Followers

മിസ്റ്റര്‍ അമ്മിണി

Wednesday, December 13, 2006

പടിഞ്ഞാറ്റേതിലെ മാഞ്ചുവട്ടില്‍ വളരെ ഗൗരവമായ ചര്‍ച്ച നടക്കുകയാണ്.പതിവുപോലെ നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുകൂടിയിട്ടുണ്ട്.കയറു പിരി,തൊണ്ടു തല്ലല്‍,ഓല മെടയല്‍ ഇത്യാദി ജോലികള്‍ ചെയ്യുന്നതിനായിട്ടാണ് അവരെല്ലാവരും അവിടെയെത്തുന്നത്.വെറുതെ ജോലി ചെയ്തുകൊണ്ടിരുന്നാല്‍ വിരസതയുണ്ടാവില്ലേ.അതുണ്ടാവരുതെന്നവര്‍ക്കു നിര്‍ബന്ധമുണ്ട്.അതുകൊണ്ടവര്‍ ഓരോരോ വിഷയങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും.എന്തു സംസാരിക്കണമെന്നൊ,എങ്ങനെ സംസാരിക്കണമെന്നൊ ഒന്നുമില്ല. ആകാശത്തിനു കീഴിലുള്ള എന്തുമാവാം.
അസൂയ മൂത്ത ചില ആണുങ്ങള്‍ പറയാറുണ്ട്,
''പടിഞ്ഞാറ്റേതിലെ ആ മാഞ്ചുവടുണ്ടല്ലോ,അതൊരു പരദൂഷണ സഭയുടെ കേന്ദ്രമാണ്''.
പക്ഷേ സ്ത്രീകള്‍ അതു കാര്യമാക്കാറില്ല.

'' ഞങ്ങ എന്തും പറഞ്ഞോട്ടെ,അതോണ്ട് ആര്‍ക്കുമൊരു ദെണ്ണോല്ലല്ലൊ.രാവിലെ മൊതല് അവിടെ കുത്തീരിക്കണത് വെറുതേല്ലല്ലോ? കുത്തീരുന്നു കയറു പിരിച്ചു കൈയ്യേലെ തൊലി തേച്ചു കളയണത് കൊണ്ടാ പിള്ളേര് കഞ്ഞികുടിച്ചു കെടക്കണത്. അറിയുമോ നെനക്ക്' ''
ദേഷ്യം മൂത്ത കാര്‍ത്ത്യായനിച്ചേച്ചി ഒരിക്കല്‍ ഞൊണ്ടന്‍ പപ്പുവിനോട് പറഞ്ഞതാണ്.
എങ്കിലും സ്ത്രികളുടെ ഒരു കൂട്ടായ്മയെ ഇങ്ങനെ പരിഹസിക്കാന്‍ പാടുണ്ടോ!

