ്റേദിവസം തന്നെ അപ്പുക്കുട്ടന്‍ ഗപ്പിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. കുമാറിന്റെ വീട്ടില്‍ നിന്നും. ഒരു പ്ലാസ്റ്റിക് കൂട്ടില്‍ വെള്ളമൊഴിച്ച് അതിലാണ് മീനുകളെ കൊണ്ട് വന്നത്.
കണ്ണാടിക്കൂട്ടിലെ മീനുകള്‍ക്ക് കൊതികിട്ടെരുതെന്ന് കരുതിയായിരിക്കണം കുമാര്‍ ഒരു സ്വര്‍ണ്ണ മീനെക്കൂടി അപ്പുക്കുട്ടന് കൊടുത്തിരുന്നു.

ടാങ്കിലെ നിറഞ്ഞ വെള്ളത്തില്‍ ഓടിനടക്കുന്ന ഗപ്പിക്കുഞ്ഞുങ്ങളേയും അതിന്നിടയില്‍ തിളങ്ങി നീങ്ങുന്ന സ്വര്‍ണ്ണ മീനേയും കണ്ട് അപ്പുക്കുട്ടന്‍ കൈകൊട്ടി ചിരിച്ചു. സേതുവിനേയും അമ്മയേയും അച്ഛനേയുമെല്ലാം അവനത് കാണിച്ചു.
സേതു കൈയിട്ട് സ്വര്‍ണ്ണമീനെ പിടിക്കാന്‍ ഒരു ശ്രമമൊക്കെ നടത്തി.
അച്ഛനവളെ വഴക്ക് പറഞ്ഞു.
ടാങ്കിലെ കുഞ്ഞ് മീനുകള്‍ക്ക് കുമാറിന്റെ കണ്ണാടിക്കൂട്ടിലെ മീനുകളേക്കാള്‍ ഭംഗിയുള്ളതായി അപ്പുക്കുട്ടന് തോന്നി. കൂട്ടുകാരെ എല്ലാവരേയും താന്‍ മീന്‍ വളര്‍ത്തുന്ന വിധം കാണിക്കണം. കണ്ണാടിക്കൂടില്ലാതെ തന്നെ മീന്‍ വളര്‍ത്തുന്നത് കണ്ട് എല്ലാവരും അതിശയിക്കും!
കൂട്ടുകാരെതിരക്കി അപ്പുക്കുട്ടന്‍ വായനശാല വെളിയിലേക്കോടി. കിളിമാശ് കളിയും ഓടിപ്പിടുത്തവുമൊക്കെ നിര്‍ത്തി വെച്ച് ഒരു ജാഥ അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്ക് നീങ്ങി. അപ്പുക്കുട്ടന്‍ ഏറ്റവും മുന്നില്‍.

ടാങ്കിന് ചുറ്റും എല്ലാവരും വട്ടം കൂടി.

“എവിടെ മീന്‍?” ചോദ്യം പലരില്‍ നിന്നും ഒരേ സമയമുണ്ടായി. അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല. ടാങ്കില്‍ മീനുകളൊന്നുമില്ല.

എന്തു പറ്റി? ഒരുപിടിയും കിട്ടുന്നില്ല.

ഒച്ച കേട്ട് അമ്മ പുറത്തേയ്ക്ക് വന്നു.

'' ഇവിടെ കോഴീം താറാവുമൊക്കെ ഉള്ളത് അറിയാവുന്നതല്ലേ? ടാങ്കൊന്ന് മൂടിയിട്ടിട്ട് പോയാല്‍ നിനക്കെന്തായിരുന്നു? അതങ്ങനെ തുറന്നിട്ടതു കൊണ്ടല്ലേ താറാവ് കേറി എല്ലാത്തിനേം തിന്നുകളഞ്ഞത്?''

കൂട്ടുകാര്‍ കൂകിവിളിച്ചു.

അപ്പുക്കുട്ടന് സങ്കടവും അരിശവുമെല്ലാം വന്നു. കൂട്ടുകാരുടെ മുന്നില്‍ നാണക്കേടുമായി.

''നിന്നെയിന്ന് വെട്ടിക്കണ്ടിച്ച് കറിവെയ്ക്കും ഞാന്‍.'' അപ്പുക്കുട്ടന്‍ താറാവിന്റെ പുറകേ ഓടി.

താറാവ് ഒരു പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഓടി.

ഗപ്പിയേക്കാള്‍ രുചി സ്വര്‍ണ്ണ മീനാണന്നായിരിക്കുമോ അതുദ്ദേശിച്ചത്?


ഗപ്പിയെ കണ്ടിട്ടില്ലാത്തവര്‍ക്കായി


ഈ ഫോട്ടോ കിട്ടിയത് ഇവിടെ നിന്ന് ഫോട്ടോഗ്രാഫര്‍ Jdiemer

ഗപ്പിയെ കുറിച്ച് കൂടുതല്‍ ചിത്രങ്ങളും വിവരണവും

1. aqua-fish - The Guppy fish
2. aquaticcommunity-Guppy Fish
3. wikipedia

23 comments:

ഉപാസന || Upasana said...

സതീഷ് ഭായ്,

ഉപാസന തേങ്ങയടിക്കുകയാണ്
:)
“ഠേ...”

അപ്പുക്കുട്ടന്റെ വിലാപങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു
:)
ഉപാസന

പ്രയാസി said...

സതീഷെ ഒരു സൈഡ് ബിസിനസ്സായിരുന്നു നാട്ടില്‍ മീന്‍ വളര്‍ത്തല്‍, അതു മാത്രമല്ല, ലൌ ബേറ്ഡ്സ്, മുയല്‍, പ്രാവു, വീടൊരു ചിന്ന കാഴ്ചബംഗ്ലാവു..
അതൊക്കെ ഓര്‍മ്മ വന്നു..
ഞാനാണെങ്കില്‍ താറാവു അന്നു കറിയാവും..:)

കൊച്ചുത്രേസ്യ said...

പാവം അപ്പുക്കുട്ടന്‍..
ആ താറാവ്‌ നരകത്തില്‍ പോകും നോക്കിക്കോ..

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സതീഷ്,

ഈ ഓര്‍മ്മക്കുറിപ്പ് എന്നേയും പിന്നിലേക്ക് നടത്തി.

ഞാന്‍ വിത്തുപാകി മുളപ്പിച്ച സീനിയ ചെടിയുടെ തൈ തിന്ന താറാവിന്റെ കാലു ഞാന്‍ എറിഞ്ഞു ഒടിച്ചു അന്നു. ഇന്ന് പാവം തോന്നുന്നു. താറാവിനറിയില്ലല്ലൊ അതൊന്നും അല്ലെ?

മയൂര said...

അവസാനം കൂടുതല്‍ ഇഷ്ടമായി...:)

സു | Su said...

പാവം അപ്പുക്കുട്ടന്‍. പാവം താറാവ്.

ഗപ്പി മീന്‍ എനിക്കറിയില്ല.

ശ്രീ said...

ന്നാലും പാവം അപ്പുക്കുട്ടന്‍‌... ആ കശ്മലന്‍‌ താറാവിനെ ഒരു ദിവസം പട്ടിണിക്കിട്ടാലോ?


ഓ.ടോ.
സൂവേച്ചീ... ഗപ്പി ഒരു കുഞ്ഞുമീനാണ്‍. കാണാനത്ര ഗ്ലാമറില്ലെങ്കീലും കൊതുകിന്റെ കൂത്താടികളെയെല്ലാം നശിപ്പിക്കാന്‍‌ മിടുക്കനാണ്‍ ഗപ്പികളെന്നാണ്‍ അറിവ്. ഏതു വെള്ളത്തിലും വളര്‍‌ത്താം. അതു പോലെ പെട്ടെന്ന് പെറ്റുപെരുകുകയും ചെയ്യും.
കേട്ടറിവാണേ... തെറ്റുണ്ടെങ്കില്‍‌ അറിയാവുന്നവര്‍‌ തിരുത്തുമല്ലോ...

വലിയവരക്കാരന്‍ said...

താറാവിനെ കറിവയ്കുമ്പോളറിയിക്കണേ....

സുല്‍ |Sul said...

പാവം പാവം അപ്പുക്കുട്ടന്‍.
-സുല്‍

സഹയാത്രികന്‍ said...

കഷ്‌ടായി....
എനിക്ക് ആ താറാവിന്റെ കാര്യം കാര്യം ആലോചിച്ചിട്ടാ... ത്രേസ്യാകൊച്ച് പ്രാകി... ഇനി രക്ഷ്അയില്ല...
:)

വല്യമ്മായി said...

പാവം അപ്പുക്കുട്ടന്‍,എഴുത്തു നന്നായി സതീശ്,ഒരു ചെറിയ നിര്‍ദ്ദേശം "അന്നാണ് ജാനകിചേച്ചീടെ മുടീടെ ഗുട്ടന്‍സ് എല്ലാര്‍ക്കും മനസ്സിലായത്" എന്നു പറഞ്ഞ് നിര്‍ത്തിയാലും കാര്യം എല്ലാവര്‍ക്കുംമനസ്സിലായേനേ,അതിനൊരു വിശദീകരണം വേണ്ടിയിരുന്നില്ല.

പി.സി. പ്രദീപ്‌ said...

സതീശേ,
വല്യമ്മായി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
എങ്കിലും എഴുത്ത് നന്നായി.
അഭിനന്ദനങ്ങള്‍

krish | കൃഷ് said...

താറാവിനെ കറി വെച്ചാലെ ഇനി അപ്പുക്കുട്ടന്‍ സന്തോഷിക്കൂ..
എഴുത്ത് നന്നായിട്ടുണ്ട്.

Rasheed Chalil said...

ആറ്റ് നോറ്റ് രണ്ട് പ്രാവുകളെ വളര്‍ത്തിയതില്‍ ഒന്നിനെ ഒരു പൂച്ച അടിച്ച് മാറ്റിയതിന് പട്ടിണി കിടന്ന ഒരു എട്ട് വയസ്സുകാരനെ ഓര്‍ത്തുപോയി...

സാജന്‍| SAJAN said...

ഈ കഥയുടെ സസ്പെന്‍സ് ആദ്യമേ പൊളിഞ്ഞിരുന്നു,
ആഷ എവിടെയോ കമന്റായി ഇത് ഇട്ടിരുന്നോ എന്നൊരു ചിന്താവിഷ്ടനായ ശ്യാമള , പിന്നെ സതീശേ എന്താണീ ഗപ്പികുഞ്ഞോളുകള്‍?
വിക്കിയിലേക്കൊരു ലിങ്കും കൊടുക്കായിരുന്നു:)
ചുമ്മാ ഒരു സ്റ്റൈല് സ്റ്റൈല്‍ താന്‍!
പിന്നെ ഒരു ഓടോ:- കഥ നന്നായി
word veri
odarada
r veNDaayirunnu:)

കുറുമാന്‍ said...

അപ്പുകുട്ടന്റെ സങ്കടം ആലോചിച്ചിട്ട് പാവം തോന്നുന്നു.....ആ താറാവിനെ പൊരിച്ചടിച്ചല്‍ ഡബ്ബിള്‍ എഫക്റ്റ്.....ഫിഷ് ഫ്രൈ + ഡക്ക് ഫ്രൈ = ഫിക്ക് ഫ്രൈ (ദൈവമേ, കമന്റ് പോസ്റ്റ് ചെയ്യ്ത് കഴിയുമ്പോള്‍ വള്ളി അപ്രത്യക്ഷമാകരുതേ)

Sathees Makkoth | Asha Revamma said...

മറുപടിതരാന്‍ കുറച്ച് വൈകിപ്പോയി.
അപ്പുക്കുട്ടന് കൂട്ടായി ഒരുപാട് പേരുണ്ടന്നറിഞ്ഞതില്‍ സന്തോഷം.
പ്രദീപേ, വല്യമ്മായിയുടെ അഭിപ്രായം സ്വീകരിച്ച് വേണ്ട മാറ്റം വരുത്തിയിട്ടുണ്ട്.
വായിച്ചവര്‍ക്കും അഭിപ്രായമറിയച്ചവര്‍ക്കും വിനയപൂര്‍വ്വം നന്ദി.

Pongummoodan said...

സതീശേട്ടാ..
നന്നായിട്ടുണ്ട്‌.

asdfasdf asfdasdf said...

സതീശെ നന്നായിട്ടോ. നല്ല വായനാസുഖമുണ്ട്.

നിരക്ഷരൻ said...

മീന്‍ കറിവച്ച് കഴിക്കുമെന്നല്ലാതെ വളര്‍ത്താനിതുവരെ തോന്നിയിട്ടില്ല. ആപ്പുക്കുട്ടന്റെ വിഷമം കണ്ടപ്പോള്‍ കുറച്ച് മീന്‍ വളര്‍ത്തിയാലോന്നൊരു ആലോചന.

ദേവന്‍ said...

എനിക്കും ഉണ്ടായിരുന്നൊരു സിമന്റ് ടാങ്ക് നിറച്ച് ഗപ്പികളും സ്വര്‍ണ്ണമീനും ബ്ലാക്ക് മോളികളും മാലാഖമീനും. ഭാഗ്യത്തിനു വീട്ടില്‍ T.A.റാവ് എന്ന തെലുങ്കനെ വളര്‍ത്തിയിരുന്നില്ല ക്വാഴി വെള്ളത്തില്‍ ഇറങ്ങുകയും ഇല്ല. പൊന്മാനെ ഭയന്ന് ഒരു ബോട്ടുവല സ്ക്രാപ്പ് ചെയ്തതിന്റെ കഷണം വാങ്ങി ടാങ്കിനു മേലേ വിരിച്ചിരുന്നു.

പാവം അപ്പുക്കുട്ടന്‍. ഭാഗ്യവാന്‍ ഞാന്‍. വിവരമില്ലാത്ത താറാവ്

Sathees Makkoth | Asha Revamma said...

പോങ്ങുമ്മൂടൻ,കുട്ടന്മേനോൻ,നിരക്ഷരൻ,ദേവേട്ടൻ,കമന്റ് കാണാൻ ഒത്തിരി വൈകി.ക്ഷമിക്കണം.നന്ദി.

strangebeauty said...

ithippo njan pandu charuvathil gappi valarthiyath pole aayallo

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP