Followers

എറണാകുളം മുതൽ പൊള്ളാച്ചി വരെ

Thursday, September 1, 2011

ഇതു രണ്ടാമത്തെ തവണയാണ് മാനേജർ എന്നെ ഓഫീസിലേയ്ക്ക് വിളിക്കുന്നത്. ഇതിന് മുൻപ് വിളിച്ചിരുന്നത് ഏകദേശം നാലോ അഞ്ചോ മാസങ്ങൾക്ക് മുൻപാണ്. അന്ന് ഞാൻ ജോയ്ൻ ചെയ്തിട്ട് അധികദിവസമായിട്ടില്ലായിരുന്നു. കമ്പനിയുടെ പുതിയൊരു പ്രോജക്റ്റിനെക്കുറിച്ചും അതിന് എനിക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചുമെല്ലാം അന്നദ്ദേഹം വളരെ വിശദമായിത്തന്നെ ധരിപ്പിച്ചിരുന്നു.
ആലോചിച്ചാലോചിച്ച് മാനേജരുടെ ഓഫീസിനുമുന്നിലെത്തിയതുപോലും ഞാനറിഞ്ഞില്ല. ചെറിയൊരു പരിഭ്രമത്തോടെ വാതിലിൽ മുട്ടി. എന്തായിരിക്കും വിഷയം എന്നതിനെക്കുറിച്ച് യാതൊരു രൂപവുമില്ലാ‍യിരുന്നു.
“ഇരിക്കൂ മിസ്റ്റർ രാജേഷ്.” പുഞ്ചിരിതൂകുന്ന മുഖത്തോടെ മാനേജർ പറഞ്ഞപ്പോൾ ഇതിനു മുന്നുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ഓർത്തുപോയി. അന്നദ്ദേഹം എനിക്ക് ഒരു ജോലിയുടെ ഉത്തരവാദിത്തം മുഴുവനായ് നൽകുകയായിരുന്നു.
“മിസ്റ്റർ രാജേഷ് നിങ്ങളെപോലെ താരതമ്യേന എക്സ്പീരിയൻസ് കുറഞ്ഞ ഒരാളെ സാധാരണ ഏൽപ്പിക്കാത്ത ഒരു ജോലിയാണ് ഞാൻ തനിക്ക് നൽകാൻ പോകുന്നത്. പ്ലീസ് ടേക്ക് ഇറ്റ് അസ് എ ചല്ലഞ്ച് ആന്റ് ഷോ ദിസ് കാൻ ബി ഡൺ ബൈ എ ട്രെയ്നി ലൈക്ക് യു.”
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കുറച്ച് വാച്ച് ടവറുകളുടെ വർക്കാണ് അന്നദ്ദേഹം എന്നെ ഏല്‍പ്പിച്ചത്.കൂടെ ആ വർക്ക് എന്നെ ഏല്പിച്ചതിന്റെ പിന്നിലെ ചേതോവികാരവും അദ്ദേഹം അറിയിച്ചിരുന്നു.
“ ഈ സർക്കാർ കമ്പനികളൊന്നും ഒരിക്കലും ഗുണം പിടിക്കില്ലടൊ. ‘രണ്ട് പഞ്ചും ഒരു ലഞ്ചും‘ അല്ലാതൊന്നുമില്ല ഇവറ്റകൾക്ക്.”
കുറച്ചധികം ജോലിചെയ്യേണ്ടി വന്നു എങ്കിലും വളരെപ്പെട്ടെന്ന് തന്നെ പ്രോജക്റ്റ് ചെയ്ത് തീർക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. വർക്കേഴ്സിന്റെ സഹകരണം നന്നായി കിട്ടുകയും ചെയ്തിരുന്നു.
മാനേജരുടെ വാക്കുകൾ എന്നെ വീണ്ടും ഓർമ്മയിൽ നിന്നും തിരികെ കൊണ്ടുവന്നു.
“മിസ്റ്റർ രാജേഷ്, ഞാൻ നിങ്ങളെ ഏല്‍പ്പിച്ച വർക്ക് എന്റെ പോലും പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് നിങ്ങൾ ചെയ്തു തീർത്തു. ഗുഡ് കീപ് ഇറ്റ് അപ്.”
ഒരു ചെറിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. “സത്യത്തിൽ നിങ്ങളെപ്പോലുള്ളവർക്ക് അധികം നാൾ ഗവണ്മെന്റ് കമ്പനിയിൽ ജോലിചെയ്യാൻ പറ്റില്ലടൊ. ചെയ്യിക്കില്ലിവന്മാർ!”
ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു. മുകളിലെ ഭിത്തിയിലിരിക്കുന്ന മഹാത്മാഗാന്ധി എന്നെ നോക്കി ചിരിക്കുന്നുവോ?
“ഞാൻ തന്നെ ഇപ്പോളിങ്ങോട്ട് വിളിച്ചത് ആ ടവറിന്റെ വർക്കിനുവേണ്ടി തന്നെയാണ്. നമ്മുടെ ചിന്നാറിലെ സൈറ്റിൽ എന്തോ ചെറിയൊരു ടെക്നിക്കൽ പ്രശ്നം. താനൊന്നു പോണം. അയാം ഷുവർ,യു കാൻ ഡു ഇറ്റ്.”

ജൂലൈ മാസത്തിലെ ആ തണുത്ത പ്രഭാതത്തിൽ എറണാകുളം വഴി കോതമംഗലേത്തേക്കുള്ള ബസ് കയറുമ്പോൾ യാത്രയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അല്പം പോലും ഓർത്തിരുന്നില്ല. ഏതൊരു യാത്രയേം പോലെ തന്നെയായിരുന്നു തുടക്കം. കുറേ അധികം നേരം വഴിയോര കാഴ്ചകൾ കണ്ടിരുന്നു. പിന്നോട്ട് പായുന്ന ചെടികളും, കടകളും,കെട്ടിടങ്ങളും, ആളുകളും! മടുത്തെന്നായപ്പോൾ കൂടെ കരുതിയിരുന്ന പുസ്തകമെടുത്ത് വായന തുടങ്ങി. എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ ബസ് നിർത്തിയിരിക്കുന്നു. സത്യത്തിൽ ബസ് നിർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നതുതന്നെ.
“കോതമംഗലമെത്തിയോ?”
സീറ്റിൽ എന്റെ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരനോട് തന്നെ ചോദിച്ചു. കിലോമീറ്ററുകളും, മണിക്കൂറുകളും നീണ്ട ഒരു യാത്രയുടെ ഒടുവിൽ സഹയാത്രികനോട് സംസാരിക്കാൻ കണ്ട അവസരം ഈ അവസാന നിമിഷമാത്രമായിരുന്നോ എന്നൊന്നും അപ്പോൾ ആലോചിച്ചില്ല. സമയം കളയാതെ അടുത്ത വണ്ടി പിടിച്ച് മൂന്നാറിലേയ്ക്ക് പോണം.
സാമാന്യം തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു ബസിൽ. എങ്കിലും മുന്നിരയിൽ തന്നെ ഒരു സീറ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞു. അതൊരാഗ്രഹമായിരുന്നു. മൂന്നാറിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ മുൻ സീറ്റിൽ തന്നെ ഇരിക്കണം. ഉറങ്ങിപ്പോകാതിരുന്നാൽ മതിയായിരുന്നു. ആലപ്പുഴയുടെ കരനിരപ്പിൽ നിന്നും പഞ്ചാരമണലില്‍ നിന്നും മലകളും, മരങ്ങളും,തേയിലത്തോട്ടങ്ങളും നിറഞ്ഞ പ്രകൃതിയുടെ മറ്റൊരു വിസ്മയത്തിലേയ്ക്ക് ആദ്യമായി ഒരു യാത്ര! മൂന്നാർ മല നിരകളുടെ കുളിര് മനസ്സിലേയ്ക്ക് വ്യാപിച്ചു.
അപ്പോഴാണ് അടുത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അതേ, അതേ ചെറുപ്പക്കാരൻ... തന്റെ കൂടെ എറണാകുളത്തുനിന്നും കോതമംഗലം വരെ യാത്ര ചെയ്ത അതേ ചെറുപ്പക്കാ‍രൻ!
മുഖത്തൊരു ചിരിയൊക്കെ വരുത്തി ഞാൻ ചോദിച്ചു. “ഇയാളും മൂന്നാറിനാ?”
“അറിയില്ല.” വേകാത്ത ഇറച്ചിക്കറി കഴിക്കുന്ന ഒരു ഭാവം മുഖത്തിന്. ഇവനേത് നാട്ടുകാരനെടാ? അങ്ങനെ ചോദിച്ചില്ല. വെടല പരുവത്തിലെ പ്രായമാണ്. എന്താണ് മറുപടി വരുന്നതെന്ന് അറിയില്ല.
“എങ്ങോട്ടെന്നറിയാതെ!”
“ഇത് നിർത്തുന്നടത്തേയ്ക്ക്...”
“അത് മൂന്നാറാ...”
“എങ്കിലങ്ങോട്ടേക്ക് തന്നെ.”
ഇവനോടൊക്കെ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല.ഞാൻ വെളിയിലേയ്ക്ക് നോക്കിയിരുന്നു.
എത്രനേരം അങ്ങനെ നോക്കിയിരിക്കാൻ പറ്റും. അറുബോറനാണ് സഹയാത്രികനെങ്കിലും കുറച്ചെങ്കിലും സമയം കളയണമെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിക്കണമെന്ന് തോന്നി. അല്ലെങ്കിൽ കോതമംഗലത്തെത്തിയതുപോലെ തന്നെ യായിരിക്കും മൂന്നാറെത്തുമ്പോഴും! ഉറങ്ങിപ്പോയാൽ പിന്നെ മൂന്നാറിന്റെ ഭംഗി കാണാൻ പറ്റില്ല.
“മാഷേ, പോകുന്നതെങ്ങോട്ടാണെന്നറിയില്ലേലും വരുന്നതെവിടേന്നാണന്ന് അറിയാന്‍ പറ്റുമല്ലോ?”
“പുന്നപ്ര.” പല്ലു കടിച്ചുപിടിച്ചുകൊണ്ടാണ് സംസാരം.
“ആഹാ, എന്നിട്ടാണോ ഇങ്ങനെ? മാഷേ നമ്മള് രണ്ടുപേരും അപ്പോള്‍ ആലപ്പുഴക്കാര് തന്നെ. ഒരു പത്ത് കിലോമീറ്റര്‍ ദൂരവ്യത്യാസം. അത്രേയുള്ളു. അതിനിങ്ങനെ മസില് പിടിച്ചിരിക്കേണ്ട വല്ല കാര്യോണ്ടോ?”
സഹയാത്രികന്റെ മുഖത്ത് പടര്‍ന്ന ഒരു ചെറു ചിരി ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു.
“എന്റെ അപ്പൂപ്പന്‍ ഒരു പുന്നപ്ര വയലാര്‍ സേനാനി ആയിരുന്നു. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെന്ന് പറഞ്ഞ് വാരിക്കുന്തവുമേന്തി എന്റെ അപ്പുപ്പനും പോയിട്ടുണ്ട്. അപ്പുപ്പനെ തെരക്കി ഒരിക്കല്‍ പോലീസ് വന്നു. അമ്മൂമ്മ അപ്പോള്‍ തൊണ്ട് തല്ലിക്കൊണ്ടിരിക്കയായിരുന്നു. അച്ഛനന്ന് മൂക്കള ഒലിപ്പിച്ച് നടക്കുന്ന പ്രായം. കോണാനൊക്കെ ഉടുത്ത്...! അന്ന് വന്ന പോലീസുകാരനാരാണന്ന് തനിക്കൊന്നൂഹിക്കാമോ...?” ഞാന്‍ സഹയാത്രികനെ നോക്കി.
ഇല്ല എന്നര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി.
അനന്തതയിലേയ്ക്ക് നീളുന്ന കണ്ണുകള്‍. അയാളുടെ മനസ്സിവിടെങ്ങുമല്ലന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം. എങ്ങനെയെങ്കിലും മൂന്നാറെത്തുന്നവരെയെങ്കിലും ഉറങ്ങാതിരിക്കണം. എനിക്ക് അത്രമാത്രമേ ഉണ്ടായിരുന്നുള്ളു ചിന്ത. ഞാന്‍ തുടര്‍ന്ന് സംസാരിച്ചു കൊണ്ടേയിരുന്നു. പുന്നപ്രവയലാറിന്റെ ചരിത്രത്തെക്കുറിച്ചും അത് കേരളത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും, തീതുപ്പുന്ന തോക്കിനു മുന്നില്‍നെഞ്ചുവിരിച്ചു നിന്ന എന്റെ അപ്പൂപ്പനടങ്ങുന്ന ധീര യോദ്ധാക്കളെക്കുറിച്ചുമെല്ലാം. അന്ന് അമ്മൂമ്മ തൊണ്ടുതല്ലിക്കൊണ്ടിരുന്നപ്പോള്‍ അച്ഛന്റെ കവിളില്‍ നുള്ളിപ്പോയ സത്യനേശന്‍ എന്ന ‘നാടാര്‍ ഇന്‍സ്പെക്ടറെ‘ക്കുറിച്ചും പോലീസുദ്യോഗമൊക്കെ കളഞ്ഞ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച സത്യന്‍ എന്ന മഹാനടനെക്കുറിച്ചുമെല്ലാം ഞാന്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെയെപ്പോഴോ മൂന്നാറിന്റെ മനോഹാരിതയിലേക്ക് കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു.
ബസ് മൂന്നാറിലെത്തിയപ്പോഴേക്കും ഏകദേശം നാലുമണി കഴിഞ്ഞിരുന്നു. ഒരു ചായ കുടിച്ചേക്കാമെന്ന് കരുതി അടുത്തുകണ്ട ഒരു കടയിലേയ്ക്ക് കയറി. അവിടെ നിന്നുമാണ് ആ വിവരമറിഞ്ഞത്. മൂന്നാറിനും ചിന്നാറിനുമിടയില്‍ എവിടെയോ ഉരുള്‍ പൊട്ടിയിരിക്കുന്നു. മൂന്നാറില്‍ നിന്നും ചിന്നാറിലേക്ക് ഇന്നത്തെ ദിവസം യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. തല്‍ക്കാലം മറയൂരില്‍ എവിടെയെങ്കിലും തങ്ങുന്നതായിരിക്കും നന്നെന്ന് ഉപദേശവും കിട്ടി. മൂന്നാറില്‍ നിന്നും മറയൂരിലേയ്ക്കുള്ള ഒരു ജീ‍പ്പില്‍ ഞാന്‍ കയറിപ്പറ്റി.
എന്നെ അതിശയിപ്പിച്ച് കൊണ്ട് അതാ അടുത്തിരിക്കുന്നു. സാക്ഷാല്‍ പുന്നപ്രക്കാരന്‍.
“ആഹാ, താനിവിടേയും! മറയൂരേക്കാ?”
“അറിയില്ല.”
“കൊള്ളാം. മിടുക്കന്‍. ഇങ്ങനെ വണ്ടി മാറിക്കേറി ഉലകം ചുറ്റുവാ?”
എന്റെ ചോദ്യത്തിന് പുന്നപ്രക്കാരന്‍ മറുപടി ഒന്നും പറഞ്ഞില്ല.
ഏകദേശം എന്റെ പ്രായമേയുള്ളു ആ പുന്നപ്രക്കാരന്. ഞാന്‍ വായില്‍ നാക്കിടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അയാളാണെങ്കില്‍ ഒന്നു വാപൊളിക്കുന്നത് തന്നെ വളരെ ബുദ്ധി മുട്ടി തന്നെ. എങ്കിലും ഞാനതൊന്നും ശ്രദ്ധിച്ചില്ല. എനിക്ക് സമയം പോണം. അതിന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം. മറുത്തൊന്നും പറയാതെ കേട്ടിരിക്കുന്ന ഒരു ശ്രോതാവിനെ കിട്ടിയ ഞാന്‍ ഭാഗ്യവാന്‍ തന്നെ!
“ഞാന്‍ ആര്യാട്ട് നിന്നാ. അറിയുമോ അവിടൊക്കെ.”
ഇല്ല എന്നൊരു തലയാട്ടല്‍. ഞാന്‍ തൃപ്തനായി.
“ആര്യാട്ട് കാരൊക്കെ ഫേമസാ...കേട്ടിട്ടുണ്ടോ, ആര്യാട് രമണന്‍, ആര്യാട് ഗോപാലകൃഷ്ണന്‍... അങ്ങനെ ഒത്തിരിപേരുണ്ട്.” ഞാന്‍ പുന്നപ്രക്കാരന്റെ മുഖത്ത് നോക്കി. ഒരു ചിരി വരുന്നുണ്ടോ എന്നൊരു സംശയം.
“അല്ല നമ്മള്‍ പരിചയപ്പെട്ടില്ല ഇതുവരെ. ഞാന്‍ രാജേഷ്. പേരു പറയാന്‍ വല്ല വിരോധോണ്ടോ?”
“ബിജു.”
“ബിജു എങ്ങോട്ടേക്കാ?”
“അറിയില്ല”
“അപ്പോള്‍ പിന്നെ...”
“അറിയില്ല.”
ഇയാള്‍ക്കറിയാവുന്നത് ഈ ഒറ്റ വാക്കേയുള്ളോ. ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല.
ജീപ്പ് മറയൂരെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു. “ഇനിയങ്ങോട്ടേക്കുള്ള യാത്ര നടക്കില്ല. ഉരുള്‍ പൊട്ടിയതുകൊണ്ട് വഴിയെല്ലാം ബ്ലോക്കായിരിക്കയാണ്. ഞാനിവിടെയെവിടെയെങ്കിലും തങ്ങാന്‍ പോവുകയാണ്. വരുന്നോ കൂടെ.”
ഒന്നും പറയാതെ തന്നെ ബിജു എന്റെ കൂടെ കൂടി.

ബസ് സ്റ്റോപ്പിൽ നിന്നും വളരെ അകലെ അല്ലാതെ ഒരു ചെറിയ ലോഡ്ജ് കിട്ടി. വളരെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ബിജു എന്റെ കൂടെ കൂടി.
“മുറി വാടക ഷെയർ ചെയ്യാം. എന്റെ കൂടെ കൂടുന്നോ?”
ഒരു മൂളൽ മാത്രമേ മറുപടി ആയുണ്ടായുള്ളു. എന്തെങ്കിലുമാകട്ടെ. ഒരു രാത്രി എങ്ങനെയെങ്കിലും കഴിഞ്ഞുകൂടണം. രാവിലെ എണീറ്റ് എങ്ങനെയെങ്കിലും ചിന്നാറെത്തി പണി തീർത്തു വീടെത്തണം. അത്രയുമേ ഉണ്ടായിരുന്നുള്ളു എനിക്ക് ചിന്ത.
ലോഡ്‌ജുടമയുടെ വീട് ലോഡ്‌ജിനോട് ചേർന്നു തന്നെയായിരുന്നു. അവിടെ തന്നെയാണ് വൈകിട്ടത്തെ ഭക്ഷണവും. നല്ല ചൂടാറുന്ന കഞ്ഞിയും കപ്പയും. യാത്രയുടെ ക്ഷീണവും, പോരാത്തതിന് തീർത്താൽ തീരാത്ത വിശപ്പും. തറയിൽ ഇരുന്ന് പ്ലാവിലയിൽ കഞ്ഞി കോരിക്കുടിക്കുമ്പോൾ എനിക്ക് പെട്ടെന്ന് വീടിനെക്കുറിച്ചോർമ്മ വന്നു. അമ്മ വെയ്ക്കുന്ന ഭക്ഷണത്തെക്കുറിച്ചോർമ്മ വന്നു.
“ബിജൂ, നല്ലൊന്നാന്തരം കഞ്ഞി. ശരിക്കും ഞാൻ അമ്മയെ ഓർത്തു പോകുന്നു.”
ബിജു ചാടി എണീററ്റത് വളരെ പെട്ടെന്നാണ്! എന്തെങ്കിലുമൊന്ന് ആലോചിക്കാനുള്ള സമയം കിട്ടുന്നതിന് മുന്നേ കഞ്ഞിയും പാത്രവുമെല്ലാം ചിതറി തെറിച്ചിരുന്നു. ഞാനെന്തൊക്കെയോ മൻസ്സിലാക്കി വന്നപ്പോഴത്തേയ്ക്കും അവൻ എണീറ്റ് പോയിരുന്നു.
“മര്യാദ ലവലേശമില്ലാത്തവനെയൊക്കെ താമസിക്കാൻ അനുവദിച്ച ഞാൻ തന്നെ കുറ്റക്കാരൻ.” സ്വയം കുറ്റമേറ്റുകൊണ്ട് മുറിയിലാകെ ചിതറിത്തെറിച്ച കഞ്ഞിയും പ്ലേറ്റുമൊക്കെ വൃത്തിയാക്കുന്ന ലോഡ്‌ജുടമയോട് എന്തുപറയണമെന്നറിയാതെ അല്പനേരം ഞാനവിടെ തന്നെ നിന്നു. പിന്നെ റൂമിലേയ്ക്ക് നടന്നു.
വേലിയേലിരുന്ന പാമ്പിനെയെടുത്ത് തോളിലിട്ടവനെപ്പോലെയായ് ഞാൻ. എന്തു ചെയ്യാൻ. ഒരു രാത്രി കഴിച്ചുകൂട്ടണം. ആലപ്പുഴക്കാരനാണന്ന ഒറ്റ അനുകമ്പയിൽ തോന്നിയ ചില പ്രേരണകൾ...എന്താണിതൊക്കെ...വായിലിട്ട് കുത്തിയാൽ പോലും ഒരക്ഷരം മിണ്ടാത്തവൻ... ഏതോ ഒരു നിമിഷത്തിൽ....അക്ഷരാർത്ഥത്തിൽ വയലന്റാവുകയായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ വിരുദ്ധമായ രണ്ടുതലങ്ങൾ! മനുഷ്യമനസ്... അത് ആർക്കും ഒരിക്കലും പിടികൊടുക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമസ്യ തന്നെ!
ബിജൂ റൂമിൽ തന്നെയുണ്ടായിരുന്നു.അവൻ ജനലിൽ നിന്നും പുറത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു.ജനലിനപ്പുറത്ത് നിൽക്കുന്ന വാഴകളുടെ ഇല കാറ്റിൽ ഇളകുന്ന ശബ്ദമല്ലാതെ വേറെയൊന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല ആ ഇരുട്ടിൽ. ഞാൻ ബിജുവിന്റെ തൊട്ടു പുറകിൽ ചെന്നു നിന്നു. പക്ഷേ അവനെന്നെ നോക്കിയില്ല. തൊട്ടടുത്ത് ഒരു മനുഷ്യ ജീവി വന്നു നിൽക്കുന്ന വിചാരം പോലും അവനുണ്ടായതായ് എനിക്ക് തോന്നിയില്ല. എന്തു ചെയ്യാൻ...ഒരു രാത്രി കഴിച്ചുകൂട്ടണം. രാവിലെ എണീറ്റ് ചിന്നാറിന് പോകണം. മറയൂരിനും ചിന്നാറിനുമിടയിലാണ് ഉരുൾ പൊട്ടിയിരിക്കുന്നത്. ഇടയ്ക്കെവിടെയോ റോഡ് ഒലിച്ചു പോയിരിക്കുന്നു. അവിടെ വരെ ചിലപ്പോൾ ജീപ്പിൽ പോകാൻ പറ്റുമായിരിക്കും. പക്ഷേ അതും ഉറപ്പില്ല. അതു കഴിഞ്ഞാൽ... നടക്കുക. ചിന്നാർ വരെ നടക്കുക. മറ്റു മാർഗമൊന്നുമില്ല. ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. നീണ്ട യാത്ര... പകുതി വഴിയാക്കിയ ഭക്ഷണം...വിശപ്പ്...മനസ്സിലാകാത്ത ചില കാ‍ര്യങ്ങൾ...എപ്പോഴുറങ്ങിയെന്ന് ഞാനറിഞ്ഞില്ല.
രാത്രിയിലെപ്പോഴോ എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ ബിജുവിനെ കാണാനില്ല.ജനലിനപ്പുറം പുറത്ത് ഇരുട്ടിൽ എന്തൊക്കെയോ ഇളകി മറിയുന്നതുപോലെ...ജനലിലൂടെ പുറത്തേക്ക് നോക്കി. ഒന്നും വ്യക്തമല്ല. നല്ല ഇരുട്ട്. വെറുതേ വിളിച്ചു. “ബിജൂ...”
വാഴക്കൂട്ടത്തിൽ നിന്നും ശബ്ദം നിലച്ചു. ഞാൻ വേഗത്തിൽ ഇറങ്ങി റൂമിന്റെ പുറകിലൂടെ നടന്ന് വാഴത്തോപ്പിൽ എത്തി. വാഴയിലകളുടെ ഇളക്കത്തിനൊപ്പം എനിക്ക് നേരിയ തോതിൽ അവനെ കാണാ‍മെന്നായി.
“നീയെന്തെടുക്കുവാ ഇവിടെ?” അവൻ പതിവ് പോലെ ഒന്നും മിണ്ടിയില്ല. ഞാൻ അവന്റെ അടുക്കലേയ്ക്ക് ചെന്നു. അവൻ അണയ്ക്കുകയാണ്. ഏതോ വലിയ ജോലിചെയ്ത് ക്ഷീണിതനായവനെപ്പോലെ...
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. രണ്ട് മൂന്ന് വാഴകൾ വെട്ടി മുറിച്ചിട്ടിരിക്കുന്നു.
“നീ...നീയിതെന്താണ് കാണിച്ചിരിക്കുന്നത്?” ഞാനവന്റെ കൈയ്ക്ക് കയറി പിടിച്ചു. അവന്റെ കൈയിൽ നിന്നും എന്തോ ഒന്നു നിലത്ത് പതിച്ചു. ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി അത് ലോഹ നിർമ്മിതമായ എന്തോ ഒന്നാണന്ന്. ഒന്നുകിൽ കത്തി...അല്ലെങ്കിൽ ഒര് അരിവാൾ...
ഞാൻ കുനിഞ്ഞ് താഴെ വീണ ഉപകരണം കൈയിലെടുത്തു. എന്റെ ഊഹം തെറ്റിയിരുന്നില്ല. ഒരു വെട്ടുകത്തി.
ഞാൻ ബിജുവിന്റെ കൈയ്ക്ക് പിടിച്ച് വലിച്ച് അവനെ റൂമിലേയ്ക്ക് കൊണ്ടുവന്നു.
“എന്താ ഇത്? എന്താ ഇതിന്റെയൊക്കെ അർത്ഥം? ആരെങ്കിലും കണ്ടാൽ...നീ എന്നേയും കൂടി കുഴപ്പത്തിലാക്കാനുള്ള പുറപ്പാടിലാണോ?”
അവൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുകയായിരുന്നു. കൈകൾ രണ്ടും കൊണ്ട് മുഖം മറച്ചുകൊണ്ട് അവൻ കരയുകയായിരുന്നു. ഞാനവന്റെ തോളിൽ കൈയിട്ടു. അവൻ എന്നിലേയ്ക്ക് ചാഞ്ഞു.

രാവിലെ അലാറം അടിക്കുന്നത് കേട്ട് ഞാനുണർന്നു. ബിജുവപ്പോൾ എന്റെ അടുക്കൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. ഞാനവനെ തട്ടി വിളിച്ചു. “നീ വരുന്നുണ്ടോ? എനിക്ക് നേരത്തേ പോകണം.” ഞാൻ പോയി ലോഡ്‌ജുടമയ്ക്ക് വാടകയും കൊടുത്ത് തിരിച്ചു വന്നു. അപ്പോൾ ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ തയ്യാറായ് നിൽക്കുന്നുണ്ടായിരുന്നു.
“എന്താ എന്നെ വിടാൻ പരിപാടിയൊന്നുമില്ലന്ന് തോന്നുന്നു.” അവൻ ചിരിക്കുകയായിരുന്നു.
ചിന്നാറിലേയ്ക്ക് വണ്ടി ഒന്നുമില്ലായിരുന്നു. ഇടയ്ക്ക് ഏതോ ഒരു സ്ഥലം വരെ ജീപ്പ് പോകും. അവിടുന്ന് രണ്ട് കിലോമീറ്ററോളം നടന്ന് പോണം. ഞങ്ങൾ രണ്ടുപേരും യാത്രയിലുടനീളം സംസാരിച്ചിരുന്നില്ല. എനിക്കതിൽ വലിയ അത്ഭുതം തോന്നി. ഇത്രയും ദൂരം സംസാരിക്കാതെയിരിക്കുകയെന്നാൽ സാധാരണ നിലയിൽ എന്നെക്കൊണ്ട് നടക്കാത്ത ഒരു കാര്യം തന്നെയായിരുന്നു.
ചിന്നാറിൽ എത്തിയപ്പോഴാണ് ഏറ്റവും രസം! സൈറ്റിൽ ആരുമില്ല. മഴയും ഉരുൾപൊട്ടലുമൊക്കെ കാരണം വർക്ക് നിർത്തിവെച്ചിരിക്കുകയാണ്. കമ്പനിയിൽ വിളിച്ച് അവർ അക്കാര്യം അറിയിച്ചിരുന്നെങ്കിലും അപ്പോഴത്തേക്കും ഞാൻ യാത്ര തിരിച്ചിരുന്നു. ഞാൻ ബിജുവിനെ നോക്കി. അവൻ ചന്ദനമരങ്ങളുടെ സുഗന്ധവും ആസ്വദിച്ച് നിൽക്കുകയാണന്ന് എനിക്ക് തോന്നി. ഇന്നലെ രാത്രിയിലെ കാര്യമെല്ലാം അവൻ മറന്നു കാണുമോ? ഏതോ സ്വപ്നത്തിൽ എണീറ്റ് ചെയ്തുപോയതാണോ അവൻ? അതോ ഞാൻ തന്നെ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടതാണോ? ഞാനാകെ ആശയക്കുഴപ്പത്തിലായി.
ഞങ്ങൾ കടന്നുവന്ന വഴി എത്രമാത്രം അപകട സാധ്യത ഉള്ളതായിരുന്നുവെന്ന് അതുവഴി കടന്നു പോന്നു കഴിഞ്ഞാണ് മനസ്സിലായത്. റോഡ് കുറേ അധികം ഭാഗത്ത് ഒലിച്ചു പോയിരുന്നു.എവിടുന്നൊക്കെയോ വലിയ വലിയ പാറകൾ ആരോ എടുത്ത് വെച്ചത്‌ പോലെ റോഡിന്റെ പല ഭാഗങ്ങളിൽ കിടക്കുന്നു. റോഡിന്റെ നടുവിലൂടെ വെള്ളം കുത്തിയൊഴുകുന്നു. ഇനിയും ഏതു നിമിഷവും ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടന്നാണറിഞ്ഞത്‌. തിരിച്ച് അതു വഴിയുള്ള യാത്ര ഒഴിവാക്കുകയെന്നു തന്നെ തീരുമാനിച്ചു. നാട്ടിലേയ്ക്ക് ഇനി ഉദുമ്മല്പേട്ടയിൽ ചെന്ന് പൊള്ളാച്ചി വഴി പോരാനേ നിവൃത്തിയുള്ളു. അത് തന്നെയാണ് ഏറ്റവും പ്രായോഗികവും എളുപ്പമുള്ളതു മായ വഴിയെന്നും മനസ്സിലാക്കുവാൻ കഴിഞ്ഞു.

ഉദുമ്മല്പേട്ടയിലേയ്ക്കുള്ള ബസിലും ബിജു എന്റെ കൂടെ തന്നെയുണ്ടായിരുന്നു. പതിവുപോലെ സീറ്റിൽ എന്റെ അടുത്തുതന്നെ.
“നീ നാട്ടിലേയ്ക്ക് വരുന്നുണ്ടോ?” ഞാൻ ചോദിച്ചു.
“ഇല്ല.”
“പിന്നെ?”
“അറിയില്ല.”
“നിനക്ക് വെട്ടുകത്തി എവിടുന്ന് കിട്ടി?” എന്റെ ആ ചോദ്യം ഒട്ടും പ്രതീക്ഷിച്ചിട്ടില്ലാതിരുന്നവനെപ്പോലെ ബിജു എന്നെ നോക്കി.
“ഇന്നലെ രാ‍ത്രി എന്തിനായിരുന്നു ആ വാഴയെല്ലാം വെട്ടി നുറുക്കിയത്? നേരത്തേ എണീറ്റ് പോന്നത് നന്നായി. അല്ലെങ്കിൽ ആ ലോഡ്‌ജുടമയുടെ കൈപ്പുണ്യം കൂടി അറിയേണ്ടി വന്നേനേ...”
“നീയെന്താ ആരെയെങ്കിലും കൊന്നിട്ട് നാടുവിട്ട് വന്നിരിക്കയാണോ?” എന്തോ, അവന്റെ മൗനവും ഭാവവുമെല്ലാം കണ്ടിട്ട് എനിക്ക് അപ്പോഴങ്ങനെ ചോദിക്കാനാണ് തോന്നിയത്.
അങ്ങകലെ മലനിരകൾക്കപ്പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന ബിജു എന്നെ നോക്കി. ആ കണ്ണുകൾ നനഞ്ഞിരുന്നു. അവ ചുവന്നുമിരുന്നു.
“എങ്കിൽ ഞാൻ സന്തോഷിച്ചേനേ...പക്ഷേ എനിക്കപ്പോളങ്ങനെ തോന്നിയില്ല.” ബിജുവിന്റെ മറുപടിയിൽ നിന്നും എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവനാരെയോ കൊല്ലാതെ വിട്ടിട്ട് പോന്നിരിക്കയാണോ. ആ വെട്ടുകത്തി അതിന് വേണ്ടി കരുതി വെച്ചിരുന്നതാണോ?
വണ്ടിയപ്പോൾ ഉദുമ്മല്പേട്ടയിലെത്തിയിരുന്നു. ഒരു ചായ കുടിച്ചിട്ട് അടുത്ത വണ്ടിയിൽ കയറി. പൊള്ളാച്ചിയിലേയ്ക്ക്. ബിജു ഉണ്ടായിരുന്നു കൂടെ. എന്റെ അടുത്തുതന്നെ അവനിരുന്നു.പതിവുപോലെ...
എന്റെ മനസ്സിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നിനും ഒരു വ്യക്തമായ മറുപടി കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മറുപടി നൽകേണ്ട ആൾ ഒന്നും വ്യക്തമാക്കുന്നുമില്ല. ഞാൻ എന്റേതായ പല വ്യാ‍ഖ്യാനങ്ങളും കണ്ടുപിടിക്കാൻ ഈ യാത്രയിലുടനീളം ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അവയൊന്നും യാഥാർഥ്യവുമായ് യോജിക്കുന്നതാണോ എന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ബസ് പൊള്ളാച്ചിയ്ക്ക് ഏകദേശം അടുക്കാറായെന്ന് ഞാൻ ഊഹിച്ചു.
‘പൊള്ളാച്ചിയിൽ നിന്നും ഞാൻ നാട്ടിലേക്കാണ്. നീ എപ്പോഴെങ്കിലും നാട്ടിൽ വരുകയാണങ്കിൽ എന്നെ വിളിക്കണം.” എന്റെ വീട്ടിലെ ഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതി ഞാൻ ബിജുവിനെ കൈയിൽ കൊടുത്തു. അവൻ ബാഗ് തുറന്ന് ആ പേപ്പർ അതിന്റകത്ത് വെച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവന്റെ ബാഗിന്നുള്ളിൽ ആ വെട്ടുകത്തി!!!
“എന്തിനാണ് നീയി വെട്ടുകത്തി കൂടെ കൊണ്ടുനടക്കുന്നത്?” മറുപടി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. പക്ഷേ എന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് ബിജു പറഞ്ഞു തുടങ്ങി. ഇടയ്ക്കിടയ്ക്ക് മൗനത്തിന്റെ നീണ്ട ഇടവേള നൽകിക്കൊണ്ട് അവൻ പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം കഥ! ഒരു ഗ്രാമത്തിൽ നിന്നും എല്ലാമെന്ന് വിശ്വസിച്ചിരുന്ന എല്ലാവരേയും വിട്ടെറിഞ്ഞ് ഓർമ്മയുടെ ഏതോ ഒരു കോണിൽ പോലും ഒന്നുമവശേഷിക്കരുതെന്ന പ്രാർത്ഥനയോടെ ഇറങ്ങിത്തിരിച്ച കഥ!
ബസ് പൊള്ളാച്ചിയിൽ എത്തിയപ്പോൾ ഞങ്ങളിറങ്ങി. ഇനിയുള്ള യാത്ര രണ്ടു ദിശയിലേയ്ക്ക്. വീട്ടിലെത്താൻ വിമ്പുന്ന മനസ്സുമായ് ഞാൻ... ആ ഒരോർമ്മ പോലും ഇനിയുള്ള കാലം ഉണ്ടാവരുതെന്ന മനസ്സുമായ് അവനും. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. ഏതൊരു യാത്രയിലും കണ്ടുമുട്ടി കുറച്ചുനേരത്തേയ്ക്ക് പരിചയപ്പെട്ട് പിന്നെ പിരിയേണ്ടി വരുന്ന ഒരു സഹയാത്രികൻ... അതിന്നപ്പുറം എന്താണവൻ എനിക്ക്...
പക്ഷേ പിന്നിടുള്ള യാത്രയിലുടനീളം എന്റെ മനസ്സിൽ അവന്റെ മുഖമായിരുന്നു. സ്വന്തം അമ്മയെന്ന് പറയുന്ന സ്ത്രീയുടെ കാമുകനെ നാട്ടുകാർക്ക് പിടിച്ചുകൊടുത്ത് നേരം വെളുക്കും മുൻപേ നാടുവിടേണ്ടി വന്ന ഒരു യുവാവിന്റെ മുഖം!

1 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എറണാകുളത് നിന്ന് വിട്ട വണ്ടി പൊള്ളാച്ചി എത്തിയോ ?സംശയം ..

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP