ഞാനും കുഞ്ഞും
Saturday, December 11, 2010
‘ഇങ്ങനെയുമുണ്ടോ മനുഷ്യർ!’ ഞാൻ വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. അതിനിങ്ങനയുണ്ടോ. കുട്ടി മൂത്രമൊഴിച്ചാൽ അതെങ്ങെടുത്ത് മാറ്റുന്നതിന് ഞാൻ തന്നെ വരണോ. അവരുടെ മോളുടെ കുട്ടിയല്ലേ. മൂത്രമൊന്ന് തുടച്ചുമാറ്റിയാൽ അവർക്കെന്താ സംഭവിക്ക! ഒരു വേലക്കാരി വീട്ടിലുണ്ടന്നു കരുതി ഒരു പണിയും വീട്ടിൽ ചെയ്യരുതെന്നാണോ? ഇവരുടെയൊക്കെ മനസ്സിലിരിപ്പെന്താണോ ആവോ...
വേലക്കാരിക്കും ഒരു വീടുണ്ട്...അവിടെയും ഇതുപോലൊക്കെ പണിയുണ്ട്...എന്നൊന്നും ഇവരൊന്നും ചിന്തിക്കില്ലേ! വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. എന്നുംപറഞ്ഞ് ഇങ്ങനെയുമുണ്ടോ! ചെവിതല തരികേലന്ന് പറഞ്ഞാൽ...
അവരുടെ ചെവിക്ക് പിടിച്ച് വാച്ചിന് കീ കൊടുക്കുന്നതുപോലെ കറക്കാൻ തോന്നുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ.... ഞാൻ വേലക്കാരി ആയിപ്പോയില്ലേ! ഇവരുടെയൊക്കെ ആട്ടും തുപ്പുമൊക്കെ കൊണ്ട് കഴിയേണ്ടവളല്ലേ. ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊക്കെ കഴിയാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. പക്ഷേ വേറെ നിവർത്തിയില്ല. ഞാൻ പഠിപ്പില്ലാത്തവളായിപ്പോയില്ലേ! എന്റെ പേരുപോലും എഴുതാൻ എനിക്കറിയില്ല. അതെന്റെ കുറ്റമാണോ? എന്നെ പഠിപ്പിക്കാൻ എനിക്കാരുമില്ലായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഇടയ്ക്കെപ്പോഴോ കൂട്ടിനായ് വന്നവൻ ഒരു കുഞ്ഞിനേം തന്നിട്ട് പാട്ടിന്ന് പോയി.
പലപല വീടുകൾ മാറി മാറി ജോലിചെയ്തു. കുട്ടിക്കാലത്ത് ജോലി ചെയ്താൽ കൂലി ആയിട്ടും ഒന്നും കിട്ടില്ലായിരുന്നു. അന്നതിന്റെ ആവശ്യവുമില്ലായിരുന്നു. എന്തെങ്കിലും കഴിക്കണം. വിശപ്പടക്കണം. അതായിരുന്നു പ്രധാനം! വിശപ്പടക്കാൻ വേണ്ടി രാവിലെ മുതൽ രാത്രി വരെ തുണിയും പാത്രവും കഴുകി, തറ തുടച്ചും കഴിച്ചുകൂട്ടി. എന്റെ പ്രായത്തിലുള്ള കുട്ടികൾ പറമ്പ് മുഴുവനും ഓടിക്കളിക്കുമ്പോൾ ഞാൻ പാത്രവും കഴുകി നോക്കിയിരുന്നിട്ടുണ്ട്. ഒരല്പനേരം കളിക്കാൻ...ഒരു തവണ ഒന്ന് കൂകി വിളിക്കാൻ...എനിക്കുമുണ്ടായിരുന്നു ആഗ്രഹം. ഒന്നും നടന്നില്ല. അതെന്റെ കുറ്റമാണോ? എനിക്കറിയില്ല.
“കുട്ടികളെക്കൊണ്ട് വേല ചെയ്യിക്കുന്നത് ശരിയല്ല” എന്ന് ഇവിടുത്തെ സാറ് ചേച്ചിയോട് പറയുന്നത് കേട്ടിട്ടുണ്ട്. സാറ് വലിയൊരു കമ്പനിയിലെ ആഫീസറാണ്. അവിടെ കുട്ടികളെയൊന്നും ജോലിയ്കെടുക്കില്ല. അത് നിയമപരമായി ശരിയല്ലപോലും!
ഞാനൊക്കെ കുട്ടിയായിരുന്ന സമയത്ത് ഈ നിയമമൊന്നുമില്ലായിരുന്നിരിക്കാം. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിലെന്ത് ചെയ്യുമായിരുന്നു. വിശന്ന് വിശന്ന് വയറ് കാഞ്ഞ് ചിലപ്പോ ചത്തു പോയേനേ... അതായിരുന്ന് നന്നെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. എന്തിനാണിങ്ങനെ ആട്ടും തുപ്പുമൊക്കെ കൊണ്ട്...എനിക്ക് പഠിപ്പില്ലല്ലോ!
പഠിപ്പുള്ളവരാണങ്കിൽ ഇതൊന്നും താങ്ങാൻ പറ്റിയില്ലന്നുവരും. എന്റെ കണ്ടുപിടിത്തമല്ല. ഇവിടുത്തെ ചേച്ചി സാറിനോട് ഒരിക്കൽ പറയുന്നത് കേട്ടതാണ്. ‘പഠിപ്പും വിവരവുമൊന്നുമില്ലാത്തതല്ലേ എന്തു പറഞ്ഞാലും കേട്ടോളുമെന്ന്’. ഒറ്റ ഇടികൊടുക്കാൻ തോന്നി അന്ന്! പക്ഷേ ഞാൻ വേലക്കാരി അല്ലേ! എനിക്ക് പഠിപ്പില്ലാത്തതല്ലേ! എനിക്ക് വായിക്കാനറിയാത്തതല്ലേ! എന്റെ പേരുപോലും എഴുതാനറിയാത്തതല്ലേ! വീട്ടുവേലയല്ലാതെ വേറെയൊരു പണിയും അറിയാത്തവളല്ലേ!
ഈ പണിയും കളഞ്ഞിട്ട് വേറേ എവിടെയെങ്കിലും പോകാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെയൊന്ന് ആലോചിച്ചപ്പോൾ തോന്നി അതൊന്നും ശരിയാവത്തില്ലായെന്ന്! സത്യം പറഞ്ഞാൽ എല്ലാരും വേലക്കാരോട് ഇങ്ങനൊക്കെ തന്നെയാണ് പെരുമാറുന്നത്. അതാണ് എന്റെ അനുഭവം! ഇവിടെ ആകുമ്പോൾ കുറച്ച് പൈസായും കിട്ടും. അത്യാവശ്യത്തിന് ആഹാരവും കിട്ടും.
വഴക്കൊക്കെ പറയുമെങ്കിലും ഇവിടുത്തെ ചേച്ചി എനിക്ക് വിശേഷദിവസങ്ങളിൽ തുണിയും പൈസയുമൊക്കെ തരും. കഴിഞ്ഞ വിഷുവിന് എനിക്ക് മാത്രമല്ല എന്റെ മോൾക്കും തുണിയൊക്കെ വാങ്ങി തന്നു. കുഞ്ഞുമോക്ക് എന്തു സന്തോഷമായിരുന്നെന്നോ പുത്തൻ പാവാടേം ബ്ലൗസുമൊക്കെ ഇട്ട് നടക്കാൻ! അതിട്ട് അവളെ കാണാൻ നല്ല ഭംഗിയുമായിരുന്നു.
കഷ്ടപ്പെട്ടാണെങ്കിലും ഞാനവളെ പഠിപ്പിക്കാൻ വിടുന്നുണ്ട്. ഈ ഫീസുകൊടുക്കുന്നതാണ് പാട്! എന്റെ കൂലിയുടെ ഏറെക്കുറെ മുക്കാൽ ഭാഗവും കുഞ്ഞുമോളുടെ പഠിപ്പിനാണ് പോകുന്നത്. എങ്കിലും എനിക്കത് സന്തോഷമാണ്. കുഞ്ഞുമോള് പുസ്തകം വായിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. റേഡിയോവിൽ വാർത്ത കേൾക്കണതുപോലെ! നല്ലതുപോലെ പഠിക്കുന്നുണ്ടന്നാണ് അവള് പറയുന്നത്. എനിക്കവളെ പഠിപ്പിച്ച് വലിയവളാക്കണം. ഇവിടുത്തെ ചേച്ചിയുടെ മോളെപ്പോലെ. അതങ്ങ് അമേരിക്കയിലാണ്. വലിയ പഠിപ്പൊക്കെ കഴിഞ്ഞ്...വലിയ ജോലിയിലാണ്...പക്ഷേ എനിക്കതിനോട് സങ്കടം തോന്നാറുണ്ട്. ഒന്നോർത്താൽ അതിന്റെ കാര്യം കഷ്ടമാണ്! സ്വന്തം കുഞ്ഞിനെ കൂടെ നിർത്താൻ പറ്റില്ലെന്നുവെച്ചാൽ അതു കഷ്ടമല്ലേ? സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിർത്തി ഒന്ന് ഉമ്മവെയ്ക്കാൻ പറ്റില്ലന്ന് വെച്ചാൽ അതു കഷ്ടമല്ലേ? എനിക്കാണങ്കിൽ ഓർക്കാൻ പോലും പറ്റില്ല. എന്റെ കുഞ്ഞുമോളെ കാണാതെ കഴിയേണ്ടി വന്നാൽ... ഓർത്തിട്ട് തന്നെ നെഞ്ചിനകത്തുകൂടി ഒരു മിന്നല് പോകണപോലെ...
വലിയ വലിയ ജോലിയൊക്കെ ചെയ്താൽ കുട്ടികളെ നോക്കാൻ പോലും സമയം കിട്ടില്ലത്രേ! അതുകൊണ്ടാണ് ആ കുഞ്ഞിനെകൊണ്ടുവന്ന് ഇവിടെ വിട്ടിരിക്കുന്നത്. എത്രയൊക്കെ വന്നാലും സ്വന്തം അമ്മയുടെ അടുത്ത് നിൽക്കുന്ന സുഖം ആ കുഞ്ഞിന് കിട്ടുമോ? മുലപ്പാല് പോലും കുടിക്കാതെ...ഓർത്തിട്ട് തന്നെ തലചെകിടിക്കുന്നു. ആ കുഞ്ഞും ഞാനും ഒരു പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒറ്റ വ്യത്യാസം മാത്രം! എനിക്കാരുമില്ലായിരുന്നു. വളർത്താനും ഉമ്മതരാനും ഒന്നിനും. ഈ കുഞ്ഞിന് എല്ലാമുണ്ട്...എല്ലാരുമുണ്ട്. പണമുണ്ട്...പഠിപ്പുള്ള അമ്മയും അച്ഛനും ഉണ്ട്...പഠിപ്പും പത്രാസുമുള്ള അച്ചച്ചനും അച്ചമ്മയും ഉണ്ട്!
എന്റെ കുഞ്ഞുമോൾ എന്തു ഭാഗ്യവതിയാണ്. ഞാനെന്നും ജോലികഴിഞ്ഞ് ചെല്ലുമ്പോൾ അവൾക്ക് ജിലേബി വാങ്ങികൊടുക്കും. മുടി ചീകി നെറുകം തലേ വെച്ച് റിബ്ബൺ കെട്ടിക്കൊടുക്കും. കെട്ടിപ്പിടിച്ച് അവളുടെ പതുപതുത്ത വെളുത്ത കവിളിൽ ഉമ്മ കൊടുക്കും. അപ്പോൾ അവളുടെ മുഖമൊന്ന് കാണണം. വിരിഞ്ഞ് വരുന്ന ഒരു താമരമൊട്ടുപോലെ...
“എടീ ജയേ...നീയെന്തെടുക്കുവാ അവിടെ. വേഗം വന്ന് ഇവിടെയൊക്കെ വൃത്തിയാക്കിയിട്ട് ആ പാത്രമൊക്കെ ഒന്നു കഴുകി കഴിഞ്ഞ് കുഞ്ഞിനെയൊന്ന് കുളിപ്പിച്ചേ...”
ചേച്ചിയുടെ ദേഷ്യം അല്പം കുറഞ്ഞെന്ന് തോന്നുന്നു. നേരത്തേ ഉണ്ടായിരുന്നത്രം ദേഷ്യം ഇപ്പോൾ പറച്ചിലിൽ തോന്നുന്നില്ല. ഏതായാലും കൂടുതൽ വഴക്ക് കേൾക്കുന്നതിന് മുന്നേ പണിയൊക്കെ തീർത്തേക്കാം.
പാത്രം കഴുകാൻ വർക്ക് ഏരിയായിൽ കുത്തിയിരുന്നപ്പോൾ പുറകിലൊരു കാല്‍പ്പെരുമാറ്റം. ചേച്ചിയാണ്. ഞാനവരെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
എങ്കിലും അവര് പറഞ്ഞത് ഞാൻ കേട്ടു. “എന്തിനാടി ഒറ്റയ്ക്ക് ഇതിന്നുമാത്രം കഷ്ടപ്പെടുന്നേ... ആ കൊച്ചിനെ കൂടി ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ നിനക്ക്. ഇക്കാലത്ത് പെങ്കൊച്ചുങ്ങളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.” കാല്‍പ്പെരുമാറ്റം അകന്നകന്ന് പോകുന്നത് ഞാനറിഞ്ഞു.
7 comments:
വേദനിക്കുന്നവരുടെ കഥ..നന്നായിട്ടുണ്ട്.
കഥയിലെ പ്രമേയം വളരെ നല്ലത്. പണ്ട് ദൂരദര്‍ശനില്‍ കേട്ടിരുന്ന ഒരു പാട്ട് ഓര്‍മ്മ വരുന്നു. ഓടിയാടേണ്ട പെണ്‍കിടാവ് ഇവള്‍ എന്തോര്‍ത്ത് തലകുനിപ്പൂ..
ഇതേപോലെ തന്നെ കുട്ടിയുടെ നൊമ്പരത്തിന്റെ കഥ ഈയടുത്ത് ഞാനുമൊരെണ്ണം പറഞ്ഞു. എന്റെ ബ്ലോഗില്‍.. ‘ഒരു എക്സ്‌റേ മെഷിന്റെ ആത്മഗത‘മെന്ന പേരില്‍.
കൊള്ളാം ..വളരെ നല്ല കഥ ...
വരാന്‍ കുറച്ചു വൈകി. അതുകൊണ്ട് രണ്ടു കഥകളും ഒന്നിച്ചു വായിച്ചു. ആശംസകള്‍!!
നല്ലൊരു അവതരണം... നന്നായിട്ടുണ്ട്, ആശംസകള്‍
എല്ലാവർക്കും നന്ദി.
അവര് പറഞ്ഞത് ഞാൻ കേട്ടു. “എന്തിനാടി ഒറ്റയ്ക്ക് ഇതിന്നുമാത്രം കഷ്ടപ്പെടുന്നേ... ആ കൊച്ചിനെ കൂടി ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ നിനക്ക്. ഇക്കാലത്ത് പെങ്കൊച്ചുങ്ങളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.”
Pennu thanneya penninte shathru ennu amma parayunnath ethra sheriya
Post a Comment