Followers

കിണറ്റിൽ വീണ ഹെർക്കുലീസ്

Friday, March 6, 2020

 


മഞ്ഞുപൊഴിയുന്ന ആ പ്രഭാതത്തിലും ഒരിക്കലും പിഴച്ചിട്ടില്ലാത്ത ചുവടുകളോടെ ചുവന്ന മുഖവുമായ് അംശുമാൻ മടയാംതോടിന്റെ കരയിലെ മണൽകൂനകൾക്ക് മുകളിൽ എത്തിനോക്കിയപ്പോഴാണ് നാട് ആ വാർത്ത അറിയുന്നത്.
രായൻ കിണറ്റിൽ ചാടി!
“നല്ലോരു ചെത്തുകാരനാരുന്നു. പോയില്ലേ എല്ലാം! ഇനീപ്പോ ശ്യാമള എന്തോ ചെയ്യും?” ഇടത്തുകാലിന്മേൽ വലത്തുകാൽ ചവിട്ടി ഉമിക്കരി പിടിച്ച വിരൽ വായിൽ തിരുകി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെപ്പോലെ മീനാക്ഷി അമ്മായി നിന്നു.
“രായനെ രാവിലെ തന്നെ അമ്മായി കൊന്നു...കിണറ്റിൽ ചാടീന്നല്ലേ പറഞ്ഞുള്ളൂ...ചത്തെന്ന് ആരേലും പറഞ്ഞോ?” അടുപ്പിലെ തീ ഊതുന്നതിനിടെ അമ്മ പറയുന്നത് ആരു കേൾക്കാൻ!

“എന്തിനാ രായൻ കിണറ്റിൽ ചാടിയത്?” കിണറ്റിൻ കരയിൽ കൂടിയ ആൾക്കൂട്ടം പരസ്പരം ചോദിച്ചു.
“കിണറ്റിന് എന്ത് ആഴം വരും?”
“ഭൂമിയോളം.”  കുട്ടൻ പറഞ്ഞ അളവിനോട് ആർക്കും എതിരില്ലാരുന്നു.“കിണറെത്ര തേകിയ കുട്ടനാ...കിറുകൃത്യാരിക്കും”

നാൽപ്പത് വർഷങ്ങൾക്ക് മുന്നേ തെക്കൻ ദേശത്തൂന്ന വന്ന പൊടിമീശക്കാരൻ രാജൻ.
ശ്യാമളയുടെ വീടിന്റെ ചാർപ്പിൽ വാടകയ്ക്ക് രാജൻ താമസം തുടങ്ങിയപ്പോൾ അമ്മായി പറഞ്ഞു, “തെക്കനെ സൂക്ഷിക്കണം പെണ്ണേ.നാടുവിട്ട് ഓടി വന്നവനാണ്. തക്കം പോലെ നിക്കും തെക്കൻ” 
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലന്ന് ശ്യാമളയും പറഞ്ഞു.അമ്മായിക്ക് രായനിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു.
അന്ന് അമ്മായിക്ക് പ്രായം ഇരുപത്. ശ്യാമളയ്ക്ക് പതിനെട്ട്.

രായൻ കരപ്പുറത്തെ ചെത്തുകാരനായി. കള്ളടിക്കാത്ത ചെത്തുകാരനായി.
പതിവിൽക്കവിഞ്ഞ പൊക്കമുള്ളകൊന്നത്തെങ്ങിന് കൊതകൊത്താനായ് കയറിക്കൊണ്ടിരുന്നപ്പോഴാണ് രായന്റെ ശ്രദ്ധ തെറ്റിയത്. ശ്രദ്ധയോടൊപ്പം കാലും തെറ്റി.നടുവിന്റെ ഡിസ്കും തെറ്റി. ശ്യാമളയെ അമ്മായി വഴക്ക് പറഞ്ഞു.
“കാണാങ്കൊള്ളാവുന്ന ആമ്പിള്ളാരെക്കണ്ടാലവക്കൊള്ളതാ ഇളക്കം. അവക്ക് മറപ്പുരേ കേറാൻ കണ്ട സമയം! ഇപ്പോ എന്തായി...തന്തേം തള്ളേല്ലാത്തോനാ...ഭാവി പോയില്ലേ?”  കുളക്കരയിലെ ഒതളമരത്തിന്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒതളങ്ങ പറിച്ചെടുത്ത് തെങ്ങിൻ മൂട്ടിൽ എറിഞ്ഞുടച്ചു അമ്മായി.
“തെങ്ങേന്ന് വീണാല് നോക്കാനുമറിയാം” ശ്യാമള വിട്ടുകൊടുത്തില്ല.
“നടുവൊടിഞ്ഞവനാ...പെണ്ണേ...സ്നേഹോള്ളകൊണ്ട് പറയുകയാ... ഭാവി കളയരുത്.”
“ഒള്ള സ്നേഹോക്കെ തന്നെ അധികമാ എന്റെ മിന്നാക്ഷി...” ശ്യാമള കൈകൊകൊണ്ട് എന്തോ ആംഗ്യം കാണിച്ചെന്നും പിന്നിടിന്നുവരെ അമ്മായി ശ്യാമളെയോട് മിണ്ടീട്ടില്ലന്നതും കാലം സാക്ഷി.

“കുട്ടാ, നീ കീണറ് തേകി പരിചയോള്ളനല്ലേ...ഒന്നിറങ്ങി രക്ഷിച്ചൂടേ?”
പലമുഖങ്ങൾ ഒരേസമയം കുട്ടനിലേക്ക് തിരിഞ്ഞു.
‘നുരപൊങ്ങുന്നുണ്ടിപ്പോഴും. എളുപ്പം ചാടിയാൽ രക്ഷപ്പെടുത്താം.‘
നീണ്ട കയറെടുത്ത് കിണറ്റിങ്കരയിലെ മാവിൽകെട്ടി, ഉടുത്തിരുന്ന മുണ്ട് താറുപാച്ചിയുടുത്ത് കുട്ടൻ കിണറ്റിലേക്കിറങ്ങി. കിണറ്റിലെ വെള്ളത്തിൽ പ്രതിഫലിച്ച മുഖങ്ങൾ പ്രാർത്ഥനയോടെ നിശബ്ദമായി.
ശ്യാമളെയെവിടെ?
നാടുമുഴുവൻ വീട്ടിങ്കലെത്തിയിട്ടും ശ്യാമളയെ കാണാനില്ല. തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി പലരും. ശ്യാമളയില്ല.
രായൻ കിണറ്റിൽ ചാടിയതാരാണ് കണ്ടത്?അറിയില്ല.അംശുമാനപ്പോൾ തെളിയുന്ന മുഖവുമായ് മണൽകൂനകൾക്ക്  മുകളിലെത്തിയിരുന്നു.

ആകാംക്ഷയുറ്റ് നിൽക്കുന്ന മുഖങ്ങൾക്ക് ആശ്വാസമേകി കുട്ടന്റെ തല വെള്ളത്തിന്ന് മുകളിൽ പൊങ്ങി. കുട്ടന്റെ മാത്രം തലവെള്ളത്തിന്ന് മുകളിൽ...
രായൻ...??
ഞൊടിയിടയിൽ കുട്ടൻ കയറിൽ പിടിച്ച് മുകളിൽ എത്തി. നനഞ്ഞ മുണ്ട് കൈകൊണ്ട് പിഴിഞ്ഞ് വിരിഞ്ഞ നെഞ്ചിൻ‌കാടിൽ വിരലോടിച്ച് തല ലെഫ്റ്റ് റൈറ്റ് രണ്ടു തവണ വെട്ടിച്ചു.മുടിയിഴയിലെ വെള്ളത്തുള്ളികൾ ഇളവെയിലിൽ തിളങ്ങിത്തെറിച്ചു.
കിട്ടിയോ? ഉണ്ടോ കുട്ടാ രായൻ കിണറ്റിൽ...?
“ ആ കയറൊന്ന് വലിച്ചേ എല്ലാരും കൂടേ...”
ജീവന്റെ വില നിർണ്ണയിക്കുന്ന അനർഘ നിമിഷങ്ങൾ...വെള്ളത്തിൽ വീണവനെ കയറിൽ കെട്ടിയിട്ട് കേറിപ്പോന്ന ദുഷ്ടനെന്ന രീതിയിൽ ജനക്കൂട്ടം കുട്ടനെ നോക്കി.
സമയം പാഴാക്കാനില്ല.  കയറ് പൊങ്ങി...കൂടെ നുരയും...
കിണറിന്നുള്ളിലേക്ക് ഇമവെട്ടാതെ നിന്ന ആകാംക്ഷാഭരിതമായ കണ്ണുകൾ അത്ഭുതം കൂറി! വരണ്ട തൊണ്ടകൾ കൂകി വിളിച്ചു.
‘ഹെർക്കുലീസ്...’ രായന്റെ ഹെർക്കുലീസ്...
“അപ്പോൾ രായനില്ലേ കുട്ടാ കിണറ്റിൽ...”
“പുല്ല്...രണ്ട് മൂന്ന് ഒണക്ക ചട്ടീം പാത്രോം കൂടീണ്ട്...”

തലേന്ന് രായനെ കണ്ടവരുണ്ട്. ചെത്തുകുടുക്കയും തൂക്കി ഹെർക്കുലീസിൽ വളവിലെ കലുങ്കിൽ കാലുകുത്തി സിഗററ്റ് വലിച്ച് നിന്ന രായനെ കണ്ടവരുണ്ട്. സമയമപ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടായിരുന്നു. വൈകിട്ട് ചന്തയിൽ നിന്ന് കപ്പയും കക്ക ഇറച്ചിയും വാങ്ങിമടങ്ങിയ ശ്യാമളയേയും കണ്ടവരുണ്ട്.വർഷം നാൽപ്പത് കഴിഞ്ഞിട്ടും രായന് കപ്പയും കക്ക ഇറച്ചിയും ശ്യാമളയോടെന്നപോലെ തന്നെ ഇഷ്ടമായിരുന്നു.
കിണറ്റിങ്കരയിൽ ആളൊഴിഞ്ഞു.വീടിന്റെ തുറന്ന വാതിലുകളിലൂടെ കാറ്റ് അപ്പോഴും കയറി ഇറങ്ങിക്കൊണ്ടിരുന്നു.

“ചത്തില്ലേല് ഒറപ്പാ, രായൻ അവളെ ഇട്ടിട്ട് പോയതാ.” മീനാക്ഷി അമ്മായിക്ക് ഉറപ്പിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കണക്കിന് ഉപ്പിടാതെ കറിയുണ്ടാക്കാനോ, വേവ് നിർത്തി ചോറുണ്ടാക്കാനോ ശ്യാമളയ്ക്കറിയ്‌വോ എന്ന ചോദ്യത്തിന്ന് മറുപടി നൽകാൻ ആരുമില്ലായിരുന്നു. എല്ലാം പോട്ട്... വർഷം പത്ത് നാല്പതായിട്ട് ഒരു കുഞ്ഞിക്കാലുണ്ടാക്കിയെടുക്കാനവൾക്കായോ...
രായന് ഭക്ഷണം മറ്റെന്തിനെപ്പോലെയും പ്രീയകരമായിരുന്നു. കണക്കിന് ഉപ്പ്, പാകത്തിന്ന് എരിവ്, അല്പം വേവ് കൂട്ടിയെടുത്ത കുത്തരിച്ചോറ്... കട്ടായം... ഏതെങ്കിലും ഒന്ന് തെറ്റിയാൽ കറിപാത്രം അന്ന് കിണറ്റിലാണ്.
ചട്ടീം പാത്രോം കിണറ്റിലായത് മനസ്സിലാക്കാം. പക്ഷേ സൈക്കിൾ... ഒരുപക്ഷേ ശ്യാമളേയാക്കാൾ രായനിഷ്ടം ഹെർക്കുലീസായിരിക്കാം.

കാഞ്ചന, ശ്യാമളയുടെ ഇളയ സഹോദരി, മരുന്നു കമ്പനി ജോലിക്കാരി, ബാഗും തൂക്കി ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന എതിരേ കാറ്റിന്റെ വേഗതയിൽ ‘ഇച്ചേയി‘ വന്നത്.
കുടിയാനാണെങ്കിൽ കൂടി ജോലി ജന്മം ചെയ്താൽ ചെയ്യില്ലന്നുറപ്പിച്ച കെട്ടിയോന്റെ പരിചരണം, മൂന്ന് പെണ്മക്കളുടെ പഠനം, പഠനേതര കാര്യങ്ങൾ,മുതലായ മുതലുകൾ തന്റെ കുഞ്ഞിത്തലയിലൂടെ കശകശക്കി വട്ടുപിടിച്ചിട്ടും ആർക്കും ഒരു ശല്യവുമില്ലാതെ സ്വസ്ഥം ഗൃഹഭരണം നടത്തിവരുമ്പോഴാണ് ഓർക്കാപ്പുറത്ത് വെളുപ്പാങ്കാലത്ത് ഇച്ചേയി പ്രത്യക്ഷപ്പെട്ടത്.
“ഇല്ലടീ കാഞ്ചനേ,അതിയാന്റെ കൂടെയൊള്ള പൊറുപ്പ് ഞാൻ മതിയാക്കി. ഇങ്ങനേമൊണ്ടോ? തൊട്ടതിനും പിടിച്ചതിനും വഴക്കും കിണറ്റിലേറും.എത്ര നാളെന്ന് കരുതിയാ...”
അരി വെന്തുപോയാൽ പ്രശ്നം വെന്തില്ലേല് പ്രശ്നം...എരിവു പുളി ഉപ്പ് എന്തിനുപറയാൻ അങ്ങേർക്ക് കുറ്റമൊന്നുമില്ലാത്ത ഒരു സംഗതിയുമില്ലന്ന് മാത്രമല്ല കുടുംബ മൊതല് നശിപ്പിക്കൽ എന്ന പുരാതന നാടകങ്ങൾക്ക് പുറകേ ഇപ്പോ ദേഹോപദ്രവം കൂടി തുടങ്ങിയെന്ന് ഒറ്റശ്വാസത്തിൽ ശ്യാമളപറഞ്ഞ് നിർത്തിയപ്പോൾ വിശ്വാസം വരാത്ത വിധം കാഞ്ചന എല്ലാം കേട്ടുകൊണ്ടിരുന്നു.
നാൽപ്പത് വർഷങ്ങളിൽ കേൾക്കാത്തകാര്യങ്ങൾ...
“അങ്ങേരുടെ ജീവനായ ഹെർക്കുലീസിനെ കിണറ്റിലെറിഞ്ഞപ്പോഴേ  നിരീച്ചു, എന്നേം കിണറ്റീ തള്ളൂന്ന്..”
"എന്നിട്ട്?”
“എന്നിട്ടെന്താ എന്നെത്തള്ളുന്നതിന് മുന്നേ ഞാനങ്ങേരെ തള്ളി.” 
“ഇച്ചേയീ അപ്പോ രായണ്ണൻ!” തള്ളിവന്ന കണ്ണുകളെ അകത്തേക്ക് വലിക്കാനാവാതെ തുറന്നവായിൽ കാഞ്ചന നിന്നു.
“അങ്ങേർക്കൊന്നും പറ്റില്ലെടി പെണ്ണേ...നാലുകാലേ നിക്കണ ജാതിയാ...
നാൽപ്പത് വർഷത്തെ ജീവിതത്തിന്റെ കരുത്തും വിശ്വാസവും ആ വാക്കുകളിലുണ്ടായിരുന്നു.

പറക്കമുറ്റാത്ത മൂന്നും പണിക്കുപോകാത്ത ഒരെണ്ണവും താങ്ങാവുന്നതിലുമധികമാണ്.ബാഗ് ഇറയത്തേക്കെറിഞ്ഞ് അകത്ത് കയറി കട്ടിലിൽ കമിഴ്ന്ന് കിടന്നു കാഞ്ചന. .തൊണ്ട് തല്ലി ഞണ്ടിൻ പുറം പോലായ കൈകളാൽ ശ്യാമള ബാക്ക് ഓപ്പൺ ബ്ലൌസിട്ട കാഞ്ചനയുടെ പുറം മെല്ലെ തഴുകി.
“ ഞാൻ ന്യൂസ് വർക്കിയേ ഞാൻ വഴീല് കണ്ടാരുന്നു. അങ്ങേര് കിണറ്റില് വീണന്ന് സൂചിപ്പിച്ചിട്ടാ ഇങ്ങോട്ട് ഓടിയത്. ഒറപ്പാ അവൻ നാട്ടാരെ വിളിച്ചോളും“ അംശുമാൻ ചിരിച്ചു.തൂവെള്ള പല്ലുകൾ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.

കാലം മാറ്റം വരുത്താത്ത കുടുംബ വീടിന്റെ മുറ്റത്ത് സുഖദമായ നനവുള്ള മണ്ണിൽ പാദസ്പർശമേൽപ്പിച്ച് കണ്ണടച്ച് ധ്യാനനിരതനായ് അയാൾ നിന്നു. ആരുടേയും അനുവാദത്തിന്ന് കാത്തുനിൽക്കാതെ കോലായിലെ ഞാത്തുകട്ടിൽ കൈകൊണ്ട് തള്ളി അകത്തേക്ക് കയറിയപ്പോൾ പരിചിതമായ മുഖമൊരണ്ണം ഭിത്തിയിലിരുന്ന് ചിരിക്കുന്നു.
പത്തായപ്പുരകടന്ന് ഇടനാഴിയിലൂടെ തെക്കേ മുറിയിലെ കോണിൽ അയാൾക്കെന്നപോലെ കിടന്നിരുന്ന ചാരുകസേരയിലേക്കമർന്ന് ഒരു നിമിഷം കണ്ണടച്ചു.
ഭവാനിയുടെ ആങ്ങള വന്നിരിക്കുന്നു. ഉറ്റവരേം ഉടയവരേം വിട്ട് നാടുതെണ്ടിയ അമ്മാവൻ ഇനി എങ്ങോട്ടും പോണില്ലാത്രേ!
കേട്ടുകഥയോ കെട്ടുകഥയോ ആയ അമ്മാവൻ!
ഭവാനിയുടെ ഓർമ്മ തങ്ങി നിൽക്കുന്നയിടം. അച്‌ഛനും അമ്മയുമില്ലാതെ വളർത്തിയ കുട്ടി...പറക്കമുറ്റാറായപ്പോൾ കേശവൻ നായരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നവൾ...സഹിച്ചില്ല.
ഇരുകവിളിലൂടെ ഒഴുകിയ കണ്ണീർ തൂവാലകൊണ്ട് തുടച്ച് രായൻ കണ്ണുതുറന്നു.
ചെറുതും വലുതുമായ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മുഖങ്ങൾ ചുറ്റിലും!
“എന്റെ ഭവാനീടെ ഓർമ്മ നിൽക്കുന്നിടം വിട്ട് അമ്മാവനിനി എങ്ങോട്ടുമില്ല മക്കളേ...”
ഉൾക്കൊള്ളാനാവത്ത മനസ്സിന്റെ പ്രതിഫലനം നോട്ടങ്ങളിലുണ്ടായെങ്കിലും പുറത്തേക്ക് നേരിട്ട് വന്നില്ലന്നത് രായനെ വിഷമിപ്പിച്ചു.
“ഞാൻ വന്നത് ബുദ്ധിമുട്ടായ് അല്ലേ? സാരമില്ല മക്കളേ...ഇതെന്റേയും വീടാണ്. ഭാവാനീടെ മാത്രല്ല.” ഉറച്ചവാക്കുകൾക്ക് പിന്തുണയേകുന്ന മനസ്സുമായെഴുന്നേറ്റ് തെക്കേപ്പുറത്തെ വയലിറമ്പിലെ കൊടമ്പുളിയുടെ സുഖദമായ തണുപ്പിൽ രായൻ നിന്നു. ഉൾത്തടം തുടിച്ചു, രായൻ കൊണ്ടേ പോകൂ...അംശുമാനപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ഇച്ചേയി എന്തായീപ്പറയണത്” കാഞ്ചനയുടെ പുറകിൽ അരയ്ക്ക് കൈ താങ്ങി കെട്ടിയോനും അങ്ങേർക്ക് പിന്നിലായി മൂന്ന് സുന്ദരികളും നിന്നു.
”കാഞ്ചനേ, ഇനിയെങ്കിലും ഞാനെന്റെ കാര്യം നോക്കീല്ലേല് വയസാൻ കാലത്ത് ഒന്നാശൂത്രീപോണേലും പോലും നാലുപൈസ കൈയിലുണ്ടാവില്ല. അതാ പറഞ്ഞേ. നീ കൂടി വിചാരിച്ചാലേ അത് നടക്കൂ.” തുണയില്ലാതുള്ള തുടർജീവിതത്തിന്റെ അസന്നിഗ്ധാവസ്ഥ നിഴലിക്കുന്ന വാക്കുകൾ...
“നെയമപ്രകാരം എളയവള് കാഞ്ചനക്കുള്ളതാ വീട്.ഒന്നുമറിയാത്തപോലെ ഇച്ചേയി ഒരുമാതിരി മണകുണ വർത്താനം പറയരുത്.” കാഞ്ചനയുടെ ഭർത്താവ് ശ്യാമളയെ നിയമം പഠിപ്പിക്കാൻ ശ്രമിച്ചതവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഞങ്ങള് സഹോദരങ്ങള് പറയണതിനെടെക്കേറി പറയണ്ടകേട്ട നീ. രായണ്ണനൊണ്ടാരുന്നേ നീ ഇങ്ങനൊക്കെ പറയ്‌വാരുന്നോ.“ കവിളിലൂടൊഴുകിയ കണ്ണീർ കൈത്തലം കൊണ്ട് തുടച്ച് ശ്യാമള വരാന്തയിലോട്ടിരുന്നു.
കുറച്ച് കഴിഞ്ഞ് കാഞ്ചന ഇച്ചേയീടെ അടുക്കൽ വന്നിരുന്നു.
“ഞാനിപ്പോ എന്താചെയ്യേണ്ടത്? എന്റെ അച്‌ഛനും അമ്മയും എല്ലാം നിങ്ങളാരുന്നു.അറിയാം പാടില്ലാഞ്ഞിട്ടല്ല. പക്ഷേല് ഈ മൂന്നെണ്ണത്തിനെ ഓർക്കുമ്പോ...”
“എനിക്കും അറിയാമ്മേലാഞ്ഞിട്ടല്ലെന്റ കുട്ടി, ഈ വയസാം കാലത്ത് എനിക്കെന്തെങ്കിലും വരുമാനോണ്ടോ. അങ്ങേരും പോയി...വീടായാൽ വാടകയ്ക്ക് കൊടുത്താലും നിങ്ങളേക്കെ ബുദ്ധിമുട്ടിക്കാതെ കഴിയാല്ലോന്ന് വിചാരിച്ചിട്ടാ.” മൌനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ചനയുടെ തലയാടി,”ശരി ഇച്ചേയീ.”അംശുമാനപ്പോൾ യുഗയുഗങ്ങളായുള്ള കർമ്മങ്ങൾക്ക്മാറ്റമുണ്ടാക്കാതെ ഗാഢനിദ്രയിലായിരുന്നു.

ഇടവഴിയിലും കടത്തിണ്ണയിലും കവലയിലും മാത്രമല്ല നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഭവാനിയുടെ ആങ്ങള വന്ന വാർത്തയായിരുന്നു.
ഭവാനീടെ കുട്ട്യോൾക്കൊന്നും അയാളെ ഇഷ്ടമല്ലത്രേ! വയസാൻ കാലത്ത് പണിയൊണ്ടാക്കാൻ വന്ന മാരണം. നല്ലപ്രായത്തിൽ വീടും കൂടും വിട്ട് വല്ല രാജ്യത്തും പോയോൻ!
ഇപ്പോ വയ്യാണ്ടായപ്പോ എത്തീരിക്കുണു.
കുടുംബയോഗംകൂടി ഒരുനാൾ എല്ലാരുംകൂടി അമ്മാവന് മുന്നിലെത്തി.
പോയിത്തരുന്നതിനെന്താവേണ്ടതെന്ന്?
ഭവാനി ഒരുത്തനെ അനുവാദമില്ലാതെ വിളിച്ചോണ്ട് വന്നപ്പോ ഇറങ്ങിപ്പോയവനാണ്. അന്ന് രണ്ടിനേം അടിച്ച് പുറത്താക്കാരുന്നു.  സുഖായിട്ട് ഇക്കണ്ട സ്വത്തും ആസ്വദിച്ച് ജീവിക്കായിരുന്നു. ഇപ്പോ...പോയിത്തരാമോന്ന്...
രാജൻ ചിരിക്കുകയായിരുന്നു.
“പോകാം. പക്ഷേ...ഇത്തവണ ചുമ്മാതല്ല.” അർത്ഥഗർഭമായ ഒരുമൂളലോടെ രാജൻ എണീറ്റു. തെക്കേ വയലിറമ്പിലേക്ക് നടന്നു. ഭവാനിയുണ്ടവിടെ. കൊടമ്പുളിച്ചുവട്ടിൽ...

“രായൻ തിരിച്ചുവന്നു.” ന്യൂസ് വർക്കി പതിവിന്നേക്കാൾ ആവേശത്താൽ വീടുതോറുംകയറി ഇറങ്ങി. വന്നപാടെ ഹെർക്കുലീസേ പിടിച്ചിട്ടുണ്ട്. പൊടിതുടച്ച് ടയറിന് കാറ്റടിച്ചോണ്ടിരിക്കുന്ന രായനെ ന്യൂസ് വർക്കി പകൽ പോലെ വ്യക്തമായിക്കണ്ടതാണ്!
“എങ്കിലും ശ്യാമള...നാണോല്ലാത്തോള്...ഇത്രേക്കെ അനുഭവിച്ചിട്ടും കേറ്റിപ്പൊറുപ്പിച്ചിരിക്കുന്നു...“പ്‌ഫൂ.. മീനാക്ഷി അമ്മായി നീട്ടിത്തുപ്പി.
ശ്യാമള അപ്പോൾ രായന്റെ ചെവിയിൽ പറയുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലെന്താ...എല്ലാം നമ്മ വിചാരിച്ചപോലെ തന്നെനടന്നല്ലോ...” എല്ലാതിന്നും സാക്ഷിയായ് അംശുമാൻ ജ്വലിച്ചുനിന്നു.

Read more...

ഫേസ്ബുക്കിന്റെ എഴുതാപ്പുറങ്ങൾ

Friday, February 21, 2020



“നമ്മുടെ മോള് മിടുക്കിയാണല്ലോ, ഒറ്റ ദിവസം കൊണ്ടവള് ഇരുപത്തൊന്ന് വർഷം പഴക്കമുള്ള നിങ്ങടെ പേര് ഹാജർ ബുക്കിൽ നിന്നും വെട്ടിക്കളഞ്ഞല്ലോ!” മോളുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ പതിവ് ചായകുടിയോടൊപ്പം  സുരേന്ദ്രൻ മാഷ് കോച്ചിയിലേക്ക് ചാഞ്ഞ് പത്രവാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴാണ് ഭാര്യ മൊബൈലുമായ് എത്തിയത്.
സുഗന്ധി സുരേന്ദ്രൻ ഫേസ് ബുക്കിലെ പേര് തിരുത്തിയിരിക്കുന്നു!
“അങ്ങനാ ഇപ്പോഴത്തെ പെൺപിള്ളാര്! നിന്നെപ്പോലെയല്ല... നാൽപ്പത്തഞ്ച് വർഷം കഴിഞ്ഞിട്ടും നീ ‘സുശാന്തി.പി എസ്“തന്നെയല്ലേ!. സിഗററ്റ് കുറ്റി കോച്ചിയുടെ കൈയിൽ കുത്തി സുരേന്ദ്രൻ മാഷ് മോളുടെ കല്യാണ ഫോട്ടോകളിലൂടെ കടന്നു.സുരേഷേ നീ ഭാഗ്യമുള്ളവനാടാ....എന്റെ മോള് തനി സുഗന്ധിയാണടോ...

സുഗന്ധി ആദ്യമായിട്ടായിരുന്നു വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ഭർത്താവിന്റെ ജോലി സൌകര്യാർത്ഥം വാടകയ്ക്ക് വീടെടുത്ത് പുതുജീവിതം തുടങ്ങിയപ്പോൾ സുഗന്ധി സന്തോഷിച്ചു. സുരേഷും സന്തോഷിച്ചു. സന്തോഷപൂർവമായ അവരുടെ ജീവിതം കണ്ട് രണ്ടാളുടേയും മാതാപിതാക്കളും സന്തോഷിച്ചു.
സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയാകണമെന്നുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ആദ്യപടിയായി അവൾ കണവനെ കൺ‌വൻഷണൽ പേരുകളായ ചേട്ടാ, അണ്ണാ, ഇതിയാൻ, അങ്ങേര്, ശൂ എന്നൊക്കെ വിട്ട് സ്നേഹിച്ചിരിക്കുമ്പോൾ എടാ ചെറുക്കാ എന്നും അല്ലാത്തപ്പോൾ പോടാ ചെറുക്കാ എന്നും വിളിച്ചുതുടങ്ങി.
സുഗന്ധിയുടെ മൂഡ് കണ്ടുപിടിക്കാനുള്ള ഇൻഡിക്കേറ്ററായ് ഈ വിളി സുരേഷിന്!
കല്യാണാനന്തരം വലിയ പ്രശ്ങ്ങളൊന്നുമില്ലാതെ ഇടക്കിടക്കുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളിലൂടെ ജീവിതം സുന്ദരസുരഭിലമായ് നീങ്ങുകയായിരുന്നു.
വിവാഹ ജീവിതം, ദാമ്പത്യ ജീവിതം എന്നതൊക്കെ എന്നും അങ്ങനെ തന്നെയാണല്ലോ. ആയിരുന്നല്ലോ?
ഹായ്  ഡാർലിങ്ങ് എന്നും പറഞ്ഞ് ഭാര്യയ്ക്ക് എപ്പോഴും ഭർത്താവിന്റെ തലയിലെ വെള്ളി നൂൽ പറിച്ച് കളയാനോ, ഷൂസിട്ട് മരവിച്ച കാല് പിടിച്ച് മടിയിൽ വെച്ച് തായ് മസാജ് ചെയ്യാനോ പറ്റില്ല.
ഹായ് ഹണി നീ എത്ര സുന്ദരിയായിരിക്കുന്നു, നിന്റെ ഗന്ധം എന്റെ മനം മയക്കിക്കളയും, നിന്റെ കാർകൂന്തലിൽ (തിരുപ്പൻ വെച്ചതാണങ്കിൽ കൂടിയും!) മുഖം പൂഴ്ത്തുമ്പോൾ സ്വർ ലോകമെനിക്കെന്തിന് എന്നൊക്കെ ഭർത്താവിനും എപ്പോഴും പറയാൻ പറ്റില്ല.(പ്രാക്റ്റിക്കത്സിന്റെ ഡിഫിക്കൽറ്റി അങ്ങനയാണ്!)

“രാജീവും ഭാര്യയും നമ്മുടെ വീട്ടിൽ വിരുന്ന് വരുന്നു.“ ഓർമ്മക്കയത്തിൽ മുങ്ങിത്തപ്പിയിട്ടും അടുത്തകാലത്തൊന്നും അങ്ങനൊരാളെ കണ്ടതായോ എവിടെയെങ്കിലും കേട്ടതായോ സുരേഷിന് തോന്നിയില്ല.
‘ആ‍രാ രാജീവ്?”
“ഓഹ്, ഈ ചെറുക്കന് അല്ലേലും ഉള്ളതാ ഓർമ്മക്കുറവ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.  FB ലെ രാജീവ് ഇടശ്ശേരി. ആള് പുലിയാ...നാലായിരത്തഞ്ഞൂറാ ഫോളോവേഴ്സ്! ഇവിടെ സിറ്റീല് അങ്ങേർക്കൊത്തിരി ഫ്രൻഡ്സ് ഉള്ളതാ. എന്നിട്ടും അങ്ങേരെന്താ നമ്മുടടുത്ത് വരുന്നത്?”
“ഹോട്ടലിൽ റൂമുകിട്ടാത്തതുകൊണ്ടാ?”
‘ഒന്നു പോകുന്നുണ്ടോ? അങ്ങര് വരുന്നത് നമ്മുടെ ഭാഗ്യമെന്ന് കരുതിയാമതി. അത്രതന്നെ. ഒരുപണിചെയ്യ് ഒരാഴ്ച ചെറുക്കൻ കാർ കൊണ്ട് പോവേണ്ട. ഒന്നഡ്ജസ്റ്റ് ചെയ്ത് ബസിൽ പോവൂന്നേ...”
“ഒരാഴ്ച അവരിവിടെയുണ്ടോ?”
സുഗന്ധി പിന്നിലൂടെ വന്ന് അവന്റെ കഴുത്തിനെ വരിഞ്ഞു. മൈലാഞ്ചിയിട്ട കരങ്ങൾ മാറിൽ ചിത്രങ്ങളെഴുതി.സുഗന്ധമുള്ളതും ക്രമമായി മുറിച്ചതുമായ മുടി അവന്റെ മുഖം മറച്ചു.മൃദുലമായ ശരീരഭാരം കോരിത്തരിപ്പായി. . കുതിച്ചൊഴുകുന്ന സമയത്തിന്റെ ഏതോ ഒരു കടവിൽ പിന്നിടെപ്പോഴോ അവർ നിൽക്കുമ്പോൾ വിരിഞ്ഞ മാറിൽ സുഖസുഷിപ്‌തിയിലായിരുന്നു സുഗന്ധി.അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ച് അനങ്ങാതെ കിടന്നു അവനും.

എന്നും  അതിരാവിലെ തന്നെ എണീറ്റ് മൊബൈലെടുത്ത് ഒരു നിമിഷം കണ്ണടച്ച് പിടിച്ച് FB യിലെ ധന്യമായൊരു ദിവസത്തിന്ന് വേണ്ടി പ്രാർത്ഥിച്ചിട്ടേ മറ്റെന്തു പരിപാടികളും സുഗന്ധി തുടങ്ങാറുണ്ടായിരുന്നുള്ളു.
ജോലിക്ക് പോകാനായ് ഒരുങ്ങി ബാഗ് കൈയിലെടുത്തിട്ടും സുഗന്ധിയെ കാണാതായപ്പോഴാണ് സുരേഷ് ബെഡ് റൂമിലേക്ക് ചെല്ലുന്നത്. കട്ടിലിൽ വശം ചെരിഞ്ഞ് കിടക്കുന്നു സുഗന്ധി.
“എനിക്ക് തീരെ സുഖം തോന്നുന്നില്ല ചെറുക്കനിന്ന് ഡ്യൂട്ടിക്ക് പോകേണ്ട” ആജ്ഞയാണോ അഭ്യർത്ഥനയാണൊയെന്ന്  മനസ്സിലാക്കാൻ പറ്റിയില്ല. കല്യാണ ശേഷം ആദ്യാനുഭവമാണ്.
“പോകാതിരിക്കാൻ പറ്റില്ല ചക്കരേ. ബോസ് ലീവിലാണ്.“
“അങ്ങേര് പെണ്ണുമ്പിള്ളേമായിട്ട് ബാങ്കോക്കീന്ന് വന്നില്ലേ ഇതുവരെ?”
“അതല്ല ചക്കരേ...അങ്ങേര് ബോർഡ് മീറ്റിങ്ങിലാണ്.”
“എന്റെ നടൂനും കാലിനുമൊക്കെ ഭയങ്കര വേദന...ഇന്നു പോവണ്ടന്നേ...?
“ഞാനിവിടിരുന്നാല് നിന്റെ വേദന മാറുമോ? കാപ്പിയുണ്ടാക്കാനുള്ള മടിയാണേൽ സാരമില്ല. ഞാൻ പോണ വഴീന്നെന്തെങ്കിലും കഴിച്ചോളാം. 
“പോടാ ചെറുക്കാ, ഇവിടൊരുത്തി ചത്താലും സാരമില്ല. ഒരു ഓഫീസ്... ഓഫീസാണല്ലോ  ഒന്നാം ഭാര്യ. വയ്യാത്ത ഞാൻ രാവിലെ എന്ത് കഴിക്കുമെന്ന വല്ല വിചാരോണ്ടോ?സ്വന്തം കാര്യം സിന്താബാദ്.” സുഗന്ധി ബെഡിൽ മുഖമമർത്തി.
മനുഷ്യരായാൽ ചെറിയ തുമ്മലും ചീറ്റലും പല്ലുവേദനയുമൊക്കെ വരും. അതിന് ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുമോ?
“ഒരുപണി ചെയ്യ്, നീ സുരേന്ദ്രൻ മാഷിന് ഫോൺ ചെയ്യ്...അങ്ങേര് റിട്ടയറായ് പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുവല്ലേ”

അവശയായ ഭാര്യയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ മനസ്സ് കൊണ്ട് തയ്യാറായാണ് സുരേഷ് വൈകിട്ട് വീട്ടിലേക്കെത്തിയത്. ഇടയ്ക്ക് എത്ര തവണ വിളിച്ചതാണ്. ഒരു തവണപോലും ഫോണെടുക്കാതായപ്പോൾ തന്നെ ഉറപ്പിച്ചു, ഒന്നുകിൽ കഠിനമായ അവശത അല്ലെങ്കിൽ ഒടുക്കത്തെ പരിഭവവും പിണക്കവും.
 കാളിങ്ങ് ബെല്ലിൽ വിരലമർത്തുമ്പോഴും സുനാമിയാണ് പ്രതീക്ഷിച്ചതെങ്കിലും കതക് തുറന്നെത്തിയത് സുഗന്ധപൂരിതമായൊരു ഇളംകാറ്റായിരുന്നു.
“എടാ ചെറുക്കാ, ദേ നോക്കിയേ...ഈ കമ്മലെനിക്ക് മാച്ചിങ്ങാണോന്ന് നോക്കിയേ. ..” ഒരു ചാൺ നീളമുള്ള ഒരു ഞാത്ത് കാതിൽ പിടിച്ച് സുഗന്ധം വമിപ്പിക്കുന്ന പനിനീർപ്പൂവായി നിൽക്കുന്നു സുഗന്ധി!
വഴിയിൽ അവിടവിടെ വീണ് ചിതറിക്കിടക്കുന്ന സ്ലൈഡും റബ്ബർ ബാൻഡുമൊക്കെ കാലുകൊണ്ട് തട്ടി സുരേഷ് അകത്തേക്ക് കയറി.
എന്തോന്നാടീ ഇത്...കേറി വരുന്ന വഴീ തന്നെ അവടൊരു സ്ലൈഡും, റബ്ബർ ബാൻഡും...ഇതെന്താ ബ്യൂട്ടി പാർലർ വാതുക്കലേട്ടാക്കിയോ?
നേരേ അടുക്കളേൽ ചെന്ന് ഫ്രിഡ്ജ് തുറന്നു. “കോപ്പ് കുടിക്കാനൊന്നുമില്ലേ?”
“ഞാൻ വാട്ട്സാപ്പിൽ രേണൂന് കമ്മലിട്ട പടമയച്ചുകൊടുത്തു. അവള് പറഞ്ഞു സൂപ്പർ...” ഇടുപ്പ് വശങ്ങളിലേക്ക് ഇളക്കി സുഗന്ധി നിന്നു.
നിന്നെ പടമാക്കാൻ എനിക്ക് തോന്നുന്നു എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടാതെ സുരേഷ് ഡ്രസ് മാറാനായി പോ
യി.
“എടിയേ, ഇവിടിട്ടിരുന്ന എന്റെ ബനിയനെവിടെ? ഒരു സാധനവും വെച്ചിടത്ത് കാണില്ല.” അലങ്കോലമായി കിടക്കുന്ന അലമാരിയുടെ മുന്നിൽ വിഷണ്ണനായ് സുരേഷ് നിന്നു. വാതുക്കൽ സുഗന്ധി. “ഓ അതോ...ലിപ്‌സ്റ്റിക്ക് തുടക്കാൻ പഞ്ഞി തീർന്നപ്പോൾ ഞാനതങ്ങെടുത്തു. വിടർത്തിക്കാണിച്ച വെള്ള ബനിയൻ ഏതോ മോഡേൺ ആർട്ട് വർക്കുപോലെ സുരേഷിന് മുന്നിൽ...
“നാശം. ഇവളെ കെട്ടാൻ തോന്നിയ നേരം രണ്ട് അടയ്ക്കാ വെച്ചിരുന്നേൽ പാക്കും കൂട്ടി മുറുക്കാനെങ്കിലും പറ്റുമായിരുന്നു.” കൈയിൽ കിട്ടിയ കൈലിമുണ്ടെടുത്ത് നെഞ്ചിൽ കേറ്റി ഉടുത്തു.
സുഗന്ധിക്ക് ചിരി അടക്കാനായില്ല.”കൊള്ളാം കൊള്ളാം. മുടികൂടി വശത്തോട്ട് ഉരുട്ടിക്കെട്ടിയാൽ ഉണ്ണിയാർച്ചയെന്നേ പറയൂ.”
‘അതേ അതേ, ഒരു ഉറുമികിട്ടിയിരുന്നെങ്കിൽ ഉലച്ചുകെട്ടിയേനെ നിന്നെ ഞാൻ” പത്രവുമെടുത്ത് സുരേഷ് സോഫായിലോട്ട് ചാഞ്ഞു.
“എടാ ചെറുക്കാ, ഞാൻ അച്‌ഛനെ വിളിച്ചിരുന്നു. അച്‌ഛന് വരാൻ പറ്റൂല്ല. തിരക്കാ. അമ്മ സ്കൂളിൽ പൊയ്ക്കഴിഞ്ഞാല്  അച്‌‌ഛന് നിന്ന് തിരിയാൻ സമയമില്ല. സൊസൈറ്റിടെ പ്രസിഡന്റാ അതാ.“
“അതേ അതേ...അമ്മയുണ്ടേല് നിന്റച്‌ഛന് അടുക്കള. ഇല്ലേല് നടുക്കളം.” സുരേഷ് പറഞ്ഞതൊന്നും സുഗന്ധി കേൾക്കുന്നുണ്ടായിരുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട് ഇതുവരെ എത്താത്ത ഏതോ സാധനത്തെക്കുറിച്ചുള്ള ആശങ്കയൊടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൾ.
മുറി ആകെ അലങ്കോമായിക്കിടക്കുന്നു. ആരോട് പറയാൻ? ഒരു വേലക്കാരിയെ വെക്കാൻ പറഞ്ഞാൽ ആര് കേൾക്കാൻ? ഈയിടെയായി പുതിയ ഡിമാന്റ്‌ ആണ്. വേലക്കാരിക്കായ് എന്തിനാ പൈസ വെറുതെ കളയണത് ചെറുക്കാ, അത് എനിക്ക് തന്നാല് പോരേ? സുഗന്ധിയുടെ ചോദ്യം ശരിയായിരുന്നെങ്കിലും ഒരുദിവസമെങ്കിലുമൊരു സാമ്പിൾ ‘സ്വഛ് വീട്’ ചെയ്ത് കാണിക്കാൻ പറഞ്ഞിട്ട് ആര് കേൾക്കാൻ.
പണം ആദ്യം പണി പിന്നെ എന്ന് കട്ടായം.
ഒരുപാത്രമെങ്കിലും നേരാംവണ്ണം കഴുക്. എന്നിട്ട് കൂലി എന്ന് പറഞ്ഞതും, ‘പിന്നേ,പണ്ട് പാഞ്ചാലിപോലും പാത്രം കഴുകാതിരുന്നതുകൊണ്ടല്ലേ ദുർവാസാവിന്റെ ശാപത്തീന്ന് പാണ്ഡവർ` രക്ഷപ്പെട്ടതെന്ന മറുചോദ്യം!
ഇവിടെ ഏത് ദുർവാസാവിന്റെ ശാപത്തീന്നാ രക്ഷപ്പെടേണ്ടതെന്നാലോചിച്ച് സുരേഷിരുന്നു.

---

പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുരേഷ് ഒരു വേള ശങ്കിച്ച് നിന്നു. പോകുമ്പോൾ ഇങ്ങനെ ആയിരുന്നില്ല. എന്തൊക്കെയോ മാറ്റം. KSRTC ബസ് സ്റ്റാന്റ് പ്രതീക്ഷിച്ച് വന്നവന്റെ മുന്നിൽ ഹൈദ്രാബാദ് എയർപോർട്ട്!
കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കിന്റെ ചുവട്ടിൽ വിതറിയിട്ടിരിക്കുന്ന മുല്ലപ്പൂക്കളുടെ സൌരഭ്യം മുറിയാകെ!
“ഈ സെറ്റ് സാരിയെങ്ങനെ? അമ്മേടെയാ...കഴിഞ്ഞതവണ പോയപ്പോ അലമാരീന്ന് ഞാനങ്ങ് ചൂണ്ടി. നല്ല ഭംഗിയില്ലേ?”
നിലവിളക്കിനേക്കാൾ ശോഭയിൽ സുഗന്ധി.
‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്ത പെണ്ണേ നിന്റെ പൂമേനി
കവിതയോ കവിയും ഇന്ദ്രജാലമോ’
ഓഫീസ് ബാഗ് സോഫയിലേക്ക് പറന്നു. സോക്സ് ഊരി ടീടേബിളിന്ന് മുകളിലോട്ടിട്ടു.
മന്ദഹാസത്തോടെ സുഗന്ധി സുരേഷിനോടടുത്തു. “എടാ ചെറുക്കാ, എന്ത് കഷ്ട്ടപ്പെട്ടാതാന്നറിയാമോ? ചുമ്മാ വലിച്ചെറിയുന്നു. പരിഭവവും സ്നേഹവും ഒരുമിക്കുന്ന വാക്കുകളുടെ സത്യസന്ധത സുരേഷിനെയൊന്നുലച്ചു.

മന്ദഹാസലോലയായ് നീ വന്നണയുമ്പോൾ
എന്റെ മാനസത്തിൽ മൊട്ടിടുന്നു മോഹങ്ങൾ
പുളകമായ് നീ കൽപ്പനയിൽ പൊട്ടി വിടർന്നാൽ
ആകെ പൂത്തുലയും നിർവൃതി തൻ പുഷ്പങ്ങൾ...

പുതിയൊരു ലോകം! പുതിയൊരനുഭവം! തലചുറ്റുന്നുവോ...ഇരുന്നുപോയി.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൌരവരെ നോക്കി ചിരിക്കുന്ന പാഞ്ചാലിയുടെ രൂപം കണ്മുന്നിലുടെ...
“ദാ, കട്ടൻ” സുഗന്ധി കട്ടൻ ചായയുമായ് മുന്നിൽ...
‘എന്തേ ഇങ്ങനൊക്കെ?’ വാക്കുകൾ മുഴുവനായി പുറത്തുവരുന്നില്ലായിരുന്നു.
“ഓഹ് ..ഞാൻ പറഞ്ഞില്ലാരുന്നോ?നമ്മടെ  രാജീവ് ഇടശേരി നാളെയാ വരുന്നെ.ഇത്രയെങ്കിലും ചെയ്തില്ലേല് അവരെന്തോ വിചാരിക്കും!”
സുഗന്ധിയുടെ ഫേസ്ബുക്ക് ഫ്രൻഡ്സ് ലിസ്റ്റ് ആയിരം കഴിഞ്ഞിരിക്കുന്നു.ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും അറിയാവുന്ന ഒരാളെങ്കിലുമുണ്ട്. പേടിക്കാതെ എവിടെയും പോകാം. സഹായത്തിന് ആരെങ്കിലും കാണും. ഫേസ് ബുക്കിന്റെ ഗുണങ്ങളെക്കുറിച്ച് സുഗന്ധി നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
“അതേ അതേ...വളരെ ശരിയാ നീ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് അവരെ വീട്ടിലേക്ക് വിളിച്ചാൽ വളരെ വളരെ ഗുണമുണ്ടാവും.”
ചിരിയും സങ്കടവും വ്യക്തമാക്കുന്ന അവ്യക്തമായൊരു ശബ്ദം സുഗന്ധിയിൽ നിന്നുമുണ്ടായി. സാരിത്തുമ്പ് മുകളിലോട്ട് വലിഞ്ഞു. നഗ്നമായ തുടയിലേക്കായ് സുരേഷിന്റെ നോട്ടം.
“എടാ ചെറുക്കാ നിന്നെ ഞാൻ...” നീളത്തിൽ ചുരുട്ടിയ ന്യൂസ് പേപ്പറുമായ് സുഗന്ധി. സുരേഷിന് ഓടാതിരിക്കാനായില്ല.

Read more...

തൂറാനിരിക്കുന്നവന്റെ പ്രതാപം

Sunday, September 22, 2019


മോപ്പസാങ്ങിന്റെ ‘The Necklace" എന്ന കഥ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തത്തെ 
ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ കഥ ഓർമ്മവന്നത് കഴിഞ്ഞ ദിവസം എന്റെ ഒരു തെലുങ്ക് സുഹൃത്ത് വളരെ
നൊൾസ്റ്റാജിക്കായിട്ട് തന്റെ കുട്ടിക്കാലത്തെ ജീവിതത്തെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ്. കാളവളർത്തലും,
കപ്പലണ്ടിക്കൃഷി തുടങ്ങി വെളിക്കിറങ്ങാൻ പോകുന്നതിന്റെ നേർചിത്രം വരെ 70mm സ്ക്രീനിൽ എന്റെ മുന്നിൽ നിരത്തിയിട്ടു സുഹൃത്ത്.

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ‘കുളിച്ചില്ലേലും കോണാൻ പുറത്ത് കിടക്കണം’. പണ്ട് പ്രതാപം കാണിക്കാൻ നല്ല നീളത്തിലും പല നിറത്തിലുമുള്ള കോണാനുകൾ കഴുകി വൃത്തിയാക്കി അഴയിൽ ഇങ്ങനെ
തൂക്കിയിട്ടിരിക്കും...ഉണക്കാൻ...അതുകണ്ട് ആളിന്റെ പത്രാസ് മനസ്സിലാക്കാൻ പറ്റുമെന്നായിരുന്നു വെയ്പ്പ്.

സമൂഹത്തിലെ തന്റെ സ്ഥാനം കാണിക്കാൻ...അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ച് കാണിക്കാതിരിക്കാൻ സഹജമായ മനുഷ്യന്റെ സ്വഭാവമാണ് മോപ്പസാങ് തന്റെ കഥയിലൂടെ പുറത്ത് കാണിക്കുന്നത്.
ഒരു പാർട്ടിക്ക് പോകാനായ് നല്ല വസ്ത്രമോ ആഭരണമോ ഇല്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയുടെ കഥയാണത്.

തന്റെ സുഹൃത്തിന്റടുക്കൽ നിന്ന് ഇരന്ന് വാങ്ങിയ ‘ഡയമണ്ട് നെക്ലസ്’ ഇട്ട് പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായി അതീവ സന്തുഷ്ടയായ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അവർ തിരിച്ചറിയുന്നു..നെക്ലസ് നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു അവർക്ക് ആ നെക്ലസ്സിന്റെ കടം തീർക്കാൻ...അവരുടെ ജീവിതത്തിന്റെ നല്ല സമയവും അധ്വാനത്തിന്റെ നല്ല
പങ്കും അതിനുവേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു. കഷ്ടപ്പാട് അവരുടെ രൂപത്തേയും സൌന്ദര്യത്തേയും തന്നെ മാറ്റിക്കളഞ്ഞു. പത്തുവർഷങ്ങൾക്ക് ശേഷം അവർ തന്റെ പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും, പാർട്ടിക്ക് അന്നുപയോഗിച്ചിരുന്ന നെക്ലസ് വെറും കെട്ട് പണ്ടമായിരുന്നുവെന്നും തിരിച്ചറിയുന്നിടത്ത് കഥ തീരുന്നു.

മോപ്പസാങ്ങ് അന്നെഴുതിയ കഥ ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത്... ഞാനോർക്കുന്നു...കല്യാണത്തിനൊക്കെ പോകണമെന്നുണ്ടെങ്കിൽ അമ്മ ആഴ്ചകൾക്ക് മുന്നേ പണിതുടങ്ങും. കഴുത്തിൽ കിടക്കുന്ന താലിമാല വളരെ ചെറുതാണ്...ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും... എവിടെന്നെങ്കിലും വലിയ മാല സംഘടിപ്പിക്കും. തരക്കേടില്ലാത്ത ഭംഗിയുള്ള നീളമുള്ള മുടി ഉണ്ടായിരുന്നിട്ട് കൂടി അതിന് പൊലിപ്പ് കൂട്ടാൻ ഒരു മുഴം മുടി വെച്ച്കെട്ടും. അന്നത്തെക്കാലത്ത് മുടി കച്ചവടത്തിനായി വീടുകൾ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ട്! മുട്ടൊപ്പം നീളുന്ന മുടിയിൽ മുല്ലപ്പ് ചൂടുമ്പോൾ പ്രതാപം കൂടും!

കുറേ നാളുകൾക്ക് മുൻപ് ഒരു ചേച്ചി വീട്ടിൽ വന്നു, വർത്തമാനം പറയുന്നതിനിടെ ചേച്ചി തൊലിയുരിഞ്ഞുപോയ ഒരു
സംഭവത്തെക്കുറിച്ച് പറഞ്ഞു.  ആരോ കല്യാണം വിളിക്കാൻ ‘സ്കോഡ‘ കാറിൽ അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ചേച്ചിയുടെ തൊലിയുരിഞ്ഞുപോയത്! അവരുടെ വീട്ടിലെ കാറ് പഴയൊരു ‘മാരുതി സെൻ‘ ആണുപോലും. ഒരു സൈക്കിളുപോലും സ്വന്തമായിട്ടില്ലാതിരുന്ന എന്റെ പ്രതാപത്തെ എങ്ങനെയായിരിക്കാം അവർ വിലയിരുത്തിയതെന്ന്
ആലോചിച്ച് ഞാനുമിരുന്നു.

മനുഷ്യർ അങ്ങനെയാണ്. എല്ലാരുമല്ലങ്കിലും ചിലരെങ്കിലും...ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടും. ഉള്ളതിനെ
കുറച്ചൊക്കെ പൊലിപ്പിച്ച് കാട്ടും. അതിൽ നിന്നൊക്കെ കിട്ടുന്ന ഒരു തരം സംതൃപ്‌തിയായിരിക്കാം ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്... മറ്റുള്ളവരുടെ മുന്നിൽ താണുപോകരുതെന്ന അപകർഷതാബോധവുമായിരിക്കാം.

അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്.” ഞാൻ മരിക്കുമ്പോൾ എന്റെ കൈകൾ രണ്ടും വിടർത്തി ശവമഞ്ചത്തിന്ന് പുറത്തേക്കിടുക....അറിയട്ടെ...എല്ലാവരും...ലോകം കീഴടക്കിയ മഹാനായ ചക്രവർത്തി ഒന്നുമില്ലാതെ...ഒന്നും കൊണ്ടുപോകാനാവതെ യാത്രയാവുന്നെന്ന്...”

തൂറാൻ പോകുന്നവന്റെ പത്രാസിനെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ഇതിതാണ്...
വെളിമ്പറമ്പിൽ തൂറാനിരിക്കുന്നവന്റെയും പത്രാസ്...
കൈയിലെ ‘ചെമ്പ് പാത്രം’ നോക്കി പ്രതാപം നിശ്ചയിച്ചിരുന്ന ഒരു
കാലമുണ്ടായിരുന്നത്രേ.ഇങ്ങ് ആന്ധ്രയിലെ കുഗ്രാമങ്ങളിലെങ്കിലും!

Read more...

കൊമ്പൻ മീശ

Sunday, August 11, 2019


രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം  താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി  ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള  വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്.

ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.
“പുതിയ ആളാ?”
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.
“ഏതു ബ്ലോക്കിലാ?”
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ്
അങ്ങനെ പറഞ്ഞത്.
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’  ഞാനും കൈനീട്ടി.
പിന്നെ പുരാണമായി....
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”

അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ.  ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ
കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”

പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.
“കുറയില്ലേ?”
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല. എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!
 ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല.

പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കോടീശ്വരനെ തന്നെ നോക്കി ഞാൻ നിന്നു.
അപ്പോൾ കച്ചവടക്കാരൻ എന്നോട് പറയുകയാണ്,  “സാറേ, ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ. അം‌ബാനിയോട് പറ്റില്ലല്ലോ..”

Read more...

മണ്ണെണ്ണവിളക്ക്


ഇന്നലെ എന്റെ സ്വപ്നത്തിൽ ഒരു മണ്ണെണ്ണ വിളക്കെത്തി. അതിന്ന് ജീവനുണ്ടായിരുന്നു. ഒരാൾ പൊക്കമുണ്ടായിരുന്നു അതിന്! കൈകളും കാലുകളുമുണ്ടായിരുന്നു അതിന്ന്! തലയുടെ ഭാഗത്ത് ഒരു വലിയ തീനാളമായിരുന്നതിന്ന്! കണ്ണുകൾക്ക് നീല നിറമായിരുന്നു. ചുവന്ന നാവിലൂടെ കറുത്ത പുക വമിക്കുന്നു. നീണ്ട കൈകളാൽ അതെന്നെ ചുറ്റി വരിഞ്ഞു. ചിരപരിചിതനെപ്പോലെ, ആത്മാർത്ഥസുഹൃത്തിനെപ്പോലെ അതെന്നെ ആശ്ലേഷിച്ചു. അത് എന്റെ ചെവിയിൽ മന്ത്രിച്ചു, “നീയെന്നെ മറന്നോടാ?”
ഉത്തരം പറയാനായി ഞാൻ വായ് തുറന്നതും, തുറന്നിട്ട ജന്നലിലൂടെ വന്ന ഒരു കാറ്റ് ആ നാളത്തെ അണച്ചു. മുറി മുഴുവൻ മണ്ണെണ്ണയുടെ മണം. കാലചക്രത്തെ പിന്നോട്ട് തിരിക്കുന്നൊരു ഗന്ധം! ആ ഗന്ധത്തിൽ ലയിച്ച് ഞാൻ സഞ്ചരിച്ചു.
അവിടെ ഒരു ബാലനുണ്ടായിരുന്നു.തുറന്ന് വെച്ച പുസ്തകത്തിന്ന് മുന്നിൽ ബട്ടൺ പോയ നിക്കറുമിട്ടിരിക്കുന്ന ഒരു ബാലൻ... അവന്റെ മുന്നിൽ ഒരു തകര വിളക്കുണ്ടായിരുന്നു...  ചുറ്റിയടിക്കുന്ന കാറ്റിൽ ഗതിമാറുന്ന പുകനാളത്തിൽ ഇടക്കിടയ്ക്ക് അവൻ ചുമയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ വിറക് ഊതി കത്തിക്കാൻ അമ്മ അടുക്കളയിൽ ശ്രമിക്കുന്നു. പുകച്ചുരുളിൽ വിമ്മിട്ടപ്പെട്ട് അമ്മ പറഞ്ഞു, “അപ്പുക്കുട്ടാ, ഇന്ന് പഠിച്ചത് മതി. ആ വെളക്കിങ്ങ് കൊണ്ടുവാ...മണ്ണെണ്ണ അടുപ്പിലോട്ടൊഴിച്ചാല് എളുപ്പം കത്തും.” അവൻ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി.

“കറണ്ട് പോയെന്നാ തോന്നുന്നേ...എന്തൊരു ചൂടാ ഇത്..” മുറിഞ്ഞ് പോയ സ്വപ്നത്തിന്റെ സങ്കടത്തിൽ ഞാനെണീക്കുമ്പോൾ മുറിയിൽ വലിയ ബഹളം. AC നിന്നു. ഇനിയെന്തു ചെയ്യും?
ഒരു വിശറിയുമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലേയ്ക്ക്  ചാഞ്ഞു.
മോളു വന്ന് അടുത്ത് തറയിൽ കിടന്നു.”എന്തൊരു ചൂടാച്‌ഛാ...മെത്തയൊക്കെ പൊള്ളുന്നു.കറണ്ടെപ്പോ വരും?”

തോട്ടിറമ്പിലെ കൈതക്കാട്ടിൽ നിന്നും കൈതോലകൾ ചെത്തിയിടുന്ന അമ്മ...
അത് ഓരോന്നും അടുക്കി കെട്ടുന്ന ഞാൻ ...അപ്പോൾ അമ്മയുടെ താക്കീത്!
“അപ്പുക്കുട്ടാ, നിന്റെ കൈയിൽ മുള്ളു കൊള്ളരുത്..സൂക്ഷിച്ച് വേണം.” 
കൈതോല മുള്ള് കളഞ്ഞ് ഉണക്കി ചീകി കീറി തഴപ്പായ നെയ്യുന്ന അമ്മയുടെ കലാവിരുത്...
ചൂടിലും തണുപ്പേകുന്ന തഴപ്പായ ചിലപ്പോൾ വീടിന്റെ ഏതെങ്കിലും കോണിൽ പൊടിപിടിച്ച് കിടപ്പുണ്ടാകും!

വീശിവീശി ചൂടുകാറ്റേറ്റ് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധ മയക്കത്തിൽ ഇടയ്ക്ക് കറണ്ട് വന്നതറിഞ്ഞു. അകത്തെ മുറിയിൽ AC യുടെ മുരൾച്ച വീണ്ടും.
മണ്ണെണ്ണ വിളക്കപ്പോൾ മുന്നിൽ...
 ഇപ്പോൾ നേരത്തേ കണ്ടതിലും പ്രകാശമുണ്ട്! വിളക്കെന്നോട് സംസാരിക്കാൻ തുടങ്ങി. ‘നിന്നോടൊപ്പം ഞാനുണ്ടായിരുന്നു.കാലങ്ങളോളം. ഓർക്കുന്നോ നീ?’
അതേ, ഞാനോർക്കുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ നീ എന്നോടൊപ്പം ഉണർന്നിരുന്നു.എന്റെ വഴികാട്ടി നീയായിരുന്നു.നിന്റെ പുക ഗന്ധം എന്റേയും ഗന്ധമായി മാറി.പുസ്തകത്താളുകളിൽ നിന്ന് അറിവിനെ നീ എനിക്ക് കാട്ടിത്തന്നു. ആ അറിവ് എന്റെ ജീവനും ജീവിതവുമായി...
വിളക്ക് നിന്ന് ചിരിച്ചു. ആ ചിരിയിൽ അന്തരീക്ഷമാകമാനം പ്രകാശപൂരിതമായി.
“ നീ...നീ ആണ് എന്റെ ഗുരു...നീയാണ് എന്റെ വഴി കാട്ടി.”
ഞാൻ മണ്ണെണ്ണ വിളക്കിനെ താണു വണങ്ങി.
മണ്ണെണ്ണ വിളക്ക് പൊട്ടിച്ചിരിക്കാൻ തുടങ്ങി.”നീയും ഒരു സാധാരണമനുഷ്യൻ തന്നെ! മേശവിളക്ക് വന്നപ്പോൾ നീ എന്നെ തഴഞ്ഞില്ലേ?” ഒരു ശക്തമായ കാറ്റടിച്ചു.
കാറ്റിൽ കതക് ആഞ്ഞടിച്ചു.ഞാൻ ഞെട്ടി ഉണർന്നു.
“അച്‌ഛനെന്തിനാ ഈ വെയിലത്ത് കിടന്നുറങ്ങുന്നത്? അകത്തുപോയി കിടക്കൂ.” മോള് മുന്നിൽ.
ഞാൻ വീട് മുഴുവൻ പരതാൻ തുടങ്ങി.
എന്റെ തകര വിളക്കെവിടെ...?
ചില്ല് കൂടുള്ള മേശ വിളക്കെവിടെ...?

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP