Followers

സ്വർഗ്ഗത്തിലേയ്ക്ക് ടിക്കറ്റ്

Wednesday, November 1, 2017
പൊന്നപ്പൻ ശാന്തിയെ എല്ലാവർക്കും പേടിയായിരുന്നു. എന്തിനാ പേടി എന്നല്ലേ. പൊന്നപ്പൻ ശാന്തിക്ക് മൂന്നാം കണ്ണുണ്ടത്രേ!
ഈ അതിശയിപ്പിക്കുന്ന വാർത്ത അപ്പുക്കുട്ടന് കിട്ടിയത് മാഞ്ചുവട്ടിലെ പെണ്ണുങ്ങളുടെ വായിൽ നിന്നാണ്.
പതിവ് പോലെ മാഞ്ചുവട്ടിൽ അന്നും പെണ്ണുങ്ങളൊത്തുകൂടി. തൊണ്ടുതല്ലൽ,ചകിരി പിരിത്തം,ഓലമെടയൽ തുടങ്ങി അല്ലറ ചില്ലറ പരിപാടികൾ നടത്തുന്നതിനിടെയാണ് മീനാക്ഷി അമ്മായി പ്രധാന ഐറ്റമായ നാട്ടുവർത്തമാനം അഥവാ പരദൂഷണം പുറത്തിറക്കിയത്.
അപ്പുക്കുട്ടൻ പതിവ് തെറ്റിക്കാതെ തന്നെ ജന്നലിനോട് ചേർത്ത് കാത് വെച്ച് നിന്നു. ചുമ്മാതെ...ഒരു രസം...
തൃക്കണ്ണ് കഥ അപ്പോഴാണ് വരുന്നത്.
ചില്ലറക്കാരനല്ല പൊന്നപ്പൻ ശാന്തി. അമ്മായി പറഞ്ഞു തുടങ്ങി.
അപ്പുക്കുട്ടനും അതു ശരിയാണന്ന് തോന്നി. കഴിഞ്ഞ ശനിയാഴ്ച സൂര്യനമസ്ക്കാരത്തിന് ദക്ഷിണയായ് ചില്ലറ കൊടുത്തപ്പോൾ ശാന്തിയുടെ മുഖം വാടിയത് അപ്പുക്കുട്ടൻ കണ്ടതാണ്!
കാര്യം മനസ്സിലാക്കിയ അമ്മ പത്തിന്റെ നോട്ട് കൈയിൽ കൊടുത്തപ്പോൾ, ‘അല്ല ചേച്ചി, ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു‘ എന്നും പറഞ്ഞ് കൈ മുണ്ടേൽ തൂത്ത്, മുന്നോട്ടൊന്നു കുനിഞ്ഞ് വിനീത കുശ്‌മളനായ ആ കോമളവദനനേയും അപ്പുക്കുട്ടൻ കണ്ടതാണ്!

കാലം കഴിഞ്ഞിട്ടും കാലന്റെ കൂടെ പോകാതെ ജീവനും പിടിച്ചിരുന്ന കണ്ടത്തിൽ വല്യപ്പന്റെ ധീരതയെയും, സഹനശക്തിയേയും സ്വന്തം വീട്ടുകാരൊഴികെ നാട്ടുകാരെല്ലാം പ്രശംസിച്ചുകൊണ്ടിരുന്ന കാലത്താണ് തൃക്കണ്ണുമായ് സാക്ഷാൽ പൊന്നപ്പൻ ശാന്തി അവതരിച്ചത്.
പുറത്തേയ്ക്ക് പോകുന്ന ഓരോ ശ്വാസത്തേയും, വർദ്ധിതമായ ഔൽസക്യത്തോടെ തിരിച്ച് പിടിച്ച് കാലനെ കൊഞ്ഞനം കാണിച്ചുപോന്ന കണ്ടത്തിൽ വല്യപ്പന്റെ മുന്നിൽ പൊന്നപ്പൻ ശാന്തി തന്റെ വിശ്വരൂപം കാട്ടിയെന്നാണ് നാട്ടിൽ സംസാരം. എന്തായാലും വല്യപ്പൻ വടിയായി.
യഥാസമയം മന്ത്രം ചൊല്ലാൻ ശാന്തി വന്നതുകൊണ്ട് വല്യപ്പന് മോക്ഷം കിട്ടി എന്ന് മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.
മാഞ്ചുവട് കമ്മറ്റിയുടെ അപ്രഖ്യാപിത ശത്രുക്കളായ, അച്‌ഛനടങ്ങുന്ന പുരുഷകേസരികൾ പറഞ്ഞത് വല്യപ്പന്റെ മരണം കൊലപാതകമാണന്നാണ്!
തൃക്കണ്ണിന്റെ ശക്തി മനസ്സിലാക്കാത്ത അഹങ്കാരികളാണ് പൊന്നപ്പൻ ശാന്തിയെ എതിർക്കുന്നതെന്ന് മാഞ്ചുവട് കമ്മറ്റി പ്രമേയം പാസാക്കിയെങ്കിലും, ആജീവനാന്ത കമ്മിറ്റി അംഗമായ അമ്മ അതിൽ നിന്നും വാക്ക് ഔട്ട് നടത്തി. ആയതിനുള്ള പ്രധാനകാരണം അച്‌ഛനെ അധിക്ഷേപിച്ചു എന്നതാണന്ന് അനുമാനിക്കാം.
ബന്ധുബലത്തിൽ കൗരവപ്പടയെ അനുസ്മരിപ്പിക്കുന്ന കണ്ടത്തിൽ വല്യപ്പന്റെ കുടുംബത്തിൽ മരണാനന്തര ചടങ്ങ് നടത്താനായത് തന്റെ പുണ്യമാണന്ന് പൊന്നപ്പൻ ശാന്തി പറഞ്ഞെങ്കിലും, ആളൊന്നുക്ക് ദക്ഷിണയായി വീണ പണത്തിന്റെ മിന്നിപ്പായിരുന്നു അതെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു.
കണ്ടത്തിൽ വല്യപ്പന്റെ മരണാനന്തര ചടങ്ങിലെ താരമായിരുന്നു പൊന്നപ്പൻ ശാന്തി!

സിൽക്ക് മുണ്ടും,സിൽക്ക് മേലാപ്പുമിട്ട് രുദ്രാക്ഷമെന്ന പേരിട്ട ഒതളങ്ങ വലിപ്പത്തിലെ സ്വർണ്ണം കെട്ടിയ മാലയുമിട്ട്, ചുവപ്പ് കുറിയുമണിഞ്ഞ് നിന്ന പൊന്നപ്പൻ ശാന്തിയെ കണ്ടാൽ സാക്ഷാൽ കാലൻ പോലും നാണിച്ച് ആ വഴിക്ക് അടുക്കില്ലെന്ന് അച്‌ഛനും സംഘവും പറഞ്ഞു.
ദേവചൈതന്യമാണ് ശാന്തിയിലുണ്ടായിരുന്നതെന്നും, മണിക്കൂർ കണക്കിന് ശാന്തിയുടെ മന്ത്രമേറ്റ് കിടക്കാൻ വല്യപ്പന്റെ ദേഹത്തിന്നായത് അങ്ങേരുടെ മുജ്ജന്മ സുകൃതമാണന്നും, മാഞ്ചുവട് കമ്മിറ്റിയിൽ ചർച്ച ചെയ്യപ്പെട്ടു.
വല്യപ്പന്റെ ആത്മാവ് സ്വർഗ്ഗ വാതിൽ കടന്നുപറ്റാൻ ശാന്തികളുടെ മന്ത്രമല്ലാതെ  എന്തുവേണവുമെന്നും ഉശിരോടെ മീനാക്ഷി അമ്മായി  മാഞ്ചുവട് കമ്മറ്റിയിൽ ചോദിച്ചു.

റോസ, ചെത്തി, ചെമ്പരുത്തി, മുല്ല, പിച്ചി തുടങ്ങി നാട്ടിൽ കിട്ടുന്നതും കിട്ടാത്തതുമായ പൂക്കളുടെ ഒരു മെത്തയിൽ വല്യപ്പന്റെ ദേഹം കിടന്നതും, ചന്ദനമുട്ടിയിൽ ദഹിപ്പിച്ചതും തുടങ്ങി ഇരുപത്തിനാലു കൂട്ടം തൊടുകറിയുമായ് പതിനാറടിയന്തിരം നടത്തിയതുമെല്ലാം മീനാക്ഷി അമ്മായി വിവരിച്ചപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ തൃക്കണ്ണ് തുറക്കുന്ന പൊന്നപ്പൻ ശാന്തിയായിരുന്നു.
ഒരു നോട്ടം കൊണ്ട് കാലം നിർണ്ണയിക്കുന്ന കാലന്റെ നോട്ടം!
പ്രായമായവരൊന്നും പൊന്നപ്പന്റെ മുന്നിൽ ചെല്ലരുതെന്ന അച്‌ഛന്റെ പരിഹാസരൂപേണയുള്ള വാക്കുകൾ അപ്പുക്കുട്ടന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

                                            -2-

ആകാശത്തിനു കീഴെയുള്ളതും ഭൂമിക്ക് മുകളിലുള്ളതുമായ സകലമാന കിണ്ടാമണ്ടികളും മാഞ്ചുവട്ടിൽ ചർച്ചയ്ക്ക് വന്നിട്ടുണ്ടങ്കിലും,കണ്മഷിയുടെ നിറമുള്ള ഒരാളെക്കുറിച്ച് ആദ്യമായിട്ടാണ് അന്ന് മാഞ്ചുവട്ടിൽ ചർച്ച നടന്നത്.
കണ്മഷി നിറമുള്ളയാൾ ഏതോ അസുഖം ബാധിച്ച് കിടപ്പാണത്രേ!
കണ്മഷി നിറമുള്ളയാൾ...
അയാളെക്കുറിച്ച് അപ്പുക്കൂട്ടന് കൂടുതലൊന്നും അറിയില്ലായിരുന്നു. അറിയുന്ന ഒന്നേ ഉണ്ടായിരുന്നുള്ളു. അയാളൊരു അലക്കുകാരനായിരുന്നു. കറുത്ത് മെലിഞ്ഞ് പൊക്കമുള്ള,നല്ലഭംഗിയുള്ള അലക്കുകാരൻ!
വലിയ വിഴുപ്പുകെട്ട് തലയിലേന്തി,  വിരലുകളില്ലാത്ത വലതു കൈപ്പടംകൊണ്ട് കെട്ടും താങ്ങി അയാൾ മടയാം തോട്ടിലേയ്ക്ക് നടന്നുപോകുന്നത് അപ്പുക്കുട്ടന്റെ വീടിന് മുന്നിലൂടെയായിരുന്നു.അതൊരു പതിവ് കാഴ്ച തന്നെയായിരുന്നു. സൂര്യനുദിക്കുന്നതിന് മുന്നേ ഒരു വെള്ളക്കെട്ടും അതിന്ന് താഴെയുള്ള മെലിഞ്ഞ കറുത്ത ശരീരവും നടന്നു നീങ്ങുന്നത് കാണുമ്പോൾ വെള്ള ശീലയുള്ള ഒരു മുത്തുക്കുട നടന്നുനീങ്ങുന്ന അനുഭവമായിരുന്നു അപ്പുക്കുട്ടന്!
തോട്ടിറമ്പിൽ കഴുകി വിരിച്ചിരുന്ന വെള്ളത്തുണികൾ എന്നും അപ്പുക്കുട്ടനൊരദ്ഭുതമായിരുന്നു. മാഞ്ചുവട്ടിലെ ചർച്ചയിൽ നിന്നുമാണ് അത് ഏതോ ആശുപത്രിയിലെ തുണികളായിരുന്നുവെന്ന് അപ്പുക്കുട്ടന് മനസ്സിലായത്.
വൃത്തിഹീനമായ തുണികൾ വൃത്തിയാക്കി, നാട്ടുകാരെ വൃത്തിയായ് നടക്കാൻ സാഹായിച്ചയാൾ...

മീനാക്ഷി അമ്മായി പറഞ്ഞു, “പാവം, ഏതോ മാരകരോഗമാണന്നാണ് തോന്നുന്നത്...തീർച്ചയായിട്ടും ആ ആശൂത്രി തുണീന്ന് വന്നിട്ടുള്ളതാണ്.“
പിന്നങ്ങോട്ട് ഓരോ നാളും മാഞ്ചുവട്ടിൽ കണ്മഷി നിറമുള്ള ആ മനുഷ്യനെക്കുറിച്ച് സംസാരമുണ്ടായിരുന്നു. നിത്യേന ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന ആ മനുഷ്യനിൽ ഇനി വലിയ പ്രതീക്ഷയില്ലായെന്ന് മീനാക്ഷി അമ്മായി കമ്മിറ്റിയിൽ സംശയത്തിനിട നൽകാത്തവിധം അവതരിപ്പിച്ചു.
തുണി അലക്കാനാളില്ലാത്ത നാട്ടിൽ കൂറ തുണി ഉടുത്തു നടക്കുന്നവരുടെ എണ്ണം കൂടുമെന്ന ഒരാശങ്ക വിലാസിനി ചിറ്റ അവതരിപ്പിച്ചെങ്കിലും മറ്റ് പെൺകമ്മിറ്റി അംഗങ്ങൾ ആ  അഭിപ്രായത്തെ പിന്താങ്ങിയില്ല.
നമ്മ പെണ്ണുങ്ങടെ വെല കളയണമാതിരി വർത്താനം ഇനിമേലാലുണ്ടാവരുതെന്ന ഒരു താക്കീത് വിലാസിനി ചിറ്റയ്ക്ക് കിട്ടി!

പൊന്നപ്പൻ ശാന്തി കണ്മഷി നിറമുള്ള മനുഷ്യനെ തൃക്കണ്ണുകൊണ്ട് നോക്കിയിരുന്നോ? അറിയില്ല. മീനാക്ഷി അമ്മായിക്കും നിശ്ചയമില്ല്ലായിരുന്നു.
എന്തായാലും ആ മനുഷ്യൻ ഒരു ദിവസം ഭൂമിയിലെ ജീവിതമങ്ങ് മതിയാക്കി.

പിന്നിടുള്ളത് പൊന്നപ്പൻ ശാന്തിയുടെ ജോലിയാണ്!
പൊന്നപ്പൻ ശാന്തിയുടെ മാന്ത്രിക വിദ്യകാണാൻ അപ്പുക്കുട്ടനും പോയി.
മന്ത്രശക്തിയാൽ മനുഷ്യനെ സ്വർഗ്ഗത്തിലേക്കയക്കുന്ന പൊന്നപ്പൻ ശാന്തി.... ഒരുകീറപ്പായയിൽ പൊതിഞ്ഞൊരു അസ്ഥികൂടം മുറ്റത്തെ മണലിൽ കിടത്തിയിരുന്നു.
നിലവിളക്കില്ല!
പൂക്കളില്ല!
ചന്ദനമുട്ടിയില്ല!
ബന്ധുക്കളില്ല...റീത്തില്ല...പടം‌പിടുത്തക്കാരില്ല...
ഓലപ്പുരയുടെ മുന്നിലിരുന്ന് കരയുന്ന ഒരു പെൺകുട്ടി. ക്ഷീണിതയായതിനാലാവാം അവളുടെ കരച്ചിലിന്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല.

ആകാശം ഇരുണ്ടുകൂടി...
ആരോ പറഞ്ഞു. ശാന്തികളേ...നല്ല മഴയുടെ കോളുണ്ട്. പരിപാടി വേഗമാകട്ടെ! മഴ പെയ്താൽ ആകെ കൊളമാകും.
“മഴയ്ക്ക് മുന്നേ നമ്മുക്ക് തീർക്കാമെന്നേ...“ ശാന്തിയുടെ ഉറപ്പ്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.  ചന്ദനത്തിരി കത്തിച്ച് തഴപ്പായെ മൂന്നുവട്ടം ഉഴിഞ്ഞ്, ശാന്തികളരുളി. “വേഗമെടുത്തൊ, മഴപെയ്താൽ പിന്നെ കത്തിക്കാൻ പാടായിരിക്കും.“ മന്ത്രമില്ല...തന്ത്രമില്ല...എറിയാൻ പൂക്കളില്ല...

തണുപ്പുള്ള ശക്തിയേറിയ ഒരു കാറ്റ് ആഞ്ഞ് വീശി. കാർമേഘം വെളിച്ചത്തിന് വഴിമാറി.മഴ പെയ്തില്ല!
വിഴുപ്പലക്കിയ ഒരു ജീവൻ വെൺപുകയായി അന്തരീക്ഷത്തിലലിഞ്ഞു ചേർന്നു.

അന്ന് വൈകിട്ട് അപ്പുക്കുട്ടൻ അച്‌ഛനോട് ചോദിച്ചു,“പൊന്നപ്പൻ ശാന്തിയെന്താണച്‌ഛാ അവിടെ മന്ത്രോന്നും ചെയ്യാഞ്ഞേ...?“
അച്‌ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “സ്വർഗ്ഗത്തിലേയ്ക്കുള്ള ടിക്കറ്റിന് പണം വേണം. അത്ര തന്നെ!“
3 comments:

Cv Thankappan said...

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ശക്തമായി തലപൊക്കുകയാണെങ്ങും...
ആശംസകള്‍

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP