Followers

പള്‍സ്

Monday, July 7, 2008

ചിത്രകലയെന്നത് വളരെ നിസ്സാര സംഗതിയാണന്ന് പഠിപ്പിച്ചത് പപ്പൻ സാറാണ്. ഒരു കഷണം ഹൽ‌വ തിന്നുന്നത്പോലെ രുചികരവും സിമ്പിളും. ഒരു മാമ്പഴമോ, താമരയോ, ചെമ്പരത്തിയിലയോ അതേപടി കടലാസിലോട്ട് പകർത്തുന്നതിനപ്പുറമൊന്നുമില്ല ചിത്രകല! സോ സിമ്പിൾ!

കേവലം ഒരു വർഷം കൊണ്ട് ഏത് വിദ്യാർത്ഥിക്കും മാമ്പഴം,താമര,ചെമ്പരത്തി ഇല എന്നിവ കണ്ണടച്ച് കൊണ്ടും വരയ്ക്കാവുന്ന മാന്ത്രികവിദ്യ പപ്പൻ സാറിന് സ്വന്തമായിട്ടുള്ളതായിരുന്നു. മാമ്പഴം,താമര, ചെമ്പരത്തി ഇല എന്നിവ വരയ്ക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു നൂറൂ‍കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിച്ചവൻ എന്ന നിലയ്ക്ക് പപ്പൻ സാർ സ്കൂളിന്റെ ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു.

ബ്ലാക്ക്ബോർഡിൽ ചോക്ക് കൊണ്ട് മാമ്പഴം വരയ്ക്കുമ്പോൾ മാഷ് പറയും, മാമ്പഴത്തിന്റെ വളവ് തിരിവുകൾ അതേപോലെ പകർത്തണമെങ്കിൽ നല്ല കൈവഴക്കം വേണമെന്ന്. അതിന് കൈവഴക്കത്തിനുള്ള എക്സർസൈസുകൾ ചെയ്യണമെന്ന്. ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുന്നത് പോലെ.

വീട്ടിൽ കറിയ്ക്കരയ്ക്കുന്നതും,ഉഴുന്നാട്ടുന്നതും മാഷായതിനാലാണ് മാഷിന് നല്ല കൈ വഴക്കമെന്ന് പിച്ചാണ്ടി പിൻ‌ബഞ്ചിലിരുന്ന് പറഞ്ഞത് മുൻ‌ബഞ്ചുകളിൽ എത്തിച്ചേരുകയും അടുത്ത ക്ലാസ്സുകളിൽ പോലും കേൾക്കുന്ന രീതിയിലുള്ള കൂട്ടച്ചിരി ഉണ്ടായതും സ്കൂളിൽ മൊത്തം അത് പാട്ടായതും പിന്നീടുണ്ടായ സം‌ഭവങ്ങൾ!

പിച്ചാണ്ടിയെ മേശപ്പുറത്ത് കയറ്റി നിർത്തി പപ്പൻ സാർ സൈക്കിൾ ചവുട്ടിച്ചതും, പിന്നീട് അതേച്ചൊല്ലി സ്റ്റാഫ് റുമിലുണ്ടായ കശപിശയിൽ മാലതി ടീച്ചർ പപ്പൻ സാറിനെ ‘ഇഡ്ഢലി’ എന്ന് വിളിച്ചതും, പപ്പൻ സാർ മാലതി ടീച്ചറിന്റെ മുടിയിൽ ചിത്രകലാപരമായി പിടിച്ചതും സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്!

കുട്ടികളുടേയും സഹപ്രവർത്തകരുടേയും അവഹേളനത്തിൽ മനംനൊന്താണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നും, അതല്ല ചിത്രകലയിൽ മാങ്ങയോ,താമരയോ,ചെമ്പരത്തി ഇലയോ അല്ലാതെ മറ്റൊന്നുമില്ല എന്നുള്ളതിന്റെ വിരസത മാറ്റാനാണ് മാഷ് പൊതുജനസേവനത്തിനിറങ്ങിയതെന്നുമുള്ള രണ്ട് അഭിപ്രായങ്ങളുണ്ട്!

ചിത്രകലാദ്ധ്യാപനം ഹോബിയും പൊതുജനസേവനം ജോലിയുമായി മാറിയപ്പോൾ മാഷിനെ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമേ സ്കൂളിൽ കാണുവാനും തന്നിമിത്തം മാങ്ങ, താമര,ചെമ്പരത്തി ഇല തുടങ്ങിയ വിശേഷവസ്തുക്കളെ കടലാസിലോട്ടാക്കുന്ന പ്രതിഭാധനരായ ചിത്രകാരന്മാരുടെ എണ്ണം നാൾക്കുനാൾ സ്കൂളിൽ കുറഞ്ഞും വന്നു.

പക്ഷേ എന്തൊക്കെ ആയാലും അദ്ധ്യാപനത്തിലൂടെ നേടിയതിനേക്കാൾ കൂടുതൽ അംഗീകാ‍രം ജനസേവനത്തിലൂടെ നേടിയെടുക്കുവാൻ മാഷിന് കഴിഞ്ഞു.

സ്കൂളിൽ മാലതി ടീച്ചർ മാഷിനെ അവഹേളിച്ചെങ്കിൽ ജനസേവനരംഗത്തും ഒരു സ്ത്രീതന്നെയാണ് മാഷിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ഇടയായത്.

മോളി സിസ്റ്റർക്ക് നെഞ്ചുവേദന ഉണ്ടായി എന്നറിഞ്ഞ് ആദ്യമോടിയെത്തിയ ആളായിരുന്നു പപ്പൻ സാർ. രണ്ടാമത് എത്തിയത് അച്ചാർ പൊന്നമ്മയും. നെഞ്ചുവേദന ഹാർട്ട് അറ്റാക്കിന്റെ മുന്നോടിയാണന്നും അത് കൂടുതൽ നേരം നീണ്ട് നിന്നാൽ ശ്വാസം തന്നെ നിലച്ച് പോകുമെന്ന് മനസ്സിലാക്കിയ മാഷ് വേഗം തന്നെ കാർ വിളിച്ച് സിസ്റ്ററെ ആശുപത്രിയിൽ എത്തിക്കുവാൻ മുൻ‌കൈ എടുത്തു. പക്ഷേ മാഷറിഞ്ഞോ കഷ്ടകാലം പൊന്നമ്മയുടെ രൂപത്തിൽ അതേ കാറിൽ തന്നെ ഉണ്ടാകുമെന്ന്!

നിശ്ചലമായി കിടക്കുന്ന സിസ്റ്ററുടെ ശരീരംപുറകിലെ സീറ്റിലിരിക്കുന്ന പൊന്നമ്മയുടേയും ബന്ധുക്കളുടേയും മടിയിൽ. മുൻസീറ്റിൽ മാഷും. അടുത്തിരിക്കുന്നവരുടെ ഏങ്ങലുകൾ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നുണ്ട്. കാര്‍ കുതിച്ച് പാഞ്ഞുകൊണ്ടിരുന്നു. മാഷിന് ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. എങ്ങനെയാണ് ബന്ധുക്കളെയൊന്നാശ്വസിപ്പിക്കുക?
അപ്പോഴാണ് പുറകിൽ നിന്നും പൊന്നമ്മയുടെ അരുളിപ്പാടുണ്ടായത്. “ സാറേ സിസ്റ്റർക്ക് പ്ങ്‌ൾസില്ല”.

മാഷ് പുറകിലേയ്ക്ക് എത്തിവലിഞ്ഞ് സിസ്റ്ററുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. കണ്ണടച്ച് പിടിച്ച് പൾസിൽ മാത്രം ശ്രദ്ധിച്ചു. പൊന്നമ്മ മാഷിന്റെ മുഖത്തേയ്ക്കും ശ്രദ്ധിച്ചു. കണ്ണടച്ചിരിക്കുന്നു. വിരുതൻ! ആപത്ത് സമയത്താണ് ഓരോരോ ലീലാവിലാസങ്ങൾ!

മാഷിന്റെ കണ്ണുകൾ പതുക്കെ തുറന്നു. അതിൽ ആശ്വാസത്തിന്റെ വെള്ളിവെളിച്ചം! പൾസുണ്ട്. നല്ല ആരോഗ്യമുള്ള ആൾക്കുള്ളതുപോലെ തന്നെ. പേടിക്കാനൊന്നുമില്ല. മാഷിന്റെ മനസ്സ് ആഹ്ലാദത്താൽ അലതല്ലി.

“ പൾസുണ്ട്...പൾസുണ്ട്...സിസ്റ്റർക്ക് പൾസുണ്ട്...പേടിക്കാനൊന്നുമില്ല.” മാഷിന്റെ വാക്കുകൾ കേട്ട് ബന്ധുക്കളുടെ മുഖത്ത് ആശ്വാസത്തിന്റെ തിരയിളക്കം.

അപ്പോൾ ദാ വരുന്നൂ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് പൊന്നമ്മയുടെ വാക്കുകൾ. തന്റെ കിണുങ്ങ് കൂടി മേമ്പൊടി ചേർത്ത് കൊണ്ട്...

“പിന്നേ...മ്‌ങാഷേ...നിങ്‌ഹളിതെന്തോന്ന് പ്‌ങണിയാ ഹ്‌ങാണിച്ചേ...ഹ്‌ങ്ന്റെ കൈയിലെ പ്‌ങ്‌ൾസാ നിങ്ങള് നോക്കിയേ...”

Read more...

പരാതിയില്ലാതെ...

Sunday, July 6, 2008

കുഞ്ഞുകുഞ്ഞിന് പ്രായമൊത്തിരി ആയെങ്കിലും നാട്ടുകാർക്കിപ്പോഴും അദ്ദേഹം കുഞ്ഞ് തന്നെയാണ്. ‘കുഞ്ഞേ’ എന്ന വിളി കുഞ്ഞുകുഞ്ഞിനിഷ്ടമായിരുന്നെങ്കിലും ഭാര്യ മറിയാമ്മയ്കും, മക്കൾ ഔസേപ്പിനും,റോസാക്കുട്ടിയ്ക്കും അത് ഒട്ടും ഇഷ്ടമായിരുന്നില്ല. മക്കൾക്കും ഭാര്യയ്ക്കും ഇഷ്ടമായില്ലെന്ന് കരുതി കുഞ്ഞുകുഞ്ഞിന് തന്റെ പേര് മാറ്റാൻ പറ്റുമോ? റിട്ടയർമെന്റ് കഴിഞ്ഞിട്ടും തലേലും,താടിയിലും മീശയിലുമെല്ലാം നരകേറിയിട്ടും ‘കുഞ്ഞേ’ എന്ന വിളികേൾക്കാൻ ഒരു ഭാഗ്യം വേണമെന്ന് കുഞ്ഞ്കുഞ്ഞ് മനസ്സിൽ കരുതി.

കുഞ്ഞ്കുഞ്ഞ് എന്ന പേരോ,കുഞ്ഞ്കുഞ്ഞിന്റെ രൂപമോ ഭാവമോ ഒന്നുമല്ല ഇവിടെ പ്രതിപാദിക്കുന്നത്. അത് കുഞ്ഞ്കുഞ്ഞ് എന്ന ചെറിയ മനുഷ്യന്റെ വലിയ മനസ്സിനെക്കുറിച്ചാണ്!
കുഞ്ഞ്കുഞ്ഞിനെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എങ്ങനെ അറിയാതിരിക്കും? എവിടെ ചെണ്ടപ്പുറത്ത് കോലിട്ടാലും കുഞ്ഞ്കുഞ്ഞ് അവിടുണ്ടാവും. ഇരുപത്തെട്ട് കെട്ട്, മാമ്മോദീസ മുക്ക് തുടങ്ങി മരണ അടിയന്തിരം വരെ എന്തിലും കുഞ്ഞ്കുഞ്ഞിന്റെ സാന്നിദ്ധ്യം ഒഴിച്ച്കൂടാനാവാത്തതാണ്. അഥവാ ആരെങ്കിലും കുഞ്ഞ്കുഞ്ഞിനെ ഒഴിച്ച് നിർത്താമെന്ന് വിചാരിച്ചിട്ടുണ്ടങ്കിൽ അതൊരിക്കലും നടന്നിട്ടുമില്ല. എന്താണന്ന് വെച്ചാൽ കുഞ്ഞ്കുഞ്ഞിന് ആരേയും ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. വിളിച്ചാലും ഇല്ലെങ്കിലും കുഞ്ഞ്കുഞ്ഞ് എവിടേയും കയറിച്ചെല്ലും.

കുഞ്ഞ്കുഞ്ഞ് എവിടെച്ചെന്നാലും മനസ്സിൽ ഒറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളു. സഹായിക്കുക. തന്റെ സേവനം കഴിയാവുന്നത്രയും മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുക. അതിന് സമയകാലഭേദമൊന്നുമില്ല. ആർക്കും കുഞ്ഞ്കുഞ്ഞിന്റെ സേവനം എപ്പോഴും ആവശ്യപ്പെടാം. കുഞ്ഞ്കുഞ്ഞ് സദാ സേവനസന്നദ്ധൻ!

ഇവിടെയാണ് കുഞ്ഞ്കുഞ്ഞും മറിയാമ്മയും തമ്മിലുള്ള ഉടക്ക് ആരം‌ഭിക്കുന്നതും. സേവനജ്വരം മൂത്ത കുഞ്ഞ്കുഞ്ഞ് റിട്ടയർമെന്റിനത്തിൽ കിട്ടിയ തുകയുടെ നല്ലൊരു പങ്ക് മുക്കി. കുഞ്ഞ്കുഞ്ഞ് ആ പണം ധൂർത്തടിച്ച് തീർത്തെന്ന് പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല. കാരണം ഒരു നല്ല കാര്യത്തിനാണത് ഉപയോഗിച്ചതെന്നത് മാത്രം!
സം‌ഭവം നടന്നത് കഴിഞ്ഞ മഴക്കാലത്താണ്. തോട്ടിറമ്പിലെ സുമതീടെ വീട് ശക്തമായ കാറ്റിലും മഴയിലും തകർന്ന് തരിപ്പണമായി. ഗവണ്മെന്റോ, പഞ്ചായത്തോ മറ്റ് സന്നദ്ധ സംഘടനകളോ സഹായത്തിനെത്തുന്നതിന് മുന്നേ തന്നെ ശ്രീമാൻ കുഞ്ഞ്കുഞ്ഞ് അവിടെത്തുകയും പിന്നീടുള്ള കാ‍ര്യങ്ങൾ നാട്ടിൽ പാട്ടാകുകയും ചെയ്തിട്ടുള്ളതുമാണ്!
സുമതിയ്ക്ക് ഓലപ്പുരയ്ക്ക് പകരം ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള ഒരു വീട് കിട്ടിയെങ്കിലും കുഞ്ഞ്കുഞ്ഞിന് തന്റെ കിടപ്പ് അകത്തെ മുറിയിൽ നിന്നും പുറത്തെ ചാർപ്പിലേയ്ക്ക് മാറ്റേണ്ടതായിവന്നു. മറിയാമ്മയും മക്കളും കൂടി കട്ടിലെടുത്ത് പുറത്തിട്ടതാണന്ന് നാട്ടുകാർ പറയുന്നുണ്ടായിരുന്നെങ്കിലും കുഞ്ഞ്കുഞ്ഞ് അതൊന്നും കാര്യമാക്കിയില്ല.

