കൊച്ചുണ്ടാപ്പിയുടെ മദര്‍
Sunday, December 24, 2006
അമ്മൂമ്മ അപ്പുക്കുട്ടനോട് പറഞ്ഞു.''മോനേ അപ്പുക്കുട്ടാ,നീ കേക്കണുണ്ടാ റേഡിയോ പാട്ട്.ദാസപ്പന്റെ പാട്ടാ അത്.നല്ല രസാല്ലേ.ഇനി സിനിമാകൊട്ടകേ പോയില്ലേലും നമ്മക്ക് പാട്ട് കേക്കാം.''
'' എവിടുന്നാ അമ്മൂമ്മേ ആ പാട്ടുവരണത്?അപ്പുക്കുട്ടന്‍ ചോദിച്ചു.
''വടക്കേകരയിലെ ടാഗോറു വായനശാലേന്നാ.പഞ്ചായത്ത് വക റേഡിയോവാ.''
അപ്പുക്കുട്ടന്റെ അറിവിലേയ്ക്ക് പുതിയൊരു സംഗതി കൂടി വരികയാണ്.ഇതേ വരെ പാട്ട് കേട്ടിരുന്നത് 'എല്‍ജി തീയേറ്ററില്‍' അമ്മൂമ്മയുടെ കൂടെ സിനിമ കാണാന്‍ പോയിട്ടുള്ളപ്പോള്‍ മാത്രമാണ്.തറ ടിക്കറ്റെടുത്ത് അമ്മൂമ്മ അപ്പുക്കുട്ടനെ എല്ലാരുടെയും മുന്നില്‍ കൊണ്ടുചെന്നിരുത്തും.
''നമ്മളു കൂടുതലു പൈസാ കൊടുക്കണ കൊണ്ടാണോ അമ്മൂമ്മേ ഏറ്റവും മുന്നിലിരിക്കണത്?'' അപ്പുക്കുട്ടന്‍ ഒരിക്കല്‍ ചോദിച്ചു.
''അല്ലടാ മണ്ടാ,സിനിമാകൊട്ടകേലങ്ങനല്ലട.പൈസ കൂടുതലു കൊടുത്താല്‍ പുറകിലിരിക്കണം.നമുക്കിതാ നല്ലത്.പൈസേം കൊറവ് മുന്നിലിരിക്കേം ചെയ്യാം.''അമ്മൂമ്മ ചിരിച്ചു.
അപ്പുക്കുട്ടന് സംശയങ്ങള്‍ ബാക്കിയായി.
അച്ഛനുമായി നാടകം കാണാന്‍ വിശ്വഭാരതി ക്ലബ്ബില്‍ പോയപ്പോള്‍ വലിയ ടിക്കറ്റെടുത്ത് മുന്നിലിരുന്നു.ഇപ്പോ ചെറിയ ടിക്കറ്റെടുത്ത് മുന്നിലിരിക്കുന്നു.ഈ വലിയവരുടെ ഓരോ മണ്ടത്തരങ്ങളേ! അപ്പുക്കുട്ടന്‍ വിചാരിച്ചു.
''അമ്മൂമ്മേ ഈ റേഡിയോന്നെങ്ങനാ പാട്ടു വരണത്?ഇന്നാളു ഞങ്ങളു അമ്മേടെ വീട്ടീ പോകാനായി ആലപ്പുഴ ബസ്സ്റ്റാന്റില്‍ ചെന്നപ്പോ അച്ഛനെനിക്ക് ഒരു റേഡിയോ കാണിച്ചു തന്നാരുന്നു.അന്നതില്‍ പാട്ടൊന്നുമില്ലാരുന്നു.വാര്‍ത്തയാന്നാ അച്ഛന്‍ പറഞ്ഞേ.''അപ്പുക്കുട്ടന്‍ പറഞ്ഞു.
''അതേടാ,റേഡിയോലൂടെ പാട്ടും,വാര്‍ത്തേം എല്ലാം കേക്കാം.അമ്മൂമ്മ അപ്പുക്കുട്ടന് റേഡിയൊ മാഹാത്മ്യം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.''ഇന്നാളു നമ്മളു കലവൂരമ്പലത്തീ പോയപ്പോ നെനക്ക് ഞാന്‍ റേഡിയൊ സ്റ്റേഷന്‍ കാട്ടിത്തന്നത് ഓര്‍ക്കണുണ്ടോ നീ?''
'' ആ ചെമപ്പ് ലൈറ്റുള്ള വല്ല്യ സാധനമല്ലേ? എന്താ അമ്മൂമ്മേ അതിന് പറേണത്? ഏരീലെന്നാ?'' അപ്പുക്കുട്ടന്‍ ചോദിച്ചു.
''അതേ അതേ.'' അമ്മൂമ്മ ശരിവെച്ചു.
''അവിടുന്നാ ഈ പാട്ടൊക്കെ തൊടങ്ങണത്.പാട്ടുകാരും,വാര്‍ത്തക്കാരും,നാടകക്കാരും റേഡിയോ സ്റ്റേഷനീ പോയിപരിപാടി നടത്തും.എന്നിട്ടവരത് എന്തോ കുന്ത്രാണ്ടത്തീ കൂടി റേഡിയോന്റകത്ത് കൊണ്ട് വിടും.'' അമ്മൂമ്മ തന്റെ അറിവ് അപ്പുക്കുട്ടന് പകര്‍ന്ന് കൊടുക്കുകയാണ്.
''ടാഗോറു വായനശാലേ റേഡിയോടെ കൂടെ ഉച്ചഭാഷിണിയുമുണ്ട്.അതോണ്ട് നമ്മക്കിവിടെ വരെ പാട്ട് കേക്കാം.''
''നമ്മക്കെന്താ അമ്മൂമ്മേ ഒരു റേഡിയോ വാങ്ങിയാ...?ഒത്തിരി പൈസാ ആവുമോ?''
''നീ നെന്റെ അച്ഛനോടു പറ ഒരു റേഡിയോ വാങ്ങാന്‍.''
അമ്മൂമ്മ അപ്പുക്കുട്ടന്റെ റേഡിയോ സ്വപ്നത്തിന് തിരി കൊളുത്തുകയായിരുന്നു.
അച്ഛനോട് എങ്ങനെയാണ് റേഡിയോയെ കുറിച്ച് സൂചിപ്പിക്കുന്നത്?നല്ലൊരവസരവും കാത്ത് അപ്പുക്കുട്ടനിരുന്നു.
പക്ഷേ പിന്നീടങ്ങോട്ട് നടന്ന സംഭവങ്ങള്‍ അപ്പുക്കുട്ടനെ അദ്ഭുതപ്പെടുത്തുന്നവതന്നെയായിരുന്നു.
അടുത്തൊരു ദിവസം ജോലികഴിഞ്ഞു വന്ന അച്ഛന്റെ കൈയില്‍ ഒരു റേഡിയോവുമുണ്ടായിരുന്നു. ആലപ്പുഴയില്‍ കണ്ടതിനേക്കാള്‍ ചെറിയ ഒരു റേഡിയോ.അപ്പുക്കുട്ടന്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി.
'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലു തന്നെ.'
''മൊതലാളീടെ വീട്ടിലെ റേഡിയോയാ.കേടായത് കൊണ്ട് അവരു വേറെ വാങ്ങാന്‍ പോകുവാ.നന്നാക്കി എടുത്താ നമ്മക്ക് പാട്ട് കേക്കാം.പൈസാ പിന്നെ കൊടുത്താ മതീന്ന് പറഞ്ഞ കൊണ്ട് ഞാനിങ്ങു കൊണ്ടുപോന്നു.ഫോറന്‍ റേഡിയോയാ. നമ്മുക്കിത് തോമ്മാച്ചനെ കൊണ്ട് നന്നാക്കിക്കാം.'' അച്ഛന്‍ പറഞ്ഞു.
തോമ്മാച്ചന്‍ അച്ഛന്റെ കൂട്ടുകാരനാണ്.തോമ്മാച്ചനറിയാത്ത പണികളൊന്നുമില്ല.കറണ്ടിന്റെ പണിയറിയാം.വാച്ചിന്റെ പണിയറിയാം,വിഷ ചികില്‍സ അറിയാം.അങ്ങനെ പലതും അറിയാവുന്ന ഒരു സകലകലാ വല്ലഭന്‍! പക്ഷേ തോമ്മാച്ചന്റെ പ്രധാന്‍ പണി ഇതൊന്നുമല്ല. അത് ആടുവളര്‍ത്തലാണ്.തോമ്മാച്ചന്റെ വീടിന്റെ അകത്തും,പുറത്തും.മേല്‍ക്കൂരയുടെ മുകളിലുമെല്ലാം ആടുകളാണ്.
വെള്ള നിറത്തിലെ ആടുകള്‍,കറുത്ത ആടുകള്‍,മുട്ടനാടുകള്‍,പെണ്ണാടുകള്‍,ആണും പെണ്ണുമല്ലാത്ത ഹിജഡ ആടുകള്‍ അങ്ങനെ പല പല ആടുകള്‍!
അപ്പുക്കുട്ടന് തോമ്മാച്ചന്റെ വീട്ടില്‍ പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്.അവിടെ തോമ്മാച്ചന്റെ മകന്‍ വര്‍ക്കിയുമായിട്ട് ആടുകളോടു കളിക്കാം.മുട്ടനാട് തലചെരിച്ച് പിടിച്ച് കുത്താനായി വരുന്ന വരവാണ് അപ്പുക്കുട്ടനേറ്റവും ഇഷ്ടം.
തോമ്മാച്ചന്‍ പറയും.''അപ്പുക്കുട്ടാ,മുട്ടനാടിനോട് കളിക്കുന്നത് സൂക്ഷിച്ച് വേണം.അവന്‍ തലവെട്ടിച്ച് മുന്‍കാല് പൊക്കി ഇടിക്കാന്‍ തയ്യാറെടുക്കുമ്പോഴേക്കും കൊറച്ച് സമയനെടുക്കും. അപ്പോഴത്തേക്കും നീ മാറിക്കോളണം.അല്ലേ അവന്‍ നെന്റെ നെഞ്ചിന്‍ കൂട് തകര്‍ക്കും.''
അപ്പുക്കുട്ടനറിയാം ആടുകളോട് എങ്ങനെയാണ് കളിക്കേണ്ടതെന്ന്.അതുകൊണ്ട് ഇടികൊള്ളാറുമില്ല.
പാട്ടു കേള്‍ക്കാന്‍ വീടിനു മുന്നില്‍ കൂടുന്ന അയല്‍ക്കാരുടെ മുന്നില്‍ റേഡിയോ ഓപ്പറേറ്ററായി താന്‍ വിലസുന്ന സുദിനത്തേയും സ്വപ്നം കണ്ട് അപ്പുക്കുട്ടന്‍ ഫോറന്‍ റേഡിയോയും കൊടക്കമ്പിയുമായി തോമ്മാച്ചന്റെ വീട്ടിലേക്ക് നടന്നു.തോമ്മാച്ചന്റെ വീട്ടില്‍ പോകുമ്പോള്‍ അപ്പുക്കുട്ടന്‍ സ്ഥിരം കരുതാറുള്ള സംഗതിയാണ് കൊടക്കമ്പി.പോകുന്നവഴിയിലെ പ്ലാവായ പ്ലാവുകളുടെയെല്ലാം പൊഴിഞ്ഞ ഇലകള്‍ കൊടക്കമ്പിയില്‍ കുത്തിയെടുത്തേഅപ്പുക്കുട്ടന്‍ തോമ്മാച്ചന്റെ വീട്ടിലെത്താറുള്ളു.ആടുകള്‍ക്ക് തീറ്റ.ദിവസവും രാവിലെ വര്‍ക്കി സൗജന്യമായി എത്തിച്ചുതരുന്ന ഒരുനാഴി ആട്ടിന്‍പാലിന് അങ്ങനെയെങ്കിലും പ്രത്യുപകാരം ചെയ്യേണ്ടേ!
അപ്പുക്കുട്ടന്‍ തോമ്മാച്ചന്റെ വീട്ടിലെത്തിയപ്പോള്‍ വര്‍ക്കി 'കൊച്ചുണ്ടാപ്പി'യുമായി മല്ലിട്ടുകൊണ്ടിരിക്കുന്നു.(മുട്ടനാടുകളില്‍ ജഗജില്ലന്‍!)ആ കാഴ്ച സഹിക്കാനാവാതെ റേഡിയോ താഴെ വെച്ച് അപ്പുക്കുട്ടന്‍ കൊച്ചുണ്ടാപ്പിയോടും വര്‍ക്കിയോടും കൂടെ ചേര്‍ന്നു.പതിനെട്ടടവും പയറ്റിത്തെളിഞ്ഞ അഭ്യാസികളുടെ മെയ്വഴക്കത്തോടെ അപ്പുക്കുട്ടനും വര്‍ക്കിയും കൊച്ചുണ്ടാപ്പിയുടെ ഇടിയില്‍ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നെങ്കിലും;മാന്‍ വേഷത്തില്‍ വന്ന മാരീചന്‍ രാമനേയും ലക്ഷ്മണനേയും സീതയില്‍ നിന്നകറ്റിയതു പോലെ കൊച്ചുണ്ടാപ്പി അപ്പുക്കുട്ടനേയും വര്‍ക്കിയേയും ഫോറന്‍ റേഡിയോയില്‍ നിന്നും വളരെ ദൂരേക്ക് കൊണ്ട് പോകുന്നതില്‍ വിജയിച്ചിരുന്നു.
പ് ടും.......എന്തോ വീഴുന്ന ശബ്ദമാണ്.
കൊച്ചുണ്ടാപ്പി തന്നെ റേഡിയോയില്‍ നിന്നും വളരെ ദൂരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു എന്ന സത്യം അപ്പുക്കുട്ടന്‍ മനസ്സിലാക്കിയത് ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്.
ഓടി... സര്‍വ്വ ശക്തിയുമെടുത്ത് അപ്പുക്കുട്ടന്‍ ഓടി.
റേഡിയോ വെച്ചിരുന്ന കപ്പത്തെങ്ങിന്റെ ചുവട്ടിലേയ്ക്ക്.
ഹൃദയഭേദകമായിരുന്നു രംഗം.
കപ്പ തെങ്ങ് ചതിച്ചിരിക്കുന്നു.
തെങ്ങ് ചതിക്കുകേലാന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയാണ്.
വേലന്‍ പാച്ചുവിനെ കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാത്ത ഉണക്ക തേങ്ങകളിലൊരെണ്ണം ഇങ്ങു താഴേയ്ക്ക് പോന്നു.
കൃത്യം ഫോറന്‍ റേഡിയോയുടെ മുകളിലേയ്ക്ക്!
പൊട്ടിത്തകര്‍ന്ന റേഡിയോയെ നോക്കി വിതുമ്പാന്‍ തയ്യാറായി അപ്പുക്കുട്ടന്‍ നില്‍ക്കുമ്പോഴും സന്തോഷത്തോടെ നില്‍ക്കുന്ന ഒരാളുണ്ടായിരുന്നു.
ഫോറന്‍ റേഡിയോയുടെ രുചി ഇഷ്ടപ്പെട്ടതു പോലെ അതിന്റെ എന്തൊക്കെയോ സാധനങ്ങള്‍ വായിലിട്ട് ചവച്ചരയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലക്ഷ്മിക്കുട്ടി.
കൊച്ചുണ്ടാപ്പിയുടെ മദര്‍!
2 comments:
ഒരു ഗ്രാമത്തിലെ പച്ചയായ മനുഷ്യരേയും, അവരുടെ വികാരവിചാരങ്ങളുമെല്ലാം വളരെ തന്മയത്വത്തോടെ വരച്ച് കാണിക്കുന്നതില്‍ സതീഷിന്റെ മിടുക്ക് എടുത്ത് പറയാതെ വയ്യ.
പഴയ പോസ്റ്റുകള്‍ സൈഡിലേക്ക് പെറുക്കിവെച്ചില്ലായിരുന്നെങ്കില്‍ ഞാനിതൊന്നും ഇപ്പോഴും വായിക്കുമായിരുന്നില്ല. അടുത്ത കഥയിലേക്ക് കടക്കട്ടെ.... :)
achoda paavam
Post a Comment