ഇന്നത്തെ ചര്‍ച്ച ഇന്നലെ വായനശാലയില്‍ വച്ചു നടന്ന കല്യാണത്തെ കുറിച്ചാണ്.
'' കുറേ നാളായി ഇതു തുടങ്ങീട്ട്, നമ്മ നാട്ടുകാരെ എത്ര നാളിങ്ങനെ മണ്ടന്മാരാക്കും'' ലക്ഷ്മിയേടത്തിയാണ്.
''അല്ലേലും അവടെ ധൈര്യം സമ്മതിച്ചു കൊടുക്കണം. കാടു കയറി നടക്കുന്ന ഒരുത്തനെ വീട്ടില്‍ വിളിച്ചു വരുത്തുകയെന്നു പറഞ്ഞാല്‍........... നമ്മടെ വീട്ടിലും പെങ്കുട്ടികളുള്ളതല്ലേ. അവരും ഇതോക്കെ കണ്ടല്ലേ പഠിക്ക. ഏതായാലും ആ പുഷ്പന്‍ കണ്ടത് നന്നായി. ഇതെത്ര കാലമെന്നുകരുതിയാ ഇങ്ങനെ കൊണ്ടുനടക്കണത്.''
കൃഷ്ണന്‍കുട്ടി നായരുടെ വീട് അങ്ങു കായലരികിലാണ്. വളരെ സമ്പന്നതയുള്ള ഒരു കുടുംബത്തിലെ അവസാനസന്തതി.
താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നു കരുതി വളര്‍ത്തിക്കൊണ്ടു വന്ന സന്തതി.
പക്ഷേ എന്തു ചെയ്യാന്‍! അവന്റെ കൂട്ടുകെട്ട് അല്‍പം മോശമായി പോയി.
സ്നേഹക്കൂടുതല്‍ കൊണ്ട് പൊറുതി മുട്ടിയ കൃഷ്ണന്‍കുട്ടി നായര്‍ അല്‍പം സ്വസ്ഥതയ്ക്കു വേണ്ടി സായാഹ്നങ്ങളില്‍ അടുത്തുള്ള കവലയില്‍ എത്താന്‍ തുടങ്ങി.
പോക്കിരി സുകുവും, കാടന്‍ വേലായുധനുമെല്ലാം കൃഷ്ണന്‍കുട്ടി നായരുടെ ഉറ്റമിത്രങ്ങളായി.
അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൃഷ്ണന്‍കുട്ടി നായര്‍ അല്‍പസ്വല്‍പം സേവ തുടങ്ങിയത്.പക്ഷേ ഇപ്പോഴതൊരു ദിനചര്യയായി മാറി.
മദ്യത്തിന്റെ മണം നായരുടെ മണമായി മാറി
നാട്ടുകാര്‍ നായര്‍ക്കൊരു ഓമനപ്പേരും നല്‍കി.
'കുടിയന്‍ നായര്‍'.

കുടിയന്‍ നായരുടെ പ്രവര്‍ത്തികള്‍ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് കണ്ടപ്പോള്‍ നായരെ വീട്ടില്‍ നിന്നു പുറത്താക്കാന്‍ മുതിര്‍ന്നവര്‍ തീരുമാനിച്ചു.
പാലുകൊടുക്കുന്ന കൈയ്ക്ക് കടിക്കുന്ന പാമ്പിനെ ആര്‍ക്കു വേണം? തല്ലിക്കൊല്ലണം.

കൃഷ്ണന്‍കുട്ടി നായര്‍ അനാഥനായി. കുഞ്ഞീക്കായുടെ പീടികത്തിണ്ണയായി വാസസ്ഥലം.
നായര്‍ അനാഥനാണോ? ഒരിക്കലുമല്ല.
പീക്കിരി കോയ, കാടന്‍ വേലായുധന്‍, പോക്കിരി സുകു, ഒറ്റക്കണ്ണന്‍ ഹംസ തുടങ്ങിയ മഹാന്മാരെല്ലാം ഉണ്ടല്ലോ. എന്തിനും പോന്നവരായിട്ട്.

അമ്മിണി സ്ഥിരം കുഞ്ഞീക്കായുടെ പീടികയില്‍ എത്താറുണ്ട്. കുഞ്ഞീക്കാ പപ്പടം വാങ്ങുന്നത് അമ്മിണിയുടെ അടുക്കല്‍ നിന്നാണ്.
അമ്മിണിക്ക് കൂട്ടിനു അമ്മ മാത്രമേയുള്ളു. അമ്മയ്ക്ക് അമ്മിണിയും.
രണ്ടുപേരും കൂടി പപ്പടം പരത്തും.
അമ്മിണിയാണ് നാടു മുഴുവനുമുള്ള പീടികകളില്‍ അതു എത്തിക്കുന്നത്.
കൃഷ്ണന്‍കുട്ടി നായരുടെ കഥകള്‍ അമ്മിണിയില്‍ അനുകമ്പ ഉണ്ടാക്കി.ആ അനുകമ്പ ക്രമേണ അനുരാഗമായി മാറുകയും ചെയ്തു.
പ്രേമത്തിന്റെ ഊഷ്മളത അവളറിഞ്ഞു.പ്രണയത്തിന്റെ നൊമ്പരം അവളറിഞ്ഞു.
ആ നൊമ്പരം സഹിക്കാനാവാതായപ്പോള്‍ അവള്‍ തനിക്കൊരു ആണ്‍ തുണ വേണമെന്നു തീരുമാനിച്ചു.
മിടുക്കിയാണവള്‍. സ്വന്തം കാര്യം നോക്കാനറിയുന്നോള്‍!
അമ്മയുടെ സ്ഥിതി. വീടിന്റെ അവസ്ഥ. എല്ലാം അമ്മിണിക്കറിയാം.അച്ഛനോ ഒരു സഹോദരനോ ഉണ്ടായിരുന്നെങ്കിലെന്ന് അമ്മിണി പലപ്പോഴും ആശിച്ചിരുന്നു.നിരാശ മൂക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ അമ്മിണി അമ്മയോടു കയര്‍ക്കാറുണ്ടു,'' നിങ്ങള്‍ക്കെന്താ തള്ളേ എനിക്കൊരു ആങ്ങളയെ തരാനുള്ള ബുദ്ധിയുണ്ടാണ്ടിരുന്നെ?ഒരാങ്ങള ഉണ്ടായിരുന്നെ എനിക്കീ കഷ്ടപ്പെടേണ്ട വല്ല കാര്യമുണ്ടാരുന്നോ?''
അവള്‍ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ ഇനിയുള്ള ജീവിതം കൃഷ്ണന്‍കുട്ടിനായരുടെ കൂടെയേയുള്ളുവെന്ന്
പെണ്ണിന്റെ കണ്‍കോണില്‍ വീഴാത്തവരുണ്ടോ?
ഉണ്ടാവാം. പക്ഷേ തന്നെ പോലെ ഒരു സുന്ദരിയുടെ മുന്നില്‍ വീഴുന്നവരേ ഉണ്ടാവൂ എന്നു അമ്മിണിയ്ക്കറിയാം.കൃഷ്ണന്‍കുട്ടി നായരെ അവള്‍ വീഴ്ത്തുകയും ചെയ്തു.
ഇക്കാലത്ത് സ്ത്രീധനം ഉണ്ടാക്കുകയെന്നു പറഞ്ഞാല്‍.............
തന്നെ പോലെയുള്ളവര്‍ക്കത് സാധിക്കുമോ?
ഇപ്പോള്‍ അതൊന്നുമില്ലാതെ തന്നെ തനിയ്ക്കൊരു തുണ ഉണ്ടായിരിക്കുന്നു.
അവള്‍ക്കാവശ്യം തനിക്കും അമ്മയ്ക്കും തുണ നല്‍കുവാന്‍ കഴിവുള്ള ഒരുത്തനെ ആയിരുന്നു. സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയില്ലെങ്കില്‍ കൂടിയും അമ്മിണിക്ക് പ്രശ്നമില്ല. താനും അമ്മയും ഉണ്ടാക്കുന്ന പപ്പടം കടകളില്‍ എത്തിക്കുകയെങ്കിലും ചെയ്താല്‍ മതി. വേറെയൊന്നും അമ്മിണിയ്ക്ക് പ്രശ്നമല്ല. നാട്ടുകാരെ ഒട്ടും.
അവരല്ലല്ലോ തനിക്കും അമ്മയ്ക്കും കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കുന്നത്.

കൃഷ്ണന്‍കുട്ടി നായര്‍ക്ക് എന്താ കുഴപ്പം? നല്ല കുടുംബത്തിലെ അംഗം. കാണാന്‍ സുന്ദരന്‍. ആരോഗ്യവാന്‍. ഇപ്പോള്‍ കയര്‍ ഫാക്ടറിയിലും പോകുന്നുണ്ട്. ആണുങ്ങളായാല്‍ അല്‍പം മദ്യം കഴിച്ചെന്നിരിക്കും. അതൊരു ദുശ്ശീലമാണോ? അമ്മിണിക്കതൊരിക്കലും ഒരു ദുശ്ശീലമായി തോന്നിയിട്ടുമില്ല.
കൃഷ്ണന്‍കുട്ടി നായര്‍ക്കും അമ്മിണിയുമായുള്ള അടുപ്പം ഗുണങ്ങളേ ഉണ്ടാക്കിയിട്ടുള്ളു. വീട്ടില്‍ നിന്നും ഇറക്കിവിട്ടതില്‍ പിന്നെ സ്വന്തമായി ഒരു വാസ സ്ഥലം ഇല്ലാതായിരിക്കുകയായിരുന്നു. ആഹാരത്തിനായി ജോലി ചെയ്യേണ്ട ഗതികേടും ഉണ്ടായിരുന്നു.
ഇപ്പോള്‍ എന്തെല്ലാം നേട്ടമാണ് വന്നിരിക്കുന്നത്.
വാസ സ്ഥലവും, ആഹാരവും, സ്നേഹിക്കാനൊരു പെണ്ണും!

പ്രേമത്തിനു കണ്ണും കാതുമില്ല പക്ഷേ നാട്ടുകാര്‍ക്കത് വേണ്ടതിലധികമുണ്ട്. അവര്‍ക്ക് സദാചാരബോധവുമുണ്ടല്ലോ. സ്വന്തം കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി ഭാവിയിലെ പൗരന്മാരും പൗരികളും ആക്കേണ്ടവരല്ലേ? അപ്പോള്‍ പിന്നെയിതൊക്കെ അനുവദിച്ചു കൊടുക്കാമോ?
ചര്‍ച്ചകള്‍ നാട്ടില്‍ പലയിടത്തുമായി നടക്കുകയാണ്. പീടികത്തിണ്ണയിലും, കലുങ്കുകളിലും, മാഞ്ചുവട്ടിലും, അടുക്കളകളിലുമെല്ലാം. ഓരോരുത്തരുടെയും സൗകര്യപ്രദമായ സ്ഥലങ്ങളില്‍!
വിഷയം അമ്മിണിയും നായരുമായുള്ള ബന്ധം തന്നെ.
പുഷ്പന്‍ ഇങ്ങനെ ഒരു ധീരത കാണിക്കുമെന്നു ആരും വിചാരിച്ചിരുന്നില്ല.
പതിവുപോലെ കൃഷ്ണന്‍കുട്ടി നായര്‍ അന്നു വൈകിട്ടും അമ്മിണിയുടെ വീട്ടിലെത്തി.പുഷ്പന്‍ യാദൃച്ഛികമായിട്ടാണ് അതു കാണുവാനിടയായത്.തോടു കടന്ന് അമ്പലത്തില്‍ പോകാനായി അതു വഴി വന്നതാണ്.ഇത് കണ്ടില്ലന്ന് നടിച്ചാല്‍ ദൈവം പോലും തന്നോടു പൊറുക്കില്ല.
കൃഷ്ണന്‍കുട്ടി നായര്‍ അകത്തു കയറിയതും പുഷ്പന്‍ അമ്മിണിയുടെ വീടു പുറത്തുനിന്നും കുറ്റിയിട്ടു അലറി വിളിച്ചു.
നാട്ടുകാരേ ഓടി വരണേ.... ദാ അവന്‍ വന്നേ. അമ്മിണിയുടെ ജാരന്‍ വന്നേ..........

ഒരാപത്ത് വന്നു അലറി വിളിച്ചാല്‍ ഇത്രയും ആളുകൂടുമോ. ആവോ. നൊടിയിടയിലല്ലേ തോട്ടിറമ്പിലെ ആ കൂരയ്ക്ക് ചുറ്റും ഒരു ഗ്രാമം മുഴുവന്‍ എത്തിച്ചേര്‍ന്നത്. നാട്ടുപ്രമാണിമാരെല്ലാം മുന്‍നിരയിലെത്തി.

കൃഷ്ണന്‍കുട്ടി നായര്‍ തല കുനിച്ചു നില്‍ക്കുന്നു. അമ്മിണി ജനത്തോടു ഒറ്റയ്ക്ക് നിന്നു പോരാടുന്നു.
''അത്രയ്ക്ക് വെഷമോള്ളവന്‍ എനിക്കുമെന്റെമ്മയ്ക്കും ചെലവിനുതാടാ''.
''അവര്‍ക്കിഷ്ടമാണങ്കില്‍ നമ്മക്കവരുടെ കല്യാണമങ്ങു നടത്തിക്കൊടുക്കാം.''കണാരന്‍ മൂപ്പനാണ്.
''എങ്കില്‍ അതിപ്പോ വേണം.''നാട്ടുകാരില്‍ ചിലരൊച്ചവെച്ചു.
അവന്റെ കുടുംബക്കാരറിഞ്ഞാല്‍ ഇതു നടക്കില്ല.ഒരേ ജാതിയായിരുന്നേ കൂടി പ്രശ്നമില്ലാരുന്നു.അതുകൊണ്ടു കല്യാണം ഇപ്പോള്‍ തന്നെ നടത്തണം.ജനം തീരുമാനിച്ചു.

എന്തു നല്ല ജനത! അയല്‍ക്കാരനെ സഹായിക്കാന്‍ എന്തു താല്‍പ്പര്യം! സ്വന്തം മക്കളെ കെട്ടിച്ചുവിടാന്‍ ഇവര്‍ക്കിത്ര താല്‍പ്പര്യമുണ്ടാവില്ല.
നിമിഷങ്ങള്‍ക്കുള്ളില്‍ വായനശാലയ്ക്കു മുന്നില്‍ കുരുത്തോലപ്പന്തലുയര്‍ന്നു.ആരൊക്കെയോ തുളസിമാലയുണ്ടാക്കി. പന്തലിനുള്ളിലിട്ട ബഞ്ചില്‍ വരനും വധുവും ഇരുന്നു.
അമ്മിണിയുടെ അമ്മയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ അടര്‍ന്നു വീണു.
സ്വന്തം മകള്‍ സുമംഗലിയാവുന്നു. തന്നെ കൊണ്ട് ഒരിക്കലും നടക്കുമെന്ന് വിചാരിക്കാത്ത ഒരു കാര്യം.
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുള്ള നിര്‍ധനയായ എതൊരമ്മയുടെയും നെഞ്ചിലെ ഭാരം. എല്ലാം ഇതോടെ തീരുന്നു.

കണാരന്‍ മൂപ്പന്‍ തുളസിമാലയെടുത്ത് കൊടുത്തു. നിലവിളക്കിനെ സാക്ഷി നിര്‍ത്തി, ഒരു ഗ്രാമത്തെ മൊത്തം സാക്ഷി നിര്‍ത്തി അമ്മിണിയും കൃഷ്ണന്‍കുട്ടി നായരും പരസ്പരം മാല ചാര്‍ത്തി.
'' എന്താ അമ്മേ കല്യാണത്തിനു താലിമാലയില്ലേ?''അപ്പുക്കുട്ടന്‍ അമ്മയുടെ കാതില്‍ ചോദിച്ചു.
'' ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ''. അല്ലെങ്കിലും ഈ അമ്മയിങ്ങനെയാണ്. ഒന്നിനും മറുപടി തരില്ല.
താലിമാലയില്ല. സദ്യയില്ല. നാദസ്വരമില്ല. ഇങ്ങനെയും ഒരു കല്യാണമോ? ഒരു നൂറു കൂട്ടം സംശയങ്ങള്‍ അപ്പുക്കുട്ടന്റെ ‍തലയിലൂടെ മിന്നിമറഞ്ഞു. പക്ഷേ ആരോടു ചോദിക്കാന്‍. എല്ലാവരും ഭയങ്കര ഗൗരവത്തിലാണ്. കല്യാണത്തിനു ഇത്രയും ഗൗരവം അപ്പുക്കുട്ടന്‍ ആദ്യമായിട്ടാണു കാണുന്നത്.
കല്യാണത്തിനു ശേഷം നാട്ടുപ്രമാണികള്‍ ഒരോരുത്തരായി വധൂവരന്മാര്‍ക്കു ആശംസകള്‍ അര്‍പ്പിച്ചു.
നന്ദി പറയാനായി ഇതാ കൃഷ്ണന്‍കുട്ടി നായര്‍ എണീക്കുന്നു.
ഇതുവരെ വായതുറക്കാതിരുന്ന നായരെന്തായിരിക്കും പറയുന്നത്. എല്ലാവരും കാത് കൂര്‍പ്പിച്ചിരുന്നു.
മാ...ന്യ..മഹാ....ജന..ങ്ങളേ.........
കൃഷ്ണന്‍കുട്ടി നായരുടെ നാവ് വഴങ്ങുന്നില്ല.
''ഇപ്പോഴും കുടിച്ചിട്ടുണ്ടെന്നാ തോന്നുന്നെ''. പെണ്ണുങ്ങളാരോ പുറകില്‍ നിന്നും പറയുന്നു.
''പ്രീയപ്പെട്ട നാട്ടുകാരേ, നിങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി ഞാന്‍ ഈ നില്‍ക്കുന്ന മിസ്റ്റര്‍ അമ്മിണിയെ കല്യാണം കഴിച്ചു. എല്ലാവര്‍ക്കും നന്ദി.'' കൃഷ്ണന്‍കുട്ടി നായര്‍ കുഴഞ്ഞു ബെഞ്ചിലോട്ടിരുന്നു.
''അല്ലെങ്കിലും നല്ല കുടുംബത്തില്‍ വളര്‍ന്നതിന്റെ ഗുണം നായര്‍ക്കുണ്ട്. '' തൊണ്ടു തല്ലുന്നതിനിടെ മീനാക്ഷിയമ്മായി പറയുകയാണ്. '' ഇംഗ്ലീസിലല്ലേ അവന്‍ അമ്മിണിയെ വിളിച്ചത്.''
'മിസ്റ്റര്‍ അമ്മിണിയെന്ന്. '

3 comments:

നിരക്ഷരൻ said...

ഹ ഹ കലക്കി. ഒരു ഗ്രാമത്തിലൂടെ എല്ലാം കണ്ടും കേട്ടും നടന്ന പ്രതീതി. ചെറുപ്പത്തിലേ തന്നെ ‘അപ്പുക്കുട്ടന്‍’ എല്ലാം ഒപ്പിയെടുത്തിരിക്കുന്നു.

അവസാനഭാഗത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസംഗിക്കാനെഴുന്നേറ്റ ഭാഗം നല്ല മലയാളത്തിലാണ് സതീഷ് എഴുതിയിരിക്കുന്നതെങ്കിലും ഞാനത് വളരെ സ്വാഭാവികമായി വായിച്ചത് കള്ളുകുടിയന്റെ കുഴഞ്ഞഭാഷയിലാണ്. അത് ഈ എഴുത്തിന്റെ ഗുണമായിരുന്നു എന്നുതന്നെ വിശ്വസിക്കുന്നു.

ഈ പോസ്റ്റ് കാണാതെ പോയ ബൂലോകരേ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല :) :)

Cheenachan said...

പ്രേമത്തിനു കണ്ണും കാതുമില്ല പക്ഷേ നാട്ടുകാര്‍ക്കത് വേണ്ടതിലധികമുണ്ട്. അവര്‍ക്ക് സദാചാരബോധവുമുണ്ടല്ലോ. True!

സുധി അറയ്ക്കൽ said...

കേരളത്തിലെ നാറിയ സദാചാര കമ്മിറ്റിക്കാർ കാരണം ഒരു പാവം പെണ്ണിനു ദുരിതം പിടിച്ചതാണെങ്കിലും ഒരു ജീവിതം ഉണ്ടായല്ലോ?

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP