കിലുക്കിക്കുത്ത്
Wednesday, January 7, 2015
“എന്താ... എന്തു പറ്റി?”
അച്ഛൻ ആകെ വിയർത്തു കുളിക്കുകയായിരുന്നു. മഴവെള്ളം തലയിലൂടെ ഒലിച്ചിറങ്ങുന്നതുപോലെ വിയർപ്പു കണങ്ങൾ മുടിയിലൂടെ കവിളിലൂടെ താഴേയ്ക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു.
“എന്താ... എന്തു പറ്റി?” മേശവിളക്കിന്റെ തിരി അല്പമൊന്നുയർത്തി അമ്മ വീണ്ടും ചോദിച്ചു.
അപ്പുക്കുട്ടൻ അപ്പോൾ ഇതൊന്നുമറിയാതെ ശാന്തമായ് ഉറങ്ങുകയായിരുന്നു.
“എന്തെങ്കിലും അസഹ്യതയുണ്ടോ?” ചോദ്യം വീണ്ടും.
അച്ഛൻ തലയണ അല്പമൊന്നുയർത്തി കട്ടിലിലിൽ ചാരിവെച്ച് ഉയർന്നിരുന്നു. അമ്മകൊണ്ടുവന്ന തുവർത്ത് കൊണ്ട് തലയും മുഖവുമൊക്കെ തുടച്ചു. ആ മുഖത്തപ്പോൾ ഒരു ചിരി മൊട്ടിട്ടു. പിന്നെയത് അമ്മയിലേയ്ക്ക് പടർന്നു.
അപ്പുക്കുട്ടൻ ഒന്നു തിരിഞ്ഞു കിടന്നു. അച്ഛന്റെ കൈത്തലം അവന്റെ കവിളിലൂടെ ഓടി. അച്ഛൻ ചിരിച്ചുകൊണ്ട് തന്നെയിരുന്നു. അമ്മയുടെ ചിരിനിന്നിരുന്നു.
“മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു...!”
അച്ഛൻ ചോദിച്ചു, “നിനക്ക് കിലുക്കി കുത്ത് അറിയുമോ?”
“പിന്നെ... പണ്ടെനിക്കതല്ലാരുന്നോ പണി... നട്ടപ്പാതിരായ്ക്ക് എണീറ്റ് പ് രാന്ത് പറയാതെ കിടന്നുറങ്ങാൻ നോക്ക്...” അമ്മ മേശ വിളക്കിന്റെ തിരി താഴ്ത്തി.
‘ഒന്ന് വെച്ചാൽ രണ്ട്... രണ്ട് വെച്ചാൽ നാല്...നാല് വെച്ചാൽ എട്ട്... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ് രാജാ വെയ്...’
കല്ലുപാലത്തിനടുത്തെത്തിയപ്പോഴാണ് അച്ഛനത് ശ്രദ്ധിച്ചത്! സാമാന്യം തരക്കേടില്ലാത്ത ഒരാൾക്കൂട്ടം. ആൾക്കൂട്ടത്തിനിടയിലൂടെ അച്ഛനും തലയിട്ടു നോക്കി.
കിലുക്കിക്കുത്ത്!
‘ഒന്ന് വെച്ചാൽ രണ്ട്... രണ്ട് വെച്ചാൽ നാല്...നാല് വെച്ചാൽ എട്ട്... ആർക്കും വെയ്ക്കാം...എപ്പോഴും വെയ്ക്കാം...ആ...വെയ് രാജാ വെയ്...’ കിലുക്കിക്കുത്തുകാരന്റെ ശബ്ദം വീണ്ടും വീണ്ടും.
പലരും പണം വെയ്ക്കുന്നു. കളിക്കുന്നു. ചിലർക്കൊക്കെ കൈ നിറയെ കാശ്. നിമിഷനേരം കൊണ്ട് പോക്കറ്റ് നിറയുന്ന മായാജാലം കണ്ട് അച്ഛനങ്ങനെ നിന്നു. കുറേനേരം.
ഒന്നു ശ്രമിച്ചാലെന്താ...!!!
മനസ്സ് പറയുന്നു...വെയ്...വെയ്...കിട്ടിയാൽ നീ രക്ഷപ്പെട്ടു. പോണാൽ പോട്ടെ...
അഞ്ചുരൂപാ നോട്ട് അച്ഛന്റെ പോക്കറ്റിൽ നിന്നും കളത്തിൽ വീണു.
കിലുക്കിക്കുത്തുകാരൻ പറഞ്ഞുകൊണ്ടിരുന്നു...വെയ് രാജാ വെയ്....
കൂടിനിന്നവർ കൈയടിച്ചു.
ആദ്യശ്രമം വിജയിച്ചു. അച്ഛന്റെ പൈസ ഇരട്ടിച്ചു. വെയ് രാജാ വെയ്...കാതുകളിലാശബ്ദം ഇരമ്പി...അച്ഛനാവേശമായി.
പിന്നെ...
പോക്കറ്റിൽ നിന്നും പണമിറങ്ങിക്കൊണ്ടിരുന്നു. കിട്ടുന്നതിനേലും വേഗം!
വെയ് രാജാ വെയ്...
അച്ഛൻ കാതുകൾ പൊത്തി. കിലുക്കിക്കുത്തുകാരന്റെ ശബ്ദം കാതുകൾക്ക് അസഹ്യതയുണ്ടാക്കി. പതറിയ മനസ്സും, ഇടറുന്ന പാദങ്ങളുമായി അച്ഛൻ തിരികെ നടന്നു. ആഴ്ചയുടെ അദ്ധ്വാനം പോക്കറ്റിൽ നിന്നും പോയിരിക്കുന്നു!
എന്തു ചെയ്യും?
അപ്പുക്കുട്ടന്റെ മരുന്ന്...
വാതിൽപടിയിലിരുന്ന് മുട്ടുകാലിൽ തലവെച്ച് ശ്വാസംകിട്ടാൻ ബുദ്ധിമുട്ടുന്ന അപ്പുക്കുട്ടന്റെ രൂപം അച്ഛന്റെ മനസ്സിന്റെ വിങ്ങലായി....ഒരു നിമിഷത്തെ ദുരാഗ്രഹം.
‘കുറുക്കുവഴി തേടുന്ന മനുഷ്യാ, നീ അനുഭവിക്കും’ ആരോ വിളിച്ചുപറയുന്നു. അച്ഛന്റെ നടപ്പിന് വേഗം കൂടി.
രാവിലെ വീട്ടിൽ നിന്നും അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടന് തീരെ വയ്യായിരുന്നു.
വലിവ് ദീനം.
കൊഞ്ചുപോലെ വാതിൽപടിയിൽ കുത്തിയിരുന്ന് വെയിലുകൊള്ളുന്ന അപ്പുക്കുട്ടന്റെ മൂർദ്ധാവിൽ അച്ഛൻ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു. “വൈകുന്നേരം അച്ഛൻ വരുമ്പോൾ മരുന്നു വാങ്ങി വരാം. കേട്ടാ.”
അവനത് കേട്ടില്ല. അവന്റെ ശ്രദ്ധ വാതിൽക്കലെ ചെമ്പരത്തിച്ചെടികളിലായിരുന്നു! പൂക്കളിൽ തേൻ കുടിക്കാൻ എത്തിയ കുരുവികളെ അപ്പുക്കുട്ടൻ കണ്ടു. അന്തരീക്ഷത്തിൽ ചിറക് വീശി ചുണ്ടുകൾ പൂക്കൾക്കുള്ളിലാക്കുന്ന ആ അത്ഭുതത്തെ അപ്പുക്കുട്ടൻ ആവേശത്തോടെ നോക്കി.
വാതിൽപ്പടിയിൽ നിന്നും അപ്പുക്കുട്ടൻ ചാടി...മുറ്റത്തെ വെള്ളമണലിലേയ്ക്ക്...
അവൻ പറക്കുകയായിരുന്നു.കുരുവിയെപ്പോലെ...
നെഞ്ചിൻകൂടിന്നുള്ളിൽ നിന്നും തുടങ്ങി തൊണ്ടയിൽ കുടുങ്ങിയ ശക്തമായ ഒരു ചുമ അപ്പുക്കുട്ടന്റെ വയറ്റിലൊരു കൊളുത്തിപ്പിടുത്തമുണ്ടാക്കി.
ചെമ്പരത്തിപ്പൂക്കളിലെ കുരുവികൾ നടുങ്ങി. കുരുവികളുടെ ചിറകടി ശബ്ദം ഒരു ഇരമ്പലായി കാറ്റിനൊപ്പം അലിഞ്ഞു.
“വയ്യാത്ത കൊച്ചനാ...ഒന്നടങ്ങിയിരുന്നുകൂടെ നെനക്ക്...അച്ഛൻ മരുന്ന് വാങ്ങി വരണവരെയെങ്കിലും...” അമ്മയുടെ ശബ്ദം ഒരു നേർമ്മയായി അപ്പുക്കുട്ടന്റെ കാതുകളിൽ പതിച്ചു.
“നിനക്ക് കിലുക്കിക്കുത്തറിയുമോ?” അച്ഛന്റെ ചോദ്യം വീണ്ടും. അമ്മ മേശവിളക്കിന്റെ വീണ്ടുമുയർത്തി ചോദിച്ചു. “നിങ്ങൾക്കിതെന്താ പറ്റിയേ? നട്ടപ്പാതിരാക്ക് കിലുക്കിക്കുത്ത്!”
“എല്ലാം പറ്റീരാടി...എല്ല്ലാം അവര്‌ടെ ആൾക്കാരാ...ഞാൻ മണ്ടൻ! അതറിയാണ്ടെ കാശെല്ലാം കളഞ്ഞു...”
“ഓരോരോ പ് രാന്ത്! ഒറക്കപ്പിച്ച് പറയാതെ കെടന്നൊറങ്ങാൻ നോക്ക്.” അമ്മ തലകീഴേ പുതപ്പ് വലിച്ചിട്ട് അപ്പുക്കുട്ടനെ കെട്ടിപ്പിടിച്ച് കിടന്നു.
അച്ഛന്റെ കൈകൾ അപ്പുക്കുട്ടന്റെ കവിളിലൂടെ ഓടി. നെറ്റിയിലേയ്ക്ക് വീണുകിടന്ന അവന്റെ നീണ്ട മുടി അച്ഛൻ വശങ്ങളിലേയ്ക്ക് ഒതുക്കി.
അപ്പുക്കുട്ടന്റെ ശ്വാസത്തിന് ഇപ്പോൾ വലിവിന്റെ കൂകിവിളിയില്ല.
അച്ഛന്റെ മുഖം അപ്പുക്കുട്ടന്റെ കവിളിനോട് ചേർന്നു. “മുതലാളി കടം തന്നില്ലായിരുന്നേല് ഞാനെന്തുചെയ്തേനേടാ മോനേ...?” അപ്പുക്കുട്ടനത് കേട്ടില്ല. അവൻ ശാന്തമായ് ഉറങ്ങുന്നു. അമ്മയത് കേട്ടില്ല.
ഇപ്പോൾ അപ്പുക്കുട്ടന്റെ വലിവിന്റെ ശബ്ദമില്ല. അമ്മയുടെ കൂർക്കം വലി മാത്രം!
തിരി താഴുന്ന മേശവിളക്കിന്റെ വെട്ടത്തിൽ അച്ഛന്റെ മുഖത്തൊരു ചിരികാണാം. സംതൃപ്തിയുടെ ഒരു ചിരി.
ശുഭം!
12 comments:
സമർപ്പണം sudheesh Arackal ന്
നാളെ...നാളെ നാളെ
നിങ്ങളവാം നാളത്തെ കോടീശ്വരനോ ലക്ഷാധിപതിയോ?!!
ആഗ്രഹമല്ലേ എല്ലാം!
കഥ കൊള്ളാം
ആശംസകള്‍
ഇഷ്ടമായി ട്ടോ.
വലിയ ഇടവേളകൾ ഇല്ലാതെ ഇരുന്നാൽ നന്നായിരിക്കും.
നന്ദി.എന്നെ ഓർത്തതിനു.
ആാഹാ.
താങ്കളുടെ നൂറാമത്തെ പോസ്റ്റ് ആയിരുന്നല്ലൊ.
അഭിനന്ദനങ്ങൾ.
തുടർ രചനകൾക്കായി കാത്തിരിക്കുന്നു.
താങ്കളെ ഫേസ്ബുക്കിൽ കാണാൻ കഴിഞ്ഞില്ല.
.
ഈ ലിങ്കിൽ കയരി ഒരു റിക്വെസ്റ്റ് അയയ്ക്കാമോ.
.
. https://m.facebook.com/sudheesh.arackal.5?ref_component=mbasic_home_header&ref_page=MNotificationsController&refid=48
തങ്കപ്പേട്ടാ, സുധീഷ് നന്ദി.
നല്ല അവതരണം സതീഷ് ,, ഇഷ്ടമായി ,,,
ഫൈസൽ ബാബു, നന്ദി
സൌദിയിൽ എല്ലാ മാസത്തിൽ രണ്ടു നാൾ കിലിക്കി കുത്താണ് - തായ്‌ലന്റ് ലോട്ടറി.. എത്ര പോയാലും ആശ പോകില്ല..
ഇനിയും ഇനിയും ഒരുപാട് എഴുതാനാവട്ടെ !
A nice story of parental love.
ഒരച്ഛന്റെ മകനോടുള്ള വാത്സല്യം, സ്നേഹം എല്ലാം നന്നായി കുറച്ചു വാക്കുകൾ കൊണ്ട് കഥ എഴുതിതീർത്തിരിക്കുന്നു. നന്നായിട്ടുണ്ട് ആശംസകൾ
Post a Comment