Followers

പരിണാമം

Friday, August 8, 2014


അപ്പുക്കുട്ടൻ ഉറക്കമെണീറ്റ്‌ വരുന്നതേ ഉണ്ടായിരുന്നുള്ളു.അപ്പോഴത്തേക്കും മാഞ്ചുവട്‌ കമ്മറ്റി തുടങ്ങിയിരുന്നു.പതിവ്‌ അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ട്‌. അമ്മ, വിലാസിനിചിറ്റ,മീനാക്ഷി അമ്മായി തുടങ്ങി കുറച്ചധികം പേരുണ്ട്‌.
ഇന്നത്തെ ചർച്ച എന്താണാവോ? അപ്പുക്കുട്ടൻ ശ്രദ്ധിച്ചു.
“ഇനി എന്തൊക്കെയാകുമോ പുകില്‌! നെഴലു കണ്ട്‌ പേടിക്കണവനാ...കെട്ടുകൂടി കഴിഞ്ഞാൽ രസായിരിക്കും...” മീനാക്ഷി അമ്മായി ആണ്‌ ചർച്ച നയിക്കുന്നത്‌.
കഴിഞ്ഞാഴ്ചത്ത സംഭവമറിഞ്ഞാരുന്നോ? അമ്മ കമ്മറ്റിക്കാരെ നോക്കി ചോദിക്കുന്നു. ഇതെന്തോ പുതിയ വിഷയം തന്നെ. എല്ലാരും പണിയൊക്കെ നിർത്തി അമ്മയുടെ അടുത്തേയ്ക്ക്‌ കൂടി.
“എന്താടീ?...”മീനാക്ഷി അമ്മായി തുണിയേൽ പിടിച്ചിരിക്കുന്ന ചകിരിച്ചോറെല്ലാം കൈകൊണ്ട്‌ തട്ടി മാറ്റി എഴുന്നേറ്റു.
അമ്മയ്ക്ക്‌ ഉൽസാഹമായി.
“കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏകദേശം എട്ടുമണിയായ്ക്കാണും. തെക്കേലെ കുട്ടന്റെ കറുത്ത അംബാസഡറിന്റെ ഒച്ച റോഡില്‌... കാറ്‌ വന്നതും... ദേ വരുന്നു...”
“എന്തോന്ന്‌?” മീനാക്ഷി അമ്മായിയ്ക്ക്‌ വാർത്ത കേൾക്കാനായ്‌ എന്തോന്നില്ലാത്ത താല്പര്യം.
“എന്റെ അമ്മായി, ഞാനതാ പറഞ്ഞു വരുന്നേ.”
“നീയീ സിനിമാക്കഥ പറയണപോലെ പറയാതെ...മനുഷേനിവിടെ മുള്ളിന്മേലാ നിക്കണത്‌.”
അപ്പുക്കുട്ടന്‌ ചിരി വന്നു. അവൻ കൈകൊണ്ട്‌ വാ പൊത്തി.
അമ്മ തുടർന്നു.“നമ്മടെ മധൂനേം പൊക്കിക്കൊണ്ട്‌ വരണു വീട്ടുകാർ! രണ്ട്പേര്‌ കാലേല്‌. രണ്ട്‌ പേര്‌ കൈയേല്‌...എന്നെക്കണ്ടതും അവർക്കൊക്കെ ഒരു ഇത്‌...”
“ഏത്‌?” മീനാക്ഷി അമ്മായി പിന്നേയും ഇടേക്കേറി.
“അതു തന്നെയാണ്‌ ഞാൻ പറയണതെന്റമ്മായീ...” 'അമ്മായീ' എന്ന വിളിക്ക്‌ വല്ലാത്ത ഒരു കനം!
എല്ലാം നശിപ്പിക്കും. അപ്പുക്കുട്ടൻ വിചാരിച്ചു. അമ്മയ്ക്ക്‌ ദേഷ്യം വന്നാൽ പിന്നെ കഥയുടെ ബാക്കി ഇന്നുകേൾക്കാൻ പറ്റില്ല.
“ഓ...ഞാനറിയാതെ ചോദിച്ചുപോയതാണേ...നീ ബാക്കി പറ.”മീനാക്ഷി അമ്മായി ചകിരി എല്ലാം പെറുക്കി ചാക്കിലാക്കുന്നു. ഇന്നത്തെ പണി നിർത്താനുള്ള പോക്കാണന്ന്‌ തോന്നുന്നു.
അമ്മ തുടർന്നു.“മധൂന്‌ വീണ്ടും ബോധക്കേട്‌...മൂത്രമൊഴിക്കാൻ പൊറത്തെറങ്ങിയതാ..എലിയോ പാറ്റയോ ഓലേടെടേക്കൂടി ഓടി...പോരേ...ആള്‌ ദേ കെടക്കണ്‌ വെട്ടിയിട്ട വാഴപോലെ... ആശൂത്രീപ്പോയി സൂസിനേഴ്സിന്റെ കുത്ത്‌ കിട്ടിയപ്പോ ബോധം വന്നു.”
“എന്റെ ബലമായ സംശയം ഇത്‌ സൂസിനേഴ്സിന്റടുത്ത്‌ പോകാനുള്ള വേലയാണോന്നാ...” വിലാസിനി ചിറ്റ വെറും സംശയം പ്രകടിപ്പിച്ചു.
“ആ ആർക്കറിയാം.എന്തായാലും സംഗതി പരമരഹസ്യാ...ഞാൻ മാത്രേ കണ്ടുള്ളു...ആരോടും പറഞ്ഞേക്കല്ലേ...അടുത്താഴ്ച പെണ്ണു വന്നുകേറേണ്ട വീടാ...നമ്മളായിട്ട്‌ ഒരു കൊഴപ്പോം വരുത്തരുത്‌.” അമ്മയുടെ അഭ്യർത്ഥന കമ്മറ്റി അംഗങ്ങൾ തലകുലുക്കി സമ്മതിച്ചു! പെണ്ണുങ്ങൾ അവരുടെ വഴിക്ക്‌ പിരിഞ്ഞു.

അപ്പുക്കുട്ടൻ എണീറ്റ്‌ കുളിക്കടവിലേയ്ക്ക്‌ നടന്നു.ഇനീം കെടന്നുറങ്ങിയാൽ അമ്മയുടെ കസർത്ത്‌ അപ്പുക്കുട്ടന്റെ മേത്താവും!
നാട്ടിൽ പശുമോഷണം കൂടിയിരിക്കുന്നു. അതാണ്‌ കുളിക്കടവിലെ ചർച്ച. ഇന്നലെ കണാരൻ മൂപ്പന്റെ ജേഴ്സി പശു കള്ളന്റെ കൂടെ പോയി.
“ഇക്കാലത്തെ പശുക്കള്‌ പോലും ചെല പെമ്പിള്ളാരെപ്പോലെയാ...വിളിക്കണവന്റെ കൂടെപോകും.”ന്യൂസ്‌ വർക്കി പറഞ്ഞത്‌ വേലാണ്ടിക്ക്‌ ഇഷ്ടപ്പെട്ടില്ല!
‘അത്‌ താനാർക്കിട്ടോ താങ്ങിയതല്ലേ?“ കഴിഞ്ഞാഴ്ച കുറുപ്പിന്റെ മോളൊരുത്തന്റെ കൂടെ എറങ്ങിപ്പോയതിനെയാണ്‌ ന്യൂസ്‌ വർക്കി സൂചിപ്പിച്ചത്‌.
”പെണ്ണൊരുത്തി ഇഷ്ടപ്പെട്ടോന്റെ കൂടെപ്പോക്കുന്നതിനെന്താ തെറ്റ്‌?“അച്ഛന്റെ ചോദ്യം അപ്പുക്കുട്ടനിഷ്ടപ്പെട്ടു.
രാജേശ്വരീടെ കഴുത്തേക്കെടക്കണ പുത്തൻ പളുങ്ക്‌ മാലയും ചുരുണ്ട മുടി ഒതുക്കി വെച്ചിരിക്കുന്ന കറുത്ത സ്ളൈഡും അവന്റെ ഓർമ്മയിൽ വന്നു.സ്ളിഡിനിടയിൽ ചൂടി വെച്ചിരിക്കുന്ന വാടാമലർ പൂവിന്‌  അവളുടത്രയും മണമില്ല!
”ഈ പുരോഗമനവാദമൊക്കെ ഇപ്പോക്കാണും. തന്റെ പിള്ളേരെല്ലാം ഊപ്പകളല്ലേ ഇപ്പോ. കല്യാണപ്രായാവട്ടെ അപ്പോക്കാണാം.“
 ന്യൂസ്‌ വർക്കി അപ്പുക്കുട്ടനെം സേതൂനേം ’ഊപ്പ‘ എന്ന്‌ വിളിച്ചിരിക്കുന്നു! അവനതിഷ്ടപ്പെട്ടില്ല.പരസ്യമായ ആക്ഷേപം! അഞ്ചുകണ്ണനോട്‌ പറഞ്ഞ്‌ അയാളുടെ സൈക്കിളിന്റെ കാറ്റ്‌ ഊരിവിടണം. കട്ടായം!

“ഈ പശുക്കൾക്കൊക്കെ ഒന്ന്‌ കാറിയാലെന്താ? ആരെങ്കിലുമൊക്കെ എണീറ്റാൽ കള്ളനെ പിടിക്കാൻ പറ്റുമല്ലോ.” ഏതിനും കുറ്റം കണ്ടുപിടിക്കുന്ന പണിക്കര്‌ പശുവിനേയും വെറുതേ വിടുന്നില്ല..
“അതിന്‌ പശൂന്‌ ബോധോണ്ടായിട്ട്‌ വേണ്ടേ! പുല്ലിൽ മയക്ക്‌ മരുന്ന്‌ പെരട്ടിക്കൊടുത്താ എങ്ങനെ കാറാനാ അവറ്റകള്‌...” വേലാണ്ടി വിശദീകരിച്ചു.
“നമ്മടെ മധൂനും പശുവൊള്ളതാ...അവനാണേ, ഇരുട്ടിയാ പൊറത്തെറങ്ങില്ല. അതിനെയെങ്ങാനും കള്ളൻ കൊണ്ടുപോയാൽ പിള്ളാരുടേ പാലുകുടി മുട്ടും.” അച്ഛൻ ആ പറഞ്ഞത്‌ ശരിയാണന്ന്‌ അപ്പുക്കുട്ടനും തോന്നി.കണാരൻ മൂപ്പൻ പാലിൽ വെള്ളം ചേർക്കും. മധൂന്റെ വീട്ടിലെ പാലിൽ വെള്ളം കൊറവാണ്‌.മാഞ്ചുവട്‌ കമ്മറ്റിയും അതംഗീകരിച്ചിട്ടുള്ളതാണ്‌!
------  -------
വെളുത്ത്‌ തടിച്ച്‌ പൊക്കം കുറവാണെങ്കിലും കാണാൻ ചേലുള്ള പെങ്കൊച്ച്‌...ലക്ഷ്മി തന്നാ അവള്‌! മീനാക്ഷി അമ്മായി അങ്ങനാണ്‌ കല്യാണപെണ്ണിനെ കുറിച്ച്‌ പറഞ്ഞത്‌.
മധൂന്റെ പേടിക്കൊരു കൊറവുമില്ല!മാഞ്ചുവട്ടിൽ ചർച്ചകൾ നടന്നുകൊണ്ടേയിരുന്നു.
ആ പെണ്ണിന്റെ ഒരു ഗതികേട്‌! രാത്രീല്‌ വെളക്ക്‌ കെടുത്താൻ പോലും അവൻ സമ്മതിക്കണില്ലാന്നാ കേട്ടേ...മീനാക്ഷി അമ്മായി അത്‌ പറഞ്ഞപ്പോൾ മാഞ്ചുവട്ടിൽ ഭയങ്കര ചിരി. അപ്പുക്കുട്ടനതെന്തിനാന്ന്‌ മനസ്സിലായില്ല.

----
കള്ളൻ ‘കൈമൾ’ ചാണകക്കുഴിയിൽ!!!
അതിരാവിലെ തന്നെ വാർത്തയെത്തിച്ചത്‌ ന്യൂസ്‌ വർക്കി.ന്യൂസ്‌ വർക്കീടെ കൈയിൽ നിന്നും പത്രം വാങ്ങിയാൽ അങ്ങനേം ഗുണമുണ്ട്‌. പത്രത്തിന്റെ കൂടെ കാശുമുടക്കില്ലാതെ നാട്ടുവർത്തമാനം ചൂടാറാതെ കിട്ടും!
“പശൂനെ കക്കാൻ വന്നതാണന്നാ പറച്ചിൽ...മധൂന്റെ തൊഴുത്തിന്‌ പൊറകിലെ ചാണകക്കുഴിയിലാ കൈമള്‌...ഒരാള്‌ താഴ്ചയൊള്ള കുഴിയാണേ...തലേം കൈയും പൊറത്ത്‌ കാണാം.നല്ല രസമൊണ്ട്‌...ചെല സിനിമേലൊക്കെ കാണണപോലെ...”
അപൂർവ്വങ്ങളിലപൂർവ്വമായ കാഴ്ച! കളയാൻ പറ്റുമോ? അപ്പുക്കുട്ടൻ ഓടി.

മധൂന്റെ തൊഴുത്തിൽ കിടന്ന പശുവിനെ കെട്ടുന്ന കയർ ആരോ ചാണകക്കുഴീടെ കുറുകേ വീശി.കൈമളതെത്തിപ്പിടിച്ചു.ചാണകത്തിൽ മുങ്ങി വരുന്ന കൈമളെക്കണ്ട്‌ അപ്പുക്കുട്ടൻ മൂക്കുപൊത്തി.മീനാക്ഷി അമ്മായി മൂക്കത്ത്‌ വിരൽ വെച്ചു!
ഭദ്രൻ ചേട്ടന്റെ ചുരുട്ടിയ കൈ കൈമളിന്റെ അടിവയറ്റിലേയ്ക്ക്‌ താണു.“എത്ര പശൂനെ കട്ടടാ ഇതുവരെ?”
കൈമൾ കരഞ്ഞില്ല!മുട്ടുകുത്തി നിലത്തേക്കിരുന്നു.കൈ രണ്ടും തലയ്ക്ക്‌ മുകളിൽ വെച്ചു.
“ഇടിക്കണേ ഇടിക്ക്‌...കൊല്ലണേ കൊല്ല്‌...കൈമള്‌ക്കത്‌ ദേ...ദിതാണ്‌!”വലത്തേ ചെറുവിരലിന്റെ നഖത്തിൽ നിന്നും ചാണകം തട്ടിത്തെറിപ്പിച്ചിട്ട്‌  കൈമള്‌ തുടർന്നു...“ദ്രോഹികളേ...അല്പം വെള്ളമൊഴിച്ച്‌ ഇതൊക്കെ ഒന്നു കഴുകി കളഞ്ഞിട്ട്‌ ഇടിച്ചൂടെ നെനക്കൊക്കെ...വെറുതേ കൈ നാറ്റിക്കാനായ്‌ എറങ്ങിക്കോളും ഓരോ നാറികള്‌...എന്തായാലും പെണ്ണുകേസിനേലും ഭേദമാ പശുക്കേസ്‌...”
ഭദ്രൻ ചേട്ടൻ ആൾക്കൂട്ടത്തിൽ നിന്നും പുറകോട്ട്‌ മാറി.

മീനാക്ഷി അമ്മായിയ്ക്ക്‌ അപ്പോളൊരു സംശയം! ഇത്രേം ആള്‌ കൂടി...ഇത്രേം ബഹളമൊണ്ടായി...എന്നിട്ടും...
എന്നിട്ടും ഈ മധൂം ഭാര്യേം എവിടെ?
ശരിയാണ്‌.എല്ലാർക്കും അതേ സംശയം തന്നെ.
ചോദ്യം കൈമളിനോടായി...
”പറയടാ, നീയവരെ എന്തു ചെയ്തു?“ കോങ്കണ്ണൻ സൈനുവിന്‌ കൈമളെ കഴുത്തിന്‌ പിടിച്ച്‌ പൊക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചെയ്തില്ല. നറയെ ചാണകത്തിൽ പെരണ്ട്‌ നില്ക്കയല്ലേ എരണം കെട്ട കള്ളൻ!
ചോദ്യം കേട്ട്‌ കൈമള്‌ പൊട്ടിപ്പൊട്ടി ചിരിച്ചു.
ജനം കൈമളിന്റെ വായിൽ നോക്കി നിന്നു.
”ചിരിക്കാതെ കാര്യം പറയടാ...“കോങ്കണ്ണൻ സൈനു ഒരു കവിളൻ മടലെടുത്ത്‌ കൈമളെ കുത്തി.
കൈമളുടെ കണ്ഠത്തിൽ നിന്നും ഒരു പ്രത്യേക ശബ്ദം വന്നു!
“പശൂന്‌ കൊടുക്കണേന്‌ മുന്നേ പുല്ലേ മരുന്നടിക്കാന്ന്‌ കരുതി ചെന്നപ്പോ ദേ കെടക്കണ്‌ പുല്ലുമ്മേലൊരുത്തൻ!!!  എന്നെക്കോണ്ടുപോകല്ലേന്ന്‌ പറഞ്ഞ്‌ ഒറ്റക്കാറ്‌!!!പിന്നെ പൊറകോട്ട്‌ മറിച്ചിലും. എന്റെ ഭാഗ്യക്കേട്‌...അല്ലാണ്ടെന്തുപറയാനാ...ആളുകൂടണതിന്‌ മുന്നേ സ്ഥലം കാലിയാക്കാന്ന്‌ കരുതി ഓടിയതാ...എന്തോ ചെയ്യാൻ...ചാണകക്കുഴീല്‌ വീണുപോയി....”
”എന്നിട്ട്‌?“ മീനാക്ഷി അമ്മായി ഇടയ്ക്കോട്ട്‌ ചാടി വീണു.
“എന്നിട്ടൊലക്ക...ചാണകക്കുഴീന്ന്‌ എങ്ങനെ പൊറത്ത്‌ വരുമെന്ന്‌ ആലോചിച്ച്‌ തലപൊകയ്ക്കുമ്പോഴാ....”കൈമൾക്ക്‌ ദേഷ്യവും സങ്കടവും ഒരുമിച്ച്‌ വന്നു. പിന്നെ സേതു കരയണതുപോലെ ഒരു കരച്ചിൽ തൊടങ്ങി...ഏങ്ങലടിച്ച്‌...അമ്മയ്ക്കത്‌ കണ്ട്‌ സങ്കടം വന്നു.
കൈമളെ പോലീസിലേല്പ്പിക്കണോ അതോ വെള്ളയ്ക്കാമാലയിട്ട്‌ ചെണ്ടകൊട്ടി നാടുചുറ്റിക്കണോ എന്ന ആലോചന തുടങ്ങിയത്‌ ഭദ്രൻ ചേട്ടൻ തന്നെ.
‘എന്നെവേണേ രണ്ടിടിച്ചോ...പക്ഷേ പോലീസീകൊടുക്കേണ്ട. അവന്മാർക്ക്‌ കൊടുക്കണ പൈസ മൊതലാക്കണേ ഞാനിനീം കക്കേണ്ടി വരും...“ കൈമളെ വീണ്ടും കള്ളനാക്കുന്നതിൽ ഭദ്രൻ ചേട്ടൻ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.നാട്ടുകാർക്കും അതു ശരിയായ്‌ തോന്നി.

വെള്ളയ്ക്കാമാലയിട്ട്‌,ചെണ്ടകൊട്ടി കൈമളെ നാടു ചുറ്റിക്കുമ്പോൾ തത്തമ്പള്ളി ആശുപത്രിയിൽ വേറൊരു സംഭവം നടക്കുകയായിരുന്നു!
സൂസിനേഴ്സിന്റെ കുത്ത്‌ കിട്ടി പൂർവ്വാധികം ഭംഗിയായ്‌ ബോധം തെളിഞ്ഞ മധൂനെക്കണ്ട്‌ ലക്ഷ്മി മന്ദസ്മിതം തൂകി.അവളുടെ കൺകോണുകളിലൂടെ കുടുകുടെ വെള്ളച്ചാട്ടമുണ്ടായി. കണ്ണലിഞ്ഞ മധു ലക്ഷ്മിയുടെ കൈത്തലം തലോടി.
സാരിത്തുമ്പുകൊണ്ട്‌ കണ്ണുതുടച്ചുകൊണ്ട്‌ മധുരസ്വരത്തിൽ ലക്ഷ്മി ചോദിച്ചു. ”എല്ലാം... ഞാൻ കാരാണാല്ലേ...ഒരു രാത്രിയെങ്കിലും ഒറ്റയ്ക്ക്‌ പൊറത്ത്‌ കെടന്നാ പേടി പോകുമെന്ന്‌ കരുതിയാ ഞാൻ ചേട്ടനെ പൊറത്തിട്ട്‌ കതകടച്ചത്‌...“
സങ്കടം സഹിക്കാതെ രണ്ടാംവട്ട കരച്ചിലിന്‌ തയ്യാറായ ലക്ഷ്മിയെ മധു ചേർത്തുപിടിച്ചു.
”എന്റെ പൊന്നേ, എന്റെ പേടിയെല്ലാം ഇന്നലത്തെ രാത്രികൊണ്ട്‌ തീർന്നു.“ അവിശ്വസനീയമായ കണ്ണുകളോടെ ലക്ഷ്മി തന്റെ പ്രീയപ്പെട്ടവനെ നോക്കി.
”നിനക്കറിയ്വോ ഇന്നലെ രാത്രി എന്താ ഉണ്ടായതെന്ന്‌?“ ഇല്ല എന്നർത്ഥത്തിൽ ലക്ഷ്മി തലകുലുക്കി.
”എന്നാക്കേട്ടോ... ഇന്നലെ രാത്രി ഞാൻ കാലനെ കണ്ടു!!!"
”കാലനോ?“
”അതേന്നേ...ഞാനങ്ങ് പേടിച്ച് പോയി.... കറുത്തതുണികൊണ്ട്‌ മറച്ചതുപോലത്തെ  മുഖം. തെളങ്ങണ കണ്ണുകൾ...ഏതാണ്ട് കള്ളൻ കൈമളിന്റെ പൊക്കവും വണ്ണവുമൊണ്ടാവും...കൈയിൽ വലിയ  കയറും!!! പക്ഷേ അങ്ങേരെന്തോ എന്നെ വേണ്ടാന്നു വെച്ചു. ഭാഗ്യം!
കാലന്‌ വേണ്ടാത്ത ഞാനിനി ആരെ പേടിക്കാനാ എന്റെ മോളേ...“ അവനവളെ കെട്ടിപ്പിടിച്ചു.
“അപ്പോ ഇനി രാത്രി വെളക്ക് കെടുത്താല്ലോ അല്ലേ...” ലക്ഷ്മിയുടെ ചോദ്യം കേട്ട്‌ മധു ചിരിച്ചു.

പെട്ടെന്നൊരു ശബ്ദം! കാലേൽ സൂചികേറിയ മാതിരി സൂസിനേഴ്സ് വാതുക്കൽ!
”ആശൂത്രിയാണന്ന്‌ മറക്കേണ്ട കേട്ടോ...“  നാണത്തിൽമുങ്ങിയ ചിരിയുമായി സൂസിനേഴ്സ് പോയി.

മാഞ്ചുവട്ടിൽ പലപല പുതിയ കഥകളും സംഭവങ്ങളും വന്നുകൊണ്ടേയിരുന്നു. ലക്ഷ്മിയെ മീനാക്ഷി അമ്മായിക്ക്‌ വലിയ കാര്യമായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ കമ്മറ്റിയിൽ അമ്മായി പറയുമായിരുന്നു.“അവള്‌ വന്നേപ്പിന്നാ അവന്റ പേടി മാറിയത്‌!!!”
അമ്മയും മറ്റുപെണ്ണുങ്ങളും അത്‌ ശരിവെച്ചു.നല്ല ചൊണയൊള്ള പെണ്ണ്‌!
അപ്പോൾ വിലാസിനി ചിറ്റ പറയുകയാണ്‌!“കാര്യോക്കെ ശരിയാ, പക്ഷേ ഇപ്പോ മധൂന്‌ പേടി പ്രേതോം പിശാചുമൊന്നുമല്ല.... അവളൊന്ന് ഒറക്കെ ‘ക്ഷ’ന്ന് പറഞ്ഞാ അവൻ മൂത്രമൊഴിക്കും!” പെണ്ണുങ്ങളതുകേട്ട് ചിരിച്ചു.

കള്ളൻ കൈമൾ ‘കാലൻ കൈമൾ’ ആയ കഥ ഇടക്കിടയ്ക്ക്‌ കുളിക്കടവിലും ഉണ്ടാവാറുണ്ടായിരുന്നു.
                                                    ------------

Read more...

കമ്മ്യൂണിസ്റ്റ്‌ പച്ച

Tuesday, July 29, 2014

കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്ക്‌ ആ പേര്‌ നൽകിയത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌! അപ്പുക്കുട്ടന്‌ ഈ സുപ്രധാന ലോകവിജ്ഞാനം പറഞ്ഞുകൊടുത്തത്‌ അഞ്ചുകണ്ണൻപുലി! സാഹസികനായ
അഞ്ചുകണ്ണൻപുലി മുള്ളുമുരിക്കിൽ കയറി തുടയിലെ തൊലിയൊക്കെ കളഞ്ഞ്‌ ഇറങ്ങിയ ദിവസമാണ്‌ ഈ അതിപ്രധാനവും എന്നാൽ അത്യന്ത രഹസ്യവുമായ ലോകവിജ്ഞാനം
പുറത്തുവന്നത്‌.എല്ലുന്തിയ നെഞ്ചും തേച്ച്‌ മുള്ളുമുരിക്കേന്ന്‌ അഞ്ചുകണ്ണനിറങ്ങിയ ദൃശ്യത്തിന്‌ അപ്പുക്കുട്ടനടക്കം അഞ്ചുകണ്ണന്റെ അനേകം ആരാധകർ ദൃക്സാക്ഷികളാണ്‌!
മുള്ളുമുരിക്കേന്നുള്ള ഇറക്കത്തിനിടയിൽ ബട്ടണില്ലാത്ത നിക്കറേലെ പിടുത്തം വിട്ടുപോയത്‌ യാദൃശ്ചികം!
ആരാധകർ കൂവി.
“മിണ്ടാതെടാ,ഇതൊക്കെ എല്ലാവർക്കും ഒള്ളതൊക്കെതന്നെയാ...” നിക്കറ്‌ വലിച്ച്‌ അരയിലേയ്ക്ക്‌ കയറ്റിക്കൊണ്ട്‌ അഞ്ചുകണ്ണൻ പറഞ്ഞു.ചോരപൊടിയുന്ന നെഞ്ചും തുടയും നോക്കി സേതു വിമ്മി വിമ്മി കരഞ്ഞു.നിക്കറിന്റെ പിടുത്തം വിടാതെ തന്നെ വലത്തെ കൈയുടെ ചൂണ്ടുവിരൽ കൊണ്ട്‌ അഞ്ചുകണ്ണൻ തുടയിലെ ചോര വടിച്ചെടുത്തു.പിന്നെ അത്‌ ചുണ്ടിന്‌ മുന്നിൽകൊണ്ടുവന്ന്‌ ഒറ്റ ഊത്‌...അപ്പൂപ്പൻതാടി കാറ്റിൽ പറത്തുന്നതുപോലെ...
“ചോര അഞ്ചുകണ്ണന്‌ പുല്ലാണ്‌...” അഞ്ചുകണ്ണന്റെ വാക്കുകൾ കേട്ട്‌ ആരാധകർ കൈയടിച്ചു.സേതു അപ്പോഴും കരയുന്നുണ്ടായിരുന്നു.
അഞ്ചുകണ്ണൻ തോട്ടിറമ്പിലെ കുറ്റിക്കാട്ടിലേയ്ക്ക്‌ നടന്നു.ആരാധകർ പുറകേയും.
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇല പിഴിഞ്ഞ്‌ അഞ്ചുകണ്ണൻ മുറിവിലെല്ലാം പുരട്ടി.അതിനുശേഷമാണ്‌ അഞ്ചുകണ്ണൻ ആ പരമപ്രധാനമായ വിവരം പുറത്തുവിട്ടത്‌!
കമ്മ്യൂണിസ്റ്റുകാർ പണ്ട്‌ ഒളിച്ചിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പച്ചക്കാട്ടിനുള്ളിലാണ്‌! അതിന്‌ രണ്ടുണ്ട്‌ കാരണം.
ഒന്ന്‌: പോലീസിന്റെ കണ്ണുവെട്ടിക്കൽ.
രണ്ട്‌:പോലീസുമായ്‌ ഏറ്റുമുട്ടി മുറിവേറ്റാൽ എളുപ്പം ഇല പിഴിഞ്ഞ്‌ മുറിവിൽ പെരട്ടാം.
കമ്മ്യൂണിസ്റ്റുകാർക്ക്‌ മുറിവ്‌ പുല്ലാണ്‌...ചോര പുല്ലാണ്‌...പോലീസും പുല്ലാണ്‌...
അഞ്ചുകണ്ണൻപുലിക്കും ഇതെല്ലാം പുല്ലാണ്‌!
സേതു ചിരിച്ചു.
അപ്പോഴത്തേക്കും അച്ഛന്റെ വിളിവന്നു.മുടിവെട്ടാൻ പോകാൻ.ഗോപാലിയുടെ അടുത്ത്‌ മുടിവെട്ടാൻ പോകാൻ അപ്പുക്കുട്ടനിഷ്ടമല്ല. ഗോപാലിക്ക്‌ പിള്ളാരെ ഒരു ബഹുമാനവുമില്ല.അച്ഛനെ കറങ്ങുന്ന കസേരയിലിരുത്തും. അപ്പുക്കുട്ടനെ  തടിക്കസേരയുടെ കൈയിൽ ഒരു പലകയിട്ട്‌ അതിലും.പൊക്കക്കൊറവാണുപോലും...അച്ഛനങ്ങനാണ്‌ പറഞ്ഞത്‌.
അഞ്ചുകണ്ണൻ പറഞ്ഞത്‌ ഗോപാലി കമ്യൂണിസ്റ്റല്ലെന്നാണ്‌. അതാണ്‌ വേർതിരിവ്‌... സമത്വമില്ലന്നാണ്‌ അവൻ പറഞ്ഞത്‌.
അച്ഛന്റെ മുടിവെട്ടിക്കഴിഞ്ഞ്‌ ഷേവ്‌ ചെയ്യുന്നത്‌ കാണാൻ നല്ല രസമാണ്‌. പഞ്ഞി ഒട്ടിച്ചതുപോലെ തോന്നും മുഖത്ത്‌ സോപ്പ്‌ തേച്ച്‌ പതപ്പിച്ചുകഴിയുമ്പോൾ...അച്ഛൻ ഭയങ്കര
ഗമയിലങ്ങനിരിക്കും.ഗോപാലി ആ സോപ്പ്‌ പത കത്തികൊണ്ട്‌ വടിച്ച്‌ കൈയേൽ തേക്കും.പിന്നെ കൈയേന്ന്‌ വടിച്ച്‌ ഒരു കടലാസിലേക്കും.മുഖം നല്ല മിനുസമായിക്കഴിഞ്ഞ്‌ ഒരു
വെള്ളക്കല്ലുകൊണ്ട്‌ തേക്കും. അതിന്‌ നല്ല കർപ്പൂരത്തിന്റെ മണമാണ്‌.അച്ഛൻ മുടിവെട്ടിക്കുമ്പോ മാത്രേ ഗോപാലിയെക്കൊണ്ട് ഷേവ് ചെയ്യിക്കൂ. അല്ലാത്തപ്പം വീട്ടിൽ. ചിലപ്പോഴൊക്കെ അപ്പുക്കുട്ടൻ സഹായിക്കും. സേതുവും സഹായിക്കും.അവള്‌ കണ്ണാടി പിടിച്ചു കൊടുക്കും. അപ്പുക്കുട്ടൻ സോപ്പ് തേച്ച് കോടുക്കും.ബ്ളേഡുകൊണ്ട് രോമം മുറിക്കാൻ അച്ഛൻ സമ്മതിക്കില്ല.പിള്ളാരു ചെയ്താൽ മുഖം മുറിയുമെന്നാ അച്ഛൻ പറയുന്നത്.ഇച്ചിരി മുഖം മുറിയുന്നതിന്‌ അച്ചന്‌ പേടി...അഞ്ചുകണ്ണന്റെ തൊടേം നെഞ്ചുമെല്ലാം മുറിഞ്ഞിട്ടും ‘എല്ലാം പുല്ല്‌!’
അല്ലേലും ഈ വലിയവരെല്ലാം പേടിച്ചുതൂറികളാ..
അപ്പുക്കുട്ടനെ ഷേവ് ചെയ്യത്തില്ല.മുടിമാത്രം വെട്ടും.കിട്...കിട്...എന്ന് ശബ്ദമുണ്ടാക്കുന്ന തവളപോലത്തെ ഒരു മെഷീനുണ്ട്...അതുകൊണ്ട് തലേടെ പൊറകില്‌ പിടിക്കുമ്പോ മുടി
പറിയും.കരയാമ്പറ്റില്ല. കരഞ്ഞാൽ ഗോപാലി കഴുത്ത് ചുറ്റിയിരിക്കുന്ന വലിയ തുണിയുടെ അറ്റം ചേർത്ത് പിടിച്ച് പറയും.“ഞാനിതേപിടിച്ച് ഒരു വലിയങ്ങട് വലിച്ചാലേ നെന്റെ കഴുത്ത് മുറുകി ശ്വാസം മുട്ടും പറഞ്ഞേക്കാം.”
കൂറ തുണിയുടെ മണമടിച്ചാലേ ശ്വാസം മുട്ടും.അതിന്റെ കൂടെ ഭീഷണിയും. അഞ്ചുകണ്ണനോട് പറഞ്ഞ് ഗോപാലിയെ കമ്യൂണിസ്റ്റുകാരെക്കൊണ്ട് ഇടിപ്പിക്കണം.അപ്പുക്കുട്ടൻ വിചാരിച്ചു.
മുടിവെട്ടിക്കഴിഞ്ഞ് കഴുത്തേലെ തുണിയെല്ലാം അഴിച്ച്  ഗോപാലി പറഞ്ഞു.“ഇത്തിരിപ്പോന്ന പയ്യനാ, പക്ഷേ എവന്റെ മുടി കാടുപോലെയാ...കാശുകൂട്ടണം.”
“എങ്കീ എനിക്ക് ഷേവുകൂടെ ചെയ്തു താ.” അപ്പുക്കുട്ടൻ പറയുന്നത് കേട്ട് അച്ഛൻ ചിരിച്ചു.
“ദേ പൊയ്ക്കോണം...മീശ പോലും മൊളച്ചില്ല. അതിനുമുന്നേ...”ഗോപാലി കൂറത്തുണി അപ്പുക്കുട്ടന്റെ നേരേ വീശി.വിയർപ്പിന്റേം, മുടിയുടേം ഗന്ധമുള്ള ആ തുണിയുടെ മണം
സഹിക്കാതെ അപ്പുക്കുട്ടനിറങ്ങി ഓടി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ അലക്കുകല്ലിന്റടുത്ത് ഒരു ബഹളം. അമ്മയാണ്‌. പുതിയ 501 ബാർ സോപ്പ് കാണുന്നില്ല.
“വന്നുവന്ന് സോപ്പു പോലും പുറത്ത് വെയ്ക്കാൻ പറ്റില്ലന്നായി...ഈ കള്ളന്മാരുടെ ഒരു ശല്യമെന്റെ ദൈവമേ...”
“സോപ്പുകഷണോം കൊറേ ബ്ളെയിഡുമെല്ലാം തെങ്ങിഞ്ചോട്ടിലുണ്ടമ്മേ...” സേതു അമ്മയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ്‌.
“അപ്പുക്കുട്ടനെവിടെ?” അച്ഛൻ ഷേവിംഗ് സെറ്റ് വെച്ചിരുന്ന പ്ലാസ്റ്റിക് കവറുമായി പുറത്തുവന്നു.
അപ്പുക്കുട്ടനപ്പോൾ വടക്കേപ്പറമ്പിലെ കമ്യൂണിസ്റ്റ് പച്ചകൾക്കിടയിലായിരുന്നു.

Read more...

കറവപ്പശു


തോട്ടിറമ്പിലെ കൈതക്കാടുകളേയും,നായങ്ങണേയുമെല്ലാം പുറകിലേയ്ക്ക്‌ പായിച്ചു കൊണ്ട്‌ കാർ മുന്നോട്ട്‌ ഓടിക്കൊണ്ടിരുന്നു.പ്രധാന പാതയിൽ നിന്നും പാലത്തിന്റെ ഇടത്തേക്കരയിലൂടെ പടിഞ്ഞാറേയ്ക്കുള്ള വഴിക്ക്‌ ഇന്നും പറയത്തക്ക മാറ്റമൊന്നുമില്ല.ചെമ്മണ്ണ്‌ പുതച്ചുകിടന്നിരുന്ന നാട്ടുവഴി കരിമ്പടം മൂടിയ റോഡായി മാറി എന്നതിൽ കവിഞ്ഞ്‌ യാതൊരു മാറ്റവും തോന്നുന്നില്ല. വഴിയുടെ ഇടത്തേ വശത്തുള്ള എസ്റ്റേറ്റ്‌ പണ്ടത്തേതിനേലും കാടുകയറിയതായ്‌ തോന്നുന്നു. പൂത്തു നില്ക്കുന്ന കശുമാവുകളെ തഴുകിയെത്തുന്ന കാറ്റിന്‌ ചൊനമണം. ആദ്യത്തെ രണ്ടുവളവുകൾ തിരിഞ്ഞുവേണം വീടെത്തുവാൻ.വിജനമായ വഴിയിലൂടെ കാറോടിക്കുന്നതിന്റെ വിരസത ആക്സിലറേറ്ററിലേയ്ക്ക്‌ അമരുമ്പോഴാണ്‌ ഒരു മിന്നായം പോലെ അയാളുടെ ശ്രദ്ധയിൽ അത്‌ പതിഞ്ഞത്‌. മുന്നിലേക്കായിപോയ കാറിനെ വേഗത്തിൽ തന്നെ അയാൾ പുറകിലേക്കോടിച്ചു.
ഊഹം തെറ്റിയില്ല. ‘പൊന്നു...’ പൂക്കാരിപ്പൊന്നു!!!
കൈയിൽ പൂവട്ടിയില്ല...മുല്ലമൊട്ടുകളുമില്ല!!!
തോട്ടിലെ അഴുകിയ പായലിന്റെ ദുർഗന്ധവുമേറ്റി വന്നിരുന്ന കാറ്റിന്‌ മുല്ലപ്പൂവിന്റെ സൗരഭ്യമേകിയിരുന്ന ആ കൈകളിൽ...
വിജനമായ വഴിയിലൂടെ തനിച്ച്‌ നടന്നു വരുന്നു.സാധാരണയായി ആരും ഈ വഴിയെ ഇക്കാലത്ത്‌ തനിച്ച്‌ നടന്നുവരാറില്ല. പിടിച്ചുപറിക്കാരുടെ ശല്യം കൂടുതലാണന്ന്‌ പറഞ്ഞുകേൾക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രധാനനിരത്തിലെ ഓട്ടോറിക്ഷാക്കാർക്ക്‌ കൊയ്ത്താണ്‌!
അയാൾ കാർ നിർത്തി പുറത്തിറങ്ങി.
“പൊന്നൂസേ, എന്തായിത്‌?” അയാളുടെ ചോദ്യം അവർ കേട്ടോ എന്ന്‌ ഒരു നിമിഷം ശങ്കിച്ചു.
പ്രായം വരവീഴ്ത്തിയ മുഖം. കറുത്തിരുണ്ട്‌ അരയൊപ്പമുണ്ടായിരുന്ന ചുരുളൻ മുടിയുടെ നിറത്തിന്‌ മാത്രമേ കാലത്തിന്‌ കളങ്കമേല്പ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
“ആരാ സേതുവാ?” പൊന്നൂസിന്റെ ശബ്ദത്തിലൊരിടർച്ച...
“അതേ...സേതുവെന്ന സേതുമാധവൻ...തോട്ടിറമ്പിലെ മാധവൻ മകൻ സേതുമാധവൻ...” കൂളിങ്ങ്‌ ഗ്ലാസ്‌ അല്പ്പമൊന്നുയർത്തി അയാൾ മുടികൾക്കുള്ളിൽ തിരുകി.
“നീയങ്ങ്‌ വലിയ ആളായിപോയല്ലോടാ...കാറും കൂളിംഗ്‌ ഗ്ലാസും...പത്രാസും...”
കൈയിലിരുന്ന കാർഡ്ബോർഡ്‌ അവരയാളുടെ തലയ്ക്ക്മുകളിലുയർത്തി. അടികൊള്ളാതിരിക്കാൻ സേതു ഒരുവശത്തേയ്ക്ക്‌ ഒഴിഞ്ഞുമാറി.
ചൊനമണമുള്ള കാറ്റ്‌ ആഞ്ഞ്‌ വീശി. കാർഡ്ബോർഡിൽ റബ്ബറിട്ട്‌ ഭദ്രമാക്കി വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകൾ കാറ്റിനൊപ്പം പറന്നു. എന്തു ചെയ്യണമെന്നറിയാതെ സേതു നിന്നു.പൊന്നൂസപ്പോൾ അനുസരണയില്ലാതെ പറക്കുന്ന ആ കടലാസുകളെ കൈപ്പിടിയിലാക്കാനുള്ള വ്യഗ്രതയിലായിരുന്നു.അനുസരണയില്ലാതെ പറക്കുന്ന ഓർമ്മകളെ  തളയ്കാനാവാതെ അയാളും നിന്നു.

തിരിച്ചറിവിന്റെ പ്രായമാകുന്നതിന്ന്‌ മുന്നേ അമ്മയാകാൻ വിധിക്കപ്പെട്ടവൾ. അന്ന്‌ പൊന്നൂസിന്‌ പ്രായം പതിനഞ്ച്‌.സ്കൂളിൽ തലചുറ്റിവീണ പൊന്നൂസിനെ താങ്ങിയെടുത്ത ലീലാമ്മ ടീച്ചറിന്‌ എന്തോ ഒരു പന്തികേട്‌ തോന്നി. ചോദ്യം ചെയ്യലും പിന്നെ സ്കൂളിൽ നിന്ന്‌ പുറത്താക്കലും... പെണ്ണിന്‌ വയറ്റിലുണ്ട്‌.
വലിയ തറവാടിന്റെ ഇരുളടഞ്ഞ കോണുകളിലെവിടെയോവെച്ച്‌ കാരണവന്മാരാരുടെയോ കൈകളാൽ ജീവിതം തകർത്തെറിയപ്പെട്ട പൊന്നൂസ്‌ പിഴച്ചവളായി.പിഴച്ച പെണ്ണ്‌,
തറവാടിന്‌ മാനക്കേടുണ്ടാക്കിയവൾ, കുടുംബത്തിന്ന്‌ പുറത്തായി. എങ്കിലും ആരുടേയും പേര്‌ പുറത്തുവന്നില്ല. കുടുംബത്തിലെ മൂത്ത കാരണവരുടെ അച്ചിട്ട രൂപമാണ്‌
ശാരികയെന്ന്‌ നാട്ടുകാർ വിധിയെഴുതി.
ആരോടും പരിഭവമില്ലാതെ, കുടുംബത്തിന്റെ മാന്യത നഷ്ടപ്പെടുത്തിയവൾ വാച്ചർ ലോഡ്ജിന്റെ ഒറ്റ മുറിയിലേയ്ക്ക്‌ താമസം മാറി.വാച്ചർ ലോഡ്ജിലെ അന്നത്തെ അന്തേവാസികളിൽ ഭൂരിഭാഗവും നല്ലക്കൂട്ടരായിരുന്നില്ല.പോലീസ്‌ കേറിയിറങ്ങാത്ത ദിനങ്ങൾ അവിടെ കുറവായിരുന്നു. പെഴച്ചുപെറ്റവൾ പെഴയായി നാട്ടുകാരുടെ മുന്നിലും!
തെക്കേക്കര മാർക്കറ്റിന്‌ എതിർവശത്തായി അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത്‌ ഒരു പലകകഷണം ഇഷ്ടികയിൽ താങ്ങി നിർത്തി പൊന്നൂസിരുന്നിരുന്നു പിന്നെ കുറേ കാലത്തേയ്ക്ക്‌.  പൂക്കാരിയായി...
സുരഭിലത നഷ്ടമായ ജീവിതം സൗരഭ്യദായകമായി.
മാർക്കറ്റിലെ മീന്മണം ഇടയ്ക്കിടയ്ക്ക്‌ മുല്ലപ്പൂവിന്റെ ഗന്ധത്തിന്‌ വഴിമാറികൊടുത്തു.
ശാരികയും വളർന്നു. സേതുവിന്റെ കൂട്ടുകാരിയായി...

‘വേശ്യയുടെ സന്തതി...’
ആ വിളി സേതുമാധവൻ ആദ്യമായ്‌ കേൾക്കുന്നത്‌ ശാരികയുടെ മരണത്തിന്‌ മുന്നായിട്ടാണ്‌. അവളാത്മഹത്യചെയ്യുകയായിരുന്നു.ഹോംവർക്ക്‌ ചെയ്തില്ലായെന്ന കുറ്റത്തിന്‌
ക്ലാസിൽ പരസ്യമായ ആക്ഷേപം.“വേശ്യേടെ മകൾ...നീയൊക്കെ വേറേ വല്ല പണിയുമാ നോക്കേണ്ടത്‌...ചിലരൊക്കെ ഇതേ പ്രായത്തില്‌ വയറ്റിലൊണ്ടാക്കി പഠിത്തം നിർത്തിയിട്ടൊണ്ടന്ന്‌ മറക്കേണ്ട.” ശാരിക മരിച്ചു. അദ്ധ്യാപകനെ മാറ്റണമെന്ന്‌ പറഞ്ഞ്‌ കുറേ നാൾ സമരമൊക്കെ നടന്നു അത്ര മാത്രം!
പൊന്നൂസിനെ പിന്നെ നാട്ടിൽ കണ്ടത്‌ കുറേയേറെ വർഷങ്ങൾക്ക്‌ ശേഷമാണ്‌.ഒരു പുത്തൻ അംബാസഡർ കാറിൽ,കൂളിംഗ്ളാസൊക്കെ വെച്ച്‌ ഹൈഹീൽഡ്‌ ചെരുപ്പിൽ...വിലയേറിയ പട്ടുസാരിയുടുത്ത പൊന്നൂസിന്റെ ഇടതുകൈത്തണ്ടയിൽ ഒരു വാനിറ്റി ബാഗുമുണ്ടായിരുന്നു.
പൂക്കാരി പൊന്നുവിന്റെ പുതിയ അവതാരം സംസാരവിഷയമായി.

‘അവളിപ്പോ പൊന്നമ്മ തന്നെയാ...പൊന്നിൽ പൊതിഞ്ഞല്ലേ ഇരിക്കണത്‌...
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളിലേറിയ മന്നന്റെ തോളിൽ
മാറാപ്പ്‌ കേറ്റുന്നതും ഭവാൻ...
അമ്മൂമ്മ ഭഗവാന്റെ ലീലാവിലാസത്തെ അനുസ്മരിച്ചു.
ലോട്ടറിയടിച്ചതാണന്നും, ഗൾഫ്‌ പണമാണന്നും അതല്ല കള്ളപ്പണമാണന്നും പലവിധ  വാദഗതികളുമുണ്ടായി. പൊന്നൂസ്‌ ഒന്നും നിഷേധിച്ചില്ല.
കുടുംബവീടിനോട്‌ ചേർന്ന്‌ കുറച്ച്‌ സ്ഥലം വാങ്ങി അവിടെ ഒരു നല്ല വീടുവെച്ചു.വീട്ടുമുറ്റത്ത്‌ നല്ല ഒരു മുല്ലത്തോട്ടമുണ്ടായിരുന്നു.ഗേറ്റിന്‌ മുന്നിൽ ‘മുല്ലപ്പന്തൽ’എന്ന്‌ കല്ലിൽ കൊത്തിവെച്ചിരുന്നു.
പൊന്നൂസിന്റെ ഭൂതകാലം വിസ്മൃതമായി...
ദയാനിധി...കരുണാമയി...വാൽസല്യനിറകുടം...നാടിന്റെ മുത്ത്‌...പൊന്നൂസെന്ന പേരുപോലും മറക്കപ്പെട്ടു.

ചന്ദന നിറത്തിലുള്ള സില്ക്ക്‌ സാരിയുടുത്ത്‌ ചുവന്ന കല്ലുള്ള കിരീടവും വെച്ച്‌ വെള്ളക്കുതിരകളെക്കെട്ടിയ രഥത്തിൽ പൊന്നൂസിരുന്നു.റോസാദളങ്ങൾ വിതറിയ വീഥിയിലൂടെ
പൊന്നൂസിനെ സ്വാഗതം ചെയ്തുകൊണ്ട്‌ രണ്ട്‌ വശവും മൈക്ക്‌ കെട്ടിയ ജീപ്പ്‌ ചീറിപ്പാഞ്ഞു.
“നാടിന്റെ ആരാധനാപാത്രമായ, അഭിമാനമായ സർവ്വോപരി സൽഗുണ സമ്പന്നയായ ആദരീണയായ ശ്രീമതി പൊന്നൂസിനെ പൊന്നാടയിട്ട്‌ ആദരിക്കുന്ന മഹത്തായ
സമ്മേളനത്തിലേയ്ക്ക്‌ മാന്യരായ നാട്ടുകാരെ അഭിമാനപുരസരം സ്വാഗതം ചെയ്തുകൊള്ളുന്നു...”
ക്ഷേത്രപുന:രുദ്ധാരണത്തിനുള്ള പണം മുടക്കുന്നത്‌ ഐശ്വര്യദേവതയായ പൊന്നു.
ചിരിച്ചുകൊണ്ട് പൊന്നൂസ് രഥത്തിലിരുന്നു.
ഇതേ ക്ഷേത്രത്തിലേയ്ക്ക് തന്നെയാണ്‌ പണ്ട്  പൂക്കാരി പൊന്നുവിന്റെ മുല്ലമാലയ്ക്ക് വിലക്കേൽപ്പിച്ചതും!
“പെഴച്ചവളുടെ മാല...ദൈവം കോപിക്കും...നാട് നശിക്കും..” അമ്മൂമ്മ അന്ന് പറയുന്നുണ്ടായിരുന്നു.

കാറ്റിൽ വിതറിപ്പോയ ലോട്ടറിടിക്കറ്റെല്ലാം ഒരുവിധം തിരിച്ച് കാർഡ്ബോർഡിൽ റബ്ബർ ബാൻഡിട്ടുറപ്പിച്ചു പൊന്നൂസ്.അയാൾ റോഡിൽ നിന്നും കല്ലുകൾ പെറുക്കി തോട്ടിലെ
വെള്ളത്തിലേയ്ക്ക് എറിഞ്ഞുകൊണ്ടുനിന്നു.ഒറ്റ ബിന്ദുവിൽ തുടങ്ങി വൃത്താകൃതിയിൽ കരയോളമടുത്ത് അവസാനിക്കുന്ന ഓളങ്ങളുടെ ഏറ്റക്കുറച്ചിലുകൾ....
സേതുമാധവനെ നോക്കി അവർ ചിരിച്ചു.
വാർദ്ധക്യത്തിന്റെ അവശത അവരുടെ ചിരിയിലും.
“കാലം കുറേ ആയല്ലോ കണ്ടിട്ട്? എവിടാ?” പൊന്നൂസിന്റെ ശബ്ദത്തിന്‌ പ്രായത്തിന്റെ ഇടർച്ച ഇല്ലല്ലോയെന്നും അയാൾ വിചാരിച്ചു.
അയാൾ മറുപടി പറഞ്ഞില്ല.എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.വല്ലപ്പോഴും വന്ന് അടുത്ത ബന്ധുക്കളേയും കൂട്ടുകാരേയും മുഖം കാണിച്ച് മടങ്ങുമെന്നതിൽ കവിഞ്ഞ് ഈ നാട്
തനിക്ക് അന്യം!
“ഒരു ടിക്കറ്റ് തരട്ടെ? പത്ത് രൂപയ്ക്ക് ഒരു കോടി...വിഷു ബമ്പർ...”
ലോട്ടറി വാങ്ങി തിരികെ കാറിൽ കയറുമ്പോൾ പുറകിൽ പൊന്നൂസിന്റെ ശബ്ദം!
“ഒരുകോടി കിട്ടിയാൽ പണ്ട് പൊന്നൂസ് ചെയ്ത പോലെ ചെയ്തേക്കല്ലേ...കറവ വറ്റിയാൽ പിന്നെ പുല്ലുപോലും തരില്ലാത്ത കൂട്ടരാ...”

Read more...

മുല്ലപ്പൂ മണമുള്ള ചേച്ചിയുടെ മോൾ

Saturday, June 28, 2014

ശാലുമോളെ ഞാൻ ആദ്യമായിട്ടല്ല കാണുന്നത്‌. പലപ്രാവശ്യം കണ്ടിട്ടുണ്ട്‌. പക്ഷേ അതെല്ലാം വർഷങ്ങൾക്ക്‌ മുൻപാണ്‌. അന്നവളൊരു കൊച്ചുശൃംഗാരി ആയിരുന്നു.നെറുകംതലയിൽ മുടിയൊക്കെ റബ്ബർ ബാൻഡ്‌ കൊണ്ട്‌ കെട്ടിവെച്ച്‌, കവിളത്ത്‌ കണ്മഷി കൊണ്ട്‌ ഒരു വലിയ പൊട്ടൊക്കെ തൊട്ട്‌...
കുഞ്ഞ്‌ പാവാടയുമൊക്കെ ഉടുത്ത്‌ വേച്ച്‌ വേച്ചുള്ള ആ നടത്തം...മുക്കിയും മൂളിയുമൊക്കെയുള്ള ആ സംസാരം...ഇന്നലെകളിലെയെന്നപോലെ തോന്നുന്നു. വർഷം ഇരുപത്‌ കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ മനസിനെന്തോ വിമുഖതയുള്ളതുപോലെ...
ഇന്നവൾ വളർന്ന്‌ ഒരു യുവതി ആയിരിക്കുന്നു. എനിക്കവളെ  മനസിലായതേയില്ല.
എങ്ങനെ മനസിലാകാനാണ്‌? ഞാൻ സ്വയം ചോദിച്ചു. നാടുമായിട്ട്‌ എന്തെങ്കിലും ബന്ധമുണ്ടായിട്ടുവേണ്ടേ? ഓണത്തിനും സംക്രാന്തിയ്ക്കും വന്ന്‌ പേരിനൊന്നു മുഖം കാണിച്ചിട്ട്‌ പോകുന്നതിൽ കൂടുതലായ്‌ എന്താണ്‌ എനിക്ക്‌ ഇവരുമായിട്ടൊക്കെ ബന്ധം!
ഇപ്രാവശ്യത്തെ ആന്വൽ അവധിയ്ക്ക്‌ വന്നപ്പോൾ എന്റെ കസിന്റെ അടുക്കൽ ചെന്നതായിരുന്നു ഞാൻ. ഒരു മാസത്തെ അവധി എന്ന്‌ പേരിന്‌ പറയാമെന്നേയുള്ളു. സമയം പോകുന്നതറിയുകേയില്ല. അവധിയുടെ അവസാനം പലരുടേയും പരിഭവവും പരാതികളും മിച്ചമുണ്ടാകും. ഒരു മാസം നാട്ടിലുണ്ടായിട്ടും ഞങ്ങളെയൊന്ന്‌ തിരിഞ്ഞ്‌ നോക്കാൻ തോന്നിയില്ലല്ലോടാ നിനക്ക്‌...ഒറ്റചോദ്യമായിരിക്കും. തൃപ്തികരമായ ഒരു മറുപടി ഇതുവരെ ആർക്കും കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
പതിവ്‌ കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ്‌ യാത്രപറയാൻ തുനിയുകയായിരുന്നു ഞാൻ. അപ്പോഴാണ്‌ അകത്തെ മുറിയിലെ ഡോർ കർട്ടനിടയിലൂടെ ഒരു മുഖം പുറത്തേയ്ക്ക്‌ നീണ്ടത്‌. ഞാനറിയാതെ നോക്കിപ്പോയി. നല്ല സുന്ദരിയായ ഒരു പെൺകുട്ടി!
അവളുടെ മുഖത്ത്‌ നിഴലടിക്കുന്ന വിഷാദഛായ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടൊന്നും പെടേണ്ടിവന്നില്ല. ഏതാനും സെക്കന്റുകൾക്കുള്ളിൽ സുന്ദരിയുടെ മുഖം മുറിയിലെ ഇരുട്ടിൽ മറഞ്ഞു.
ഞാൻ കസിനോട്‌ ചോദിച്ചു; “ആരാ അത്‌?”
“അല്ല നിനക്ക്‌ മനസ്സിലായില്ലേ? അതു നമ്മുടെ ശാലുമോൾ...”
“ശാലുമോളോ?” എനിക്ക്‌ അത്ഭുതം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ആ മൂക്കളേം ഒലിപ്പിച്ച്‌ നടന്ന പെണ്ണങ്ങ്‌ വലുതായല്ലോ!
കസിൻ വളരെ ബുദ്ധിമുട്ടി ഒരു ചിരി മുഖത്തുവരുത്താൻ ശ്രമിക്കുന്നു. എനിക്ക്‌ ആ യാന്ത്രികത്വം മനസിലാക്കാൻ അത്ര പ്രയാസമില്ലായിരുന്നു.

ഞാൻ മുറ്റത്തേക്കിറങ്ങി. മുറ്റത്ത്‌ നില്ക്കുന്ന വരിക്കപ്ളാവ്‌! അതിനിന്നുമൊരു മാറ്റമില്ല. ഈ പ്ളാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ എത്രയോ തവണ ശാലുമോളെ ഇരുത്തി ആട്ടിയിരിക്കുന്നു.പ്ലാവിലക്കുമ്പിളിൽ എത്രയോ തവണ ശാലുമോൾക്ക്‌ കഞ്ഞികോരിക്കൊടുത്തിരിക്കുന്നു.
എന്നിട്ടും...എന്നിട്ടും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ ‘മുല്ലപ്പൂ മണമുള്ള’ ചേച്ചിയുടെ മോളെ...
കസിൻ അടുത്ത്‌ വന്നത്‌ ഞാനറിഞ്ഞു.
“ശോഭനചേച്ചി എന്തെടുക്കുന്നു ഇപ്പോൾ?” ഞാൻ കസിനോട്‌ ചോദിച്ചു.
“പ്രായമായി...” കസിൻ ഒന്നു നിർത്തി. പിന്നെ പരിസരമൊക്കെ ഒന്നു വീക്ഷിച്ചിട്ട്‌ ഒച്ചകുറച്ച്‌ പറഞ്ഞു.
“അനുഭവിക്കാനായുണ്ടായ ജീവിതം...ഒരു മോളൊള്ളത്‌, ദേ ഇങ്ങനെ...ഡിപ്രഷൻ!” കസിന്റെ നോട്ടം വീടിനുള്ളിലേക്കായി.

മുല്ലപ്പൂമണമുള്ള ശോഭനചേച്ചിയുടെ ആകെയുള്ള ഒരു മോളാണ്‌ ശാലു. അവൾക്കെന്താ കൊഴപ്പം? . ഞാൻ ചോദ്യരൂപേണ കസിനെത്തന്നെ നോക്കിനിന്നു. വരിക്കപ്ലാവിൽ നിന്നും പഴുത്തിലകൾ കാറ്റിൽ ഉതിർന്ന്‌ വിഴുന്നുണ്ടായിരുന്നു.
മുട്ടൊപ്പം മുടിയുണ്ടായിരുന്ന ശോഭനചേച്ചി. മാഞ്ചുവടും, മീനാക്ഷി അമ്മായിയും എല്ലാം എന്റെ മനസിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി. ഇന്ന്‌ മാഞ്ചുവടുമില്ല അവിടുത്തെ കമ്മറ്റിയുമില്ല. കമ്മറ്റി അംഗങ്ങളിൽ ഭൂരിഭാഗവും മണ്മറഞ്ഞിരിക്കുന്നു.
ശാലുമോളെന്താ എന്നെക്കണ്ടിട്ടും മുറിക്കുള്ളിലേയ്ക്ക്‌ പൊയ്ക്കളഞ്ഞത്‌? അവളങ്ങനല്ലാരുന്നല്ലോ!ചിലപ്പോൾ അവൾക്കെന്നെ മനസ്സിലായിക്കാണില്ലായിരിക്കും. എത്രയോ വർഷങ്ങൾക്ക്‌ ശേഷമാണ്‌...
എന്റെ മനസിലുണ്ടായ സംശയങ്ങൾ ഒരുപക്ഷേ മുഖത്ത്‌ നിഴലിച്ചിട്ടുണ്ടായിരിക്കാം. കസിൻ പറഞ്ഞുതുടങ്ങി.
ശോഭനചേച്ചിയുടെ കഷ്ടപ്പാടുകളെക്കുറിച്ചും, ശാലുമോളുടെ ജീവിതത്തിനുവേണ്ടി അവർ ചെയ്ത ത്യാഗത്തെക്കുറിച്ചുമെല്ലാം. അതിൽ ഒട്ടുമിക്കവയും എനിക്കും അറിവുള്ളതായിരുന്നു.
കഷ്ടപ്പാടുകൾ സഹിച്ചും ശോഭനചേച്ചി മോളെ PG വരെ പഠിപ്പിച്ചു. പക്ഷേ അവർ സ്വന്തം ജീവിതം ശാലുമോളിൽ നിന്നും മറച്ചുവെച്ചു.
അതിൽ വലിയ അപാകതയൊന്നും എനിക്ക്‌ തോന്നിയില്ല.ഒറ്റരാത്രികൊണ്ട്‌ തീർന്ന വിവാഹജീവിതത്തെക്കുറിച്ച്‌ അമ്മ മോളോട്‌ വിശദീകരിക്കുക...ഒരമ്മയും അതൊന്നും മക്കളോട്‌ പറയുമെന്ന്‌ തോന്നുന്നില്ല.
ഇവിടെ സംഭവിച്ചത്‌...ശോഭനചേച്ചി മാത്രമല്ല...ആരും ശാലുമോളോട്‌ അതൊന്നും പറഞ്ഞിരുന്നില്ല.
പക്ഷേ ഇന്ന്‌ ശാലുമോൾക്ക്‌ എല്ലാം അറിയാം... അതറിഞ്ഞ വിധമാണ്‌ അവളെ ഈ വിധമാക്കിയത്‌! ഇരുട്ടിലേയ്ക്ക്‌ ഉൾവലിയാൻ മാത്രമാഗ്രഹിക്കുന്നവളാക്കിയത്‌...
ശാലുമോൾക്ക്‌ ഒരാളെ ഇഷ്ടമായിരുന്നു. കൂടെ പഠിച്ചൊരാൾ...
കോഴ്സെല്ലാം കഴിഞ്ഞ്‌ പയ്യന്റെ വീട്ടുകാർ തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹവുമായി എത്തി. ആർക്കും എതിർപ്പുണ്ടായില്ല. ശാലുമോൾ വളരെ സന്തോഷവതിയായി. അവൾ ഭാഗ്യവതിയാണ്‌! അവടമ്മയെപ്പോലല്ല...കുടുംബത്തിൽ തന്നെ പലരും പറഞ്ഞു തുടങ്ങി.
പക്ഷേ കാര്യങ്ങളൊക്കെ കലങ്ങിമറിഞ്ഞത്‌ പെട്ടെന്നായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞാണ്‌ സംഭവം.
ചെറുക്കന്റെ വീട്ടുകാർ വാക്കുമാറി!
കാരണം!
‘ആണുങ്ങൾ വാഴാത്ത വീട്ടിൽ നിന്നും അവരുടെ ചെറുക്കന്‌ പെണ്ണുവേണ്ട!’

“പാവം കുട്ടി. അവളെന്തുപിഴച്ചു? അമ്മയുടെ ജീവിതം അന്ധവിശ്വാസത്തിൽ എഴുതി തള്ളി നമ്മുടെ കാരണവന്മാർ...അവരൊക്കെ പഴഞ്ചന്മാരെന്ന്‌ നമ്മളൊക്കെ പറഞ്ഞു...ഇപ്പോഴത്തെക്കാലത്തും ഇങ്ങനെ ആളുകളൊണ്ടല്ലോന്ന്‌ വിചാരിക്കുമ്പോഴാ...”
 കസിന്റെ വാക്ക്‌ എന്റെ തലയ്ക്കുള്ളിലെ ഒരു വിങ്ങലായ്‌ മാറുന്നു.
എന്റെ മുന്നിൽ ഇപ്പോൾ ആ മാഞ്ചുവടുണ്ട്‌.മീനാക്ഷി അമ്മായിയുടെ വാക്കുകൾ കാതിൽ ഇരമ്പുന്നു.ശോഭന ചേച്ചിയുടെ കല്യാണത്തെക്കുറിച്ച്‌ പറഞ്ഞത്‌...“ആ മുട്ടൊപ്പം മുടിയൊണ്ടല്ലോ അതൊര്‌ അപശകുനമാണ്‌. ഭർത്താവ്‌ വാഴില്ല.”

“ശാലുമോൾക്ക്‌ അവളുടെ അമ്മയുടെ പോലെ മുട്ടൊപ്പമുള്ള മുടിയുണ്ടോ?” ഞാൻ ചോദിച്ചുപോയി.
“മുടിയും മണ്ണാങ്കട്ടയും...എങ്ങനെ നീയിതു ചോദിക്കുന്നു സതീശേ? പാടിപ്പതിഞ്ഞ ചില അന്ധവിശ്വാസങ്ങൾ ഒരു കറയായ് മനുഷ്യമനസ്സിലെപ്പോഴുമുണ്ടാവും.നമ്മുടെ ശാലുമോൾ അതിനൊരിരയും!”
ചുരുണ്ടുകൂടുന്ന ഒരു തേരട്ട... അതാണ്‌ ഞാനിപ്പോൾ...

Read more...

DSB

Friday, June 27, 2014

ഇതൊരു ഉള്ളിക്കഥയാണ്‌! അരി,മുളക്‌,മല്ലി,മഞ്ഞൾ ഇത്യാദി അടുക്കള സാമാനങ്ങൾക്കും ഈ കഥയിൽ പങ്കുണ്ടങ്കിലും പ്രധാന ഇനം ഉള്ളി തന്നെ. ചെറിയ ഉള്ളി!
ഈ കഥ നടക്കുന്നത്‌ കുറേ കാലങ്ങൾക്ക്‌ മുന്നേയാണ്‌. കുറേ കാലം എന്ന്‌ പറഞ്ഞാൽ...തെക്കേക്കര രാജ്യത്ത്‌ വേലികളും,മതിലുകളും ഉണ്ടാകുന്നതിന്‌ മുൻപ്‌! റോഡുകളും,കറന്റുമൊക്കെ എത്തുന്നതിന്‌ വളരെ മുൻപ്‌!
കാറും,സ്കൂട്ടറുമൊക്കെ എത്തുന്നതിന്‌ വളരെ വളരെ മുൻപ്‌!

അന്ന്‌ തെക്കേക്കര രാജ്യത്ത്‌ സോഷ്യലിസമായിരുന്നു. നടവഴികളോ, പറമ്പുകൾക്ക്‌ അതിർകുറ്റികളോ ഇല്ലായിരുന്നു. അഥവാ ഉണ്ടായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
കുറുപ്പിന്റെ ആകാശത്തോളം വളർന്ന മൂവാണ്ടൻ മാവിൽ നിന്നും ആർക്കും മാങ്ങ പറിക്കാമായിരുന്നു. അടുത്തവീട്ടിൽ അരിവെച്ചോ എന്നന്വേഷിച്ചതിന്‌ ശേഷം സ്വന്തം വീട്ടിൽ അടുപ്പുപുകയ്ക്കുന്ന കാലം.
കാടുകേറാതെ കാര്യം പറഞ്ഞ്‌ തീർക്കൂ എന്നായിരിക്കും മാന്യവായനക്കാർ വിചാരിക്കുന്നത്‌. നമ്മുക്ക്‌ കാര്യത്തിലേയ്ക്ക്‌.. അല്ല കഥയിലേയ്ക്ക്‌ വരാം.
ശ്രീ ഭാസിയാണ്‌ നമ്മുടെ കഥയിലെ നായകൻ.തെക്കേക്കര രാജ്യത്തെ മറ്റേതൊരു പൗരനെപ്പോലെ ഒരു സാധാരണ കയർഫാക്ടറി ജീവനക്കാരൻ. ‘വെടല ഭാസി’ എന്ന പേരിൽ പ്രശസ്തനായിരുന്ന അദ്ദേഹം കാലത്തിന്റെ കുത്തൊഴുക്കിൽ മാറുന്ന ജീവിത സാഹചര്യങ്ങളിൽ പിന്നീട്‌ പല പല പേരുകളിൽ അറിയപ്പെട്ടു.ആ പേരുകൾ നമ്മുക്ക്‌ കഥ തുടരുന്നതനുസരിച്ച്‌ ചർച്ച ചെയ്യാം.

കരിക്കുമല്ല തേങ്ങയുമല്ലാത്ത ഒരവസ്ഥ... അതാണ്‌ വെടല. അത്തരത്തിലുള്ള ഒരവസ്ഥയാണ്‌ ശ്രീ ഭാസിയെ ‘വെടല ഭാസി’ ആക്കിയത്‌. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായവർ എന്നും വെടലകൾ അല്ലെങ്കിൽ കിറുകന്മാരാണല്ലോ?  ചരിത്രതിൽ അതിനെത്രയോ ഉദാഹരണങ്ങൾ നമ്മുക്ക്‌ കണ്ടെത്താനാകും. എന്നാൽ ചരിത്രം നമ്മുടെ വിഷയമല്ലാത്തതിനാൽ നമ്മുക്ക്‌ ഭാസിയിലേയ്ക്ക്‌ തന്നെ തിരിച്ചു വരാം.
 അദ്ദേഹത്തിന്റെ ഭാര്യ രാജമ്മ അഥവാ പള്ളത്തി രാജമ്മ!. അവരും ഈ കഥയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്‌. കുട്ടിക്കാലത്ത്‌ തുണിയില്ലാതെ മടയാംതോട്ടിൽ കുളിക്കാനിറങ്ങിയ രാജമ്മയുടെ വേണ്ടാത്തിടത്ത്‌ പള്ളത്തി കയറി. പള്ളത്തി ഇറങ്ങിയപ്പോഴത്തേയ്ക്കും രാജമ്മ ‘പള്ളത്തി രാജമ്മ’ ആയി. എന്നാൽ രാജമ്മയുടെ പേരും ഈ കഥയുമായി വലിയ ബന്ധമില്ലാത്തതിനാൽ ആ വിഷയം നമ്മൾ ചർച്ച ചെയ്യുന്നില്ല.

തെക്കേക്കര രാജ്യത്തിന്റെ സാമ്പത്തിക വികസനം തുടങ്ങുന്നത്‌ ശ്രീ ഭാസിയിൽ നിന്നാണ്‌. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മുക്ക് തെക്കേക്കരയുടെ സാമ്പത്തിക പിതാവ് എന്ന് വിളിക്കാം.
അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ചെറുതായൊന്ന് വിവരിക്കാം.
വികസനത്തിന്റെ ആദ്യപടിയായ ചിലവ്‌ ചുരുക്കൽ,ആഹാരം മിച്ചം വെയ്ക്കാതിരിക്കുക എന്നിവയിൽ തുടങ്ങി ട്രാവൽ അലവൻസ് ബസ് ടിക്കറ്റിന്‌ മാത്രമാക്കുകയും, മെഡിക്കൽ അലവൻസ് പൂർണ്ണമായ് നിർത്തലാക്കി രാജമ്മയും മക്കളും ഗവണ്മെന്റ് ആശുപത്രിയെ വേണ്ടവണ്ണം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർഡറിക്കി.
ഇമ്മാതിരി സാമ്പത്തിക നടപടികൾക്ക് എക്കാലവും ഉണ്ടാകാറുള്ളതുപോലെ കടുത്ത എതിർപ്പ്(ലോക ചരിത്രം പരിശോധിക്കാവുന്നതാണ്‌) ഭാസിക്കും നേരിടേണ്ടതായ് വന്നു.
അതിൽ പ്രധാനം രാജമ്മയിൽ നിന്നും തന്നെയായിരുന്നു.
വെടല ഭാസിയുടെ വെടലത്തരം എന്ന് കവലയിൽ ചർച്ച നടന്നു.
രാജമ്മ ഭാസിയെ ‘പിശുക്കൻ’ എന്ന് ഭാസി കേൾക്കാതെയും എന്നാൽ മറ്റുള്ളവർ കേൾക്കേയും പറയാൻ തുടങ്ങി.വെടല ഭാസി ‘പിശുക്കൻ ഭാസി’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
‘ലക്ഷ്യമുള്ളവനെ ഒരു പണ്ടാരവും പിടിച്ചുനിർത്തില്ല’ എന്ന ചൊല്ല് വന്നത് ഭാസിയിൽ നിന്നാണ്‌ .
ഭാസി എല്ലാ എതിർപ്പിനേയും അവഗണിച്ച് സാമ്പത്തിക അച്ചടക്ക നടപടികൾ കൂടുതൽ ശക്തമാക്കി.
അരി,മാങ്ങ, തേങ്ങ,ചമ്മന്തി തുടങ്ങി എല്ലാത്തിനും ആളെണ്ണം വെച്ച് കണക്കുണ്ടാക്കി! അതിൻപ്രകാരം ആഴ്ച്തോറുമുള്ള റേഷൻ നിജപ്പെടുത്തി. കണക്ക് തെറ്റിക്കുന്നോണ്ടോന്ന്
നോക്കാൻ ആഴ്ചതോറും അടുക്കള റെയ്ഡ് നടത്തി. എന്തെങ്കിലും തിരിമറികണ്ടാൽ രാജമ്മയുടെ കൊങ്ങായ്ക്ക് പിടുത്തവും വീണു.

സാമ്പത്തിക അച്ചടക്കം ഏതു കാലത്തും പുരോഗതിയ്ക്ക് നാന്ദ്യം കുറിച്ചിട്ടുണ്ട്‌.(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) ഭാസിയുടെ പുരോഗതിയും തുടങ്ങി.നെയ്ത്തുകാരനായിരുന്ന
ഭാസിയുടെ വീട്ടിൽ കയർഫാക്ടറി തുടങ്ങി. നാൾക്കുനാൾ തറിയുടെ എണ്ണം കൂടി വന്നു.
പിശുക്കൻ ഭാസി ‘മൊതലാളി ഭാസിയായി’.
മൊതലാളി ആയെങ്കിലും റേഷനും റെയ്ഡിനുമൊന്നും മൊടക്കമുണ്ടായില്ല. അതുകൊണ്ട് രാജമ്മയ്ക്ക് പിശുക്കൻ ഭാസിയും മൊതലാളി ഭാസിയും ഒരുപോലെയായിരുന്നു.
മൊതലാളി ഭാസിയുടെ വളർച്ചയെക്കുറിച്ച് കവലയിൽ ചർച്ച നടക്കുന്ന മഴയുള്ള ഒരു കർക്കിടകമാസം ഒന്നാം തീയതി പുലർകാലത്ത് ഭാസിയുടെ വീട്ടിൽ നിന്നും അസാധാരണമായ ഒരു ശബ്ദം!
ഭാസിയുടെ അമറലും രാജമ്മയുടെ അലർച്ചയും അകമ്പടിയ്ക്കായ് കുട്ടിപരാധീനങ്ങളുടെ കാക്കിരി പീക്കിരി കരച്ചിലും മഴയുടെ ശബ്ദത്തെ ഭേദിച്ചുകൊണ്ട് തെക്കേക്കര രാജ്യത്തെ പ്രജകളെ അങ്ങോട്ട് അടുപ്പിച്ചു.
ഭാസിയുടെ ഇടതുകൈ രാജമ്മയുടെ മുടിയിൽ...
വലതു കൈ രാജമ്മയുടെ മുതുകിൽ പെരുമ്പറമുഴക്കുന്നു...
പ്രജകൾക്ക് കാര്യം മനസ്സിലായില്ല!
“നീ പണ്ട് പള്ളത്തിയെ പറ്റിച്ചിട്ടുണ്ടന്ന് കരുതി വേല എന്നോട് വേണ്ട.” ഭാസി പറയുന്നത് കേട്ട് കുരുത്തം കെട്ട പിള്ളാരാരോ കൂവി.
രാജമ്മ ഭാസിയെ തള്ളി മാറ്റി മഴവെള്ളത്തിൽ നനഞ്ഞ മുടി ഒരു വശത്തേയ്ക്ക് തട്ടി.
“ഇങ്ങനെ നിങ്ങടെ കൂടെ ജീവിക്കണതിലും ഭേദം ചാകണതാ...എങ്ങനെ മെഴുമെഴാന്നിരുന്ന ഞാനാ...ഇപ്പോ ദേ, എല്ലുപെറുക്കിയെടുക്കാം.” പിന്നെ രാജമ്മ പ്രജകളുടെ നേരേ തിരിഞ്ഞു.

“ഞങ്ങ ആഹാരം കഴിക്കാണ്ടെ ഇങ്ങേര്‌ വല്യ മൊതലാളിയായ്...അരീം തേങ്ങേം മാങ്ങേമെല്ലാം എണ്ണം വെച്ച് തന്ന്...ഞങ്ങ സഹിച്ച്... ഇന്ന് ദേ, ഉള്ളീടെ എണ്ണമെടുത്തിരിക്കണ്‌...ആളൊന്നുക്ക് ഉള്ളിക്ക് റേഷൻ പോലും റേഷൻ...” രാജമ്മ ആഞ്ഞ് തുപ്പി. പക്ഷേ അത് മഴവെള്ളത്തിൽ അലിഞ്ഞുപോയി.

ഏത് വിജയത്തിന്‌ പിന്നിലും കഷ്ടപ്പാടുകളുണ്ട്!(ചരിത്രം പരിശോധിക്കാവുന്നതാണ്‌!) പ്രബുദ്ധരായ തെക്കേക്കര പ്രജകൾക്ക് അതറിയാം.

മൊതലാളി ഭാസി പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകളെ സാക്ഷ്യം നിർത്തി പ്രഖ്യാപിച്ചു.
“ഞാനീ ചെയ്യണതൊക്കെ ദേശസ്നേഹമൊള്ളതുകൊണ്ടാ...നമ്മടെ രാജ്യത്തെ ഓരോ കുടുംബോം രക്ഷപ്പെട്ടാ  രാജ്യം രക്ഷപ്പെട്ട്...അല്ലാണ്ട് ഗവമ്മെന്റ് വന്ന് രാജ്യം നന്നാക്കണമെന്ന് പറഞ്ഞാല്‌ ഈ രാജ്യത്ത് ഒരു  പിണ്ണാക്കും നടക്കില്ല. രാജ്യസ്നേഹം വേണം...രാജ്യസ്നേഹം!!!”

പ്രബുദ്ധരായ തെക്കേക്കര രാജ്യത്തെ പ്രജകൾക്ക് എല്ലാം മനസ്സിലായി!
മൊതലാളി ഭാസി ‘ദേശസ്നേഹി ഭാസിയായി’ മാറി!
രാജ്യസ്നേഹം മൂത്ത പ്രജകൾ DSBയുടെ(ദേശസ്നേഹി ഭാസി പിന്നിടങ്ങനാണ്‌ തെക്കേക്കരയിൽ അറിയപ്പെട്ടത്) വാക്കുകൾ  മുഖവിലയ്ക്കെടുത്തു.
‘ശക്തമായ കുടുംബമാണ്‌ രാജ്യത്തിന്റെ  അടിത്തറ!’
അതുകൊണ്ട് അവർ വേലിയും മതിലുകളും കൊണ്ട് കുടുംബങ്ങളെ വേർതിരിച്ചു.
‘സ്വന്തം കാര്യം സിന്ദാബാദ്!’ എന്ന മന്ത്രം മുറതെറ്റാതെ ജപിക്കാൻ തെക്കേക്കരയിലെ പ്രജകൾ പഠിച്ചു.

കാലം കടന്നുപോയി. ഭാസിയെ കാലനും കൊണ്ടുപോയി.
 തെക്കേക്കരക്കാരുടെ മനസ്സിൽ ഇന്നും DSB ഉണ്ട്. രാജ്യത്തിന്റെ കവാടത്തിൽ DSBയുടെ ഒരു പ്രതിമയുണ്ട്. എല്ലാവർഷവും കർക്കിടകം ഒന്നിന്‌ അതിൽ ഉള്ളിമാലയിടുന്നത് കുടുംബത്തിന്‌ ഐശ്വര്യമുണ്ടാക്കുമെന്ന് ദേശസ്നേഹികളായ തെക്കേക്കരക്കാർ ഇന്നും വിശ്വസിക്കുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP