Followers

കോടതിയിലെ കാമുകി

Sunday, June 9, 2019

കോടതിമുറിയിൽ കറുത്തകോട്ടിട്ട വക്കീലന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്റ്റേജ് പോലെ ഉയർത്തിക്കെട്ടിയ ഒരു സ്ഥലത്ത് ഉയർന്ന ഒരു കസേരയിൽ മിനുസമുള്ള ,ഭംഗിയുള്ള കഷണ്ടിയുള്ള ജഡ്ജ് മൂക്കിന്റെ അറ്റത്ത് വെച്ചിരുന്ന കണ്ണടയുടെ മുകളിലൂടെ ആയാസപ്പെട്ട് വക്കീലന്മാരെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ജഡ്ജിന്റെ മുന്നിൽ പ്ലാറ്റ്ഫോമിന്റെ താഴെ
നിന്നിരുന്ന നന്നേ മെലിഞ്ഞ ഒരാൾ നീളത്തിൽ മടക്കിയ കടലാസുകൾ ഒന്നൊന്നായ് ജഡ്ജിന് കൊടുത്തുകൊണ്ടിരുന്നു.
മടക്കിയ കടലാസുകൾ നോക്കി ജഡ്ജ് എന്തൊക്കൊയോ ചോദിക്കുന്നു. വക്കീലന്മാർ അവിടുന്നും ഇവിടുന്നുമൊക്കെ ഓരോരുത്തരായ് എഴുന്നേറ്റ് എന്തൊക്കൊയോ മറുപടി പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ ആദ്യമായിട്ടാണ് കോടതിയിൽ വരുന്നതും കോടതി നടപടികൾ കാണുന്നതും. അതുകൊണ്ട് തന്നെ തുടക്കത്തിൽ ഒരു
പരിഭ്രമമൊക്കെ ഉണ്ടായിരുന്നു. ചെറിയൊരു പേടിയോടെയാണ് കോടതിനടപടികൾ ഹാളിന്റെ ഏറ്റവും പുറകിലെ വാതിൽക്കൽ നിന്നും കണ്ടുകൊണ്ടിരുന്നത്! സിനിമയിൽ കണ്ടിട്ടുള്ള ഒരു കോടതിയായിരുന്നു എന്റെ മനസ്സിൽ...ഇവിടെ....
കഷണ്ടിയിലൂടെ ഉർന്നിറങ്ങുന്ന വിയർപ്പുകണങ്ങളെ കൂടെക്കൂടെ തൂവാലയാൽ തുടച്ച്കൊണ്ടിരിക്കുന്ന സുന്ദരനല്ലാത്തൊരു ജഡ്ജ്!
കറുത്തനീളൻ കോട്ടിട്ട്, ജഡ്ജിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാനെന്നോണം ബുദ്ധിമുട്ടി എണീറ്റ്, പിന്നെ വെട്ടിയിട്ട വാഴപോലെ താഴേക്ക് വീണിരിക്കുന്ന വക്കീലക്കൂട്ടം! ഹാളിന്റെ പുറകിൽ നിന്നിരുന്നത്കൊണ്ട് ജഡ്ജ് പറയുന്നതോ
വക്കീലന്മാരുടെ മറുപടിയോ ഒന്നും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.തുറന്നുകിടന്നിരുന്ന വാതിലുകളിലൂടെ
ഇരമ്പിയിറങ്ങുന്ന കാറ്റിലൂടെ കോടതി നടപടികൾ ഒരു മുഴക്കം മാത്രമായി എന്റെ കാതുകളിൽ...
മെയ് മാസ ചുടിൽ ശീതീകരണ സംവിധാനമൊന്നുമില്ലാത്ത കോടതി മുറികളിൽ വക്കീലന്മാർ മാത്രം....കറുത്തകോട്ടിട്ട പ്രേതരൂപങ്ങൾ പോലെ...ഇവിടെ ശരിയായ ഒരു വിചാരണയുണ്ടാവുമോ? ശരിയായ ഒരു വാദമുണ്ടാവുമോ? ശരിയായ ഒരു വിധി പ്രസ്താവമുണ്ടാവുമോ?...ചൂടിൽ നിന്നും രക്ഷപ്പെടാനെന്നോണം വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളെ നോക്കി ഞാൻ ചിരിച്ചു...

രാവിലെ പതിനൊന്നു മണിയോട് അടുത്ത് കോടതിയിൽ  എത്തണമെന്നായിരുന്നു വക്കീൽ പറഞ്ഞിരുന്നത്. വർഷങ്ങൾക്ക്
മുൻപ് ഭാര്യാമാതാവിനുണ്ടായ ഒരു വാഹാനാപകടത്തിന്റെ ക്ലെയിം സംബന്ധിച്ചായിരുന്നു അത്. പറഞ്ഞ സമയത്തിന് മുന്നേ
തന്നെ എത്തി...കോടതിയുടെ മുന്നിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.അടുക്കും ചിട്ടയുമൊന്നുമില്ലാതെ!
‘ഡിസ്ട്രിക് മജിസ്ട്രേറ്റ്’ എന്ന ബോർഡ് വെച്ച പഴയൊരു അംബാസഡർ കാറിനെ മൊത്തതിൽ അവഗണിച്ച്കൊണ്ട് വിലങ്ങനെയിട്ടിരുന്ന കുറേ വിലകൂടിയ വിദേശകാറുകൾ!
മജിസ്ട്രേറ്റിന് അത്യാവശ്യം കാറൊന്നു പുറത്തെടുക്കേണ്ടി വന്നാൽ പണിപ്പെട്ടതു തന്നെ...

കോടതിയെന്നാൽ ഇങ്ങനെയൊക്കെയും ആകാം എന്നൊരു ബോധം മനസ്സിൽ വരുത്തിക്കൊണ്ട് വരാന്തയിലേയ്ക്ക് കയറി. മെലിഞ്ഞ് നീളമുള്ള കഷണ്ടി കയറിയ തലയുടെ ഒത്ത മധ്യത്തിലായ്, വൃത്തിയായ് പുറകിലേയ്ക്ക് ചീകി വെച്ചിരിക്കുന്ന മൂന്ന് നരച്ച് മുടിയിഴകളുള്ള അവശനായ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു... വക്കീൽ ഗുമസ്തൻ...
വക്കീൽ ഒന്നും തരാറില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. അപ്പോഴത്തേക്കും ഭാര്യാപിതാവിന്റെ ശബ്ദം.
“ദാ, ആ കിടക്കുന്ന ബെൻസ് കാറു കണ്ടോ...പുതിയതാ...നമ്മടെ വക്കീലിന്റെയാ. ആള്  ഭയങ്കര കഴുത്തറുപ്പാ...കോടികളാ ആസ്തി...ചങ്ങനാശേരിയിലെ ബംഗ്ലാവൊന്നുകാണണം...”
ബംഗ്ലാവ് കഥ അത്ര സുഖിക്കാത്ത മട്ടിൽ ഗുമസ്തൻ അലക്ഷ്യമായി മടക്കിയൊരു പേപ്പർ കൈയിൽ തന്നിട്ട് പറഞ്ഞു.
“കാത്തിരിക്കൂ, വിളിക്കും. ഒപ്പിട്ട് കൊടുത്ത് ചെക്ക്  വാങ്ങിക്കോ...”
ഭാര്യയും അച്‌ഛനും കൂടെ പുറത്തേക്കിറങ്ങി. ഞാൻ വരാന്തയിലെ ബെഞ്ചിലിരുന്നു.
ഉച്ച ചൂടിൽ നന്നായി വിയർക്കുന്നുണ്ടായിരുന്നെങ്കിലും, യാത്രാക്ഷീണം കൊണ്ടായിരിക്കാം എന്റെ കണ്ണുകൾ അടഞ്ഞുപൊയ്ക്കൊണ്ടിരുന്നു.കഴുത്തൊടിഞ്ഞ കോഴിയുടെ തലപോലെ ഇടയ്ക്കിടയ്ക്ക് നിയന്ത്രണം വിട്ട് വീണുകൊണ്ടിരുന്ന തല ആയാസപ്പെട്ട്  നേരേ നിർത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. എതിരേ ഇരുന്ന പെൺകുട്ടി
ചിരിയടക്കാനാവാതെ വായ  മൂടിപ്പിടിക്കുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല.
വീണുപോയ തലയെ പൊക്കിയെടുക്കാനുള്ള ശ്രമത്തിനിടയിൽ ഒരു തവണ ഞാൻ കണ്ടു...
അവൾ!
തലകുടഞ്ഞ് ഞാൻ വീണ്ടും നോക്കി...അതേ.  അവൾ തന്നെ...
പാവാടയിൽ നിന്നും സാരിയിലേയ്ക്ക് മാറിയിരിക്കുന്നു...പച്ച ബ്ലൌസും പാവാടയും മാറി പച്ച കോട്ടൺ സാരി...അവളുടെ ഇഷ്ടനിറം... കാലം മൂക്കിനുമുകളിൽ ഒരു കറുത്ത വലിയ കണ്ണട വെച്ചിരിക്കുന്നു.നെറ്റിയിലെ ചുമന്ന വട്ടപ്പൊട്ടിന് ഇന്നുമൊരുമാറ്റമില്ല.
ഞാൻ ഇരുന്നിരുന്ന ബെഞ്ചിൽ നിന്നും കുറച്ച് ദൂരെയായാണ് അവൾ നിന്നിരുന്നത്. കയ്യിൽ ഒരു വലിയ ഫയൽ ഉണ്ട്. ചിലപ്പോൾ ഇവിടെ ജോലി ആയിരിക്കാം. എഴുന്നേറ്റ് ചെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പഴയ ഓർമ്മകൾ പുതുക്കണമെന്നുണ്ടായിരുന്നു...കല്യാണം കഴിഞ്ഞോ?
കുട്ടികളുണ്ടോ? ജീവിതമെങ്ങനുണ്ട്? എവിടെയാണ് താമസം? ചോദ്യങ്ങൾ ഒന്നൊന്നായ് മനസ്സിലേറി വന്ന് പൊയ്ക്കൊണ്ടിരുന്നു.
പക്ഷേ മനസ്സുവന്നില്ല. പണ്ടേ ഞാൻ ഇങ്ങനെ തന്നെയായിരുന്നു എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ചോദിക്കേണ്ട സമയത്ത് ഒന്നും ചോദിക്കില്ല...പറയേണ്ട സമയത്ത് ഒന്നും പറയില്ല...
മുപ്പത്തഞ്ച് വർഷങ്ങൾക്കിപ്പുറത്ത് ഇനിയെന്ത് മാറാൻ...
ഞാൻ അവളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇമ വെട്ടാതെ...നരകേറാത്ത കറുത്ത് ചുരുണ്ട മുടിയിഴകളിൽ പണ്ടേ പോലെ തന്നെ ഇപ്പോഴുമുണ്ട് ഒരു തുളസിക്കതിർ...
സംസാരിക്കുമ്പോൾ തെളിയുന്ന അവളുടെ നുണക്കുഴിക്ക് പണ്ടേക്കൾ ഭംഗി!
ഇടയ്ക്ക് എന്റെ നോട്ടം എതിരേ ഇരുന്ന പെൺകുട്ടിയിലേയ്ക്ക് മാറി. ഒടിഞ്ഞ് വീഴുന്ന എന്റെ പിടലി കണ്ട് രസിച്ചിരുന്ന പെൺകുട്ടിയിൽ ഒരു അവജ്ഞ ഭാവം! പരസ്ത്രീയെ പരിസരബോധമില്ല്ലാതെ തുറിച്ച് നോക്കുന്ന വഷളനോടെന്നപോലെ...
ഞാൻ പതുക്കെ ബെഞ്ചിൽ നിന്നും എണീറ്റു.
മനസ്സിൽ വീണ്ടും വീണ്ടും പറഞ്ഞുറപ്പിച്ചു. ഇന്നു ഞാൻ ഭീരുവായൊരു കൌമാരക്കാരനല്ല. വർഷങ്ങൾ തേച്ചുവിളക്കിയ ഒരു മധ്യവയസ്കനാണ്...പക്വതയുള്ളവനാണ്...കുടുംബബന്ധങ്ങളിൽ  ബന്ധിതനായവനാണ്! എന്തിന് ഭീരുവാകണം! ഒരു
കുശലാന്വേഷണം...സൌഹൃദം പുതുക്കൽ...അതിലെന്താണ് തെറ്റ്...എന്റെ കാലുകൾ മുന്നോട്ട് നീങ്ങി..
സ്റ്റെപ്പ് കേറി അവൾ മുകളിലോട്ട് പോകുന്നു...
ഒരുവേള ഞാൻ അനിശ്ചിതത്തിൽ നിന്നു.
അപ്പോൾ പുറകിൽ ഭാര്യയുടെ ശബ്ദം. “പിന്നേ ചെക്ക് കിട്ടി. എളുപ്പം ബാങ്കിൽ കൊടുത്തില്ലേൽ ഒരു ദിവസം പോയിക്കിട്ടും.”
കുറച്ച് ദൂരേയ്ക്ക് മാറിയിട്ട് ഫോണേടുത്ത് ഞാൻ സന്തോഷിനെ, കാലങ്ങൾ സാക്ഷിയായ എന്റെ സുഹൃത്തിനെ വിളിച്ചു.

“എടാ, ഞാനവളെ കണ്ടു. മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം!”
“എന്നിട്ട് നീ വല്ലതും മിണ്ടിയോ?”
“ഇല്ല.”
“എനിക്കറിയാമെടാ, നീ മാറത്തില്ലടാ”
അവന്റെ ശബ്ദത്തിൽ പരിഭവമായിരുന്നോ?

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP