Followers

ദര്‍ശനം - അവസാന കഷണം

Monday, September 17, 2007

ദര്‍ശനം - കഷണം ഒന്ന്
ദര്‍ശനം - കഷണം രണ്ട്
വാതുക്കലൊരു ചുമ കേട്ടു.
“അച്ഛന്‍ വന്നെന്ന് തോന്നുന്നു.” സ്ത്രീ പറഞ്ഞു.

നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു അപ്പൂപ്പന്‍ അകത്തേയ്ക്ക് കടന്നുവന്നു. അച്ഛനും സുകുമാരന്‍ ചേട്ടനും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാലയിട്ട ഒരപ്പൂപ്പന്‍. പഞ്ഞിക്കെട്ടുപോലുള്ള മുടി വീതിയേറിയ നെറ്റിയില്‍ നിന്നും മുകളിലേയ്ക്ക് ഈരി വെച്ചിരിക്കുന്നു. ചുവന്ന ഉണ്ടക്കണ്ണുകള്‍! അച്ഛന്റെ കണ്ണുകളും ഉണ്ടക്കണ്ണുകളാണ്. പക്ഷേ ഇത്രയും ചുമപ്പില്ല.
“ഞങ്ങള്‍ കുറച്ച് ദൂരേന്ന് വരുന്നവരാണ്. ഇവന്റെ ജാതകമൊന്നെഴുതണമായിരുന്നു.” സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു.

“അല്‍പമൊന്നിരിക്കൂ. ഞാനുടനെ വരാം.” ഉണ്ടക്കണ്ണന്‍ അപ്പൂപ്പന്‍ അകത്തേയ്ക്ക് പോയി.

അധികം താമസിയാതെ തന്നെ തിരികെ വന്ന് ചാരുകസേരയിലിരുന്നു.

“നിങ്ങളെവിടുന്നാ? എന്താ ഉദ്ദേശ്യം.” വായില്‍ നിറഞ്ഞു വന്ന തുപ്പല്‍ കോളമ്പിയിലോട്ട് തുപ്പിക്കൊണ്ട് അപ്പൂപ്പന്‍ ചോദിച്ചു.
“ആലപ്പുഴേന്നാ” അപ്പുക്കുട്ടനാണത് പറഞ്ഞത്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. “മിടുക്കന്‍. കുട്ടികളായാല്‍ ഇങ്ങനെ വേണം. നല്ല ചുണ വേണം.”
“ആട്ടെ. ആലപ്പുഴേലെവിടെനിന്നാണ്?”

“ആലപ്പുഴേലെവിടെയൊക്കെ അറിയാം?” അച്ഛന്റെ വകയായിരുന്നു പെട്ടെന്നുള്ള മറുചോദ്യം.

അപ്പൂപ്പന്‍ മുറുക്കാന്‍ ഒന്നുകൂടി നീട്ടി തുപ്പി. “ഞാനും ആലപ്പുഴേലൊക്കെ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കാറും ബസ്സുമൊക്കെ വരുന്നതിന് മുന്‍പ്. അന്ന് ഞങ്ങള്‍ കാളവണ്ടിയിലായിരുന്നു യാത്ര.”

അപ്പൂപ്പന്‍ പുറത്തേയ്ക്ക് നോക്കി. ആ നോട്ടം കാലങ്ങള്‍ കടന്ന് പുറകിലോട്ട് പോവുകയായിരുന്നുവോ. അറിയില്ല.

“ആലപ്പുഴേലെവിടുന്നാണന്ന് പറഞ്ഞില്ല.” ഒരു നിമിഷത്തിന്റെ നിശബ്ദതയ്ക്ക് ശേഷം അപ്പൂപ്പന്‍ വീണ്ടും ചോദിച്ചു.

അച്ഛനാണ് ഉത്തരം പറഞ്ഞത്. “ഗൗരിയെ അറിയുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറും ബസുമൊക്കെ വരുന്ന കാലത്തിന് മുന്‍പ് ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഗൗരിയെ അറിയുമോ? അന്ന് ഗൗരിയുടെ ഒക്കത്തിരുന്ന കൈക്കുഞ്ഞിനെ ഓര്‍മ്മയുണ്ടോ? അതെല്ലാം ഓര്‍മ്മയുണ്ടങ്കില്‍ ഞങ്ങളെവിടെ നിന്നാണന്ന് കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല.” അച്ഛന്റെ ശബ്ദം പതിവില്ലാത്ത വിധം ഒച്ചത്തിലായിരുന്നു. ശബ്ദം ഇടറിയിരുന്നോ? സ്വതവേ ചുവന്ന ഉണ്ടക്കണ്ണുകളുടെ നിറം ചെമ്പരത്തിപ്പൂപോലെയായോ?

ഉറക്കെയുള്ള സംസാരം കേട്ടിട്ടാവാം കൊച്ചു സുന്ദരി വാതുക്കലേയ്ക്ക് ഓടിയെത്തി.അകത്തെ മുറിയിലുണ്ടായിരുന്നവര്‍ എത്തിനോക്കി.
അപ്പൂപ്പന്‍ ചാരുകസേരയില്‍നിന്നും എണീറ്റു.

“ഗൗരി... ഗൗരിയുടെ ആരാ നിങ്ങള്‍?...” അപ്പൂപ്പന്റെ ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. അത് തൊണ്ടയിലെവിടെയോ കുരുങ്ങിപ്പോവുന്നു.

“ആ ഗൗരിയുടെ പേരക്കിടാവാണിത്. എന്റെ മകന്‍.” അച്ഛന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചു നിര്‍ത്തി.

പെയ്യാന്‍ വിതുമ്പിനില്‍ക്കുന്ന കാര്‍മേഘം പോലെ കണ്ണുനീര്‍ അച്ഛന്റെയും അപ്പൂപ്പന്റെയും കണ്ണുകളില്‍ നിറഞ്ഞുനിന്നു. അമ്പലത്തില്‍ ഉല്‍സവത്തിനുകണ്ട നാടകത്തിന്റെ അവസാന രംഗം പോലെ തോന്നി അപ്പുക്കുട്ടന്.

അപ്പൂപ്പന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്ക് പിടിച്ചുനിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു. രണ്ട് കണ്ണുനീര്‍ത്തുള്ളികള്‍ അവന്റെ നെറുകയില്‍ വീണു.

“ഗൗരി...ഗൗരി ഇപ്പോള്‍...” അപ്പൂപ്പന്‍ വാക്കുകള്‍ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയായിരുന്നു.

“മരിച്ചിട്ടില്ല. ഇപ്പോഴുമുണ്ട്. നിങ്ങളുടെ ഓര്‍മ്മക്കുറിപ്പായി ഞാനും.” അച്ഛന്റെ വാക്കുകളെ അപ്പുക്കുട്ടന്‍ ഏറ്റുപിടിച്ചു.
“അമ്മൂമ്മ അമ്പലത്തിലിരിപ്പുണ്ട്. കൂടെ സേതുവും അമ്മേം എല്ലാരുമുണ്ട്.”

അകത്തെ മുറിയിലെ സ്ത്രീകളുടെ അടക്കിയുള്ള സംസാരം ശക്തിപ്രാപിച്ചു വരുന്നു.
“വയസാം കാലമായപ്പോള്‍ ഓരോരുത്തരെറങ്ങിയേക്കയാണ്. അവകാശോം പറഞ്ഞോണ്ട്...”

“അവകാശം സ്ഥാപിക്കനെത്തിയതാണന്ന് കരുതേണ്ട. ജന്മം നല്‍കിയ ആളെ ജീവിതത്തിലൊരു തവണയെങ്കിലും കാണണമെന്ന ആഗ്രമുണ്ടായിരുന്നു. അതു സാധിച്ചു. ഇനി ഞാന്‍ ഈ വഴി വരില്ല. ആരും വേവലാതിപ്പെടേണ്ട ആവശ്യവുമില്ല.” അകത്തേയ്ക്ക് നോക്കിക്കൊണ്ടായിരുന്നു അച്‌ഛന്‍ അങ്ങനെ പറഞ്ഞത്. എന്നിട്ട് ‍ അപ്പുക്കുട്ടനെയും കൈയ്ക്ക് പിടിച്ച് അച്ഛന്‍ പുറത്തേക്കിറങ്ങാനൊരുങ്ങി.
അകത്തെ മുറിയിലെ സ്ത്രീകള്‍ പുറത്തേയ്ക്ക് തലനീട്ടി. മഴപെയ്തൊഴിഞ്ഞ മാനത്തിന്റെ ശാന്തത അവരുടെ മുഖങ്ങളിലുണ്ടായിരുന്നു.
അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈയ്ക്ക് കയറിപ്പിടിച്ചു. “ഒരു നിമിഷം നില്‍ക്കൂ മോനേ, മോനിപ്പോള്‍ എന്താ ഈ പാപിയായ അപ്പൂപ്പന്‍ നല്‍കുന്നേ...”
മേശവലിപ്പ് തുറന്ന് ഒരു കെട്ട് നോട്ടുകള്‍ അപ്പൂപ്പന്‍ അപ്പുക്കുട്ടന്റെ കൈകളില്‍ പിടിപ്പിച്ചു.
“ഇതു മോനുള്ളതാണ്. അപ്പൂപ്പന്റെ സമ്മാനം.”
അപ്പുക്കുട്ടനെന്തു ചെയ്യണമെന്നറിയാതായി. ആദ്യമായാണ് കൈയില്‍ നോട്ട് കെട്ട് വരുന്നത്. ഐസ് മിഠായിക്കായി കരഞ്ഞ് പറഞ്ഞാല്‍ പോലും അമ്മൂമ്മ ചില്ലിപൈസ തരില്ല. എന്തുനല്ല അപ്പൂപ്പന്‍! താനും ഇന്നുമുതല്‍ പണക്കാരനാണ്! കണാരന്‍ മൂപ്പനെപ്പോലെ. ഈ അച്ഛനും അമ്മൂമ്മയ്ക്കും വല്ല കാര്യോണ്ടായിരുന്നോ, ഇങ്ങനെ കൂലിവേലചെയ്ത് ആലപ്പുഴേ കഴിയാന്‍!. ഇവിടെ താമസിച്ചാല്‍ പോരാരുന്നോ? പണക്കാരനായ അപ്പൂപ്പന്റെ കൂടെ!

