പ്രസംഗ മല്‍സരം
Sunday, November 26, 2006
ജലജ ടീച്ചറും കൂട്ടരും കൂടി സൗജന്യ ട്യൂഷന്‍ സെന്റര്‍ തുടങ്ങാന്‍ പോകുന്നു.
സേവന സന്നദ്ധരായ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുവാനാഗ്രഹിക്കുന്ന സല്‍ക്കര്‍മ്മം.രാജമ്മ ടീച്ചര്‍,പൊടിയന്‍ ചിറ്റ,ഷാജി അണ്ണന്‍,മുകുന്ദന്‍ ചേട്ടന്‍,രാജു സാര്‍ തുടങ്ങിയവരാണു അദ്ധ്യാപകര്‍.അഭ്യസ്ഥവിദ്യരായ അവര്‍ തങ്ങളുടെ അറിവു മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ആഗ്രഹിച്ചതിന്റെ ഫലമായി ഉണ്ടായതാണു ഈ ആശയം.
ട്യൂഷന്‍ സെന്ററിനു 'മദര്‍ തെരേസ' എന്ന നാമധേയവും നല്‍കപ്പെട്ടു.
പക്ഷേ ട്യൂഷന്‍ സെന്റര്‍ എവിടെ തുടങ്ങും?
ആരു സ്ഥലം നല്‍കും?
ആരു കെട്ടിടം നല്‍കും?
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി യാതൊരുവിധ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുമില്ലാതെ ഒരുകൂട്ടം ചെറുപ്പക്കാര്‍ സംഘടിച്ചപ്പോള്‍ അതിനു പലവിധ അര്‍ത്ഥ തലങ്ങള്‍ നല്‍കുവാന്‍ കുബുദ്ധികള്‍ ധാരാളമുണ്ടായി.
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നു പറയുന്നത് ശരിയാണു.
പലരുടേയും സംശയം തങ്ങള്‍ സ്ഥലം നല്‍കി അതില്‍ കെട്ടിടം വയ്ക്കുവാന്‍ സമ്മതിച്ചാല്‍ കാലക്രമേണ ഈ അദ്ധ്യാപകര്‍ ട്യൂഷന്‍ സെന്ററും സ്ഥലവും അവരുടെ സ്വന്തമാക്കുമെന്നുള്ളതായിരുന്നു.
സത്യം പറയട്ടെ. നല്ലവരായ നാട്ടുകാരെല്ലാവരും ഈ സംരംഭത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുവാന്‍ തുടങ്ങി.സാമ്പത്തിക സഹായവും കെട്ടിടനിര്‍മ്മാണത്തിനുള്ള സാമഗ്രികളും സംഭാവനയായി നല്‍കാമെന്നുമുറപ്പും നല്‍കി.
പക്ഷേ അതുകൊണ്ടാവില്ലല്ലോ.
കെട്ടിടം വയ്ക്കുവാനുള്ള സ്ഥലം ആരു നല്‍കും?
ആരും തയ്യാറായില്ല എന്നുള്ളതാണു വാസ്തവം.
തളരാത്ത മോഹവും അശ്രാന്ത പരിശ്രമവും കൈ മുതലായുള്ള ജലജ ടീച്ചര്‍ക്കും സംഘത്തിനും അവസാനം ഒരു സ്ഥലം കണ്ടെത്തുവാന്‍ സാധിച്ചു.
'ആശാന്‍ മെമ്മോറിയല്‍ വായനശാല ആന്റ് ഗ്രന്ഥശാല'.
ജലജ ടീച്ചറും സംഘവും തങ്ങളുടെ ആവശ്യങ്ങള്‍ കാണിച്ചുകൊണ്ടു ആശാന്‍ മെമ്മോറിയല്‍ വായനശാല ആന്റ് ഗ്രന്ഥശാലയ്ക്ക് കത്തു വച്ചു.
എന്നും നാടിന്റെയും,നാട്ടാരുടെയും സഹായത്തിനായി മുന്‍പന്തിയില്‍ നിന്നിട്ടുള്ള ആ സംഘടനയ്ക്ക് ഈ അപേക്ഷ തള്ളിക്കളയാനായില്ല.
അവര്‍ അതംഗീകരിച്ചു.
ഒരു പ്രസ്ഥാനത്തിനു അവരുടെ സ്ഥലം മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോകുമെന്നുള്ള പേടി വേണ്ടല്ലോ.വായനശാലയ്ക്ക് ധാരാളം സ്ഥലം സ്വന്തമായുണ്ട്.കുട്ടികള്‍ക്ക് പഠിക്കുവാനും കളിക്കുവാനുമുള്ള സൗകര്യവുമവിടെയുണ്ട്.
ആശാന്‍ മെമ്മോറിയല്‍ വായനശാല തുടങ്ങിയതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. വളരെ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്,ദരിദ്രനാരായണന്മാരുടെ ആസ്ഥാന കേന്ദ്രമായിരുന്നു ഗ്രാമം.അന്നന്നുള്ള അത്താഴത്തിന്റെ വക കൂലിപ്പണിചെയ്ത് കൊണ്ടുവന്ന് കുടുംബം പുലര്‍ത്തിയിരുന്ന കാലം.
അന്ന് കണാരന്‍ മൂപ്പനു പ്രായം നന്നേ കുറവു.മീശ മുളച്ചുവരുന്ന പ്രായം.സേവന സന്നദ്ധനായ മനുഷ്യന്‍.നാട്ടാരുടെ പ്രശ്നം തന്റെ പ്രശ്നമായി കണക്കിലെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചിരുന്ന മനുഷ്യന്‍.
നാട്ടിലെങ്ങും കോളറയും വസൂരിയും പടര്‍ന്ന് പിടിച്ച കാലം.കൂലിവേലയ്ക്ക് പോകുന്നവര്‍ക്ക് അസുഖം വന്നാലുള്ള സ്ഥിതിയെന്താവും.
പട്ടിണി. കൊടും പട്ടിണി.
കാട്ടുങ്കല്‍ വീട്ടില്‍ പളനി മരിച്ചിരിക്കുന്നു.കോളറ വന്ന്.പളനിക്ക് രണ്ട് പറക്കമുറ്റാത്ത കുട്ടികളേയുള്ളു.ഭാര്യ വസൂരിയാല്‍ നേരത്തേ മരിച്ചുപോയിരുന്നു.മറ്റു ബന്ധുക്കളാരുമില്ലായിരുന്നു പളനിക്കും കുടുംബത്തിനും.
ശവം ആരു മറവു ചെയ്യും?
അതിനുള്ള പണം ആരു നല്‍കും?
നല്‍കാനായി ആരുടെ കൈയിലും പണമുണ്ടായിരുന്നില്ലായെന്നതാണു യാഥാര്‍ത്ഥ്യം.
മിക്ക വീടുകളിലും ഒരാളെങ്കിലും മരണത്തെ കാത്തിരിക്കുന്ന അവസ്ഥ. അവര്‍ക്കും നാളെ ഈ അവസ്ഥ ഉണ്ടാവാം.അവരുടെ ശവവും മറവു ചെയ്യാന്‍ ആളില്ലാതെ കിടക്കാം.
പളനിയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്ന രണ്ട് പിഞ്ചു പൈതങ്ങള്‍.അവര്‍ക്കറിയില്ല തങ്ങളുടെ അച്ഛന്‍ മരിച്ചതാണന്ന്.വല്ലായ്മകൊണ്ടുള്ള ഉറക്കമായിരിക്കാം.ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണു അവരുടെ അച്ഛനെന്ന് ആരാണു അവരോടു പറഞ്ഞു കൊടുക്കുക. അതു മനസ്സിലാക്കനുള്ള മാനസ്സിക വളര്‍ച്ച ആ കുട്ടികള്‍ക്കുണ്ടോ?അവരുടെ ഭാവി ജീവിതം എന്താണ്? ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.
കേവലം സഹതാപം നിര്‍ദ്ധനരായ ഒരു ജനതയുടെ സഹായത്തിനെത്തില്ലായെന്നു കണാരന്‍ മൂപ്പന്‍ മനസ്സിലാക്കി.
അങ്ങനെയാണു കണാരന്‍ മൂപ്പന്‍ സമാന മനസ്ഥിതിയുള്ള കുറച്ചാളുകളെ ചേര്‍ത്ത് ഒരു ഭജന സമിതി രൂപീകരിച്ചത്.'ആശാന്‍ മെമ്മോറിയല്‍ വായനശാലയുടെ' ആദ്യകാല രൂപം.
മരണമടയുന്നവരുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം.കൂടാതെ മരണാനന്തരം അംഗങ്ങളുടെ വീടുകളില്‍ ഭജന നടത്തുകയും ചെയ്യും.സാധാരണക്കാരന്റെ മനസ്സറിഞ്ഞ്,അവന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഉണ്ടാക്കിയ പ്രസ്ഥാനം വളരുകയായിരുന്നു.ഓരോ അംഗങ്ങളും മാസം തോറും നല്‍കിയിരുന്ന രണ്ട് തേങ്ങാ വരുമാനത്തിലൂടെ.ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണത്തിലൂടെ.
അങ്ങനെയുള്ള ഒരു പ്രസ്ഥാനം ജലജ ടീച്ചര്‍ക്കും,കൂട്ടര്‍ക്കും അനുവാദം നല്‍കിയതില്‍ അത്ഭുതപ്പെടുവാനൊന്നുമില്ലായിരുന്നു.
ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വലിയ കെട്ടിടം വായനശാല ഗ്രൗണ്ടില്‍ രൂപം കൊണ്ടു.ഓല കൊണ്ടു മേഞ്ഞ ഒരു വലിയ കെട്ടിടം.അതിനെ പലപല മുറികളായി പനമ്പ് കൊണ്ട് തിരിച്ചിട്ടുമുണ്ടായിരുന്നു.ഓരോരോ ക്ലാസ്സിലെ കുട്ടികള്‍ക്കായി ഓരോരോ മുറികള്‍. ഇതില്‍ കൂടുതല്‍ എന്തു സൗകര്യം വേണം ഒരു സൗജന്യ വിദ്യാഭ്യാസ സ്ഥാപനത്തിനു.
അദ്ധ്യാപകര്‍ ആഹ്ളാദത്തിന്റെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുന്നു.
അതിലേറെ ആഹ്ളാദിച്ച ഒരു കൂട്ടര്‍ വേറയുമുണ്ടായിരുന്നു.
അപ്പുക്കുട്ടനും സംഘവും.
ഇനി കളിക്കാന്‍ പോകുന്നതിനു അപ്പുക്കുട്ടനു അമ്മയുടെ വഴക്ക് കേള്‍ക്കേണ്ട ആവശ്യമില്ല.സ്കൂളില്‍ നിന്ന് വന്നാല്‍ നേരെ വായനശാല ഗ്രൗണ്ടിലേയ്ക്ക് പോയാല്‍ മതി.അവിടെ കളിക്കാന്‍ ധാരാളം സ്ഥലമുണ്ട്.കൂടാതെ ഇപ്പോള്‍ ധാരാളം കൂട്ടുകാരും.ട്യൂഷന്‍ തുടങ്ങുന്നതിനു മുന്‍പും പിന്‍പും വയനശാല ഗ്രൗണ്ട് അപ്പുക്കുട്ടന്റെയും സംഘത്തിന്റെയും വിഹാരകേന്ദ്രങ്ങളായി.കൂടാതെ 'മദര്‍ തെരേസ' അപ്പുക്കുട്ടന്റെ പരിവര്‍ത്തന കേന്ദ്രവുമായി മാറി.അപ്പുക്കുട്ടന്‍ പഠനത്തെ ഗൗരവമായി കാണുവാന്‍ തുടങ്ങി.മദര്‍ തെരേസയിലെ ഒന്നാംകിട വിദ്യാര്‍ത്ഥികളില്‍ ഒരാളായി അപ്പുക്കുട്ടന്‍ മാറി.ജലജ ടീച്ചറും കൂട്ടരും മാറ്റി എടുത്തു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.അപ്പുക്കുട്ടനില്ലാത്ത ഒരു സംഭവവും മദര്‍ തെരേസയില്‍ ഇല്ലാതായി.
പഠനത്തിലായാലും,കളിയിലായാലും,കുസൃതിത്തരത്തിലായാലും!
നാളുകള്‍ കടന്നു പോയി.'മദര്‍ തെരേസ'തുടങ്ങിയതിനു ശേഷമുള്ള ഒന്നാമത്തെ സ്വാതന്ത്ര്യ ദിനം വരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കണം.അദ്ധ്യാപകര്‍ തീരുമാനമെടുത്തു. അദ്ധ്യാപകര്‍ക്കുള്ള എന്തു സേവനത്തിനും സന്നദ്ധരായി അപ്പുക്കുട്ടനും സംഘവും നിലകൊണ്ടു.സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് മല്‍സരങ്ങള്‍ നടത്തണം.കുട്ടികളുടെ കലാകായിക വാസനകളെ ഇത്തരം പരിപാടികളിലൂടെ പരിപോഷിപ്പിക്കാന്‍ പറ്റുമെന്ന് സംഘാടകര്‍ക്ക് പരിപൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു.
കുട്ടികള്‍ ഓരോരുത്തരെയും നിര്‍ബന്ധിച്ചും അല്ലാതെയും ജലജ ടീച്ചര്‍ മല്‍സരങ്ങളില്‍ ചേര്‍ത്തു.
''അപ്പുക്കുട്ടന്‍ ഏതു മല്‍സരത്തിലാണു ചേരുന്നത്.''ജലജ ടീച്ചര്‍ ചോദിച്ചു.
അപ്പുക്കുട്ടന്‍ ഒരു നിമിഷം ആലോചിച്ച് നിന്നു.എന്നിട്ട് പറഞ്ഞു.'' ഞാന്‍ പ്രസംഗ മല്‍സരത്തില്‍ ചേരും ടീച്ചര്‍.''
''മിടുക്കന്‍''ടീച്ചര്‍ പ്രോല്‍സാഹിപ്പിച്ചു.
''നിനക്കു വേണമെങ്കില്‍ ഞാന്‍ എന്റെ ചേച്ചിയെക്കൊണ്ടു പ്രസംഗം എഴുതിച്ചു തരാം.നല്ലതു പോലെ അതു പഠിച്ചിട്ടുവന്നാല്‍ മതി,നിനക്ക് ഉറപ്പായിട്ടും പ്രൈസ് കിട്ടും.''
''ശരി,ടീച്ചര്‍.'' അപ്പുക്കുട്ടന്‍ തലയാട്ടി.
അങ്ങനെ ജലജ ടീച്ചര്‍ സുമന്ത ചേച്ചിയെക്കൊണ്ട് നല്ലൊരു പ്രസംഗമെഴുതിച്ച് അപ്പുക്കുട്ടന് കൊടുത്തു.
ഇനി ജോലി അപ്പുക്കുട്ടന്റേതാണ്.
അപ്പുക്കുട്ടന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.ഇത്തവണ പ്രസംഗ മല്‍സരത്തിന്റെ ഒന്നാം സ്ഥാനം താന്‍ തന്നെ നേടിയെടുക്കുമെന്നു.അതുകൊണ്ട് ഉറക്കം കളഞ്ഞും അപ്പുക്കുട്ടന്‍ പ്രസംഗം പഠിച്ചു.കണ്ണാടിയുടെ മുന്നില്‍ നിന്ന് പലതവണ പ്രസംഗം പരിശീലിച്ചു.
സ്വാതന്ത്ര്യദിനാഘോഷം വന്നെത്തി.മല്‍സരങ്ങള്‍ ഒന്നൊന്നായി പുരോഗമിച്ചു.
സമ്മാനം നേടിയവര്‍ ആഹ്ളാദിഉച്ചു.തോല്‍വി ഏറ്റുവാങ്ങിയവര്‍ കരയുവാനും തുടങ്ങി.
അപ്പുക്കുട്ടന്‍ വിജയികളുടെ ആഹ്ളാദ പ്രകടനത്തിലും,പരാജിതരുടെ സങ്കടത്തിലും പങ്കു ചേര്‍ന്നു.
''അടുത്തതായി പ്രസംഗ മല്‍സരമാണ്,പ്രസംഗത്തിനു പേരു കൊടുത്തിട്ടുള്ള കുട്ടികള്‍ ഈ വേദിയ്ക്ക് അടുത്തേയ്ക്ക് നീങ്ങി നില്‍ക്കേണ്ടതാണ്''. ജലജ ടീച്ചര്‍ അനൗണ്‍സ് ചെയ്തു.
അപ്പുക്കുട്ടന്റെ നെഞ്ചിലൂടെ ഒരു തീയാളി.
ഇതുവരെ സംഭരിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോവുന്നതു പോലെ.
''ഇല്ല, ഞാന്‍ തോല്‍ക്കില്ല. പ്രൈസ് ഞാന്‍ തന്നെ വാങ്ങിയെടുക്കും.'' അപ്പുക്കുട്ടന്‍ മനസ്സിലുറപ്പിച്ചു.
ഓരോരുത്തരുടെയായി പ്രസംഗങ്ങള്‍ നടക്കുകയാണ്.പക്ഷേ അപ്പുക്കുട്ടനതൊന്നും കേള്‍ക്കുന്നില്ല.തന്റെ പേരു എപ്പോള്‍ വിളിക്കുമെന്നു മാത്രമേ അപ്പുക്കുട്ടന്‍ വിചാരിക്കുന്നുള്ളു.
'തനിക്കു വേദിയില്‍ കയറി പ്രസംഗിക്കാനുള്ള ശക്തി നല്‍കണേ',അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് അപ്പുക്കുട്ടന്‍ പ്രാര്‍ത്ഥിച്ചു.
''അടുത്തത്,അപ്പുക്കുട്ടന്‍. ഫസ്റ്റ് കാള്‍...''ജലജ ടീച്ചര്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
അപ്പുക്കുട്ടന്‍ ഒരു നിമിഷം ഒന്നറച്ചു നിന്നു.കാലു മുന്നോട്ടു വയ്ക്കണോ,അതോ പുറകിലോട്ടു വയ്ക്കണോ.ഒരെത്തും പിടിയും കിട്ടുന്നില്ല.മേലാസകലം വിയര്‍ക്കുന്നു.ഇനി ആലോചിക്കുവാന്‍ സമയമില്ല.എല്ലാവരും തന്റെ പ്രസംഗത്തിനായി കാത്തിരിക്കുകയാണ്.വേദിയുടെ മുന്‍പില്‍ തന്നെ അച്ഛനും അമ്മയും ഇരിപ്പുണ്ട്.മകന്റെ പ്രസംഗം കേള്‍ക്കാനായി.സുമന്ത ചേച്ചിയും ഇരിപ്പുണ്ട്.തന്റെ പ്രസംഗം അപ്പുക്കുട്ടന്റെ വായില്‍ നിന്നും കേള്‍ക്കുന്നാതിനായി.
''ഇല്ല,തനിക്ക് പറ്റില്ലിത്''അപ്പുക്കുട്ടന്‍ അടിമുടി വിറയ്ക്കുകയാണ്.''താന്‍ വേദിയില്‍ കയറിയാല്‍ തളര്‍ന്നു വീഴും.ഉറപ്പ്.അങ്ങനെയൊരു നാണക്കേടിന് ഞാന്‍ അവസസരമുണ്ടാക്കില്ല.'' അപ്പുക്കുട്ടന്‍ അവസാനതീരുമാനമെടുത്തിരുന്നു.
അവന്‍ തിരിഞ്ഞോടി.വീടിനെ ലക്ഷ്യമാക്കി.
ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ,ആവോ.
പക്ഷേ അപ്പുക്കുട്ടന്റെ മുന്നില്‍ ഇപ്പോള്‍ പ്രതിബന്ധങ്ങളൊന്നുമില്ല.
വീട്.. വീട് മാത്രമേയുള്ളു അപ്പുക്കുട്ടന്റെ മുന്നില്‍.
''അപ്പുക്കുട്ടന്‍. സെക്കന്റ് കാള്‍....''ജലജ ടീച്ചറിന്റെ അനൗണ്‍സ്മെന്റ് വീണ്ടും.
അപ്പുക്കുട്ടന്‍ വീടിന്റെ വാതില്‍ തുറന്നു അകത്തു കയറി കുറ്റിയിട്ടു.ഇനി തനിക്കൊരു പ്രശ്നവുമില്ല.
''അപ്പുക്കുട്ടന്‍ തേര്‍ഡ് കാള്‍....''
''അപ്പുക്കുട്ടന്‍ തേര്‍ഡ് കാള്‍....,ക്യാന്‍സെല്‍ഡ്.'' ജലജ ടീച്ചറിന്റെ ശബ്ദം വീണ്ടും കേട്ടു.
''ഹൊ, ആശ്വാസമായി...''അപ്പുക്കുട്ടന്‍ കട്ടിലിലോട്ട് മറിഞ്ഞു വീണു.
കുറച്ച് നേരങ്ങള്‍ക്ക് ശേഷം വാതിലില്‍ മുട്ടു കേട്ടു.
''ആരാണ്..'' അപ്പുക്കുട്ടന്‍ പതറിക്കൊണ്ട് ചോദിച്ചു.
''നീ,വാതില്‍ തുറക്ക്. ഇതു ഞാനാണ്'' അച്ഛന്റെ ശബ്ദം.
പരാജിതന്റെ ഭാവത്തില്‍ അപ്പുക്കുട്ടന്‍ മെല്ലെ വാതില്‍ തുറന്നു.
വാതില്‍ക്കല്‍ അച്ഛനും അമ്മയും നില്‍ക്കുന്നു.
'' ഞാന്‍ പറഞ്ഞില്ലേ അവന്‍ ഇവിടെത്തന്നെ കാണുമെന്ന്.''അച്ഛന്‍ അമ്മയോടു പറഞ്ഞു.
''എങ്കിലും നിന്റെ പ്രസംഗം കലക്കിയെടാ,മോനെ.''അമ്മ അപ്പുക്കുട്ടനെ നോക്കി പറഞ്ഞു.
അപ്പുക്കുട്ടന്‍ എന്തോ പറയാനായി ശ്രമിച്ചു.പക്ഷേ ശബ്ദം തൊണ്ടയില്‍നിന്നും പുറത്തു വന്നില്ല.
''സാരമില്ലടാ മോനേ,നിനക്കിനിയും അവസരം വരും.അച്ഛന്‍ അപ്പുക്കുട്ടന്റെ തോളില്‍ തലോടി.
11 comments:
നല്ല കുറിപ്പ്
ഈ അപ്പുക്കുട്ടന്‍ സതീഷ് തന്നെയാണോ
സിജു
കഥയില്‍ ചോദ്യമില്ല!
എങ്കിലും സിജു ആയതുകൊണ്ട് പറയുകാ...
മ്...മ്...മ്.. ആണന്ന് കൂട്ടിക്കോളു.
എനിക്ക് ആ അച്ചനെ ഇഷ്ടമായി, അപ്പുക്കുട്ടനേം...
-സുല്‍
സതീഷേ പ്രസംഗം ഇഷ്ടപ്പെട്ടു.
പരഗ്രാഫു തിരിച്ചെഴുതുകയാണെങ്കില്‍ കുറച്ചു കൂടി വായനാ സുഖം കിട്ടുമെന്നു തോന്നുന്നു.
സുല്‍ - നന്ദി
വേണു - ഇനി മുതല്‍ ശ്രദ്ധിക്കാം മാഷേ
അപ്പുക്കുട്ടന് ആളുകൊള്ളാമല്ലോ, സതീഷ്.
അപ്പുക്കുട്ടന്‍ ആളുകൊള്ളാമല്ലോ, സതീഷ്
പടിപ്പുര,
അപ്പുക്കുട്ടന്‍ ഒരു ചെറിയ മിടുക്കന്‍ തന്നെയാ...
എവിടെയും അപ്പുക്കുട്ടന്‍മാരുണ്ട്.
ശരിക്കും ഈ അപ്പുക്കുട്ടന്‍ ഞാന്‍ തന്നയാ.. ശരിക്കും എനിക്കു എന്റെ ബാല്യം കാണാനവുന്നു. പക്ഷെ സതിഷിനേപ്പൊലെ ഓര്‍മ എനിക്കില്ല. Thousands of thanks...
നന്ദി, കാഴ്ചപ്പാടുകള്‍!
njan aanel stagil poyi ninnu virach virach cholliya kavithayum kulamayi baakki marannum poyi.
Nice I could relate
കൊള്ളാല്ലോ,അപ്പുക്കുട്ടന്‍ സതീഷ്.
Post a Comment