കഞ്ചാവ് വേട്ട
Friday, December 8, 2006
അപ്പുക്കുട്ടാ... ഞാനൊരു രഹസ്യം കണ്ടുപിടിച്ചു. രാമുണ്ണിയാണ്.
എന്താണടാ നിന്റെ പുതിയ രഹസ്യം. ഞാന്‍ അധികം ശ്രദ്ധ കൊടുക്കാതെ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു.
നീയെന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം. എന്തു കാണിക്കാനാണെടാ, ഞാനവനെ ഒഴിവാക്കാന്‍ ശ്രമിച്ചു.
നീ വാ........ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.അവസാനം ഞാന്‍ രാമുണ്ണിയുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു. അവനെന്നെ കരിങ്കല്ലു പാലത്തിലേക്കാണു കൊണ്ട് പോയത്. കരിങ്കല്ലു പാലത്തിലൂടെയായിരുന്നു ഞങ്ങള്‍ മടയാംതോട് കടന്നു പോയിരുന്നത്. പണ്ടെങ്ങോ നിര്‍മ്മിച്ച പാലം.മൊത്തം കരിങ്കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് കരിങ്കല്ല് പാലം എന്നറിയപ്പെടുന്നത്.പാലത്തിന് പണ്ട് തേക്കിന്‍ പലകകള്‍ കൊണ്ടുള്ള ഷട്ടറുകളുണ്ടായിരുന്നു.മഴക്കാലമായാല്‍ തോട്ടിലെ ജലനിരപ്പുയരും.അപ്പോള്‍ ഷട്ടറുകള്‍ മാറ്റി വെള്ളം കിഴക്ക് കായലിലോട്ട് ഒഴുക്കിവിടും.
ഇതെല്ലാം പണ്ടത്തെ കഥകള്‍!
നമ്മുടെ ജനങ്ങള്‍ വളരെ ബുദ്ധിമാന്മാരാണല്ലോ?
വീടുവയ്ക്കാനും,വീട്ടുപകരണങ്ങള്‍ പണിയാനുമായി അവര്‍ പലകകള്‍ ഒന്നൊന്നായി മോഷ്ടിച്ചെടുത്തു.പലകകള്‍ തീര്‍ന്നപ്പോള്‍ പാലത്തിന്റെ കല്ലുകള്‍ കൂടി ഇളക്കി എടുക്കുവാന്‍ തുടങ്ങി.അസ്ഥികൂടം മാത്രമായ പാലം എപ്പോള്‍ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലായി.ആരും അതു വഴി പോകാതായി. പാലത്തിന്റെ ഇരു കരയും കാടു പിടിച്ചു തുടങ്ങി.വെള്ളമില്ലാത്ത തോടിന് നോക്കുകുത്തിയെന്നോണം കരിങ്കല്ലു പാലം നിലകൊണ്ടു.
അവിടേയ്ക്കാണ് രാമുണ്ണി എന്നെ കൊണ്ടു പോകുന്നത്.
''പോകണോ'', ഞാന്‍ പിന്മാറാന്‍ ശ്രമിച്ചു.
''ഇന്നലെ നീ പറഞ്ഞ കാര്യങ്ങള്‍ ഇത്രവേഗം മറന്നോ?'' രാമുണ്ണി ചോദിച്ചു.
എന്തു കാര്യം?
ഷഡ്ഡിക്കാരെക്കുറിച്ച്............
അതും ഇതുമായി എന്തു ബന്ധം?
''നിനക്കെല്ലാം മനസ്സിലാവും, എന്റെ കൂടെ വാ...''രാമുണ്ണി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
ഷഡ്ഡിക്കരെക്കുറിച്ചുള്ള വാര്‍ത്ത വന്നു തുടങ്ങിയിട്ട് കുറച്ചു നാളായി.
കറുത്ത ഷഡ്ഡിയിട്ട് മേലാസകലം എണ്ണയിട്ട് കരി തേച്ച കുറച്ചു പേര്‍!
രാത്രിയാണവരുടെ സഞ്ചാരം.
ഇരുട്ടത്തുനിന്നാല്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റില്ല.
അവര്‍ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുമത്രേ!
രാത്രി എന്തെങ്കിലും കാര്യത്തിനായി പുറത്തിറങ്ങുന്ന പെണ്ണുങ്ങളെ അവര്‍ ബോധം കെടുത്താനുള്ള മരുന്ന് മൂക്കില്‍ മണപ്പിച്ച് തട്ടിക്കൊണ്ടുപോകുമത്രേ!
പക്ഷേ കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളു.ആരെ എപ്പോള്‍ കൊണ്ടുപോയെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
മാനഹാനി ഭയന്ന് ആരും പുറത്ത് പറയാത്തതാണന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ ഇടയിലെ സംസാരം.
''ഇന്നലെ പുത്തന്‍വീട്ടിലെ മോളി മീന്‍ വെള്ളം പുറത്തു കളയാനായി ഇറങ്ങിയപ്പോള്‍ ഒരു ഷഡ്ഡിക്കാരന്‍ അവളെ കയറി പിടിച്ചത്രേ!ബോധം കെടുത്താനുള്ള മരുന്ന് മണപ്പിക്കുന്നതിന് മുന്നെ അവള്‍ അലറിവിളിച്ചതു കൊണ്ട് രക്ഷപ്പെട്ടു.അവടെ കെട്ടിയോന്‍ ഷഡ്ഡിക്കാരന്റെ പിറകേ ഓടി നോക്കി.പക്ഷേ അവന്‍ മേലാസകലം എണ്ണ തേച്ചിരുന്നത് കൊണ്ട് പിടിത്തം കിട്ടിയില്ലത്രേ!''മീനാക്ഷി അമ്മായി ഷഡ്ഡിക്കാരന്റെ വിശേഷങ്ങള്‍ തകര്‍ത്തു പറയുകയാണ്.
''എന്റെ അമ്മായി പുളുവടിക്കാതെ.മോളി ഇന്നു രാവിലെയുമെന്നെ കണ്ടതാണ്.എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ലല്ലോ?''വിലാസിനി ചിറ്റ.
''എടീ പെണ്ണേ, ഇതൊക്കെ ആരേലും പുറത്തുപറയുമോടീ അമ്മായി ശബ്ദം താഴ്ത്തി പറഞ്ഞു.നാറ്റക്കേസ്സല്ലേ''
വിലാസിനി ചിറ്റയോടുള്ള ദേഷ്യമായിരിക്കാം അമ്മായി തൊണ്ടിന്മേലുള്ള അടി കൂടുതല്‍ ശക്തിയോടെയാക്കി.
ഷഡ്ഡിക്കാരെക്കുറിച്ച് നാട്ടില്‍ പല പല കഥകള്‍ പ്രചരിച്ചിട്ടുണ്ട്.ചിലര്‍ പറയുന്നത് അവര്‍ നാട്ടില്‍ തന്നെയുള്ള ചില തലതെറിച്ച ചെറുപ്പക്കാരാണന്നാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതുകൊണ്ടാണത്രെ അവര്‍ തല തെറിച്ച് പോവുന്നത്! മീനാക്ഷി അമ്മായിയുടെ കണ്ടുപിടിത്തമാണ്
''കാളേജീ പോയി രണ്ടക്ഷരം പടിച്ചുകഴിഞ്ഞാ പിന്നെ അവമ്മാരു മേലനങ്ങി പണി ചെയ്യേല.'' അമ്മായി പറയുകയാണ്''ഇപ്പം പണ്ടെത്തപ്പോലൊന്നുമല്ല, കയര്‍ പാക്ടറിപ്പണിക്കും,തൂമ്പാപ്പണിക്കുമൊന്നും ചെറുപ്പക്കാരെ കിട്ടില്ല. അവമ്മാര് ഗവര്‍ണ്ണമെണ്ടിന്റെ പണിയേ ചെയ്യൂള്ളു''
പ്ഫ.. അമ്മായി വായിലെ മുറുക്കാന്‍ പുറത്തേക്ക് നീട്ടി തുപ്പി.
''പണി ഒന്നും ചെയ്യാതെ തെക്കിട്ട് വടക്കിട്ട് നടക്കുമ്പഴാണ് ഇമ്മാതിരി വേണ്ടാതീനമൊക്കെ തോന്നണത്.''
''അവര് നമ്മടെ നാട്ടുകാരൊന്നുമല്ലമ്മായി.വിലാസിനിച്ചിറ്റ തുടങ്ങി.ഈയിടെയായി പട്ടണത്തീന്ന്കുറേ ആളുക ദെവസോം വൈകീട്ട് എസ്റ്റേറ്റിലു വരാറുണ്ടന്നാ പുഷ്പന്‍ പറയുന്നെ.അവമ്മാര് കഞ്ചാവ് ബീഡി വലിക്കാനാണത്രേ അവിടെ വരണത്. അത് വലിച്ച് ബോധവും പൊക്കണവും ഇല്ലാണ്ടാവുമ്പോഴാണ് അവന്മാര് പെണ്ണുങ്ങളെ പിടിക്കാനിറങ്ങണത് നമ്മുടെ നാട്ടില് പോലീസും പട്ടാളമൊന്നും വരികേലല്ലോ?''
''എനിക്ക് സംശയം ആ കക്കാലന്മാരെയാണ്''. അമ്മ പറയുകയാണ് ''അവമ്മാരാകാനെ വഴിയുള്ളു.രാത്രി കള്ളുകുടിച്ച് ലവലില്ലാണ്ടാവുമ്പോ ചെയ്യണതാ''
ഇവരില്‍ ആരു പറയുന്നതായിരിക്കും ശരി. ഞാനാലോചിച്ചു.കോളേജില്‍ പോകുന്ന ചേട്ടന്മരായിരിക്കുമോ? ഛേ....അതിനു വഴിയില്ല.പിന്നെ കഞ്ചാവുകാരായിരിക്കുമോ?ആയിരിക്കാം.കഞ്ചാവു മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുമെന്നു കേട്ടിട്ടുണ്ട്.
ഈ പട്ടണക്കാര്‍ ഞങ്ങളുടെ നാട്ടുകാരെക്കൂടി ഇതെല്ലാം പഠിപ്പിച്ചാല്‍...
ചേട്ടന്മാര്‍ വഴി തെറ്റിപ്പോയാല്‍...
അതോടെ തീര്‍ന്നു... എല്ലാം..
എന്തിനാണ് വെറുതെ ആവശ്യമില്ലാത്തതാലോചിക്കുന്നത്.
കാക്കാലന്മാരായിരിക്കുമോ? ചിലപ്പോള്‍ ശരിയായിരിക്കാം.
നാടും വീടും വിട്ട് നടക്കുന്ന അവന്മാര്‍ക്കെന്താ ചെയ്തുകൂടാത്തത്.
രാമുണ്ണി പറയാറുണ്ട് അവന്മാര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണന്ന്.ചിലര്‍ തെലുങ്കു ദേശക്കാരുമുണ്ട്.ഈ കാക്കാലന്മാര്‍ സാധാരണക്കാരല്ല.ഒത്തിരി പൈസായും,സ്ഥലവുമുള്ളവരാണ്.അവരുടെ പ്രധാന പണി കൃഷിയാണത്രേ! കൃഷിയില്ലാത്ത സമയത്ത് പണമുണ്ടാക്കാനാണ് അവര്‍ നമ്മുടെ നാട്ടില്‍ വരുന്നത്.ഭിക്ഷ യാചിച്ച് കിട്ടാവുന്നത്രയും പൈസയുണ്ടക്കും.കൃഷിക്കുള്ള സമയമാവുമ്പോള്‍ തിരിച്ച് പോകും.
''ഇന്നലെ വിലാസിനി ചിറ്റ പറഞ്ഞ കഞ്ചാവുകരില്ലേ?''രാമുണ്ണി എന്നോടു ചോദിച്ചു.
ങ്ങ്ഹാ. ഞാന്‍ ചിന്തയില്‍ നിന്നും തിരിച്ചു വന്നു.
''അതാണോന്നൊരു സംശയം''.രാമുണ്ണി പറഞ്ഞു തുടങ്ങി.
''ചന്തയിലെ അവുസേപ്പൂട്ടിയെ അറിയുമോ നീ, ഞാന്‍ ഇന്നലെ രാവിലെ പാലത്തിന്റെ കൈവരിയിലിരിക്കുമ്പോള്‍ കണ്ടതാണ്.അയാള്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള ആ വലിയ മരത്തിന്റെ ചുവട്ടിലെത്തി,മടിക്കെട്ടില്‍ നിന്നും ഒരു വലിയ പൊതിക്കെട്ടെടുത്ത് ആരും കാണുന്നില്ലായെന്ന് ഉറപ്പു വരുത്തിയിട്ട്,റോഡിലോട്ട് തള്ളി നില്‍ക്കുന്ന മരത്തിന്റെ വേരിന്നടിയിലായി ഒളിപ്പിച്ചു വെച്ചു.വൈകുന്നേരവും ഞാനയാളെ അതേ സ്ഥലത്ത് കണ്ടു.സൈക്കിളില്‍ വന്ന അയാള്‍ വളരെ പെട്ടെന്ന് തന്നെ പൊതി തിരികെ എടുത്തുകൊണ്ട് പോവുകയും ചെയ്തു.എന്റെ ബലമായ സംശയം അതു കഞ്ചാവാണന്നാണ്.''അവന്‍ എന്തോ മഹാ സംഭവം കണ്ടു പിടിച്ച മാതിരി എന്നെ നോക്കി.
''അയാളിന്ന് രാവിലെയും അതവിടെക്കൊണ്ട് വയ്ക്കുന്നത് ഞാന്‍ കണ്ടതാണ്.വൈകുന്നേരം അയാള്‍ വരുന്നതിനു മുന്നെ നമ്മുക്കതെടുക്കണം.എനിയ്ക്കൊറ്റയ്ക്ക് പോകാന്‍ പേടി ആയതു കൊണ്ടാ നിന്നെ വിളിച്ചത്.''
''നീ ഇത്രയ്ക്ക് പേടിച്ച് തൂറി ആയിപ്പോയല്ലോ എന്റെ രാമുണ്ണി.നമ്മുടെ നാട്ടില്‍ വന്ന് ഒരുത്തന്‍ വേണ്ടാതീനം കാണിക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരും വേണ്ടേ?''
''അവുസേപ്പൂട്ടിയോ പട്ടണത്തീന്ന് വന്ന് പരിഷ്ക്കാരികളോ അറിഞ്ഞാല്‍ പ്രശ്നമാണ്.''
''എന്തു വന്നാലും നമ്മുക്ക് നേരിടണം. ഞാനുണ്ട് നിന്റെ കൂടെ.'' ഞാന്‍ രാമുണ്ണിക്ക് ധൈര്യം നല്‍കി.
ആദ്യമുണ്ടായിരുന്ന അലസതയെല്ലാം എവിടെപ്പോയെന്നറിയില്ല എനിക്ക്.എന്റെ നാട്ടുകാരെ സേവിക്കാന്‍ കിട്ടുന്ന ഒരവസരം,അമ്മ പെങ്ങാമ്മാരുടെ മാനം രക്ഷിക്കാന്‍ കിട്ടുന്ന ഒരവസരം,അതു നഷ്ടപ്പെടുത്താമോ?
പ്രത്യേകിച്ച് എന്നെപ്പോലെ സേവന സന്നദ്ധനായ,ധീരനായ ഒരുവന്‍! ഞാന്‍ മനസ്സില്‍ വിചാരിച്ചു.
ഇപ്പോള്‍ എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നുന്നു.രാമുണ്ണീ ഇത്രയും ധീരനായ ഒരു ചങ്ങാതി ഉണ്ടായതില്‍ നീ അഭിമാനിക്കൂ.
ഞാനിപ്പോള്‍ രാമുണ്ണിയെ നയിക്കുകയാണ്.അവുസേപ്പൂട്ടിടെ രഹസ്യ സ്ഥലത്തേക്ക്.
''ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം. അവുസേപ്പൂട്ടിയേയും,അവന്റെ കച്ചവടത്തേയും,പച്ചപരിഷ്ക്കാരികളുടെ ഈ നാട്ടിലേക്കുള്ള വരവിനേയും.എല്ലാം.'' ഞാന്‍ ഉറക്കെ പറഞ്ഞു.
കഞ്ചാവുകാരോടു കളിക്കുന്നത് സൂക്ഷിച്ചുവേണം.നമ്മളാണിതെടുത്തതെന്നറിഞ്ഞാല്‍ അവുസേപ്പൂട്ടീടെ ആള്‍ക്കാര്‍ നമ്മളെ വെച്ചേക്കില്ല. അവര്‍ എന്തിനും പോന്നവരാണ്.ചിലപ്പോള്‍ നമ്മുടെ അച്ഛനോടും അമ്മയോടും പോലും അവര്‍ പകരം ചോദിക്കും.അതുകൊണ്ട് ആരോടും പറയാതിരിക്കുന്നതാണ് ബുദ്ധി.''രാമുണ്ണി ഓര്‍മ്മിപ്പിച്ചു.
''ഒരു ബുദ്ധിമാന്‍ വന്നിരിക്കുന്നു.വൈകുവോളം വെള്ളം കോരിയിട്ട് കുടം ഉടയ്കണോടാ മണ്ടാ.'' ഞാന്‍ തിരിച്ചടിച്ചു.
''നീ കുടമൊന്നുമൊടയ്ക്കണ്ട. എല്ലാ കാര്യവും നീ തന്നെ ചെയ്തോ.നിനക്കു കിട്ടും ധീരതയ്ക്കുള്ള അവാര്‍ഡ്!എനിക്കൊന്നും വേണ്ട.കൂട്ടത്തില്‍ അവുസേപ്പൂട്ടീടെ ഗുണ്ടകളുടെ പ്രത്യേക അവാര്‍ഡും നീ തന്നെ എടുത്തോളണേ.''
രാമുണ്ണി പിണങ്ങുകയാണ്.അവന്‍ എന്നെ ഒറ്റയ്ക്കക്കിയിട്ട് പോകാനൊരുങ്ങുന്നു.
എനിക്കും ചെറിയ തോതില്‍ പേടി തോന്നിത്തുടങ്ങി.കാലുകള്‍ വിറയ്ക്കുന്നു.കൈകള്‍ വിറയ്ക്കുന്നു.എന്റെ ശബ്ദം ഇടറുന്നുവോ?അവുസേപ്പൂട്ടി തന്റെ കൂര്‍ത്ത രക്ത നിറമുള്ള പല്ലുകള്‍ കാട്ടി അട്ടഹസിക്കുന്നു. അവന്റെ കൈവിരലുകളിലെ കൂര്‍ത്ത നഖങ്ങള്‍ എന്റെ കഴുത്തിലോട്ട് ആഴ്ന്നിറങ്ങുന്നു.കഴുത്തില്‍ നിന്നിറ്റിറ്റ് വീഴുന്ന എന്റെ ചോര ആ പിശാച് നക്കി നക്കി കുടിക്കുന്നു.ലോകം മുഴുവന്‍ എനിക്ക് ചുറ്റും കറങ്ങുന്നു. ഞാന്‍ വീഴുകയാണോ?ആകെ ഇരുട്ട്. എങ്ങും ഇരുട്ട് മാത്രം.
മുഖത്ത് വെള്ളത്തുള്ളികള്‍ വീഴുന്നതറിഞ്ഞുകൊണ്ടാണു ഞാന്‍ കണ്ണു തുറന്നത്.ഇതാ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ രാമുണ്ണി.കൈയിലെ ചേമ്പിലയില്‍ നിറയെ വെള്ളവുമായി.അവന്‍ പൊട്ടിച്ചിരിക്കുകയാണ്.അവന്റെ പൊട്ടിച്ചിരി എനിക്ക് അവുസേപ്പൂട്ടീടെ അട്ടഹാസത്തേക്കാള്‍ അസഹനീയമായി തോന്നി.
''എന്തോന്നിനാ ഇത്ര ചിരിക്കുന്നേ.എനിക്കു തലചുറ്റിയതിനാ... അങ്ങനാ മനുഷേനായാ ചെലപ്പോ സൂക്കേടൊക്കെ വരും.''
അവന്‍ വീണ്ടും ചിരിക്കുകയാണ്.''ഒരു ധീരന്‍! നിന്റെ വാചകമടി കേട്ടപ്പോള്‍ ഞാനോര്‍ത്ത് ഇനി എന്റെ സഹായം ആവശ്യമില്ലായെന്ന്.എന്നിട്ടിപ്പോളെന്തായി.''
നീ വാ. രാമുണ്ണി എന്നെപ്പിടിച്ചെഴുന്നേല്‍പ്പിച്ചു.എന്റെ കൈയില്‍ നിന്നും പൊതിക്കെട്ട് വാങ്ങിയെടുത്തു.അവന്‍ പാലത്തിലേയ്ക്ക് നടക്കുകയാണ്.
കാറ്റുപോയ ബലൂണ്‍ പോലെ കൂടെ ഞാനും.
ഇപ്പോളൊരു രസം കണ്ടോണേ.രാമുണ്ണി എന്നോടു പറഞ്ഞു.
അവനാ വലിയ പൊതിയഴിച്ച് അങ്ങു താഴെ വെള്ളത്തിലേയ്ക്ക് നീട്ടിയെറിഞ്ഞു.
ഹായ്. എന്തു രസം. ഞാന്‍ കൈകൊട്ടി ആര്‍ത്തു വിളിച്ചു.
നൂറു കണക്കിന് ബീഡികള്‍!
അതു ബീഡികളല്ല. അന്തരീക്ഷത്തില്‍ സ്വയം പറന്നുയര്‍ന്ന് ഇല്ലാതാവുന്ന ഈയാമ്പാറ്റകളാണ്.
വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന് ബീഡികളൊന്നൊന്നായി അതാ തോടിന്റെ അടിത്തട്ടിലേയ്ക്ക് പോകുന്നു.
കഞ്ചാവിന്റെ ലഹരിയില്‍ അലിഞ്ഞില്ലാതാവുന്ന ജീവിതങ്ങള്‍ പോലെ...
2 comments:
നൂറു കണക്കിന് ബീഡികള്‍!
അതു ബീഡികളല്ല. അന്തരീക്ഷത്തില്‍ സ്വയം പറന്നുയര്‍ന്ന് ഇല്ലാതാവുന്ന ഈയാമ്പാറ്റകളാണ്.
വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന് ബീഡികളൊന്നൊന്നായി അതാ തോടിന്റെ അടിത്തട്ടിലേയ്ക്ക് പോകുന്നു.
കഞ്ചാവിന്റെ ലഹരിയില്‍ അലിഞ്ഞില്ലാതാവുന്ന ജീവിതങ്ങള്‍ പോലെ...
ആ ഭാഗം തന്നെയാണ് ഈ പോസ്റ്റിലെ മികച്ച രംഗം. നല്ല പൊളപ്പനായിട്ട് എഴുതീട്ടുണ്ട്. പെണ്ണൂങ്ങളുടെ പരദൂഷണമെല്ലാം നല്ല തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.
Please send your creative writings to malayaalam.com
Post a Comment