വാച്ചർ
Sunday, August 8, 2010
ആലിഞ്ചോട്ടിൽ ബസിറങ്ങിയാൽ കാലെടുത്ത് വെയ്ക്കുന്നത് കോമളാ എസ്റ്റേറ്റിലേയ്ക്കാണ്. അവിടെ റോഡരുകിൽ തന്നെ ഒരു വലിയ കറുത്തബോർഡ് വെച്ചിട്ടുണ്ട്. അതിൽ വെളുത്ത വലിയ അക്ഷരത്തിൽ ‘കോമളാ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്’ എന്നെഴുതിയിട്ടുണ്ട്. കോമളാ ടീ കമ്പനിയുടേത് വകയാണ് ഈ എസ്റ്റേറ്റ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കുറേ സ്ഥലം. കപ്പലുമാവുകളും, കാട്ടുചെടികളും കൂടാതെ കുറേ പൊട്ടക്കുളങ്ങളും മാത്രമല്ല അവിടെയുള്ളത്. എസ്റ്റേറ്റിന്റെ ഒത്ത നടുക്കായ് ഒരു വീടുണ്ട്. നല്ല ഉയരത്തിൽ തറകെട്ടിയിട്ടുള്ള ഓലമേഞ്ഞ ഒരു വലിയ വീട്. അവിടെയാണ് വാച്ചറും കുടുംബവും താമസിക്കുന്നത്. വാച്ചർക്കും കുടുംബത്തിനു ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ കമ്പനിയാണ് നൽകുന്നത്.സോപ്പ്,ചീപ്പ്, കണ്ണാടി തുടങ്ങി അരി, മുളക്,മല്ലി,കുളിക്കാനുള്ള തോർത്തുവരെ കമ്പനിയിൽ നിന്നും മാസാമാസം വാച്ചർക്ക് ശമ്പളത്തിന് പുറമേ മുടക്കം കൂടാതെ കിട്ടാറുണ്ട്.ഇതൊന്നും കൂടാതെ കപ്പലുമാവിൽ നിന്നും കിട്ടുന്ന കശുവണ്ടി, തെങ്ങിൽ നിന്നുമുള്ള ഓല,മടൽ,കൊതുമ്പ് തുടങ്ങി എല്ലാം വാച്ചറുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളായിരുന്നു. പറമ്പിൽ നിന്നുമുള്ള വരുമാനം കമ്പനിയിൽ അടയ്ക്കുമെന്നും ഇല്ലെന്നും ജനസംസാരം ഉണ്ട്. എന്തായാലും എല്ലാമാസവും ഒന്നാം തീയതി വാച്ചർ എറണാകുളത്തേയ്ക്ക് പോകും. അവിടെയാണ് കോമളാ ടീ കമ്പനിയുടെ ഹെഡ് ഓഫീസ്. ശമ്പളം വാങ്ങാനാണ് വാച്ചർ എറണാകുളത്തേയ്ക്ക് പോകുന്നതെന്ന് പറച്ചിലുണ്ട്. ശമ്പളം വാങ്ങുന്നതിനോടൊപ്പം എസ്റ്റേറ്റിലെ വരുമാനം ഹെഡ് ഓഫീസിൽ ബോധിപ്പിക്കുകയും ചെയ്യുന്നുണ്ടന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ സത്യം വാച്ചർക്ക് മാത്രമേ അറിയൂ. ചിലപ്പോൾ വാച്ചറുടെ ഭാര്യയ്ക്കും അറിയാമായിരിക്കാം.
എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം വാങ്ങിയിട്ടിരിക്കുന്നതെന്ന് ആർക്കുമറിയില്ല. “നമ്മളെ ഏപ്പിച്ച പണിയങ്ങ് ചെയ്താപോരേ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കുന്നത്?” വാച്ചറോട് ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും. സത്യത്തിൽ വാച്ചർക്കും അറിയില്ല എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം ഈ കുഗ്രാമത്തിൽവാങ്ങിയിട്ടിരിക്കുന്നതെന്ന്. ടാക്സ് വെട്ടിക്കാനാണന്ന് ചിലരൊക്കെ പറയുന്നുണ്ട്. ‘വാച്ചറുടെ ഭാഗ്യം’ അങ്ങനേയും ചിലർ പറയുന്നുണ്ട്.
റോഡിൽ നിന്നും കമ്പനിയുടെ നടുക്കുകൂടിയുള്ള വലിയ വഴിയിലൂടെയാണ് നാട്ടുകാർ ചന്തയിലേയ്ക്ക് പോകുന്നതും വരുന്നതും. സന്ധ്യകഴിഞ്ഞാൽ ആരും അതുവഴി നടക്കാറില്ല. ഷഡ്ഡിക്കാരും കഞ്ചാവുകാരുടെയുമെല്ലാം കപ്പലുമാവിൻ കാട്ടിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. പറയപ്പെടുന്നതല്ല. അത് ശരിയുമാണ്. ഒറ്റയ്ക്ക് രാത്രി അതുവഴി നടന്നുവരുന്ന പലരേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കഥ പലതാണ്. വാച്ചറും കുടുംബവും രാത്രി പുറത്തിറങ്ങാറില്ല.അവർക്കും പേടിയാണ്. ഒരുദിവസം രാത്രി മീൻകഴുകാൻ പുറത്തിറങ്ങിയ വാച്ചറുടെ മകൾ മോഹിനിയെ ഷഡ്ഡിക്കാർ പിടിച്ചതാണ്. മോഹിനിയ്ക്ക് നല്ലവണ്ണം കരയാൻ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു. കരച്ചിൽകേട്ട് ഓടി വന്ന വാച്ചർ കണ്ടത് ബോധംകെട്ട് വാഴച്ചോട്ടിൽ കിടക്കുന്ന മോഹിനിയെ ആണ്. തോക്കിനായ് കമ്പനിയിൽ അപേക്ഷകൊടുത്തിട്ടുന്നാണ് അതിൽ പിന്നെ വാച്ചർ നാട്ടുകാരോട് പറഞ്ഞത്.
“പോലീസിനെ പിടിക്കുന്ന കള്ളനുള്ള നാട്ടിൽ സായിപ്പിന്റെ തോക്ക് തന്നെ വേണമെന്ന്“ ചകിരിപിരിച്ചുകൊണ്ടിരുന്ന മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.
പകൽ സമയത്ത് ചീട്ടുകളിക്കാരുടെ ബഹളമാണ് എസ്റ്റേറ്റിലെ കപ്പലുമാഞ്ചോട്ടിൽ. നാട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടങ്കിലും വാച്ചർക്ക് അതിഷ്ടമുള്ള കാര്യമാണ്. എന്തെന്നാൽ കളിയൊന്നുക്ക് ഒരു രൂപ വെച്ചാണ് വാച്ചർക്ക് കിട്ടുന്നത്.
“ഒരു ദെവസം എത്ര രൂപ അങ്ങേർക്ക് കിട്ടും?” ഒരു ദിവസം മീനാക്ഷി അമ്മായി വാച്ചറുടെ വരുമാനം കണക്കുകൂട്ടാൻ ശ്രമം നടത്തിയിരുന്നു.
“എത്രേങ്കിലും കിട്ടട്ടേന്ന്. നമ്മക്ക് അതിലേ വഴിനടക്കാനെങ്കിലും പറ്റണൊണ്ടല്ലോ. കൂടുതൽ അങ്ങേരുടെ മെക്കിട്ട് കേറാൻ പോയാൽ ഒള്ള വഴികൂടെ ഇല്ലാണ്ടാവും.” വിലാസിനിചിറ്റയുടെ കാര്യകാരണബോധം ചർച്ച അവിടെ അവസാനിപ്പിച്ചു.
നാട്ടുകാർ ഇടപെട്ടില്ലെങ്കിലും കോമളാ എസ്റ്റേറ്റിലെ ചീട്ടുകളി അവസാനിച്ചു. അവസാനിപ്പിക്കേണ്ടതായ് വന്നു എന്ന് പറയുന്നതാവും ശരി. അത് പോലീസുകാരന്റെ വായിൽ സമന്തൻ മൂത്രമൊഴിച്ചതോടെയാണ് സംഭവിച്ചത്. വിഷയം മാഞ്ചോട്ടിൽ മീനാക്ഷിയമ്മയുടെ ചർച്ചയ്ക്കായി എത്തി.
പോലീസുകാരന്റെ വായിൽ മൂത്രമൊഴിക്കുകയോ? മീനാക്ഷി അമ്മായിയ്ക്ക് ഭയങ്കര അത്ഭുതമായിരുന്നു.
“ഓ, അതിനവൻ വേണമെന്ന് പറഞ്ഞ് ചെയ്തതാണോ? പേടിച്ച് പറ്റിപ്പോയതല്ലേ?” വിലാസിനിച്ചിറ്റയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.
പോലീസ് വണ്ടീടെ ശബ്ദം കേൾക്കേണ്ട താമസം ചീട്ടുകളിക്കാർ ചിതറി ഓടി. സമന്തനോടി റോട്ടിറമ്പിലെ വല്ല്യ മാവിന്മേൽ കേറി. സമന്തന്റെ ഭാഗ്യക്കേടന്നല്ലാതെന്തുപറയാൻ! പോലീസുകാര് വന്നെറങ്ങീതും മാഞ്ചോട്ടിൽ!
പിന്നെയല്ലേ രസം. സമന്തന്റെ കാലുകൾ വിറച്ചു. മാങ്കൊമ്പുകൾ കുലുങ്ങി. കടുവ ദാമു മുകളിലോട്ട് നോക്കി.
ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് സമന്തൻ മുഖം മറയ്ക്കാൻ ഒരു ശ്രമമൊക്കെ നോക്കി. വല്ല രക്ഷയുമുണ്ടോ? കടുവയല്ലേ താഴേ!
“നീ ഇങ്ങോട്ടിറങ്ങണോ അതോ ഞാനങ്ങോട്ട് വരണോ?” കടുവ വായും പൊളിച്ച് നിൽക്കുവാണ് മുകളിലോട്ടും നോക്കി. നോട്ടം കണ്ടാൽ സമന്തനെ ഇപ്പം കടിച്ചുകീറുമെന്ന് തോന്നും. സമന്തന്റെ മുട്ടിടിച്ചു. മുട്ടിടിയോടൊപ്പം നിക്കറും നനഞ്ഞു. നല്ല ഉന്നം! കടുവായുടെ വായും നനഞ്ഞു. പിന്നെ ഒന്നും പറയേണ്ടല്ലോ. പോലീസുകാരനെ മൂത്രം കുടിപ്പിച്ചവനെ അവരും കുടിപ്പിച്ചു മൂത്രം.
“സമന്തന്റെ കട്ടു കലങ്ങി” എന്നാണ് മീനാക്ഷി അമ്മായിപറഞ്ഞത്. ചീട്ടുകളിക്ക് അവസരം ഉണ്ടാക്കുന്നതും കുറ്റമാണ്. വാച്ചറേം പോലീസുകാർ ജീപ്പിൽ കേറ്റി കൊണ്ടുപോയി.വാച്ചറെ പോലീസ് ഒന്നും ചെയ്തില്ലന്നാണ് വാച്ചറുടെ ഭാര്യ പറഞ്ഞത്.
“അയാള് ചീട്ടുകളിക്കാരുടെ കൈയ്യീന്ന് വാങ്ങിയ കാശ് മൊത്തം പോലീസിന് കൊടുത്തുകാണും. കൈക്കൂലികൊടുത്താൽ ഏതുപോലീസാ വീഴാത്തത്.” മീനാക്ഷി അമ്മായി പെണ്ണുങ്ങളോട് അങ്ങനെയാണ് പറഞ്ഞത്.
സ്റ്റേഷനീന്ന് വന്നുകഴിഞ്ഞ് വാച്ചർ ഭീഷണി മുഴക്കാൻ തുടങ്ങി. നാട്ടുകാർ ആരോ ഒറ്റിക്കൊടുത്തതുകൊണ്ടാണ് പോലീസ് വന്നതെന്നും ചീട്ടുകളി നിർത്തേണ്ടതായ് വന്നതെന്നും വാച്ചർ വിശ്വസിച്ചു. വെറും വിശ്വാസമല്ല. ഉറച്ച വിശ്വാസം.“നന്ദിയില്ലാത്ത വർഗം. ഞാനൊറ്റൊരാള് കാരണമാ നീയൊക്കെ ഇതിലെ വഴി നടക്കണത്. അറിയുമോ? എന്നിട്ടും ഒറ്റിക്കൊടുക്കുകെന്നാൽ...കമ്പനീല് റിപ്പോർട്ട് ചെയ്ത് മൊത്തം മുള്ളുവേലി കെട്ടിക്കും ഇവിടെ ഞാൻ. പിന്നെക്കാണാമല്ലോ നീയൊക്കെ വഴി നടക്കണത്.”
“അയാളവിടെ മുള്ളുവേലി കെട്ടിക്കും നോക്കിക്കോ. ഇനി ചന്തേ പോണേ നമ്മ ലോകം ചുറ്റി പോണ്ടി വരും.” മീനാക്ഷി അമ്മായി തന്റെ സങ്കടം മറ്റു പെണ്ണുങ്ങളെ അറിയിച്ചു. വിലാസിനി ചിറ്റയും അതു സമ്മതിച്ചു.
“വേലി കെട്ടിയാൽ പൊളിക്കാൻ പറ്റുകേലേ?” അമ്മ പിരിച്ച കയർ മാടിക്കെട്ടിക്കൊണ്ടിരുന്ന അപ്പുക്കുട്ടന്റെ സംശയമതായിരുന്നു.
“ചെല്ല്... ചെല്ല്... കമ്പനിക്കാര് നെന്നേം നെന്റെ അച്ഛനേം പൊക്കി സ്റ്റേഷനിലിടും.” മീനാക്ഷി അമ്മായി അതുപറഞ്ഞപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ സമന്തനായിരുന്നു. പാവം സമന്തൻ! ഇപ്പം നടക്കാൻ പോലും പറ്റുന്നില്ലന്നാണ് പറഞ്ഞുകേക്കുന്നത്. മുള്ളുമ്പോ ചോരയാണത്രെ വരുന്നത്.
അപ്പുക്കുട്ടൻ എണീറ്റ് നടന്നു. കോമളാ എസ്റ്റേറ്റിലേയ്ക്ക്...
ആ നടപ്പ് ചെന്ന് നിന്നത് വാച്ചറുടെ വീടിന്റെ മുന്നിലാണ്. വാച്ചറപ്പോൾ വാതുക്കലെ കോച്ചിയിൽ കിടക്കുകയായിരുന്നു.സാധാരണയിലധികം പൊക്കവും മെലിഞ്ഞ് കോലൻ മുഖവുള്ള വാച്ചറുടെ മുഖത്ത് നിറയെ മറുകുകളാണ്.സംസാരിക്കുമ്പോൾ വിക്കുമുണ്ട്. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ആദ്യം കീഴ്ത്താടി ടക്.ടക് എന്ന് ഒന്ന് രണ്ടുതവണ അടിക്കും.പിന്നെ തൊണ്ടയിൽ നിന്നും ഒരു മുക്കലും ചീറ്റലുമൊക്കെ കഴിഞ്ഞേ അക്ഷരങ്ങൾ ഓരോന്നായി പുറത്തുവരൂ.
വാച്ചർ അപ്പുക്കുട്ടനെ കണ്ടു. കീഴ്ത്താടി രണ്ടു തവണ മുകളിലും താഴേയ്ക്കും ചലിച്ചു.
“എന്താടാ.?”
“മുള്ളുവേലി കെട്ടുവോ?”
“ങേ...” വാച്ചറുടെ പുരികം മുകളിലോട്ട് വളഞ്ഞു.
“മണ്ടൻ...എന്തിനാ വെറുതേ...ചീട്ടുകളിക്കാരുടെ കൈയീന്ന് പൈസ കൂടുതല് വാങ്ങ്. കൊറച്ച് പോലീസിനും കൊടുക്കെന്നേ...” ബട്ടൺ വിട്ടുപോയ നിക്കറും ചുരുട്ടിപിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ ഓടി.
കൃത്യം ഒരാഴ്ചയ്ക്ക് ശേഷം കോമളാ എസ്റ്റേറ്റിൽ ചീട്ടുകളി വീണ്ടും തുടങ്ങി.
“ഇവനൊക്കെ എത്ര കൊണ്ടാലും പഠിക്കേലന്നേ...” മീനാക്ഷി അമ്മായി ചകിരി അമർത്തി തിരുമ്മിക്കൊണ്ടിരുന്നു.