വർഷാന്ത്യ തട്ടിപ്പ്
Saturday, January 1, 2011
പ്രീയമുള്ളോരെ ഇതൊരു തട്ടിപ്പിന്റെ കഥയാകുന്നു. 2010 അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴുള്ള തട്ടിപ്പിന്റെ കഥ! 21ആം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തിന്റെ അവസാന നാളിന്റെ അന്ത്യത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ സംഭവിച്ച അതിക്രൂരവും പൈശാചികവും ആരുടേയും ഹൃദയം തകർത്തുകളയുന്നതുമായ തട്ടിപ്പിന്റെ കഥ!(ഏറ്റവും കുറഞ്ഞത് എന്റെ ഹൃദയം തകർത്തുകളഞ്ഞത്)
തട്ടിപ്പിന്നിരയായത് മറ്റാരുമല്ല. ഞാൻ! ഈ ഞാൻ തന്നെ! പാവം ഞാൻ!!
തട്ടിപ്പിന്നാസ്പദമായ സംഭവം നടന്നതിങ്ങനെയാണ്. ഇന്ന് വൈകുന്നേരം. അതായത് 2010 ഡിസംബർ 31 വൈകുന്നേരം സമയം ഏകദേശം 8 മണി. എനിക്കൊരു 500 രൂപയുടെ ആവശ്യം. വർഷാവസാനം 500രൂപയ്ക്ക് പെട്ടെന്ന് ആവശ്യം വന്നതെന്താണന്ന് ചോദ്യമൊന്നും വേണ്ട.2011 നെ നാലുകാലിൽ നിന്ന് വരവേൽക്കാനൊന്നുമല്ല. വെറുമൊരു സഹായത്തിന് വേണ്ടി. ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി അത്രമാത്രം. അതെന്റെ ശ്രീമതിയ്ക്കും അറിയാവുന്നതാണ്. ഭാഗ്യം അതും പറഞ്ഞ് ഇനി വിഷയം കൂടുതൽ വലിച്ച് നീട്ടണ്ടല്ലോ!
എന്റെ കൈയിൽ പൈസ എന്തെങ്കിലും ഉള്ളതായ് ഒരോർമ്മ വരുന്നില്ല. ഒരു വർഷത്തെ ഓർമ്മകളെല്ലാം കൂടി ഈ തിരുമണ്ടയിൽ തിങ്ങി നിറഞ്ഞിരിക്കുകയല്ലേ! ഇതെല്ലാം ഒന്നിറക്കി വെച്ച് അടുത്ത വർഷത്തെ ഓർമ്മകൾക്കായ് തലച്ചോറിന്റെ ഒരു ഭാഗം ഒഴിച്ചിടാനുള്ള ശ്രമത്തിലായിരുന്നു എന്നുവേണമെങ്കിലും പറയാം. അത്തരം ഒരു സന്ദർഭത്തിൽ സാധാരണയായ് പൈസ ഒളിപ്പിച്ച് വെയ്ക്കുന്ന ബാഗ്, കുപ്പി,മേശവിരിപ്പിന്നടി ഭാഗം, ബെഡ്ഡിന്ന് കീഴേ, തടിച്ച പുസ്തകത്തിന്റെ പേപ്പറുകൾക്കിടെയിൽ,പഴയ ഒന്ന് രണ്ട് കീറ പേഴ്സുകൾ, സ്യൂട്ട്കേസ് ഇത്യാദി സാധന സാമഗ്രികൾക്കിടയിൽ ഒന്നുകൂടി തെരഞ്ഞുകളയാം എന്ന് തോന്നിയതുമില്ല. ഈ സന്ദർഭത്തിൽ പിന്നെയെന്താണ് മാർഗം? ഒറ്റ മാർഗമേയുള്ളു. ശ്രീമതിയോട് ചോദിക്കുക തന്നെ! എന്റെ കൈയ്യീന്ന് പലപ്പോഴായ് അടിച്ച് മാറ്റി സ്വന്തമെന്ന് അവകാശപ്പെട്ട് ഇതിന് മുൻപും ശ്രീമതി എനിക്ക് പലതവണ പണം കടം തന്നിട്ടുള്ളതാണ്. പലിശകണക്ക് പറഞ്ഞ് വാങ്ങിക്കുമെന്നുമാത്രം!
സ്വന്തം വീടല്ലേ, സ്വന്തം ഭാര്യയല്ലേ എന്നൊക്കെ വിചാരിച്ച് കൃത്യമായ് എണ്ണിയൊന്നും വെയ്ക്കാത്തതിനാൽ ഇടയ്ക്കിടയ്ക്ക് പേഴ്സിൽ നിന്നോ, അല്ലെങ്കിൽ മേൽ സൂചിപ്പിച്ച രഹസ്യ സങ്കേതങ്ങളിൽ നിന്നോ ചൂണ്ടുന്ന പണം പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു തവണ കൈവിട്ട് പോയ പണവും പറഞ്ഞുപോയ വാക്കും ഒരുപോലെ തന്നെയാണന്ന് അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പൈസ ഒളിപ്പിച്ച് വെയ്ക്കാനുള്ള ഇടങ്ങൾ കൂടെക്കൂടെ ഞാൻ മാറുകയും എന്നാൽ അതിനേക്കാൾ വേഗത്തിൽ അവിടങ്ങളിൽ നിന്നും കൊള്ളയടിക്കപ്പെടാറുള്ളതുമാണ്. പക്ഷേ ഇപ്പോൾ അതൊന്നും ഓർത്തിട്ട് കാര്യമില്ല. 500 രൂപ ആവശ്യമുണ്ട്! ചോദിക്കുക തന്നെ.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
കേട്ടഭാവമില്ല.
“ഒരഞ്ഞൂറ് രൂപ തരാനുണ്ടോ?”
ചാനലിന്റെ ശബ്ദം അല്പം കുറഞ്ഞു. ഭാഗ്യം നടക്കുമെന്ന് തോന്നുന്നു!
“എന്താ പറഞ്ഞത്?” സാധാരണഗതിൽ ഒരുകാര്യം ഒന്നിലധികം തവണ പറയേണ്ടിവന്നാൽ ദേഷ്യം വരുന്നതാണെനിക്ക്. ദേഷ്യമേ തൽക്കാലമൊന്നടങ്ങ്! കാര്യം നമ്മളുടേതാണല്ലോ.
പല്ല് കൂട്ടിക്കടിച്ച് തൽക്കാലത്തേയ്ക്ക് ദേഷ്യത്തെ മാറ്റി നിർത്തി.
“ഒരു അഞ്ഞൂറ് രൂപ തരാനുണ്ടോന്ന്?” സംഭാഷണത്തിൽ വിനയം,എളിമ, ഇത്യാദി സൽഗുണങ്ങളെല്ലാം മേമ്പൊടിയ്ക്ക് ചേർത്തു.
“ങും.”
ഓ..വീണെന്ന് തോന്നുന്നു.
“ഉണ്ടോ?” ഡബിൾ വിനയം!!
“നോക്കട്ടെ!” ശ്രീമതി അകത്തേയ്ക്ക് പോയി.
ഇതെല്ലാം എവിടെയാണാവോ ഒളിപ്പിച്ച് വെയ്ക്കുന്നത്! തല അറിയാതെ ശ്രീമതിയുടെ പുറകേ നീണ്ടു.
“നില്ല്. നില്ല്.” ഞാൻ നിന്നു. അനുസരിക്കണമല്ലോ... കാര്യം എന്റേതാണല്ലോ! കൈ താടിക്ക് കൊടുത്ത് നിന്നു.
“അപ്പുറത്തെ മുറിയിൽ പോയിരി.”
ആജ്ഞയാണ്. അനുസരിക്കാതെ മാർഗമില്ലല്ലോ. ഞാൻ അടുത്ത മുറിയിലേയ്ക്ക് പോയി.
സെക്കന്റുകൾക്കുള്ളിൽ ആൾ തിരിച്ചെത്തി.”എത്രയാ വേണ്ടത്? അഞ്ഞൂറല്ലേ?”
“ഉവ്വേ.”
“എപ്പോ തിരിച്ച് തരും?”
“ശമ്പളം കിട്ടിയിട്ട്.”
“അപ്പോൾ പലിശയോ?”
“അതും തരാം.” എന്തു ചെയ്യാം! ഗതികെട്ടാൽ പുലി പലതും തിന്നും.
പൈസ വാങ്ങി പോക്കറ്റിൽ വെച്ചിട്ട് ചുമ്മാതൊന്ന് പറഞ്ഞ് നോക്കി.
“പലിശയൊക്കെ തരാം. പക്ഷേ എന്റെയൊരു ഗതികേട് നോക്കണേ...സ്വന്തം പൈസായ്ക്ക് പലിശകൊടുക്കേണ്ടി വരുകയെന്ന് വെച്ചാൽ...”
പറഞ്ഞ് തീർന്നതും ശ്രീമതി ചിരിയോട് ചിരി. ചിരിച്ച് ചിരിച്ച് ചുമ തുടങ്ങി. ചുമച്ച് ചുമച്ച് വലിവ് തുടങ്ങി.
എന്റമ്മോ...ഈ അഞ്ഞൂറ് രൂപ ഇനി മരുന്ന് വാങ്ങിക്കാൻ പോകുമോ!
“എന്താ? എന്താ പ്രശ്നം?”എന്തോ കള്ളക്കളി മണക്കുന്നു. ചുമയൊന്ന് നിർത്തിയിട്ട് വേണ്ടേ ഒന്ന് ചോദിക്കാൻ. ഞാൻ ശ്രീമതിയുടെ മുതുക് തിരുമ്മാൻ തുടങ്ങി.
“അപ്പോ കണ്ടായിരുന്നു അല്ലേ?” ചുമയ്ക്കിടയിൽ വീണുകിട്ടിയ അല്പസമയത്തിൽ ശ്രീമതി ചോദിച്ചു.
“എന്ത്?”
“അല്ല. പൈസ ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്നെടുക്കുന്നത്...
അമ്പടി കള്ളീ... തിരുമ്മൽ നിർത്തി ഇടി തുടങ്ങണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം!! ചുമയല്ലേ ചുമ!! കൂടെ വലിവും!!!
അതിക്രമത്തിന് മുതിരാതിരിക്കുന്നതാ നല്ലത്. മരുന്നിനെങ്കിലും പൈസ പോകാതിരിക്കുമല്ലോ!
(കബളിപ്പോടെ ഒരു വർഷം അവസാനിക്കുന്നു. കബളിപ്പിക്കപ്പെടാത്ത ഒരു വർഷം മുന്നിൽ കണ്ടുകൊണ്ട് നിർത്തട്ടെ!
എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ!!!)
13 comments:
കബളിപ്പോടെ ഒരു വർഷമവസാനിക്കുന്നു. കബളിക്കപ്പെടാത്ത ഒരു വർഷത്തിന്നായ് കാത്തിരിക്കുന്നു.
എല്ലാവർക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ!!!
ക്ഷമിച്ച് കളയ് മാഷേ...ആശയെ ഇനി കാണുമ്പോൾ ഒരു 100 രൂപാ ചോദിക്കാമല്ലോ..
അങ്ങനെ ഈ വര്‍ഷവും കബളിപ്പല്‍ തുടരട്ടെ എന്ന് ആശംസിക്കുന്നു.
ഹ..ഹ.. ഹ.. എനിക്കിഷ്ടായി.. ആഷചേച്ചിക്ക് ഒരു കൊടുകൈ. ആ ക്യാമറ അങ്ങോട്ട് അടിച്ച് മാറ്റ് മാഷെ. അതോടെ പടം പിടുത്തം നില്‍ക്കും. എന്നിട്ട് അതും പറഞ്ഞ് ഇടക്കിടക്ക് പണം പിടുങ്ങാന്‍ നോക്ക്. അയ്യോ ദേ പിന്നില്‍ ക്യാമറയുമായി ഒരാള്‍. ഞാന്‍ വണ്ടി വിട്ടു. :)
ആഷചേച്ചീ..
ഇനിയെങ്കിലും ഈ മഹാപാവം ഞങ്ങാടെ സതീശേട്ടനെ വെറുതേ വിടണം ട്ടോ..!
കബളിപ്പിക്കരുതേ..:)
ഓടോ:- നാട്ടിലുണ്ടോ??
Hahahaaaaa
Navavalsaraashamsakal!!
ഹ ഹ അതെനിക്കങ്ങിഷ്ടപ്പെട്ടു, കൈവച്ച് കൈ വാങ്ങാഞ്ഞത് കാര്യായി.;-))
അപ്പൊ ഇതൊരു ഭൂലോക പ്രതിഭാസം തന്നെ അല്ലെ ഹ ഹ ഹ :)
പുതുവല്‍സരാശംസകള്‍
ചങ്കരനൊത്ത ചക്കി!!
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
മണ്ടന്‍, ഇനിയെങ്കിലും പൈസ പഴ്സില്‍ വക്കരുത്. അപ്പോള്‍ ഭാര്യ എന്തു ചെയ്യും എന്നറിയാമല്ലോ.ഞാന്‍ പൈസ കിട്ടിയാലുടന്‍ തന്നെ അതു ഭാര്യയെ ഏല്‍പ്പിക്കും. പിന്നെ അവള്‍ എങ്ങിനെ അടിച്ചു മാറ്റും????
ഹഹഹ...കൊള്ളാം ..എല്ലാവീടുകളിലും ഇത്തരം മോഷണം നടക്കാറുണ്ട് എന്ന് തോന്നുന്നു.
പക്ഷെ പലിശ കിട്ടരില്ല്യ..ആ ഫുദ്ധി ഇപ്പോളാ കത്തിയത്..ഇനി ഏറ്റു..
--
മോഷണം കുട്ടികൾ കാണാതെ നോക്കണം...
ജ യേ ഷ്, കൃഷ്,Manoraj,ഹരീഷ്,ഞാന്‍:ഗന്ധര്‍വന്‍,മോഹനം, ഇന്‍ഡ്യാഹെറിറ്റേജ്,jayan,lachu,Srikumar,പാവത്താൻ
എല്ലാവർക്കും നന്ദി.
Post a Comment