ഓഖി
Sunday, December 31, 2017
ജോലിക്ക് പോകാനുള്ള തിരക്കിനിടയിൽ പത്ര വായന പലപ്പോഴും രാവിലെ നടക്കാറില്ല. അതുകൊണ്ട് വൈകിട്ട് തിരികെ വീട്ടിലെത്തിയാലുടനെ പത്രവുമെടുത്ത് ഞാനിരിക്കും.ഓഖി ആഞ്ഞടിച്ച സമയം. കടലിലുണ്ടായതിനേലും വലിയ കൊടുങ്കാറ്റ് കരയിൽ പത്രക്കാരും രാഷ്ട്രീയക്കാരും ഉണ്ടാക്കിക്കൊണ്ടിരുന്ന സമയം. നമ്മുടെ മാധ്യമക്കാർക്ക് ഒരു പ്രത്യേകതയുണ്ട് എന്തെങ്കിലും ഒരു വിഷയം കിട്ടിക്കഴിഞ്ഞാൽ അവരതെങ്ങനെ റബ്ബറ് മിഠായിപോലെ വലിച്ച് നീട്ടി ചവച്ചരച്ച് രസിക്കും. ആ വിഷയത്തിന്റെ ലൈഫ്ടൈം എന്നത് അടുത്ത ഒരു സംഭവം ഉണ്ടാകുന്നതുവരേയ്ക്കുമുള്ളുതാനും!
അടുത്ത സംഭവം കിട്ടിക്കഴിഞ്ഞാൽ വായിലുള്ള റബ്ബറ് മിഠായിയെ ഒറ്റത്തുപ്പാണ്!
പുതിയ മിഠായി എടുത്ത് ചവയ്ക്കൽ തുടങ്ങും പിന്നെ!
ഏതായാലും റബ്ബറ് മിഠായിയേയും, ഓഖിയേയുമൊക്കെ നമ്മുക്ക് തൽക്കാലം മാറ്റിനിർത്തി കഥയിലേയ്ക്ക് വരാം.
പത്രവായനയുടെ കോൺസണ്ട്രേഷൻ കാരണമാവാം ഈ സമയം നമ്മുടെ നല്ലപാതി എനിക്ക് മുന്നിലൂടെ ഒരു ഫാഷൻ പരേട് നടത്തിയത് ഞാനറിഞ്ഞില്ല.മൂന്നാലു തവണ നടന്നിട്ടും ശ്രദ്ധിക്കുന്നില്ലന്ന് കണ്ടതിനാലാവും പൂച്ചനടത്തം കത്തിവേഷത്തിലേയ്ക്ക് മാറിയെന്ന് തോന്നി. തറയിൽ ആഞ്ഞൊരു ചവിട്ട്!
ഞാനൊന്ന് ഞെട്ടി. വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റാണ്. എന്തെങ്കിലും പറ്റിയാൽ ...അഞ്ചുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ്!
ഇനിയും വൈകിയാൽ പ്രശ്നമാണ്, ഞാൻ പത്രത്തിൽ നിന്നും കണ്ണെടുത്തു.
എന്റെ കണ്ണുകളിൽ ചോദ്യചിഹ്നം.
ഇടുപ്പിളക്കി ആളൊന്ന് വട്ടത്തിൽ കറങ്ങി.
“എന്താ പ്രശ്നം?“ ഞാൻ ചോദിച്ചു.
“കണ്ടില്ലേ, പുതിയ പാവടയാ.“
എന്റെ കണ്ണുകളിൽ അത്ഭുതം. എത്ര രൂപ ചെലവായെന്നറിയാൻ...
ആക്ഷേപം പറയുന്നത് ആരോഗ്യത്തിന് ഹാനികരമാണന്നറിയാമെന്നതിനാൽ ഞാൻ മൊഴിഞ്ഞു.“കൊള്ളാം നന്നായിട്ടുണ്ട്. എത്ര മൊടക്കി?“
“ഇതു ഫ്രീയാ...ഓൺലൈനീന്ന് ആരോ അയച്ചതാ.കൊള്ളാമോ?“
“കൊള്ളാം കൊള്ളാം“. ഏതായാലും പൈസ പോയില്ലല്ലോയെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
നല്ലപാതി പാവാടക്കഥകൾ തുടർന്നുകൊണ്ടിരുന്നു. ആരായിരിക്കും അയച്ചത്? ഒരു ക്ളൂവുമില്ല.അറിയാവുന്നതും അറിയാത്തവരുമായ എല്ലാവരേയും വിളിച്ച് പാവാടയുടെ ഉറവിടത്തെക്കുറിച്ച് ചോദിച്ചുവത്രേ!
നോ ഫലം! പ്രീപെയ്ഡ് ഫോണായത് ഭാഗ്യം! അതങ്ങ് തനിയെ നിലച്ചു.
അടുത്തത് എന്റെ ഫോണിലേക്കായ് നോട്ടം. ചങ്കിടിച്ചു. പോസ്റ്റ് പെയ്ഡാണ്...രണ്ട് ഇന്റർനാഷണൽ പോയാൽ മതി...
എന്റെ ബുദ്ധി കത്തി.
“നീയിത്ര ബുദ്ധിമുട്ടേണ്ട കാര്യമില്ല. അതു ഞാനയച്ചതാണ്. പാവാടനിനക്കിഷ്ടമാണന്ന് എനിക്ക് പണ്ടേ അറിയാമല്ലോ?“ കണ്ണടച്ചാണത് കാച്ചിയത്.
കണ്ണുതുറന്നപ്പോൾ മണിച്ചിത്രത്താഴിലെ ശോഭനമുന്നിൽ...
“പിന്നേ പതിനാറ് വർഷമില്ല്ലാത്ത കാര്യമല്ലേ ഇപ്പോൾ...“
സംഗതി ഏൽക്കില്ലായെന്ന് ഉറപ്പായതിനാൽ ഞാൻ ഓഖി ദുരന്തത്തിലേയ്ക്ക് തന്നെ ആഴ്ന്നു.
കുറച്ച് ദിവസങ്ങൾകൂടി കഴിഞ്ഞ് വീണ്ടും പാവാടക്കഥ ആവർത്തിച്ചു. ഞാൻ ജോലികഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ദാ നിരത്തിയിട്ടിരിക്കുന്നു...
ഒന്നല്ല...മൂന്നു പാവാടകൾ...
ഓൺലൈനിൽ കിട്ടിയത്...ആരാ അയച്ചതെന്ന് ഒരുപിടിയുമില്ല.
“എന്തിനാ കുഞ്ഞേ ബുദ്ധിമുട്ടണത്...അതിന്റെ ആൾ ഞാൻ തന്നേ...“ പതിനാറ് വർഷമായ് നഷ്ടപ്പെട്ട ഇമേജ് ഇങ്ങനെയെങ്കിലും തിരിച്ചുപിടിക്കാമെന്ന ഒരു ചെറിയ ആശ...അത്രെ ഉണ്ടാരുന്നുള്ളു.
കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നിട്ട് ഭവതി ഒരു കഥ പറഞ്ഞുതുടങ്ങി...
ഒരിടത്തൊരിടത്ത് പണ്ടൊരാളുണ്ടായിരുന്നു. അയാൾ ആരെന്ത് കാര്യം പറഞ്ഞാലും ‘അതിന്റെ ആൾ‘ ഞാൻ തന്നെ എന്നു പറയുമാരുന്നു.പലപ്പോഴും അയാൾ മറ്റുള്ളവർ പറയുന്നത് മുഴുവൻ കേൾക്കുക കൂടിചെയ്യില്ലായിരുന്നു. ഒരിക്കൽ ആ നാട്ടിൽ ഒരു സ്ത്രീ ഗർഭിണിയായ്... ആ കാര്യം മുഴുവൻ കേൾക്കുന്നതിന് മുന്നേ നമ്മുടെ ചേട്ടൻ പറഞ്ഞു, ‘അതിന്റെ ആൾ ഞാനാ‘...
എന്റെ കൈയിലെ പത്രം താഴെപ്പോയി...
എന്തൊരു വിശ്വാസം!
പതിനാറ് വർഷങ്ങൾ വാർത്തെടുത്ത വിശ്വാസം!
“ചങ്കെടുത്ത് തന്നാലും ചെമ്പരത്തിപ്പൂവാണന്നേ പറയൂ...“
(മുൻകൂർ ജാമ്യം: ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികം മാത്രം)
എല്ലാവർക്കും പുതുവൽസരാശംസകൾ!
2 comments:
ഹാ ഹാ ഹാ.കൊള്ളാം.പെട്ടേനേ!!!
!!!!!പുതുവത്സരാശംസകൾ!!!!!
Post a Comment