Followers

ഭൂമീദേവിയുടെ ദാഹം

Sunday, January 16, 2011

“കാലം പോകണ പോക്ക് കണ്ടില്ലേ! വിനാശകാലേ വിപരീത ബുദ്ധി അല്ലാണ്ടെന്താപറയേണ്ടേ?”
രണ്ട് കാലും നീട്ടി നിവർത്തി ചാണകം മെഴുകിയ തിണ്ണയിൽ പനമ്പ് ചെറ്റയിൽ ചാരി ചക്കിയമ്മ വാതുക്കലോട്ടും നോക്കി ഇരുന്നു. ഞാന്നു തൂങ്ങിയ ചെവികളുടെ വലിയ ദ്വാരങ്ങളിലൂടെ വിരൽ കടത്തി അപ്പുക്കുട്ടൻ ചോദിച്ചു.
“ വേദനേണ്ടോ?”
“ഇല്ലന്റെ കുട്ടീ. അമ്മച്ചിക്ക് വേദന അവിടേല്ല. ദേ ഇവിടെയാ.” ചക്കിയമ്മ നെഞ്ചത്ത് കൈവെച്ചു. ഇടയ്ക്കിടയ്ക്ക് പുറം ലോകം കാണാനായ് എത്തിനോക്കിക്കൊണ്ടിരുന്ന നീണ്ടുതൂങ്ങിയ വലിയ മുലകളെ ചക്കിയമ്മ കഴുത്തിലൂടെ ചുറ്റിയിട്ടിരുന്ന വെള്ളത്തുണിയ്ക്കുള്ളിലാക്കി.
“ഹാർട്ടറ്റാക്കാ?” അപ്പുക്കുട്ടന്റെ ചോദ്യം ചക്കിയമ്മ കേട്ടില്ല.
“ഈ മനുഷേരെടെ പോക്കോർത്തിട്ട് അമ്മച്ചീടെ നെഞ്ച് കലങ്ങണു!”
അപ്പുക്കുട്ടൻ ചക്കിയമ്മയുടെ മടിയിൽ കയറിയിരുന്ന് പല്ലില്ലാത്ത കീഴ്ത്താടിയിൽ പിടിച്ചമർത്തി.
“ഒന്ന് വിടെന്റെ കുട്ടീ. അമ്മച്ചി പറയട്ടെ.”
"റോക്കറ്റും കൊണ്ട് ചന്ദ്രനീ പോണൂ. ഭഗവാൻ ശിവന്റെ കൈലാസത്തീ പോണൂ. നെറികേടെന്നല്ലാണ്ടെ എന്താ പറയ്‌ക! വന്ന് വന്ന് ദൈവങ്ങളെ കൂടെ സൊര്യമായ് ഇരുത്താണ്ടായ് ഇവറ്റകള്! വിനാശകാലേ വിപരീത ബുദ്ധി അല്ലെണ്ടെന്തു പറയാൻ!”
മുറുക്കാൻ ചെല്ലത്തിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ചുരുട്ടി അപ്പുക്കുട്ടൻ ചക്കിയമ്മയുടെ വായിൽ വെച്ചുകൊടുത്തു.
“എന്റെ കുട്ടീ അങ്ങനല്ല. അതൊന്ന് ഇടിച്ചിങ്ങോട്ട് താ. അമ്മച്ചിക്ക് ഇതൊന്നും ചവക്കാൻ പല്ലൊന്നുമില്ല.”
അപ്പുക്കുട്ടൻ വെറ്റില ഇടിക്കാൻ തുടങ്ങി.
“തെക്കേ പറമ്പിലെ കെണറ് തന്നെ ഒന്ന് നോക്കിക്കേ. കണ്ണീര് പോലത്തെ വെള്ളാരുന്നു. അതിലെ വെള്ളം കുടിച്ചാല് തന്നെ സൂക്കേടെല്ലാം പോകുമാരുന്നു. ഇപ്പോ നോക്കിക്കേ മനുഷേര് പോകില്ലതുവഴി. കലികാലം! അല്ലാണ്ടെന്താ പറയ്‌ക!”
തെക്കേപറമ്പിലെ കിണറിനെക്കുറിച്ച് എത്ര പറഞ്ഞാലും ചക്കിയമ്മയ്ക്ക് മതിയാവില്ല. അപ്പുപ്പന്മാരുടെ കാലത്തെ കിണറാണ്. അങ്ങ് ദൂരെ വൈക്കത്ത് നിന്ന് വന്ന പ്രത്യേക പണിക്കാരാണ് വെട്ടുകല്ലിൽ തീർത്ത ആ കിണറുണ്ടാക്കിയത്. പത്താൾ പൊക്കത്തിലെ കിണർ! അതിശയമായിരുന്നു എല്ലാർക്കും! തെളിഞ്ഞ് നീര്! ഒരിക്കലും വറ്റാത്ത ഉറവ!
“അറിയ്‌വോ നെനെക്ക്! മൂന്ന് കണ്ണാ ആ കെണറിന്. കൊടം കൊടം പോലാ വെള്ളം ചാടണതതീന്ന്!
ചക്കിയമ്മ കിണറിന്റെ കണ്ണ് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒന്നല്ല. പലതവണ. കിണറ് തേകുമ്പോഴാണത് കണ്ടിട്ടുള്ളത്. ചേർത്തലേന്നുള്ള പ്രത്യേക പണിക്കാരെ കൊണ്ട് വന്നാണ് കിണറ് തേകിക്കാറുണ്ടായിരുന്നത്. വർഷാവർഷം കാലവർഷം തുടങ്ങുന്നതിന് മുൻപേ തന്നെ കിണറ് വെള്ളമെല്ലാം തേകി ശുദ്ധീകരിച്ചിരുന്നു. അന്നതൊക്കെ ഉത്സവം പോലാരുന്നു.
“എന്റെ കുട്ട്യേ, ചേർത്തല കറുമ്പന്മാര് നിരീച്ചിട്ട് പറ്റിയിട്ടില്ല തെക്കേപറമ്പിലെ കെണറ്റിലെ വെള്ളമൊന്ന് കോരി പറ്റിക്കാൻ! അറിയ്യോ നെനക്ക്. ദൈവാനുഗ്രഹോള്ള കെണറാ അത്! എത്ര പേരുടെ കൈയും കാലുമൊക്കെ ഒടിഞ്ഞ്ട്ടൊണ്ടന്ന് നെനക്കറിയ്യോ. വെട്ടുകല്ലെറങ്ങ്മ്പോ ഒന്ന് തെറ്റിയാ മതി. തീർന്നു. കൈയ്യോ കാലോ, ഒറപ്പ്... ഒടിഞ്ഞിരുക്കും.”
ചക്കിയമ്മയുടെ കണ്ണുകൾ അപ്പോൾ ഭൂതകാലത്തിലെ ഏതോ ദിനങ്ങളിലെ മങ്ങാത്ത കാഴ്ചകൾ കാണുകയായിരുന്നു.
“എവ്ടെന്നെക്കാ ആൾക്കാര് വരണത് വെള്ളം കോരാൻ! എനക്ക് തന്നെ നിച്ചയമില്ല. നല്ല പനി നീരുപോലത്തെ വെള്ളമല്ലേ! അമ്മച്ചീടെ ആരോഗ്യം നോക്കിക്കേ. എന്താ രഹസ്യം?”
“കെണറ്റിലെ വെള്ളാ?” അപ്പുക്കുട്ടന്റെ ചോദ്യത്തിന് ചക്കിയമ്മയെ അതേയെന്ന് തലയാട്ടി.
“എന്നിട്ടെന്താ ഇപ്പോ ആ വെള്ളമാരുമെടുക്കാത്തെ?”
ചക്കിയമ്മയുടെ നോട്ടം തെക്കേ പറമ്പിലേയ്ക്കായി. കാടും പടലും പിടിച്ച് ഇപ്പോൾ അവിടെ അങ്ങനെയൊരു കിണറുണ്ടായിരുന്നെന്ന് പോലും തോന്നുന്നില്ല. ഒരടി പൊക്കമുണ്ടായിരുന്ന കല്ലുകെട്ട് ഇടിഞ്ഞ് വീണിരിക്കുന്നു. പകൽ സമയത്ത് പോലും ആരുമങ്ങോട്ടൊന്ന് എത്തിനോക്കാറുപോലുമില്ല.
പ്രേതമൊള്ള സ്ഥലമാ, അങ്ങോട്ടൊന്നും പോകരുതെന്നാണ് അമ്മ പറയുന്നത്.

പുതിയ വീട് പണിയെക്കുറിച്ച് ആലോചന വന്നപ്പോഴാണ് കിണറിനെ കുറിച്ച് വീണ്ടും ചർച്ച വന്നത്. ഇപ്പോഴുള്ള വീട് പൊളിച്ച് മാറ്റി വേറെ വീട് വെയ്ക്കുന്നതിനെ ചക്കിയമ്മ നഖശിഖാന്തം എതിർത്തു. കാരണവന്മാരുടെ ആത്മാവ് കുടികൊള്ളുന്ന സ്ഥലമാണ്. അതങ്ങനെ നശിപ്പിക്കരുതെന്നാണ് ചക്കിയമ്മ അഭിപ്രായപ്പെട്ടത്.
“പ്രായായി, ഉപയോഗോല്ല എന്നൊക്കെ പറഞ്ഞ് ഓരോന്ന് നശിപ്പിക്കാൻ തൊടങ്ങിയാൽ ആദ്യം നീയൊക്കെ എന്നെയല്ലെ കുഴിച്ച് മൂടേണ്ടത്!” ചക്കിയമ്മയുടെ ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ല.
തെക്കേപ്പറമ്പിൽ വീട് വെയ്ക്കുന്നതിനോടായിരുന്നു ചക്കിയമ്മയ്ക്ക് താല്പര്യം. അപ്പോൾ ഒരു വിഷയമുണ്ടായ്. കിണറ് മൂടണം. വാസ്തുവനുസരിച്ച് കിണറിന്റെ സ്ഥാനം ശരിയല്ല. അപശകുനമാണ്. ചക്കിയമ്മ സമ്മതിക്കുമോ? നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറിന്റെ പഴമയിൽ അഭിമാനിക്കുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ്. ചക്കിയമ്മ എതിർത്താൽ പിന്നെയെന്ത്? ഉത്തരം കിട്ടാത്ത ചോദ്യം അന്തരീക്ഷത്തിൽ ഗതികിട്ടാ പ്രേതത്തെ പോലെ അലഞ്ഞ് തിരിഞ്ഞുകൊണ്ടിരുന്നു.
അവസാനം ചക്കിയമ്മ തന്നെ അതിനൊരു പരിഹാരമായ് വന്നു.
“പരിഷ്ക്കാരികളാണന്നും പറഞ്ഞ് എന്തിനാടാ നീയൊക്കെ നടക്കണത്. മൂടണമെങ്കീ മൂടണം. കൊതുകിനെ വളർത്താൻ എന്തിനാ ഒരു കെണറ്? മോട്ടറ് വെച്ച് ഒരു കൊഴല് കെണറങ്ങട്ട് കുത്തണം! അല്ലെങ്കിൽ ഗമമ്മെന്റിന്റെ വെള്ളക്കൊഴല് വാങ്ങണം. അല്ലാണ്ട് പിന്നെ...”
ചക്കിയമ്മ വാതുക്കലോട്ട് കാലും നീട്ടിയിരുന്ന് വെറ്റില ചവച്ച് കൊണ്ടിരുന്നു.
ഭൂമീ ദേവിയ്ക്ക് വെള്ളം കുടിക്കാനായ് ആകാശത്തിലേയ്ക്ക് തുറന്നിട്ടിരിക്കുന്ന വഴികളാണ് കിണറുകളും കൊളങ്ങളുമെന്ന് ചക്കിയമ്മ പണ്ട് പറഞ്ഞത് അപ്പുക്കുട്ടനപ്പോളോർത്തു. കിണറുകളും കൊളങ്ങളും നികത്തിയാൽ ഭൂമീദേവിക്ക് ദാഹിക്കില്ലേ...

2 comments:

sheriffkottarakara said...

“പ്രായായി, ഉപയോഗോല്ല എന്നൊക്കെ പറഞ്ഞ് ഓരോന്ന് നശിപ്പിക്കാൻ തൊടങ്ങിയാൽ ആദ്യം നീയൊക്കെ എന്നെയല്ലെ കുഴിച്ച് മൂടേണ്ടത്!”

ഈ കഥയിലെ മര്‍മ്മ പ്രധാനമായ വാചകം.
അഭിനന്ദനങ്ങള്‍.

Unknown said...

അമ്മൂമ്മയുടെ പ്രായോഗികബുദ്ധി!!

ആശംസകള്‍!!

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP