ഉമ്പ്രിശാന്തിയുടെ യോഗപരിശീലനം
Monday, February 19, 2007
അമ്പലത്തിലെ ശാന്തിമാരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു.
മേല്‍ശാന്തിക്ക് സഹായികളായുണ്ടായിരുന്നവരെല്ലാം വേറേ വേറേ അമ്പലങ്ങള്‍ തേടി പോയിരിക്കുന്നു.
ശാന്തിമാര്‍ കൂടുതല്‍ വരുമാനം തേടി മറ്റ് അമ്പലങ്ങളിലേയ്ക്ക് പോകരുതെന്ന് നിയമമൊന്നുമില്ലല്ലോ?
അതുകൊണ്ട് തന്നെ ഇത് അത്രയ്ക്ക് അദ്ഭുതപ്പെടുവാനുള്ള വിഷയമൊന്നുമായിരുന്നില്ല.
എങ്കിലും ശാന്തിക്കാര്‍ക്ക് ഇത്രയധികം ഡിമാന്റ് ഉണ്ടായിരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു.
പഴയ ശാന്തിമാര്‍ കൂടുതല്‍ വരുമാനം കിട്ടുന്ന അമ്പലങ്ങള്‍ നോക്കിപ്പോയതുകൊണ്ടും,പുതിയ ആള്‍ക്കാരെ കിട്ടാനില്ലായെന്നുമുള്ള വിഷമഘട്ടത്തിലാണ് ദേവസ്വം കമ്മറ്റിക്കാര്‍ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി പുതിയ ശാന്തിമാരെ കണ്ടെത്തുന്നതിനെക്കുറിച്ചാലോചിക്കുന്നത്.
അങ്ങനെ അവര്‍ നാടുനീളെ തിരച്ചില്‍ തുടങ്ങി.
ലക്ഷണമൊത്ത ചെറുപ്പക്കാരെത്തേടി.
കണ്ട അണ്ടനേം അടകോഴനേം ഈ പണിക്ക് കേറ്റിയിരുത്തിയാല്‍ പറ്റുകേലല്ലോ.
പക്ഷേ തിരച്ചില്‍ ഫലം കൂടുതല്‍ അതിശയിപ്പിക്കുന്നതായിരുന്നു.
ആളെ കിട്ടാനില്ല.
ഒറ്റൊരുത്തനും വരുന്നില്ല.
ഇതെന്ത് കഥ!
ലക്ഷണമൊത്തവന്‍ പോയിട്ട് അണ്ടനും അടകോഴനും പോലും വരുന്നില്ല.
കൂലിപ്പണിക്ക് ആളെകിട്ടാനില്ലായെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ലായിരുന്നു.
തെങ്ങുകയറ്റം, തൂമ്പാപ്പണി തുടങ്ങിയ വിയര്‍പ്പ് നാറ്റമുണ്ടാക്കുന്ന ജോലികള്‍ക്ക്, കഴുത്തിലും കക്ഷത്തുമെല്ലാം കുട്ടിക്കൂറയും പോണ്ട്സുമെല്ലാം പൊത്തിവെച്ച് സുഗന്ധമുണ്ടാക്കി നടക്കുന്ന സുന്ദരക്കുട്ടപ്പന്മാരുടെ വിമുഖത മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു.
താരതമ്മ്യേന ദേഹമനക്കിയുള്ള അദ്ധ്വാനം കുറവായതിനാലും,സുന്ദരികളുമായി സ്വൈര്യസല്ലാപം നടത്തുന്നതിന് യാതൊരുവിധ തടസവുമില്ലാതിരുന്നതിനാലും ചെറുപ്പക്കാര്‍ ശാന്തിപ്പണിക്ക് പോകുവാന്‍ മടികാണിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
പക്ഷേ അതു പണ്ടത്തെ കാലം!
ഇപ്പോളെന്താണ് സംഭവിച്ചിരിക്കുന്നത്?
ദേവസ്വം കമ്മറ്റിക്കാര്‍ പുറകേ നടന്നിട്ടും ഒരുത്തനും അമ്പലത്തിലേയ്ക്ക് ശാന്തിപ്പണിക്കായ് വരുവാന്‍ തയ്യാറാകുന്നില്ല.
ഒരു പണിയുമില്ലാതെ വായ്നോക്കി കലുങ്കിന്മേലിരിക്കുന്ന കോമളന്മാര്‍ക്കെന്താണ് സംഭവിച്ചത്?
ദേഹമനക്കാതെ പത്ത് പൈസാ ഉണ്ടാക്കിക്കൂടെ ഇവന്മാര്‍ക്ക്?
അദ്ധ്വാനം കുറവും പെണ്‍പിള്ളാരുമായി ഇടപഴകുവാന്‍ അവസരം കിട്ടുമെന്നെല്ലാമുള്ളത് ശരിതന്നെ.
പക്ഷേ കൈയില്‍ ദക്ഷിണയായി കിട്ടുന്ന തുച്ഛമായ എന്തെങ്കിലുമല്ലാതെ മറ്റൊന്നും തടയാനിടയില്ലന്നതായിരുന്നു മടിയന്മാരായ വായ്നോക്കികളുടെ വാദഗതിയായുണ്ടായിരുന്നത്.
പണി ചെയ്തിട്ട് പൈസാ കിട്ടാതിരിക്കുന്നതിനേക്കാള്‍ ഭേദമാണത്രേ ഒന്നും ചെയ്യാതെ കലുങ്കിന്മേലിരിക്കുന്നത്!
ദേവസ്വം കമ്മറ്റിക്കാര്‍ തളര്‍ന്നില്ല. അവര്‍ അക്ഷീണ പ്രയത്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയാണവര്‍ സുന്ദരേശനെ കണ്ടെത്തുന്നത്.
കമ്മറ്റിക്കാരുടെ ഭാഷയില്‍ സുന്ദരേശന്‍ എല്ലാം തികഞ്ഞവനായിരുന്നു.
സല്‍സ്വഭാവി, സാധാരണ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന വെള്ളമടി, ബീഡിവലി, ചീട്ടുകളി തുടങ്ങിയ ദുഃശീലങ്ങളൊന്നും തന്നെ സുന്ദരേശനില്ലായിരുന്നു.
അതും പോരാഞ്ഞിട്ട് സുന്ദരേശന് നേരത്തേ എണീക്കുന്ന സ്വഭാവവുമുണ്ടായിരുന്നു.
ശാന്തിപ്പണിക്കായ് ഇതില്‍പ്പരം എന്തു യോഗ്യതയാണ് ഒരാള്‍ക്ക് വേണ്ടത്?
സുന്ദരേശന്‍ നേരത്തേ എണീറ്റിരുന്നു എന്നുള്ളത് സത്യം.
അത് അദ്ദേഹത്തിന് വെയിലടിക്കുവോളം കിടന്നുറങ്ങുവാന്‍ ആഗ്രഹമില്ലാതിരുന്നത് കൊണ്ടാണന്ന് തെറ്റിദ്ധരിക്കരുത്.
സുന്ദരേശന്റെ ജോലിയുടെ പ്രത്യേകത ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം നേരത്തേ എണീറ്റിരുന്നത്.
അതിരാവിലെ തന്നെ എണീറ്റ് ബസ്സ് സ്റ്റാന്റില്‍ ചെന്ന് പത്രക്കെട്ടുകള്‍ ശേഖരിച്ച് സൂര്യനുദിക്കുന്നതിന് മുന്നേ വരിക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയെന്നുള്ളതായിരുന്നു സുന്ദരേശന്റെ പണി.
പത്രം ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ സുന്ദരേശനെ ഒന്നുണര്‍ത്തിയെടുക്കുവാന്‍ സുന്ദരേശന്റെ അമ്മ നടത്തിവന്നിരുന്ന പാഴ് ശ്രമങ്ങളും അതിനോടനുബന്ധിച്ചുള്ള കശപിശകളും പലപ്പോഴും അയല്‍വീട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് തീര്‍ന്ന് പോന്നിട്ടുള്ളത്.
ഇതില്‍നിന്നും സുന്ദരേശന്‍ ഉറക്കത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
പത്രവിതരണമാണ് സുന്ദരേശന്റെ പണിയെന്ന് ചുരുക്കി പറയാവുന്നതേയുള്ളു.
പക്ഷേ കേവലം പത്ര വിതരണം എന്ന് പറഞ്ഞാല്‍ ശരിയാവില്ല.
കാരണം. പത്രം എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യാം.
നല്ലത് പോലെ വെട്ടം വീണ് കഴിഞ്ഞ് പത്രം കൊടുത്താലും പത്രവിതരണമെന്ന് തന്നെ പറയാം.
സുന്ദരേശനതിനൊരപവാദമായിരുന്നു.
തന്റെ ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന ആളായിരുന്നു.
അങ്ങനെയുള്ള സുന്ദരേശനെയാണ് ദേവസ്വം കമ്മറ്റിക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
കേട്ടപ്പോള്‍ ആദ്യമൊക്കെ സുന്ദരേശന് സന്തോഷമാണ് തോന്നിയത്.
പക്ഷേ പിന്നിടൊന്നിരുത്തി ചിന്തിച്ചപ്പോഴാണ് സുന്ദരേശന് ഈ പണി അത്ര ശരിയാവുകയില്ല എന്ന് തോന്നിയത്.
തന്റെ വിഹാരകേന്ദ്രം അമ്പലമതില്‍കെട്ടിനുള്ളില്‍ തളച്ചിടപ്പെടുമെന്നുള്ള വിചാരമായിരുന്നു അതില്‍ പ്രധാനം.
വല്ലപ്പോഴും കൂടെകിട്ടുന്ന ഉറക്കാവസരവും നഷ്ടപ്പെടുമെന്നുള്ളതായിരുന്നു മറ്റൊന്ന്.
അവസാനം സുന്ദരേശന്‍ തന്റെ വിസമ്മതം കമ്മറ്റിക്കാരെ വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു.
എങ്കിലും തന്നെ ആശ്രയിച്ചവരെ നിരാശരാക്കരുതെന്ന് സുന്ദരേശന് നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെയാണ് സുന്ദരേശന്‍ ഉമ്പ്രിയുടെ പേര് ശാന്തിപ്പണിക്കായി നിര്‍ദ്ദേശിക്കുന്നത്.
വീട്ടിലെ പട്ടിണി കാരണം നാടായ നാട്ടിലെയൊക്കെ കല്യാണം, മരണ അടിയന്തിരം, കെട്ടുമുറുക്ക് ഇത്യാദി ചടങ്ങുകളുടെ ലിസ്റ്റ് തയ്യാറാക്കി അതിന്‍ പ്രകാരം വിളിക്കാത്ത വിശിഷ്ടാതിഥിയായി തന്റെ വയറിന് സ്വാസ്ഥ്യം നല്‍കി വന്നിരുന്ന ഉമ്പ്രിക്ക് ഇതില്‍പരം സന്തോഷം നല്‍കുന്ന മറ്റൊരു കാര്യവുമില്ലായിരുന്നു. തന്റെ ആഹാരക്കാര്യമെങ്കിലും അമ്പലം കൊണ്ട് നടക്കുമല്ലോയെന്നുള്ള സന്തോഷമേ ഉമ്പ്രിയ്ക്ക് ഉണ്ടായിരുന്നുള്ളു.
വെളുത്ത് തുടുത്ത് ഉമ്പ്രി ശാന്തി അമ്പലനടയില്‍ സുസ്മേരവദനനായി പ്രസാദ വിതരണം ആരംഭിച്ചതില്‍പിന്നെ അമ്പലത്തില്‍ എത്തുന്ന ചെറുപ്പക്കാരികളുടെ എണ്ണം മാത്രമല്ല കാണിക്കയിനത്തിലുള്ള വരുമാനവും വര്‍ദ്ധിച്ചു എന്നുള്ള കണ്ടെത്തലായിരുന്നു കമ്മറ്റിക്കാര്‍ക്ക്.
ഉമ്പ്രി ശാന്തി നാട്ടില്‍ പേരെടുത്ത് തുടങ്ങിയെങ്കിലും അതിന്റെയൊന്നും അഹങ്കാരം അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കൈയില്‍ നിന്നും പ്രസാദം വാങ്ങുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം എത്തിയിരുന്ന ചില ഭക്തകളെ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.
അങ്ങനെയാണ് ഉമ്പ്രി ശാന്തി കോമളവല്ലിയുമായി പരിചയപ്പെടുന്നത്. പ്രസാദവിതരണത്തില്‍ തുടങ്ങിയതാണങ്കിലും പ്രമാദമായ ഒരു വിഷയമായി മാറുവാന്‍ അതിന് അധിക നാളുകള്‍ വേണ്ടിവന്നില്ല.
ഉമ്പ്രിശാന്തിയ്ക്ക് കോമളവല്ലിയേയോ, കോമളവല്ലിക്ക് ഉമ്പ്രിശാന്തിയേയോ കാണാതെയോ രണ്ട് വാക്ക് പറയാതെയോ ഒരു ദിവസം പോലും കഴിച്ച് കൂട്ടാനാവാതെയായി.
പക്ഷേ നിത്യേന വര്‍ദ്ധിച്ച് വരുന്ന ഭക്തജനങ്ങളുടെ ബാഹുല്യം ഉമ്പ്രി ശാന്തിക്കും കോമളവല്ലിക്കും വല്ലാത്തൊരു പൊല്ലാപ്പായി മാറുകയായിരുന്നു.
എങ്കിലും അവരതിനെയെല്ലാം അതിജീവിക്കുവനുള്ള മാര്‍ഗ്ഗം കണ്ടെത്തുക തന്നെ ചെയ്തു.
അല്ലാതെ വേറെ വഴിയുമില്ലല്ലോ.
അതിന്‍പ്രകാരമാണ് കോമളവല്ലി വഴിപാട് ചീട്ടിന്റെ കൂടെ പ്രേമച്ചീട്ട്കൂടി നല്‍കുവാന്‍ തുടങ്ങിയത്. ഉമ്പ്രിശാന്തി മറിച്ചും. തന്റെ മനസ്സ് മുഴുവനും പ്രസാദത്തിന്റെ കൂടെ പ്രത്യേകം പൂജിച്ച് വെച്ചിരുന്ന കടലാസുകഷണത്തിലാക്കി നല്‍കുവാന്‍ തുടങ്ങി.
അങ്ങനെ ഭക്തിരസപ്രദമായി നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു.
കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയുടെ മനോഭാവത്തോടെ തങ്ങളുടെ ലീലാവിലാസങ്ങള്‍ നടത്തിപ്പോന്നിരുന്ന ഉമ്പ്രി കോമളവല്ലി പ്രണയിതാക്കള്‍ക്ക് തെറ്റി.
ദീപാരാധന തൊഴുന്നതിനിടെ കോമളവല്ലിയുടെ മുഖത്തിന്റേ ഭാവവ്യത്യാസങ്ങളും, അതു ഉമ്പ്രി ശാന്തിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും മനസ്സിലാക്കുവാന്‍ പ്രാപ്തരായ അനേകം ഭക്തര്‍ വേറെയുണ്ടന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇരുവരും താമസ്സിച്ച് പോയി.
കാതുകളില്‍ നിന്നും കാതുകളിലേയ്ക്ക് പ്രണയവാര്‍ത്ത പടര്‍ന്നു.
വാര്‍ത്ത കോമളവല്ലിയുടെ ചേട്ടന്റെ ചെവികളിലുമെത്തി.
എവറസ്റ്റ് ജിമ്മില്‍ പോയി പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കട്ടപൊക്കി വീര്‍പ്പിച്ചെടുത്ത തന്റെ ശരീരം മുഴുവനിളക്കിക്കാട്ടി കോമളവല്ലിയുടെ ചേട്ടന്‍ കോമളവല്ലിയ്ക്ക് അന്ത്യശാസനം നല്‍കി.
"എന്റനുവാദമില്ലാതെ ഈ വീടിന്റെ പടി കടന്നിറങ്ങിപ്പോകരുതസത്തേ. അവടെയൊരു ഭക്തി. വെട്ടികണ്ടം തുണ്ടമാക്കും രണ്ടിനേം."
പ്രാണനാഥനെ കണ്ടംതുണ്ടമാക്കി കാണുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ കോമളവല്ലി ദീപാരാധന തൊഴല്‍ തല്‍ക്കാലം നിര്‍ത്തി.
മനസ്സുകളുടെ അടക്കാനാവാത്ത തേങ്ങല്‍ എങ്ങനെ നിലയ്ക്ക് നിര്‍ത്തുവാനാണ്?
കോമളവല്ലി വല്ലാതെ ബുദ്ധിമുട്ടി.
പ്രണയിക്കുന്ന മനസ്സുകളുടെ കരുകരുപ്പ് മനസ്സിലാക്കാനാവാത്ത ചേട്ടനെ മനസ്സാ ശപിച്ച് കൊണ്ട് കോമളവല്ലി തന്റെ വ്യഥകളെല്ലാം ഒരു കടലാസിലോട്ട് പകര്‍ത്തി.
ഉമ്പ്രി ശാന്തിക്ക് കൊടുക്കുവാനായി.
എങ്ങനെ തന്റെ സന്ദേശം ശാന്തികളുടെ കൈയില്‍ എത്തിക്കും?
ഹംസത്തേയും കാത്ത് കോമളവല്ലി ഇരുന്നു.
ഭഗവാന്‍ പറഞ്ഞുവിട്ട ഹംസത്തെപ്പോലെ കാത്തുവല്യമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു അപ്പോള്‍.
കൈയിലിരിക്കുന്ന പൂക്കളും എണ്ണയുമെല്ലാം കണ്ടപ്പോഴേ മനസ്സിലായി വല്യമ്മ അമ്പലത്തിലേക്കാണന്ന്.
പ്രായാധിക്യത്താല്‍ വല്യമ്മയ്ക്ക് നേരെ ചൊവ്വേ കണ്ണും കാണില്ല, കാതും കേള്‍ക്കില്ല. അക്ഷരമാണങ്കില്‍ ലവലേശം ദഹിക്കില്ല.
ഇതില്‍പരം എന്തു യോഗ്യതയാണ് ഹംസമാകാന്‍ വേണ്ടത്?
കോമളവല്ലി ചുറ്റുമൊന്ന് നോക്കി ആരും അടുത്തെങ്ങുമില്ലായെന്ന് ഉറപ്പുവരുത്തി.
പിന്നീട് ജീവിതത്തില്‍ ഇന്നേവരെ ആരോടും കാണിച്ചിട്ടില്ലാത്ത ബഹുമാനത്തോടും എളിമയോടും കൂടി വല്യമ്മയോട് ചോദിച്ചു.
“വല്യമ്മ അമ്പലത്തിലേക്കാ, അല്ലേ? ഈ വഴിപാട് ചീട്ടൊന്ന് ഉമ്പ്രി ശാന്തിയ്ക്ക് കൊടുത്തേക്കുമോ?”
“എന്തോന്നാ ശാന്തിയ്ക്കാ. ഇങ്ങു താ മോളേ. ഞാന്‍ കൊടുത്തേക്കാം”. വല്യമ്മ ചിരിച്ച് കൊണ്ട് തന്റെ സേവനസന്നദ്ധത അറിയിച്ചു.
വല്യമ്മ ശരിയാംവണ്ണം കേട്ടില്ലായെന്നു മനസ്സിലായതിനാല്‍ കോമളവല്ലി ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.
“ഉമ്പ്രിശാന്തിയ്ക്ക് തന്നെ വേണം കൊടുക്കാന്‍”
“ദേ, കൊച്ചേ എനിക്കേ നല്ലവണ്ണം കാതുകേക്കാം. എന്തിനാ ഇങ്ങനെ മനുഷേനെ കളിയാക്കണത്? ശാന്തീന്ന് പറഞ്ഞാല്‍ എനിക്ക് മനസ്സിലാകേലേ?” വല്യമ്മ ദേഷ്യത്തില്‍ ചീട്ടും വാങ്ങി അമ്പലത്തിലേയ്ക്ക് നടന്നു.
ദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണം തുടങ്ങി.
മേല്‍ശാന്തി പേരും നാളും വിളിച്ച് ചൊല്ലി പ്രസാദ വിതരണം നടത്തുന്നു.
കാത്തുവല്യമ്മയ്ക്ക് കൂടുതല്‍ നേരം കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു.
അവര്‍ ആളുകളെ തള്ളി നീക്കി മുന്‍പിലെത്തിയിട്ട് മേല്‍ശാന്തിയോട് പറഞ്ഞു.
“ന്റെ ശാന്തി, വല്യമ്മയ്ക്ക് ഇങ്ങനെ കുത്തിപ്പിടിച്ച് നിക്കാന്‍ പറ്റത്തില്ല. അതോണ്ട് ഈ പ്രസാദമിങ്ങെടുത്തേര് ” വല്യമ്മ മടിക്കുത്തഴിച്ച് വഴിപാട് ചീട്ട് കൊടുത്തു.
വല്യമ്മ നല്‍കിയ വഴിപാട് ചീട്ട് വായിച്ച് ശാന്തി ഞെട്ടി.
മേല്‍ശാന്തിയെന്നല്ല ലോകത്തൊരു ശാന്തിയും ഇങ്ങനെയൊരു വഴിപാടു ചീട്ടിനെക്കുറിച്ച് വിചാരിക്കുമോ?
താന്‍ പഠിച്ച മന്ത്രതന്ത്രങ്ങളിലൊന്നുമില്ലാത്ത പുതുപുത്തന്‍ സൂക്തങ്ങള്‍ വായിച്ചിട്ട് ശാന്തികള്‍ വല്യമ്മയോട് പറഞ്ഞു.
“ഉമ്പ്രിശാന്തി വരണം വല്യമ്മേ ഈ പ്രസാദം തരണേല്‍. കുറച്ച് നേരം അവിടിരിക്കു.”
അമ്പലനടയില്‍ കുത്തിയിരുന്ന വല്യമ്മയ്ക്ക് ക്ഷമ നശിച്ചു.
“ഒരു മേല്‍ശാന്തിയാണുപോലും. ഇന്നലെവന്ന പയ്യന്‍ വരാതെ പ്രസാദം തരാന്‍ പറ്റില്ലത്രേ. അവക്ക് വേണേല്‍ വന്ന് വാങ്ങിച്ചോളും. എനിക്ക് വേറേ പണിയൊണ്ട്.” വല്യമ്മ പിറുപിറുത്തുകൊണ്ട് അമ്പലത്തിന്റെ പുറത്തിറങ്ങി.
“എന്താ വല്യമ്മേ പിറുപിറുക്കണത്?” ആരോ ചോദിക്കുന്നത് കേട്ട് വല്യമ്മ ഒന്നു നിന്നു.
പിന്നെ കണ്ണുകള്‍ക്ക് മുകളില്‍ കൈ വെച്ചുകൊണ്ട് ശബ്ദത്തിന്റെ ഉടമയെ സൂക്ഷിച്ചു നോക്കി. കോമളവല്ലിയുടെ ആങ്ങള.
“ആ.ഹാ, നീയാ. നിന്റെ പെങ്ങളു തന്ന വഴിപാടുചീട്ട് ഞാന്‍ ശാന്തികളുടെ കൈയില്‍ കൊടുത്തിട്ടുണ്ട്. ഉമ്പ്രി ശാന്തി വന്നിട്ട് തരമെന്നാ പറയണെ. എനിക്ക് കൂടുതലു നേരം കുത്തിയിരിക്കാന്‍ മേലാത്തതുകൊണ്ട് ഞാനിങ്ങു പോന്നു. ഏതായാലും നിന്നെക്കണ്ടത് നന്നായി. നീ പോയി വാങ്ങിച്ചോടാ കൊച്ചനെ.” വല്യമ്മ നടന്നു നീങ്ങി.
കോമളവല്ലിയുടെ ചേട്ടന്‍ അമ്പലത്തിനുള്ളിലേക്ക് കുതിച്ചു.
മേല്‍ശാന്തികളുടെ മുന്നില്‍ നിന്ന് കിതച്ചുകൊണ്ട് ചോദിച്ചു.
“എവിടെ കാത്തു വല്യമ്മ തന്ന ചീട്ട്?”
ഹിരണ്യകശിപുവിനെ വധിക്കാനായി തൂണും പിളര്‍ന്ന് പുറത്തുചാടിയ നരസിംഹാവതാരത്തിനെപ്പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന കോമളവല്ലിയുടെ ചേട്ടന്റെ മുഖം മേല്‍ശാന്തിയെ ഭയചകിതനാക്കി.
താന്‍പോലുമറിയാതെ ശാന്തി വഴിപാട് ചീട്ട് കോമളവല്ലിയുടെ ചേട്ടനെ ഏല്‍പ്പിച്ചു.
സമയമൊട്ടും കളയാതെ അദ്ദേഹമത് വായിച്ചു തീര്‍ത്തു.
ഈ വായനയുടെ അനന്തരഫലമായി ഉമ്പ്രി ശാന്തി മെഡിക്കല്‍കോളേജില്‍ ഒരു മാസം സര്‍വ്വാംഗാസനവും രണ്ട് മാസം വീട്ടില്‍ ശവാസനവും പരിശീലിച്ച് പതന്‍ജലി മഹര്‍ഷിയെ വെല്ലുന്ന യോഗാചാര്യനായി പുറത്തിറങ്ങിയപ്പോഴേയ്ക്കും ഏതോ ഒരു ഹതഭാഗ്യന്‍ കോമളവല്ലിയെ കെട്ടിയെടുത്തോണ്ട് പൊയ്ക്കഴിഞ്ഞിരുന്നു.
N.B:- ഇത് പണ്ടത്തെ കഥ! ശാന്തിമാര്‍ക്ക് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന കാലത്തെ കഥ.
26 comments:
ഹിരണ്യകശിപുവിനെ വധിക്കാനായി തൂണും പിളര്‍ന്ന് പുറത്തുചാടിയ നരസിംഹാവതാരത്തിനെപ്പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന കോമളവല്ലിയുടെ ചേട്ടന്റെ മുഖം മേല്‍ശാന്തിയെ ഭയചകിതനാക്കി.
എന്റെ പുതിയ പോസ്റ്റ്.
പരീക്ഷണം
സതീശോ, രാവിലെ നാലുമണിക്ക് എഴുന്നേട്` രാത്രി പത്തുമണിവരെ വൈകിയ സമയങളില്‍ മാത്രം അല്‍പ്പം ആഹാരം കഴിക്കുനത് എളുപ്പമുള്ള ജോലിയാണോ? അതിലും നല്ലത് കോമളവല്ലിമാരെ കെട്ടി സുഖമായി രാവിലെ പത്തുമനിവരെ നാട്ടയില്‍ കയ്യും തിരുകി ഉറങുന്നതല്ലേ?
kollam
സതീഷ്, നിങ്ങളുടെ പല കഥകളും സതീശന്‍ എന്ന പേരില്‍ത്തന്നെ മലയാള വേദിയിലും കണ്ടു. എഴുതുന്നത് നിങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു.
കോമളവല്ലീ അല്ലീ താമരയല്ലീ..
കട്ടുറുമ്പിനും കാതുകുത്തണ
പെണ്ണാണു നീ..
-ഈ പാട്ടും പടീട്ടുണ്ടാവുംല്ലേ നമ്മടെ ഉമ്പ്രിശാന്തി!
satheesa nannaayirikkunnu.
പരീക്ഷണം കൊള്ളാല്ലോ...
'ഹിരണ്യകശിപുവിനെ വധിക്കാനായി തൂണും പിളര്‍ന്ന് പുറത്തുചാടിയ നരസിംഹാവതാരത്തിനെപ്പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന കോമളവല്ലിയുടെ ചേട്ടന്റെ മുഖം മേല്‍ശാന്തിയെ ഭയചകിതനാക്കി'
സതീശന്‍ ജി, കഥ നന്നായിട്ടുണ്ട് ട്ടാ.
സുന്ദരവും, അനായാസകരവുമായ ഒരൊഴുക്കാണ് എപ്പോഴും സതീശന്റെ രചനകള്‍ക്ക്. ശരിക്കും അസൂയ ഉണര്‍ത്തുന്ന ഒരു രചനാ ശൈലി.
പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കഥയൊന്നുമല്ലെങ്കിലും തന്റെ കഥകള്‍ കുറേനേരത്തേക്ക് മനസില്‍ ഒരു ചെറുചിരി നിര്‍ത്താന്‍ എപ്പോഴും പ്രാപ്തമാണ്. ഇതെഴുതുമ്പോഴും എന്റെ മനസിലും, ചുണ്ടിലും ആ ചിരിയുണ്ട്.
ഈ നല്ല പോസ്റ്റിനും അഭിനന്ദനങ്ങള്‍..
സംഗതി കൊള്ളാട്ടോ...
ആലപ്പുഴയിലെ ചെറുഗ്രാമമെന്നു പറയുമ്പോ? ഞാനും ആലപ്പുഴയില്‍ നിന്നുതന്നെ, എസ്.ഡി.കോളേജിന്‍റെ പിന്നിലായി വരും...
--
ഒരു വിയോജനക്കുറിപ്പ്: "താരതമ്മ്യേന ദേഹമനക്കിയുള്ള അദ്ധ്വാനം കുറവായതിനാലും" ശാന്തിപ്പണിക്ക് ദേഹാദ്ധ്വാനം കുറവാണെന്നാരാ പറഞ്ഞേ? മേല്‍ശാന്തിമാര്‍ക്ക് പിന്നേം അദ്ധ്വാനം കുറവാണ്, പക്ഷെ, കീഴ്ശാന്തിമാര്‍ക്ക് നല്ല അദ്ധ്വാനം തന്നെയുണ്ട്... ഒരു വിധം തിരക്കുള്ള അമ്പലമോ, വിശേഷ ദിവസമോ ആയാല്‍ പറയ്കേം വേണ്ട. വരുമാനം ഇല്ലാത്ത കാലത്തും ഉള്ള കാലത്തും അദ്ധ്വാനം നന്നായിത്തന്നെയുള്ള പണിയാണ് ശാന്തി.
--
പാവം ഉമ്പ്രി. പാവം കോമളവല്ലി. ഒക്കെ കാത്തുവല്യമ്മ പറ്റിച്ചതാ.
സതീശാ :) പതിവുപോലെ നന്നായിരിക്കുന്നു.
സതീശ.. നന്നായിരിക്കുന്നു.. തമനു പറഞ്ഞ അഭിപ്രായം തന്നെ എനിക്കും !
നന്നായി..സര്‍വ്വാംഗാസനം.
സതീശാ, എന്റെ അഭിപ്രായം തമനുചേട്ടന്‍ എഴുതിക്കഴിഞ്ഞു. നനായിട്ടുണ്ട്.
സതീശാ
നന്നായി എഴുതിയിരിക്കുന്നു.
ശാന്തി ശാന്തി, ഉമ്പ്രിശാന്തി.
:)
-സുല്‍
സതീശാ.....കൊള്ളാം...
സതീശ്... കൊള്ളാം :)
വല്യമ്മയുടെ നിഷ്കളങ്കത നന്നായി അവതരിപ്പിച്ചിരിക്കുന്നു :)
എന്റെ ഈ കഥയില്‍ ആരെയെങ്കിലും വിഷമിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായിട്ടുണ്ടങ്കില്‍ അത് മനഃപൂര്‍വ്വം അല്ലന്നും എന്റെ അറിവിന്റെ പോരായ്മയാണന്നും മനസ്സിലാക്കി പൊറുക്കണമെന്ന് അപേക്ഷിക്കുന്നു.
കാത്തുവല്യമ്മയെ ഒന്നു കാണുമ്പോള്‍ പറയാം ഇനി ഇതുപോലെ ചെയ്യരുതെന്ന് ;)
ഇഷ്ടപ്പെട്ടു ഇത് :)
കണ്ണൂസ് ,അതും ഞാന്‍ തന്നെ.
ഏറനാടന്‍ ,
അന്ന്‍ പാടിയിട്ടുണ്ടാവാം ഉമ്പ്രിശാന്തി. പക്ഷേ ഇപ്പോള്‍ ആ പേര്‍ കേട്ടാലേ അടപടല വിറയ്ക്കും ശാന്തി.
വിശാല മനസ്കന്‍, ഹരീ ,
ആദ്യമായിട്ട് വന്നതിനും വായിച്ചതിനും നന്ദി.
ഞാന്‍ ആലപ്പുഴയ്ക്ക് വടക്ക് ആര്യാട് രാജ്യക്കാരനാണ്.
തമനു,ഇടിവാള്‍ ,അപ്പു ,
വെറുതേ എന്നെ പൊക്കി പൊക്കി അവസാനം വിട്ടുകളഞ്ഞാല്‍ എല്ലൊടിഞ്ഞു ശവാസനത്തില്‍ കിടക്കേണ്ടിവരുമോ എന്നൊരു സന്ദേഹം!
ജി.മനു,കുട്ടന്മേനോന്‍ ,ഇത്തിരിവെട്ടം,സു ,വേണുച്ചേട്ടന്‍ ,സുല്‍ ,sandoz,അഗ്രജന്‍,മഴത്തുള്ളി ,അനോണിചേട്ടന്‍, എല്ലാവര്‍ക്കും നന്ദി :)
:)
സതീശാ.. നീ കസറി ട്ടോ എഴുത്തില്‍ വീണ്ടും
അന്നേ ഞാന്‍ വായിച്ചിരുന്നു കുറച്ചധികം പേര്‍ കമന്‍റെട്ടേന്നുകരുതിയിരിക്കുവായിരുന്നു എന്‍റെ കൈ വറക്കത്ത് അത്ര ഉഷാറല്ല തേങ്ങയുടക്കാന്‍ ഞാന്‍ കേമനല്ലാന്നര്‍ത്ഥം ....
കോമളവല്ലിയുടെ ആങ്ങളെയെ കാണുമ്പോള്‍ ഒളിഞ്ഞുനിന്നൊരു ഏറ് കൊടുക്കണം എന്‍റെ വക .. നേരിടരുത് ട്ടോ നീ പറഞ്ഞപ്രകാരമാണെങ്കില്‍ ഒരു പക്ഷെ അറിയാതവന്‍ 25കിലോ വെയ്റ്റ് പൊക്കുന്ന ലാഘവത്തില്‍ നിന്നെ പൊക്കിയൊരു ഏറുതരും
കഥ ഇനിയും ഉണ്ടാവുമല്ലോ മനസ്സില്‍ എഴുതൂ ..
ചക്കര :)
വിചാരം,
നന്ദി.
എന്റെ വെയ്‌റ്റ് എങ്ങനെ മനസ്സിലായി!!!!
സതീശ്.. നന്നായിരിക്കുന്നു.. ഒന്നിനൊന്നു മെച്ചമായി വരുന്നു. ഇന്നത്തെ തേങ്ങ തീര്‍ന്നു. കടം ഉണ്ടോ നാളെ തരാം....
മുക്കുവോ,
ഒരു വട്ടി തേങ്ങ കടലില്‍ എറിഞ്ഞിട്ടുണ്ട്.
വീശിയെടുത്തോളൂ ;)
Post a Comment