അച്ഛന്‍ അപ്പൂപ്പന്റെ കൈയില്‍ നിന്നും നോട്ട്കെട്ട് പിടിച്ചു വാങ്ങി.അപ്പൂപ്പന്റെ കൈയിലോട്ട് തിരികെ കൊടുത്തുകൊണ്ട് പറഞ്ഞു.
“ഈ പണം കൊണ്ട് എനിക്ക് നഷ്ടമായ ബാല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നഷ്ടമായ അച്ഛന്റെ സ്നേഹവാല്‍സല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നേടാനാവാതെ പോയ വിദ്യാഭ്യാസം നേടിയെടുക്കാന്‍ പറ്റുമോ?...” ഇടറിപ്പോകുന്ന ശബ്ദത്തെ പിടിച്ച് നിര്‍ത്താന്‍ അച്ഛന്‍ പാടുപെട്ടു.
“പണവും മറ്റ് സൗകര്യങ്ങളൊന്നുമില്ലെങ്കിലും എനിക്കുണ്ടായതുപോലുള്ള ദുരിതപൂര്‍ണ്ണമായ ഒരു ബാല്യം എന്റെ മകനുണ്ടാവില്ല. അവന്‍ അവന്റച്ഛന്റെ സ്നേഹമേറ്റുവാങ്ങി തന്നെ വളരും.ജീവിതകാലം മുഴുവാന്‍ ഓര്‍മ്മയില്‍ തങ്ങി നിര്‍ത്താനുതവുന്ന ബാല്യത്തിന്റെ ഊഷ്മളതയുമേറ്റുവാങ്ങിത്തന്നെ.പക്ഷേ അതിന് ഈ പണത്തിന്റെ ആവശ്യമുണ്ടന്ന് എനിക്ക് തോന്നുന്നില്ല.” അച്ഛന്‍ അപ്പുക്കുട്ടനെയുമെടുത്ത് പുറത്തോട്ടിറങ്ങി.

അപ്പോഴും കൊച്ചുസുന്ദരി പശുക്കുട്ടിയുടെ പുറകേ ഓടുന്നുണ്ടായിരുന്നു.

അപ്പുക്കുട്ടന്റെ മനസ്സില്‍ അപ്പോള്‍ ഒരു സംശയം പൊന്തിവന്നു. അവന്‍ അച്ഛനോട് ചോദിച്ചു.

“അച്ഛന് കൊച്ചിലെ പരിപ്പ് വടേം, ബോണ്ടേം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ? അച്ഛന് പടക്കോം പട്ടോം വാങ്ങിത്തരാന്‍ ആരുമില്ലാരുന്നോ?”

അച്ഛന്‍ ചിരിച്ച് കൊണ്ട് അപ്പുക്കുട്ടന്റെ മുഖമാകെ നിര്‍ത്താതെ ഉമ്മവെച്ചു. പക്ഷേ ആ ഉമ്മകള്‍ക്കും കണ്ണീരിന്റെ നനവുണ്ടായിരുന്നു.

18 comments:

സതീശ് മാക്കോത്ത് | sathees makkoth said...

വായനക്കാരുടെ സഹനശക്തിയെ പരീക്ഷിക്കുവാന്‍ ഒരു ശ്രമം.
എന്തുചെയ്യാനാണ്. എഴുതി വന്നപ്പോള്‍ നീണ്ട് നീണ്ടങ്ങ് പോയി.അതുകൊണ്ട് തന്നെ മൂന്നായി വെട്ടിമുറിച്ച് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. സഹിക്കുക. ക്ഷമിക്കുക.

നിഷ്ക്കളങ്കന്‍ said...

തീം പഴയതണെങ്കിലും സ്നേഹത്തിന്റെ സ്പ‌ര്‍ശമുള്ളതുകൊണ്ട് കൊള്ളാം സതീശേ.

-നിഷ്ക്ക‌ളങ്കന്‍

അപ്പു said...

സതീശാ ഈ അപ്പുക്കുട്ടനെ എനിക്കു വളരെ ഇഷ്ടായി. എന്റെ പേരുതന്നെ അവനും ഉള്ളതിനാലാവും.

“ഈ പണം കൊണ്ട് എനിക്ക് നഷ്ടമായ ബാല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നഷ്ടമായ അച്ഛന്റെ സ്നേഹവാല്‍സല്യം തിരിച്ച് വാങ്ങുവാന്‍ പറ്റുമോ?... എനിക്ക് നേടാനാവാതെ പോയ വിദ്യാഭ്യാസം നേടിയെടുക്കാന്‍ പറ്റുമോ?...”

നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍!

ശ്രീ said...

സതീശേട്ടാ...
അപ്പുക്കുട്ടന്റെ ചിന്തകളില്‍‌ കൂടി പറഞ്ഞിരിക്കുന്ന ഈ കഥ വളരെ ഇഷ്ടമായി.

നീണ്ട കഥ ആണേങ്കിലും ഒറ്റ ഇരുപ്പിന്‍ വായിച്ചു.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യരണ്ട് ഭാഗോം വായിച്ചപ്പോള്‍ ചേട്ടനു അനിയത്തിയോടുള്ള അസൂയയോഒ മറ്റോ ആണ്‌ കഥാതന്തു എന്നു ധരിച്ചു. ഇതിപ്പോള്‍ ‘ജുലൈ 4’ഇന്റെ സസ്പെന്‍സ് പോലായിപ്പോയല്ലോ?(എല്ലാം തകിടം മറിയുന്നു)

Sul | സുല്‍ said...

സതീശ്
നല്ല എഴുത്ത്. മുഴുവനും വായിച്ചു. അവസാനഭാഗം ഇങ്ങനെ തിരിയുമെന്നു കരുതിയില്ല. തമാശ പറഞ്ഞു വന്ന് വന്ന് കാര്യത്തിലേക്ക് തിരിഞ്ഞത് എത്ര പെട്ടെന്നാ. നന്നായിരിക്കുന്നു.
-സുല്‍

SAJAN | സാജന്‍ said...

സതീശേ, കഥ നന്നായി, ലളിതമായി കഥ പറയാനുള്ള സതീശിന്റെ കഴിവ് അഭിനന്ദനം അര്‍ഹിക്കുന്നു:)

അലിഫ് /alif said...

നീണ്ട് പോയങ്കിലും, പ്രമേയം പുതിയത് അല്ലെങ്കിലും ലളിതമായ ആഖ്യാനമായതിനാല്‍ ആസ്വാദ്യകരം, പ്രത്യേകിച്ച് അപ്പുകുട്ടന്റെ മനോവിചാരങ്ങളിലൂടെ കടന്നുപോകുന്നത് കൊണ്ട്.അപ്പുകുട്ടന്റെ ‘പുത്തന്‍ വലിയച്ഛന്‍’ എന്ന പ്രസ്താവന ഇഷ്ടമായി, കുട്ടികള്‍ക്ക് ആദ്യമായി അനുഭവമാകുന്നതെല്ലാം പുത്തന്‍ തന്നെയല്ലേ. അതുപോലെ ”പരിചയക്കാര് കണ്ണിറുക്കിയാല്‍ കുഴപ്പമില്ല. ചിലപ്പോഴൊക്കെ പരിചമുണ്ടായാലും കുഴപ്പമാണ്. ഇന്നാളൊരു ദിവസം കുമാറണ്ണനെ പദ്മിനിച്ചേച്ചി ചെരുപ്പൂരി കരണകുറ്റിയ്ക്ക് ഒരടികൊടുത്തു. കണ്ണിറുക്കി എന്നുംപറഞ്ഞ് “ എന്നതും അപ്പുകുട്ടനിലെ കുഞ്ഞ് നിരീക്ഷകനെ കാട്ടിതരുന്നു.
ആശംസകള്‍, സതീഷ്.

പി.സി. പ്രദീപ്‌ said...

സതീശേ,

നന്നായിരിക്കുന്നു. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

വായിച്ചു തുടങ്ങിയപ്പോള്‍ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കും എന്നു പ്രതീക്ഷിച്ചതേ ഇല്ല.കഥയില്‍ ഉണ്ടാകുന്ന റ്റ്വിസ്റ്റ്കള്‍ വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതിരിക്കാനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചു എന്നു തന്നെ പറയാം.

അഭിനന്ദനങ്ങള്‍.

ഇനിയും നല്ല നല്ല സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്... സ്നേഹത്തോടെ.....

മഴത്തുള്ളി said...

സതീശെ,

സമയക്കുറവു മൂലം വായിക്കാന്‍ താമസിച്ചു.

വളരെ നന്നായിത്തന്നെ കഥ അവതരിപ്പിച്ചിരിക്കുന്നു മാഷേ, അല്പം നീണ്ടുപോയെങ്കിലും. ഇനിയും പോരട്ടെ. ആശംസകള്‍. :)

sandoz said...

സതീശാ..ഇപ്പഴ മാഷേ ഇത്‌ കണ്ടത്‌....
മൂന്ന് ഭാഗവും ഒറ്റയിരുപ്പിനു വായിച്ചു....
ആദ്യ രണ്ട്‌ ഭാഗത്ത്‌ നിന്നും ഒറ്റച്ചാട്ടമായിരുന്നു മൂന്നാം ഭാഗം....

തമനു said...

സതീശാ മൂന്നു ഭാഗങ്ങളും ഒറ്റയിരുപ്പിന് വായിച്ചിട്ട് കുറേ ദിവസങ്ങളാകുന്നു. പക്ഷേ ഇന്നാണ് കമന്റ് ചെയ്യാനൊത്തത്.....

വളരെ മനോഹരമായിരുന്നു മൂന്നു ഭാഗങ്ങളും. പ്രിന്റ് എടുത്തു കൊണ്ടു പോയി രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പാണ് വായിച്ചത്. ഉറങ്ങിയത് ഈ കഥയുടെ നൊമ്പരത്തിലും..

ഹൃദയത്തിലേക്ക് നേരിട്ടു സംവദിക്കുന്ന വരികള്‍ ലളിതമായി എഴുതാനുള്ള സതീശന്റെ കഴിവിനെ ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി അഭിനന്ദിക്കട്ടെ..
:)

സതീശ് മാക്കോത്ത് | sathees makkoth said...

നിഷ്ക്കളങ്കന്‍,ആദ്യ കമന്റിന് നന്ദി.
അപ്പു, ഇഷ്ടമായെന്നറിയിച്ചതിന് നന്ദി.
സ്റ്റെല്ലൂസ്, നന്ദി.
ശ്രീ, വായിക്കാന്‍ കാണിച്ച ക്ഷമയ്ക്ക് നന്ദി.
ചാത്താ, ജൂലൈ 4 നു എന്താ സംഭവിച്ചത്?
സുല്‍,നന്ദി.സാജനും നന്ദി.
അലിഫ്ജീ, കഥയിലെ നിരീക്ഷകനെ കാട്ടിത്തന്നതിന് നന്ദി.
പ്രദീപ്,നന്ദി.
മഴത്തുള്ളി,നീണ്ട് പോയി.മനഃപൂര്‍വ്വം ചെയ്തതല്ല. അങ്ങനെ ആയിപ്പോയി.
സാന്‍ഡോസിനും തമനുവിനും നന്ദി.

വക്കാരിമഷ്‌ടാ said...

ദുര്യോധനന്‍‌ജി വഴിയാണ് ഇതുവഴി വന്നത് സതീശേ. അതുകൊണ്ട് മൂന്നുഭാഗവും ഒറ്റയിരുപ്പിന് വായിച്ചു. പലരും പറഞ്ഞതുപോലെ ലളിതമായ ശൈലിയില്‍ നന്നായി പറഞ്ഞിരിക്കുന്നു.

bijuaugustine said...

വളരെ ഹ്രധയസ്പര്ശിയയൊരു കഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു ......ഭാവുകങ്ങള്‍ സതീഷ്‌

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP