Followers

ചമ്പാ അയ്യങ്കാർ

Wednesday, January 19, 2011

ശബരിമല സീസൺ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഹൈദ്രാബാദിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര അല്പം കഷ്ടമാണ്.അതുകൊണ്ടുതന്നെ ഇത്തവണത്തെ യാത്ര ബാംഗ്ലൂർ വഴിയാക്കി. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര ശരിക്കും ദുരിതം തന്നെയായിരുന്നു.
യു പി ക്കാര് ഭൈയ്യാമാരെ ബെർത്തീന്നൊന്ന് മാറ്റാൻ ചില്ലറപാടൊന്നുമല്ല പെട്ടത്. ഒരുത്തനെ കാൽക്കൽ നിന്നും മാറ്റുമ്പോൾ അടുത്തവൻ തലക്കൽ വരും. അവസാനം മടുത്ത് ഒരുത്തനെ തലക്കലും അടുത്തവനെ കാൽക്കലും ബോഡി ഗാർഡാക്കി ഞാൻ നടുക്ക് കിടന്നുകൊടുത്തു. പറഞ്ഞാൽ കേൾക്കുകേലന്ന വെച്ചാൽ പിന്നെന്തു ചെയ്യാൻ!
ഒരുവിധം ബാഗ്ലൂർ സിറ്റി ജംഗ്ഷനിൽ എത്തി എന്ന് പറഞ്ഞാൽ മതി. ജെ.പി എക്സ്പ്രസ്സിൽ ഇനിയൊരിക്കലും ബാംഗ്ലൂരിലേയ്ക്കില്ലായെന്ന് ഉറപ്പിച്ച് സിറ്റി ജംഗ്ഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. ഉറക്കം കൊണ്ട് വിജാഗിരി വിട്ടുപോയ കതക് പോലെ തല ഒരുവശത്തേക്ക് പ്‌ട്ക്കേന്ന് വീഴുമ്പോഴാണ് ഒരു സ്തീ ശബ്ദം. അതും നല്ല ഇംഗ്ലീഷിൽ...
“കണ്ടിട്ട് ഒരു മാന്യനാണന്ന് തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ?”
മാന്യനായ ഞാൻ തലയൊക്കെ ഒന്ന് പിടിച്ച് നേരെയാക്കി നിവർന്നിരുന്നു.
“എന്റെ പേര് ചമ്പാ അയ്യങ്കാർ, മൈസൂരിലാണ് വീട്. ഞാനൊരു കോറിയോ ഗ്രാഫറാണ്. ഇവിടെ ബാംഗ്ലൂരിൽ കുറെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നുണ്ട്...” സംസാരത്തിന് ഭയങ്കര ദൈന്യത!
കേട്ടപ്പോൾ തന്നെ എനിക്ക് സംഗതിയുടെ ഒരു ഇത് മനസ്സിലായി.
‘അതേ..അതേ... ബാഗ്ലൂര് വന്നു. കൈയിലെ പണം എങ്ങനെയോ നഷ്ടപ്പെട്ടു. തിരികെ പോകാൻ സഹായിക്കണം...‘ ആള് മാറിപോയി വല്ല്യമ്മേ! മനസ്സിൽ വന്നതൊന്നും പുറത്ത് പറയാതെ കൈ തലയ്ക്ക് പുറകിൽ കെട്ടി ഒന്ന് വിസ്തരിച്ച് കോട്ടുവായിട്ട് ശരീരമൊന്ന് നിവർത്തി ഞാനിരുന്നു.
“എനിക്ക് മൈസൂരിൽ രണ്ട് വീട് സ്വന്തമായുണ്ട്. ഞാൻ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളുമില്ല.” ചമ്പ അയ്യങ്കാർ തുടർന്നു.
ഞാനവരുടെ മുഖത്ത് നോക്കാതെ തന്നെ എല്ലാം മൂളിക്കേട്ടു.
“മൈസൂരിലേയ്ക്കുള്ള ട്രയിനും കാത്ത് ഞാൻ ദാ അവിടെ ആ ബെഞ്ചിലിരിക്കുകയായിരുന്നു.” ചമ്പ അയ്യങ്കാർ എന്നെ ഒരു ബെഞ്ച് ചൂണ്ടിക്കാണിച്ചു.ഞാനങ്ങോട്ട് നോക്കി. നോക്കുന്നതിന് പൈസയൊന്നും കൊടുക്കേണ്ടല്ലോ!

ചമ്പ അയ്യങ്കാർക്ക് ഏകദേശം എഴുപതോളം വയസ്സ് പ്രായം കാണും. എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ടായിരിക്കാം അവർ ഭാഷകളൊന്നൊന്നായ് മാറ്റി സംസാരിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമെല്ലാം അവർ ഭംഗിയായ് സംസാരിക്കുന്നു.
“നിങ്ങടെ പ്രായം കാണും ഒരാൾ വന്ന് എന്റെ കൈയ്ക്കിട്ട് തട്ടി പേഴ്സ് കൊണ്ടുപോയി. മൈസൂരിലേയ്ക്ക് പോകാൻ എന്റെ കൈയിൽ പണമൊന്നുമില്ല.” ചമ്പ അയ്യങ്കാരുടെ കണ്ണുകളിലെ നനവ് എനിക്ക് കാണാൻ കഴിഞ്ഞു. ശബ്ദത്തിലെ ഇടർച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞു.
കാര്യം ഞാൻ വിചാരിച്ചതുപോലെ തന്നെയാണ് നീങ്ങുന്നത്. എങ്കിലും ചുമ്മാതെ ചോദിച്ചു.
“എത്രരൂപ വേണം?”
“40”
കേവലം നാല്‍പ്പത് രൂപയ്ക്ക് ഇവർ കള്ളം പറയേണ്ട ആവശ്യമുണ്ടോ. കാഴ്ചയ്ക്കും സംസാരത്തിലും നല്ലൊരു കുടുംബത്തിൽ നിന്നുള്ള സ്ത്രീയാണന്ന് തോന്നുന്നു. വിലകൂടിയ പട്ടുസാരിയും,സ്വർണ്ണ കമ്മലും വളയും എല്ലാം കൂടി കണ്ടിട്ട് സംശയം വെറുതെയാണന്ന് എനിക്ക് തോന്നി. നൂറ് രൂപയെടുത്ത് ഞാൻ ചമ്പ അയ്യങ്കാർക്ക് കൊടുത്തു.
ചമ്പ അയ്യങ്കാരുടെ മുഖമാകെ ചുവന്ന് തുടുത്ത്. അവരുടെ വെളുത്ത കവിളുകൾ വിറയ്ക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒഴുകി. ഞാൻ വല്ലാണ്ടായി.
“മോനേ, നല്ലതു വരും. ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ആദ്യായിട്ടാണ് ഇങ്ങനെയൊരനുഭവം. പൈസ ചോദിക്കാൻ എനിക്കറിയാവുന്ന ഒത്തിരിപ്പേരുണ്ട് ബാംഗ്ലൂരിൽ...പക്ഷേ...” ഒന്ന് നിർത്തിയിട്ട് ചമ്പ അയ്യങ്കാർ തുടർന്നു.
“എന്റെ അഭിമാനം അനുവദിക്കുന്നില്ല മോനേ അവരോടൊക്കെ ചോദിക്കാൻ.”
അപ്പോഴത്തേയ്ക്കും ബുക്ക്സ്റ്റാളും നോക്കിപ്പോയ ഭാര്യയുമെത്തി. ഞാൻ ആഷയെ അവർക്ക് പരിചയപ്പെടുത്തി.
നൃത്തവും,ശാസ്ത്രീയ സംഗീതവും, അല്പസ്വല്പം ആയൂർവേദവും കൈനോട്ടവുമൊക്കെ അറിയാമെന്ന് ചമ്പ അയ്യങ്കാർ പറഞ്ഞു. നൂറ് രൂപയ്ക്ക് പകരമായ് നൽകാൻ അവരുടെ കൈയിൽ ഇപ്പോൾ ഒന്നുമില്ലന്നും അതിനാൻ വിരോധമില്ലങ്കിൽ ഞങ്ങളുടെ കൈ നോക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. ഞാൻ ഇതുവരെ കൈനോട്ടം, ജോത്സ്യം തുടങ്ങിയ കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നതല്ല. എന്തോ...അങ്ങനെ തോന്നിയിട്ടില്ല.
ഞങ്ങൾ ചമ്പ അയ്യങ്കാർക്ക് മുന്നിൽ കൈനീട്ടി. വിശ്വസിക്കാൻ കഴിയുന്നില്ല!!!
അവർ പറഞ്ഞ ചില കാര്യങ്ങൾ അക്ഷരം‌പ്രതി ശരിയാണ് ഞങ്ങളുടെ ജീവിതത്തിൽ!
കൈനോട്ടത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലായിരിക്കാം. പക്ഷേ ഇങ്ങനെയൊരു സന്ദർഭത്തിൽ...അതും യാതൊരു പരിചയവുമില്ലാത്ത...ജീവിതത്തിലാദ്യമായ് കാണുന്ന ഒരു വ്യക്തി ഞങ്ങളുടെ തികച്ചും സ്വകാര്യമായ കാര്യങ്ങൾ സംശയത്തിനിട നൽകാത്ത വിധത്തിൽ പറയുമ്പോൾ...എന്റെ ധാരണകളൊക്കെ തെറ്റാണോ!
ചമ്പ അയ്യങ്കാരോട് വിട പറഞ്ഞ് നാട്ടിലേയ്ക്കുള്ള ട്രയിൻ കയറുമ്പോൾ എന്റെ മനസ്സിലതായിരുന്നു ചിന്ത.
----- ----- -----

ഏകദേശം ഇരുപത് വർഷങ്ങളായിക്കാണും. ജോലിതിരക്കി ബോബെയാകെ കറങ്ങി നാട്ടിലേയ്ക്കുള്ള ട്രയിനിലായിരുന്നു ഞാൻ. ഞാനിരുന്നതിന്നടുത്ത് മൂന്നു നാല് മലയാളികൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്. സംസാരിച്ച് വന്നപ്പോൾ മനസ്സിലായി ഒന്നുരണ്ടുപേർ എന്റെ നാടിന്നടുത്തുള്ളവരാണ്. ആദ്യമായിട്ട് കേരളം വിട്ട് യാത്ര ചെയ്യുന്നവരാണ്. ഏതോ ഗൾഫ് ജോലിയുമായി ബന്ധപ്പെട്ട് ബോംബയിൽ വന്നിട്ട് തിരികെ വരികയാണ്.തിരുവനന്തപുരത്തുകാരനായ ഒരു പയ്യനുമുണ്ട് ഞങ്ങളുടെ കൂടെ.എന്നെപ്പോലെ തന്നെ ഏതൊ ഇന്റർവ്യൂവിന് വന്നിട്ട് മടങ്ങുകയാണ്. ട്രയിൻ ജോലാർപേട്ടയ്ക്ക് ഒന്നു രണ്ട് സ്റ്റേഷന് മുന്നിലുള്ള ഒരു സ്റ്റേഷനിലെത്തിയപ്പോൾ കറുത്ത് മെലിഞ്ഞ് പൊക്കമുള്ള കാണാൻ മിടുക്കനായ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. നല്ലവണ്ണം വസ്ത്രധാരണം ചെയ്ത ഒരു മാന്യൻ. ഒറ്റനോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷകത്വം തോന്നുന്ന പ്രകൃതി. സംസാരം പതിയെ ആഹാരത്തെറിച്ചായി. നാടുവിട്ട് കഴിഞ്ഞാൽ ഏതൊരു മലയാളിക്കുമുണ്ടാകുന്നതുപോലെ ഞങ്ങൾക്കും നാവിൻ തുമ്പത്ത് നാടൻ ആഹാരത്തിന്റെ രുചി അനുഭവപ്പെടാൻ തുടങ്ങി. മൂക്ക് മുട്ടെ ചോറും നല്ല എരിവുള്ള മീൻ‌കറിയും...
“ജോലാർപേട്ട റയിൽ‌വേസ്റ്റേഷനിൽ മലയാളിയുടെ ഒരു കടയുണ്ട്. അവിടെ നല്ലൊന്നാന്തരം മീൻ‌കറിയും ചോറും കിട്ടും.” നമ്മുടെ ചെറുപ്പക്കാരൻ ഇതുപറയുന്നതും കേട്ടുകൊണ്ട് ഞാൻ അപ്പർ ബെർത്തിലേയ്ക്ക് പോയി. ആഹാരത്തിനെ കുറിച്ചുള്ള ചർച്ച നടന്നതുകൊണ്ടായിരിക്കാം വിഭവസമൃദ്ധമായ ആഹാരം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന ഒരു ആലസ്യം എന്നെ ബാധിച്ചു. ഉറക്കമെണീറ്റപ്പോൾ ട്രയിൻ ജോലാർപേട്ടയിൽ എത്തിയിട്ടുണ്ടായിരുന്നു. ധൃതിയിൽ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞാൻ മറ്റുള്ളവരോട് ഊണുവാങ്ങാൻ വരുന്നില്ലേ എന്ന് ചോദിച്ചു.
ഞാനൊഴികെ മറ്റ് അഞ്ചുപേരും ചെറുപ്പക്കാരന്റെ കൈയിൽ പൈസ കൊടുത്തുവിട്ടിരിക്കുകയാണ്! നല്ലവനായ ആ ചെറുപ്പക്കാരന്റെ സന്മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഊണ് വാങ്ങാനായി കട തിരക്കി ഇറങ്ങി.
പറഞ്ഞതുപോലെ ഒരു കട കണ്ടുകിട്ടി. സാമാന്യം തിരക്കുമുണ്ടായിരുന്നു. ചെറുപ്പക്കാരനെ അവിടെങ്ങും കണ്ടില്ല. ഞാൻ ഊണുമായി തിരികെ വണ്ടിയിലെത്തി.
“മീൻ കറിയും ഊണുമല്ലേ. വെച്ചു താമസിപ്പിക്കേണ്ട. നമ്മുക്ക് തുടങ്ങിക്കളയാം.” ഞാൻ ഊണ് പൊതി പതിയെ തുറന്നു. ചെറുപ്പക്കാരൻ നേരത്തേ എത്തിക്കാണുമെന്ന വിചാരത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ അയാൾഎത്തിയിരുന്നില്ല.വണ്ടി സ്റ്റേഷൻ വിട്ടു. പാവം എന്റെ സഹയാത്രികർ! എന്റെ മീൻ‌കറിയുടെ മണവുമാസ്വദിച്ച് അവർ തമ്മിൽ തമ്മിൽ നോക്കിയിരുന്നു. അപ്പോൾ ഞാനാലോചിച്ചത് കേവലം ഒന്നോ രണ്ടോ ഊണിന്റെ പൈസായ്ക്ക് വേണ്ടി തട്ടിപ്പ് നടത്തി ജീവിക്കുന്ന മറുനാടൻ മലയാളിയുടെ ദുർവിധിയെക്കുറിച്ചായിരുന്നു!
----- ----- ------

ഈ സംഭവം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞ് മദ്രാസ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആലപ്പുഴയ്ക്ക് വരാനായി ട്രയിൻ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. കാഴ്ചയ്ക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റടുക്കൽ വന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്താണ് വീട്. ‘ആലപ്പുഴ ബ്ലൂഡയമണ്ട്സ്’ ഗാനമേള ട്രൂപ്പിലെ ഒരു പ്രസിദ്ധനായ ഗായകന്റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞു. മദ്രാസിൽ എന്തോ കാര്യത്തിനായ് വന്നതാണന്നും പോക്കറ്റടിക്കപ്പെടുകയും കൈയിലുണ്ടായിരുന്ന പണവും ട്രയിൻ ടിക്കറ്റുമെല്ലാം നഷ്ടമായതായും പറഞ്ഞു. എങ്ങിനെയെങ്കിലും കുറച്ച് പണം കൊടുത്ത് സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.
എന്റെ മനസ്സിലേയ്ക്ക് അപ്പോൾ ജോലാർപേട്ട സംഭവമാണ് കടന്നുവന്നത്. കഷ്ടിച്ച് ട്രയിൻ ചെലവിനുള്ള പണവുമായി നിന്ന ഞാൻ ആ കാര്യം ചെറുപ്പക്കാരനോട് പറയുകയും ചെയ്തു. ഒരുപക്ഷേ എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ തന്നെ അന്നത്തെ സ്ഥിതിയിൽ ഞാൻ സഹായിക്കാൻ സാധ്യതയുമില്ലായിരുന്നു. ട്രയിൻ സ്റ്റേഷനിൽ നിന്നും തിരിക്കുമ്പോൾ ചെറുപ്പക്കാരൻ പ്ലാറ്റ്ഫോമിൽ തന്നെ നില്‍പ്പുണ്ടായിരുന്നു.
കൈയിൽ ഒറ്റപൈസായില്ലാതെ പരിചയമില്ലാത്ത ആൾക്കാരുടെ ഇടയിൽ അറിയപ്പെടാത്ത സ്ഥലത്ത് നിൽക്കുന്ന ഒരാൾ...അങ്ങനെ അല്ലാതാകണേ എന്ന് ഞാൻ മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
---- ------- -----

ബാഗ്ലൂർ വഴി നാട്ടിൽ ചെന്ന് കഴിഞ്ഞ് ഒരു ദിവസം ആലപ്പുഴ ബസ് സ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ്, സ്റ്റേഷനടുത്തുള്ള ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനെത്തിനോക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ആരോ പറയുന്നുണ്ടായിരുന്നു;“ഇവനൊക്കെ വെള്ളമടിച്ചാൽ മാത്രം പോരാ, മറ്റുള്ളവരുടെ സമയവും കൂടെ മെനക്കെടുത്തണം!”
ഞാനപ്പോൾ മനസ്സിലോർക്കുകയായിരുന്നു. ‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’
സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!!! അതിന് പലപ്പോഴും വില നൽകേണ്ടിവരുന്നത് അല്ലെങ്കിൽ ബലിയാടാകുന്നത് സഹായം അർഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ?

9 comments:

faisu madeena said...

അതെ ...ഇപ്പൊ ആരെയെങ്കിലും സഹായിക്കാന്‍ പോലും മടിയാണ്..നമ്മള്‍ വന്ചിക്കപ്പെടുകയാണോ എന്ന് പേടിച്ച്.....

എന്ത് ചെയ്യാന്‍ കാലത്തിന്‍റെ ഒരു പോക്ക്...!!

Unknown said...

സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകള്‍ക്ക്‌ പലപ്പോഴും വില നല്‍കേണ്ടിവരുന്നത് സഹായം അര്‍ഹിക്കുന്ന ചില നല്ല മനസ്സുള്ള മനുഷ്യരല്ലേ? അതെ ആണ്. ഇത് പോലെ തന്നെ ആണ് ആക്സിടന്റില്‍ പെട്ട ആളെ സഹായിക്കുന്നവരെ പീഡിപ്പിക്കുന്ന പോലീസും. ആ ഒരൊറ്റ കാരണം കൊണ്ട് സഹായിക്കാന്‍ മടിക്കുന്ന എത്ര പേരുണ്ട്? അത് പോലെ പൊലിയുന്ന ജീവനുകളും !!

ആശംസകള്‍!!

ഹരീഷ് തൊടുപുഴ said...

ഇതു പോലൊരനുഭവം പണ്ട് എനിക്കും..
പതിനഞ്ച് വർഷം മുൻപ് ഷോപ്പിൽ വന്ന്..
കൈയ്യിലുള്ള പണം മുഴുവൻ നഷ്ടപ്പെട്ടെന്ന് താണു കേണു പറഞ്ഞ..
ഒരു മാന്യനെ സഹായിച്ചിരുന്നു..
അന്നയാൾ എന്നെ പറ്റിച്ചതാണൊ എന്നെനിക്കിന്നും നിശ്ചയമില്ല..
എങ്കിലും അയാളൂടെ അന്നത്തെ ദയനീയാവസ്ഥയ്ക്ക് എന്റെ അഞ്ചു ദിവസത്തെ വരുമാനമാണു സഹായമായി കൊടുത്തത്..

കണ്ണനുണ്ണി said...

വളരെ ശരിയാണ്... സഹായിക്കണം എന്ന് ആഗ്രഹം മിക്കവര്‍ക്കും ഉണ്ടാവും...
പക്ഷെ തട്ടിപ്പാണോ അല്ലയോ എന്നാ സംശയം കൊണ്ട് സഹായം അര്‍ഹിക്കുന്നവര്‍ക്ക് പോലും അത് കൊടുക്കാന്‍ എല്ലാവരും മടിക്കും...

Prabhan Krishnan said...

വായിച്ചു..നന്നായി എഴുതി..ഒന്നുകൂടി ഏകീകരിക്കാമായിരുന്നു.ആശംസകള്‍..!

Jishad Cronic said...

ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന ഈ കാലത്ത് സഹായിക്കുവാന്‍ മനസ്സുള്ളവര്‍ പോലും ഒന്ന് ആലോചിച്ചേ അത് ചെയ്യാരുള്ളൂ...

the man to walk with said...

‘ആർക്കറിയാം വെള്ളമടിച്ചതാണോ അതോ വല്ല അസുഖവും വന്ന് വീണതാണോയെന്ന്!’
സമൂഹത്തിലെ ചില്ലറ ചില്ലറ തട്ടിപ്പുകൾ!

ആശംസകള്‍

തമനു said...

ഞാനും ഇവിടെ ഗള്‍ഫില്‍ ആദ്യമായി വന്ന സമയം, ഒരിക്കല്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ ഷവര്‍മ വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീയും, ഒരു പത്തു വയസുകാരി മകളും കൂടി വന്നു എന്നോട് അറബിയില്‍ എന്തോ ചോദിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല എന്നു മാത്രവുമല്ല ഭയവും തോന്നി. ഞാന്‍ പെട്ടെന്നു കടയിലേക്കു കേറി, അവരെ ഷവര്‍മ്മക്കാരന്‍ എന്തോ പറഞ്ഞു. അവര്‍ പെട്ടെന്നു പോവുകയും ചെയ്തു.

ഞാന്‍ ഇറങ്ങി കടക്കാരനോട് ചോദിച്ചപ്പോളാണ് അറിയുന്നത് അവരുടെ മകള്‍ക്ക് വിശക്കുന്നു, ഒരു ഷവര്‍മ്മ വാങ്ങി കൊടുക്കുമോ എന്നാണത്രേ ചോദിച്ചത്..

ഇപ്പോഴും ചങ്കു നീറുന്നുണ്ട്... വിശക്കുന്നു എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ നമുക്ക് ഭാഷ അറിയണോ.. :(

Sathees Makkoth said...

ആദ്യമേ തന്നെ ക്ഷമാപണം.ഇത്രയും കാലം ഈ കമന്റുകളൊക്കെ നോക്കാതെ വിട്ടതിന്‌.
faisu madeena :കാലത്തിന്റെ പോക്ക്‌ എന്നും പറയാം. നന്ദി.വന്നതിനും കമന്റിയതിനും

ഞാൻ:ഗന്ധർവൻ: നന്ദി.
ഹരീഷ്‌ തൊടുപുഴ: ഹരീഷ്‌ അയാളുടെ അന്നത്തെ അവസ്ഥ ശരിക്കുമുള്ളത്‌ തന്നെ എന്ന്‌ വിശ്വസിക്കാം.നന്മ ചെയ്യുക എന്നത്‌ എല്ലാരെക്കൊണ്ടും നടക്കുന്ന കാര്യമല്ല.അതു ചെയ്യാനുള്ള മനസ്സുണ്ടായല്ലോ. നന്ദി.

കണ്ണനുണ്ണി : നന്ദി
പ്രഭൻ ക്യഷ്ണൻ :അഭിപ്രായത്തോട്‌ യോജിക്കുന്നു. നന്ദി
the man to walk with: നന്ദി
തമനു :സുഖം തന്നെയല്ലേ തമനു സാർ.
“ഇപ്പോഴും ചങ്കു നീറുന്നുണ്ട്‌... വിശക്കുന്നു എന്നു പറഞ്ഞാൽ മനസ്സിലാക്കാൻ നമുക്ക്‌ ഭാഷ അറിയണോ.. ”
മനസ്സിൽ തട്ടുന്നു...ചെറിയ ചെറിയ കാരണങ്ങൾ...പലപ്പോഴും നമ്മളതിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കും.
നന്ദി സാർ.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP