വീരൻ
Saturday, August 15, 2009
എനിക്കിന്നും നല്ല ഓർമ്മയുണ്ട്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. പാലത്തിന്റെ കൽക്കെട്ടിനു താഴെ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി ഞാനിരിക്കുകയായിരുന്നു. എന്തൊരു മഴയായിരുന്നു അത്. ഞാനെന്റെ ജീവിതത്തിൽ അതുപോലൊരു മഴ കണ്ടിട്ടില്ല. പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കുത്തിയൊഴുകുകയായിരുന്നു. അങ്ങ് കുറച്ചുദൂരെയായി കൈതപ്പൊന്തകൾക്കിപ്പുറത്ത് വെള്ളം കുത്തിവീഴുന്നിടത്ത് മീൻപിടുത്തക്കാർ നിൽക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വെള്ളത്തിൽ നിന്നും ചാടി ഉയർന്ന് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴുന്ന മീനുകളെ കണ്ടിട്ട് എന്റെ നാവിൽ വെള്ളമൂറി. പക്ഷേ എന്തു ചെയ്യാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ തണുത്ത് വിറങ്ങലിക്കുന്നു. കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാനായി ഞാൻ കൽക്കെട്ടിനടിയിലോട്ട് കൂടുതൽ കയറി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. തണുപ്പും കാറ്റും മാത്രമല്ലല്ലോ, രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ടുതന്നെ. നല്ല വിശപ്പുണ്ടായിരുന്നു. അന്നായിരുന്നു ഞാനാദ്യമായി വിശപ്പിന്റെ കാഠിന്യം അറിഞ്ഞത്. വയറ് കത്തിവലിയുകയായിരുന്നു. ഉറങ്ങിപ്പോയത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ വിശപ്പും തണുപ്പും കൂടി ഞാനെങ്ങനെ സഹിക്കുമായിരുന്നെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.
ഉറങ്ങിയേണീറ്റ ഞാൻ പാലത്തിന്റേയോ കൽക്കെട്ടിന്റേയോ താഴെ ആയിരുന്നില്ല. ഞാനന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകം! എനിക്കാകെ പേടി തോന്നി. ഞാൻ കണ്ണുമുറുക്കി അടച്ചു.എന്റെ പുറത്ത് എന്തോ കിടക്കുന്നതായി എനിക്ക് തോന്നി. പിന്നിടാണ് മനസ്സിലായത് അതൊരു കുഞ്ഞ് പുതപ്പായിരുന്നെന്ന്. എന്തായാലും എനിക്ക് നല്ല സുഖം തോന്നി. നേരിയ സുഖമുള്ള ഒരു ചൂട്. ഹോ... അതൊന്നനുഭവിച്ചറിയണം! എന്റെ മൂക്കിലേയ്ക്ക് നല്ല മീങ്കറിയുടെ മണം അടിച്ചുകയറിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഒരുപാത്രത്തിൽ ചോറും മീൻകറിയും മുന്നിലിരിക്കുന്നു.എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസമായുള്ള വിശപ്പാണ്. ഒന്നുമാലോചിച്ചില്ല.കണ്ണുമടച്ച് മുഴുവനും അകത്താക്കി.വയറ് വിങ്ങി വീർക്കുന്നതുപോലെതോന്നി. അതുവരെ വിശപ്പിന്റെ ക്ഷീണമായിരുന്നു. ഇപ്പോൾ വയറ് നിറഞ്ഞതിന്റെ ആലസ്യം. പതുക്കെ എണീറ്റ് മുറിയുടെ ഒരു മൂലയിൽ ഇരുന്നു.
കണ്ണൊന്നടഞ്ഞ് വന്നപ്പോഴാണ് എന്റെ നെറ്റിയിൽ ആരോ തടവുന്നത് പോലെ തോന്നിയത്. നല്ല സുഖം. കണ്ണുമടച്ചങ്ങിരുന്നുകൊടുത്തു. അന്ന് തുടങ്ങിയതാണ് രാജുവുമായുള്ള എന്റെ സൗഹൃദം. രാജുവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്ക് രാജുവിനേം. ഞാൻ ആഹാരം കഴിച്ചാലേ രാജുവും ആഹാരം കഴിക്കാറുള്ളു. രാജു കുളിക്കാൻ പോകുമ്പോൾ എന്നേയും കൂടെ കൊണ്ടുപോകും. ഞാൻ വെള്ളത്തിൽ ഇറങ്ങത്തില്ല. രാജു കുളിക്കുന്നതും നോക്കി ഇരിക്കും.
രാജു ഭയങ്കര വികൃതിയാണ്. ചിലപ്പോഴൊക്കെ കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരിക്കും അവന്റെ കുസൃതി. അവൻ എന്നെ പൊക്കി വെള്ളത്തിലിടും. ഞാൻ നീന്തി വരുന്നത് കണ്ട് അവൻ കൈകൊട്ടി ചിരിക്കും. എങ്കിലും എനിക്ക് രാജുവിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. എനിക്കറിയാം അവനെന്നോട് വലിയ സ്നേഹമാണന്ന്.
നല്ല ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരമങ്ങ് തടിച്ചുകൊഴുത്തുതുടങ്ങി. ഞാൻ നല്ല സുന്ദരനായെന്ന് രാജുവാണ് പറഞ്ഞത്. രാജു സ്കൂളിൽ നിന്നും വന്നാൽ പിന്നെ ഞങ്ങൾ കളി തുടങ്ങും.രാജു ഒരു പന്തെടുത്ത് ദൂരേയ്ക്കെറിയും.ഞങ്ങൾ രണ്ടുപേരും പന്തിനായി ഓടും. ഓട്ടത്തിന്റെ കാര്യത്തിൽ ഞാനാണ് മുന്നിലെങ്കിലും രാജു തോറ്റ് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് പന്തെപ്പോഴും കൈക്കലാക്കുന്നത് രാജു തന്നെയായിരുന്നു. പന്തെടുത്തുകൊണ്ട് രാജു തുള്ളിച്ചാടി ഒരു വരവുണ്ട് എന്തുരസമായിരുന്നെന്നോ അത്.
ഒരു രാജാവിനെപ്പോലെയായിരുന്നു ഞാൻ രാജുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. രാജുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. രാജുവിന്റെ അമ്മ എനിക്കെന്നും ഇറച്ചിക്കറി തരുമായിരുന്നു. ഓർത്തിട്ട് നാവിൽ വെള്ളമൂറുന്നു. എന്തുരുചിയായിരുന്നു ആ കറിയ്ക്ക്.
അങ്ങനെ ഓർത്താൽ തീരാത്ത എത്രയെത്ര ഓർമ്മകളുമായി കാലം കടന്നുപോയി. രാജു വളർന്ന് വലുതായി. അവനിപ്പോൾ കോളേജിലാണ് പഠിക്കുന്നത്. എന്റെ കൂടെ കളിക്കാനൊന്നും അവനിപ്പോൾ സമയമില്ല. അല്ലെങ്കിലും ഞാനും കളീം വികൃതിയുമൊക്കെ കാണിക്കാനുള്ള പ്രായമൊന്നുമല്ലല്ലോ. ഇപ്പോൾ പഴയതുപോലൊന്നും വയ്യ. ആഹാരം പോലും ശരിക്കു കഴിക്കുവാൻ പറ്റുന്നില്ല. കണ്ണിന് കാഴ്ചയും കുറഞ്ഞു.പണ്ടെനിക്ക് രാജുവിനേം രാജുവിന്റെ ആൾക്കാരേം കൂട്ടുകാരേമൊക്കെ നല്ലവണ്ണം അറിയാമായിരുന്നു. ഇപ്പോൾ കാഴ്ച മങ്ങിയതിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്നു എന്നാണ് രാജുവിന്റെ അമ്മ പറയുന്നത്. ഇപ്പോൾ രാജുവിന്റെ അമ്മ എന്നെ വീടിന്നകത്ത് കയറ്റില്ല. വല്ലാത്തമണമാണെനിക്കത്രേ! പണ്ട് ഞാൻ സ്വീകരണമുറിയിലെ സോഫയിൽ രാജുവിനോടൊപ്പം ഇരിക്കുമായിരുന്നു. എന്തു സുഖമായിരുന്നു അതിലിരിക്കാൻ!
ഞാനിപ്പോൾ രാജുവിന്റെ വീടിനോട് ചേന്നുള്ള ചാർപ്പിലാണ് കിടക്കുന്നത്. അവിടെ തന്നെയാണ് രാജുവിന്റെ അമ്മ വിറകും പഴയ തുണിയുമൊക്കെ ഇടുന്നതും. ചാർപ്പിലെ മണലിൽ നിറയെ ചെള്ളാണ്.രോമം കൊഴിഞ്ഞ എന്റെ ശരീരത്തിൽ ചെള്ളുകടി...എന്തൊരസഹ്യതയാണ്...പക്ഷേ ഞാനാരോടാണിതൊക്കെ പറയുന്നത്. രാജുവിപ്പോൾ വരാറേ ഇല്ല. ആഹാരം ആരാണ് കൊണ്ട് വെച്ചിട്ട് പോകുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.എപ്പോഴും ഒരു പൊട്ടച്ചട്ടിയിൽ എന്തെങ്കിലുമൊക്കെ കാണും.പക്ഷേ എനിക്കിപ്പോൾ ആഹാരത്തിനോട് വലിയ താല്‍പ്പര്യമൊന്നുമില്ല. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇതേ പോലെ പത്തു ചട്ടി ആഹാരം ഒറ്റയടിക്ക് തീർക്കുമായിരുന്നു.
എനിക്കിപ്പോൾ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. എന്റെ രാജു എന്നെ പഴയപോലെ ‘വീരാ’ എന്നൊന്ന് നീട്ടിവിളിച്ചുകേൾക്കണം. ഞാനെപ്പോഴും ആ വിളിക്ക് കാതോർത്താണ് ചാർപ്പിൽ കിടന്നിരുന്നത്. പക്ഷേ അതുണ്ടായില്ല. അതിനി ഒരിക്കലും ഉണ്ടാകാൻ പോകുന്നുമില്ലന്ന് എനിക്ക് മനസ്സിലായത് രാജുവിന്റെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്.
“അതിനിപ്പോ തീരെ വയ്യ.വയസ്സായി പല്ലും കൊഴിഞ്ഞ്...എന്തൊരു നാറ്റമാണ്. അടുത്തോട്ട് ചെല്ലാൻ പോലും പറ്റത്തില്ല. പഞ്ചായത്തുകാർക്ക് കൊടുത്തേക്കാം. അതാ നന്നെന്ന് തോന്നുന്നു.”
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്നെയിപ്പോൾ ഒന്നിനും കൊള്ളില്ല. ആവതുള്ള കാലത്ത് രാജുവിന്റെ വീടുറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരിക്കുമായിരുന്നു.
അക്കാലത്ത് രാജുവിന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. “നമ്മുടെ വീരനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ജീവനിൽ പേടിയുള്ള ഒരുത്തനും ഇതിലേ വരില്ല.”
ഇനിയിപ്പോൾ എന്നെ ഒന്നിനും കൊള്ളില്ല.എന്തിനാണ് ഇനിയും രാജുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പതുക്കെ ചാർപ്പിന് പുറത്തിറങ്ങി. വെയിൽ കണ്ണിലടിച്ചിട്ട് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഞാൻ നടന്നു. കുറേ ബുദ്ധിമുട്ടേണ്ടിവന്നു ഇവിടെ വരെ വരാൻ. ഇപ്പോഴും ഈ കൽക്കെട്ടിന് വലിയ മാറ്റമൊന്നുമില്ല. ഞാൻ കൽക്കെട്ടിനു താഴെയിരുന്നു. നല്ല ക്ഷീണം. വളരെ നാളുകൂടിയാണ് ഇത്രയും നടക്കുന്നത്. പാലത്തിന്നടിയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് കാർമേഘം അടിഞ്ഞുകൂടി. നല്ലൊരു മഴയ്ക്ക് കോളുണ്ട്. ഞാൻ കൽത്തട്ടിന് താഴേയ്ക്ക് കയറി ഇരുന്നു. മഴപെയ്താൽ നനയരുതല്ലോ.
ഒരുപക്ഷേ രാജു എന്നെ തിരക്കുമോ? ഇല്ല. സാദ്ധ്യത ഇല്ല. അവനിപ്പോൾ ഒന്നിനും സമയമില്ല. ജോലികിട്ടിക്കഴിഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടുകൂടി ഇല്ല. ദൂരെ എവിടെയെങ്കിലുമായിരിക്കും. അഥവാ അവനെങ്ങാനും എന്നെത്തിരക്കി വന്നാൽ എനിക്കവനോട് പറയാനൊന്നേ ഉള്ളൂ. “രാജൂ, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവും...അവരും ഒന്നിനും കൊള്ളാത്തവരാകും...അവരെ നീ ഒരിക്കലും...”
കാറ്റ് ആഞ്ഞ് ആഞ്ഞ് വീശുന്നു. മഴ തുടങ്ങി. നല്ല ശക്തിയായ മഴ. ഞാനൊന്ന് ഉള്ളിലോട്ട് കയറി ഇരിക്കട്ടെ. എന്നെക്കൊണ്ടുപോകാൻ ഇനിയൊരു രാജു വരില്ല എന്നെനിക്കറിയാം.
28 comments:
കൊള്ളാം സതീഷേ. എല്ലാം ഇത്രേ ഒള്ളു.
നല്ല പുതുമ, പലപ്പോഴും നമ്മള്‍ മറന്നു പോകുന്ന ചിലെ സത്യങ്ങള്‍ എത്ര നന്നായി കഥകളില്‍ കൂടി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു.
കഥ നന്നായി....അഭിനന്ദനങ്ങൾ....
കഥയിലെ കാര്യം!
ഒരു ഗള്‍ഫ് മലയാളിയുടെ ജീവതം പോലെ മഹത്തരം.അസുഖം വരേണ്ട വയസ്സനു ആകേണ്ട ഗള്‍ഫ് മതിയാക്കി നാടിലൊട്ട് ചെന്നാല്‍ മതി വീരനായികൊള്ളും. .
നല്ല അവതരണം. നല്ല സന്ദേശവും.
ചെറിയ പാരഗ്രാഫുകള്‍ ആയി എഴുതിയാല്‍ വായിക്കാന്‍ കുറച്ചു കൂടെ എളുപ്പമാകും.
ബൂലൊകത്ത് ചുറ്റിയടിച്ചപ്പോള്‍ എത്തിയതാണീ "കുറിപ്പുകളില്‍"
വീരന്റെ വാക്കുകള്‍ മനസില്‍
കുത്തി തുളഞ്ഞു കയ്യറി..
ഇന്നു നായ്കളെ മാത്രമല്ലല്ലൊ പ്രായമായി ജോലി ചെയ്യാനാവതില്ലാതായാല്‍ മാതാപിതാക്കളെയും വീടിന്റെ മൂലയില്‍ അല്ലങ്കില്‍ വൃദ്ധസദനത്തില്‍ എത്തിക്കുന്നില്ലേ മക്കള്‍?
എല്ലവര്‍ക്കും കണ്ടൂ കിട്ടും പാലത്തിന്നടിയിൽ ഒരു കൽത്തട്ട് എന്ന് എങ്കിലും ആശ്വസിക്കാം ...
അവതരണം ഹൃദ്യമായി......
നന്മകള്‍നേര്‍ന്നുകൊണ്ട്
സസ്നേഹം മാണിക്യം
സതീശേട്ടാ,
വീണ്ടും മനോഹരമായി, ഒഴുക്കോടെ വായിക്കാവുന്ന കാമ്പുള്ള ഒരു കഥ പറഞ്ഞുതന്നിരിക്കുന്നു..
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെയൊരു വീരൻ..
വർഷങ്ങൾക്കുമുൻപ് പുതിയ വീട്ടിൽ താമസമാരംഭിച്ചപ്പോൾ, വയസ്സായിരുന്ന അവനെ നഷ്ടപ്പെട്ടു. എവിടെയോ വഴിതെറ്റിപോയതായിരിക്കണം. കുഞ്ഞായിരിക്കുമ്പോൾ, ഒരിക്കലെന്റെ ജീവൻ കൂടി രക്ഷിച്ചിട്ടുണ്ടവൻ..
ഈ കഥ വായിക്കുമ്പോൾ എനിക്കവനെയാണോർമ്മ വരുന്നത്..
നന്നായിരിക്കുന്നു ആശംസകൾ
അത്രയെക്കൊയേയുള്ളൂ സതീഷ് ജീ
വളരെ നന്നായിരികുന്നു.......
കരയാന്‍ തോന്നുന്നു സതീഷേ.
ഉപകാരപ്പെടുമെങ്കില്‍ മാത്രം സ്നേഹം. മനുഷ്യന്റെ സ്നേഹം സ്നേഹമല്ല, അത് സ്വാര്‍ത്ഥം മാത്രമാണ്. ഇങ്ങനെ ആര്‍ക്കും വേണ്ടാതാകുവോളം കാലം ഈ ഭൂമിയില്‍ തങ്ങുവാന്‍ ഇടവരാതിരിക്കട്ടെ.
എന്റെ സതീശാ, നന്ദി, വളരെ നന്ദി.
എന്തിനാണെന്നറിയാമോ, ബൂലോകത്തുനിന്ന് ആ പഴയ വായന ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. തർക്കങ്ങളും, കളിയാക്കലുകളും, തെറിവിളികളും മാത്രമേ ബൂലോകത്തുള്ളോ എന്നു തോന്നുമാറ് കാര്യങ്ങൾ എത്തിനിൽക്കുന്നു. അപ്പോഴാണ് ഏറെനാൾ കൂടി പെയ്ത ഒരു മഴപോലെ തണുപ്പുള്ള ഈ കഥവായിച്ചത്. വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ.
wow , what a touching story yarrrr... Really great
Nice. As Appu told, read a nice one after a very long time
അഭിനന്ദനങ്ങൾ ....
നല്ല കഥ സതീശ്. അനിവാര്യമാണ് വാര്‍ദ്ധക്യം അനുഭവിക്കേണ്ടുന്ന അവഗണന.
കൊള്ളാം... എല്ലാവരും ഒരിക്കല്‍ വയസ്സനും വയസ്സിയും ആകും എന്ന് കരുതിയെങ്കില്‍ എത്ര നന്നായിരുന്നു
നന്നായി പറഞ്ഞിരിക്കുന്നു കഥ...ഇനിയും എഴുതണേ...എന്റെ ആശംസകള്‍..:)
ആഹ! എത്ര നന്നായിരിക്കുനു
സതീഷ് ജീ..നന്നായിരുന്നു വായന...പിന്നെ, ബൊറബണ്ടയില്‍ ആണോ ഇപ്പോഴും ? ഞാന്‍ വിളിക്കം ..എന്റെ നമ്പര്‍ മാറി
കുറേ നാളായി എഴുത്തൊന്നുമില്ലേ എന്ന് തപ്പി വന്നപ്പോഴാണ് ഇത് വായിച്ചിട്ടില്ല എന്ന് കണ്ടത്.
വീരന്റെ അവസാന വാക്കുകള്‍... അത് കണ്ണു നനയിച്ചു, സതീശേട്ടാ...
ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്‍റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
ഹേയ്, എന്തു പറ്റി , കുറേ നാളായല്ലോ , എവിടെയാ ?
എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി. നമസ്കാരം.
ആദ്യമായാണ് ഇവിടെ എത്തുന്നത്. അത് മറ്റൊരു ആള്‍ വഴി.. കഥയുടെ പാതി വരെ ഞാന്‍ ആരെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. മനോഹരമായ ഭാഷ..
നന്ദി മനോരാജ്
വളരേ നന്നായിട്ടുണ്ട് ...ആശംസകള്‍
Post a Comment