മഴയുടെ പാട്ട്
Saturday, August 16, 2014
പടിഞ്ഞാറ് മാനം കറുത്ത് ഇരുണ്ട് തുടങ്ങി.കാറ്റ് ആഞ്ഞ് ആഞ്ഞ് വീശി.
കണ്ണുമിന്നിക്കുന്ന മാതിരി ഒരു മിന്നലും തൊട്ടുപുറകേ ഇടിയും! കാറ്റിന്റെ രസവും നുകർന്ന് പറക്കുന്ന കരിയിലകളുടെ പുറകെ ഓടിയിരുന്ന അപ്പുക്കുട്ടൻ കരഞ്ഞുകൊണ്ട് വീടിന്നുള്ളിലേയ്ക്ക് ഓടിക്കയറി.തൊട്ടുപുറകേ ആർത്തിരമ്പിവരുന്ന മഴയുടെ ശബ്ദവും...
ആദ്യം ഒടിഞ്ഞ് വീണത് പടിഞ്ഞാറേ വേലിയെറമ്പിൽ നിന്ന കുലച്ച വാഴയാണ്!
വാഴ ഒടിഞ്ഞത് അമ്മയ്ക്ക് സങ്കടമായി...“ഒരാൾ പൊക്കമൊള്ള കൊലയല്ലയോ! സങ്കടം വരാണ്ടിരിക്കുമോ!” മൂക്ക് പിഴിഞ്ഞ് കൈ മുണ്ടിൽ തുടച്ചുകൊണ്ട് അമ്മ പറയുമ്പോൾ
ശബ്ദത്തിനൊരിടർച്ച...
ഒരാൾ പൊക്കമെന്നുള്ളതുകൊണ്ട് അമ്മ എന്താണ് ഉദ്ദേശിച്ചതെന്ന് അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു....പക്ഷേ ചോദിച്ചില്ല...
ഗൗരവമായിട്ട് നൊണപറയുമ്പോ ചോദിച്ചാൽ കിഴുക്ക് ഉറപ്പാണ്....
കുലയ്ക്ക് സേതുവിന്റെ കൈയുടെ നീളമെങ്കിലും കാണും...അതിന് സംശയമില്ല.
വടക്കേമൂലയ്ക്ക് നിക്കുന്ന പ്ളാവ് ഒടിഞ്ഞുവീഴാത്തതിലായിരുന്നു അച്ഛന് അതിശയം!
പുഴുവെടുത്ത് ഇപ്പോ വീഴും ഇപ്പോ വീഴുമെന്ന രീതിയിൽ നിക്കണ പ്ളാവാണ്! വെട്ടുകാരന് കൊടുക്കേണ്ട കാശ് ലാഭം കിട്ടും!
“പ്ളാവ് വീണാൽ നമ്മളതറുപ്പിച്ച് കട്ടിലു പണിയും...”
സേതു അതുകേട്ട് തുള്ളിച്ചാടി.
“ഞാനാ അതീ ആദ്യം കെടക്കണത്...“പേൻ തലയിൽ രണ്ട് കൈയും കൊണ്ട് ചൊറിഞ്ഞുകൊണ്ട് അവൾ അപ്പുക്കുട്ടനെ നോക്കി.
”പിന്നേ... ഇത്തിരി പുളിക്കും.“ അപ്പുക്കുട്ടൻ ചിറി കോട്ടി.
നന്ദിനിപ്പശു പതിവില്ലാത്ത വിധം കാറുന്നുണ്ടായിരുന്നു തൊഴുത്തിൽ....
”മൃഗങ്ങളാണേലും അതുങ്ങൾക്കും പേടികാണും!ചില്ലറ മഴയാണോ!“ നന്ദിനിയുടെ കരച്ചിൽ കേട്ട് അമ്മ പറഞ്ഞു.
മഴ കടുത്തു.മേല്ക്കൂരയിലെ ഓലപ്പുറത്ത് മഴവെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ നല്ല രസം. തെങ്ങിന്റെ തടമെല്ലാം നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകി. ചാണകം മെഴുകിയ
തിണ്ണയെ തൊട്ടു തൊട്ടില്ലായെന്ന രീതിയിൽ മുറ്റത്തേ വെള്ളം വടക്കേ തോട്ടിലേയ്ക്ക് ഒഴുകുന്നു.അപ്പുക്കുട്ടൻ കട്ടിളപടിയേൽ കയറി മുട്ടുകാലേൽ കൈയൂന്നി നിന്നു.
മഴയുടെ ഭംഗി!മഴയുടെ താളം!മഴയുടെ ശക്തി!അപ്പുക്കുട്ടനെല്ലാം അത്ഭുദമായിരുന്നു.കുറച്ചു മുൻപുവരെ തലയെടുപ്പോടെ നിന്ന ആറുമാസച്ചെടി പൂക്കുല നിലത്ത് മുട്ടിച്ച് പ്രകൃതിയോട് അടിയറവ് പറയുന്നു. ആര്യവേപ്പേൽ പടർന്ന് കയറിയിരുന്ന കോളാമ്പി വള്ളികൾ പൂക്കളെ മഴവെള്ളത്തിൽ ഒഴുക്കിക്കളഞ്ഞു.
മുറ്റം നിറയെ മഴവെള്ളത്തിൽ ഒഴുകി നടക്കുന്ന മഞ്ഞകോളാമ്പിപ്പൂക്കൾ!
അച്ഛനപ്പോൾ ചോരുന്ന ഓലകൾക്കിടയിൽ എക്സ്‌റേ ഷീറ്റും പ്ളാസ്റ്റിക്കുമൊക്കെ ചേടാനുള്ള തിരക്കിലായിരുന്നു.സേതു തണുപ്പ് പിടിച്ച് അടുപ്പിന്റെ മൂട്ടിൽ...
“അവിടെ മഴയും നോക്കി ഇരിക്കാതെ ആ ചരുവോം പാത്രോം വല്ലതും എടുത്ത് വെള്ളം വീഴണടത്ത് വെയ്ക്കാൻ നോക്കടാ ചെറുക്കാ...തിണ്ണ ചീത്തയാകാണ്ടിരിക്കും.” അമ്മയുടെ
വഴക്കും കേട്ട്, അടുക്കളയിലോട്ട് പാത്രത്തിനായ് ഓടുമ്പോഴാണ് അപ്പുക്കുട്ടനത് ശ്രദ്ധിച്ചത്...
മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികൾ! ഓല മെടലയിലൂടെ അത് താഴോട്ടിറങ്ങുന്നു.
ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രത്തിലൂടെ...
രാജേശ്വരി വാങ്ങിക്കൊടുത്ത ചായപ്പെൻസിൽ കൊണ്ട് വരച്ചതാണ്.
മെടലയിൽ നല്ല ഭംഗിയായ് ചേടി വെച്ചിരുന്നതാണ്...
പുഴയ്ക്കപ്പുറത്ത്...മലനിരകൾ...മലയുടെ താഴ്വാരത്തിൽ മേയുന്ന ആട്ടിൻകുട്ടികൾ... മലകൾക്കിടയിലൂടെ ഉദിച്ചുപൊങ്ങുന്ന സൂര്യൻ...
എല്ലാം നശിച്ചു...
അപ്പുക്കുട്ടന്റെ കണ്ണീരിനെ മേല്ക്കൂരയിൽ നിന്നും ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികൾ ഒഴുക്കിക്കൊണ്ടുപോയി...
മഴവെള്ളത്തിലൊഴുകുന്ന കോളാമ്പിപ്പൂക്കൾ...
അപ്പുക്കുട്ടൻ വീടിന്റെ കോണിലെ പഴയ തഴപ്പായയിൽ ചുരുണ്ടുകൂടി.
രാത്രിയുടെ ഏതോയാമത്തിൽ അച്ഛന്റെ കൈവിരലുകൾ അവന്റെ തലമുടിയിലൂടെ ഓടുന്നത് അവനറിഞ്ഞു. മഴയപ്പോഴും അതിന്റെ പാട്ട് തുടർന്നുകൊണ്ടിരുന്നു.അവന്റെ മുഖം അച്ഛന്റെ മാറിലെ രോമക്കാടുകളിൽ അമർന്നു.
അപ്പുക്കുട്ടനുണർന്നപ്പോൾ മഴ ശമിച്ചിരുന്നു.സൂര്യപ്രകാശം കണ്ണിലടിക്കുന്നോണ്ടോയെന്ന് സംശയം...അവൻ പായയിൽ നിന്നും എണീക്കാതെ തന്നെ കിടന്നു.
എന്തൊക്കെയോ ശബ്ദം...മരം മുറിക്കുന്നത് പോലെ...
ആരുടെയൊക്കെയോ സംസാരം...
സേതു അവന്റെ മുകളിലോട്ട് ചാടി വീണു.കുരുത്തം കെട്ട പെണ്ണ്! അവനവളെ തള്ളി മാറ്റി.
“ഇന്നലെ രാത്രീല് നമ്മടെ പ്ളാവ് വീണേ...അച്ഛനിനി കട്ടില് പണിയും...ഞാനതേ കെടക്കുമല്ലോ...”സേതു കുണുങ്ങികുണുങ്ങി പറഞ്ഞു. അത് പറയുമ്പോൾ അവളുടെ തല
രണ്ടുവശത്തേയ്ക്കും ആടിക്കൊണ്ടിരുന്നു.
അപ്പുക്കുട്ടൻ സന്തോഷത്താൽ ചാടി പുറത്തിറങ്ങി...
വടക്കേപുറം നിറയെ ആളുകൾ...
അമ്മയിരുന്ന് കരയുന്നു!
പുഴുവെടുത്ത പ്ളാവ് വീടിന്നുമുകളിൽ...
രണ്ട് മുറിയും അടുക്കളയുമായുള്ള കൊട്ടാരത്തിന്റെ അവശേഷിക്കുന്നത് അപ്പുക്കുട്ടൻ കിടന്ന മുറി മാത്രം...അമ്മ കരയാതെന്തുചെയ്യും?
‘നമ്മളിനി ഓടിട്ട വീട് വെയ്ക്കുമെന്നാ അച്ഛൻ പറഞ്ഞേ...“
സേതു വന്ന് അപ്പുക്കുട്ടന്റെ കൈയിൽ പിടിച്ചു.
”ആ പശൂനെ കൊടുത്തിട്ട് കൊറച്ച് നാള് നിങ്ങള് അങ്ങോട്ട് മാറി താമസിക്ക്...“പ്ളാവ് വെട്ടുന്ന കൂട്ടത്തിലാരോ പറയുന്നത് അപ്പുക്കുട്ടൻ കേട്ടു.
തെങ്ങിൻതടത്തിൽ കെട്ടി നിന്ന വെള്ളത്തിൽ കോളാമ്പിപ്പൂക്കളോടൊപ്പം ചായം പടർന്ന ഒരു സൂര്യനുമുണ്ടായിരുന്നു...
8 comments:
മഴയിലെ സങ്കടവും സന്തോഷവും.
പട്ടേപ്പാടം റാംജി-അതേ, നന്ദി.
നന്നായി എഴുതി .ആശംസകൾ
swathiprabha k : thanks
അപ്പുക്കുട്ടന്‍ ഇനിയും കഥകള്‍ പറയൂ.
ajith : OK.പറയാം:)
thanks
കുഞ്ഞു വിചാരങ്ങള്‍...
റോസാപ്പൂക്കള്‍:thanks
Post a Comment