പുറത്തെ ചാർപ്പിലെ കിടപ്പ് കുഞ്ഞ്കുഞ്ഞിന് കൂടുതൽ സൗകര്യമായി മാറി. പാതിരാത്രിയെന്നോ പത്ത്‌വെളുപ്പിനെന്നോ ഇല്ലാതെ വന്ന് പോകാനുള്ള അവസരമായി മാറി.

കുഞ്ഞ്കുഞ്ഞ് തന്റെ സേവനം അങ്ങനെ നിർവിഘ്നം നിർബാധം നടത്തിപ്പോന്നു. ഒരു പാതിരാത്രി ഏതോ ചടങ്ങിലൊക്കെ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ആ സം‌ഭവം ഉണ്ടായത്.
നല്ല ഇരുട്ട്. പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റുകളൊന്നും തന്നെ കത്തുന്നില്ല. എങ്ങനെ കത്താനാണ്!. ലൈറ്റ് പിടിപ്പിക്കുന്ന അന്ന് തന്നെ ആരെങ്കിലുമൊക്കെ അത് എറിഞ്ഞുടയ്ക്കും. ഒരിക്കൽ കുഞ്ഞ്കുഞ്ഞ് ലൈറ്റ് എറിഞ്ഞുടയ്ക്കുന്നവനെ പിടിക്കുകയും ചെയ്തതാണ്. അതിന്റെ അടയാളം കുഞ്ഞ്കുഞ്ഞിന്റെ വലത്തേ പുരികത്തിൽ ഇപ്പോഴുമുണ്ട്. കവിളൻ മടലിന് കിട്ടിയ അടിയാണ്. അന്നുമുതൽ ഇരുട്ടത്ത് നടക്കുന്നതാണ് നല്ലതെന്ന് കുഞ്ഞ്കുഞ്ഞ് കരുതിപ്പോന്നു.
കുറുപ്പിന്റെ കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റ് കടന്ന് നടന്നപ്പോഴാണ് പിന്നിലെന്തോ ശബ്ദം കേൾക്കുന്നതായി കുഞ്ഞ്കുഞ്ഞിന് തോന്നിയത്. കുഞ്ഞ്കുഞ്ഞ് നിന്നു. പോസ്റ്റിനോട് ചേർന്ന് ആരോ അനങ്ങുന്നത് പോലെയൊരു തോന്നൽ. അത് തോന്നലല്ലായിരുന്നു. പോസ്റ്റിനോട് ചേർന്ന് ആരോ നില്‍പ്പുണ്ട്. എന്തൊക്കെയോ പുലമ്പുന്നുമുണ്ട്.

കുഞ്ഞ്കുഞ്ഞ് പോസ്റ്റിനടുത്തേയ്ക്ക് നടന്നു. കക്ഷി പോസ്റ്റിനെ കെട്ടിപ്പിടിച്ച് നിൽക്കുകയാണ്. “നിന്നെ ഞാൻ വിടില്ലടീ രാക്ഷസീ, നീയെന്നെ തല്ലുമല്ലേ. ആണിന്റെ കൈക്കരുത്ത് നെനക്കറിയില്ലടി ദുഷ്ടേ...നെന്നെ ഞാൻ...” രാക്ഷസിയെ തല്ലാനുയർത്തിയ കൈ വന്നുവീണത് കുഞ്ഞ്കുഞ്ഞിന്റെ ദേഹത്താണ്. ആ ഇരുട്ടത്തും തന്നെ തല്ലിയ കൈയുടെ ഉടമയെ കുഞ്ഞുകുഞ്ഞിന് പിടികിട്ടി. ജോസഫ്! തന്റെ അയൽ‌വാസി ജോസഫ്! മദ്യപിച്ച് ബോധമില്ലാതെ പോസ്റ്റിനെ കെട്ടിപ്പിടിച്ചോണ്ട് നിൽക്കുകയാണ്. പലതവണ കുഞ്ഞ്കുഞ്ഞ് ജോസഫിനെ ഉപദേശിച്ചിട്ടുള്ളതാണ് മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച്. എന്ത് ഫലം! റാഹേലമ്മയുടെ കൈക്കരുത്ത് അറിയുവാൻ കഴിഞ്ഞു അത്രമാത്രം! കള്ളുംകുടിച്ചോണ്ട് ചെല്ലുന്ന ദിവസങ്ങളിൽ ജോസഫിന്റെ വീട്ടിൽ ഭയങ്കര ബഹളമാണ്. ആദ്യമൊക്കെ ജോസഫാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് കരുതിപ്പോന്നു. പക്ഷേ കരച്ചിൽ ജോസഫിന്റേതായപ്പോൾ മനസ്സിലായി പ്രശ്നമുണ്ടാക്കുന്നത് ജോസഫും പ്രശ്നം അവസാനിപ്പിക്കുന്നത് റഹേലമ്മയുമാണന്ന്.
പാവം ജോസഫ്! കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് സഹതാപം തോന്നി. റാഹേലമ്മയോടുള്ള ദേഷ്യം ഇലക്ട്രിൿപോസ്റ്റിനോട് തീർക്കുകയാണ് പാവം. താനടുത്ത് ചെന്നില്ലായിരുന്നെങ്കിൽ റഹേലമ്മയാണന്ന് കരുതി അടിച്ച അടി പോസ്റ്റിൽ കൊള്ളുകയും പാവത്തിന്റെ കൈ കേടാവുകയും ചെയ്യുമായിരുന്നു.

പാതിരാത്രി സ്വബോധമില്ലാതെ നിൽക്കുന്ന അയൽക്കാരനെ ഉപേക്ഷിച്ച് പോകാൻ കുഞ്ഞ്കുഞ്ഞിന്റെ മനസ്സനുവദിച്ചില്ല.പത്തെൺപത് കിലോയുള്ള ജോസഫിനെ തന്റെ തോളിൽ താങ്ങി റോഡളന്ന് നടന്നപ്പോൾ കുഞ്ഞ്കുഞ്ഞിന് അഭിമാനമാണ് തോന്നിയത്. അത് തന്റെ ആരോഗ്യത്തെക്കുറിച്ചായിരുന്നു. ‘എല്ലുമാണി‘ എന്ന് മറിയാമ്മ സ്നേഹത്തോടെ വിളിക്കുന്ന താൻ ഒരു തടിയനെ താങ്ങി നടത്തുന്നു!

ജോസഫിന്റെ വരവും കാത്ത് റാഹേലമ്മ വാതില്‍പ്പടിയിലുണ്ടായിരുന്നു. കശാപ്പ് കാരുടെ ലോറിയിലേയ്ക്ക് പോത്തിനെ തള്ളിക്കയറ്റുന്നത് പോലൊരു ശ്രമം വേ ണ്ടി വന്നു കുഞ്ഞ്കുഞ്ഞിന് ജോസഫിനെയൊന്ന് വീടിനകത്തേയ്ക്ക് കയറ്റാൻ!

നല്ലൊരു സഹായം ചെയ്തതിന്റെ സന്തോഷത്താൽ കുഞ്ഞ്കുഞ്ഞ് റഹേലമ്മയെ നോക്കി.” ഞാൻ നാളെ വരാം കേട്ടോ. എനിക്ക് ജോസഫിനോട് കുറച്ച് സംസാരിക്കാനുണ്ട്.” നല്ലൊരു വാക്ക് റാഹേലമ്മയിൽ നിന്ന് പ്രതീക്ഷിച്ച കുഞ്ഞ്കുഞ്ഞിന് തീപാറുന്നൊരു നോട്ടമാണ് കിട്ടിയത്. സം‌ഭവം പന്തിയല്ലന്ന് കണ്ട് തിരിഞ്ഞ കുഞ്ഞ്കുഞ്ഞിന് പിന്നിൽ വാതിൽ വലിയശബ്ദത്തിൽ അടയ്ക്കപ്പെട്ടു. കൂടെ ജോസഫിന്റെ കരച്ചിലും റാഹേലിന്റെ ഉറക്കെയുള്ള സംസാരവും. “ഇത്രയൊക്കെ സഹായം ചെയ്തത് പോരാഞ്ഞിട്ടാ നാളെയിങ്ങോട്ട് വരാമെന്ന്. മനുഷേനെ കുടിപ്പിച്ച് കുടിപ്പിച്ച് ഇവനൊക്കെ കുടും‌ബം കൊളം തോണ്ടും. വരട്ടെയിങ്ങോട്ട്... തനിക്ക് തന്നതിന്റെ ബാക്കി അങ്ങേർക്കുമുണ്ട്...”
ജോസഫിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി.
റാഹേലമ്മ തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. കുഞ്ഞ്കുഞ്ഞിന് കിടന്നിട്ട് ഉറക്കം വന്നില്ല. ജീവിതത്തിൽ മറിയാമ്മയെക്കൂടാതെ മറ്റൊരു സ്ത്രീകൂടി തന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ കറക്കത്തിന് അല്പം കൂടി വേഗത കൂടിയിരുന്നെങ്കിലെന്ന് കുഞ്ഞ്കുഞ്ഞ് ആശിച്ചുപോയി. സൂര്യൻ ടൈംടേബിൾ തെറ്റിക്കാതെ കിഴക്കൻ ചക്രവാളത്തിൽ തലനീട്ടിയപ്പോഴേ കുഞ്ഞ്കുഞ്ഞ് ജോസഫിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു.
കിണറ്റിൻ‌കരയിലെ വാഴച്ചോട്ടിലിരുത്തി റാഹേലമ്മ ജോസഫിന്റെ തലയിൽ വെള്ളം കോരി ഒഴിക്കുന്നു.
“റാഹേല് ഇന്നലെ രാത്രീല് എന്നെ തെറ്റിദ്ധരിച്ചെന്ന് തോന്നണു. കുടിച്ച് ബോധമില്ലാണ്ട് വഴീല് കെടന്ന് ജോസഫിനെ ഞാൻ എടുത്തോണ്ട് വന്നെന്നേയുള്ളു. അത്രേയുള്ളു. അല്ലാണ്ട് റാഹേല് വിചാരിക്കണപോലെ...”
കുഞ്ഞ്കുഞ്ഞിന് അവസാനിപ്പിക്കാനായില്ല. അതിന് മുന്നെ കരുത്തുറ്റ ജോസഫിന്റെ കൈകൾ കുഞ്ഞ്കുഞ്ഞിന്റെ കൊങ്ങയ്ക്ക് പിടുത്തം മുറുക്കിയിരുന്നു.
“ സാമദ്രോഹീ, എല്ലാമറിഞ്ഞോണ്ട് നീ എന്നെ ഇവടെ മുന്നിൽ കൊണ്ടിട്ടു അല്ലേ. നിന്നെ ഞാൻ... ” ജോസഫിന്റെ മുട്ടുകാലിന്റെ ബലം വയറ്റിലൂടെ കയറി നട്ടെല്ലിലൂടെ ഇറങ്ങുന്ന സുഖം...കുഞ്ഞ്കുഞ്ഞിന് ഒന്ന് കരഞ്ഞ് പോലും തീർക്കാനായില്ല. ജോസഫിന്റെ കൈകൾ കൊങ്ങായിലമർന്നിരിക്കുകയല്ലേ. എങ്ങനെ മനസ്സമാധാനത്തോടൊന്ന് കരയാൻ...

(ഇങ്ങനൊക്കെയാണങ്കിലും കുഞ്ഞ്കുഞ്ഞിന് ജോസഫിനോട് കൂടുതൽ സ്നേഹം തോന്നുകയാണുണ്ടായത് പിൽക്കാലത്ത്. അത് രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു. ഒന്നാമത്തേത് റാഹേലിന്റെ തെറ്റിദ്ധാരണ വലിയ വിശദീകരണങ്ങളില്ലാതെ മാറ്റി എന്നുള്ളതാണ്. രണ്ടാമത്തേത് ജോസഫ് പോലും അടിയറവ് പറയുന്ന റാഹേലമ്മയുടെ കൈക്കരുത്തിൽ നിന്നും രക്ഷപ്പെടുത്തിയെന്നുള്ളതിനും.)

Read more...

ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...

Thursday, May 29, 2008

സജിയുടെ പോസ്റ്റ് കണ്ട് ആരുടെയൊക്കെ അടിച്ചു മാറ്റിയെന്നു നോക്കി നോക്കി പോയതാണ്‍. നാലാമത്തെ പേജില്‍ ദേ കിടക്കുന്നു എന്റെ എട്ടു കഥകള്‍. അടുപ്പിച്ചു അടുപ്പിച്ചു ഇട്ടിരുന്നതു കൊണ്ട് കൂടൂതല്‍ തിരയേണ്ടി വന്നില്ല. അക്ഷരത്തെറ്റുകളും വാക്യത്തിലെ തെറ്റുകളും ഒക്കെ തിരുത്തിയിട്ടിരുന്നേല്‍ ഉപകാരമായിരുന്നേനേ അതും അതേ പടി തന്നെ.
എന്നാലും കേരള്‍സേ ചോദിച്ചാല്‍ തരുമായിരുന്നല്ലോ മോട്ടിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ?

എന്റെ അറിവോ സമ്മതമോ ഇല്ലാ‍തെയുള്ള ഇത്തരം കടന്നു കയറ്റം അപലപനീയം തന്നെ. ഈ മോഷണത്തിനെതിരെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മോട്ടിച്ച കഥകളുടെ ലിസ്റ്റ്


1. ചേടത്തിയുടെ ദു:ഖം




2. സൂസിയെന്ന സുന്ദരി

3. മിസ്റ്റര്‍ അമ്മിണി



4. ഒരു വിവാഹവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്ക്




5. അപ്പുകുട്ടനും ഗപ്പിയും



6. ഡംഭന്‍



7. കൈയ്യൊടിഞ്ഞ താറാവ്



8. വാഴ




ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍

Blatant plagiarism by Kerals.com

മോഷണം മോഷണം തന്നെ പാരില്‍


Kerals.com - ന്റെ പുതിയ വിരട്ടല്‍ തന്ത്രം (Header Forging)

പോസ്റ്റും കട്ടു ബാനും ചെയ്തു!!!

Bootlegging bloggers posts, Shame on you Kerals dot com

ബ്ലോഗ് മോഷണം

Banned from reading my content

അപ്ഡേറ്റ്

പോസ്റ്റുകള്‍ നീക്കം ചെയ്തതായി കേരള്‍സ്. കോമിന്റ് മെയില്‍ കിട്ടി. കൂടാതെ kerals.com അവര്‍ മലയാളം സെക്ഷന്‍ തന്നെ അടച്ചു പൂട്ടിയിരിക്കുന്നു.

Read more...

മോഹങ്ങള്‍

Wednesday, April 23, 2008

അപ്പുക്കുട്ടന്റെ മോഹങ്ങള്‍ക്ക് ഒരിക്കലും ഒരു കുറവും സം‌ഭവിച്ചിട്ടില്ല. കാലത്തിനനുസരിച്ച് അതിങ്ങനെ മാറിക്കൊണ്ടിരുന്നുവെന്ന് മാത്രം. കണ്ടുവന്ന ആളുകളെ അനുസരിച്ച്, ജീവിച്ച് വന്ന സാഹചര്യത്തിനനുസരിച്ച്, അടുത്തിടപഴകിയ കൂ‍ട്ടുകാരെയനുസരിച്ച്, കടന്നു പോന്ന പ്രായത്തിനനുസരിച്ച് അതിങ്ങനെ മാറിമറിഞ്ഞുകൊണ്ടിരുന്നുവെന്ന് മാത്രം.

ചെറുപ്പത്തില്‍ അപ്പുക്കുട്ടന് ഒരു ശാസ്ത്രജ്ഞനാകാനായിരുന്നു ആഗ്രഹം. വെറും ശാസ്ത്രജ്ഞനല്ല. ഒരു വാനനിരീക്ഷകന്‍! ആകാശത്തെ നോക്കി ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി, അതിന്റെ ഗതിവിഗതികളെ നോക്കി പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍! ടെലസ്കോപ്പും വെച്ചനന്തമായ ആകാശത്തിന്റെ ഉള്ളറകളുടെ രഹസ്യം കണ്ടുപിടിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞന്‍!

ആഗ്രഹത്തിന് അന്തമില്ലാതെ വന്നപ്പോള്‍ രാത്രികളില്‍ ഒറ്റയ്ക്ക് ടെലസ്കോപ്പില്ലാതെതന്നെ ഉറക്കമിളച്ച് അപ്പുക്കുട്ടന്‍ ആകാശത്തേയ്ക്കും നോക്കിക്കൊണ്ടിരുന്നു.

അപ്പുക്കുട്ടന്റെ മനസ്സറിയാന്‍ പക്വതയില്ലാത്ത ആളുകള്‍ പയ്യന്‍സിന് വട്ടാണന്ന് പ്രഖ്യാപിച്ചപ്പോള്‍, അതുകേട്ട് അമ്മ കരഞ്ഞപ്പോള്‍, അപ്പുക്കുട്ടന്‍ തന്റെ ശസ്ത്രജ്ഞനാകാനുള്ള ആഗ്രഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.


അവധിക്കാലത്ത് അമ്മ വീട്ടിലേയ്ക്കുള്ള പോക്കിനിടയ്ക്കാണ് അപ്പുക്കുട്ടന്റെ അടുത്ത ആഗ്രഹം മൊട്ടിട്ടത്. ഒരു വലിയ വാഹനത്തെ ഒറ്റ മണിയടിയില്‍ നിര്‍ത്തിക്കുകയും, രണ്ട് മണിയടിയില്‍ ഓടിക്കുകയും ചെയ്യുന്ന ബസ് കണ്ടക്ടര്‍ എന്ന വിദ്വാനെ അപ്പുക്കുട്ടന് ശരിക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ശാസ്ത്രജ്ഞന്‍ കണ്ടക്ടറാകാനുള്ള ശ്രമത്തിലായി. പക്ഷേ കണ്ടക്ടറാകാനുള്ള ആഗ്രഹം അധിക നാള്‍ നിന്നില്ല. കവലയില്‍ സ്കൂട്ടറുകാരനെ ഇടിച്ചിട്ട ബസ്സിന്റെ കണ്ടക്ടറേയും ഡ്രൈവറേയും കുനിച്ച് നിര്‍ത്തി മുതുകത്ത് മുട്ടുകൈകൊണ്ട് ആളുകള്‍ താളമടിക്കുന്നത് കണ്ടതുമുതല്‍ അപ്പുക്കുട്ടന്‍ ആ ആഗ്രഹവും കാറ്റില്‍ പറത്തി.

കൂട്ടുകാരന്‍ റെജി തബല പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു തബലിസ്റ്റ് ആയാലെന്തെന്ന് അപ്പുക്കുട്ടന് തോന്നി. തബലപഠിപ്പിക്കാന്‍ വീട്ടില്‍ പറഞ്ഞാല്‍ അച്ഛന്‍ തുടയില്‍ തബലവായിക്കുമെന്നറിയാവുന്നത് കൊണ്ട് അപ്പുക്കുട്ടന്‍ റെജിയുടെ പശുത്തൊഴുത്തില്‍ കയറി ഒളിച്ചിരുന്ന് പഠിക്കാനൊരു ശ്രമം നടത്തി. പക്ഷേ നന്ദിനിപ്പശു അപ്പുക്കുട്ടന്റെ മുതുകത്ത് തബലവായിച്ചപ്പോള്‍ റിസ്കെടുത്തുള്ള ഒരു പരിപാടിയും വേണ്ടന്ന് അപ്പുക്കുട്ടന്‍ നിശ്ചയിച്ചു.

അമ്പല്‍ത്തീന്ന് പറയെടുപ്പിനായ് ആനയേം കൊണ്ട് വീട്ടിലെത്തിയപ്പോള്‍ അപ്പുക്കുട്ടന്റെ ശ്രദ്ധ ആനയിലും ആനക്കാരനിലുമല്ലായിരുന്നു. പകരം ആനയുടെ മുന്നില്‍ ചാടിത്തുള്ളിമറിഞ്ഞ് കൊട്ടിക്കൊണ്ടിരുന്ന ചെണ്ടക്കാരന്‍ ദാമുവിലാരുന്നു. അന്ന് മുതല്‍ അപ്പുക്കുട്ടന് ചെണ്ടക്കാരനാകാന്‍ ആഗ്രഹം തുടങ്ങി. ചെണ്ടക്കുട്ടന്‍ ഫ്രീയായി ചെണ്ടക്കളരി തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അപ്പുക്കുട്ടന്‍ തന്റെ പുതിയ കളരിയ്ക്കായി തയ്യാറെടുത്തു. പക്ഷേ ഗണപതിക്കൊട്ട് കൊട്ടി വീട്ടിലെത്തിയപ്പോള്‍ ദാ നില്‍ക്കുന്നു അച്ഛന്‍ ചെണ്ടക്കോലിന്റെ ഇരട്ടി നീളമുള്ള ചൂരലുമായി!


“എന്താടാ നിനക്ക് അസുരവാദ്യമല്ലാതെ മറ്റൊന്നും പഠിക്കാന്‍ കണ്ടില്ലേ?” അച്ഛനെക്കൊണ്ട് തുടയില്‍ ചെണ്ടകൊട്ടിക്കുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ അപ്പുക്കുട്ടന്‍ അതും ഉപേക്ഷിച്ചു.

ഒരു സ്പോര്‍ട്സ്മാനാകാനായിരുന്നു അപ്പുക്കുട്ടന്റെ അടുത്ത ശ്രമം! മറഡോണയുടെ കാലുകളുടെ മാന്ത്രികചലനം കണ്ട് ആവേശം പൂണ്ട് അപ്പുക്കുട്ടന്‍ ഫുട്ബോള്‍ കളിക്കാരനാകാന്‍ തീരുമാനിച്ചു. നരുന്ത് പോലിരിക്കുന്ന പയ്യന്‍ ഫുട്ബോളടിച്ച് രണ്ടായി വട്ടമൊടിയുമെന്ന് കാണികള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ തന്റെ തട്ടകം ക്രിക്കറ്റിലോട്ട് മാറ്റിചവിട്ടി.

ക്രിക്കറ്റിന്റെ ജ്വരം മൂത്ത് വന്നപ്പോഴത്തേയ്ക്കും അപ്പുക്കുട്ടന്‍ കോളേജിലെത്തിയിരുന്നു. കപില്‍ദേവിന്റെ തകര്‍പ്പനടികള്‍ നഷ്ടപ്പെടുത്തരുതെന്നുള്ളതുകൊണ്ട് ക്ലാസ് കട്ട് ചെയ്തും അപ്പുക്കുട്ടന്‍ കോളേജ് ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. ക്ലാസ് കട്ട് ചെയ്യുന്നത് അപ്പുക്കുട്ടന് താല്‍പ്പര്യമുണ്ടായിട്ടായിരുന്നില്ല. പക്ഷേ പലപ്പോഴും കളിയുടെ ലഹരിയില്‍ തന്നെത്തന്നെ മറന്നിരുന്ന് പോയിട്ടുള്ളത് കൊണ്ടാണ് അങ്ങനെയൊക്കെ സം‌ഭവിച്ചിട്ടുള്ളത്. അങ്ങനെയൊരു സം‌ഭവമാണ് അപ്പുക്കുട്ടന്റെ ക്രിക്കറ്ററാകാനുള്ള മോഹത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചതും.

മുരളിസാറിന്റെ ഇംഗ്ലീഷ് പീരീഡിന്റെ തൊട്ടുമുന്നില്‍ കിട്ടിയ ഇടവേളയില്‍ അപ്പുക്കുട്ടന്‍ ലൈബ്രറിയിലെ ടീവിയുടെ മുന്നിലിരുന്നു. കുറച്ച് നേരത്തേക്ക്.... കുറച്ച് നേരത്തേക്ക് മാത്രം...അതാ മുരളി സാറും ടീവീടെ മുന്നിലുണ്ട്! ഇന്നിനിയിപ്പോള്‍ ക്ലാസ്സ് നഷ്ടമാകുമെന്ന വിചാരവും വേണ്ട. മുരളി സാര്‍ എണീറ്റ് പോകുമ്പോള്‍ കൂടെപ്പോയാല്‍ മതിയല്ലോ. പക്ഷേ സം‌ഭവിച്ചത് അങ്ങനെയൊന്നുമായിരുന്നില്ല. കളിയില്‍ ലയിച്ചിരുന്ന അപ്പുക്കുട്ടന്‍ മുരളിസാര്‍ എണീറ്റ് പോയതറിഞ്ഞില്ല. അതറിഞ്ഞ് വന്നപ്പോഴത്തേക്കും സമയം കുറച്ച് കടന്ന് പോയിരുന്നു. ക്രിക്കറ്റ് കളി കണ്ടിരുന്ന മുരളി സാറിന് ഒരുപക്ഷേ തന്നെ മനസ്സിലാക്കാന്‍ പറ്റിയേക്കും. ആ ഒറ്റ വിചാരത്തില്‍ അല്പം താമസിച്ച് പോയെങ്കിലും ക്ലാസില്‍ കയറാനുള്ള അന്തിമ തീരുമാനം അപ്പുക്കുട്ടനെടുത്തു.അപ്പുക്കുട്ടന്‍ മുരളിസാറിന്റെ ക്ലാസിന്റെ മുന്നില്‍ നിന്നു. തന്റെ കറുത്തവലിയഫ്രയിമുള്ള കണ്ണടയ്കടിയിലൂടെ മുരളിസാര്‍ അപ്പുക്കുട്ടനെ നോക്കി.

“എന്താ?”

“ക്ലാസില്‍ കയറാന്‍ വന്നതാ.”

“അതേയോ. എവിടെയായിരുന്നു സാറിതുവരെ?” അപ്പുക്കുട്ടന് കളവ് പറയാന്‍ കഴിഞ്ഞില്ല.

“ക്രിക്കറ്റ് കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല.”

“കൊള്ളാം.കൊള്ളാം. എങ്കിലിങ്ങ് കേറിപ്പോര്.”ഹൊ. എന്ത് നല്ല സാര്‍. അപ്പുക്കുട്ടന്‍ തന്റെ സീറ്റിലേയ്ക്ക് നടന്നു.

“അല്ല. അങ്ങോട്ടിരിക്കാന്‍ വരട്ടെ മാഷേ. ഇങ്ങോട്ട് വന്നീ പ്ലാറ്റ്ഫോമിലോട്ട് കേറിയാട്ടെ.”

അപ്പുക്കുട്ടന്‍ ഉടുത്തിരുന്ന ഒറ്റമുണ്ടിന്റെ കരയൊക്കെ നേരയാക്കി പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തിമൂന്ന് പിള്ളാരുണ്ട് ക്ലാസ്സില്‍. പകുതിയില്‍ കൂടുതല്‍ പെമ്പിള്ളാര്‍! ലീന മുതല്‍ മഞ്ജു വരെ മുന്‍ നിരയില്‍! അതിന് പുറകില്‍ വീണ, അമ്പിളി അങ്ങനെ അങ്ങനെ വനിതാരത്നങ്ങള്‍! അപ്പുക്കുട്ടന് അവരെയൊക്കെ നേരാം വണ്ണം ഒന്ന് നോക്കാന്‍ പറ്റുന്നില്ല. മേലാകെ വിയര്‍ക്കുന്നു. അപ്പോള്‍ ദാ വരുന്നൂ സാറിന്റെ വക പ്രഖ്യാപനം.

“ ഈ മഹാനെയറിയുമോ നിങ്ങള്‍ക്ക്? ഇദ്ദേഹമാണ് സാക്ഷാല്‍ കപിദേവ്! ഒരു വാലിന്റെ കുറവേ ഉള്ളു.” പിന്നെ അപ്പുക്കുട്ടനോടായി സാര്‍ പറഞ്ഞു. “നാളെ മുതല്‍ ഒരു വാലും കൂടി വെച്ചോണ്ടേ ക്ലാസില്‍ വരാവൂ കേട്ടോ. ഇപ്പോള്‍ പോയിരുന്നാലും.”

അപ്പുക്കുട്ടന്‍ തലകറങ്ങി വീണില്ലന്നേ ഉള്ളു. പെമ്പിള്ളാരുടെ കൂട്ടച്ചിരിമാത്രം ഇരമ്പല്‍‌പോലെ കേട്ടു. ആ ഇരമ്പല്‍ കുറച്ച് നാളത്തേയ്ക്ക് ചെവിയില്‍ നിന്നും മാറാതെനിന്നു. നിര്‍ത്തി. അതോടെ നിര്‍ത്തി അപ്പുക്കുട്ടന്‍ തന്റെ ക്രിക്കറ്റ് ഭ്രാന്ത്.

ഈ ക്രിക്കറ്റ് കളിയും കൊണ്ട് നടക്കുന്ന സമയത്ത് രണ്ടക്ഷരം പഠിച്ചാല്‍ ഒരു ഡോക്ടറെങ്കിലുമായിത്തീരാം. അതോടെ അപ്പുക്കുട്ടന്‍ പഠിക്കാന്‍ തുടങ്ങി. ഡോക്ടറാവാന്‍ വേണ്ടി. പഠിച്ചു. കുത്തിയിരുന്ന് പഠിച്ചു. എന്‍‌ട്രന്‍‍സ് എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ ആഹ്ലാദിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും കാള്‍ ലെറ്റര്‍ വന്നപ്പോള്‍ തുള്ളിച്ചാടി. പക്ഷേ ആ അഹ്ലാദം അധിക നേരമുണ്ടായില്ല. അച്ഛന്റെ ഒറ്റ വാചകം അതെല്ലാം തകര്‍ത്ത് കളഞ്ഞു.

“മോനേ, തിരുവന്തപുരത്തൊക്കെ പോയി പഠിക്കയെന്ന് പറഞ്ഞാല്‍ നമ്മളെക്കൊണ്ട് നടക്കുന്ന കാര്യാണോ? പിന്നെ നിര്‍ബന്ധമാണങ്കില്‍ നിന്നെ ഞാന്‍ ഈ സ്ഥലവു വീടും വിറ്റിട്ടായാലും പഠിപ്പിക്കാം.”

അപ്പുക്കുട്ടന് ഒന്നും നശിപ്പിക്കാനാഗ്രഹമില്ലായിരുന്നു. സ്റ്റെത് പിടിക്കേണ്ട കൈയില്‍ സ്പാന്നറ് പിടിച്ചാലും കുഴപ്പമില്ല. അപ്പുക്കുട്ടന്‍ പോളിടെക്നിക്കില്‍ ചേര്‍ന്നു. അടുത്ത ബന്ധുവൊരാള്‍ ഉപയോഗിച്ച മിനിഡ്രാഫ്റ്ററും,ഡ്രായിംഗ് ഉപകരണങ്ങളും,പുസ്തകങ്ങളും അപ്പുക്കുട്ടന് സഹായമായി.ഡോക്ടറായില്ലെങ്കിലെന്താ എഞ്ചിനീയറാവാല്ലോ. അപ്പുക്കുട്ടന്‍ പഠിച്ചു. ഊണും ഉറക്കവും കളഞ്ഞ് പഠിച്ചു. വാശിയോടെ പഠിച്ചു.

റിസള്‍ട്ട് വന്നു. നല്ല രീതിയില്‍ പാസ്സായിട്ടുണ്ട്. സന്തോഷമായി. ഇത്തവണയെങ്കിലും ആഗ്രഹിച്ചതുപോലെ നടന്നല്ലോ. ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ തന്റെ ക്ലാസ്സില്‍ നിന്നു തന്നെ.റിസള്‍ട്ട് വന്ന് അധികനാളാകുന്നതിന് മുന്നേ തന്നെ ക്യാം‌പസ് റിക്രൂട്ട്മെന്റ് വന്നു. ഇന്ത്യയിലെ മുന്‍‌നിരക്കമ്പനികളിലൊന്നിലേയ്ക്ക്!അപ്പുക്കുട്ടന്‍ പ്രതീക്ഷിച്ചു.അപ്പുക്കുട്ടന് പ്രതീക്ഷിക്കാനല്ലേ പറ്റൂ. നല്ലനിലയില്‍ പാസ്സായ എല്ലാവരേയും ഇന്റര്‍വ്യൂവിന് വിളിക്കുകയും സെലക്ട് ചെയ്യുകയും ചെയ്തു. അപ്പുക്കുട്ടനൊഴികെ. അപ്പുക്കുട്ടനെ ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല.സം‌ഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പുക്കുട്ടന്‍ സമാധാനിച്ചു. കൂട്ടുകാ‍രില്‍ പലരും ജോലികിട്ടിപോയി.
മാര്‍ക്ക് ലിസ്റ്റ് വരുന്നതും കാത്ത് അപ്പുക്കുട്ടനിരുന്നു. അവസാനം അതും എത്തി.മാര്‍ക്ക് ലിസ്റ്റിലൂടെ അപ്പുക്കുട്ടനൊന്ന് കണ്ണോടിച്ചു. അത്ഭുദം! തന്റെ മാര്‍ക്കും റാങ്കുകാരുടെ മാര്‍ക്കും തമ്മില്‍ വലിയ വ്യത്യാസമില്ല. തീര്‍ശ്ചയായും നാലാമതൊ അഞ്ചാമതോ സ്ഥാനമായിരിക്കും തനിക്ക്!

അപ്പുക്കുട്ടന്‍ മാര്‍ക്ക് ലിസ്റ്റുമായി ഡിപ്പാര്‍ട്ട്മെന്റ് ഹെഡിന്റ്റടുത്തേയ്ക്ക് നടന്നു.സാറിനെ വിഷ് ചെയ്ത് മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കൊടുത്തു.


“എടാ നിനക്ക് നല്ല മാര്‍ക്കുണ്ടല്ലോ. തീര്‍ശ്ചയായും നാലാമതോ അഞ്ചാമതോ ആയിരിക്കും നിന്റെ സ്ഥാനം. മിടുക്കന്‍. കണ്‍ഗ്രാചുലേഷന്‍സ്!”സാര്‍ പിന്നേയും ഒരുനിമിഷം ആ മാര്‍ക്ക് ലിസ്റ്റിലൂടെ കണ്ണോടിച്ചു. പിന്നെ തന്റെ കറുത്തകണ്ണട ഊരി പോക്കറ്റില്‍ വെച്ചു. ഇമവെട്ടിക്കാതെ അപ്പുക്കുട്ടന്റെ കണ്ണുകളിലോട്ട് നോക്കി.

“എടാ ചെക്കാ, നിനക്ക് മാര്‍ക്ക് കുറഞ്ഞതെവിടെയാണന്ന് നീ നോക്കിയോ ഇതില്‍.?”

“നോക്കി സാര്‍. സെഷണല്‍ മാര്‍ക്കിലാണ്.” അപ്പുക്കുട്ടന്‍ കരയുകയായിരുന്നു.

“നീ ഇത്രയും പഠിക്കുന്ന കുട്ടിയാണന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയിരുന്നെങ്കില്‍ ഒരുപക്ഷേ...”സാര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ അപ്പുക്കുട്ടനവിടെയുണ്ടായിരുന്നില്ല. മാര്‍ക്ക് ലിസ്റ്റും വാങ്ങി അവനോടുകയായിരുന്നു. അവനറിയാമായിരുന്നു അവനെല്ലാം ആഗ്രഹിക്കാനേ പറ്റുകയുള്ളൂ എന്ന്. ആരേയും മനസ്സിലാക്കിക്കാന്‍ അവനൊരിക്കലും പറ്റിയിരുന്നില്ലല്ലോ.

Read more...

വാഴ

Sunday, March 30, 2008

വീടിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു വാഴ നില്‍പ്പുണ്ടായിരുന്നു. ഞാലിപ്പൂവന്‍ വാഴ! അച്ഛന് മറ്റ് വാഴകളേക്കാള്‍ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു ഈ വാഴയോട്. ഇതിന്റെ തൈ അച്ഛന്‍ മുതലാളീടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ്. വലിയ കുല നല്‍കുന്ന പ്രത്യേകതരം വാഴയായിരുന്നു അത്. മുതലാളീടെ വീട്ടിലുണ്ടായ കുലയ്ക്ക് അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്!

അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടങ്കില്‍ അതില്‍ എത്ര പടല പഴം കാണും. അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്ക് കൂട്ടി. അതെല്ലാം കൂടി പഴുപ്പിച്ച് തിന്ന് തീര്‍ക്കാന്‍ എത്ര ദിവസം വേണം. അപ്പുക്കുട്ടന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

വാഴ ദിവസം തോറും വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ ദിവസവും അതിന് വെള്ളം കോരും. അമ്മ കഞ്ഞിവെള്ളവും ഉള്ളിത്തൊലിയും വാഴച്ചോട്ടിലിട്ട് പോന്നു. അപ്പുക്കുട്ടനും ആദ്യകാലത്തൊക്കെ അതിന് വെള്ളമൊഴിക്കുമായിരുന്നു. മറ്റ് വാഴകളുടെ അസൂയാപാത്രമായി ഞാലിപ്പൂവന്‍ വാഴ വളര്‍ന്നു വന്നു. വാഴയിലയില്‍ കാക്കകള്‍ പോലും വന്നിരിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. സ്വന്തം പിള്ളാരെപ്പോലും ഇത്രേം കാര്യമായിട്ട് നോക്കിയിട്ടില്ലാന്ന് അമ്മ കളിയാക്കി പറഞ്ഞ് പോന്നു.

“ ഈ വാഴേടെ കൊല വിറ്റിട്ട് നെനക്ക് ഞാനൊരു ബ്ലൌസ് വാങ്ങിത്തരണുണ്ട്.” ഒരുനാള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.

അപ്പുക്കുട്ടന് അത് കേട്ട് സങ്കടം വന്നു. ഞാലിപ്പൂവന്‍ പഴം തിന്നാന്‍ കിട്ടില്ലല്ലോ... അന്നത്തോടെ ഞാലിപ്പൂവന് വെള്ളം കോരുന്നത് അപ്പുക്കുട്ടന്‍ നിര്‍ത്തി. മറ്റെല്ലാ വാഴകള്‍ക്കും അപ്പുക്കുട്ടന്‍ പുട്ടുകുടത്തില്‍ വെള്ളം കോരിയൊഴിക്കും. ഞാലിപ്പൂവനെ നോക്കി കൊഞ്ഞനം കാണിക്കും.

വാഴ വളര്‍ന്ന് വലുതായി. ഒരു നാള്‍ വാഴയുടെ കുല കിഴക്കോട്ട് നാമ്പ് നീട്ടി. അന്ന് അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അമ്മയ്ക്കും സന്തോഷമായിരുന്നു. അപ്പുക്കുട്ടന് സന്തോഷമൊന്നും തോന്നിയില്ല.

അപ്പുക്കുട്ടന്‍ വെള്ളമൊഴിക്കാതെ തന്നെ കുല വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ ഒരു വലിയ കുല!

കൊതികിട്ടാതിരിക്കാന്‍ അച്ഛന്‍ ചാക്കും ഉണങ്ങിയ വാഴയിലകൊണ്ടും കുല മൂടിയിട്ട് വളര്‍ത്തി. കുല വിളഞ്ഞു. പഴുക്കുന്നതിന് മുന്നേ തന്നെ അച്ഛനത് വെട്ടിയെടുത്ത് അകത്തെ മുറിയിലെ അഴയുടെ പുറകിലെ ഇരുട്ടില്‍ കെട്ടിത്തൂക്കി.

കിളികളെ മാത്രമല്ല ഇക്കാലത്ത് ആളുകളെക്കൂടെ സൂക്ഷിക്കണത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്കൊണ്ട് ഇത്രേം വല്ല്യൊരു കൊല വാഴേത്തന്നെയിട്ട് പഴുപ്പിക്കണത് ബുദ്ധിയല്ലന്നാണ് അച്ഛന്‍ പറഞ്ഞത്.

അഴയുടെ പുറകിലെ ഇരുട്ടില്‍ കുലയുടെ നിറം മാറിത്തുടങ്ങി. വാഴപ്പഴത്തിന്റെ മണം മുറിയിലാകെ!

അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി മുകളിലോട്ടൊന്ന് നോക്കി. ഗമണ്ടന്‍ കുല! കൈയെത്താത്ത ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അതും ചാക്ക് കൊണ്ട് പൊതിഞ്ഞ്!

“നാളെയോടെ കുല നല്ലവണ്ണം പഴുക്കുമാരിക്കും. അപ്പോഴത്തേക്കും വന്ന് കൊണ്ട് പൊയ്ക്കോളമെന്നാണ് കടക്കാരന്‍ രവി പറഞ്ഞിരിക്കണത്.” അച്ഛന്‍ അമ്മയോട് പറയുന്നത് അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍ കേട്ടു.

ഇനി ഒറ്റ ദിവസം മാത്രം. അത് കഴിയുമ്പോള്‍ കുല കടക്കാരന്‍ രവിയുടെ കടയുടെ മുന്നില്‍ തൂങ്ങി നില്‍ക്കും. നാട്ടിലുള്ള ആള്‍ക്കാര് മുഴുവന്‍ വാങ്ങിത്തിന്നും. അവരതിന്റെ രുചിയറിയും.

അപ്പുക്കുട്ടന് ആലോചിചിച്ചിട്ട് അതത്ര ശരിയായി തോന്നിയില്ല. സ്വന്തം വീട്ടിലുണ്ടായ കുലയില്‍ നിന്നും ഒരെണ്ണമെങ്കിലും തിന്നില്ലങ്കില്‍ അത് മോശമല്ലേ. കൂടുതലൊന്നും വേണ്ട. ഒരെണ്ണം. ഒരെണ്ണം മാത്രം! അതും രുചിയറിയുന്നതിന് വേണ്ടി മാത്രം.

പിറ്റേന്ന് വീട്ടിലാരുമില്ലാത്ത തക്കം നോക്കി അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി. സ്റ്റൂളിന്റെ പുറത്ത് ചെമ്പ് കുടം കമഴ്ത്തിവെച്ച് അതിന്മേല്‍ കേറി കുലയില്‍ പിടിച്ചു. ഒരെണ്ണം. ഒരെണ്ണം മാത്രം ചാക്കിനിടയിലൂടെ ഉരിഞ്ഞെടുത്തു.

സ്റ്റൂളില്‍ നിന്നും ചെമ്പ് കുടമെടുത്ത് താഴെ വെച്ചു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

ആരും കണ്ടില്ലന്നാണ് വിചാരിച്ചത്. എന്നിട്ടിപ്പോള്‍!

സേതു! ഇവളിതെവിടുന്ന് വന്നു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

കൊച്ച് കാന്താരി നിന്നലറുന്നത് കണ്ടില്ലേ. ഒറ്റ വീക്ക് കൊടുക്കാനാണ് അപ്പുക്കുട്ടന് തോന്നിയത്. പക്ഷേ സഹചര്യത്തിന്റെ സമ്മര്‍ദ്ദം അതിനനുവദിച്ചില്ല.

അപ്പുക്കുട്ടന്‍ പഴം അവള്‍ക്ക് നേരേ നീട്ടി. കൊതിച്ചി. തീറ്റികാണാത്തത്പോലയല്ലേ അതകത്താക്കിയത്. അതുമാത്രമോ. ദേ, പിന്നേം നിന്ന് ചിണുങ്ങുന്നു.

“എനിക്കിനീം വേണം. അല്ലേ ഞാനച്ഛനോട് പറഞ്ഞ് കൊടുക്കും.” ഭീഷണിയാണ്.

അപ്പുക്കുട്ടന്‍ വീണ്ടും സ്റ്റൂളിന്റെ മുകളില്‍ കുടം കമഴ്ത്തി.

“ചേട്ടനും എടുത്ത് തിന്നോ. നല്ല രുചി.” അവള് നിന്ന് ചിരിക്കുന്നു.

അയ്യട എന്തൊരൌദാര്യം! ശരിയാണ്. എന്ത് രുചി! ഇതാണ് ഇക്കണ്ട നാട്ടുകാര് മുഴുവന്‍ തിന്നാന്‍ പോണത്.

“ചേട്ടാ എനിക്ക് മതി.” ചെമ്പ് കുടം പോലായ വയറും കാണിച്ചോണ്ട് സേത് പറഞ്ഞപ്പോഴാണ് അപ്പുക്കുട്ടന്‍ ശരിക്കും കുലയിലോട്ട് നോക്കിയത്.

കുല പകുതിയും കാലിയായിരിക്കുന്നു.

അന്ന് വൈകുന്നേരം കടക്കാരന്‍ രവിയുമായിട്ടാണ് അച്ഛനെത്തിയത്. അഴയ്ക്ക് പുറകിലെ ഇരുട്ടില്‍ നിന്നും അച്ഛന്‍ കുലയഴിച്ചെടുത്തു.

“പഴുത്തത് കൊണ്ടാരിക്കും കൊലയ്ക്കൊരു ഭാരക്കൊറവ്!” അച്ഛന്‍ കുലയെടുത്ത് പുറത്ത് കൊണ്ട് വന്നു.

കുലയെ പൊതിഞ്ഞിരുന്ന ചാക്ക് അഴിച്ച് മാറ്റി. അവിശ്വസനീയം! കുല പകുതിയായിരിക്കുന്നു.

മോഷണം. ശുദ്ധമോഷണം!

കടക്കാരന്‍ രവി നിന്ന് ചിരിക്കുന്നു.

“അപ്പുക്കുട്ടാ...” അച്ഛന്‍ ഉത്തരത്തീന്ന് ചൂരലെടുത്തു.

സേതുവപ്പോള്‍ വടക്കേ വെളിയില്‍ കുത്തിയിരിക്കുകയായിരുന്നു.

“ആര്‍ക്ക് വേണം അച്ഛന്റെ ഞാലിപ്പൂവന്‍? നല്ല ഒന്നാന്തരം പാളയം‌കോടനുള്ളപ്പോ ആര്‍ക്ക് വേണം ഞാലിപ്പൂവന്‍? വല്ല എലീം തിന്നതാരിക്കും.” അപ്പുക്കുട്ടന്‍ ഓടുകയായിരുന്നു.

“ശരിയാണച്ഛാ... അഴേടെ പൊറകിലേ നെറയേ എലിയാ...” സേതു ഇരുന്ന ഇരുപ്പില്‍ അപ്പുക്കുട്ടനെ ന്യായീകരിച്ചു.

“അപ്പോ രണ്ടാളും കൂടിയുള്ള പണിയാണല്ലേ?” അച്ഛന്‍ സേതുവിന്റെ നേരേ തിരിഞ്ഞു.

അവളപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലല്ലായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP